26 Jan 2012

സ്പാനിഷ്‌ മസാല

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജനപ്രിയ നായകന്‍ ദിലീപും സിനിമ പ്രേമികളുടെ പ്രിയ സംവിധായകന്‍ ലാല്‍ ജോസും ഒന്നിക്കുന്ന സിനിമയാണ് സ്പാനിഷ്‌ മസാല. ബിഗ്‌ സ്ക്രീന്‍ സിനിമയുടെ ബാനറില്‍ നൌഷാദ് നിര്‍മ്മിച്ച സ്പാനിഷ്‌ മസാല പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് സ്പൈനിലാണ്‌. സ്പൈന്‍ നഗരത്തിലെ കാളപോരും, തക്കാളിയെറും ഈ സിനിമയിലെ കഥയുടെ പ്രധാനപെട്ട വഴിത്തിരിവാകുന്ന സംഭവങ്ങളുടെ പശ്ചാത്തലമാകുന്നുണ്ട്‌. സ്പെയിനില്‍ വെച്ച് ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് സ്പാനിഷ്‌ മസാല. പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാവിധ രസക്കൂട്ടുകളും ചേര്‍ത്തു ലാല്‍ ജോസ് ഒരുക്കിയ ഒരു ത്രിഗോണ പ്രണയകഥയാണ് ഈ സിനിമയുടെ പ്രമേയം. കല്യാണരാമന് ശേഷം ദിലീപും, കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ഈ സിനിമയില്‍ ഓസ്ട്രിയന്‍ വനിത ഡാനിയേല കേചെരിയാണ്‌ നായികയാകുന്നത്. ഇവരെ കൂടാതെ ബിജു മേനോന്‍, നെല്‍സണ്‍, വിനയപ്രസാദ് എന്നിവരും കുറെ സ്പാനിഷ്‌ താരങ്ങളുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

മിമിക്രി കലാകാരന്മാരുടെ സംഘത്തോടൊപ്പം മിമിക്രി കലാകാരനായ ചാര്‍ളി സ്പൈനിലെത്തുന്നു. സ്പെയിനില്‍ ജോലി ചെയ്യുവാനുള്ള വിസയോ നല്ല വിദ്യഭാസമോ ഇല്ലാത്ത ചാര്‍ളി മിമിക്രി സംഘത്തില്‍ നിന്ന് ഒളിച്ചോടി ഒരു മലയാളിയുടെ ഹോട്ടലില്‍ പാച്ചകകാരനായി ജോലി ചെയ്യുന്നതിനിടയിലാണ് കണ്ണിനു കാഴ്ച്ചയില്ലത്ത കഥാനായിക കമീലയെ പരിച്ചയപെടുന്നത്. ചാര്‍ളി ഉണ്ടാക്കിയ സ്പാനിഷ്‌ മസാല എന്ന ഭക്ഷണം ഏറെ ഇഷ്ടമാകുന്ന കമീലയുടെ മാനേജര്‍ മേനോന്‍ ചാര്‍ളിയെ കമീലയുടെ വീട്ടിലെ പച്ചകകാരനായി നിയമിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ രാജ്യങ്ങളിലുള്ള സ്പൈന്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കമീലയുടെ അച്ഛന്‍. അമ്മയില്ലാത്ത കമീലയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മലയാളിയായ ഒരു ആയയാണ്. അവരില്‍ നിന്നും മലയാളം ഭാഷയും പാട്ടുകളും മലയാളികളുടെ സംസ്കാരവും അറിയാവുന്ന കമീലയ്ക്ക് മലയാളികളോടെ ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ശബ്ദം അനുകരിക്കുകയും ഒരുപാട് തമാശകള്‍ പറയുകയും ചെയ്യുന്ന ചാര്‍ളിയോടും കമീലയ്ക്ക് ഒരു പ്രത്യേക അടുപ്പം തോന്നിയിരിന്നു. 

