18 Feb 2012

സെക്കന്റ്‌ ഷോ

മമ്മൂട്ടിയുടെ മകന്‍  ദുല്‍ഖര്‍ സല്‍മാന്‍, നടന്‍ സണ്ണി വെയിന്‍, സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍, തിരക്കഥകൃത്ത് വിനി വിശ്വലാല്‍, ചായഗ്രഹകാന്‍ പപ്പു, ചിത്രസന്നിവേശകര്‍ പ്രവീണ്‍-ശ്രീകാന്ത്, സംഗീത സംവിധായകന്‍ നിഖില്‍ എന്നീ പുതുമുഖങ്ങളുടെ സിനിമയോടുള്ള അഭിന്നിവേശവും കഠിന പരിശ്രമവുമാണ് സെക്കന്റ്‌ ഷോ എന്ന മലയാള സിനിമ. പുതിയൊരു പാതയിലൂടെ സഞ്ചരിക്കാന്‍ ആരംഭിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പുതിയ പരീക്ഷണമാണ് ശ്രീനാഥ് രാജേന്ദ്രനും കൂട്ടരും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ശ്രമിച്ചത്. ക്വോട്ടേഷന്‍ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും സെക്കന്റ്‌ ഷോ സിനിമ അവയില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു. എ.ഓ.പി.എല്‍. എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിച്ച ഈ സിനിമയില്‍ കുഞ്ചന്‍, ബാബുരാജ്‌, രോഹിണി എന്നീ മുന്‍നിര താരങ്ങള്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും അവതരിപ്പിച്ചത് പുതുമുഖങ്ങളാണ്. അതുപോലെ തന്നെ, സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ മാഫിയ ശശി, പാട്ടിന്റെ വരികള്‍ എഴുതിയ കൈതപ്രം, ചന്ദ്രശേഖരന്‍, ശബ്ദലേഖനം നല്‍ക്കിയ രംഗനാഥ് രവി എന്നിവര്‍ ഒഴികെ മറ്റെല്ലാ സാങ്കേതിക വശങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് താരതമ്യേന പുതുമുഖങ്ങളാണ്. 

ലാലു എന്നറിയപെടുന്ന ഹരിലാലും കുരുടി എന്ന ഇരട്ടപേരുള്ള നെല്‍സണ്‍ മണ്‍ഡെലയും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ഇരുവരും ചെറിയ ക്വോട്ടേഷന്‍ ജോലികളും കഞ്ചാവ് കടത്തലുമായി ജീവിക്കുന്നത്തിനിടയിലാണ് വാവച്ചന്‍ എന്ന ഗുണ്ട നേതാവിനെ പരിച്ചയപെടുന്നത്. വാവച്ചന്റെ നിര്‍ദേശ പ്രകാരം ലാലുവും കുരുടിയും വാവച്ചനും ചേര്‍ന്ന് വിഷ്ണു ബുദ്ധന്‍ എന്ന അധോലോക നേതാവിന്റെ അനുയായിയെ ആളുമാറി ആക്രമിക്കുന്നത്. ഈ സംഭവത്തിനു പകരം വീട്ടലായി വിഷ്ണു ബുദ്ധനും കൂട്ടരും വവച്ചനെ വകവരുത്തുന്നു. തുടര്‍ന്ന് ലാലുവും കുരുടിയും കൂട്ടരും വിഷ്ണു ബുദ്ധന്റെ ആളുകളെ തിരിച്ചു ആക്രമിക്കുന്നു. ലാലുവിന്റെ ധൈര്യവും പ്രവര്‍ത്തിയും ഇഷ്ടപെടുന്ന വിഷ്ണു ബുദ്ധന്‍ ലാലുവിനെ അയാളുടെ സംഗത്തില്‍ ചേര്‍ക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ലാലുവും വിഷ്ണു ബുദ്ധനും തമ്മില്‍ ശത്രുതയിലാകുന്നു. പിന്നീട് ലാലുവിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സെക്കന്റ്‌ ഷോ എന്ന സിനിമയുടെ കഥ. ലാലുവായി ദുല്‍ക്കര്‍ സല്‍മാനും, കുരുടിയായി സണ്ണി വെയിനും വിഷ്ണു ബുദ്ധനായി സുദ്ദേഷ് ബെറിയുമാണ് അഭിനയിച്ചിരിക്കുന്നത്. 


കഥ, തിരക്കഥ: എബവ് ആവറേജ്
പുതുമുഖം വിനി വിശ്വലാല്‍ ആദ്യമായി രചന നിര്‍വഹിക്കുന്ന സെക്കന്റ്‌ ഷോ സിനിമ പുതുമകള്‍ കൊണ്ട് സമ്പന്നമാണ്. ഒരുപാട് ഭാഷകളിലുള്ള സിനിമകളില്‍ കണ്ടിട്ടുള്ള ക്വോട്ടേഷന്‍ സംഘങ്ങളുടെ കഥയാണ് ഈ സിനിമയുടെതെങ്കിലും തിരക്കഥയിലെ പുതുമകളും മികച്ച സംഭാഷണങ്ങളും സെക്കന്റ്‌ ഷോ സിനിമയെ വ്യെതസ്തമാക്കുന്നു. അതുപോലെ ഓരോ കഥാപത്രങ്ങളുടെ സൃഷ്ട്ടിയും അവരുടെ സംഭാഷണങ്ങളും പ്രേക്ഷകര്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത രീതിയിലാണ് എന്നതാണ് ഈ സിനിമയുടെ രചനയിലുള്ള പ്രത്യേകത. ഈ പ്രത്യേകതകളൊക്കെ ഉണ്ടെങ്കിലും സിനിമയുടെ കഥയിലുള്ള പഴമയും, രണ്ടാം പകുതിയിലെ ചില രംഗങ്ങളും, നടീനടന്മാരുടെ അഭിനയത്തിലെ കുഴപ്പങ്ങളും സിനിമയെ ദോഷകരമായി ബാധിച്ചിരിക്കുന്നു.


സംവിധാനം: ഗുഡ്
സെക്കന്റ്‌ ഷോ സിനിമ
പ്രേക്ഷകര്‍ സ്വീകരിചെങ്കില്‍, ആ വിജയത്തിന്റെ പ്രധാന കാരണം ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകന്റെ സംവിധാന മികവു തന്നെ. കണ്ടുമടുത്ത കഥയാണെങ്കിലും പുതിയ രീതിയില്‍ ഈ സിനിമയെ സമീപിച്ചതാണ് ഈ വിജയത്തിന് കാരണം. കഥാപാത്ര രൂപികരണവും, കഥാസന്ദര്‍ഭങ്ങളിലുള്ള പുതുമയും പ്രേക്ഷകരെ രസിപ്പിക്കുന്ന സംഭാഷണങ്ങളും സെക്കന്റ്‌ ഷോ സിനിമയെ വ്യതസ്തമാക്കുന്നു. ക്യാമറയുടെ മുന്നിലും പിന്നിലും നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഈ സിനിമ ശരാശരി നിലവാരത്തിനു മുകളില്‍ എത്തിക്കാന്‍ ശ്രീനാഥിന് സാധിച്ചുവെങ്കില്‍, പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ വലിയൊരു കാര്യമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്. വയലന്‍സ്-ആക്ഷന്‍ ഗണത്തില്‍ പെടുന്ന സിനിമയായത് കൊണ്ടാവാണം സംവിധായകന്‍ പരമാവധി റിയലസ്റ്റിക്ക് ആയി രംഗങ്ങള്‍ ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ, ചില രംഗങ്ങളില്‍ അഭിനേത്തകളുടെ മുഖം അവ്യക്ത്തമായി അനുഭവപെട്ടു. ഇനിയും നല്ല സിനിമകള്‍ സംഭാവന ചെയ്യുവാന്‍ ശ്രീനാഥിനും കൂട്ടര്‍ക്കും സാധിക്കട്ടെ.  

സാങ്കേതികം: എബവ് ആവറേജ്
ഒട്ടേറെ പുതുമുഖങ്ങള്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്കന്റ്‌ ഷോ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് പപ്പുവാണ്. സിനിമയിലെ ചില രംഗങ്ങളില്‍ അഭിനേത്തകളുടെ മുഖം കാണാന്‍ പറ്റാത്തതും, സംഘട്ടന രംഗങ്ങളില്‍ ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും ആവശ്യമില്ലത്തെ ഓടിച്ചും രംഗങ്ങള്‍ ബോറക്കുവാന്‍ പപ്പുവിന് സാധിച്ചു. ഈ കുറവുകളൊക്കെ പരിഹരിച്ചത് പ്രവീണ്‍-ശ്രീകാന്ത് എന്നിവരുടെ ചിത്രസന്നിവേശനമാണ്. റെക്സ് വിജയന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. നവാഗതനായ നിഖില്‍ രാജനും "ആനകള്ളന്‍" പാട്ടിനു സംഗീതം നല്‍ക്കിയ അവിയല്‍ ബാന്റുമാണ് ഈ സിനിമയുടെ സംഗീത സംവിധായകര്‍. മാഫിയ ശശിയുടെ സംഘട്ടന രംഗങ്ങളും പുതുമയുള്ളതായിരുന്നു. 

അഭിനയം: ആവറേജ്
മമ്മൂട്ടിയുടെ മകന്‍ 
 ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഈ സിനിമയില്‍ മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ് താരപുത്രന്‍. സെക്കന്റ്‌ ഷോ സിനിമയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുന്നത് സണ്ണി വെയിന്‍ എന്ന പുതുമുഖമാണ്. ഇവരെ കൂടാതെ സുദേഷ് ബെറി, കുഞ്ചന്‍, ബാബുരാജ്‌, മുരളികൃഷ്ണന്‍, രോഹിണി, ഗൌതമി നായര്‍ എന്നിവരും കുറെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം
2 കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും
3 സണ്ണി വെയിന്‍ എന്ന പുതുമുഖ നടന്റെ അഭിനയം
4 ബോറടിപ്പിക്കാതെ വേഗതയോടെ പറഞ്ഞുപോകുന്ന കഥാരീതി
5 ചിത്രസന്നിവേശം


സിനിമയുടെ മൈനസ് പോയിന്റ്സ്
1 പുതുമയില്ലാത്ത കഥ
2 അഭിനയം


സെക്കന്റ്‌ ഷോ റിവ്യൂ: വയലന്‍സ്-ആക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു എന്നതിലുപരി, പാശ്ചാത്യ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സംവിധാന രീതിയും കഥാപാത്രങ്ങളുടെ അവതരണവും ആദ്യമായി പരീക്ഷിക്കപെട്ട മലയാള സിനിമ  എന്ന രീതിയില്‍ സെക്കന്റ്‌ ഷോ ഇന്നത്തെ യുവതലമുറയെ ത്രിപ്തിപെടുത്തും എന്നുറപ്പ്.

സെക്കന്റ്‌ ഷോ റേറ്റിംഗ്: 6.20 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം:
7 / 10 [ഗുഡ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 18.5 / 30 [6.2 / 10]

സംവിധാനം: ശ്രീനാഥ് രാജേന്ദ്രന്‍
നിര്‍മ്മാണം: എ.ഓ.പി.എല്‍. എന്റര്‍ടെയിന്‍മെന്റ്സ്
കഥ, തിരക്കഥ, സംഭാഷണം: വിനി വിശ്വലാല്‍
ചായാഗ്രഹണം: പപ്പു
ചിത്രസന്നിവേശം: പ്രവീണ്‍ എല്‍, ശ്രീകാന്ത് എന്‍.ബി
വരികള്‍: കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സുധി വെണമണ്ണൂര്‍
സംഗീതം: നിഖില്‍ രാജന്‍, അവിയല്‍ ബാന്‍ഡ്
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
സംഘട്ടനം: മാഫിയ ശശി 

14 Feb 2012

ഉന്നം

2011ല്‍ റിലീസ് ചെയ്ത മലയാള സിനിമകളില്‍ ഏറെ ശ്രദ്ധിക്കപെടുകയും പ്രേക്ഷകപ്രീതി നേടി വിജയിക്കുകയും ചെയ്ത സിനിമകളാണ് ട്രാഫിക്കും, സോള്‍ട്ട് ആന്‍ഡ്‌ പെപ്പറും. ഈ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ആസിഫ് അലി, ശ്രീനിവാസന്‍, ലാല്‍ എന്നിവരെ ഒന്നിപ്പിച്ചു കൊണ്ട് സിബി മലയില്‍ അണിയിച്ചൊരുക്കിയ സിനിമയാണ് ഉന്നം. മര്‍ഡര്‍-2 എന്ന ഹിന്ദി സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത മലയാളി പ്രശാന്ത്‌ നാരായണനും ഈ സിനിമയില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. കറന്‍സി എന്ന സിനിമയുടെ സംവിധായകനും മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ എന്ന സിനിമയുടെ തിരക്കഥ രചയ്താവുമായ സ്വാതി ഭാസ്കറാണ് ഉന്നം സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. കുനിയില്‍ പ്രൊഡക്ഷന്സും ആര്‍.ആര്‍ എന്റര്‍ടൈന്‍മെന്റ്സും വേണ്ടി നൗഷാദ്, ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഉന്നം സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അജയന്‍ വിന്‍സെന്റാണ്. ബിജിത്ത് ബാലയാണ് ചിത്രസന്നിവേശം.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൈവേ റോഡില്‍ നിര്‍ത്തിയിട്ടിരുക്കുന്ന ലോറിയില്‍ നിന്നും പോലിസ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണയ്ക്ക് 5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ലഭിക്കുന്നു. ആ മയക്കുമരുന്ന് കച്ചവടം ചെയ്തു പണം സമ്പാദിക്കുവനായി ബാലകൃഷ്ണ അയാളുടെ സുഹൃത്ത്‌ സണ്ണിയെ ഫോണില്‍ വെളിക്കുന്നു. ഭാര്യയുടെ മരണത്തിനു ശേഷം മയക്കുമരുന്ന് കച്ചവടവും കള്ളക്കടത്തുമൊക്കെ ഉപേക്ഷിച്ചു കേരളത്തില്‍ ജീവിക്കുന്ന സണ്ണിയുടെ അവശേഷിക്കുന്ന ഏക ആഗ്രഹം മകനെ പോലെ സ്നേഹിക്കുന്ന അലോഷിയ്ക്ക് നല്ലൊരു ജീവിതം നല്‍ക്കുക എന്നതാണ്. അതിനു വേണ്ടി ഒരിക്കല്‍ക്കൂടി സണ്ണി ബാലകൃഷ്ണയുടെ ആവശ്യപ്രകാരം മയക്കുമരുന്ന് കച്ചവടം ചെയ്തു കൊടുക്കുവാന്‍ തീരുമാനിക്കുന്നു. മയക്കുമരുന്ന കച്ചവടം ചെയ്യുവാന്‍ സണ്ണിയെ സഹായിക്കുന്നതിനായി അയാള്‍ ആലോഷിയെയും, ടോമിയും, മുരുകന്‍ അണ്ണനെയും ബഷീറിനെയും കൂടെ കൂട്ടുന്നു. മയക്കുമരുന്ന് കച്ചവടം ചെയ്തു കിട്ടുന്ന ലാഭം ഇവരെല്ലാം തുല്യമായി വീതിക്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ, സണ്ണിയും ആലോഷിയും മുരുകന്‍ അണ്ണനും, ടോമിയും ബഷീറും ഒരു ലക്ഷ്യത്തിനായി ഒരുമിക്കുന്നു. 

