24 May 2012

ഗ്രാന്റ്മാസ്റ്റര്‍

 
ഹിന്ദി-തമിഴ് സിനിമകളും ടെലിവിഷന്‍ സീരിയലുകളും നിര്‍മ്മിക്കുന്ന പ്രശസ്ത നിര്‍മ്മാണ കമ്പനിയായ യു.ടി.വി മോഷന്‍ പിക്ചേഴ്സ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണ് ഗ്രാന്റ്മാസ്റര്‍. എതിരിളാളികളുടെ നീക്കങ്ങള്‍ മുന്‍ക്കൂട്ടി കാണുവാനും അതനുസരിച്ച് കരുക്കള്‍ നീക്കി കളി ജയിക്കുവാനും കഴിവുള്ള ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രശേഖര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ പത്മശ്രീ ഭരത് മോഹന്‍ലാലാണ്. 2008ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ സിനിമയായ മാടമ്പിയ്ക്ക് ശേഷം മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും ഒന്നിച്ച ഗ്രാന്റ്മാസ്റ്ററിന്റെ രചന നിര്‍വഹിച്ചത് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനാണ്. പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം പ്രിയാമണി നായികയായി അഭിനയിക്കുന്ന ഈ സിനിമയില്‍ നരേന്‍, അനൂപ്‌ മേനോന്‍, ജഗതി ശ്രീകുമാര്‍, ബാബു ആന്റണി, സിദ്ദിക്ക്, ദേവന്‍, മണിക്കുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, റിയാസ് ഖാന്‍, റോമ, രാജശ്രീ നായര്‍, ശ്രീലക്ഷ്മി, സീത, മിത്ര കുര്യന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

വിവാഹമോചനത്തിന് ശേഷം ഉദ്യോഗത്തില്‍ പൂര്‍ണ ശ്രദ്ധ അര്‍പ്പിക്കാന്‍ കഴിയാത്ത ഒറ്റപെട്ട ജീവിതം നയിക്കുന്ന ചന്ദ്രശേഖറിനെ വെല്ലുവെളിച്ചു കൊണ്ടൊരു കത്ത് ലഭിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു സ്ത്രീ കൊല്ലപെടും എന്നും, ചന്ദ്രശേഖറിന് ആ കൊലപാതകം തടയുവാന്‍ കഴിയുകയില്ലെന്നും ആണ് ആ കത്തില്‍ കൊലയാളി എഴുതിയിരിക്കുന്നത്. ആ കത്തില്‍ എഴുതിയത് പോലെ ഒരു സ്ത്രീ കൊല്ലപെടുന്നു. തുടര്‍ന്നും ഓരോ കൊലപാതകത്തിന് മുമ്പും ചന്ദ്രശേഖറിന് വെല്ലുവെളി ഉയര്‍ത്തി കൊണ്ട് കത്തുകള്‍ ലഭിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ചന്ദ്രശേഖര്‍ ആ വെല്ലുവെളി സ്വീകരിക്കുയും, കൊലയാളി ആരെന്നു തെളിയുക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.

കഥ, തിരക്കഥ: ആവറേജ് 
ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ക്ക്‌ തിരക്കഥ എഴുത്തുന്നതില്‍ മിടുക്കനായ ബി.ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ത്രില്ലര്‍ സിനിമയാണ് ഗ്രാന്റ്മാസ്റര്‍. ഇതൊരു കുറ്റാന്വേഷണ സ്വഭാവമുള്ള സിനിമയാണെങ്കിലും, ചന്ദ്രശേഖറിന്റെ കുടുംബ ജീവിതത്തില്‍ ഉണ്ടായ താളപിഴകളും കൊലയാളിയുടെ വെല്ലുവെളികളും ചന്ദ്രശേഖറിന്റെ തണ്‌പ്പന്‍ മട്ടിലുള്ള പ്രതികരണവും ഒക്കെയാണ്
ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍. ആ കഥാസന്ദര്‍ഭങ്ങള്‍ ഈ സിനിമയുടെ കഥയില്‍ തീരെ പ്രാധാന്യം ഇല്ലാത്ത രംഗങ്ങളായത് കൊണ്ട്, പ്രേക്ഷകര്‍ക്ക്‌ നല്ല രീതിയില്‍ ബോറടി അനുഭവപെട്ടിട്ടുണ്ടാവും. മേല്പറഞ്ഞ കുറവുകളൊന്നും ഇല്ലാതെ, പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട്‌ മികവുറ്റ ത്രില്ലിംഗ് രംഗങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമ രണ്ടാം പകുതിയും ക്ലൈമാക്സും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപെടുന്നുണ്ട് എന്നുറപ്പ്. ബി. ഉണ്ണികൃഷ്ണന്റെ തന്നെ മുന്‍കാല സസ്പെന്‍സ് ത്രില്ലര്‍ സിനിമകളെ അപേക്ഷിച്ച് ഗ്രാന്റ്മാസ്ററിന്റെ  കഥയും തിരക്കഥയും ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപെടുത്തുന്ന രീതിയില്‍ എഴുതപെട്ട ഈ സിനിമയുടെ തിരക്കഥയാണ് ഒരുപരുധി വരെ ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിച്ചത്. കുറെക്കൂടെ മികവുറ്റ ഒരു കഥയും തിരക്കഥയും ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു എങ്കില്‍, ഈ സിനിമ മോഹന്‍ലാലിന്റെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നയാനെ. 