അങ്ങനെയിരിക്കെയാണ് കമീലയും അവളുടെ അച്ഛനും തമ്മില്‍ വഴക്കാണെന്നും, കമീലയുടെ കാമുകന്‍ രാഹുലിന്റെ മരണത്തിനു ശേഷമാണ് അവള്‍ അച്ഛനുമായി വഴക്കിലായത്തെന്നും, കമീലയുടെ കാഴ്ച നഷ്ടപെട്ടത് ഒരു അപകടത്തിനു ശേഷമാണെന്നും ചാര്‍ളി അറിയുന്നത്. കമീലയുടെയും അച്ഛന്റെയും വഴക്ക് തീര്‍ക്കുന്ന ചാര്‍ളി ഇരുവരുടെയും പ്രിയപ്പെട്ടവനായി മാറുന്നു. കുറെ നാളത്തെ സങ്കടങ്ങള്‍ക്കൊടുവില്‍ കമീലയും കമീലയുടെ അച്ഛനും സന്തോഷമായിരിക്കവെയാണ് അവരുടെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നത്. എന്താണ് അവരുടെ ജീവിതത്തില്‍ ഉണ്ടായതു എന്നതാണ് ഈ സിനിമയുടെ കഥ. ചാര്‍ളിയായി ദിലീപും, രാഹുലായി കുഞ്ചാക്കോ ബോബനും, കമീലയായി ഡാനിയെലയും, മേനോനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു.
 
കഥ-തിരക്കഥ: ആവറേജ്
2005ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ടിനു ശേഷം ബെന്നി പി.നായരമ്പലം-ലാല്‍ ജോസ്-ദിലീപ് എന്നിവര്‍ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമായാണ് സ്പാനിഷ്‌ മസാല പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്. ദിലീപിന് വേണ്ടി ബെന്നി പി.നായരമ്പലം എഴുതിയ മുന്‍കാല സിനിമകളില്‍ നിന്നും വ്യതസ്ഥമാകണമെന്നു കരുതിയാവാം സ്പാനിഷ്‌ മസാലയ്ക്ക് വേണ്ടി വിദേശത്തു വെച്ച് നടക്കുന്ന ഒരു പ്രണയകഥ തിരഞ്ഞെടുത്തത്. മലയാള സിനിമകളിലും അന്യഭാഷാ സിനിമകളിലും പ്രേക്ഷകര്‍ കണ്ടുമടുത്തിട്ടുള്ള കഥയാണ് ഈ സിനിമയുടെത്. ദിലീപിന്റെ സംഭാഷണങ്ങളിലുള്ള നര്‍മ്മവും, നെല്‍സണ്‍ ചെയ്യുന്ന പപ്പന്‍ എന്ന കഥാപാത്രം എഴുതുന്ന പുസ്തകങ്ങളുടെ പേരുകളും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നവയാണ്. രസകരമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന തിരക്കഥയും സംഭാഷണങ്ങളിലുള്ള നര്‍മ്മവും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നു എങ്കിലും, തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന്‍ ഏതൊരു പ്രേക്ഷകനും എളുപത്തില്‍ പ്രവചിക്കനാകും. ഏതൊരു കഥയും മികച്ച അവതരണത്തിലൂടെ മികവുറ്റതാക്കാന്‍ കഴിവുള്ള ഒരു സംവിധായകനായ ലാല്‍ ജോസിനു പോലും സ്പാനിഷ്‌ മാസലയെ വ്യതസ്ഥമാക്കുവാന്‍ സാധിക്കാഞ്ഞത് പുതുമയില്ലാത്ത കഥയും കണ്ടുമടുത്ത കഥാഗതിയും തന്നെ.മുന്‍കാല ബെന്നിയുടെ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പാനിഷ്‌ മസാലയുടെ തിരക്കഥ മോശമാണെങ്കിലും, ഒരു ശരാശരി നിലവാരം പുലര്‍ത്തുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല.

