14 Feb 2012

ഉന്നം

2011ല്‍ റിലീസ് ചെയ്ത മലയാള സിനിമകളില്‍ ഏറെ ശ്രദ്ധിക്കപെടുകയും പ്രേക്ഷകപ്രീതി നേടി വിജയിക്കുകയും ചെയ്ത സിനിമകളാണ് ട്രാഫിക്കും, സോള്‍ട്ട് ആന്‍ഡ്‌ പെപ്പറും. ഈ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ആസിഫ് അലി, ശ്രീനിവാസന്‍, ലാല്‍ എന്നിവരെ ഒന്നിപ്പിച്ചു കൊണ്ട് സിബി മലയില്‍ അണിയിച്ചൊരുക്കിയ സിനിമയാണ് ഉന്നം. മര്‍ഡര്‍-2 എന്ന ഹിന്ദി സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത മലയാളി പ്രശാന്ത്‌ നാരായണനും ഈ സിനിമയില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. കറന്‍സി എന്ന സിനിമയുടെ സംവിധായകനും മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ എന്ന സിനിമയുടെ തിരക്കഥ രചയ്താവുമായ സ്വാതി ഭാസ്കറാണ് ഉന്നം സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. കുനിയില്‍ പ്രൊഡക്ഷന്സും ആര്‍.ആര്‍ എന്റര്‍ടൈന്‍മെന്റ്സും വേണ്ടി നൗഷാദ്, ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഉന്നം സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അജയന്‍ വിന്‍സെന്റാണ്. ബിജിത്ത് ബാലയാണ് ചിത്രസന്നിവേശം.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൈവേ റോഡില്‍ നിര്‍ത്തിയിട്ടിരുക്കുന്ന ലോറിയില്‍ നിന്നും പോലിസ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണയ്ക്ക് 5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ലഭിക്കുന്നു. ആ മയക്കുമരുന്ന് കച്ചവടം ചെയ്തു പണം സമ്പാദിക്കുവനായി ബാലകൃഷ്ണ അയാളുടെ സുഹൃത്ത്‌ സണ്ണിയെ ഫോണില്‍ വെളിക്കുന്നു. ഭാര്യയുടെ മരണത്തിനു ശേഷം മയക്കുമരുന്ന് കച്ചവടവും കള്ളക്കടത്തുമൊക്കെ ഉപേക്ഷിച്ചു കേരളത്തില്‍ ജീവിക്കുന്ന സണ്ണിയുടെ അവശേഷിക്കുന്ന ഏക ആഗ്രഹം മകനെ പോലെ സ്നേഹിക്കുന്ന അലോഷിയ്ക്ക് നല്ലൊരു ജീവിതം നല്‍ക്കുക എന്നതാണ്. അതിനു വേണ്ടി ഒരിക്കല്‍ക്കൂടി സണ്ണി ബാലകൃഷ്ണയുടെ ആവശ്യപ്രകാരം മയക്കുമരുന്ന് കച്ചവടം ചെയ്തു കൊടുക്കുവാന്‍ തീരുമാനിക്കുന്നു. മയക്കുമരുന്ന കച്ചവടം ചെയ്യുവാന്‍ സണ്ണിയെ സഹായിക്കുന്നതിനായി അയാള്‍ ആലോഷിയെയും, ടോമിയും, മുരുകന്‍ അണ്ണനെയും ബഷീറിനെയും കൂടെ കൂട്ടുന്നു. മയക്കുമരുന്ന് കച്ചവടം ചെയ്തു കിട്ടുന്ന ലാഭം ഇവരെല്ലാം തുല്യമായി വീതിക്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ, സണ്ണിയും ആലോഷിയും മുരുകന്‍ അണ്ണനും, ടോമിയും ബഷീറും ഒരു ലക്ഷ്യത്തിനായി ഒരുമിക്കുന്നു. 

