22 Sep 2012

ട്രിവാന്‍ഡ്രം ലോഡ്ജ് - പ്രണയവും കാമവും ഓര്‍മകളും വസിക്കുന്ന ന്യൂ ജനറേഷന്‍ ചിന്തകളുടെ ലോഡ്ജ് മുറികള്‍ 6.80 / 10

സ്ഥിര വരുമാനമൊന്നും ഇല്ലാതെ ഏതു ജോലിയും ചെയ്തു ജീവിക്കുന്ന അബ്ദു[ജയസുര്യ], വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കാന്‍ ആഗ്രഹിക്കുന്ന കഥാകൃത്ത്‌ ധ്വനി നമ്പ്യാര്‍[ഹണി റോസ്], സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വിരമിച്ച കോര[പി.ബാലചന്ദ്രന്‍], സിനിമ വാരികയില്‍ എഴുതുന്ന ഷിബു വെള്ളയിനി[സൈജു കുറുപ്പ്], പിയാനോ വിദ്വാന്‍ ആര്‍തര്‍[ജനാര്‍ദനന്‍], ചായക്കട നടത്തുന്ന പെഗ്ഗി[സുകുമാരി], സിനിമ നടനാവാന്‍ നടക്കുന്ന സതീശന്‍[അരുണ്‍] എന്നിവരുടെ വാസസ്ഥലമാണ് കൊച്ചി നഗരത്തിലെ പുരാതനമായ ട്രിവാന്‍ഡ്രം ലോഡ്ജ്. കൊച്ചിയിലെ വന്‍കിട മുതലാളിയായ രവി ശങ്കറാണ്[അനൂപ്‌ മേനോന്‍] ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഉടമ. രവിയുടെ 12 വയസ്സുകാരന്‍ മകന്‍ അര്‍ജുനും[മാസ്റ്റര്‍ ധനന്ജയ്] മാനേജര്‍ സദാനന്ദനുമാണ്[കൊച്ചുപ്രേമന്‍] ലോഡ്ജിലെ താമസക്കാരുടെ വാടക മേടിക്കുവാന്‍ മാസംതോറും ലോഡ്ജില്‍ വരാറുള്ളത്. ലോഡ്ജില്‍ നിരന്തരം അര്‍ജുന്‍ സന്ദര്‍ശിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. അവന്റെ കൂട്ടുകാരി അമല[ബേബി നയന്‍‌താര] അവിടെയാണ് പിയാനോ പഠിക്കുവാന്‍ വരുന്നത്. 12 വയസ്സുകാരന്‍ അര്‍ജുനെ പോലെ..., ആ ലോഡ്ജില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളുണ്ട്. പക്ഷെ അവിടത്തെ ഭൂരിഭാഗം ആളുകള്‍ക്കുമുള്ള സമാനതയുള്ള ഒരേയൊരു വികാരം എന്നത് കാമമാണ്‌. അബ്ദുവിന് ആരെയെങ്കിലും ജീവിതത്തില്‍ ഒരു പ്രാവശ്യം പ്രാപിക്കണം എന്നതാണ് ആഗ്രമെങ്കില്‍, 999 സ്ത്രീകളുമായി പ്രാപിച്ചിട്ടുള്ള കോരയും, നിരന്തരം സ്ത്രീകളുമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന ഷിബുവും, ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കുന്നതിനായി മറ്റൊരാളുമായി ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് ആഗ്രഹിക്കുന്ന ധ്വനിയും അബ്ദുവിനെ പോലെ ചിന്തിക്കുന്ന ആളുകള്‍ തന്നെയാണ്. ഇവരില്‍ നിന്നുമൊക്കെ വ്യതസ്തനായി രവിശങ്കര്‍, മരിച്ചുപോയ ഭാര്യ മാളവികയുടെ[ഭാവന] ഓര്‍മകളുമായി ജീവിക്കുന്നു. ഇവരുടെയെല്ലാം ജീവിതമാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നത്.

ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം ജയസുര്യ - അനൂപ്‌ മേനോന്‍ - വി.കെ.പ്രകാശ്‌ എന്നിവര്‍ ഒന്നിച്ച ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രചന നിര്‍വഹിച്ചത് അനൂപ്‌ മേനോനാണ്. ടൈം ആഡ്സിന്റെ ബാനറില്‍ പി.എ.സെബാസ്റ്റിനാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്‌. 

കഥ, തിരക്കഥ: എബവ് ആവറേജ്
ഒരിക്കലും നടക്കാത്ത സംഭവങ്ങളും, അല്ലെങ്കില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളും വിശ്വസനീയമായി അവതരിപ്പിക്കുക എന്നതാണ് സിനിമ എന്ന കലാരൂപം കൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഒരു നല്ല സിനിമ തന്നെയാണ്. സിനിമ ഒരു ആസ്വാദനത്തിനുള്ള ഉപാധിയായി മാത്രം കണ്ടുകൊണ്ടു ഈ സിനിമയെ നോക്കിക്കാണുമ്പോള്‍, ഈ സിനിമയുടെ കഥയ്ക്ക്‌ ആവശ്യമായത് തന്നെയാണ് ഈ സിനിമയിലെ അശ്ലീലം എന്ന് തോന്നിപ്പിക്കുന്ന സംഭാഷണങ്ങള്‍. അമീര്‍ ഖാന്‍ നിര്‍മ്മിച്ച ഡെല്ലി ബെല്ലി എന്ന ഹിന്ദി സിനിമയിലെ പ്രശസ്ത ഗാനം "ഡി കെ ബോസ്സ് ഡികെ..." അര്‍ഥം അറിഞ്ഞോ അറിയാതയോ പാടി നടക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക്, ഹിന്ദി സിനിമയിലും ഇംഗ്ലീഷ് സിനിമയിലും കാണിക്കുന്ന അശ്ലീലങ്ങള്‍ കാണുന്നതില്‍ കുഴപ്പമില്ല. ചില തുറന്ന സംഭാഷണങ്ങള്‍ മലയാള സിനിമയില്‍ കാണിച്ചാല്‍ അത് അശ്ലീലമായി, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാണാന്‍ കൊള്ളില്ലതതായി എന്ന് പറയുന്നതിനോട് യോജിക്കാന്‍ പ്രയാസമുണ്ട്. മേല്പറഞ്ഞ വസ്തുത അനൂപ്‌ മേനോന്‍ രചിച്ച ഈ സിനിമയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രസ്താവനയല്ല. ഈ സിനിമയില്‍ ഒരല്പം അശ്ലീല സംഭാഷണങ്ങള്‍ കൂടിപോയി എന്നത് സത്യമാണ്. പക്ഷെ, ക്ലാസ്സിക് എന്ന് വിശേഷിപിക്കുന്ന പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയിലും, കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ആദമിന്റെ വാരിയെല്ല് എന്ന സിനിമയിലും ചര്‍ച്ച ചെയ്യപെട്ട കാര്യങ്ങളെ അപേക്ഷിച്ച് ഈ സിനിമ എത്രയോ ഭേദമാണ്. ഇതിന്റെ മറുവശം എന്ന രീതിയില്‍ ആലോചിക്കുമ്പോള്‍, പ്രമേയത്തോടും കഥയോടും അനൂപ്‌ മേനോന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും നീതിപുലര്‍ത്തുന്നുണ്ടെങ്കിലും, എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാവണം ഒരു നല്ല സിനിമ എന്ന രീതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടും ദഹിക്കാത്ത രീതിയിലുള്ള അശ്ലീല സംഭാഷണങ്ങള്‍ ഒഴിവാക്കാമായിരുന്നു. 


സംവിധാനം: ഗുഡ് 
മുന്‍കാല വി.കെ.പ്രകാശ്‌ സിനിമകളില്‍ നിന്നും ഏറെ വ്യതസ്തത തോന്നിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം ഈ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ലോഡ്ജില്‍ താമസിക്കുന്ന പല വ്യക്തികളുടെ ദിനചര്യകളിലൂടെയും ഓര്‍മകളിലൂടെയും കടന്നുപോകുന്ന കഥാഗതിയും, സാധാരണ സിനിമകളില്‍ നിന്നും വേറിട്ട രീതിയിലുള്ള കഥാപാത്ര രൂപികരണവും, അവരുടെ സംഭാഷണങ്ങളും പുതുമ നല്‍ക്കുന്നു. ഇടയ്ക്കിടെ അശ്ലീല സംഭാഷണങ്ങള്‍ ഉണ്ടെങ്കിലും, കഥയ്ക്ക് അനിവാര്യമായത് കൊണ്ട് അവയൊന്നും സിനിമയുടെ ആസ്വാദനത്തിനെ കാര്യമായി ബാധിച്ചിട്ടില്ല. ബ്യൂട്ടിഫുള്‍ പോലൊരു മനോഹരമായ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടുമൊരു സിനിമയെടുക്കുമ്പോള്‍, കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളും ആ സിനിമയില്‍ ഒരുപോലെ പ്രതീക്ഷവെയ്ക്കും. പക്ഷെ, ഈ സിനിമയുടെ കാര്യത്തില്‍, സിനിമ കണ്ടുകൊണ്ടിരിക്കുന്ന വേളയില്‍ തന്നെ കുടുംബങ്ങളും കുട്ടികളും നിരാശാരക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ തിരക്കഥകൃത്തിനെ നിയന്ത്രിക്കേണ്ട ചുമതലയുള്ള വി.കെ.പ്രകാശ്‌ അത് ചെയ്യാത്തത് സിനിമയെ ചെറിയ രീതിയില്‍ മോശമായി  ബാധിച്ചിട്ടുണ്ട്. ഇനിയൊരു വി.കെ.പ്രകാശ്‌-അനൂപ്‌ മേനോന്‍ സിനിമയ്ക്ക് കുടുംബ പ്രേക്ഷകരെ തിയട്ടരിലേക്ക് ആകര്‍ഷിക്കുവാന്‍ അവര്‍ നന്നായി പരിശ്രമിക്കേണ്ടി വരുമെന്ന് തോന്നുന്നു.

സാങ്കേതികം: വെരി ഗുഡ്
ഈ സിനിമയുടെ കഥയ്ക്ക്‌ അനിവാര്യം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വിഷ്വല്‍സ് ഒരുക്കി പ്രേക്ഷകര്‍ക്ക്‌ ബോറടിപ്പിക്കാത്ത തരത്തില്‍ ഈ സിനിമയെ കൊണ്ടെത്തിച്ചതിന്റെ പ്രധാന പങ്കു പ്രദീപ്‌ നായര്‍ എന്ന ചായഗ്രാഹാകനുള്ളതാണ്. അതിമനോഹരം എന്നല്ലാതെ മറ്റൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തെ കുറിച്ച് പറയുവാനില്ല. അതുപോലെ ഓരോ രംഗങ്ങളും കൃത്യമായി സന്നിവേശം ചെയ്ത മഹേഷ്‌ നാരായണനും പ്രശംസ അര്‍ഹിക്കുന്നു. റഫീക്ക് അഹമ്മദ്, രാജീവ്‌ നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിലെ കണ്ണിനുള്ളില്‍ നീ..., കിളികള്‍ പറന്നതോ...എന്നീ രണ്ടു പാട്ടുകള്‍ മികച്ചു നില്‍ക്കുന്നു. ഗാനരചനയും, കേള്‍ക്കാന്‍ ഇമ്പമുള്ള സംഗീതവും, ചിത്രീകരണവും ഈ പാട്ടുകളെ പ്രേക്ഷകരുടെ 2012ലെ പ്രിയഗാനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു. മറ്റൊരു എടുത്തു പറയേണ്ട, പ്രശംസിക്കേണ്ട വ്യക്തിയാണ് ബിജിബാല്‍. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ ബിജിബാലിനു സാധിച്ചു. എം.ബാവയുടെ കലാസംവിധാനവും, ഹസ്സന്റെ മേക്കപും, പ്രദീപിന്റെ വസ്ത്രാലങ്കാരവും ഈ സിനിമയുടെ മാറ്റുക്കൂട്ടുന്ന ഘടഗങ്ങളാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

അഭിനയം: ഗുഡ്
ബ്യൂട്ടിഫുളിലെ സ്റ്റീഫന്‍ ലൂയിസിനു ശേഷം ജയസുര്യയ്ക്ക് ലഭിച്ച അഭിനയ സാധ്യതയുള്ളൊരു വേഷമാണ് ഈ സിനിമയിലെ അബ്ദു. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, മുഖത്ത് വികാരങ്ങളൊന്നും വരാതെ പെരുമാറുന്ന, പഠിപ്പും വിവരവുമില്ലാത്ത സാധരണക്കാരന്റെ വേഷം തന്മയത്ത്വോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ജയസുര്യക്ക് സാധിച്ചു. തന്റെ സ്ഥിരം മാനറിസങ്ങളുമായി രവി ശങ്കറിനെ അവതരിപ്പിക്കുവാന്‍ അനൂപ്‌ മേനോനും കഴിഞ്ഞിട്ടുണ്ട്. ഭാഗ്യലക്ഷ്മി എന്ന ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശബ്ദം നല്ക്കിയത് കൊണ്ട്, ധ്വനി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിക്കുവാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം നല്ലൊരു കഥാപാത്രം ലഭിച്ച നടനാണ്‌ സൈജു കുറുപ്പ്. ഷിബു വെള്ളയിനിയായി  അഭിനയിച്ചു, ആ കഥാപാത്രം മികവുറ്റതാക്കാന്‍ സൈജുവിന് സാധിച്ചു. സംവിധായകനും തിരക്കഥകൃത്തുമായ പി.ബാലചന്ദ്രന്‍ നല്ലൊരു അഭിനേതാവ് കൂടിയാണെന്ന് തെളിയിച്ചു ഈ സിനിമയിലെ കോര എന്ന കഥാപാത്രത്തിലൂടെ. തൂവാനതുമ്പികള്‍ എന്ന സിനിമയുടെ ആരധകനായ അനൂപ്‌ മേനോന്‍, ആ സിനിമയിലെ തങ്ങള്‍ എന്ന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാബു നമ്പൂതിരിയാണ് ആ വേഷം അഭിനയിച്ചത്. മാസ്റ്റര്‍ ധനന്ജയ് മിടുക്കനാണെന്ന് ഈ ചെറുപ്രായത്തില്‍ തന്നെ തെളിയിക്കുന്ന രീതിയില്‍ അര്‍ജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഗായകനായ പി. ജയചന്ദ്രന്‍, കൊച്ചുപ്രേമന്‍, ജനാര്‍ദനന്‍, ജിജോ, അരുണ്‍, നന്ദു, നിഖില്‍, ഭാവന, തെസ്നി ഖാന്‍, സുകുമാരി, ദേവി അജിത്‌, കൃഷ്ണപ്രഭ, പൊന്നമ്മ ബാബു, ബേബി നയന്‍താര എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.വ്യതസ്ത പ്രമേയം
2.വി.കെ.പ്രകാശിന്റെ സംവിധാനം
3.ജയസൂര്യ, അനൂപ്‌ മേനോന്‍, സൈജു കുറുപ്പ് എന്നിവരുടെ അഭിനയം
4.ചായാഗ്രഹണം, ചിത്രസന്നിവേശം
5.പാട്ടുകള്‍, പശ്ചാത്തല സംഗീതം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കുട്ടികളുടെ പ്രണയ രംഗങ്ങളുള്ള കഥാസന്ദര്‍ഭങ്ങള്‍
2.അശ്ലീല സംഭാഷണങ്ങള്‍

ട്രിവാന്‍ഡ്രം ലോഡ്ജ് റിവ്യൂ: സമീപ കാലത്തിറങ്ങിയ മലയാള സിനിമകളില്‍ കണ്ടിട്ടില്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, കേട്ടിട്ടില്ലത്ത സംഭാഷണങ്ങളും യുവാക്കള്‍ക്ക് ഇഷ്ടപെടുന്നുണ്ടെങ്കിലും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടും ദഹിക്കാത്ത അനുഭവമായി മാറുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.

ട്രിവാന്‍ഡ്രം ലോഡ്ജ് റേറ്റിംഗ്: 6.80 / 10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 20.5/30 [6.8/10]

സംവിധാനം: വി.കെ.പ്രകാശ്
കഥ, തിരക്കഥ,സംഭാഷണങ്ങള്‍: അനൂപ്‌ മേനോന്‍
നിര്‍മ്മാണം: പി.എ.സെബാസ്റ്റിന്‍
ബാനര്‍: ടൈം ആഡ്സ്
ചായാഗ്രഹണം:പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന:റഫീക്ക് അഹമ്മദ്, രാജീവ്‌ നായര്‍
സംഗീതം: എം.ജയചന്ദ്രന്‍
പശ്ചാത്തല സംഗീതം:ബിജിബാല്‍
കലാസംവിധാനം:എം.ബാവ
വസ്ത്രാലങ്കാരം:പ്രദീപ്‌ കളമശ്ശേരി
മേക്കപ്പ്:ഹസ്സന്‍ വണ്ടൂര്‍

No comments:

Post a Comment