30 Jun 2011

ബോംബെ മാര്‍ച്ച്‌ 12

അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ബാബു ജനാര്‍ദനന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബോംബെ മാര്‍ച്ച്‌ 12. മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടി നായകനാകുന്ന ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം 1993-ല്‍ ബോംബെയില്‍ നടന്ന സ്പോടനങ്ങളും, അതിനെ തുടര്‍ന്ന് കുറെ നിരപരാധികളായ മനുഷ്യരെ തീവ്രവാദികളായി തെറ്റുധരിക്കുകയും, അവരും,അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന യാതനകളുമാണ്.
റെഡ് റോസ് ക്രിയെഷന്സിനു വേണ്ടി ഹനീഫ് മുഹമ്മദ്‌ നിര്‍മ്മിച്ച ഈ സിനിമയില്‍ സനാതന ഭട്ട്, സമീര്‍ എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി ഒരു അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

ബോംബെയില്‍ നടന്ന സ്പോടനങ്ങള്‍ നിരപരാധിയായ ഷാജഹാന്‍ [ ഉണ്ണി മുകുന്ദന്‍ ] എന്ന വ്യെക്തിയുടെയും, അയാളുടെ കുടുംബംഗങ്ങളുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. അലപുഴയില്‍ ജീവിക്കുന്ന മുക്രിയുടെ മകനാണ് ഷാജഹാന്‍.പുതിയ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബോംബെയില്‍ എത്തുന്ന ഷാജഹാന്‍ തീവ്രവാദികളുടെ കൈയ്യില്‍ അകപെടുന്നു. അയാളെ, അവര്‍ എല്ലാരും ചേര്‍ന്ന് തീവ്രവാദിയാക്കി മാറ്റുന്നു. പിന്നീട് ഒളിവിലാകുന്ന ഷാജഹാന്‍ സനാതന ഭട്ട് എന്ന പൂജാരിയെ പരിച്ചയപെടുന്നു. കുറെ ദിവസങ്ങള്‍ക്കു ശേഷം, പോലിസ് വെടിവെപ്പില്‍ ഷാജഹാന്‍ കൊല്ലപെടുന്നു. അതിന് സനാതന ഭട്ട് അയാള്‍ പോലുമറിയാത്ത കാരണക്കരനാകുന്നു. ആ സംഭവത്തിന്‌ ശേഷം, കുറ്റബോധം കാരണം സനാതന ഭട്ട് മതപരിവര്‍ത്തനം നടത്തി സമീറായി മാറുന്നു. അങ്ങനെ, സമീര്‍ ഷാജഹാന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുക്കുന്നു.കുറെ നാളുകള്‍ക്കു ശേഷം, തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ ശക്തമാകുന്നത് തടയാന്‍ വേണ്ടി നടത്തുന്ന അന്വേഷണത്തില്‍ പോലിസ് സമീറിനെ കാണുകയും, സമീറിനെ സംശയിക്കുകയും ചെയ്യുന്നു. അങ്ങനെ, അയാള്‍ സമീര്‍ അല്ലെന്നും, സനാതന ഭട്ട് ആണെന്നും തെളിയുന്നു. ഷാജഹാന്റെ മരണത്തിനു അയാള്‍ ഉത്തരവാദിയാണെന്ന് അറിയുന്ന ഭാര്യയും, വീട്ടുകാരും സമീറിനെ വെറുക്കുന്നു. പിന്നീട്, സമീറിന് 9 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്നു. ഒരു മതവിഭാഗത്തില്‍ വിശ്വസിച്ചു ജീവിക്കുന്നയാളുകള്‍ മാത്രം തീവ്രവാദികളാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു രാജ്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന സന്ദേശമാണ് ഈ സിനിമയിലൂടെ ബാബു ജനാര്‍ദനന്‍ നല്‍ക്കുന്നത്.

തിരക്കഥ റേറ്റിംഗ്: ആവറേജ്
പത്തുവര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ഒരു തിരക്കഥ രചയ്താവില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരക്കഥ രചനയാണ് ഈ സിനിമയില്‍ അദ്ദേഹം സ്വീകരിച്ചത്. സിനിമ കാണുന്ന പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കും വിധം കഥ വളചൊടിചിരിക്കുന്നത്  എന്തിനാണ് എന്ന മനസിലാകുന്നില്ല. സിനിമയുടെ ആദ്യപകുതി ഇഴഞ്ഞാണ് നീങ്ങുന്നത്‌ എന്നത് ഈ സിനിമയുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. 93ലും, 98ലും, 2002 ലും, 2007 ലും സംഭവിക്കുന്ന കാര്യങ്ങള്‍ കാണിക്കുമ്പോള്‍ അത് മനസിലാക്കിയെടുക്കാനും, കഥയുമായി ബന്ധപെടുത്താനും പ്രേക്ഷകര്‍ ഏറെ വിഷമിക്കുന്നുണ്ട്. കണ്ടുമടുത്തതാണെങ്കിലും തീവ്രവാദം എന്ന പ്രമേയം എന്നും ശക്തമായ ഒന്നാണ്. അത് തിരഞ്ഞെടുത്തു സിനിമയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളായത് കൊണ്ട് ഈ സിനിമയുടെ തിരക്കഥ ഒരു ശരാശരി നിലവാരത്തില്‍ അവസാനിച്ചു. 


സംവിധാനം റേറ്റിംഗ്: ബിലോ ആവറേജ്
നല്ല തിരക്കഥ രചയ്താക്കള്‍ സിനിമ സംവിധാനം ചെയ്‌താല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ നമ്മള്‍ ഇതിനു മുമ്പും മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. അതെ പ്രശ്നങ്ങളാണ് ഈ സിനിമയെയും ബാധിച്ചിരിക്കുന്നത്. നല്ലൊരു സംവിധായകന്‍ ഈ സിനിമ സംവിധാനം ചെയ്തിരുന്നെങ്കില്‍ എത്രയും കുഴപ്പങ്ങള്‍ ഉണ്ടാകില്ലായിരുന്നു. എങ്കിലും, കണ്ടിരിക്കാവുന്ന രീതിയില്‍ സംവിധാനം ചെയ്തിട്ടുണ്ട് ബാബു ജനാര്‍ദനന്‍.


സാങ്കേതികം റേറ്റിംഗ്: ആവറേജ്
വിപിന്‍ മോഹന്റെ ചായഗ്രഹണമോ, വിജയ്‌ ശങ്കറിന്റെ ചിത്രസംയോജനമോ ഈ സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്തില്ല. പുതുമുഖ സംഗീത സംവിധായകന്‍ അഫ്സല്‍ ഒരുക്കിയ പാട്ടുകള്‍ സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്. സോനു നിഗം, ഗണേഷ് സുന്ദരം എന്നിവര്‍ ആലപിച്ച "ചക്കരമാവിന്‍..." എന്ന പാട്ടും, എം.ജി.ശ്രീകുമാര്‍ ആലപിച്ച "ഓണവില്ലും..." എന്ന പാട്ടും മനോഹരമായിട്ടുണ്ട്. പട്ടണം റഷീദിന്റെ മേയിക്കപ് ഈ സിനിമയില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയായത്‌ കൊണ്ട് പല കഥപാത്രങ്ങള്‍ക്കും വേഷത്തിലും, മേയിക്കപിലും വ്യെത്യാസം ആവശ്യമാണ്‌. പക്ഷെ, റോമയുടെ കഥാപാത്രത്തിനും, മറ്റുചില കഥാപാത്രങ്ങള്‍ക്കും യാതൊരു വെത്യാസവും സിനിമയില്‍ കണ്ടില്ല എന്നത് മേയിക്കപ് മോശമായത് കൊണ്ടാണ്.  


അഭിനയം റേറ്റിംഗ്: ഗുഡ്
മമ്മൂട്ടിയും, റോമയും, സാദിക്കും, ശ്രീരാമനും ഉള്‍പ്പടെ എല്ലാ അഭിനെത്തക്കളും നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടിക്ക് ലഭിച്ച നല്ല കഥാപാത്രമാണ് ഈ സിനിമയിലെത്. പുതുമുഖം ഉണ്ണി മുകുന്ദന്‍ നല്ല പ്രകടനമാണ് ആദ്യ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ലാല്‍, സാദിക്ക്, ശ്രീരാമന്‍, കൊച്ചു പ്രേമന്‍, അരുണ്‍, സുധീര്‍ കരമന, മണികണ്ടന്‍, ഇര്‍ഷാദ്, അ
നില്‍ മുരളി, റോമ, ശാരി, സീമ.ജി.നായര്‍ എന്നിവരാണ്‌ അഭിനയിച്ചിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. മമ്മൂട്ടിയുടെ അഭിനയം
2. പ്രമേയം,കഥ
3. പാട്ടുകള്‍ 
4. സിനിമയുടെ രണ്ടാം പകുതി 


സിനിമയുടെ മൈനസ് പോയിന്റ്സ്
1. മനസിലാക്കാന്‍ പ്രയാസമുള്ള രീതിയില്‍ എഴുതിയ തിരക്കഥ.
2. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി. 
3. മമ്മൂട്ടി - റോമ താരജോടി.
4. മേയിക്കപ് 


ബോംബെ മാര്‍ച്ച്‌ 12  റിവ്യൂ: ആയിരം അപരാധികള്‍ രക്ഷപെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്ന നിയമമുള്ള ഇന്ത്യയില്‍ ...ഒരു മതവിഭാഗത്തില്‍ വിശ്വസിച്ചു ജീവികുന്നയാളുകളെ മാത്രം തീവ്രവാദികളാണെന്നു  തെറ്റുധരിക്കുകയും, അവര്‍  ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു എന്ന സന്ദേശം നല്‍കുന്ന ഒരു സിനിമ.   

ബോംബെ മാര്‍ച്ച്‌ 12 റേറ്റിംഗ്: ആവറേജ് [ 2.5 / 5 ] 

രചന, സംവിധാനം: ബാബു ജനാര്‍ദനന്‍
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌
ചായാഗ്രഹണം: വിപിന്‍ മോഹന്‍
ചിത്രസംയോജനം: വിജയ്‌ ശങ്കര്‍
സംഗീതം: അഫ്സല്‍ യുസഫ്
വരികള്‍: റഫീക്ക് അഹമ്മദ്‌
മേയിക്കപ്: പട്ടണം റഷീദ്

No comments:

Post a Comment