6 Jul 2012

തട്ടത്തിന്‍ മറയത്ത് - തട്ടത്തിന്‍ മറനീക്കി സിനിമ പ്രേമികള്‍ക്ക് മുന്നിലെത്തിയ വിനീത് ശ്രീനിവാസന്റെ പ്രണയകാവ്യം 'തട്ടത്തിന്‍ മറയത്ത്' മലയാളികള്‍ക്ക് ഒരു വീക്നസ്സ് ആയിരിക്കുന്നു... - 7.20 / 10


മലയാള സിനിമകളില്‍ അധികമൊന്നും കാണപെടാത്ത കേരളത്തിലെ മലബാറില്‍ സ്ഥിതി ചെയുന്ന പയ്യന്നൂരിലെയും തലശ്ശേരിയിലെയും പുരാതനമായ റോഡുകളും വീടുകളും കെട്ടിടങ്ങളും സ്കൂളുകളും കോളേജുകളും, നന്മയുള്ള ഒരുകൂട്ടം ജനങ്ങളും സാക്ഷിയാകെ...വിനോദ് എന്ന ഹിന്ദു-നായര്‍ യുവാവും ആയിഷ എന്ന മുസ്ലിം പെണ്‍കുട്ടിയും തമ്മില്‍ പ്രണയിക്കുന്നതും, കഥാവസാനം അവര്‍ ഒന്നാകുന്നതുമാണ് വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ പ്രധാന കഥ. പ്രണയിതാക്കള്‍ നിഷ്കളംഗരാണെങ്കില്‍ അവരുടെ പ്രണയം നന്മയുള്ളതും സത്യസന്ധവുമായിരിക്കും. വിനോദിന് ആയിഷയോട് തോന്നുന്ന പ്രണയം സത്യമായത്‌ കൊണ്ട്, ആ നാട്ടിലെ ജനങ്ങളും വിനോദിന്റെയും ആയിഷയുടെയും സുഹൃത്തുകളും അവരുടെ പ്രണയസാഫല്യത്തിനായി പരിശ്രമിക്കുന്നു. വിനോദിന്റെയും ആയിഷയുടെയും മനസ്സുകളുടെ അനുഭവത്തിലൂടെ പറഞ്ഞുപോകുന്ന അവരുടെ സ്നേഹത്തിന്റെയും, അവരെ സ്നേഹിക്കുന്നവരുടെ ഹൃദയബന്ധങ്ങളുടെയും കഥയാണ് തട്ടത്തിന്‍ മറയത്ത്. 

ഇന്നത്തെ യുവാക്കള്‍ക്ക് ഇഷ്ടമാകുന്ന രീതിയിലുള്ള വേഗതയുള്ള ദ്രിശ്യങ്ങളും, മനോഹരമായ പാട്ടുകളും, പാട്ടുകളുടെ ചിത്രീകരണവും, വിനോദും ആയിഷയും തമ്മിലുള്ള പ്രണയ രംഗങ്ങളും വിനീത് എഴുതിയ തിരക്കഥയുടെ ഭാഗമായത് കൊണ്ടും, നര്‍മ്മം കലര്‍ന്ന പഞ്ചുള്ള സംഭാഷണങ്ങളും, നിവിന്‍ പോളി, അജു വര്‍ഗീസ്‌, ദിനേശ് എന്നിവരുടെ അഭിനയവും ഒക്കെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയെ വ്യതസ്തമാക്കുന്നു. സാധാരണ ഒരു പൈങ്കിളി പ്രണയ കഥയായി മാറിയേക്കാവുന്ന ഒരു കഥയെ, മനോഹരമായ ഒരു പ്രണയകാവ്യമാക്കി മാറ്റുന്നതില്‍ ജോമോന്‍ ടി. ജോണ്‍ എന്ന ചായഗ്രഹകാനും, ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകനും, രഞ്ജന്‍ എബ്രഹാം എന്ന സന്നിവേശകനും വിനീതിനെ സഹായിച്ചിട്ടുണ്ട്. 
  
കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ നടന്മാരായ മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മ്മിച്ച തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഗായകനും, നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസനാണ്. വിനോദ് എന്ന യുവാവിന്റെ വേഷം അഭിനയിച്ചിരിക്കുന്നത് നിവിന്‍ പോളിയാണ്. ആയിഷയായി അഭിനയിക്കുന്നത് മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലെത്തിയ ഇഷ തല്‍വാറാണ്. ഇവരെ കൂടാതെ അജു വര്‍ഗീസ്‌, ഭഗത് മാനുവല്‍, ദിനേശ്, ശ്രീനിവാസന്‍, മനോജ്‌.കെ.ജയന്‍, മണികുട്ടന്‍, രാമു, അപര്‍ണ്ണ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു. സംവിധായകന്‍ ലാല്‍ ജോസിന്റെ വിതരണ കമ്പനിയായ എല്‍.ജെ.ഫിലിംസാണ് ഈ സിനിമ പ്രദര്‍ശനശാലകളില്‍ റിലീസ് ചെയ്തിരിക്കുന്നത്. 

കഥ, തിരക്കഥ: ഗുഡ് 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. കണ്ടുമടുത്ത ഒരു പ്രമേയവും കഥയും ക്ലൈമാക്സും ഒക്കെയാണെങ്കിലും, വിനോദിന് ആയിഷയോട് പ്രണയം തോന്നുവാന്‍ ഉണ്ടാകുന്ന സാഹചര്യങ്ങളും, അവര്‍ തമ്മില്‍ പ്രണയിതാക്കളാവുന്ന രംഗങ്ങളും, മനോഹരമായ പാട്ടുകളും ശ്ലോകങ്ങളും, വിനോദിന്റെയും ആയിഷയുടെയും സുഹൃത്തുകളുടെ ഇടപെടലുകളും സംഭാഷണങ്ങളും, അതിനിടയില്‍ ഉണ്ടാകുന്ന നര്‍മ്മവുമാണ് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയെ പ്രേക്ഷകരോട് കൂടതല്‍ അടുപ്പിച്ചത്. ഈ സിനിമയിലെ സുപ്രദാനമായ കഥാപാത്രമായ പ്രേംകുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം അഭിനയിച്ച മനോജ്‌.കെ.ജയന്റെ കഥാപാത്ര രൂപികരണം മോശമായി എന്നുതന്നെ പറയേണ്ടിവരും. പ്രേംകുമാര്‍ എന്ന കഥാപാത്രം ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും വളരെ റിയലിസ്റ്റിക് ആയി അനുഭവപെട്ടപ്പോള്‍, ആ കഥാപാത്രം പ്രതികരിക്കുന്ന രീതിയും, മനോജ്‌ കെ. ജയന്റെ ആ കഥാപാത്രത്തോടുള്ള സമീപനവും പിഴച്ചുപോയി എന്ന് തോന്നുന്നു. എല്ലാ പ്രണയകഥകളും ഒരല്‍പം പൈങ്കിളി ആണെങ്കിലും, ഈ സിനിമയിലെ ഒരൊറ്റ രംഗം പോലും പൈങ്കിളിയാക്കാതെ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാനും വിനീതിന് സാധിച്ചു. 

സംവിധാനം: ഗുഡ്

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ ശക്തമായ തിരക്കഥയും, നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളും, നല്ല അഭിനയ മുഹൂര്‍ത്തങ്ങളും, മികച്ച പാട്ടുകളും, സുന്ദരമായ ദ്രിശ്യങ്ങളും ഒക്കെയുണ്ട്. ഏതൊരു സിനിമയും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകണമെങ്കില്‍ മേല്പറഞ്ഞ ഘടഗങ്ങളെല്ലാം അനിവാര്യമാണ്. ആ ഘടഗങ്ങളെല്ലാം ചേരുംപടി ചേര്‍ത്ത് വെയ്ക്കുക എന്നതാണ് നല്ലൊരു സംവിധായകന്റെ കര്‍ത്തവ്യം. മേല്പറഞ്ഞ ഘടഗങ്ങളെല്ലാം കോര്‍ത്തിണക്കി കവിത പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ വിനീത് ശ്രീനിവാസന്‍ ഒരു പ്രണയകാവ്യം ഒരുക്കി. വിണ്ണയ്താണ്ടി വരുവായ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ കണ്ടിട്ടുള്ള കഥ സന്ദര്‍ഭങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെങ്കിലും, അതൊന്നും പ്രേക്ഷരെ ബോറടിപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ വിജയം. 
 
