6 Oct 2012

ബാങ്കിംഗ് അവേഴ്സ് 10 ടു 4 - ലോജിക്കില്ലാത്ത ബോറിംഗ് അവേഴ്സ്!

തിരക്കേറിയ ഒരു ബാങ്കും, ബാങ്ക് ജീവനക്കാരും, പണമിടപാടുകള്‍ നടത്തുവാന്‍ ബാങ്കിലെത്തിയ നിരവധി മനുഷ്യരും, അതിനടയില്‍ ബാങ്ക് ആക്രമിച്ചു പണം തട്ടാന്‍ അവിടെ എത്തിയ ഒരുപറ്റം ചെറുപ്പക്കാരും ലിമോ ബാങ്കില്‍ എത്തുന്ന ഒരു ദിവസത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ബാങ്കിംഗ് അവേഴ്സ് 10 ടു  4 എന്ന ഈ സിനിമയുടെ കഥ. മകള്‍ മെറിനുമായി ബാങ്കില്‍ എത്തിയ ജോണ്‍, ഓസ്ട്രേലിയയിലേക്ക് ഉപരി പഠനത്തിനു പോകുന്ന അജയ് വാസുദേവന്‍, ഒരു പള്ളി വികാരി, മെറിന്റെ കാമുകന്‍ രാഹുല്‍, രാഹുലിന്റെ സുഹൃത്തുക്കളായ വിഷ്ണു, രഞ്ജിത്ത്, മകളെ തട്ടികൊണ്ടുപോയ സംഘം ആവശ്യപെട്ട തുക എടുക്കുവാന്‍ ബാങ്കില്‍ എത്തിയ ഒരാള്‍, ബാങ്ക് ലോണ്‍ എടുക്കുവാന്‍ വേണ്ടി എത്തിയ നാല് സുഹൃത്തുക്കള്‍, ബാങ്ക് മോഷണത്തിനായി അവിടെ എത്തിയ മൂവര്‍ സംഘം, ബാങ്ക് മോഷണത്തെ കുറിച്ച് നേരത്തെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ ശ്രാവണ്‍ വര്‍മ്മ, രേവതി വര്‍മ്മ, അവിനാഷ് ശേഖര്‍, ഇടിക്കുള എന്നീ പോലീസ് ഉദ്യോഗസ്ഥര്‍, ബാങ്ക് മാനേജര്‍, പ്യൂണ്‍ രവികുമാര്‍, ലക്ഷ്മി എന്ന വീട്ടമ്മ എന്നിങ്ങനെ നീളുന്നു അന്നേ ദിവസം ബാങ്കിനകത്ത് വന്നവര്‍. തിരക്കേറിയ ആ ദിവസത്തിനിടയില്‍ ബാങ്കിനകത്ത് വെച്ച് അജയ് വാസുദേവന്‍ കൊല്ലപെടുന്നു. ആരാണ് ആ കൊലപാതകം നടത്തിയത്? എന്തിനാണ് അജയെ അയാള്‍ കൊല്ലുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നത് ശ്രാവണും കൂട്ടരും ചേര്‍ന്നാണ്.

ശ്രാവണായി അനൂപ്‌ മേനോനും, രേവതി വര്‍മ്മയായി മേഘ്ന രാജും, അവിനാഷായി ജിഷ്ണുവും, ഇടിക്കുളയായി ടിനി ടോമും, അജയ് വാസുദേവനായി കൈലാഷും, ജോണായി ശങ്കറും, പള്ളി വികാരിയായി അശോകനും, രാഹുലായി മുന്നയും, വിഷ്ണുവായി മിഥുനും, പ്യൂണ്‍ രവിയായി സുധീഷും, ബാങ്ക് മാനേജരായി കൃഷ്ണയും, ബാങ്ക് മോഷണത്തിനെത്തിയവരായി നിഷാന്ത് സാഗറും, അരുണും, കിരണ്‍ രാജും, മെറിനായി ഷഫ്നയും, ലക്ഷ്മിയായി ലക്ഷ്മിപ്രിയയും അഭിനയിച്ചിരിക്കുന്നു. ലിമോ ഫിലിംസിനു വേണ്ടി ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സ്റ്റീഫന്‍ പാത്തിക്കലാണ്. കുറ്റാന്വേഷണ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ കഴിവ് തെളിയിച്ച കെ.മധുവാണ് ഈ സിനിമയുടെ സംവിധായകന്‍. നവാഗതരായ സുമേഷും അമലും ചേര്‍ന്നാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാലൂ ജോര്‍ജാണ് ചായാഗ്രഹണം. രാജാമണിയാണ് പശ്ചാത്തല സംഗീതം.


