23 Mar 2012

ഓര്‍ഡിനറി

പത്തനംത്തിട്ടയ്ക്കടുത്തുള്ള ഗവി എന്ന മലയോര ഗ്രാമത്തിലെ മനുഷ്യരുടെ കഥയാണ് ഓര്‍ഡിനറി എന്ന ഈ സിനിമയിലൂടെ നവാഗതനായ സംവിധായകന്‍ സുഗീത് പറയുന്നത്. ഗവിയിലേക്ക് ദിവസവും ഒരേയൊരു കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്‌ മാത്രമാണ് ഓടുന്നത്. ആ ബസിലെ ഡ്രൈവര്‍ പാലക്കാട്ടുകാരന്‍ സുകുവും കണ്ടക്ടര്‍ ഇരവികുട്ടന്‍ പിള്ളയും താമസിക്കുന്നത് ഗവിയിലാണ്. ഗവിയിലെ പഞ്ചായത്ത് പ്രസിഡന്റ്റ് വേണുമാഷും, മകള്‍ അന്നയും, കല്യാണിയും, ചായകടക്കാരന്‍ നായരും, ജോസ് മാഷും, പള്ളിയിലെ വികാരിയും, വക്കച്ചനും, മറ്റു നാട്ടുകാരും ഇരവിയെയും സുകുവിനെയും ഏറെ ഇഷ്ടമാണ്. അവര്‍ രണ്ടുപേരും വന്നതിനു ശേഷമാണ് ഗവിയിലെ മനുഷ്യരുടെ ബസ്‌ യാത്ര സുഖകരമായത്. ഒരിക്കല്‍, ഇരവിയുടെയും സുകുവിന്റെയും ബസ്‌ യാത്രക്കിടയില്‍ അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടാകുന്നു. ആ സംഭവത്തിന്‌ ശേഷം ഇരവിയുടെയും സുകുവിന്റെയും ജീവിതം ദുസ്സഹമാകുകയും ഗവിയിലെ നിവാസികളെല്ലാം അവര്‍ക്കെതിരാകുകയും ചെയുന്നു. എന്താണ് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവം എന്നതാണ് ഈ സിനിമയുടെ കഥയിലെ സസ്പെന്‍സ്. ഇരവികുട്ടന്‍ പിള്ളയായി കുഞ്ചാക്കോ ബോബനും സുകുവായി ബിജു മേനോനും വേണു മാഷായി ലാല് അലക്സും അന്നയായി ആന്‍ അഗസ്റ്റിനും കല്യാണിയായി പുതുമുഖം ഷ്രിത ശിവദാസുമാണ് അഭിനയിക്കുന്നത്. 

പുതുമുഖ നിര്‍മ്മാതാവ് രാജീവ്‌ നായരും പുതുമുഖ സംവിധായകന്‍ സുഗീതും പുതുമുഖങ്ങളായ തിരക്കഥകൃത്തുക്കള്‍ നിഷാദും മനു പ്രസാദും ഒരുമിക്കുന്ന ഓര്‍ഡിനറി സിനിമ ചിത്രീകരിച്ചിരിക്കുന്നത് മലയാള സിനിമകളില്‍ ഇന്നുവരെ കാണാത്ത പുതിയൊരു ലോക്കെഷനായ ഗവിയിലാണ്. ഗവിയിലെ അതിസുന്ദരമായ കാഴ്ചകളും പുതുമയുള്ള അവതരണവും ലാളിത്യമാര്‍ന്ന കൊച്ചു കൊച്ചു തമാശകളും സിനിമയുടെ പ്രധാന സവിശേഷതകളാണ്. ഒരുപാട് പുതമകളൊന്നും അവകാശപെടനില്ലാത്ത കഥയാണ് ഈ സിനിമയുടെതെങ്കിലും, സംവിധാന മികവു കൊണ്ടും കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരുടെ അഭിനയ മികവു കൊണ്ടും കഥയുടെ അവതരണത്തിലെ പുതുമ കൊണ്ടും പ്രേക്ഷകരെ ത്രിപ്തിപെടുത്തുന്ന സിനിമയാണ് ഓര്‍ഡിനറി.