സംവിധാനം: എബവ് ആവറേജ്
ത്രില്ലറിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ അടിസ്ഥാനപരമായി ഒരു കുറ്റാന്വേഷണ കഥയാണെങ്കിലും, നായകന്റെ കുടുംബ ജീവിതവും പശ്ചാത്തലമാകുന്ന കഥയായത്‌ കൊണ്ട്, കുടുംബ പ്രേക്ഷകരെയും ഇന്നത്തെ തലമുറയെയും ത്രിപ്തിപെടുത്തുവാന്‍ സംവിധായകന്‍ ബോധപൂര്‍വം ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഗ്രാന്റ്മാസ്റര്‍ എന്ന സിനിമ ഒരുപരുധി വരെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നതിനു കാരണം മോഹന്‍ലാലിന്‍റെ കഥാപാത്ര രൂപികരണവും അഭിനയവുമാണ്.
മോഹന്‍ലാലിനെ അമാനുഷികനായി ചിത്രീകരിക്കാതെ, ലാലിന്‍റെ ആരാധകര്‍ക്കും ആരാധകര്‍ അല്ലാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന രീതിയില്‍ ആ കഥാപാത്രത്തെ രൂപപെടുത്തിയെടുത്തതും സംവിധായകന്റെ മികവു തന്നെ. ഏറെ നാളുകള്‍ക്കു ശേഷം ബാബു ആന്റണിയ്ക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെത്. സാധാരണ ഒരു ഗുണ്ടയുടെയോ വില്ലന്റെയോ വേഷത്തില്‍ പ്രത്യക്ഷപെടുന്ന ബാബു ആന്റണിയ്ക്ക് നല്ലൊരു കഥാപാത്രം നല്കിയതും ബി.ഉണ്ണികൃഷ്ണന്റെ മികവു തന്നെ. പക്ഷെ, ബാബു ആന്റണിയുടെ ആ കഥാപാത്രവും, അതുപോലെ തന്നെ നരേന്‍, റിയാസ് ഖാന്‍, മിത്ര കുര്യന്‍ എന്നിവരുടെയെല്ലാം കഥാപാത്രങ്ങളുടെ ആവശ്യം എന്താണ് എന്ന് മനസിലാകുന്നില്ല. ഒരാളെ വില്ലന്‍ എന്ന സംശയത്തോടെ ചിത്രീകരിച്ചതിന് ശേഷം, വേറൊരാലാണ് യഥാര്‍ത്ഥ വില്ലന്‍ എന്ന് കാണിക്കുന സ്ഥിരം ബി.ഉണ്ണികൃഷ്ണന്‍ ശൈലി ഈ സിനിമയിലും ഉണ്ട്. മികവുകളും കുറവുകളും സമാസം ആണെങ്കിലും, ബി.ഉണ്ണികൃഷ്ണന്‍ ഇതു വരെ സംവിധാനം ചെയ്തതില്‍ ഏറ്റവും മികച്ച സിനിമ ഗ്രാന്റ്മാസ്റര്‍ തന്നെ എന്നതില്‍ തര്‍ക്കമില്ല


