12 Jan 2012

അസുരവിത്ത്

കൊച്ചി നഗരത്തിലെ ഗുണ്ട സംഘങ്ങളുടെ കഥ പറഞ്ഞ സ്റ്റോപ്പ്‌ വയലന്‍സ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എ.കെ.സാജന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത അസുരവിത്ത്‌. സ്റ്റോപ്പ്‌ വയലന്‍സ്സില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച സാത്താന്റെ മകന്‍ ഡോണ്‍ ബോസ്കോയായിട്ടാണ് ആസിഫ് അലി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ അമ്മ ഉപേക്ഷിച്ച ഡോണ്‍ ബോസ്കോ വളര്‍ന്നത്‌ പള്ളിയിലെ അനാഥമന്ദിരത്തിലാണ്. അപ്പന്റെ പഴയകാല കഥകളൊന്നും അറിയാത്ത മകന്‍ ഡോണ്‍ ബോസ്കോ ഒരിക്കല്‍ ഒരു കൊലപാതകം കാണുകയും അതിന്റെ പിന്നിലെ ശക്തികള്‍ ആരാണ് എന്നറിയുകയും ചെയ്യുന്നു. സ്റ്റോപ്പ്‌ വയലന്സിലെ സ്ടീഫെന്‍ പോലീസിന്റെ അപ്പന്‍ അബ്ബയാണ് ഇന്ന് കൊച്ചി നഗരം ഭരിക്കുന്ന പ്രധാന ഗുണ്ടത്തലവന്‍. അബ്ബ ആരാണ് എന്നറിയുന്ന ഡോണ്‍ ബോസ്കോ, അവന്റെ അപ്പന്‍ സാത്താനെ കുറിച്ച് അറിയുകയും സാത്താനെ കൊന്നയാളിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഡോണ്‍ ബോസ്കോ കൊച്ചി നഗരത്തിലെ ഡോണ്‍ ആകുകയും സാത്താന്റെ കൊലയാളികളെ വകവരുത്തുവാന്‍ തീരുമാനമെടുത്തു പോരാടുകയും ചെയ്യുന്നതാണ് അസുരവിത്ത്‌ സിനിമയുടെ കഥ.ഷാജി താണപറമ്പിലാണ് അസുരവിത്ത്‌ നിര്‍മ്മിച്ചിരിക്കുന്നത്.
 
കഥ, തിരക്കഥ: മോശം
സംവിധായകനായ എ.കെ.സാജന്‍ തന്നെയാണ് അസുരവിത്ത്‌ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. എ.കെ.സാജന്റെ ഒട്ടുമിക്ക എല്ലാ സിനിമകളുടെയും പ്രമേയം ആക്ഷന്‍ തന്നെയാണ്. 1993
ല്‍ മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്ലൈസ് ആണ് എ.കെ സാജന്‍ ആദ്യമായി എഴുതിയ തിരക്കഥ. പിന്നീട്, ഒന്ന് രണ്ടു നര്‍മ്മ പ്രാധാന്യമുള്ള സിനിമകള്‍ രചിച്ചതിന് ശേഷം 1994ല്‍ സുരേഷ് ഗോപിയെ നായകനാക്കി രാജിവ് അഞ്ചലിന്റെ കാശ്മീരം, 97ല്‍ കെ.മധു സംവിധാനം ചെയ്ത ജനാധിപത്യം എന്നീ സിനിമകളുടെ തിരക്കഥ രചന നിര്‍വഹിക്കുന്നത്. ഇതേ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സ്റ്റോപ്പ്‌ വയലന്‍സും, ചിന്താമണി കൊലകേസും വിജയിച്ച ശേഷം എ.കെ.സാജന്‍ പിന്നീട് ആക്ഷന്‍ തിരക്കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. മേല്പറഞ്ഞ എല്ലാ സിനിമകളിലും നമ്മള്‍ കണ്ടിട്ടുള്ള കൊലപാതകങ്ങളും, അടിയും ഇടിയും, നായകന്റെ പഞ്ച് ഡയലോഗുകളും വേഗത കുറഞ്ഞുള്ള നടത്തവും അങ്ങനെയുള്ള സ്ഥിരം കാഴ്ചകള്‍ തന്നെയാണ് അസുരവിത്തിലും കാണിക്കുന്നത്. ദ്രോണയുടെയും, റെഡ് ചില്ലിസിന്റെയും പരാജയം ഉള്‍കൊണ്ടിട്ടും എ.കെ.സാജന്‍ പതിവ് രീതി മാറ്റി ചിന്തിക്കാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അസുരവിത്ത്‌ എന്ന ലേബല്‍ ഒട്ടിച്ചു വിതരണം ചെയ്തതെന്തിനാണാവോ?