മയക്കുമരുന്ന് കച്ചവടം ചെയ്തു കോടികണക്കിന് പണം സമ്പാദിക്കുക എന്ന ലക്‌ഷ്യം പൂര്‍ത്തികരിക്കുന്നതിനിടയില്‍ അന്ജംഗ സംഘത്തിലെ ഒരുവന്‍ എല്ലാവരെയും കബളിപ്പിച്ചു കൊണ്ട് പണം മുഴുവന്‍ മോഷ്ടിക്കുന്നു. ഈ സംഭവിത്തിനു ശേഷം സണ്ണിയുടെയും ആലോഷിയുടെയും ടോമിയുടെയും മുരുഗന്‍ അണ്ണന്റെയും ബഷീറിന്റെയും ജീവിതം എങ്ങനെയൊക്കെ ആകുന്നു എന്നതാണ് ഈ സിനിമയുടെ കഥ. ആരാണ് അവരെ കബളിപ്പിച്ചത്? എന്തിനാണ് അയാള്‍ അത് ചെയ്തത് എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ബാലകൃഷ്ണയായി ശ്രീനിവാസനും, സണ്ണിയായി ലാലും, ആലോഷിയായി ആസിഫ് അലിയും, ടോമിയായി ഹിന്ദി സിനിമ നടന്‍ പ്രശാന്ത്‌ നാരായണനും, മുരുഗന്‍ അണ്ണനായി നെടുമുടി വേണുവും, ബഷീറായി പുതുമുഖ നടനുമാണ്‌ അഭിനയിച്ചിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
കറന്‍സി എന്ന സിനിമയുടെ രചയ്താവും സംവിധായകനുമായ സ്വാതി ഭാസ്കറിന്റെ രചനയില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ഉന്നം. കറന്‍സി, മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ എന്നീ സിനിമകളാണ് സ്വാതി ഭാസ്കറിന്റെ രചനയിലുള്ള മറ്റു സിനിമകള്‍. കള്ളനോട്ടും ഗൂണ്ട സംഘങ്ങളും പ്രധാന വിഷയമായ കറന്‍സിയ്ക്ക് ശേഷം ഒരു കുടുംബ കഥയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി സ്വാതി ഭാസ്കര്‍ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ മൂന്നാമത് സിനിമയായ ഉന്നം കൈകാര്യം ചെയ്യുന്ന വിഷയം മേല്‍പറഞ്ഞവയില്‍ നിന്നും വ്യതെസ്തമാണ്. ജോണി ഗദ്ദാര്‍ എന്ന ഹിന്ദി സിനിമയുടെ ഔദ്യോഗികമായ റീമേക്കാണ് ഈ സിനിമ. ഏതു മാര്‍ഗത്തിലൂടെയും പണം സമ്പാദിക്കുക എന്ന ആഗ്രഹവുമായി ജീവിക്കുന്ന കുറെ മനുഷ്യരാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നത്. മലയാള സിനിമയില്‍ എന്നുവരെ ആരും പരീക്ഷിക്കാന്‍ തയ്യാറാവാത്ത ഒരു കഥ തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിച്ചതിന് സ്വാതി ഭാസ്കറും സിബി മലയിലും അഭിനന്ദനം അര്‍ഹിക്കുന്നു. ഏതൊരു കഥയാണെങ്കിലും കഴമ്പുള്ള തിരക്കഥയിലെങ്കില്‍ ആ സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകാന്‍ സാധ്യതയില്ല. ഉന്നം സിനിമയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. വ്യതസ്തമായ കഥയാണെങ്കിലും, തിരക്കഥയിലുള്ള അപാകതകള്‍ സിനിമയെ ദോഷകരമായി ബാധിച്ചു. ഉന്നം സിനിമയില്‍ പ്രധാന വഴിത്തിരിവ് ഉണ്ടാകുന്ന ഒരുപാട് രംഗങ്ങളുടെ സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കുന്നു. ത്രില്ലിംഗ് ആയ രംഗങ്ങള്‍ പ്രതീക്ഷിച്ചു സിനിമ കാണുന്ന പ്രേക്ഷരെ നിരാശപെടുത്തുന്ന കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ ഭൂരിഭാഗവും. ഉന്നം സിനിമ പരാജയപെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി തിരക്കഥകൃത്ത് സ്വാതി ഭാസ്കര്‍ തന്നെയാണ്.
  

സംവിധാനം: ആവറേജ്
മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 1980-90കളില്‍ ഒട്ടേറെ കുടുംബ കഥകള്‍ സംവിധാനം ചെയ്ത സിബി മലയിലിന്റെ പുതിയ സിനിമയാണ് ഉന്നം. അപൂര്‍വ രാഗവും വയലിനും ശേഷം ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ ഉന്നവും ഒരു പരീക്ഷണ സിനിമ തന്നെ. ജോണി ഗദ്ദാര്‍ എന്ന ഹിന്ദി സിനിമയിലെ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അതേപടി ഈ സിനിമയില്‍ പകര്‍ത്തിയിരിക്കുന്നു. സിബി മലയിലിനെ പോലെ പരിചയസമ്പത്തുള്ള ഒരു സംവിധായകന് സ്വാതി ഭാസ്കര്‍ എഴുതിയ തിരക്കഥയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് ഈ സിനിമ മോശമാകാന്‍ പ്രധാന കാരണം. 


