26 Jun 2011

ആദാമിന്റെ മകന്‍ അബു

ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും  നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണ് സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു. ദേശീയ തലത്തില്‍ ഏറ്റവും നല്ല സിനിമ, നല്ല നടന്‍[സലിം കുമാര്‍], നല്ല ചായാഗ്രഹണം[മധു അമ്പാട്ട്], നല്ല പശ്ചാത്തല സംഗീതം[ഐസക് തോമസ്‌ കൊട്ടുകാപ്പിള്ളി] എന്നിവയാണ് ഈ സിനിമയ്ക്ക് കിട്ടിയ അംഗീകാരങ്ങള്‍. ഈ അംഗീകാരങ്ങള്‍ കൂടാതെ സംസ്ഥാന തലത്തില്‍ നല്ല സിനിമ, നല്ല നടന്‍, നല്ല പശ്ചാത്തല സംഗീതം, നല്ല തിരക്കഥ[സലിം അഹമ്മദ്‌] എന്നീ  പുരസ്കാരങ്ങള്‍ ഈ സിനിമയ്ക്ക് ലഭിച്ചു. അല്ലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദും, അഷ്‌റഫ്‌ ബേദിയും ചേര്‍ന്ന് നിര്‍മ്മിച്ച്‌ ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് സലിം അഹമ്മദ്‌ തന്നെയാണ്. സംവിധായകന്റെ ജീവിത അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. തലശേരിക്കടുത്ത് കണ്ടകുന്ന് എന്ന കൊച്ചു ഗ്രാമത്തില്‍..., ഹജ്ജിനു പോകണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന അബുവിന്റെയും, ഭാര്യ ആയിഷുവിന്റെയും കഥയാണ് ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ സലിം അഹമ്മദ്‌ പറയുന്നത്

അത്തറ് കച്ചവടക്കാരനായ അബുവിന്റെ വര്‍ഷങ്ങളായ ആഗ്രഹമാണ് ഹജ്ജു ചെയ്യാനായി സൌദി അറേബിയയില്‍ പോകണമെന്ന്. അത്തറ് വിറ്റും, പശുവിന്റെ പാല് കറന്നു വിറ്റും ആണ് അബുവും ആയിഷയും ജീവിക്കുന്നത്.  ഇവരുടെ മകന്‍ സത്താര്‍ ഗള്‍ഫില്‍ ആണെങ്കിലും അയാള്‍ ഇതുവരെ ഈ വൃദ്ധദമ്പതികളെ കാണണോ അന്വേഷിക്കാനോ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, അബുവിനും മകനോട്‌ യാതൊരു അടുപ്പവും ഇല്ല.  നാളിതുവരെയുള്ള സംബാദ്യങ്ങളെല്ലാം സൂക്ഷിച്ചു വെച്ച്... അബുവും, ആയിഷയും ഹജ്ജിനു പോകാന്‍ പാസ്സ്പോര്‍ട്ട് എടുക്കുന്നു. വിമാന യാത്രയ്ക്കുള്ള ടിക്കറ്റിനും, അവിടത്തെ ചിലവിനുമൊക്കെയായി  ധാരാളം പണം ചെലവ് വരും എന്നറിയാവുന്ന അബുവും ആയിഷയും അവര്‍ മക്കളെപോലെ സ്നേഹിക്കുന്ന പശുവിനെ വിറ്റു വിമാന യാത്രയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നു. ഇനിയും പണം വേണം എന്നത് കൊണ്ട് അബു വീട്ടു മുറ്റത്തുള്ള പ്ലാവ് വിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ, യാത്രയ്ക്ക് മുമ്പുള്ള പൊരുത്തം നോക്കല്‍ ചടങ്ങുമായി സന്തോഷത്തില്‍ കഴിയുകയാണ് അബുവും, ആയിഷയും. പക്ഷെ, ചില കാരങ്ങങ്ങള്‍ കൊണ്ട് അബുവിന് പണം സ്വീകരിക്കാന്‍ പറ്റുന്നില്ല. അബുവിന്റെ ഹജ്ജിനു പോകാനുള്ള ആഗ്രഹം സഫലമാകുമോ? എന്ത് കാരണം കൊണ്ടാണ് അബു പണം സ്വീകരിക്കാത്തത്? മേല്പറഞ്ഞ രംഗങ്ങളെല്ലാം മനോഹരമായി തിരക്കഥയില്‍ ഉള്‍പെടുത്താന്‍ സംവിധായകന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.

തിരക്കഥ: വെരി ഗുഡ്
ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഇതിനുമുമ്പും ധാരാളം ഉണ്ടായിട്ടുണ്ട് മലയാള സിനിമ ചരിത്രത്തില്‍. പക്ഷെ, ആ സിനിമകള്‍ കാണുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന് മനസിലാക്കാനും, ദഹിക്കാനും പ്രയാസമാണ്. ആദമിന്റെ മകന്‍ അബു എന്ന സിനിമയുടെ പ്രത്യേകത എന്നത് ഈ സിനിമ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകും, മനസിലാകും എന്നത് തന്നെയാണ്. അത്രയ്ക്കും ലളിതമായ രീതിയിലാണ് ഈ സിനിമയെ സലിം അഹമ്മദ്‌ സമീപിച്ചിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥയില്‍ കഥയ്ക്ക്‌ ആവശ്യമില്ലാത്ത രംഗങ്ങളോ, സംഭാഷണങ്ങളോ ഒന്നുമില്ലാത്ത സത്യസന്ധമായിട്ടാണ് സലിം അഹമ്മദ്‌ തിരക്കഥ രചിച്ചിരിക്കുന്നത്. മാതാപിതാകള്‍ക്ക് പ്രയോജനമില്ലാത്ത മക്കളെ..., വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന പൊള്ളയായി പ്ലാവുനോട് ഉപമിച്ചതും, കഥയുടെ അവസാനം...അബു പുതിയ ഒരു പ്ലാവിന്‍തൈ നടുന്നത്, മുമ്പോട്ടുള്ള ജീവിതത്തിലെ പുതിയ പ്രതീക്ഷകളുമായി ഉപമിച്ചതും മനോഹരമായി സിനിമയില്‍ വന്നിട്ടുണ്ട്. ഇങ്ങനെ ഒരു ആശയം ഉള്പെടുത്തിയത്തിനു സലിം അഹമ്മദിന് നന്ദി!. നട്ടലുല്ലൊരു തിരക്കഥയാണ് ഏതൊരു സിനിമയുടെയും അടിസ്ഥാനം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ സിനിമയുടെ വിജയം.


സംവിധാനം: ഗുഡ്
നവാഗത
സംവിധായകന്‍ ആണ് താനെന്നു തോന്നിക്കാത്ത വിധം നല്ല രീതിയില്‍ സംവിധാനം ചെയ്യാന്‍ സലിം അഹമ്മദിന് സാധിച്ചു. ഇങ്ങനെ ഒരു ആശയം തിരഞ്ഞെടുത്തു സംവിധാനം ചെയ്തതിനു സലിം അഹമ്മദിന് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇനിയും ഇതു പോലത്തെ സിനിമകള്‍ ഉണ്ടാക്കാന്‍ സലീമിനു കഴിയട്ടെ.

സാങ്കേതികം: വെരി ഗുഡ്
മനോഹരങ്ങളായ ദ്രിശ്യങ്ങള്‍ ഒരുക്കി സംവിധായകന് എല്ലാവിധ പിന്തുണയും നല്‍ക്കിയ മധു അമ്പാട്ടിനും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയ ഐസക് തോമസിനും കൂടി അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. അംഗീകാരങ്ങള്‍ ലഭിച്ചില്ലെങ്കിലും മേയിക്കപ് മാന്‍ പട്ടണം റഷീദിന്റെ കഴിവ് തന്നെയാണ് സലിം കുമാറിനെ അബുവാക്കി മാറ്റി..., ഇത്രത്തോളം സ്ഥാനം പ്രേക്ഷക മനസ്സില്‍ നേടികൊടുത്തത്
.

അഭിനയം: വെരി ഗുഡ്
ഹാസ്യ നടന്‍ എന്ന നിലയില്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയപെട്ടവനായ സലിം കുമാറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല വേഷമാണ് അബു.ഈ സിനിമയിലുടനീളം സലിം കുമാര്‍ അബുവായി ജീവിക്കുന്ന പോലെയാണ് പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. ഈ വേഷം മറ്റൊരു നടനും ഇത്ര മനോഹരമായി അഭിനയിച്ചു ഭലിപ്പിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണ്. സലിം കുമാറിനെ അബുവാക്കി മാറ്റിയ മേയ്ക്കപ്പ് മാന്‍ പട്ടണം റഷീദ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ആയിഷയായി സറീന വഹാബും നന്നായിത്തന്നെ അഭിനയിച്ചു. ട്രാവല്‍ എജെന്റ് അഷറഫ് ആയി മുകേഷും, മരക്കച്ചവടക്കരനായ ജോണ്‍സണായി കലാഭവന്‍ മണിയും, ഹൈദര്‍ എന്ന ചായ കടക്കാരനായി സുരാജും, അയല്കാരനും സുഹൃത്തുമായ ഗോവിന്ദന്‍ മാഷായി നെടുമുടി വേണുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഗോപകുമാര്‍, ജാഫര്‍ ഇടുക്കി, തമ്പി ആന്റണി, റോസ്‌ലിന്‍, ശശി കലിംഗ, ടീ.എസ്.രാജു എന്നിവരുമുണ്ട് ഈ സിനിമയില്‍. കുറെ നാളുകള്‍ക്കു ശേഷം സുരാജിനെയും, കലാഭവന്‍ മണിയെയുമൊക്കെ നല്ല കഥാപാത്രങ്ങള്‍ സ്വീകരിച്ചു അഭിനയിക്കുനത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 . പ്രമേയത്തിലും, കഥയിലുമുള്ള പുതുമ.
2 . സലിം കുമാറിന്റെ അഭിനയം
3 . തിരക്കഥയിലുള്ള ലാളിത്യം.
4 . സിനിമയുടെ സാങ്കേതിക മികവ്

5 . സംവിധാന ശൈലി

ആദാമിന്റെ മകന്‍ അബു റിവ്യൂ : നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ആദാമിന്റെ മകന്‍ അബു. മലയാളത്തില്‍ നല്ല സിനിമകള്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് സിനിമ. ആദാമിന്റെ മകന്‍ അബു എന്ന സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍!

ആദാമിന്റെ മകന്‍ അബു റേറ്റിംഗ്: വളരെ നല്ല സിനിമ [ 4.5 / 5 ]

രചന, സംവിധാനം: സലിം അഹമ്മദ്‌
നിര്‍മ്മാണം: അഷ്‌റഫ്‌ ബേദി, സലിം അഹമ്മദ്‌
വിതരണം: ലാഫിംഗ് വില്ല[സലിം കുമാര്‍]
ചായാഗ്രഹണം: മധു അമ്പാട്ട്
മേയിക്കപ്: പട്ടണം റഷീദ്
സംഗീതം: രമേശ്‌ നാരായണന്‍
പശ്ചാത്തല സംഗീതം: ഐസക് തോമസ്‌

3 comments:

  1. ക്യാമറയും സംവിധാനവും ലോകോത്തരം. അഭിനയം: വാക്കുകളില്ല. സലിമേട്ടന്‍ അഭിനയത്തില്‍ മുന്‍നിര നടന്മാരോട് രണ്ടു കൈയും നോക്കാന്‍ തന്നെ തീരുമാനിച്ചു അല്ലെ? നന്നായി. ഭാവുകങ്ങള്‍..

    ReplyDelete
  2. good movie.... salim kumar, sareena and suraj kalaki

    ReplyDelete
  3. nalla movie but climax kurachu koodi nannakamyirunnu

    ReplyDelete