30 Mar 2012

ഔട്ട്‌സൈഡര്‍

ഗൌരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ ഗിരിഷ് ലാല്‍ നിര്‍മ്മിച്ച്‌ പ്രേംലാല്‍ സംവിധാനം ചെയ്ത സിനിമയാണ് ഔട്ട്‌സൈഡര്‍. ആത്മകഥ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്ത സംവിധായകന്‍ പ്രേംലാല്‍, ശ്രീനിവാസനെ നായകനാക്കി അണിയിച്ചൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ഔട്ട്‌സൈഡര്‍. ആത്മകഥ എന്ന സിനിമയിലെ പ്രമേയം കണ്ണിനു കാഴ്ചയില്ലാത്ത ഒരച്ചന്റെയും അമ്മയുടെയും മകളുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണെങ്കില്‍, സ്വന്തം മകളുടെ ജീവന്‍ സംരക്ഷിക്കേണ്ടിവരുന്ന ഒരച്ഛന്റെ കഥയാണ് ഔട്ട്‌സൈഡര്‍ എന്ന സിനിമയുടെത്. ശ്രീനിവാസനെ കൂടാതെ ഇന്ദ്രജിത്ത്, പശുപതി, സായികുമാര്‍, ഗംഗ ബാബു, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത്‌ രവി എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രേംലാല്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. സമീര്‍ ഹക്ക് ചായഗ്രഹണവും, സംജിത് സന്നിവേശവും, സംഗീത് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. 

ബോട്ട് ഡ്രൈവറായി ജോലി ചെയ്തും തയ്യല്‍ക്കട നടത്തിയും കുടുംബം പോറ്റുന്ന ശിവന്‍കുട്ടി ജീവിക്കുന്നത് മകള്‍ മഞ്ജുവിന് വേണ്ടിയാണ്. മഞ്ജുവിന്റെ ഇരട്ട സഹോദരിയുടെ കൊലപാതകത്തിന് ശേഷം ശിവന്‍കുട്ടി ആരെയെല്ലമോ ഭയക്കുന്നു. അയാളുടെ അയല്‍വാസിയും നാട്ടിലെ പ്രധാന റൌഡിയുമായ മുകുന്ദനെയും   ശിവന്കുട്ടിയ്ക്ക് പേടിയായിരുന്നു. പക്ഷെ, മുകുന്ദന്‍ ഒരിക്കല്‍ പോലും ശിവന്‍കുട്ടിയുടെ മകളോട് മോശമായി പെരുമാറുകയോ തെറ്റായ ഉദ്ദേശത്തോടെ അവളോട്‌ സംസരിക്കയോ ചെയ്തിട്ടില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം കൊമ്പന്‍ ലോറന്‍സ് എന്ന കൊലയാളി ശിവന്‍കുട്ടിയെ തേടി നാട്ടിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസും ലോറന്‍സും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അയാളെ ആരോ വെടിവെച്ചു കൊല്ലാന്‍ ശ്രമച്ചതിന്റെ പ്രതികാരമായി അതെ നാട്ടില്‍ വീണ്ടും വരുന്ന ലോറന്‍സിനെ ശിവന്‍കുട്ടിയും ഭയപെടുന്നു. ആരാണ് ലോറന്‍സ്? എന്തിനാണ് ശിവന്‍കുട്ടി എല്ലാവരെയും ഭയപെടുന്നത്? എന്നതാണ് ഈ സിനിമയുടെ കഥയും സസ്പെന്‍സും. ശിവന്കുട്ടിയായി ശ്രീനിവാസനും, മുകുന്ദനായി ഇന്ദ്രജിത്തും, ലോറന്‍സായി പശുപതിയും, മന്ജുവായി ഗംഗയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ആത്മകഥ എന്ന സിനിമയ്ക്ക് ശേഷം പ്രേംലാല്‍ രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രമേയം പുതുമയുള്ളതും ത്രില്ലിങ്ങുമാണ്. മകളുടെ ജീവിന് ആപത്താകുമെന്നു കരുതി ആരെയെക്കയോ ഭയപെട്ടു ജീവിക്കുന്ന ഒരാളിനെ തേടി ഒരു അപരിചിതന്‍ ഒരു ലക്ഷ്യവുമായി വരുന്നു. എന്തിനെയാണ് അയാള്‍ ഭയപെടുന്നത്? ആരാണ് അയാളുടെ ജീവിതത്തിലേക്ക് വരുന്ന ഔട്ട്‌സൈഡര്‍ എന്നതാണ് പ്രേംലാല്‍ ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. കഥയിലുള്ള പുതുമ സിനിമയുടെ കഥസന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളുടെ സ്വഭാവത്തിലും ഇല്ലാത്തത് കൊണ്ടാണ്
പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ത്രില്ലിംഗ് ആയോ കുടുംബ കഥയായോ അനുഭവപെടാഞ്ഞത്. തിരക്കഥയിലുള്ള അപാകതകള്‍ സിനിമയിലുടനീളം വെളിവാകുന്ന തരത്തില്‍ സിനിമ ചിത്രീകരിച്ചതും, സിനിമയുടെ വേഗത നഷ്ടപെടുത്തുന്ന രീതിയില്‍ മുമ്പോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയെ പ്രേക്ഷകരില്‍ നിന്നും അകറ്റി.   
 