അതുപോലെ തന്നെ, ഈ സിനിമയിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തതും അവരുടെ അഭിനയവും സിബി മലയില്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. ശ്രീനിവാസനെ പോലെ ഒരു നടനെ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയില്‍ അദേഹത്തിന് സംവിധായകന്‍ നല്കിയിരികുന്നത്. ആസിഫ് അലിയെ പോലെ താരതമ്യേന പുതുമുഖ നടനു കൈകാര്യം ചെയ്യാന്‍ വിഷമമുള്ള കഥാപാത്രമാണ് ഈ സിനിമയിലെ അലോഷി. ഈ പോരായ്മകള്‍ക്ക് ആക്കം കൂട്ടുവാനായി സിബി മലയില്‍ കണ്ടുപിടിച്ച പുതുമുഖ സംഗീത സംവിധായകനാണ് ജോണ്‍. പി.വര്‍ക്കി. ഈ സിനിമയിലെ പാട്ടുകളുടെ വരികള്‍ എന്താണ് എന്ന് മനസിലാക്കണമെങ്കില്‍ ഈ സിനിമ പത്ത് പ്രാവശ്യമെങ്കിലും കാണണം. മേല്പറഞ്ഞ കുറവുകളൊക്കെ ഈ സിനിമയില്‍ ഉണ്ടെങ്കിലും പ്രശാന്ത്‌ നാരായണന്‍ എന്ന ഹിന്ദി നടനെ പ്രേക്ഷകര്‍ക്ക്‌ പരിച്ചയപെടുത്തിയത്തിനു സിബിയ്ക്ക് നന്ദി. മലയാള സിനിമയിലേക്ക് ശക്തനായ ഒരു വില്ലനെ സംഭാവന ചെയ്തിരിക്കുന്ന സംവിധായകന്‍ സിബി മലയില്‍. ഈ സിനിമ രണ്ടു മണിക്കൂര്‍ കണ്ടു മുഴുവിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ സാധിച്ചത് സിബി മലയിലിന്റെ സംവിധാന പാടവം തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല.   

സാങ്കേതികം: എബവ് ആവറേജ്
ഡാം 999 എന്ന സിനിമയ്ക്ക് ശേഷം അജയന്‍ വിന്‍സെന്റ്‌ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് ഉന്നം. മികച്ച വിഷ്വല്‍സ് ഒരുക്കി സിനിമയുടെ കഥാഗതിയില്‍ വേഗത കൊണ്ടുവരാന്‍ ശ്രമിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ, മികച്ച രീതിയില്‍ സെറ്റുകള്‍ ഉണ്ടാക്കി കലാസംവിധാനം നിര്‍വഹിച്ച സമീറ സനീഷും മികവു പുലര്‍ത്തി. സിനിമയുടെ തുടക്കത്തില്‍ കഥാപാത്രങ്ങളെ പരിച്ചയപെടുത്തുന്ന രംഗങ്ങള്‍ മികച്ച രീതിയില്‍ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ബിജിത്ത് ബാലയാണ്. ഈ സിനിമയിലെ പാട്ടുകള്‍ ഒഴികെ മറ്റെല്ലാ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നവരും മോശമാക്കാതെ ഈ സിനിമയ്ക്ക് വേണ്ടി ജോലികള്‍ ചെയ്ത്തിട്ടുണ്ട്.
 

അഭിനയം: ആവറേജ്
മലയാള സിനിമയിലെ കഴിവുള്ള നടന്മാരായ നെടുമുടി വേണുവും, ശ്രീനിവാസനും, ലാലും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചു. പക്ഷെ ശ്രീനിവാസനെയോ നെടുമുടിയിനെയോ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളാണ് ഇരുവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ
സിനിമയിലെ നായകതുല്യമായ വേഷം അഭിനയിച്ചിരിക്കുന്ന ആസിഫ് അലിയും നിരാശപെടുത്തി. ഹിന്ദി സിനിമയിലെ വില്ലന്‍ പ്രശാന്ത്‌ നാരായണന്‍ ആദ്യ മലയാള സിനിമയാണ് ഉന്നം. പ്രശാന്തിന്റെ ഭാവങ്ങളും ഹിന്ദി ഭാഷ കലര്‍ന്ന മലയാള ഉച്ചാരണവും ഒരു വില്ലന്റെ രൂപഭാവം നല്‍ക്കുന്നു. ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് പ്രശാന്ത് നാരായണനാണ്. ആസിഫ് അലി, ലാല്‍, ശ്രീനിവാസന്‍, പ്രശാന്ത്‌ നാരായണന്‍, നെടുമുടി വേണു, രാജേഷ്‌ ഹെബ്ബാര്‍, ചെമ്പില്‍ അശോകന്‍, ശശി കലിംഗ, കലാഭവന്‍ ഷാജോണ്‍, മനു നായര്‍, റീമ കല്ലിങ്ങല്‍, ശ്വേത മേനോന്‍, കെ.പി.എ.സി.ലളിത, ചിത്ര അയ്യര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പുതുമയുള്ള കഥ
2. പ്രശാന്ത്‌ നാരായണന്‍, ലാല്‍ എന്നിവരുടെ അഭിനയം
3. അതിയശ്യോക്തി ഇല്ലാത്ത രംഗങ്ങള്‍
4. അജയന്‍ വിന്‍സെന്റ് ഒരുക്കിയ ഫ്രെയിമുകള്‍, സമീറ സനീഷിന്റെ കലാസംവിധാനം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സ്വാതി ഭാസ്കര്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍
2. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
3. ആസിഫ് അലി, ശ്രീനിവാസന്‍ എന്നിവര്‍ക്ക് അനിയോജ്യമ
ല്ലാത്ത കഥാപാത്രങ്ങള്‍
4. കഥയില്‍ യാതൊരു ആവശ്യവുമില്ലാത്ത പാട്ടുകള്‍
5. പാട്ടിന്റെ വരികള്‍, സംഗീത സംവിധാനം
 