സാങ്കേതികം: വെരി ഗുഡ്
മലയാള സിനിമയിലെ പുതുമുഖ ചായഗ്രഹകരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജോമോന്‍ ടി. ജോണാണ് തട്ടത്തിന്‍ മറയത്തിനു വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ചാപ്പ കുരിശ്, ബ്യൂട്ടിഫുള്‍ എന്നീ സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക്‌ ദ്രിശ്യവിസ്മയം ഒരുക്കുവാന്‍ സാധിച്ച ജോമോന്‍, അയാളുടെ മൂന്നാമത്തെ സിനിമയുടെ ചായഗ്രഹണവും ഗംഭീരമാക്കി. ഇതില്‍ എടുത്തു പറയേണ്ടത് പാട്ടുകളുടെ ചിത്രീകരണമാണ്. കമല്‍, ലാല്‍ ജോസ് എന്നിവരുടെ സ്ഥിരം ചിത്ര സന്നിവേശകനായ രഞ്ജന്‍ എബ്രഹാമാണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഒരു കൊച്ചു പ്രമേയം ലാളിത്യമാര്‍ന്ന രീതിയില്‍ പറഞ്ഞുപോകുന്ന സിനിമയായത് കൊണ്ട്, അധികമൊന്നും പ്രേക്ഷരെ ബോറടിപ്പിക്കാതെ ഓരോ രംഗങ്ങളും വേഗതയോടെ രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിപ്പിച്ചതും നല്ലൊരു ചിത്രസന്നിവേശകന്റെ കഴിവ് തന്നെ. ഈ സിനിമയിലെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഷാന്‍ റഹ്മാന് ഈണമിട്ട പാട്ടുകളാണ്. അനുരാഗത്തിന്‍..., മുത്തുച്ചിപ്പി പോലൊരു...എന്നീ ഗാനങ്ങള്‍ കൂടാതെ നായകനും നായികയും തമ്മില്‍ കാണുമ്പോള്‍ സിനിമയില്‍ രണ്ടോ മൂന്നോ വരികള്‍ മാത്രമുള്ള പാട്ടുകള്‍ക്കും മികച്ച ഈണങ്ങള്‍ നല്‍ക്കുവാന്‍ ഷാനിനു സാധിച്ചു. 

അഭിനയം: ഗുഡ്
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലെ അഭിനയത്തിലൂടെ തന്നെ പ്രേക്ഷരുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളുകുവാന്‍ നിവിന്‍ പോളിയ്ക്ക് സാധിച്ചിരുന്നു. നിഷ്കളങ്കനായ യുവാവായി തട്ടത്തിന്‍ മറയത്ത് എന്ന ഈ സിനിമയിലൂടെ നിവിന്‍ വീണ്ടും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. വിനോദ് എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ സാധിച്ചതാണ് നിവിന്‍ കൈവരിച്ച വിജയം. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ തന്നെ സിനിമയിലെത്തിയ അജു വര്‍ഗീസും ഭഗത് മാനുവലും മികച്ച പിന്തുണ നല്‍ക്കി നിവിന്‍ പോളിയോടൊപ്പം അവരവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി. മറ്റൊരു ശ്രദ്ധേയമായ പ്രകടനം നടത്തിയത് പുതുമുഖം ദിനേശാണ്. ഒരു തികഞ്ഞ കമ്മ്യുണിസ്റ്റ് നേതാവായും വിനോദിന്റെ സുഹൃത്തായും മികച്ച അഭിനയം കാഴ്ച്ചവെയ്ക്കുവാന്‍ ദിനേശിന് സാധിച്ചു. പുതുമുഖം ഇഷ തല്‍വാര്‍ ആയിഷയായി മോശമല്ലാതെ അഭിനയിച്ചു. ഈ സിനിമയ്ക്ക് വേണ്ടി ഇഷ തല്‍വാര്‍ മലയാളം ഭാഷ പഠിച്ചിട്ടാണ് അഭിനയിച്ചത്. അതുകൊണ്ട് മോശമാക്കാതെ മലയാള ഭാഷ ഉച്ചരിക്കുവാന്‍ ഇഷയ്ക്ക് സാധിച്ചു. ഇവരെ കൂടാതെ ശ്രീനിവാസനും, മനോജ്‌.കെ.ജയനും, അപര്‍ണ്ണ നായരും, സണ്ണി വെയിനും, മണികുട്ടനും, രാമുവും ഒക്കെ അവരരുടെ രംഗങ്ങള്‍ മോശമാക്കിയില്ല.  
  