മയക്കുമരുന്ന് കച്ചവടം ചെയ്തു കോടികണക്കിന് പണം സമ്പാദിക്കുക എന്ന ലക്‌ഷ്യം പൂര്‍ത്തികരിക്കുന്നതിനിടയില്‍ അന്ജംഗ സംഘത്തിലെ ഒരുവന്‍ എല്ലാവരെയും കബളിപ്പിച്ചു കൊണ്ട് പണം മുഴുവന്‍ മോഷ്ടിക്കുന്നു. ഈ സംഭവിത്തിനു ശേഷം സണ്ണിയുടെയും ആലോഷിയുടെയും ടോമിയുടെയും മുരുഗന്‍ അണ്ണന്റെയും ബഷീറിന്റെയും ജീവിതം എങ്ങനെയൊക്കെ ആകുന്നു എന്നതാണ് ഈ സിനിമയുടെ കഥ. ആരാണ് അവരെ കബളിപ്പിച്ചത്? എന്തിനാണ് അയാള്‍ അത് ചെയ്തത് എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ബാലകൃഷ്ണയായി ശ്രീനിവാസനും, സണ്ണിയായി ലാലും, ആലോഷിയായി ആസിഫ് അലിയും, ടോമിയായി ഹിന്ദി സിനിമ നടന്‍ പ്രശാന്ത്‌ നാരായണനും, മുരുഗന്‍ അണ്ണനായി നെടുമുടി വേണുവും, ബഷീറായി പുതുമുഖ നടനുമാണ്‌ അഭിനയിച്ചിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
കറന്‍സി എന്ന സിനിമയുടെ രചയ്താവും സംവിധായകനുമായ സ്വാതി ഭാസ്കറിന്റെ രചനയില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ഉന്നം. കറന്‍സി, മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ എന്നീ സിനിമകളാണ് സ്വാതി ഭാസ്കറിന്റെ രചനയിലുള്ള മറ്റു സിനിമകള്‍. കള്ളനോട്ടും ഗൂണ്ട സംഘങ്ങളും പ്രധാന വിഷയമായ കറന്‍സിയ്ക്ക് ശേഷം ഒരു കുടുംബ കഥയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി സ്വാതി ഭാസ്കര്‍ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ മൂന്നാമത് സിനിമയായ ഉന്നം കൈകാര്യം ചെയ്യുന്ന വിഷയം മേല്‍പറഞ്ഞവയില്‍ നിന്നും വ്യതെസ്തമാണ്. ജോണി ഗദ്ദാര്‍ എന്ന ഹിന്ദി സിനിമയുടെ ഔദ്യോഗികമായ റീമേക്കാണ് ഈ സിനിമ. ഏതു മാര്‍ഗത്തിലൂടെയും പണം സമ്പാദിക്കുക എന്ന ആഗ്രഹവുമായി ജീവിക്കുന്ന കുറെ മനുഷ്യരാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നത്. മലയാള സിനിമയില്‍ എന്നുവരെ ആരും പരീക്ഷിക്കാന്‍ തയ്യാറാവാത്ത ഒരു കഥ തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിച്ചതിന് സ്വാതി ഭാസ്കറും സിബി മലയിലും അഭിനന്ദനം അര്‍ഹിക്കുന്നു. ഏതൊരു കഥയാണെങ്കിലും കഴമ്പുള്ള തിരക്കഥയിലെങ്കില്‍ ആ സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകാന്‍ സാധ്യതയില്ല. ഉന്നം സിനിമയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. വ്യതസ്തമായ കഥയാണെങ്കിലും, തിരക്കഥയിലുള്ള അപാകതകള്‍ സിനിമയെ ദോഷകരമായി ബാധിച്ചു. ഉന്നം സിനിമയില്‍ പ്രധാന വഴിത്തിരിവ് ഉണ്ടാകുന്ന ഒരുപാട് രംഗങ്ങളുടെ സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കുന്നു. ത്രില്ലിംഗ് ആയ രംഗങ്ങള്‍ പ്രതീക്ഷിച്ചു സിനിമ കാണുന്ന പ്രേക്ഷരെ നിരാശപെടുത്തുന്ന കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ ഭൂരിഭാഗവും. ഉന്നം സിനിമ പരാജയപെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി തിരക്കഥകൃത്ത് സ്വാതി ഭാസ്കര്‍ തന്നെയാണ്.
  

സംവിധാനം: ആവറേജ്
മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 1980-90കളില്‍ ഒട്ടേറെ കുടുംബ കഥകള്‍ സംവിധാനം ചെയ്ത സിബി മലയിലിന്റെ പുതിയ സിനിമയാണ് ഉന്നം. അപൂര്‍വ രാഗവും വയലിനും ശേഷം ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ ഉന്നവും ഒരു പരീക്ഷണ സിനിമ തന്നെ. ജോണി ഗദ്ദാര്‍ എന്ന ഹിന്ദി സിനിമയിലെ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അതേപടി ഈ സിനിമയില്‍ പകര്‍ത്തിയിരിക്കുന്നു. സിബി മലയിലിനെ പോലെ പരിചയസമ്പത്തുള്ള ഒരു സംവിധായകന് സ്വാതി ഭാസ്കര്‍ എഴുതിയ തിരക്കഥയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് ഈ സിനിമ മോശമാകാന്‍ പ്രധാന കാരണം. 


അതുപോലെ തന്നെ, ഈ സിനിമയിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തതും അവരുടെ അഭിനയവും സിബി മലയില്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. ശ്രീനിവാസനെ പോലെ ഒരു നടനെ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയില്‍ അദേഹത്തിന് സംവിധായകന്‍ നല്കിയിരികുന്നത്. ആസിഫ് അലിയെ പോലെ താരതമ്യേന പുതുമുഖ നടനു കൈകാര്യം ചെയ്യാന്‍ വിഷമമുള്ള കഥാപാത്രമാണ് ഈ സിനിമയിലെ അലോഷി. ഈ പോരായ്മകള്‍ക്ക് ആക്കം കൂട്ടുവാനായി സിബി മലയില്‍ കണ്ടുപിടിച്ച പുതുമുഖ സംഗീത സംവിധായകനാണ് ജോണ്‍. പി.വര്‍ക്കി. ഈ സിനിമയിലെ പാട്ടുകളുടെ വരികള്‍ എന്താണ് എന്ന് മനസിലാക്കണമെങ്കില്‍ ഈ സിനിമ പത്ത് പ്രാവശ്യമെങ്കിലും കാണണം. മേല്പറഞ്ഞ കുറവുകളൊക്കെ ഈ സിനിമയില്‍ ഉണ്ടെങ്കിലും പ്രശാന്ത്‌ നാരായണന്‍ എന്ന ഹിന്ദി നടനെ പ്രേക്ഷകര്‍ക്ക്‌ പരിച്ചയപെടുത്തിയത്തിനു സിബിയ്ക്ക് നന്ദി. മലയാള സിനിമയിലേക്ക് ശക്തനായ ഒരു വില്ലനെ സംഭാവന ചെയ്തിരിക്കുന്ന സംവിധായകന്‍ സിബി മലയില്‍. ഈ സിനിമ രണ്ടു മണിക്കൂര്‍ കണ്ടു മുഴുവിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ സാധിച്ചത് സിബി മലയിലിന്റെ സംവിധാന പാടവം തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല.   

സാങ്കേതികം: എബവ് ആവറേജ്
ഡാം 999 എന്ന സിനിമയ്ക്ക് ശേഷം അജയന്‍ വിന്‍സെന്റ്‌ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് ഉന്നം. മികച്ച വിഷ്വല്‍സ് ഒരുക്കി സിനിമയുടെ കഥാഗതിയില്‍ വേഗത കൊണ്ടുവരാന്‍ ശ്രമിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ, മികച്ച രീതിയില്‍ സെറ്റുകള്‍ ഉണ്ടാക്കി കലാസംവിധാനം നിര്‍വഹിച്ച സമീറ സനീഷും മികവു പുലര്‍ത്തി. സിനിമയുടെ തുടക്കത്തില്‍ കഥാപാത്രങ്ങളെ പരിച്ചയപെടുത്തുന്ന രംഗങ്ങള്‍ മികച്ച രീതിയില്‍ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ബിജിത്ത് ബാലയാണ്. ഈ സിനിമയിലെ പാട്ടുകള്‍ ഒഴികെ മറ്റെല്ലാ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നവരും മോശമാക്കാതെ ഈ സിനിമയ്ക്ക് വേണ്ടി ജോലികള്‍ ചെയ്ത്തിട്ടുണ്ട്.
 