സാങ്കേതികം: എബവ് ആവറേജ്
നവാഗതനായ വിനോദ് ഇല്ലംപിള്ളി ചായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ വിഷ്വല്‍സ് ഈ സിനിമയുടെ വിജയകാരണങ്ങളില്‍ ഒന്നാണ്. മറ്റു ചില കുറ്റാന്വേഷണ സിനിമകളില്‍ കാണുന്ന പോലെ ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു ഓടിച്ചു പ്രേക്ഷകരുടെ കണ്ണുകള്‍ വേദനിപ്പിക്കുന്നത് പോലുള്ള ഒരു ഗിമ്മിക്കുകളും ഈ സിനിമയിലല്ല. വിനോദ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് മനോജാണ്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സന്തോഷ്‌ വര്‍മ്മ, ചിറൂര്‍ ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദീപക് ദേവാണ്. "അകലയോ...നീ" എന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതും സിനിമയോട് ഇഴുകിചേര്‍ന്നതുമാണ്. റോമ പാടി അഭിനയിക്കുന്ന പാട്ടും ആ രംഗങ്ങളും ഈ സിനിമയ്ക്ക് ആവശ്യമാല്ലയിരുന്നു. ഒരു കുറ്റാന്വേഷണ സിനിമയിലെ നായകന്‍ വരുമ്പോള്‍ സാധാരണ കേള്‍ക്കാറുള്ള പശ്ചാത്തല സംഗീതമൊന്നും ഈ സിനിമയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും മോശമാക്കാതെ ചില രംഗങ്ങളിലോക്കെ സംഗീതം പകരുവാന്‍ ദീപക് ദേവന്‍ ശ്രമിച്ചിട്ടുണ്ട്. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

അഭിനയം: എബവ് ആവറേജ്
ഏതൊരു കഥാപാത്രവും അനായാസേന അഭിനയിച്ചു ബലിപ്പിക്കാന്‍ കഴിവുള്ള നടനാണ്‌ മോഹന്‍ലാല്‍. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാല്‍ അഭിനയിച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് മോഹന്‍ സംവിധാനം ചെയ്ത മുഖം. സീരിയസ് ആയ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ആ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ആ കഥാപാത്രവുമായി കുറെയേറെ
സമാനതകളുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ ചന്ദ്രശേഖര്‍. എന്നാല്‍ ആ സിനിമയിലെ അഭിനയവും ഈ സിനിമയിലെ അഭിനയവും വളരെ വ്യതസ്തമായാണ് പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടത്‌. അത് തന്നെയാണ് മോഹന്‍ലാല്‍ എന്ന നടന്റെ വിജയവും. മോഹന്‍ലാലിനെ പൂര്‍ണ പിന്തുണ നല്‍ക്കി കൊണ്ട് ജഗതി ശ്രീകുമാറും, പ്രിയാമണയും, അനൂപ്‌ മേനോനും, നരേനും, ബാബു ആന്റണിയും ഒക്കെ മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ഈ സിനിമയില്‍ കാസനോവയിലൂടെ ശ്രദ്ധിക്കപെട്ട അര്‍ജുന്‍ നന്ദകുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാലിന്‍റെ അഭിനയം
2. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനം
3. സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും
4. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
5. വിനോദ് ഇല്ലംപിള്ളിയുടെ ചായാഗ്രഹണം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ
2. സിനിമയുടെ ആദ്യപകുതി
3. കഥയില്‍ പ്രാധാന്യമില്ലാത്ത കഥ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും
4. ആവശ്യമില്ലാത്ത പാട്ടുകള്‍


ഗ്രാന്റ്മാസ്റര്‍ റിവ്യൂ: കഥയിലും അവതരണത്തിലും പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലെങ്കിലും, ഏറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കും ആരാധകര്‍ അല്ലാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന രീതിയില്‍, സസ്പെന്‍സ് രംഗങ്ങളും ത്രില്ലിംഗ് രംഗങ്ങളും കോര്‍ത്തിണക്കി  ഒരുക്കിയ സിനിമയാണ് ബി.ഉണ്ണികൃഷ്ണന്റെ ഗ്രാന്റ്മാസ്റര്‍

ഗ്രാന്റ്മാസ്റര്‍ റേറ്റിംഗ്: 5.60 / 10
കഥ,തിരക്കഥ: 5 / 10 [ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]  
ടോട്ടല്‍: 17 / 30 [5.6 / 10]


രചന, സംവിധാനം: ബി.ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം: റോണി സ്ക്രൂവാല,
സിദ്ധാര്‍ത് റോയ് കപൂര്‍ 
ബാനര്‍: യു.ടി.വി. മോഷന്‍ പിക്ചേഴ്സ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: മനോജ്‌
വരികള്‍: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സന്തോഷ്‌ വര്‍മ്മ, ചിറൂര്‍ ഗോപി
സംഗീതം: ദീപക് ദേവ്
പശ്ചാത്തല സംഗീതം: ദീപക് ദേവ്
സംഘട്ടനം: ദിലീപ് സുബ്ബരായന്‍

വിതരണം: മാക്സ് ലാബ് 

2 comments: