27 May 2012

മല്ലു സിംഗ്


വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടുപോയ തന്റെ സുഹൃത്തും സഹോദരിയുടെ മുറചെറുക്കനുമായ ഒരാളെ അന്വേഷിച്ചു അന്യസംസ്ഥാനത്തേക്ക് പോകുന്ന ഒരു നായകനും, അവിചാരിത കാരണങ്ങളാല്‍ മറ്റൊരു സ്ഥലത്ത് മറ്റൊരാളായി അഭിനയിച്ചു കൊണ്ട് ആള്‍മാറാട്ടം നടത്തി ജീവിക്കുന്ന വേറൊരു നായകനും, ഒരു വലിയ കൂട്ടുകുടുംബവും, സ്നേഹിക്കാന്‍ കാമുകിമാരും, പാട്ടും ഡാന്‍സും, കുറെ ബന്ധുക്കളും, അവര്‍ തമ്മിലുള്ള പകവീട്ടലുകളും, വര്‍ഷങ്ങള്‍ക്കു ശേഷമുള്ള നായകന്റെ പ്രതികാരം വീട്ടലുകളും എല്ലാം മലയാള സിനിമ പ്രേക്ഷകര്‍ കുറെ നാളുകളായി സിനിമകളില്‍ കണ്ടുവരുന്നവയാണ്. മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ കാലാഘട്ടത്തില്‍, മേല്പറഞ്ഞ സംഭവങ്ങള്‍ ഉള്ളൊരു കഥയും കഥാസന്ദര്‍ഭങ്ങളും സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഇനിയും ഉണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമാണ്. നല്ല സിനിമകളെയും, പുതിയ പരീക്ഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കുറെ പ്രേക്ഷകരും, സിനിമയെ വേറൊരുമൊരു ആസ്വാദനത്തിനുള്ള ഉപാധിയായി കാണുന്ന പ്രേക്ഷകരും ഉണ്ട് കേരളത്തില്‍. ഇവയില്‍ ആദ്യത്തെ വിഭാഗത്തിലുള്ളവര്‍ മേല്പറഞ്ഞ ചേരുവകളുള്ള സിനിമകള്‍ ഉപേക്ഷിക്കുകയും, രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ ഇത്തരത്തിലുള്ള സിനിമകള്‍ കാണുകയും ചെയ്യുക. മേല്പറഞ്ഞ സവിശേഷതകള്‍(?) നിറഞ്ഞ ഏറ്റവും പുതിയ സിനിമയാണ് മല്ലു സിംഗ്. കാര്യസ്ഥനു ശേഷം ആന്‍ മെഘാ മീഡിയയുടെ ബാനറില്‍ നീറ്റ ആന്റോ നിര്‍മ്മിച്ച്‌, സേതു[സച്ചി-സേതു] രചന നിര്‍വഹിച്ച വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് മല്ലു സിംഗ്. 

5 വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടുപോയ ഹരിയെ[ഉണ്ണി മുകുന്ദന്‍] അന്വേഷിച്ചു പഞ്ചാബിലേക്ക് യാത്രതിരിക്കുന്ന അനിയന്റെ [കുഞ്ചാക്കോ ബോബന്‍] ട്രെയിന്‍ യാത്രയില്‍ നിന്നാണ് ഈ സിനിമയുടെ തുടക്കം. ചില പ്രത്യേക കാരണങ്ങളാല്‍ നാടുവിടേണ്ടി വന്ന ഹരി, ഇപ്പോള്‍ ജീവിക്കുന്നത് പഞ്ചാബിലെ ഒരു വലിയ കുടുംബത്തിലെ ബിസിനസ്‌ എല്ലാം നോക്കിനടത്തുന്ന 4 പെണ്ണുങ്ങളുടെ സഹോദരനായ ഹരീന്ദര്‍ സിംഗ് ആയിട്ടാണ്. ഹരീന്ദര്‍ സിംഗ് എന്ന ഹരിയെ അന്വേഷിച്ചു അനിയന്‍ ചെന്നെത്തുന്നതും ആ വലിയ കുടുംബത്തില്‍ ആണ് . അവിടുത്തെ പെണ്ണുങ്ങളെ വളയ്ക്കാനും പ്രേമിക്കാനും ഒക്കെ സജ്ജരായി നില്‍ക്കുന്ന കാര്‍ത്തികേയനും [ബിജു മേനോന്‍] പപ്പനും[മനോജ്‌ കെ.ജയന്‍] സുശീലനും[സുരാജ് വെഞ്ഞാറമൂട്] അനിയനനുമൊത്തു കൂട്ടുകൂടുകയും, അനിയന്റെ വരവിന്റെ ഉദ്ദേശങ്ങള്‍ എല്ലാം  അനിയന്‍ അവരോടു പറയുകയും ചെയ്യുന്നു. അതോടെ ഹരീന്ദര്‍ സിംഗ് എന്ന ഹരിയുടെ യഥാര്‍ത്ഥ രൂപം പുറത്തുകൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മല്ലു സിംഗ് എന്ന സിനിമയുടെ കഥ. ആരാണ് യഥാര്‍ത്ഥ ഹരീന്ദര്‍ സിംഗ്? അയാള്‍ എവിടെയാണ്? എന്ത് കാരണങ്ങളാലാണ് ഹരി എന്ന മലയാളി ഹരീന്ദര്‍ സിംഗ് ആയതു? ഇതെല്ലാമാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
ചോക്ലേറ്റ്, റോബിന്‍ ഹുഡ്, മേക്കപ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം തിരക്കഥകൃത്തുക്കളായ  സച്ചിയും സേതുവും വേര്‍പിരിഞ്ഞു. ഇരട്ട തിരക്കഥകൃത്തുകളില്‍ ഒരാളായ സേതു സ്വതന്ത്ര തിരക്കഥ രചയ്താവായ സിനിമയാണ് മല്ലു സിംഗ്. തെങ്കാശിപട്ടണം മുതല്‍ കാര്യസ്ഥന്‍ വരെയുള്ള ധാരാളം സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്ത ഒരു പ്രമേയം പുതിയ കുപ്പിയിലാക്കി പുതിയൊരു പശ്ചാത്തലത്തിലുള്ള കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി തിരക്കഥയാക്കിയ സിനിമയാണ് മല്ലു സിംഗ്. സച്ചി സേതു
ടീം തിരക്കഥ എഴുതിയ ഭൂരിഭാഗം സിനിമകളും വിജയിച്ചു നിലക്കുന്ന ഈ സമയത്തില്‍, എന്ത് കാരണം കൊണ്ടാണ് ഇതിനു മുമ്പ് വിജയിച്ച സിനിമകളുടെ സക്സസ് ഫോര്‍മുല മല്ലു സിംഗ് പോലുള്ള ഒരു സിനിമയുടെ കഥയാക്കുവാന്‍ സേതുവിനെ പ്രേരിപ്പിച്ചത്. തുടരെ തുടരെ സിനിമകള്‍ പരാജയപെട്ടു നില്‍ക്കുന്ന തിരക്കഥകൃത്തുക്കള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഈ സിനിമയിലൂടെ നടപ്പാക്കാന്‍ സേതു ശ്രമിച്ചത്. അത് പൂര്‍ണ പരാജയമായി എന്ന് പറയുന്നതില്‍ ഖേദമുണ്ട്. വെറും ബിലോ ആവറേജ് ആയ ഒരു തിരക്കഥ, മനോഹരമായ വിഷ്വല്‍സിലൂടെയും കേള്‍ക്കാന്‍ രസമുള്ള പാട്ടുകളിലൂടെയും തരക്കേടില്ലാത്ത സംവിധാനത്തിലൂടെയും കണ്ടിരിക്കാന്‍ പരുവത്തിലാക്കിയത് യഥാക്രമം ഷാജിയും, എം.ജയചന്ദ്രനും, സംവിധായകന്‍ വൈശാഖുമാണ്.   

സംവിധാനം: ആവറേജ്
മമ്മൂട്ടി-പ്രിഥ്വിരാജ് ടീമിന്റെ 'പോക്കിരി രാജ', ജയറാം-കുഞ്ചാക്കോ ബോബന്‍-മനോജ്‌.കെ.ജയന്‍-ബിജു മേനോന്‍ എന്നിവര്‍ നായകന്മാരായ 'സീനിയേഴ്സ്' എന്നീ സിനിമകള്‍ക്ക്‌ ശേഷം വീണ്ടുമൊരു താര സമ്പന്നമായ സിനിമ ഒരുക്കി കൊണ്ട് തുടര്‍ച്ചയായ മൂന്നാമത്തെ വിജയം കൈവരിക്കാനായി വൈശാഖ് അണിയിച്ചൊരുക്കിയ സിനിമയാണ് മല്ലു സിംഗ്. ഈ സിനിമയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണെങ്കിലും, സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ കുഞ്ചാക്കോ ബോബനാണ്. നല്ലൊരു സംവിധായകനാണ് താനെന്നു വൈശാഖ് തെളിയിച്ച സിനിമയാണ് സീനിയേഴ്സ്. പോക്കിരി രാജ എന്ന സിനിമയുടെ സംവിധാനത്തില്‍ പോരായ്മകള്‍ ധാരാളം ഉണ്ടായിരുനെങ്കിലും, സീനിയേഴ്സ് സിനിമ മികച്ചൊരു എന്റര്‍ടെയിനര്‍ ആയിരുന്നു. മൂന്നാമത്തെ സിനിമയില്‍ എത്തിനില്‍ക്കുന്ന വൈശാഖ്, നല്ല കഥ തിരഞ്ഞെടുക്കുന്നതില്‍
പരാജയപെട്ടു. കണ്ടുമടുത്ത കഥയാണെങ്കിലും, ഷാജി എന്ന ചായഗ്രാഹകനെ കൊണ്ട് നല്ല വിഷ്വല്‍സ് ചിത്രീകരിപ്പിച്ചതും, എം.ജയചന്ദ്രനെ കൊണ്ട് പാട്ടുകളുടെ സംഗീത സംവിധാനം നിര്‍വഹിപ്പിക്കാന്‍ തീരുമാനിച്ചതും, അതിമനോഹരമായ ലോക്കെഷന്‍സ് കണ്ടുപിടിച്ചതും സംവിധായകന്‍ വൈശാഖന് ഗുണം ചെയ്തു. 
 
സാങ്കേതികം: എബവ് ആവറേജ്
പഞ്ചാബിലെ പട്ട്യാല എന്ന ഗ്രാമത്തിലാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ ഒട്ടനേകം പ്രദേശങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ചായഗ്രഹകാന്‍ ഷാജിയാണ്. ഈ സിനിമ രണ്ടര മണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന കാരണം ഈ സിനിമ ചിത്രീകരിച്ച ലോക്കേഷനൂകളാണ്. ഷാജി പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം നിര്‍വഹിച്ച
മഹേഷ്‌ നാരായണനും മികവു പുലര്‍ത്തി. കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സിനിമയിലുടനീളം കാണപെട്ടതിനു കാരണം ജോസഫ് നെല്ലികല്ലിന്റെ കലാസംവിധാനവും സായിയുടെ ചമയവുമാണ്. മുരുകന്‍ കാട്ടാക്കട, രാജീവ്‌ ആലുങ്കല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് എം.ജയചന്ദ്രനാണ്. സിനിമയുടെ ടൈറ്റില്‍ ഗാനം 'കിങ്ങിണി കാറ്റ് വന്നു' എന്ന ഗാനവും, 'ചം ചം ചമക് ചം ചം' എന്ന ഗാനവും കേള്‍ക്കാന്‍ ഇമ്പമുള്ളതായി അനുഭവപെട്ടപ്പോള്‍, ഷോബി പോള്‍രാജ് നൃത്ത സംവിധാനം നിര്‍വഹിച്ച മറ്റു രണ്ടു പാട്ടുകളിലെ കുഞ്ചാക്കോ ബോബന്റെയും ഉണ്ണി മുകുന്ദന്റെയും നൃത്ത ചുവടുകള്‍ കാഴ്ചയ്ക്ക് സുഖമമായി അനുഭവപെട്ടു.  