അഭിനയം: ആവറേജ്
മലയാള സിനിമയിലെ കഴിവുള്ള നടന്മാരായ നെടുമുടി വേണുവും, ശ്രീനിവാസനും, ലാലും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചു. പക്ഷെ ശ്രീനിവാസനെയോ നെടുമുടിയിനെയോ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളാണ് ഇരുവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ
സിനിമയിലെ നായകതുല്യമായ വേഷം അഭിനയിച്ചിരിക്കുന്ന ആസിഫ് അലിയും നിരാശപെടുത്തി. ഹിന്ദി സിനിമയിലെ വില്ലന്‍ പ്രശാന്ത്‌ നാരായണന്‍ ആദ്യ മലയാള സിനിമയാണ് ഉന്നം. പ്രശാന്തിന്റെ ഭാവങ്ങളും ഹിന്ദി ഭാഷ കലര്‍ന്ന മലയാള ഉച്ചാരണവും ഒരു വില്ലന്റെ രൂപഭാവം നല്‍ക്കുന്നു. ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് പ്രശാന്ത് നാരായണനാണ്. ആസിഫ് അലി, ലാല്‍, ശ്രീനിവാസന്‍, പ്രശാന്ത്‌ നാരായണന്‍, നെടുമുടി വേണു, രാജേഷ്‌ ഹെബ്ബാര്‍, ചെമ്പില്‍ അശോകന്‍, ശശി കലിംഗ, കലാഭവന്‍ ഷാജോണ്‍, മനു നായര്‍, റീമ കല്ലിങ്ങല്‍, ശ്വേത മേനോന്‍, കെ.പി.എ.സി.ലളിത, ചിത്ര അയ്യര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പുതുമയുള്ള കഥ
2. പ്രശാന്ത്‌ നാരായണന്‍, ലാല്‍ എന്നിവരുടെ അഭിനയം
3. അതിയശ്യോക്തി ഇല്ലാത്ത രംഗങ്ങള്‍
4. അജയന്‍ വിന്‍സെന്റ് ഒരുക്കിയ ഫ്രെയിമുകള്‍, സമീറ സനീഷിന്റെ കലാസംവിധാനം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സ്വാതി ഭാസ്കര്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍
2. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
3. ആസിഫ് അലി, ശ്രീനിവാസന്‍ എന്നിവര്‍ക്ക് അനിയോജ്യമ
ല്ലാത്ത കഥാപാത്രങ്ങള്‍
4. കഥയില്‍ യാതൊരു ആവശ്യവുമില്ലാത്ത പാട്ടുകള്‍
5. പാട്ടിന്റെ വരികള്‍, സംഗീത സംവിധാനം
 


ഉന്നം റിവ്യൂ: മലയാളി സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പോലെയുള്ള പുതുമ നിറഞ്ഞ കഥയാണ് ഈ സിനിമയുടെതെങ്കിലും, ആ കഥയ്ക്ക്‌ അനിയോജ്യമല്ലാത്തതും അവിശ്വസനീയവുമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയ തിരക്കഥകൃത്ത് സ്വാതി ഭാസ്കറിനും, സസ്പെന്‍സ് ഇല്ലാത്ത കഥാഗതിയും ത്രില്ലടിപ്പിക്കാത്ത രംഗങ്ങളും ചിത്രീകരിച്ച സംവിധായകന്‍ സിബി മലയിലിനും ഉന്നം പിഴച്ചു.

ഉന്നം റേറ്റിംഗ്: 4.50 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 13.5 / 30 [4.5 / 10]


സംവിധാനം: സിബി മലയില്‍
നിര്‍മ്മാണം: നൗഷാദ്, ബഷീര്‍
കഥ, തിരക്കഥ, സംഭാഷണം: സ്വാതി ഭാസ്കര്‍
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: ബിജിത്ത് ബാല
വരികള്‍: റഫീക്ക് അഹമീദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ജോണ് പി.വര്‍ക്കി
സംഘട്ടനം: മാഫിയ ശശി
വസ്ത്രാലങ്കാരം: സമീറ സനീഷ്

11 Feb 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ

കാര്‍ത്തിക് വിഷന്‍സിനു വേണ്ടി കെ.എസ്.ചന്ദ്രന്‍ നിര്‍മ്മിച്ച്‌ കുമാര്‍ നന്ദ കഥയെഴുതി, സ്വാതി ഭാസ്കര്‍ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി കഥാകൃത്ത്‌ കുമാര്‍ നന്ദ തന്നെ സംവിധാനം ചെയ്ത സിനിമയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ. മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടിയായി അഭിനയിക്കുന്നത് അനൂപ്‌ മേനോനാണ്. നേമം എന്ന സ്ഥലത്തെ ഒരു സര്‍കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ മാധവന്‍കുട്ടിയുടെ മുല്ലശ്ശേരി തറവാട്ടില്‍, മാധവന്‍കുട്ടിയുടെ അമ്മ പാര്‍വതിയമ്മയും ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍കുട്ടിയുടെ കൂടെയുള്ളത്. നേമം എന്ന സ്വന്തം നാട്ടില്‍ തന്നെ ഒരു വീട് വെയ്ക്കണം എന്ന ആഗ്രഹമുള്ള മാധവന്‍കുട്ടി അതിനു വേണ്ടി പണമെല്ലാം സൂക്ഷിച്ചുവെയ്ക്കുന്നു. അങ്ങനെയിരിക്കെയാണ് ഒരു പ്രത്യേക സാഹചര്യത്തില്‍ മാധവന്‍കുട്ടി ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. സിനിമയോട് സ്നേഹമുള്ള മാധവന്‍കുട്ടി ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ അഭിനയിക്കാറുമുണ്ട്. സിനിമ വ്യവസായത്തെ കുറിച്ചൊന്നും അറിയാത്ത മാധവന്‍കുട്ടിയ്ക്ക് സിനിമ നിര്‍മ്മാണത്തെ തുടര്‍ന്ന് അയാളുടെ പണമെല്ലാം നഷ്ടമാകുന്നു. അങ്ങനെ, പണവും സ്വത്തും സ്ഥലവും, വീട്ടുകാരെയും നഷ്ടപെടുന്ന മാധവന്‍കുട്ടി ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്തു അയാളുടെ നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കുന്നതുമാണ് ഈ സിനിമയുടെ കഥ. 

കഥ, തിരക്കഥ: ബിലോ ആവറേജ്
കറന്‍സി എന്ന സിനിമയുടെ സംവിധായകന്‍ സ്വാതി ഭാസ്കറാണ് മുല്ലശ്ശേരി മാധവന്‍കുട്ടിയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. സിനിമയ്ക്കുളിലെ സിനിമ എന്ന കഥാതന്തു വീണ്ടും പ്രധാന കഥയാവുകയാണ് ഈ സിനിമയിലൂടെ. സിനിമ വ്യവസായത്തെ കുറിച്ച് ഒന്നുമറിയാത്ത ഒരു സാധാരണക്കാരന്‍ സിനിമ നിര്‍മ്മിച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതാണ് ഈ സിനിമയുടെ കഥ. സിനിമയിലെ സമരവും പണത്തിന്റെ അധിക ചിലവോക്കെ ദോഷകരമായി ബാധിക്കുന്ന മാധവന്‍കുട്ടി, അയാളുടെ സ്വത്തും പണവും കുടുംബവും എല്ലാം നഷ്ടപെടുത്തി സിനിമ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുന്നു. സിനിമയുടെ രണ്ടാം പകുതിയില്‍ നഷ്ടപെട്ടത്തെല്ലാം വീണ്ടെടുക്കുവനായി മാധവന്‍കുട്ടി നടത്തുന്ന ശ്രമങ്ങളും അയാള്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നതാണ്‌ ക്ലൈമാക്സ്. ഈ കഥ കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുനുണ്ടെങ്കിലും, ഈ സിനിമയിലെ കഥസന്ദര്‍ഭങ്ങളും, സംവിധായകന്റെ പരിചയകുറവും ഈ സിനിമയെ ഇല്ലാതാക്കി എന്ന് തന്നെ പറയേണ്ടിവരും. സിനിമയുടെ തുടക്കത്തില്‍ ഭാര്യയും മകളും അമ്മയുമായുള്ള രംഗങ്ങള്‍ കണ്ടാല്‍ ചില മോഹന്‍ലാല്‍ സിനിമകള്‍ ഓര്‍മയില്‍ വരും.
സിനിമയുടെ രണ്ടാം പകുതിയില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ വേണ്ടി മാധവന്‍കുട്ടി അനുഭവിക്കുന്ന തത്രപാടുകള്‍ കണ്ടാല്‍ ഉദയനാണ് താരം എന്ന സിനിമയും ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയും ഓര്‍ത്തുപോകും. കറന്‍സി എന്ന കന്നി സിനിമയിലൂടെ ഏറെ പ്രതീക്ഷ നല്‍ക്കിയ സ്വാതി ഭാസ്കര്‍ ഈ സിനിമയിലൂടെ പ്രേക്ഷകരെ നിരാശപെടുത്തി എന്നതില്‍ യാതൊരു സംശയവുമില്ല.

സംവിധാനം: മോശം
മലയാള സിനിമ പുതിയൊരു വഴിത്തിരിവിലൂടെ സഞ്ചരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പഴഞ്ജന്‍ കഥയുമായി സിനിമയെടുക്കാന്‍ തീരുമാനിച്ച കുമാര്‍ നന്ദയ്ക്ക് മോശമായ തുടക്കമാണ് ലഭിച്ചത്. കുറെ നവാഗത സംവിധായകര്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചു വിജയിക്കുമ്പോള്‍, കുമാര്‍ നന്ദ എന്ന സംവിധായകന്റെ
സിനിമ ഒരു സമ്പൂര്‍ണ പരാജയമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സിനിമയുടെ തിരക്കഥ മോശമാണെങ്കില്‍ കൂടി വേറിട്ട അവതരണത്തിലൂടെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകേണ്ടത് സംവിധായകന്റെ ഉത്തരവാദിത്വം ആണ്. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍ക്ക് പുതിയ അവതരണ രീതി നല്‍ക്കാന്‍ തയ്യാറാകാത്ത ഒരു സംവിധായകന്‍ ഇന്നത്തെ സിനിമ പ്രേക്ഷകരുടെ ഇഷ്ടങ്ങളൊന്നും മനസ്സിലാക്കാതെയാണ് ഈ സിനിമ സംവിധാനം ചെയ്തത്.

സാങ്കേതികം: ബിലോ ആവറേജ്
നവാഗതനായ ശിവകുമറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലുടനീളം പല രംഗങ്ങളിലും കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ് ഔട്ട്‌ ആകുന്നത് കാണാം. ചിത്രസന്നിവേശം നിര്‍വഹിച്ച പ്രജിഷിനും പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ല. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ യേശുദാസ് ആലപിച്ച ഗിരീഷ്‌ പുത്തഞ്ചേരി-രവീന്ദ്രന്‍ മാഷ് ടീമിന്റെ പാതിമായും ചന്ദ്രലേഖേ... എന്ന തുടങ്ങുന്ന പാട്ടോഴികെ വേറൊരു പറ്റും മികവു പുലര്‍ത്തിയില്ല. കണ്ണാരം പൊത്തി കളിചിടാം..., എവരിബഡി...എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ ചിട്ടപെടുത്തിയിരിക്കുന്നത് രതീഷ്‌ വേഗയാണ്. ഈ സിനിമയ്ക്ക് വേണ്ടി നല്ല സെറ്റുകള്‍ ഒരുക്കുകയും മുല്ലശ്ശേരി തറവാട് വീട് ഒരുക്കുകയും ചെയ്ത കലാസംവിധായകന്‍ അനീഷ്‌ കൊല്ലം മികവു പുലര്‍ത്തി.


അഭിനയം: ആവറേജ്
ബ്യൂട്ടിഫുളിനു ശേഷം അനൂപ്‌ മേനോന്‍ അഭിനയിച്ച മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന ഈ സിനിമയില്‍ എല്ലാ വികാരങ്ങളും തന്മയത്തത്വോടെ അവതരിപിച്ചു കൊണ്ട് അനൂപ്‌ മേനോന്‍ മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുന്നു.
ഏതൊരു നടനും തന്റെതായുള്ള ശൈലി അഭിനയത്തില്‍ കൊണ്ടുവരാതെ ഒരു നല്ല നടന്‍ എന്ന അഭിപ്രായം നേടാന്‍ കഴിയില്ല. സിനിമയിലുടനീളം മോഹന്‍ലാലിനെ പോലെ ചിരിച്ചും കളിച്ചും ചിന്തിപിച്ചും കരയിപ്പിച്ചും അനൂപ്‌ അഭിനയിച്ച രംഗങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം മോഹന്‍ലാലിനെ പോലെ അഭിനയിക്കുവാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണോ എന്ന് തോന്നിപോകും.അനൂപ്‌ മേനോനെ കൂടാതെ പുതുമുഖം സോണല്‍ ദേവരാജ്, ബാലാ, നിഷാന്ത് സാഗര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ജനാര്‍ദനന്‍, നന്ദു, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഷിജു, കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി.ലളിത, സോണിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പാതിമായും ചന്ദ്രലേഖ എന്ന പാട്ട് [ഗിരീഷ്‌ പുത്തഞ്ചേരി-രവീന്ദ്രന്‍ മാഷ്]
2. അനൂപ്‌ മേനോന്‍



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സ്വാതി ഭാസ്കര്‍ എഴുതിയ തിരക്കഥ
2. കുമാര്‍ നന്ദയുടെ സംവിധാനം
3. ശിവകുമാറിന്റെ ചായാഗ്രഹണം


മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ റിവ്യൂ: സിനിമ വ്യവസായത്തെ കുറിച്ചൊന്നും അറിയാത്ത സിനിമ സ്നേഹിയായ ഒരു സാധാരണക്കാരന്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയാല്‍ എന്തെല്ലാം സംഭവിക്കാം എന്ന കഥയെ ബോറന്‍ കഥാസന്ദര്‍ഭങ്ങളിലൂടെയും പരിതാപകരമായ സംവിധാനത്തിലൂടെയും നശിപ്പിച്ച സിനിമയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ. പാവം അനൂപ്‌ മേനോന്‍!

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ റേറ്റിംഗ്: 2.80 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 8.5 / 30 [2.8 / 10]

 
കഥ, സംവിധാനം: കുമാര്‍ നന്ദ
തിരക്കഥ, സംഭാഷണം: സ്വാതി ഭാസ്കര്‍
നിര്‍മ്മാണം: കെ.എസ്.ചന്ദ്രന്‍
ബാനര്‍: കാര്‍ത്തിക് വിഷന്‍
ചായാഗ്രഹണം: ശിവരാമന്‍
ചിത്രസന്നിവേശം: പ്രജീഷ്
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി
[പാതിമായും ചന്ദ്രലേഖേ...], അനില്‍ പനച്ചൂരാന്‍ [കണ്ണാരം പൊത്തി..., എവരിബഡി...]
സംഗീതം: രവീന്ദ്രന്‍ മാഷ്[പാതിമായും ചന്ദ്രലേഖേ...] , രതീഷ്‌ വേഗ[കണ്ണാരം പൊത്തി..., എവരിബഡി...]
പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ

10 Feb 2012

ഞാനും എന്റെ ഫാമിലിയും


പ്രശസ്ത സീരിയല്‍ സംവിധായകന്‍ കെ.കെ.രാജീവ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഞാനും എന്റെ ഫാമിലിയും. കുടുംബപ്രേക്ഷകരുടെ പ്രിയ നായകന്‍ ജയറാം നായകനാകുന്ന ഞാനും എന്റെ ഫാമിലിയും നിര്‍മ്മിച്ചിരിക്കുന്നത് സെവന്‍ ആര്‍ട്സ് ഫിലിംസിന് വേണ്ടി ജി.പി.വിജയകുമാറാണ്. ചെറിയാന്‍ കല്പകവടിയുടെ തന്നെ കഥയ്ക്ക്‌ അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വൈദി എസ്. പിള്ളയാണ്. ജയറാം അവതരിപ്പിക്കുന്ന ഡോക്ടര്‍ ദിനനാഥന്‍, ദിനനാഥന്റെ ഭാര്യ ഡോക്ടര്‍ പ്രിയ(മമ്ത മോഹന്‍ദാസ്‌), ബിസിനെസ്സുകാരന്‍ ജോണ്‍ പാലേക്കുന്നില്‍(മനോജ്‌ കെ.ജയന്‍), ജോണിന്റെ ഭാര്യ സോഫിയ(മൈഥിലി) എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. 

പ്രഗല്‍ഭനായ ഡോക്ടര്‍ ദിനനാഥനും ഭാര്യ പ്രിയയും അവരുടെ രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം സന്തോഷകരമായി ജീവിക്കുന്നതിനിടയിലാണ് ഹൃദ്രോഗിയായ ജോണ് പാലേക്കുന്നില്‍ ചികിത്സ ലഭിക്കുവാനായി ദിനനാഥനെ സമീപിക്കുന്നത്. ഒട്ടുമിക്ക എല്ലാ ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗാവസ്ഥയാണ് ജോണിന്റെത്. ആ അവസ്ഥയിലാണ് ഏതു മാരക ഹൃദ്രോഗവും മാറ്റാന്‍ കഴിവുള്ള ദിനനാഥനെ തേടി ജോണും ഭാര്യ സോഫിയയും എത്തുന്നത്. ആദ്യമൊക്കെ ജോണിന്റെ ചികിത്സയില്‍ ശ്രദ്ധിക്കുന്ന ദിനനാഥന്‍, അയാളുടെ മുന്‍കാല കാമുകിയായ സോഫിയയയാണ് ജോണിന്റെ ഭാര്യ എന്നറിയുന്നത്തോടെ ചികിത്സയിലും  സ്വകാര്യ ജീവിതത്തിലും പൂര്‍ണമായും ശ്രദ്ധിക്കാന്‍ പറ്റാതെ അസ്വസ്ഥനാകുന്നു. ഈ മാനസിക സംഘര്‍ഷനത്തിനിടയിലും ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗിയുടെ സംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്ന ദിനനാഥന്‍, ജോണിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നു.  പക്ഷെ, മാരകമായ ഹൃദ്രോഗത്തിന് അടിമയായ ജോണ്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മരിക്കുന്നു. താന്‍ മരിക്കുകയാണെങ്കില്‍ സോഫിയയുടെ മാനസികനില തകരുമെന്നും, അതില്‍ നിന്നും അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നും അഭ്യര്‍ഥിച്ചു കൊണ്ട് ജോണ് എഴുതിയ കത്ത് ദിനനാഥനു ലഭിക്കുന്നു. മനുഷ്യ സ്നേഹിയായ ദിനനാഥന്‍ ജോണിന്റെ ആഗ്രഹപ്രകാരം മുന്‍കാല കാമുകി സോഫിയയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. അതോടെ, ദിനനാഥനും സോഫിയയും തമ്മില്‍ അടുപ്പത്തിലാകുകയും അവര്‍ തമ്മില്‍ ദാമ്പത്യ ജീവിതം ആരംഭിക്കുകയും ചെയുന്നു. അങ്ങനെ ദിനനാഥന് രണ്ടു കുടുംബം ഉണ്ടാകുകയും അതിനിടയില്‍ അകപെട്ടു കഷ്ടപെടുന്ന ദിനനാഥന്റെ ജീവിത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള കഥ.

കഥ-തിരക്കഥ: ബിലോ ആവറേജ്
ഒരുപാട് കുടുംബകഥകള്‍ എഴുതിയ തിരക്കഥ രചയ്താവ് ചെറിയാന്‍ കല്പകവാടിയുടെ രചനയാണ് ഞാനും എന്റെ ഫാമിലിയും എന്ന കെ.കെ. രാജീവ്‌ ക-ജയറാം സിനിമ. എല്ലാ സുഖസൗകര്യങ്ങളുമായി ജീവിക്കുന്ന ഒരു ഡോക്ടര്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ മറ്റൊരു സ്ത്രീയുമായി അടുക്കുകയും, ആ ബന്ധം ഡോക്ടറിന്റെ ഭാര്യ അറിയുകയും, തുടര്‍ന്ന് അയാള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് ഈ സിനിമയുടെ പ്രധാന കഥ. ടെലിവിഷന്‍ സീരിയലുകള്‍ ഇഷ്ടപെടുന്ന സ്ത്രീ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടാണ് ചെറിയാന്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് സിനിമ കാണുമ്പോള്‍
ഏതൊരു പ്രേക്ഷകനും മനസ്സിലാകും. സീരിയലുകള്‍ സ്ഥിരമായി കാണുന്ന സ്ത്രീകള്‍ക്ക് ഇഷ്ടമാകുന്ന ഘടകങ്ങള്‍ ഉള്പെടുത്തുന്ന കാര്യത്തില്‍ വിജയിച്ച ചെറിയാന്‍ കല്പകവാടി, ഒരു നല്ല സിനിമ ഉണ്ടാക്കുന്നതില്‍ പരാജയപെട്ടു. 1984 മലയാളത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ "മുഹൂര്‍ത്തം 11.30നു", 1970 കളില്‍ മധു, രാഘവന്‍, ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച "ഹൃദയം ഒരു ക്ഷേത്രം" എന്ന സിനിമകളുടെ കഥയുമായി സാമ്യമുള്ള കഥയാണ് ഞാനും എന്റെ ഫാമിലിയും. മേല്പറഞ്ഞ സിനിമകള്‍ കണ്ട കുടുംബപ്രേക്ഷകര്‍ക്ക്‌ ഞാനും എന്റെ ഫാമിലിയും കാണുമ്പോള്‍ യാതൊരു പുതുമയും തോന്നുകയില്ല.

സംവിധാനം: ബിലോ ആവറേജ്
ടെലിവിഷന്‍ സീരിയലുകള്‍ നിരവധി സംവിധാനം ചെയ്തിട്ടുള്ള കെ.കെ രാജീവിന്റെ ആദ്യ സിനിമ സംരംഭമാണ് ഞാനും എന്റെ ഫാമിലിയും. കെ.കെ രാജീവ്‌ എന്ന സംവിധായകന്റെ ആദ്യ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് സീരിയല്‍ പോലുള്ള ഒരു സിനിമയാണ് എങ്കില്‍, ആ കാര്യത്തില്‍ കെ.കെ.രാജീവ്‌ വിജയിച്ചിരിക്കുന്നു. സീരിയല്‍ കഥകളോട് സാമ്യമുള്ള ഒരു കഥ തിരഞ്ഞെടുത്തു സിനിമയാക്കാന്‍ അദ്ദേഹം തീരുമാനിച്ചതിന്റെ കാരണവും അത് തന്നെ എന്ന് കരുതാം. പക്ഷെ, മലയാള സിനിമകളില്‍ തന്നെ മുമ്പ് കണ്ടിട്ടുള്ള അതെ കഥ വീണ്ടും സിനിമയാക്കാന്‍ ശ്രമിച്ചത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപെടുത്തുന്നു. ഹൃദയം ഒരു ക്ഷേത്രം എന്ന പഴയകാല സിനിമയുടെ കഥ പകര്‍ത്തുന്നതിലും ഭേദം, ആ സിനിമ
കെ.കെ.രാജീവ്‌ റീമേക് ചെയ്യുന്നതായിരുന്നു. കണ്ടുമടുത്ത കഥയാണെങ്കിലും സിനിമയുടെ ആദ്യ പകുതി മോശമാക്കാതെ സംവിധാനം ചെയ്യുവാന്‍ കെ.കെ.രാജീവ്‌ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, സിനിമയുടെ രണ്ടാം പകുതിയില്‍ സംവിധായകന്റെ കഴിവുകേടുകള്‍ വെളുവകുന്ന തരത്തില്‍ സിനിമയുടെ കഥ ഇഴഞ്ഞുനീങ്ങുകയും, ക്ലൈമാക്സ് പ്രവചിക്കനാകുകയും ചെയുന്നതോടെ ഈ സിനിമ വെറും ശരാശരി നിലവാരത്തില്‍ പോലും എത്താതെ അവസാനിക്കുന്നു. 

സാങ്കേതികം: ആവറേജ്
മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കിയ വൈദി എസ്.പിള്ളയുടെ വിഷ്വല്‍സ് പ്രേക്ഷകര്‍ക്ക്‌ ആശ്വാസം പകരുന്നു. ആ ദ്രിശ്യങ്ങള്‍ കൂടിയോജിപ്പിച്ചത് വിനോദ് സുകുമാരനാണ്. രാജീവ്‌ ആലുങ്കല്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ കുങ്കുമ പൂവിതളില്‍ എന്ന്‍ തുടങ്ങുന്ന ഗാനം മികവു പുലര്‍ത്തുന്നു.

അഭിനയം: എബവ് ആവറേജ്
മനുഷ്യസ്നേഹിയായ ഡോക്ടര്‍
ദിനനാഥന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായി അവതരിപ്പിച്ച ജയറാം ആ കഥാപാത്രത്തിനോട് നൂറു ശതമാനം നീതിപുലര്‍ത്തിയിരിക്കുന്നു. അതുപോലെ തന്നെ മനോജ്‌ കെ.ജയനും, ജഗതി ശ്രീകുമാറും മൈഥിലിയും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. ഇവരെ കൂടാതെ, മമ്ത മോഹന്‍ദാസ്‌, നെടുമുടി വേണു, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
    
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ജയറാമിന്റെ അഭിനയം
2.വൈദി എസ്. പിള്ളയുടെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സീരിയലുകളും മുന്‍കാല മലയാള സിനിമകളിലും കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും
2. ചെറിയാന്‍ കല്പകവാടി എഴുതിയ ബോറടിപ്പിക്കുന്ന തിരക്കഥ 
3. പരിചയകുറവ് വെളിവാകുന്ന രീതിയിലുള്ള കെ.കെ.രാജീവിന്റെ സംവിധാനം  

 

ഞാനും എന്റെ ഫാമിലിയും റിവ്യൂ: മലയാള ടെലിവിഷന്‍ സീരിയലുകളില്‍ കാണുന്ന പോലെയുള്ള കഥയും സംവിധാനവും അവതരണവും കണ്ടിരിക്കാന്‍ പ്രയാസമില്ലാത്ത പ്രേക്ഷകര്‍ക്കും, ജയറാമിനെ  സ്നേഹിക്കുന്ന കുടുംബ കഥകള്‍ ഇഷ്ടമാകുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടാമയേക്കാം ഈ സിനിമ.
 
ഞാനും എന്റെ ഫാമിലിയും റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10]

 
സംവിധാനം: കെ.കെ.രാജീവ്‌
കഥ,തിരക്കഥ,സംഭാഷണം: ചെറിയാന്‍ കല്പകവാടി
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് ഫിലിംസ് ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: വൈദി എസ്. പിള്ള
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍
സംഗീതം: എം.ജി.ശ്രീകുമാര്‍

27 Jan 2012

കാസനോവ

3 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ ആകാംഷയോടെ കാണുവാന്‍ കൊതിച്ച റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്മാണ്ട സിനിമ കാസനോവ 2012 ജനുവരി 26നു റിലീസ് ചെയ്തു. കോണ്ഫിടെന്റ് ഗ്രൂപിന് വേണ്ടി ഡോക്ടര്‍ സി.ജെ.റോയ്, ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച കാസനോവ, മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ മൂന്നാമത്തെ സിനിമയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാമുകിമാരുള്ള കാസനോവ എന്ന അപരനാമത്തില്‍ അറിയപെടുന്ന കോടീശ്വരനായ ഒരു പൂക്കച്ചവടക്കരനായിട്ടാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ നായികയായി തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ അഭിനയിക്കുന്ന കാസനോവയില്‍ ലക്ഷ്മി റായി, സഞ്ജന, റോമ, റിയ, നോവ കൃഷ്ണന്‍ എന്നിവരും നായികമാരയിയെത്തുന്നു. ട്രാഫിക്‌ എന്ന സിനിമയ്ക്ക് ശേഷം ബോബി-സഞ്ജയ്‌ ടീമാണ് കാസനോവയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ജിം ഗണേഷ് ആദ്യമായി മലയാളത്തില്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന കാസനോവയുടെ ലോക്കെഷന്‍സ് മുഴുവനും വിദേശ രാജ്യങ്ങളാണ്. ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം, ജിം ഗണേഷ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍, ബോബി-സഞ്ജയ്‌ ടീം എഴുതിയ സംഭാഷണങ്ങള്‍, അല്‍ഫോന്‍സ്‌, ഗൌരി, ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍, അലന്‍ അമിന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ എന്നിവ ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്.

കോടീശ്വരനായ പൂക്കച്ചവടക്കാരന്‍ കാസനോവ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തുന്നിടതാണ് ഈ സിനിമ ആരഭിക്കുന്നത്. കല്യാണത്തിനു രണ്ടു ദിവസം മുമ്പ് ദുബായ് നഗരത്തില്‍ ഒരു മോഷണം നടക്കുകയും, ആ വാര്‍ത്ത‍ പിറ്റേ ദിവസത്തെ പത്രത്തില്‍ വരുകയും ചെയ്യുന്നു. ആ വാര്‍ത്ത‍ അറിയുന്ന കാസനോവ ദുബായില്‍ താമസിക്കുവാനും ആ മോഷണം നടത്തുന്നവരെ കണ്ടിപിടിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമയുടെ മൂലകഥ. ആരാണ് കാസനോവ? അയാള്‍ എന്തിനാണ് ആ മോഷ്ടാക്കളെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്? അയാളുടെ ലക്‌ഷ്യം എന്താണ്? എന്നതെല്ലമാണ് ഈ സിനിമയുടെ സസ്പെന്‍സ്. തികച്ചും പുതുമയുള്ള കഥയാണ് റോഷനും ബോബിയും ചേര്‍ന്ന് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രണയം എന്ന മനോഹരമായ വികാരം മനുഷ്യരില്‍ വരുത്തുന്ന മാറ്റങ്ങളും, അതുവഴി ചില രഹസ്യങ്ങളും സത്യങ്ങളും പുറത്തു കൊണ്ടുവരാന്‍ കാസനോവ നടത്തുന്ന ശ്രമങ്ങളുമാണ് ബോബിയും സഞ്ജയും ഈ സിനിമയുടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നത്.

കഥ, തിരക്കഥ: ആവറേജ്
2011ല്‍ റിലീസ് ചെയ്ത ട്രാഫിക്‌ എന്ന സിനിമയുടെ തിരക്കഥ മലയാള സിനിമയില്‍ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായിരുന്നു. ബോബി സഞ്ജയ്‌ കൂട്ടുകെട്ടില്‍ നിന്നുണ്ടായ എന്റെ വീട് അപ്പൂന്റെയും, നോട്ട് ബുക്ക്‌, ട്രാഫിക്‌ എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ബോബി സഞ്ജയ്‌ ടീം എഴുതിയ മോശം തിരക്കഥയാണ് കാസനോവയുടെത്. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി എഴുതപെട്ട കഥയാണെങ്കിലും, ആ കഥ ആവശ്യപെടുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ സിനിമയിലില്ല. കാസനോവ നടത്തുന്ന ലൈവ് ടെലിവിഷന്‍ പരിപാടിയിലൂടെ കമിതാക്കളെ ഒന്നിപ്പിക്കുന്ന രംഗങ്ങളും, സിനിമയുടെ രണ്ടാം പകുതിയില്‍ കാസനോവയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങലുള്ള രംഗങ്ങളും, ക്ലൈമാക്സ് രംഗങ്ങളുമാണ് ഈ സിനിമയിലെ ഏറ്റവും മോശം. എന്നാല്‍ മോഹന്‍ലാലിനെ കൊണ്ട് പ്രേമിപ്പിക്കതിരുന്നതും, ലാല്‍ ആരാധകര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്ഥിരം സംഭാഷണങ്ങളും തിരക്കഥയില്‍ നിന്നും ഒഴുവാക്കിയതും നന്നായി. കഥയില്‍ പ്രത്യേകിച്ച് വഴിത്തിരുവകളൊന്നും ഉണ്ടാക്കാത്ത കുറെ അനാവശ്യ രംഗങ്ങള്‍ ഒഴിവാക്കിയിരുനെങ്കില്‍ ഈ സിനിമ മികച്ചതായേനെ. നല്ല കഴിവുള്ള തിരക്കഥ രചയ്താക്കളായ സഞ്ജയ്‌ ബോബിയില്‍ നിന്നും മികച്ച തിരക്കഥകള്‍ പ്രതീക്ഷിക്കുന്നു. 

സംവിധാനം: എബവ് ആവറേജ്
ഹ്യൂമറിന് പ്രാധാന്യം നല്‍ക്കിയ ഉദയനാണ് താരം, കൗമാരക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന നോട്ട് ബുക്ക്‌, മലയാളി കര്‍ഷകന്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ കഥയാക്കിയ ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകള്‍ക്ക്‌ ശേഷം റോഷന്‍
ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് കാസനോവ. സംവിധായകന്റെ മുന്‍കാല സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമായ ഒരു ലവ് ആക്ഷന്‍ ത്രില്ലറാണ് കാസനോവ. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള എല്ലാ സാങ്കേതികതികവോടെയാണ് റോഷന്‍ കാസനോവ ഒരിക്കിയിരിക്കുന്നത്. ബോബി സഞ്ജയ്‌, ജിം ഗണേഷ്, ഗോപി സുന്ദര്‍, അല്‍ഫോന്‍സ്‌, അലന്‍ , മഹേഷ്‌ നാരായണന്‍ എന്നിവരെപോലെയുള്ള മികച്ച കലാകാരന്മാരെ ഈ സിനിമയ്ക്ക് വേണ്ടി വേണ്ടവിധത്തില്‍ ഉപയോഗിച്ചത് കാരണം കാസനോവ എന്ന സിനിമയ്ക്ക് നല്ല ടെക്ക്നിക്കല്‍ പെര്‍ഫെക്ഷന്‍ ലഭിച്ചു. ഇത്രയൊക്കെ മികച്ച സാങ്കേതിക വശങ്ങളുണ്ടായിട്ടും കാസനോവ ഒരു മികച്ച സിനിമയാകാത്തത് ശക്തമായ നല്ലൊരു തിരക്കഥയുടെ അഭാവം തന്നെ. മോഷണം നടത്തിയവരെ പിടികൂടുവനായി കാസനോവ നടത്തുന്ന ശ്രമങ്ങളൊന്നും വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ തിരക്കഥയില്‍ ഉള്പെടുത്താത് ഈ സിനിമയെ ദോഷകരമായി ബാധിച്ചു. രണ്ടു മണിക്കൂര്‍ കൊണ്ട് അവസാനിപിക്കേണ്ടിയിരുന്ന സിനിമ, മൂന്ന് മണിക്കൂര്‍ കൊണ്ട് വലിച്ചുനീട്ടിയതും ഈ സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനില്‍ നിന്നും ഇതിലും മികച്ച ഒരു കാസനോവയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.  

സാങ്കേതികം: ഗുഡ്
മലയാള സിനിമയില്‍ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച പശ്ചാത്തല സംഗീതം ഈ സിനിമയ്ക്ക് വേണ്ടി ഗോപി സുന്ദര്‍ നല്ക്കിയിരിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറിനും അവകാശപെടാം ഈ സിനിമയുടെ വിജയം. അതുപോലെ തന്നെ, ഈ സിനിമയിലൂടെ ജിം ഗണേഷ് എന്ന അതുല്യ പ്രതിഭയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത റോഷന്‍
ആന്‍ഡ്രൂസ്സിനു നന്ദി. ഒരുപാട് സിനിമകളില്‍ ദുബായ് എന്ന നഗരം പ്രേക്ഷകര്‍ കണ്ടിട്ടുണ്ടെങ്കിലും, ഈ സിനിമയിലൂടെ ആ സ്ഥലങ്ങല്‍ക്കൊക്കെ ഒരു പ്രത്യേക ഭംഗി തോന്നിപ്പിക്കും വിധത്തില്‍ മികവുറ്റ ചായഗ്രഹണം നിര്‍വഹിച്ച ജിം ഗണേഷ് അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്രയും മനോഹരമായ വിഷ്വല്‍സ് ഒരുക്കി പ്രേക്ഷകര്‍ക്ക്‌ ഒരു ദ്രിശ്യവിരുന്നോരുക്കിയ ജിം ഗണേഷിനും, അതിമനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറിനും അഭിനന്ദനങ്ങള്‍. ഈ സിനിമയുടെ മറ്റൊരു മികച്ച സവിശേഷത എന്നത് അല്‍ഫോന്‍സ്‌ ജോസഫ്‌, ഗൌരി, ഗോപി സുന്ദര്‍ എന്നിവര്‍ ഈണമിട്ട പാട്ടുകളാണ്. സിനിമയില്‍ ഉള്പെടുതാത്ത "സഖിയെ..." എന്ന പാട്ടാണ് കാസനോവയിലെ ഏറ്റവും മികച്ചത്. അതുപോലെ തന്നെ, സിനിമയിലുള്ള "ഒമാനിച്ചുമ്മ..."  എന്ന് തുടങ്ങുന്ന പാട്ടും ശ്രവ്യസുന്ദരമായി ചിട്ടപെടുത്തിയിരിക്കുന്നു സംഗീത സംവിധായകര്‍. മഹേഷ്‌ നാരായണന്‍ നിര്‍വഹിച്ച ചിത്രസന്നിവേശവും, അലന്‍ അമിന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങളും ഈ സിനിമയുടെ മാറ്റുകൂട്ടുന്നു. 

അഭിനയം: ആവറേജ്
മോഹന്‍ലാലിന്റെ മുന്‍കാല സിനിമകളില്‍ കാണുന്ന പോലെയുള്ള സ്ഥിരം മാനറിസങ്ങളൊക്കെ ഒഴുവാക്കി
നൂറു ശതമാനം ആത്മാര്‍ഥതയോടെയാണ് അദ്ദേഹം കാസനോവ എന്ന കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തികൊണ്ട് ജഗതി ശ്രീകുമാറും, റിയാസ് ഖാനും, ലാലു അലക്സും, ലക്ഷ്മി റായിയും നല്ല പ്രകടനം നടത്തിയിരിക്കുന്നു ഈ സിനിമയില്‍. ഈ സിനിമ തികഞ്ഞ ഒരു ആക്ഷന്‍ സിനിമയായത് കൊണ്ട് മികവുറ്റ അഭിനയ മുഹൂര്‍തങ്ങള്‍ക്കൊന്നും സാധ്യതയില്ല. എല്ലാ അഭിനേതാക്കളും അവരരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ജഗതി, ലാലു അലക്സ്, റിയാസ് ഖാന്‍, ലക്ഷ്മി റായ് എന്നിവരെ കൂടാതെ ശ്രിയ ശരണ്‍, റോമ, സഞ്ജന, നാല് പുതുമുഖ വില്ലന്മാര്‍, ശങ്കര്‍, ഡിമ്പില്‍ റോസ്, അംബിക മോഹന്‍ എന്നിവരും കാസനോവയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 ജിം ഗണേഷിന്റെ ചായാഗ്രഹണം
2 ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം
3 അല്‍ഫോന്‍സ്‌, ഗൌരി, ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍
4 മോഹന്‍ലാലിന്‍റെ ചില മാനറിസങ്ങള്‍  
5 സിനിമയുടെ സംവിധാനവും, സാങ്കേതിക വശങ്ങളും
6
ലൊക്കേഷന്‍സ്

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ബോബി- സഞ്ജയ്‌ ടീമിന്റെ തിരക്കഥ
2. ഇഴഞ്ഞു നീങ്ങുന്ന സിനിമയുടെ രണ്ടാം പകുതി
3. സിനിമയുടെ 3 മണിക്കൂര്‍ ദൈര്‍ഘ്യം 
4 ക്ലൈമാക്സ് ആക്ഷന്‍ രംഗങ്ങള്‍


കാസനോവ റിവ്യൂ: മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ചായഗ്രഹണവും, അതിമനോഹരമായ പശ്ചാത്തല സംഗീതവും, ത്രില്ലിംഗ് ആക്ഷന്‍ രംഗങ്ങളും, നല്ല പാട്ടുകളും റോഷന്‍ ആന്‍ഡ്രൂസ്സിന്റെ കാസനോവയെ സമ്പന്നമാക്കുനുണ്ടെങ്കിലും, ബോബി- സഞ്ജയ്‌ കൂട്ടുകെട്ടിന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും, സിനിമയുടെ 3 മണിക്കൂര്‍ നീളവും കാസനോവയെ കണ്ടിരിക്കാവുന്ന വെറുമൊരു ആക്ഷന്‍ ത്രില്ലര്‍ മാത്രമാക്കി മാറ്റി.


കാസനോവ റേറ്റിംഗ്: 5.50 / 10
കഥ-തിരക്കഥ: 5 / 10 [ആവറേജ്]
സംവിധാനം:
6 / 10 [എബവ് ആവറേജ്] 
സാങ്കേതികം: 3 / 5 [ഗുഡ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 16.5 / 30 [5.5 / 10]


സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
നിര്‍മ്മാണം: കൊണ്ഫിടെന്റ്റ് ഗ്രൂപ്പ്, ആശിര്‍വാദ് സിനിമാസ്
കഥ, തിരക്കഥ, സംഭാഷണം: ബോബി-സഞ്ജയ്‌
ചായാഗ്രഹണം: ജിം ഗണേഷ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: അല്‍ഫോന്‍സ്‌, ഗൌരി, ഗോപി സുന്ദര്‍
സംഘട്ടണം: അലന്‍ അമീന്‍