14 Jul 2012

മുല്ലമൊട്ടും മുന്തിരിച്ചാറും - ഇന്ദ്രജിത്തിന്റെ ഉജ്ജ്വല അഭിനയ മുഹൂര്‍ത്തങ്ങളുള്ള കണ്ടിരിക്കാവുന്ന ഒരു സിനിമ 4.80 / 10

നവാഗതരായ അനീഷ്‌ അന്‍വര്‍, സോമന്‍ പല്ലാട്ട്, ബിജു കെ.ജോസഫ്‌ എന്നിവരുടെ കൂട്ടായ്മയുടെ ഫലമാണ് ഇന്ദ്രജിത്ത് നായകനായ ഏറ്റവും പുതിയ സിനിമ മുല്ലമൊട്ടും മുന്തിരിച്ചാറും. ച്ചുരട്ട ജോസ് എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രജിത്ത് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മറ്റൊരു സുപ്രധാന കഥാപാത്രമായ വാഴക്കുല അച്ഛന്‍ എന്ന വിളി പേരുള്ള വികാരിയുടെ വേഷത്തില്‍ തിലകനും അഭിനയിച്ചിരിക്കുന്നു. കേരളത്തിലെ ഉള്‍ഗ്രാമത്തിലൊന്നായ മുട്ടം എന്ന സ്ഥലത്താണ് ജോസ് ജീവിക്കുന്നത്. ദിവസത്തില്‍ മുഴുവന്‍ നേരവും കള്ളുകുടിച്ചു അലസനായി ജോസ്, ആ ഗ്രാമത്തിലെ പാമ്പുകളെ പിടിച്ചു ഗ്രാമനിവാസികളെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നവനുമാണ്. ജോസ് ആകെ ഭയപെടുന്നതും ബഹുമാനിക്കുന്നതും വികാരിയായ വാഴക്കുളം അച്ഛനെ മാത്രമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍., രോഗാവസ്ഥയില്‍ കഴിയുന്ന ഒരു അച്ഛന്റെയും രണ്ടു പെണ്മക്കളുടെയും സംരക്ഷണ ചുമതല ജോസിനു ഏറ്റെടുക്കേണ്ടി വരുന്നു. അതില്‍ ഇളയ പെണ്‍കുട്ടി സുചിത്രയുമായി അടുപ്പത്തിലാകുന്നതോടെ ജോസ് അയാളുടെ ചീത്ത സ്വഭാവങ്ങളെല്ലാം മാറ്റി നേര്‍വഴിക്കു വന്നു തുടങ്ങുന്നു. ഇതിനിടയില്‍ മിത്രങ്ങളായിരുന്ന പലരുമായി ജോസിനു ശത്രുതയുണ്ടാകുന്നു. അതോടെ ജോസിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ചില സംഭവങ്ങളുണ്ടാകുന്നു. ജോസിന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച് അതില്‍ നിന്നെല്ലാം രക്ഷപെടുന്നതുമാണ് ഈ സിനിമയുടെ കഥ. 

ജ്യോതിര്‍ഗമയയുടെ ബാനറില്‍ മേരി സോമന്‍, സോമന്‍ പല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌, ബിജു കെ.ജോസഫ്‌ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി, അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്ത മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന സിനിമയുടെ പ്രാധാന സവിശേഷത എന്നത് ഇന്ദ്രജിത്ത് എന്ന നടന്റെ മികവുറ്റ അഭിനയവും, ച്ചുരട്ട ജോസ് എന്ന കഥാപാത്രരൂപികരണവുമാണ്. നവാഗതനായ സുജിത് വാസുദേവാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. ബാബു രത്നമാണ് ചിത്രസന്നിവേശം. കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മോഹന്‍ സിത്താരയാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
നവാഗതനായ ബിജു കെ.ജോസെഫിനു പുതുമയുള്ളൊരു കഥ തിരഞ്ഞെടുക്കുവാനോ, സിനിമയുടെ രണ്ടാം പകുതിയില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ എഴുതുവാനോ സാധിച്ചില്ല. പക്ഷെ, ചുരുട്ട ജോസ് എന്ന കഥാപാത്രരൂപികരണവും സിനിമയുടെ ആദ്യ പകുതിയിലുള്ള നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളും കഥാഗതിയും മികച്ച രീതിയില്‍ എഴുതുവാന്‍ ബിജുവിന് സാധിച്ചു. ജോസും തിലകന്‍ അവതരിപ്പിക്കുന്ന വികാരിയച്ചനും തമ്മിലുള്ള ആത്മ ബന്ധവും, ഗ്രാമവാസികള്‍ക്ക്‌ ജോസിനോടുള്ള അടുപ്പവും, ജോസിന്റെ സംഭാഷണ രീതിയും മനോഹരമായിട്ടാണ് ബിജു എഴുതിയിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയില്‍ പ്രവചിക്കാനവാത്ത കഥാഗതിയായിരുന്നുവെങ്കില്‍, രണ്ടാം പകുതിയില്‍ പ്രവചിക്കനാവുന്ന തരത്തിലായി സിനിമയുടെ കഥയും ക്ലൈമാക്സും. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, കണ്ടിരിക്കാവുന്ന തരത്തില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ സിനിമ അവസാനിപ്പിക്കാനും ബിജുവിന് സാധിച്ചു. 