സംവിധാനം: എബവ് ആവറേജ് 
കേരളത്തിലെ ഗ്രാമത്തില്‍ നടക്കുന്ന കഥയാണെങ്കിലും വിദേശത്തു വെച്ച് നടക്കുന്ന കഥയാണെങ്കിലും, ആ സിനിമയിലെല്ലാം ഒരു ലാല്‍ ജോസ് കൈയൊപ്പ്‌ പതിഞ്ഞുകിടക്കുനുണ്ടാവും. സ്പാനിഷ്‌ മസാലയില്‍ നഷ്ടമായത് പ്രേക്ഷകര്‍ ഇഷ്ടപെടുന്ന ആ ലാല്‍ ജോസ് കൈയൊപ്പാണ്. അതിന്റെ പ്രധാന കാരണം ബെന്നി എഴുതിയ പുതുമയില്ലാത്ത കഥയും തിരക്കഥയുമാണ്‌. സ്പൈന്‍ രാജ്യത്തിലെ വര്‍ണ്ണശബളമായ നിരവധി കാഴ്ചകളും, ലോക്കെഷനുകളും, വലിയ കൊട്ടാരങ്ങളും ഈ സിനിമയിലൂടെയാണ് ആദ്യമായി പ്രേക്ഷര്‍ക്കു കാണുവാന്‍ സാധിച്ചത്. നല്ല ലൊക്കേഷനുകളില്‍ വെച്ച് ചിത്രീകരിച്ചത് കൊണ്ട് സിനിമയുടെ തിരക്കഥയിലുള്ള പോരായ്മകള്‍ ഒരുപരുധി വരെ കുറയ്ക്കുനുണ്ട്. എന്നിരുന്നാലും മീശമാധവനിലും, മറവത്തൂര്‍ കനവിലും, എല്‍സമ്മ എന്ന ആണ്‍കുട്ടിയിലും, അറബികഥയിലുമൊക്കെ പ്രേക്ഷകര്‍ ആസ്വദിച്ച ലാല്‍ ജോസ് മാജിക്‌ ഈ സിനിമയില്ല. ദിലീപ്-ലാല്‍ ജോസ് സിനിമ എന്ന പ്രതീക്ഷയുമായി സിനിമ കാണാതിരുന്നാല്‍ ഒരുപക്ഷെ ഈ സിനിമ പ്രേക്ഷകരെ രസിപ്പിചെക്കാം. 


സാങ്കേതികം: എബവ് ആവറേജ് 
സ്പൈന്‍ രാജ്യത്തിലെ മനോഹാരിത മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയത് ചായാഗ്രാഹകന്‍ ലോകനാഥനാണ്. പ്രണയ രംഗങ്ങളുടെ ചിത്രീകരണവും പാട്ടുകളുടെ ലോക്കെഷന്സും സ്പാനിഷ്‌ മസാലയുടെ പ്രധാന സവിശേഷതകളാണ്. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസംയോജകന്‍ രഞ്ജന്‍ എബ്രഹാമാണ് ഈ സിനിമയ്ക്ക് വേണ്ടി സന്നിവേശം ചെയ്തിരിക്കുന്നത്. വേണുഗോപാല്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് വിദ്യാസാഗറാണ്. ലാല്‍ ജോസ് സിനിമകളെ മികവുറ്റതാക്കുന്നതില്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് വിദ്യസാഗറിന്റെ പാട്ടുകള്‍. 4 പാട്ടുകളുള്ള  സ്പാനിഷ്‌ മസാലയില്‍ "ആരെഴുതി ആവോ..." എന്ന്‍ തുടങ്ങുന്ന പാട്ടാണ് മികച്ചു നില്‍ക്കുന്നത്. കരിമിഴികുരുവിയും, അനുരാഗ വിലചോനനനായും പ്രേക്ഷകരെ രസിപ്പിച്ച വിദ്യസാഗര്‍ ഈണമിട്ട ഈ സിനിമയിലെ പാട്ടുകള്‍ക്ക് ശരാശരി നിലവാരമേയുള്ളൂ. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആര്‍.വേണുഗോപാല്‍ എഴുതിയ വരികളും വിദ്യാസാഗറിന്റെ ഈണങ്ങളും യോജിച്ചുപോകാത്തത് പോലെ അനുഭവപെട്ടു.
   