കഥ, തിരക്കഥ: എബവ് ആവറേജ് 
സംവിധായകന്‍ സുഗീതിന്റെ കഥയ്ക്ക്‌ നവാഗതരായ നിഷാദ് കെ.കോയയും മനു പ്രസാദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. സിനിമയുടെ ആദ്യപകുതിയിലെ ലളിതമായ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ അവതരണവും കുറെ നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങളുമാണ് ഓര്‍ഡിനറി സിനിമയെ വ്യതസ്തമാക്കുന്നത്. ഒരുപാട് മലയാള സിനിമകളിലൂടെ കേട്ടുപഴകിയ കഥയാണ് ഈ സിനിമയുടേതു എങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ തിരക്കഥകൃത്തുകള്‍ക്ക് സാധിച്ചു. സിനിമയുടെ രണ്ടാം പകുതിയിലേക്ക് കണ്ടക്കുമ്പോള്‍, കഥ ഏതു രീതിയിലാണ് പോകുന്നത് എന്ന് പ്രേക്ഷകര്‍ക്ക്‌ മനസിലാക്കാന്‍ പറ്റും. പതിവ് രീതിയിലുള്ള കഥ സന്ദര്‍ഭങ്ങള്‍ ഒഴുവാക്കി, പുതിയ രീതിയില്‍ കഥ അവസാനിപ്പിച്ചിരുന്നു എങ്കില്‍, പ്രേക്ഷര്‍ക്കു ഈ സിനിമ ഇതിലും മികച്ചതായി അനുഭവപെടുമായിരുന്നു. എന്നിരുന്നാലും സമീപകാലതിറങ്ങിയ സിനിമകളുമായി താരതമ്യം ചെയ്താല്‍ ഓര്‍ഡിനറി പ്രേക്ഷകര്‍ക് ഏറെ ഇഷ്ടമായ സിനിമയാണ്.  
 
സംവിധാനം: ഗുഡ്
കമലിന്റെയും ലാല്‍ ജോസിന്റെയും ശിഷ്യനായ സുഗീത് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഓര്‍ഡിനറി. പുതുമകള്‍ ഒന്നും അവകാശപെടാനില്ലാത്ത ഒരു കഥ, പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിച്ചതാണ് സംവിധായകനെന്ന നിലയില്‍ സുഗീത് ചെയ്ത മികച്ച കാര്യം. നല്ല ലോക്കെഷനുകള്‍ തിരഞ്ഞെടുത്തതും, നല്ല നടീനടന്മാരെ അവര്‍ക്ക് അനിയോജ്യമായ കഥാപാത്രങ്ങള്‍ നല്‍കിയത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. 


സാങ്കേതികം: ഗുഡ്
ഗവി എന്ന മലയോര ഗ്രാമത്തിലെ പുഴകളും മലകളും കാടും മൂടല്‍ മഞ്ഞും അങ്ങനെ കണ്ണിനു കുളിര്‍മ്മയേകുന്ന മനോഹരിതകള്‍ മുഴുവന്‍ ഒപ്പിയെടുത്തു ഓര്‍ഡിനറി എന്ന സിനിമയെ ഒരു എക്സ്ട്രാ ഓര്‍ഡിനറി സിനിമയാക്കുന്നതില്‍ ഫൈസല്‍ അലി എന്ന ചായഗ്രാഹകാന്‍ നല്‍ക്കിയ സംഭാവന വളരെ വലുതാണ്‌. മനോഹരമായ ഈ വിഷ്വല്‍സ് കൂട്ടിയോജിപ്പിച്ച വി.സാജനും മികച്ച രീതിയില്‍ ഈ സിനിമയെ സഹായിച്ചു. രാജീവ്‌ നായര്‍ രചിച്ച വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഈണമിട്ട 4 പാട്ടുകള്‍ ഉണ്ട് ഈ സിനിമയില്‍. "സുന്‍ സുന്‍ സുന്ദരി തുമ്പീ...", "എന്തിനീ മിഴി രണ്ടും" എന്ന് തുടങ്ങുന്ന പാട്ടുകളാണ് ഏറ്റവും മികച്ചു നില്‍ക്കുന്നത്. ഇവരെ കൂടാതെ, ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക വിദഗ്ദ്ധരും മികവുറ്റ രീതിയില്‍ ഈ സിനിമ നല്ലതക്കുവാന്‍ സഹായിച്ചിട്ടുണ്ട്. 
 



