21 Jul 2012

ആകാശത്തിന്റെ നിറം - വൈവിധ്യമാര്‍ന്ന ചിന്തകളിലൂടെ കടന്നുപോകുന്ന മനുഷ്യ മനസ്സും ആകാശത്തിന്റെ നിറങ്ങളും...5.70/10

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ കെ.അനില്‍കുമാര്‍ നിര്‍മ്മിച്ച്‌, വീട്ടിലേക്കുള്ള വഴി എന്ന സിനിമയ്ക്ക് ശേഷം ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത സിനിമയാണ് ആകാശത്തിന്റെ നിറം. പ്രഭാതത്തില്‍ ആകാശത്തിന്റെ നിറം വെള്ളയും, ഉച്ചയ്ക്ക് നീലയും, പ്രദോഷത്തില്‍ അത് ഇളം ചുവപ്പുമാകുന്നു. ഇതില്‍ നിന്നുമൊക്കെ വ്യതസ്തമായി കര്‍ക്കിടക മാസത്തിലെ ആകാശത്തിന്റെ നിറം കറുപ്പുമാകുന്നു. വൈവിധ്യമാര്‍ന്ന ഈ നിറങ്ങള്‍ പോലെയാണ് മനുഷ്യ മനസ്സും ചിന്തകളും. ഓരോ സാഹചര്യത്തിനുനനുസരിച്ചു നമ്മുടെ ചിന്തകളും സ്വഭാവങ്ങളും മാറിക്കൊണ്ടേയിരിക്കും. അതുചിലപ്പോള്‍ മറ്റുള്ളവരുടെ ജീവിതമായിരിക്കാം നമ്മുടെ സ്വഭാവത്തിന്റെ മാറ്റത്തിന് കാരണമാകുക. ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലത്ത ഒരാള്‍ വളരെ കുറച്ചു മനുഷ്യര്‍ മാത്രം ജീവിക്കുന്ന ഒരു ദ്വീപില്‍ എത്തിപെടുകയും അവരുടെ ജീവിത ശൈലിയും ദിനച്ചര്യകളും അയാളുടെ ജീവിതത്തെയും ചിന്തകളെയും മാറ്റി മാറ്റിമറയ്ക്കുന്നതാണ് ഡോക്ടര്‍ ബിജുവിന്റെ ഈ സിനിമയുടെ കഥ. 

കഥാപാത്രങ്ങള്‍ക്ക് പേരുകളില്ലാത്ത ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ നെടുമുടി വേണു, ഇന്ദ്രജിത്ത്, അമല പോള്‍, അനൂപ്‌ ചന്ദ്രന്‍ എന്നിവരാണ്. ഇവരെ കൂടാതെ പ്രിഥ്വിരാജ്, ഇന്ദ്രന്‍സ്, ശ്രീരാമന്‍, ഗീത സലാം എന്നിവരുമുണ്ട് ഈ സിനിമയില്‍../..ആന്റമാന്‍ ദ്വീപില്‍ നിന്നും നാല്പതു കിലോമീറ്റര്‍ ദൂരത്തുള്ള ഒരു സ്ഥലത്താണ് ഈ സിനിമ ചിത്രീകരിച്ചത്. സംവിധായകന്‍ ഡോക്ടര്‍ ബിജുവാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. എം.ജെ.രാധാകൃഷ്ണന്റെ ചായാഗ്രഹണം ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകമാകുന്ന തരത്തിലുള്ള വിഷ്വല്‍സ് ആണ് ഈ സിനിമയിലുള്ളത്. ഐസക് തോമസിന്റെ പശ്ചാത്തല സംഗീതവും, ജയദേവന്‍ ചക്കടത്തിന്റെ ശബ്ദമിശ്രണവും മികച്ചു നില്‍ക്കുന്നു. നെടുമുടി വേണുവിന്റെ മികവുറ്റ അഭിനയവും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്.