അഭിനയം: എബവ് ആവറേജ്
ഒരു ദിലീപ് സിനിമയില്‍ ഇതാദ്യമായിട്ടാണ് ഒരു വിദേശ നടി നായികയാകുന്നത്. ഈ ഓസ്ട്രിയന്‍ സുന്ദരി ഡാനിയേലയുടെ മലയാള ഉച്ചാരണം മോശമാക്കതിരുന്നത് സംവിധായകന്റെ കഴിവ് തന്നെ. അതുപോലെ തന്നെ, പ്രേക്ഷകര്‍ കണ്ടുമടുത്ത ഹാസ്യതാരങ്ങളെ വെച്ച് അഭിനയിപ്പിക്കാതെ, നെല്‍സണ്‍ എന്ന പുതുമുഖത്തിനു അവസരം നല്കിയതും നന്നായി. ആ അവസരം നെല്‍സണ്‍ നന്നായി ഉപയോഗിച്ച് മികച്ചൊരു പ്രകടനം കാഴവെചിട്ടുണ്ട് ഈ സിനിമയില്‍. ദിലീപും, ബിജു മേനോനും, കുഞ്ചാക്കോ ബോബനും അവരവരുടെ കഥാപാത്രങ്ങള്‍ ബോറാക്കാതെ അവതരിപ്പിച്ചു. വിനയപ്രസാദ്, കലാരഞ്ജിനി എന്നിവരെ കൂടാതെ കുറെ സ്പാനിഷ്‌ അഭിനെത്താക്കളും ഈ സിനിമയിലുണ്ട്. 


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 ദിലീപ്
2 ലൊക്കേഷന്‍സ്
3 നെല്‍സണ്‍ എന്ന പുതുമുഖ ഹാസ്യതാരം
4 ദിലീപ്-നെല്‍സണ്‍ ടീമിന്റെ തമാശകള്‍
4 പാട്ടുകളുടെ ചിത്രീകരണം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1 സിനിമയുടെ മൂലകഥ
2 പ്രവചിക്കനാവുന്ന കഥാഗതിയും കഥാപാത്രങ്ങളും
3 ബെന്നി പി.നായരമ്പലം എഴുതിയ തിരക്കഥ


സ്പാനിഷ്‌ മസാല റിവ്യൂ: പ്രവചിക്കനാവുന്ന കഥയും ക്ലൈമാക്സും സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും, ദിലീപിന്റെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ത്രിപ്തിപെടുത്തും ദിലീപ്-ലാല്‍ ജോസ് ടീമിന്റെ സ്പാനിഷ്‌ മസാല.

സ്പാനിഷ്‌ മസാല റേറ്റിംഗ്: 5.70 / 10
കഥ-തിരക്കഥ: 5 / 10 [ ആവറേജ്]
സംവിധാനം: 6 / 10 [
എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം:
3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 17 / 30 [5.7 / 10]


സംവിധാനം: ലാല്‍ ജോസ്
നിര്‍മ്മാണം: നൌഷാദ് ബിഗ്‌ സ്ക്രീന്‍ മുവീസ്
കഥ,തിരക്കഥ,സംഭാഷണം: ബെന്നി പി.നായരമ്പലം
ചായാഗ്രഹണം: ലോകനാഥന്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: വേണുഗോപാല്‍
സംഗീതം:വിദ്യാസാഗര്‍

No comments:

Post a Comment