കഥ,തിരക്കഥ: മോശം
നവാഗതരായ സുമേഷ്-അമല്‍ ടീമിന്റെ ആദ്യ തിരക്കഥ രചന 2012ലെ ദുരന്തമായി തീര്‍ന്നു എന്ന് തന്നെ പറയേണ്ടി വരും. ഏതൊരു കുറ്റാന്വേഷണ കഥയുടെ അടിസ്ഥാനം എന്നത് ലോജിക്കുള്ള കഥയും കഥാസന്ദര്‍ഭങ്ങളുമാണ്. ഈ സിനിമയുടെ കഥയോ കഥാഗതിയോ ഒന്നും തന്നെ യാതൊരു ലോജിക്ക് ഇല്ലാതെയാണ് മുമ്പോട്ടു നീങ്ങുന്നത്‌. ബാങ്കിനുള്ളില്‍ കറന്റ് പോകുമ്പോളുള്ള കൂരാകൂരിരുട്ടും, കൊല്ലപെട്ട വ്യക്തിയുടെ പോസ്റ്റ്‌മാര്‍ട്ടം ബാങ്കിനുള്ളില്‍ വെച്ച് തന്നെ നടത്തിയതും ഒരല്പം കടന്നകയ്യായി പോയി. അതുപോലെ തന്നെ, കഥയില്‍ യാതൊരു പ്രയോജനവും ഇല്ലാത്ത കുറെ കഥാപാത്രങ്ങളും സംഭാഷണങ്ങളും സിനിമയെ കൊന്നൊടുക്കി. സസ്പെന്‍സിന്റെ ആക്കം കൂട്ടുന്നതിനായി യഥാര്‍ത്ഥ പ്രിതിയെ ആദ്യമൊന്നും സംശയിക്കാതെ മറ്റുള്ളവരെ ചുറ്റിപറ്റിയുള്ള കേസ് അന്വേഷണവും തിരക്കഥയിലെ ഏറ്റവും മോശമാക്കുന്നതില്‍ സഹായിച്ചു. 2012ല്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയ മോശം സിനിമകളില്‍ ഒന്നാണ് ബാങ്കിംഗ് അവേഴ്സ്. ഇതിലും ഭേദം സുമെഷിനും അമലിനും മറ്റെതെങ്കിലും ഭാഷയിലുള്ള കുറ്റാന്വേഷണ സിനിമകളില്‍ നിന്നും മോഷ്ടിക്കാമായിരുന്നു.

സംവിധാനം:മോശം 
കെ.മധുവിന്റെ മുന്‍കാല കുറ്റാന്വേഷണ സിനിമകളില്‍ നിന്നും ഏറെ വ്യതസ്തത പുലര്‍ത്തുന്ന സിനിമയാണ് ബാങ്കിംഗ് അവേഴ്സ്. ബാങ്കിനുള്ളില്‍ ഒരു പകല്‍ നടക്കുന്ന സംഭവങ്ങളാണ് സസ്പെന്‍സ് നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ കെ.മധു പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തികുന്നത്. സി.ബി.ഐ.ഡയറികുറിപ്പും, മൂന്നാംമുറയും, ഇരുപതാം നൂറ്റാണ്ടും, ക്രൈം ഫയലും പോലുള്ള സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിച്ച സസ്പെന്‍സ് ത്രില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്ത ആ പഴയ കെ.മധുവിന്റെ കഴിവുകളൊക്കെ നഷ്ടമായത് പോലെയുണ്ട് ഈ സിനിമ കാണുമ്പോള്‍. കുറെ കഥാപാത്രങ്ങളും അവരുടെ ഉദ്ദേശങ്ങളും ഓരോ ആളുകളെയായി സംശയിക്കുന്നതും, അവസാനം എങ്ങനെയൊക്കെയോ കുറെ കാരണങ്ങളുണ്ടാക്കി മറ്റൊരാളെ കൊലപാതകിയാക്കുന്നു. സിനിമയിലെ പല രംഗങ്ങളും പരിതാപകരമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രഗല്‍ബരായ പല നടന്മാരുടെയും ഏറ്റവും മോശം പ്രകടനം ഈ സിനിമയിലായതും സംവിധായകന്റെ കഴിവുകേടാണ്. ഇനിയൊരു കെ.മധു സിനിമയും ഇത്രയും മോശമാകതിരിക്കട്ടെ.