കഥ തിരക്കഥ: എബവ് ആവറേജ് 
വ്യതസ്ത സമീപനത്തോടൊപ്പം മികച്ചൊരു സന്ദേശം കൂടി ഈ സിനിമ നല്‍ക്കുന്നു എന്നതാണ് ഈ കഥയുടെ സവിശേഷത. ഇന്നത്തെ തലമുറയില്‍ നമ്മുക്ക് ചുറ്റും കാണാവുന്ന ലക്ഷ്യബോധമില്ലാത്ത ഒരുകൂട്ടം ചെറുപ്പകാര്‍ കാണേണ്ടതാണ് ഈ സിനിമ. മോശപെട്ട രീതിയില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിയും മോശമാകുന്നതും നല്ലവനാകുന്നതും അവന്റെ ചുറ്റുപാടുകള്‍ കാരണമാണെന്ന് ഈ സിനിമയിലൂടെ പറയുന്നു. ആരോരുംമില്ലത്ത ഒരുപറ്റം മനുഷ്യര്‍ സ്നേഹത്തോടെ കഴിയുന്ന കാഴ്ച കാണുമ്പോള്‍, ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിനു വരുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. ഈ അവസ്ഥയെ കാലത്തിനനുസരിച്ചും സമയത്തിനനുസരിച്ചും മാറുന്ന ആകാശത്തിന്റെ നിറങ്ങളുമായി സംവിധായകന്‍ ഉപമിച്ചിരിക്കുന്നു. 

സംവിധാനം: ആവറേജ് 
മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമല്ലാത്ത രീതിയിലുള്ള കഥയും അവതരണരീതിയുമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. മലയാള സിനിമകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പശ്ചാത്തലമാണ് ഈ സിനിമയില്‍.. ഒരു ദ്വീപില്‍ ജീവിക്കുന്ന കുറെ മനുഷ്യര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു എന്ന പ്രത്യേകതയ്ക്കു പുറമേ, കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ ഇല്ലാതെ അവതരിപ്പിക്കപെടുമ്പോള്‍, അവര്‍ തമ്മിലുള്ള സംസാരം കുറയുമ്പോള്‍ അതെല്ലാം ഒരു പുതുമ നല്‍ക്കും എന്ന പ്രതീക്ഷയിലാകും ഡോക്ടര്‍ ബിജു ഈ സിനിമയെ സമീപിച്ചത്. മികച്ചൊരു സന്ദേശം ഇന്നത്തെ സമൂഹത്തിനു നല്ക്കുന്നുണ്ടേങ്കിലും, ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും, സാധാരണ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ മനസിലാകാത്ത കഥാസന്ദര്‍ഭങ്ങളും പ്രധാന പോരായ്മകളാണ്‌.... 

സാങ്കേതികം: എബവ് ആവറേജ് 
മികച്ച വിഷ്വല്‍സ് ഒരുക്കി ഓരോ ഫ്രെയിമുകള്‍ക്കും നിറങ്ങള്‍ നല്‍ക്കി ആകാശത്തിന്റെ നിറം എന്ന സിനിമയെ മികവുറ്റതാകി എം.ജെ.രാധാകൃഷ്ണന്‍ എന്ന ചായഗ്രഹകാന്‍. രാധാകൃഷ്ണന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂടിയോജിപ്പിച്ചത് മനോജാണ്. കടലിന്റെ പശ്ചാത്തത്തിലുള്ള സിനിമയായത് കൊണ്ട് അലയടിക്കുന്നതിന്റെ ശബ്ദവും, നാട്ടില്‍ കേട്ടിട്ടില്ലാത്ത ചില പക്ഷികളുടെ ശബ്ദവുമൊക്കെ മികച്ച രീതിയില്‍ ഈ സിനിമയില്‍ ഉപയോഗിക്കാന്‍ ജയദേവന് സാധിച്ചിട്ടുണ്ട്. ഓ.എന്‍.. വി.കുറുപ്പ് എഴുതിയ കവിതകള്‍ ഈ സിനിമയിലുണ്ട്. മറ്റൊരു മികച്ച സാങ്കേതിക വശം എന്നത് ഈ സിനിമയുടെ പശ്ചാത്തല സംഗീതമാണ്. അത് നിര്‍വഹിച്ചിരിക്കുന്നത് ദേശിയ അവാര്‍ഡ്‌ ജേതാവ് കൂടിയായ ഐസക് തോമസാണ്. 
അഭിനയം: എബവ് ആവറേജ് 
ഭരത് അവാര്‍ഡ്‌ ലഭിക്കുന്നത് നായകന്മാര്‍ക്ക് മാത്രമല്ലയിരുന്നെങ്കില്‍, മലയാള സിനിമയിലെ അഭിനയ സാമ്രാട്ടുകളായ തിലകനും നെടുമുടി വേണുവിനും ഒടുവില്‍ ഉണ്ണികൃഷ്ണനും ജഗതി ശ്രീകുമാറിനും ഒക്കെ എത്രയോ തവണ ലഭിച്ചേനെ.മലയാള സിനിമയില്‍ നെടുമുടി വേണു എന്ന നടന്റെ അഭിനയത്തെ വെല്ലാന്‍ ഇനിയൊരു താരം ജനിക്കണം എന്ന് തെളിയിക്കുന്ന രീതിയിലാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. പുതിയ തലമുറയിലെ മികച്ച നടന്മാരില്‍ ഒരാളായ ഇന്ദ്രജിത്തും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍.... ചെറിയ വേഷമാണെങ്കിലും നല്ല സിനിമയുടെ ഭാഗമാകാന്‍ ശ്രമിച്ചതിനു പ്രിഥ്വിരാജ് പ്രശംസ അര്‍ഹിക്കുന്നു. ബധിരയും മൂകയുമായി മറ്റൊരു വേഷത്തില്‍ അമല പോളും അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍...  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം, കഥ 
2. മികച്ചൊരു സന്ദേശം നല്‍ക്കുന്ന സിനിമ 
3. ചായാഗ്രഹണം 
4. പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം 
5. നെടുമുടി വേണുവിന്റെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ, സംവിധാനം 
2. വലിച്ചുനീട്ടിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ 

ആകാശത്തിന്റെ നിറം റിവ്യൂ : ആകാശത്തിന്റെ പല നിറങ്ങള്‍ പോലെ സുന്ദരവും വൈവിധ്യവുമാണ് മനുഷ്യരുടെ ചിന്തകളും ജീവിതരീതിയും എന്ന സന്ദേശം നല്‍ക്കുന്ന സിനിമയാണ് ഡോക്ടര്‍ ബിജുവിന്റെ ആകാശത്തിന്റെ നിറം. 


ആകാശത്തിന്റെ നിറം റേറ്റിംഗ്: 5.70/10
കഥ തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍:: 17/30 [5.7/10]

രചന,സംവിധാനം: ഡോക്ടര്‍ ബിജു 
നിര്‍മ്മാണം: കെ.അനില്‍കുമാര്‍ 
ബാനര്‍:: അമ്പലക്കര ഫിലിംസ് 
ചായാഗ്രഹണം: എം.ജെ.രാധാകൃഷ്ണന്‍ 
ചിത്രസന്നിവേശം:മനോജ്‌
വരികള്‍: ഓ. എന്‍. വി. കുറുപ്പ് 
സംഗീതം: രവിന്ദ്ര ജെയിന്‍  
പശ്ചാത്തല സംഗീതം: ഐസക് തോമസ്‌ കൊട്ടുകാപ്പിള്ളി 
ശബ്ദമിശ്രണം: ജയദേവന്‍ ചക്കടത് 
മേയിക്കപ്: പട്ടണം റഷീദ് 

No comments:

Post a Comment