സംവിധാനം: മോശം
മോഹന്‍ലാലിന്റെ റെഡ് ചില്ലീസ്, മമ്മൂട്ടിയുടെ ദ്രോണ 2010 എന്നീ സിനിമകള്‍ക്ക്‌ തിരക്കഥകള്‍ രചിച്ച എ.കെ.സാജന്‍ സ്വന്തന്ത്ര സംവിധായകനായി ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണ് അസുരവിത്ത്‌. പ്രിഥ്വിരാജ് അഭിനയിച്ച സ്റ്റോപ്പ്‌ വയലന്‍സ്, സുരേഷ് ഗോപി നായകനായ ലങ്ക എന്നീ സിനിമകളാണ് എ.കെ.സാജന്റെ മുന്‍കാല സംവിധാന സംരംഭങ്ങള്‍. മേല്പറഞ്ഞ എല്ലാ സിനിമകളുടേയും പ്രധാന വിഷയം ആക്ഷനും നായകന്‍മാരുടെ ഹീറോയിസവുമാണ്. അതെ ഗണത്തില്‍പെടുന്ന സിനിമാതന്നെയാണ് അസുരവിത്തും. ഒരായിരം പ്രാവശ്യം കണ്ടുമടുത്ത കഥയാണ് ഈ സിനിമയുടെത്. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെന്ക്കിലും അപായപെടുത്തം. പോലീസോ, നാട്ടുകാരോ ആരും ഒന്നും മിണ്ടുന്നില്ല. ഇങ്ങനയോക്കെയാണോ ഇന്നത്തെ കൊച്ചി എന്ന് പ്രേക്ഷകന് തോന്നിപോകുന്നതില്‍ തെറ്റുപറയാനാകുകയില്ല. പരിതാപകരമായ എഴുതപെട്ട ഈ സിനിമയുടെ തിരക്കഥ ഒരു രീതിയിലും നല്ലതാക്കുവാന്‍ ഒരു സംവിധായകനും സാധിക്കുകയില്ല.

സാങ്കേതികം: ആവറേജ്
വിഷ്ണു നമ്പൂതിരിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടവിധത്തില്‍ ക്യാമറ ചലിപ്പിച്ചു ദ്രിശ്യങ്ങള്‍ എടുക്കുന്നതില്‍ ഒരുപരുധി വരെ വിഷ്ണു വിജയിച്ചിട്ടുണ്ട്. വിഷ്ണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് രണ്ജിതാണ്. ഇരുവരും ചേര്‍ന്ന അസുരവിത്ത്‌ എന്ന സിനിമ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ പരുവത്തിലുള്ള സിനിമയാക്കുവാന്‍ സാജനെ സഹായിച്ചിട്ടുണ്ട്. പാട്ടുകള്‍ക്ക് പ്രാധാന്യമില്ലാത്ത ഈ സിനിമയുടെ പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ്. അല്‍ഫോണ്സും രാജേഷും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗോവിന്ദ് മേനോനാണ് ഈ സിനിമയ്ക്ക് വേണ്ടി എന്തക്കയോ കുറെ ശബ്ദകോലാഹലങ്ങള്‍ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ഏറ്റവും പരിചയ സമ്പന്നനായ ത്യാഗരാജനാണ് സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അഭിനയം:ആവറേജ്
ട്രാഫിക്‌, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ സിനിമകളിലൂടെ
പ്രേക്ഷകപ്രീതി നേടിയ ആസിഫ് അലിയ്ക്ക്, അസുരവിത്ത്‌ എന്ന ഈ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. സിനിമയുടെ ആദ്യപകുതിയില്‍ സെമിനാരിയില്‍ പഠിക്കുന്ന പാവം ഡോണ്‍ ബോസ്കോ ആയി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ആസിഫ്, സിനിമയുടെ രണ്ടാം പകുതിയില്‍ ആക്ഷന്‍ ഹീറോ ആയ ഡോണ്‍ ആയി അഭിനയിച്ചപ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ ചിരിയാണ് വന്നത്. ഈ സിനിമയില്‍ ഭേദപെട്ട അഭിനയം കാഴ്ചവെച്ചത് സംവൃത സുനില്‍, ലെന, ബാബു രാജ് എന്നിവര്‍ മാത്രമാണ്. ആസിഫ് അലി, വിജയരാഘവന്‍, സിദ്ദിക്ക്, ബാബു രാജ്, അനില്‍ മുരളി, കലാശാല ബാബു, ഐ.എം.വിജയന്‍, ഹരിശ്രീ അശോകന്‍, ഗണപതി, ജിയ ഇറാനി, സംവൃത സുനില്‍, ലെന, രേഖ, അപര്‍ണ്ണ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. സീനിയര്‍ താരങ്ങളുടെ ഭേദപെട്ട അഭിനയം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. മുന്‍കാല ഡോണ്‍ / ആക്ഷന്‍ സിനിമകളില്‍ കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍
2. ഒരു രംഗം പോലും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകരുത്‌ എന്ന് രീതിയിലുള്ള
സംവിധാന ശൈലി
3. എ.കെ.സാജന്റെ തിരക്കഥ രചന.
4. സിനിമയുടെ രണ്ടാം പകുതിയിലെ ആസിഫ് അലിയുടെ അഭിനയം

അസുരവിത്ത്‌ റിവ്യൂ: കുറെ കൊലപാതക രംഗങ്ങള്‍ ഉള്‍പെടുത്തിയാല്‍ വയലന്‍സ് സിനിമയാകുകയില്ലെന്നും, തോക്ക് കൈയ്യില്‍ കൊടുത്തിട്ട് നായകനെ പതുക്കെ നടത്തിച്ചാല്‍ ഹീറോയിസം ആകുകയില്ലെന്നും, സാങ്കേതിക സഹായത്തോടെ രംഗങ്ങള്‍ വേഗതയോടെ കാണിച്ചാല്‍ ത്രില്ലര്‍ ആകുകയിലെന്നും സംവിധായകന്‍ എ.കെ.സാജന്‍ മനസ്സിലാക്കിയാല്‍ നന്നായിരിക്കും    

അസുരവിത്ത്‌ റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1 /10 [മോശം]
സംവിധാനം:
1 /10 [മോശം]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]

രചന, സംവിധാനം: എ.കെ.സാജന്‍
നിര്‍മ്മാണം: ഷാജി താണപറമ്പില്‍
ചായാഗ്രഹണം: വിഷ്ണു നമ്പൂതിരി
ചിത്രസന്നിവേശം: രഞ്ജിത്ത് ടച്ച്‌ റിവര്‍
വരികള്‍: കൈതപ്രം, റഫീക്ക് അഹമ്മദ്
സംഗീതം: അല്‍ഫോണ്സ്, രാജേഷ്‌ മോഹന്‍
പശ്ചാത്തല സംഗീതം:ഗോവിന്ദ് മേനോന്‍
സംഘട്ടണം: ത്യാഗരാജന്‍

2 comments:

  1. ജെയ്മി.18 January 2012 at 05:55

    പ്രിയപ്പെട്ട നിരൂപകനോട്,സൌണ്ട് ഓഫ് ബൂട്ടിന്റെ തിരക്കഥ എഴുതിയത് എ.കെ സാജന്‍ അല്ല .രാജേഷ്‌ ജയരാമന്‍ ആണ്.പിന്നെ എ.കെ സാജനും,എ.കെ സന്തോഷും കൂടി ചേര്‍ന്ന് തിരക്കഥ രചിച്ച ഹിറ്റ്‌ സിനിമ ആയിരുന്നു ക്രൈം ഫയല്‍.എ.കെ സാജന്‍ തിരക്കഥ രചിച്ചു വിജയം കണ്ട കെ.മധുവിന്റെ ചിത്രമായിരുന്നു'നാദിയ കൊല്ലപ്പെട്ട രാത്രി"

    ReplyDelete
  2. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും, തെറ്റുകള്‍ ചൂണ്ടികാണിച്ചതിനും നന്ദി! തുടര്‍ന്നും നിരൂപണം വായിക്കുക...

    ReplyDelete