അഭിനയം: ഗുഡ്
കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ ബിജു മേനോനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാലക്കാടന്‍ ഭാഷ മനോഹരമായി ഉപയോഗിച്ച് കൊണ്ട് മികച്ച പ്രകടനമാണ് ബിജു മേനോന്‍ കാഴ്ച്ചവെചിരിക്കുന്നത്. ചെറിയ വേഷമാണെങ്കിലും ബാബുരാജ്‌ തിളങ്ങിയ സിനിമയാണ് ഓര്‍ഡിനറി. പുതുമുഖം ഷ്രിത ശിവദാസ്‌ ആണ് ഈ സിനിമയിലെ കുഞ്ചാക്കോ ബോബന്റെ നായികയാവുന്നത്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ കൂടാതെ ലാലു അലക്സ്, ആസിഫ് അലി, ജിഷ്ണു രാഘവന്‍,
രാഘവന്‍, ഹേമന്ദ്, ബാബു രാജ്, ടി.പി.മാധവന്‍, സലിം കുമാര്‍, നാരായണന്‍ കുട്ടി, കൊച്ചുപ്രേമന്‍, ആന്‍ അഗസ്റ്റിന്‍, ഷ്രിത ശിവദാസ്, അംബിക മോഹന്‍, വൈഗ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലിയുടെയും ആന്‍ അഗസ്റ്റിന്റെയും ഒന്ന് രണ്ടു മോശം അഭിനയ രംഗങ്ങള്‍ ഒഴികെ, മറ്റു അഭിനേതാക്കളുടെ പ്രകടനം ഈ സിനിമയെ മികവുറ്റതാക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. സുഗീതിന്റെ സംവിധാനം
2. ഗവി എന്ന അതിസുന്ദരമായ ലോക്കേഷന്‍
3. ബിജു മേനോന്‍, ബാബു രാജ് എന്നിവര്‍ ഒരുക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ 
4. വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍ 
5. ഫൈസല്‍ അലിയുടെ ചായാഗ്രഹണം  


സിനിമയുടെ മൈനസ് പോയിന്റ്സ്
1. പ്രവചിക്കനവുന്ന കഥയും ക്ലൈമാക്സും 
2. ആസിഫ് അലി, ആന്‍ അഗസ്റ്റിന്‍ എന്നിവരുടെ അഭിനയം

3. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
 
ഓര്‍ഡിനറി റിവ്യൂ: കഥയിലെ ലാളിത്യവും, അവതരണത്തിലും കഥാപശ്ചാത്തലത്തിലുമുള്ള പുതുമകളും, കൃത്യതയാര്‍ന്ന സംവിധാനവും, മനോഹരമായ ലോക്കെഷനുകളും ചായഗ്രഹണവും, അഭിനേതാക്കളുടെ മികച്ച പ്രകടനവും ഒക്കെയാണ് ഓര്‍ഡിനറി എന്ന സിനിമയെ ഒരു എക്സ്ട്രാ ഓര്‍ഡിനറി സിനിമയാക്കി മാറ്റിയതിന്റെ പ്രധാന ഘടകങ്ങള്‍.
 
ഓര്‍ഡിനറി റേറ്റിംഗ്: 6.70 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ടോട്ടല്‍: 20 / 30 [6.7 / 10]

കഥ, സംവിധാനം: സുഗീത്
തിരക്കഥ,സംവിധാനം: നിഷാദ് കെ.കോയ, മനു പ്രസാദ്‌
നിര്‍മ്മാണം: രാജീവ് നായര്‍ [മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ്]
ചായഗ്രഹണം: ഫൈസല്‍ അലി
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍:
രാജീവ് നായര്‍
സംഗീതം: വിദ്യാസാഗര്‍ 

1 comment: