18 Jun 2011

രതിനിര്‍വ്വേദം

അതുല്യ പ്രതിഭകളായ മണ്‍മറഞ്ഞുപോയ പത്മരാജനും, ഭരതനും തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് രതിനിര്‍വ്വേദം. 25 വയസ്സുള്ള രതി എന്ന യുവതിയോട് 16 വയസ്സുള്ള കൌമാരക്കാരനായ പപ്പുവിന് തോന്നുന്ന സ്നേഹത്തിന്റെയും മോഹത്തിന്റെയും കഥയാണ് രതിനിര്‍വ്വേദം. രതി ചേച്ചിയായി ജയഭാരതിയും, പപ്പുവായി കൃഷ്ണചന്ദ്രനുമാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വര്‍ഷങ്ങള്‍ക്കു ശേഷം... പത്മരാജന്റെ തിരക്കഥയെ അടിസ്ഥാനമാക്കി...രേവതി കലമന്ദിറിന്റെ ബാനറില്‍... ടി.കെ.രാജീവ് കുമാര്‍ സംവിധാനത്തില്‍... പപ്പുവും, രതി ചേച്ചിയും പുതിയ രതിനിര്‍വ്വേദത്തിലൂടെ പുനര്‍ജനിച്ചിരിക്കുന്നു. പുതിയ രതിനിര്‍വ്വേദത്തില്‍‍ രതി ചേച്ചിയായി ശ്വേത മേനോനും, പപ്പുവായി പുതുമുഖം ശ്രീജിത്ത്‌ വിജയുമാണ് അഭിനയിച്ചിരിക്കുന്നത്.

സ്കൂള്‍ പഠനത്തിനു ശേഷമുള്ള ഒഴിവുകാലം ആഘോഷിക്കാനായി പപ്പു അവന്റെ അമ്മയുടെ കൂടെ...അമ്മയുടെ നാട്ടില്‍ എത്തുന്നു. അമ്മയുടെ വീടിനു തൊട്ടടുത്ത വീട്ടിലുള്ള രതി എന്ന യുവതിയുമായി പപ്പു സൗഹൃദത്തിലാകുന്നു. സര്‍പ്പദോഷം ഉള്ളതുകാരണം പ്രായമേറെയായിട്ടും രതി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അവിടത്തെ കുട്ടികളുമായും പപ്പുവിനോപ്പവും കളിച്ചും ചിരിച്ചും നടക്കലാണ് രതിയുടെ പ്രധാന ജോലി. രതിയുടെ പെരുമാറ്റവും പ്രകൃതവും കൊണ്ട് പപ്പുവിന് രതിയോടു സ്നേഹവും അതിലുപരി രതിയെ സ്വന്തമാക്കാനുള്ള മോഹവും തോന്നുന്നു. തുടര്‍ന്ന്..., പപ്പുവിന്റെയും രതിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് രതിനിര്‍വ്വേദം എന്ന സിനിമയുടെ കഥ.

തിരക്കഥ: എബവ് ആവറേജ്
പപ്പുവിന് രതി ചേച്ചിയോട് തോന്നിയ വികാരങ്ങള്‍, അങ്ങനെ തോന്നാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്നിവ മനോഹരമായി തിരക്കഥയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് പത്മരാജന്‍. അന്നും ഇന്നും എന്നും പത്മരാജനെ അതുല്യ പ്രതിഭ എന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നതിന്റെ തെളിവാണ് ഈ സിനിമയുടെ തിരക്കഥ. പത്മരാജന്റെ മഹത്തായ സൃഷ്ടികളുടെ ഗണത്തില്‍ പെടുത്താന്‍ സാധ്യമല്ലെങ്കിലും, രതിനിര്‍വ്വേദം എന്ന സിനിമയ്ക്ക് പ്രണയത്തിന്റെ പുതിയൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുചെല്ലാന്‍ സാധിച്ചിട്ടുണ്ട്.
 

സംവിധാനം: ആവറേജ് 
പത്മരാജന്റെ തിരക്കഥയില്‍ ഒട്ടുംതന്നെ മാറ്റം വരുത്താതെയാണ് ടി.കെ.രാജീവ്കുമാര്‍ പുതിയ രതിനിര്‍വ്വേദം സംവിധാനം ചെയ്തിരിക്കുന്നത്. രതിനിര്‍വ്വേദം എന്ന സിനിമ  പഴയ കാലഘട്ടത്തിന്റെ സിനിമയാണ്. പുതിയ രതിനിര്‍വ്വേദം സിനിമയില്‍...തിരക്കഥയ്ക്ക് ഒട്ടും മാറ്റം വരുത്താതെ...അതെ തിരക്കഥ തന്നെ ഉപയോഗിച്ചാല്‍ പിന്നെ എന്തിനാണ് പുതിയ രതിനിര്‍വ്വേദം സിനിമ കൊണ്ട് സംവിധായകന്‍ ഉദ്ദേശിക്കുന്നത്? ഒറ്റവാക്കില്‍ പറഞ്ഞാല്‍...വര്‍ത്തമാനകാലവുമായി  യാതൊരു ബന്ധം പോലും തോന്നിയില്ല ടി.കെ.രാജിവ് കുമാറിന്റെ രതിനിര്‍വ്വേദം സിനിമയ്ക്ക്. ഭരതന്റെയോ പത്മരാജന്റെയോ സിനിമകള്‍ കാണുമ്പോള്‍ സിനിമയിലുടനീളം ഒരു ഭരതന്‍-പത്മരാജന്‍ കൈയൊപ്പ്‌ പതിഞ്ഞുകിടക്കും. ഈ സിനിമയില്‍ അത് കണ്ടില്ല. 
  
ചായാഗ്രഹണം - ചിത്രസംയോജനം: ഗുഡ്
മനോജ്‌ പിള്ളയുടെ ചായഗ്രഹണവും, അജിത്‌ നിര്‍വഹിച്ച ചിത്രസംയോജനവും പുതിയ രതിനിര്‍വ്വേദം സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്
. അഭിനന്ദനങള്‍! 

പാട്ടുകള്‍: ഗുഡ്
എം.ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്ത 100-മത് സിനിമയാണ് രതിനിര്‍വ്വേദം.നിഖില്‍ രാജ് ആലപിച്ച "നാട്ടുവഴിയിലെ" എന്ന തുടങ്ങുന്ന പാട്ടും, സുദീപ്കുമാര്‍ ആലപിച്ച "ചെമ്പകപ്പൂ" എന്ന പാട്ടും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ശ്രേയ ഘോഷാല്‍ ആലപിച്ച "കണ്ണോരം" എന്ന പാട്ടും, "മധുമാസം" എന്ന പാട്ടും നന്നായിത്തന്നെ വന്നിട്ടുണ്ട്.  മുരുകന്‍ കാട്ടകടയാണ് വരികള്‍ എഴുതിയിരിക്കുന്നത്. 

അഭിനയം: ആവറേജ്
രതിയായി അഭിനയിച്ച ശ്വേത മേനോന്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഈ സിനിമയില്‍ പല രംഗങ്ങളിലും കുലീനയായ നാട്ടിന്‍പുറത്തെ യുവതി എന്നതിനേക്കാള്‍..., പൗരുഷ സ്വഭാവമുള്ള ഒരു സ്ത്രീയെപോലെയാണ് ശ്വേത മേനോനെ കാണുമ്പോള്‍ തോന്നുന്നത്. പപ്പുവായി അഭിനയിച്ച ശ്രീജിത്തും മോശമാക്കിയില്ല. കെ.പി.എ.സി.ലളിതയും, ഷമ്മി തിലകനും അവരവരുടെ രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ, മണിയന്‍പിള്ള രാജു, പക്രു[ഗിന്നസ് അജയന്‍], ശോഭ മോഹന്‍, മായ വിശ്വനാഥ് എന്നിവരും ഈ സിനിമയിലുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. കഥ-തിരക്കഥ
2. ക്ലൈമാക്സ്‌
3. ചായാഗ്രഹണം, പാട്ടുകള്‍
 
സിനിമയുടെ മൈനസ് പോയിന്റ്സ്
1. തിരക്കഥയോട് നീതിപുലര്‍താത്ത സംവിധാന രീതി.
2. അഭിനയം

രതിനിര്‍വ്വേദം റിവ്യൂ: പഴയ കാലഘട്ടത്തിന്റെ കഥയും കഥപശ്ചാത്തലവും ഇഷ്ടമാകുന്നവര്‍ക്ക് ഈ സിനിമ നല്ലൊരു അനുഭവമായി തോന്നിയേക്കാം. പുതിയ തലമുറയിലുള്ള സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടമാകാനുള്ള സാധ്യതകള്‍ കുറവാണ്.

രതിനിര്‍വ്വേദം റേറ്റിംഗ്: എബവ് ആവറേജ് [ 3 / 5 ] 

രചന: പത്മരാജന്‍
തിരക്കഥ മേല്‍നോട്ടം: വിനു എബ്രഹാം
സംവിധാനം: ടി.കെ.രാജീവ്കുമാര്‍
നിര്‍മ്മാണം: മേനക സുരേഷ്
കുമാര്‍
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം: അജിത്‌
വരികള്‍: മുരുകന്‍ കാട്ടാക്കട
സംഗീതം: എം.ജയചന്ദ്രന്‍ 
 

1 comment:

  1. see http://hitandflop.wordpress.com/

    ReplyDelete