അഭിനയം: ആവറേജ്
കുഞ്ചാക്കോ ബോബന്റെ 50-മത് സിനിമയായ മല്ലു
സിംഗില്‍, ചാക്കോച്ചന്‍ തെറ്റില്ലാത്ത അഭിനയം കാഴ്ചവെച്ചു കൊണ്ട് പ്രേക്ഷകരെ ത്രിപ്തിപെടുത്തുനുണ്ട്. തത്സമയം ഒരു പെണ്‍കുട്ടിയ്ക്ക് ശേഷം ഉണ്ണി മുകുന്ദന് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് ഈ സിനിമയിലെ ഹരീന്ദര്‍ സിംഗ് അഥവാ മല്ലു സിംഗ്. ആക്ഷന്‍ രംഗങ്ങളിലും നൃത്ത രംഗങ്ങളും ശോഭിച്ച ഈ നടന്‍ അഭിനയ കാര്യത്തിലും മികവു കാണിച്ചിരുന്നു എങ്കില്‍, മലയാള സിനിമയിലെ മറ്റൊരു താരോദയത്തിനു മല്ലു സിംഗ് എന്ന സിനിമ കാരണമായേനെ. വെട്ടം, സെവന്‍സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മിഥുന്‍ രമേഷാണ് ഈ സിനിമയില്‍ ഉണ്ണിയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ അഭിനയം ഭേദപെട്ടു തോന്നുവാനുള്ള കാരണങ്ങളില്‍ ഒന്ന് മിഥുന്‍ രമേഷിന്റെ ഡബ്ബിംഗ് തന്നെയാണ്. ഓര്‍ഡിനറി എന്ന സിനിമയ്ക്ക് ശേഷം മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു കൊണ്ട് ബിജു മേനോനും, എല്ലാ വേഷങ്ങളും മികവോടുകൂടി അഭിനയിക്കുന്ന മനോജ്‌.കെ.ജയനും, സുരാജ് വെഞ്ഞാറമൂടും മികവു പുലര്‍ത്തി. ഇവരെ കൂടാതെ, ആസിഫ് അലി, സിദ്ദിക്ക്, സായികുമാര്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത്‌ രവി, മാമുക്കോയ, സംവൃത സുനില്‍, മീര നന്ദന്‍, രൂപ മഞ്ജരി, അപര്‍ണ നായര്‍, ശാലിന്‍, ഗീത എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ചായാഗ്രഹണം, ലോക്കെഷന്‍സ്
2. കളര്‍ഫുള്‍ വിഷ്വല്‍സ്
3. ബിജു മേനോന്‍, മനോജ്‌ കെ.ജയന്‍, സുരാജ് എന്നിവരുടെ തമാശകള്‍
4. പാട്ടുകള്‍, നൃത്തചുവടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത കഥയും പ്രമേയവും
2. പ്രവചിക്കനവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. വൈശാഖിന്റെ സംവിധാനം

 
മല്ലു സിംഗ് റിവ്യൂ: സിനിമയെ വേറൊരുമൊരു ആസ്വാദനത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന പ്രേക്ഷകര്‍ മല്ലു സിംഗ് പോലുള്ള സിനിമകള്‍ കുടുംബത്തോടൊപ്പം കാണുകയും, നല്ല സിനിമകളെയും പുതിയ പരീക്ഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍ ഇത്തരത്തിലുള്ള സിനിമകള്‍ കാണണോ എന്ന് ഒരുവട്ടം ആലോചിക്കുകയും ചെയ്യുക.  
 

മല്ലു സിംഗ് റേറ്റിംഗ്: 4.50 / 10
കഥ. തിരക്കഥ: 3 / 10[ബിലോ ആവറേജ്]
സംവിധാനം: 5 / 10[ആവറേജ്]
സാങ്കേതികം: 3 / 5[എബവ് ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]

ടോട്ടല്‍: 13.5 / 30 [4.5 / 10] 

സംവിധാനം: വൈശാഖ്
കഥ, തിരക്കഥ, സംഭാഷണം: സേതു
നിര്‍മ്മാണം: നീറ്റ ആന്റോ
ബാനര്‍: ആന്‍ മെഘാ മീഡിയ
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം:
മഹേഷ്‌ നാരായണന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട  
സംഗീതം: എം.ജയചന്ദ്രന്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
ചമയം: സായി
നൃത്ത സംവിധാനം: ഷോബി പോള്‍രാജ്

1 comment:

  1. good movie
    best of 2012 is mallusing and grandmaster

    ReplyDelete