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. തിരക്കഥ, സംഭാഷണങ്ങള്‍, സംവിധാനം
2. പാട്ടുകളും, പാട്ടുകളുടെ ചിത്രീകരണവും
3. ഷാന്‍ റഹ്മാന്റെ സംഗീതം
4. ജോമോന്‍ ടി. ജോണിന്റെ ചായാഗ്രഹണം
5. നിവിന്‍ പോളി, അജു വര്‍ഗീസ്‌ എന്നിവരുടെ അഭിനയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാവുന്ന കഥ
2. മനോജ്‌.കെ.ജയന്റെ കഥാപാത്ര രൂപികരണം    
 


തട്ടത്തിന്‍ മറയത്ത് റിവ്യൂ: നര്‍മ്മം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ പഞ്ചുള്ള സംഭാഷണങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ തട്ടത്തിന്‍ മറയത്ത് ഒരു കവിത പോലെ മനോഹരമായ പ്രണയകാവ്യമാണ്.

തട്ടത്തിന്‍ മറയത്ത് റേറ്റിംഗ്: 7.20 / 10
കഥ, തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം:
7 / 10 [ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
ടോട്ടല്‍: 21.5 / 30 [7.20 / 10]

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: വിനീത് ശ്രീനിവാസന്‍
നിര്‍മ്മാണം: മുകേഷ്, ശ്രീനിവാസന്‍
ബാനര്‍: ലൂമിയര്‍ ഫിലിംസ്
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: ആണ് എലിസബത്ത്‌ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനീത് ശ്രീനിവാസന്‍
സംഗീതം: ഷാന്‍ റഹ്മാന്‍
കല സംവിധാനം: അജയ് മങ്ങാട്
മേയിക്കപ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ് 

വിതരണം: ലെ.ജെ.ഫിലിംസ്

6 comments:

 1. ആശംസകള്‍.................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ................

  ReplyDelete
 2. jomone inte aadya padam chaapa kurish anu... alle?

  ReplyDelete
  Replies
  1. തെറ്റ് തിരുത്തി തന്നതിന് രമേഷിനും ചന്ദുവിനും നന്ദി! തുടര്‍ന്നും നിരൂപണം വായിക്കുക, അഭിപ്രായങ്ങള്‍ എഴുതുക. നിരൂപണത്തിന്റെ ഫെയിസ്ബുക്ക്‌ പെയിജ് വിവരങ്ങള്‍ എവിടെ നല്‍കുന്നു. മലയാള സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ ഫെയിസ്ബുക്ക് പെയിജില്‍ ലഭ്യമാണ്.
   http://www.facebook.com/pages/Malayala-Cinema-Niroopanam/151201278283313

   Delete
 3. You are right, Ramesh. CHappa Kurish is Jonon's first film, then came Beautiful. TM is Jomon's third film.

  ReplyDelete
  Replies
  1. തെറ്റ് തിരുത്തി തന്നതിന് രമേഷിനും ചന്ദുവിനും നന്ദി! തുടര്‍ന്നും നിരൂപണം വായിക്കുക, അഭിപ്രായങ്ങള്‍ എഴുതുക. നിരൂപണത്തിന്റെ ഫെയിസ്ബുക്ക്‌ പെയിജ് വിവരങ്ങള്‍ എവിടെ നല്‍കുന്നു. മലയാള സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ ഫെയിസ്ബുക്ക് പെയിജില്‍ ലഭ്യമാണ്.
   http://www.facebook.com/pages/Malayala-Cinema-Niroopanam/151201278283313

   Delete
 4. A nice film with lot of goodness...:)

  ReplyDelete