സംവിധാനം: ബിലോ ആവറേജ്
ആത്മകഥയും ഔട്ട്‌സൈഡറും തമ്മില്‍ താരതമ്യം ചെയ്യപെടെണ്ട സിനിമകളെങ്കിലും, ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രേംലാല്‍ ആത്മ കഥ എന്ന സിനിമയ്ക്ക് വേണ്ടി പരിശ്രമിച്ചത് പോലെ ഔട്ട്‌സൈഡറിന് വേണ്ടി ശ്രമിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
സംവിധായകന്‍ ഈ സിനിമയെ പൂര്‍ണമായ ത്രില്ലിംഗ് സിനിമ എന്ന രീതിയില്‍ സമീപിചിരുന്നുവേന്ക്കില്‍, ഈ സിനിമയെ ഇതിലും മികച്ച രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. എങ്കിലും സിനിമയിലെ ചില രംഗങ്ങള്‍ മോശമാവാതെ ത്രില്ലിങ്ങായി അനുഭവപെടുകയും ചെയ്തു എന്ന പറയുന്നതില്‍ തെറ്റില്ല. പ്രേംലാല്‍ എന്ന സംവിധായകനില്‍ നിന്നും ആത്മകഥ പോലെ മറ്റൊരു നല്ല സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കേണ്ടി വരും എന്ന് സാരം.

സാങ്കേതികം: ആവറേജ്
മലയോര പ്രദേശങ്ങളിലുള്ള പശ്ചാത്തലങ്ങള്‍ മലയാളി സിനിമ പ്രേമികള്‍ക്ക് എന്നും പ്രിയപെട്ടതാണ്. അങ്ങനെയുള്ളൊരു സ്ഥലത്താണ് പ്രേംലാല്‍ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സമീര്‍ ഹക്ക് പകര്‍ത്തിയ വിഷ്വല്‍സ് ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഈ സിനിമയ്ക്ക് വേണ്ടി സന്നിവേശം നിര്‍വഹിച്ച സംജിതും മോശമാക്കാതെ രംഗങ്ങള്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. സംഗീത് ഈണമിട്ട പാട്ടുകളും നിലവാരം പുലര്‍ത്തിയിട്ടുണ്ട്.  


അഭിനയം: ആവറേജ്
മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന അച്ഛന്‍ കഥാപാത്രം ശിവന്‍കുട്ടിയായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെയ്ക്കുവാന്‍ ശ്രീനിവാസന് സാധിച്ചു. നാട്ടിലെ ചട്ടമ്പിയായി ഇന്ദ്രജിത്തും, ശ്രീനിവാസന്റെ മകളായി പുതുമുഖം ഗംഗയും, ചെറിയ വേഷങ്ങളില്‍ അഭിനയിച്ച സായികുമാറും,
ചെമ്പില്‍ അശോകനും മോശമാക്കിയില്ല. ശക്തമായ കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള പശുപതി ഈ സിനിമയിലെ പ്രകടനത്തിലൂടെ പ്രേക്ഷരെ നിരാശപെടുത്തി. മലയാളിയായ ലോറന്‍സിന്റെ തമിഴ് ശൈലിയിലുള്ള സംഭാഷണവും ചലനങ്ങളും ഭാവാഭിനയവും പശുപതിയില്‍ നിന്നും ആരും പ്രതീക്ഷിക്കാത്തത് കൊണ്ടാവണം പ്രേക്ഷകര്‍ നിരാശപെട്ടത്‌.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം
2. ലോക്കെഷന്‍സ്
3. ശ്രീനിവാസന്‍, ഇന്ദ്രജിത്ത് എന്നിവരുടെ ഭേദപെട്ട അഭിനയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ഇഴങ്ങുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 
2. സംവിധാനം 
3. പ്രവചിക്കനാവുന്ന കഥയും ക്ലൈമാക്സും

ഔട്ട്‌സൈഡര്‍ റിവ്യൂ: പുതുമയുള്ള പ്രമേയം കണ്ടെത്തിയ സംവിധായകന്‍ പ്രേംലാലിന്, ശക്തമായ തിരക്കഥ രചിയ്ക്കുവാനോ നടീനടന്മാര്‍ക്ക് മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍കുവാനോ ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ ഒരുക്കുവാനോ സാധിച്ചില്ല എന്നത് ഈ സിനിമയുടെ പരാജയത്തിന് പ്രധാന കാരണങ്ങളായി.

ഔട്ട്‌സൈഡര്‍ റേറ്റിംഗ്: 3.70 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.7 / 10]   
 
രചന, സംവിധാനം: പ്രേംലാല്‍
നിര്‍മ്മാണം: ഗിരീഷ്‌ ലാല്‍
ബാനര്‍: ഗൌരി മീനാക്ഷി മൂവീസ്
ചായാഗ്രഹണം: സമീര്‍ ഹക്ക്
ചിത്രസന്നിവേശം: സംജിത്
വരികള്‍: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: സംഗീത്

1 comment: