7 Jul 2011

വയലിന്‍

കുടുംബസദ്ദസുകളുടെ പ്രിയപ്പെട്ട സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്ത വയലിന്‍ എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം പ്രണയവും, സംഗീതവുമാണ്. ആന്‍ഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആസിഫ് അലിയും, നിത്യ മേനോനുമാണ്. കയം എന്ന സിനിമയ്ക്ക് ശേഷം വിജു രാമചന്ദ്രന്‍ തിരക്കഥ രചിച്ച സിനിമയാണ് വയലിന്‍. എ.ഓ.പി.എല്‍. നിര്‍മ്മിച്ച വയലിന്‍ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് മനോജ്‌ പിള്ളയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകള്‍ കൂടാതെ, ഹിന്ദി സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിക്കാറുള്ള ആനന്ദ് രാജ് ആനന്ദ് വയലിന്‍ സിനിമയിലെ ഒരു പാട്ടിനു വേണ്ടി സംഗീതം നല്ക്കിയിട്ടുണ്ട്.

ആന്‍ഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഏഞ്ചല്‍ [ നിത്യ മേനോന്‍ ] താമസിക്കുന്നത് ഫോര്‍ട്ട്‌ കൊച്ചിയിലെ റോസ് വില്ലയിലാണ്. മുന്‍കോപിയും, പുരുഷവിദ്വെഷിയുമായ അവള്‍ താമസിക്കുന്നത് മരിച്ചുപോയ അമ്മയുടെ സഹോദരിമാരുടെ കൂടെയാണ്. കേക്കുകള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ഇവരുടെ തൊഴില്‍. ഒരിക്കല്, ഇവര്‍ താമസിക്കുന്ന റോസ് വില്ലയുടെ ഒരു ഭാഗത്ത് താമസിക്കുന്നതിനായി ഇടുക്കിയില്‍ നിന്നും എബി [ആസിഫ് അലി] വരുന്നു. എബിയുടെ വരവ് ഇഷ്ടമാകാത്ത ഏഞ്ചല്‍, എബിയുമായി ആദ്യമൊക്കെ ഉടക്കിലാണെങ്കിലും, പിന്നീട് എബിയുടെ വയലിന്‍ വായന ഇഷ്ടമാകുമ്പോള്‍ എബിയോടുള്ള ദേഷ്യമെല്ലാം മാറുകയും, അവര്‍ തമ്മിലുള്ള സൗഹൃദം ഉടലെടുക്കുകയും ചെയ്യുന്നു. ആ സൗഹൃദം വളര്‍ന്നു പ്രണയത്തിലെത്തുന്നു. പക്ഷെ, എബിയുടെ വരവും, റോസ് വില്ലയിലുള്ള താമസം ചില ആളുകള്‍ക്ക് ഇഷ്ടമാകുന്നില്ല. ആ ഇഷ്ടക്കേട് വളര്‍ന്നു വലിയ വഴക്കിലും, പ്രതികാരത്തിലും എത്തുന്നു. ഈ പ്രശനങ്ങളൊക്കെ ധൈര്യത്തോടെ നേരിടുകയാണ് ഏഞ്ചല്‍ , കൂടെ എബിയും. അങ്ങനെയിരിക്കെ, അവരുടെ ജീവിതത്തില്‍ അവിചാരിതമായി ചില സംഭവങ്ങള്‍ ഉണ്ടാകുന്നു. എന്താണ് ഏഞ്ചലിന്റെയും, എബിയുടെയും ജീവിതത്തില്‍ ഉണ്ടായത്? എങ്ങനെയാണ് അവര്‍ അതെല്ലാം തരണം ചെയ്യുന്നത് എന്നതാണ് സിബി മലയിലിന്റെ വയലിന്‍ എന്ന സിനിമയുടെ കഥ. 

തിരക്കഥ: ബിലോ ആവറേജ്
നവാഗത തിരക്കഥ രചയ്താക്കളെല്ലാം പുതുമ നിറഞ്ഞ കഥകളും തിരക്കഥകളും സിനിമയാക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ വിജു രാമചന്ദ്രന്‍ എഴുതിയ വയലിന്‍ എന്ന സിനിമയില്‍ കണ്ടുമടുത്ത കഥയും,  കഥാപാത്രങ്ങളും, സംഭാഷങ്ങളും ധാരാളമുണ്ട്. നിത്യ മേനോന്‍ അവതരിപ്പിച്ച ഏഞ്ചല്‍ എന്ന കഥാപാത്രം മലയാള സിനിമയില്‍ മഞ്ജു
വാര്യരും, മീര ജാസ്മിനും ഒരുപാട് സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ, എബിയുടെ നിഷ്കളംഗമായ നായക കഥാപാത്രവും ദിലീപിന്റെയും, ജയറാമിന്റെയും രൂപത്തില്‍ കണ്ടിട്ടുണ്ട്. വയലിന്‍ സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന സംഭാഷങ്ങളടക്കം മുമ്പ് കണ്ടിട്ടുള്ളതാണ്. വിജു രാമചന്ദ്രന്റെ കഴിവുകേടാണ് ഈ സിനിമയെ ഈ നിലവാരത്തില്‍ എത്തിച്ചത്.

സംവിധാനം: ആവറേജ്
സിബി മലയിലിനെ
പോലെ ഇത്രയും പരിചയ സമ്പത്തുള്ള ഒരു സംവിധായകന്‍ ഈ തിരക്കഥ സിനിമയാക്കാന്‍ തയ്യാറായത് അത്ഭുതമായി തോന്നുന്നു. എങ്കിലും, ഒരു ബിലോ ആവറേജ് തിരക്കഥ മോശമല്ലാത്ത രീതിയില്‍ കണ്ടിരിക്കാവുന്ന തരത്തിലാക്കിയത് സിബി മലയിലിന്റെ സംവിധാന മികവു തന്നെ. പുതുമകളില്ലെങ്കിലും സിനിമയുടെ അവസാനമുള്ള രംഗങ്ങള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ സിബി മലയിലിന് സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ്
ഫോര്‍ട്ട്‌ കൊച്ചിയുടെ മനോഹാരിത ഒപ്പിയെടുക്കാന്‍ മനോജ്‌ പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്. നല്ല വിഷ്വല്‍സ് ഉള്ളതുകൊണ്ട് കണ്ടുമടുത്ത രംഗങ്ങളാണെങ്കിലും  ഈ സിനിമ ബോറടിപ്പിക്കാത്ത മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട് സിബിക്കും കൂട്ടര്‍ക്കും. സംഗീത സാന്ദ്രമായ പ്രണയകഥയില്‍ നിന്നും ഇതിലും മികച്ച പാട്ടുകളാണ് പ്രതീക്ഷിച്ചത്. എങ്കിലും, ബിജി ബാല്‍ ഒരുക്കിയ "ഹിമകണം" എന്ന പാട്ട് നന്നായിരുന്നു. അതുപോലെ തന്നെ ആനന്ദ് രാജ് ആനന്ദ് ഈണമിട്ട "എന്റെ മോഹങ്ങളെല്ലാം" എന്ന പാട്ടും നല്ലതായിരുന്നു. ബിജിബാല്‍ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്ലരീതിയില്‍ ഗുണം ചെയ്ത്തിട്ടുണ്ട്. 


അഭിനയം: ആവറേജ്
ആസിഫ് അലിയും, നിത്യ മേനോനും തരക്കേടില്ലാത്ത അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം, ലക്ഷ്മി രാമകൃഷ്ണനും, വിജയരാഘവനും, നെടുമുടി വേണുവും, ജനാര്‍ദനനും, ചെമ്പില്‍ അശോകനുമെല്ലാം നല്ല പിന്തുണ നല്ക്കിയിട്ടുണ്ട് നായകനും നായികയ്ക്കും. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം എബിയുടെ സുഹൃത്തിന്റെ വേഷത്തിലെത്തിയ അഭിഷേകിന്റെതാണ്. അപൂര്‍വ രാഗത്തിലൂടെ സിനിമയില്‍ വന്ന അഭിഷേക് മികച്ച അഭിനേതാവ് ആകുമെന്ന്
യാതൊരു സംശയവുമില്ല. ഇവര്‍ക്കൊപ്പം, റീന ബഷീര്‍, ശ്രീജിത്ത്‌ രവി, അനില്‍ മുരളി എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. സംവിധാനം
2. ചായാഗ്രഹണം, പാട്ടുകള്‍ 
3. ആസിഫ് അലി, നിത്യ മേനോന്‍
    

സിനിമയുടെ മൈനസ് പോയിന്റ്സ്
1. പുതുമയില്ലാത്ത കഥ
2. കണ്ടുമടുത്ത കഥ സന്ദര്‍ഭങ്ങള്‍
3. തിരക്കഥ


വയലിന്‍ റിവ്യൂ: സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള സിബി മലയിലിന്റെ ഈ വയലിനില്‍,  സംഗീത സാന്ദ്രമായ പ്രണയ രംഗങ്ങളോ, പ്രണയത്തിനു അനിയോജ്യമായ സംഗീതമോ ഇല്ല. 

വയലിന്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]    

സംവിധാനം: സിബി മലയില്‍
കഥ,തിരക്കഥ,സംഭാഷണം: വിജു രാമചന്ദ്രന്‍
നിര്‍മ്മാണം: എ.ഓ.പി.എല്‍ 
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം: ബിജിത്ത് ബാല
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: ബിജിബാല്‍, ആനന്ദ്‌ രാജ് ആനന്ദ്

No comments:

Post a Comment