സംവിധാനം: ആവറേജ്
ബിജു എഴുതിയ സാധാരണ കഥയായ ഈ സിനിമയെ പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമയാക്കി മാറ്റിയത് അനീഷ്‌ അന്‍വര്‍ എന്ന സംവിധായകന്റെ സംവിധാന മികവാണ്. ഈ സിനിമയില്‍ ഓരോ രംഗങ്ങളിലും സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞു കിടക്കുന്നതായി അനുഭവപെടും. ഓരോ ദ്രിശ്യങ്ങളും പുതുമ നിറഞ്ഞ രീതിയില്‍ ചിത്രീകരിക്കുവാനും,കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ, മനോഹരമായ ലോക്കെഷനുകളും, ഗ്രാമീണ ഭംഗി നഷ്ടപെടുത്താതെ ഫ്രെയിമുകള്‍ ഒരുക്കിയതും അനീഷ്‌ അന്‍വറിന്റെ കഴിവ് തന്നെ. സിനിമയുടെ രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സും പ്രവചിക്കനവുന്നതായതിനാല്‍ പ്രേക്ഷകരെ രസിപ്പിച്ചില്ല എന്നത് സംവിധായകന്റെ കുറ്റമാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇന്ദ്രജിത്തിന് ഈ കഥാപാത്രം നല്‍ക്കിയ തീരുമാനം സംവിധയകന്റെത് ആണെങ്കില്‍, ആ തീരുമാനമാണ് ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിച്ചത്.

സാങ്കേതികം: എബവ് ആവറേജ്
മലയാള സിനിമ പ്രേക്ഷകര്‍ ഇന്നുവരെ കാണാത്ത ഇന്ദ്രജിത്തിന്റെ ചില മാനറിസങ്ങളും, സിനിമയുടെ ഫ്രെയിമുകള്‍ക്ക് ഭംഗികൂട്ടുവാന്‍ ഗ്രാമീണ ഭംഗി മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയതും സുജിത് വാസുദേവാണ്. മികച്ച ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തികൊണ്ട് സംവിധായകനെ സഹായിച്ചതില്‍ സുജിത്തിന് പ്രധാന പങ്കുണ്ട്. ബാബു രത്നമാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടാതെ കൃത്യമായ വേഗതയില്‍ സിനിമ കൂട്ടിയോജിപ്പിച്ച ബാബു രത്നവും സംവിധയനെ സഹായിച്ചിട്ടുണ്ട്. കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകര്‍ന്നിരിക്കുന്നു. "നീയോ നീയോ" എന്ന തുടങ്ങുന്ന പാട്ടാണ് ആ കൂട്ടത്തില്‍ ഏറ്റവും മികച്ചത്. ചില രംഗങ്ങളിലുള്ള പശ്ചാത്തല സംഗീതം ബോറായി അനുഭവപെട്ടു. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും, ഹസ്സന്‍ വണ്ടൂരിന്റെ മേക്കപ്പും മികവു പുലര്‍ത്തി. മാഫിയ ശശിയാണ് സംഘട്ടനം. 

അഭിനയം: ഗുഡ്  
ചുരുട്ട ജോസിനെ അവതരിപ്പിക്കുവാന്‍ ഇന്നത്തെ തലമുറയില്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഇന്ദ്രജിത്താണ് എന്ന് തെളിയിക്കുന്ന അഭിനയമാണ് ഈ സിനിമയിലെത്. ഇന്ദ്രജിത്തിനോപ്പം മികച്ച അഭിനയം കാഴ്ചവെച്ച മറ്റൊരു നടന്‍ തിലകനാണ്. മേഘ്ന രാജാണ്‌ ഈ സിനിമയിലെ നായികയെങ്കിലും, അനന്യ അവതരിപ്പിച്ച റാണിമോള്‍ എന്ന കഥാപാത്രമാണ് മികച്ചു നിന്ന്. അതിനു കാരണം അനന്യയുടെ അഭിനയം തന്നെയാണ്. ഇവര്‍ക്കൊപ്പം പ്രവീണയും അശോകനും കലാശാല ബാബുവും കലാഭവന്‍ ഷാജോണും അനില്‍ മുരളിയും കൊച്ചുപ്രേമാനും അവരവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി. 

സിനിമയുടെ പ്ലസ് പോയിന്റ്സ്: 
1.ഇന്ദ്രജിത്തിന്റെ ഉജ്ജ്വല അഭിനയം
2.അനീഷ്‌ അന്‍വറിന്റെ സംവിധാനം
3.സുജിത്ത് വാസുദേവിന്റെ ചായാഗ്രഹണം
4.സിനിമയുടെ ആദ്യ പകുതി

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.മൂല കഥ
2.രണ്ടാം പകുതിയിലെ കഥ സന്ദര്‍ഭങ്ങള്‍ 
3.പശ്ചാത്തല സംഗീതം

മുല്ലമൊട്ടും മുന്തിരിച്ചാറും റിവ്യൂ: കണ്ടുമടുത്ത കഥയും കഥാഗതിയും ഈ സിനിമയുടെ പോരായ്മകളാണെങ്കിലും, ഇന്ദ്രജിത്തിന്റെ മികച്ച അഭിനയവും നവാഗത സംവിധായകനാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള അനീഷ്‌ അന്‍വറിന്റെ സംവിധാനവും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌......

മുല്ലമൊട്ടും മുന്തിരിച്ചാറും റേറ്റിംഗ്: 4.80 / 10 
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്] 
ടോട്ടല്‍: : 14.5/30 [4.8/10]

സംവിധാനം: അനീഷ്‌ അന്‍വര്‍
നിര്‍മ്മാണം: ജ്യോതിര്‍ഗമയ
കഥ, തിരക്കഥ: ബിജു കെ.ജോസഫ്‌
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ബാബു രത്നം
വരികള്‍: കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: മോഹന്‍ സിത്താര
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
സംഘട്ടനം: മാഫിയ ശശി 

No comments:

Post a Comment