സാങ്കേതികം: ആവറേജ് 
സാലൂ ജോര്‍ജാണ് ഈ സിനിമയ്ക്ക് വേണ്ടി രംഗങ്ങള്‍ ചിത്രീകരിച്ചത്. പല രംഗങ്ങളും ഫോക്കസ് നഷ്ടപ്പെട്ട് പ്രേക്ഷര്‍ക്കു നടീനടന്മാരുടെ മുഖം പോലും വ്യക്തമാകാതെ വന്നതൊക്കെ സാലൂ ജോര്‍ജിനെ പോലെ ഇത്രയും പ്രശസ്തനായ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല. ചിത്രസന്നിവേശം നിര്‍വഹിച്ചത് പി.സി.മോഹനനാണ്. മലയാള സിനിമയില്‍ ഇന്നുള്ള കലാകാരന്മാരില്‍ വെച്ച് ഏറ്റവും പ്രായമുള്ള വ്യക്തിയാണ് പി.സി.മോഹന്‍. തരക്കേടില്ലാത്ത രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ അദ്ദേഹത്തിനും സാധിച്ചു. രാജാമണിയുടെ പശ്ചാത്തല സംഗീതമാണ് സാങ്കേതിക വശങ്ങളില്‍ മികച്ചു നിന്നത്. ത്രില്ലടിപ്പിക്കാത്ത രംഗങ്ങള്‍ക്കിടയില്‍ ഏക ആശ്വാസം എന്നത് പശ്ചാത്തല സംഗീതമായിരുന്നു. ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരവും റഹീമിന്റെ മേക്കപും മോശമായില്ല.  

അഭിനയം: ബിലോ ആവറേജ്
അനൂപ്‌ മേനോന്‍, ജിഷ്ണു രാഘവന്‍, കൈലെഷ്, ടിനി ടോം, ശങ്കര്‍, അശോകന്‍, സുധീഷ്‌, നിഷാന്ത് സാഗര്‍, മുന്ന, വിജയ്‌ മേനോന്‍, മിഥുന്‍ രമേശ്‌, കൃഷ്ണ, അരുണ്‍, മാസ്റ്റര്‍ അരുണ്‍, ബിയോണ്‍, കിരണ്‍ രാജ്, സത്താര്‍, മജീദ്‌, ചാലി പാല, റോഷന്‍, ഇര്‍ഷാദ്, രാഘവന്‍, വിജയകൃഷ്ണന്‍, മേഘ്ന രാജ്, വിഷ്ണുപ്രിയ, സരയൂ, ഷഫ്ന, അംബിക മോഹന്‍, ശ്രീലത, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ശ്രാവണ്‍ വര്‍മ്മ എന്ന കുറ്റാന്വേഷകന്റെ കഥാപാത്രം അനൂപ്‌ മേനോന്‍ അദ്ദേഹത്തിന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ചു. ടിനി ടോമും, ജിഷ്ണുവും അവരവുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. കൈലെഷ്, സത്താര്‍, ശങ്കര്‍ എന്നിവര്‍ അഭിനയം മറന്നുപോയ രീതിയിലാണ് അഭിനയിച്ചത്. മറ്റുള്ള നടീനടന്മാര്‍ അവരവരുടെ രംഗങ്ങള്‍ ബോറാക്കി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.സസ്പെന്‍സ്

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ,തിരക്കഥ
2.സംഭാഷണങ്ങള്‍
3.സംവിധാനം
4.ചായാഗ്രഹണം
5.അഭിനയം

ബാങ്കിംഗ് അവേഴ്സ്  10 ടു 4 റിവ്യൂ: പരിതാപകരമായ കഥാസന്ദര്‍ഭങ്ങളും സംവിധാനവും അഭിനയവും ചായാഗ്രഹണവും ബാങ്കിംഗ് അവേഴ്സ് എന്ന സിനിമയെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബോറിംഗ് അവേഴ്സാക്കി മാറ്റി.

ബാങ്കിംഗ് അവേഴ്സ്  10 ടു 4 റേറ്റിംഗ്: 2.20/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2/5 [ബിലോ ആവറേജ്]
ടോട്ടല്‍ 6.5/30 [2.2/10]

സംവിധാനം: കെ.മധു
കഥ, തിരക്കഥ, സംഭാഷണം:സുമേഷ്-അമല്‍
നിര്‍മ്മാണം:സ്റ്റീഫന്‍ പാത്തിക്കല്‍
ബാനര്‍: ലിമോ ഫിലിംസ്
ചായാഗ്രഹണം:സാലൂ ജോര്‍ജ്
ചിത്രസന്നിവേശം:പി.സി.മോഹന്‍
പശ്ചാത്തല സംഗീതം: രാജാമണി
കലാസംവിധാനം:സാലൂ കെ. ജോര്‍ജ്
വസ്ത്രാലങ്കാരം:ഇന്ദ്രന്‍സ് ജയന്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വിതരണം: വൈശാഖ സിനിമാസ്

1 comment:

  1. Super niroopanam....I liked this

    ReplyDelete