ഉന്നം റിവ്യൂ: മലയാളി സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പോലെയുള്ള പുതുമ നിറഞ്ഞ കഥയാണ് ഈ സിനിമയുടെതെങ്കിലും, ആ കഥയ്ക്ക്‌ അനിയോജ്യമല്ലാത്തതും അവിശ്വസനീയവുമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയ തിരക്കഥകൃത്ത് സ്വാതി ഭാസ്കറിനും, സസ്പെന്‍സ് ഇല്ലാത്ത കഥാഗതിയും ത്രില്ലടിപ്പിക്കാത്ത രംഗങ്ങളും ചിത്രീകരിച്ച സംവിധായകന്‍ സിബി മലയിലിനും ഉന്നം പിഴച്ചു.

ഉന്നം റേറ്റിംഗ്: 4.50 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 13.5 / 30 [4.5 / 10]


സംവിധാനം: സിബി മലയില്‍
നിര്‍മ്മാണം: നൗഷാദ്, ബഷീര്‍
കഥ, തിരക്കഥ, സംഭാഷണം: സ്വാതി ഭാസ്കര്‍
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: ബിജിത്ത് ബാല
വരികള്‍: റഫീക്ക് അഹമീദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ജോണ് പി.വര്‍ക്കി
സംഘട്ടനം: മാഫിയ ശശി
വസ്ത്രാലങ്കാരം: സമീറ സനീഷ്

3 comments:

 1. unnam is another disappointment in 2012. as the reviewer of this blog said, the casting is bad with a below average script by swathy baskar. Good review!

  ReplyDelete
 2. good movie from siby

  ReplyDelete
 3. അസിഫ് അലി അഭിനയത്തില്‍ വേണ്ട മികവു പുലര്‍ത്തിയില്ല. അതെ സമയം ടോമി എന്ന കഥാപാത്രവുമായി വന്ന പ്രശാന്ത്‌ നാരായന്‍ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ആദ്യം കാണുമ്പോള്‍ മോശം അഭിനയം എന്ന് തോന്നി പോകുമെങ്കിലും , പിന്നെടങ്ങോട്ടുള്ള രംഗങ്ങളില്‍ പ്രശാന്ത്‌ തന്‍റെ വേഷം സിനിമയില്‍ അര്‍ത്ഥവത്താക്കി. ബാക്കിയുള്ള നടീ നടന്മാരും നീതി പുലര്‍ത്തി. മറ്റൊരു ഭാഷയില്‍ നിന്ന് കടമെടുത്ത ഒരു സിനിമ ചെയ്യുമ്പോള്‍ , സംവിധായകന്‍ തന്റേതായ രീതിയില്‍ ഒരു പുതുമയും ഈ സിനിമയില്‍ കൊണ്ട് വന്നില്ല എന്നത് സിനിമയ്ക്കു ചില പോരായ്മകള്‍ സൃഷ്ടിച്ചു. ക്ലൈമാക്സ്‌ പെട്ടെന്ന് എന്തൊക്കെയോ കാണിച്ചു കൊണ്ട് അവസാനിപ്പിചില്ലായിരുന്നെകില്‍ ഈ സിനിമ ഒന്ന് കൂടി മികവുറ്റ താക്കാമായിരുന്നു
  ഉന്നം- വേണ്ട പോലെ പ്രയോഗിച്ചില്ല

  ReplyDelete