23 Mar 2014

പ്രെയ്സ് ദി ലോര്‍ഡ്‌ - സംവിധായകനോട് ദൈവവും പ്രേക്ഷകരും ക്ഷമിക്കട്ടെ!!! 3.70/10


പോള്‍ സക്കറിയ എഴുതിയ പ്രെയ്സ് ദി ലോര്‍ഡ്‌ എന്ന നോവലിന്റെ കഥയെ ആസ്പദമാക്കി പുതുമുഖം ഷിബു ഗംഗാധരന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിനിമയാണ് പ്രെയ്സ് ദി ലോര്‍ഡ്‌. മുല്ലത്താഴത്ത് ജോയ് എന്ന പാലക്കാരന്‍ അച്ചായന്റെ കുടുംബത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയിലൂടെ ഷിബു ഗംഗധരന്‍ അവതരിപ്പിക്കുന്നത്‌. ആത്മാര്‍ത്ഥ സുഹൃത്തിനെ സഹായിക്കുന്നതിനു വേണ്ടി ഒളിചോടിവരുന്ന കമിതാക്കളെ സംരക്ഷിക്കേണ്ടി വരുന്ന ജോയ് ചെന്നെത്തുന്ന പ്രശ്നങ്ങളും, അതിലൂടെ ഇന്നത്തെ തലമുറയുടെ ആത്മാര്‍ത്ഥതയില്ലാത്ത സ്നേഹവും, ജോയിയ്ക്ക് തന്റെ ഭാര്യയോടുള്ള സ്നേഹത്തിന്റെ അളവ് തിരിച്ചറിയുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ. മുല്ലത്താഴത്ത്ജോയ് ആയി മമ്മൂട്ടിയും, മമ്മൂട്ടിയുടെ ഭാര്യയായി ഇമ്മാനുവല്‍ ഫെയിം റീനു മാത്യൂസും അഭിനയിച്ചിരിക്കുന്നു.

താപ്പാന, റണ്‍ ബേബി റണ്‍, ലക്കി സ്റ്റാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച്‌ മമ്മൂട്ടി നായകനാകുന്ന പ്രെയ്സ് ദി ലോര്‍ഡിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ടി.പി.ദേവരാജന്‍ എന്ന പുതുമുഖമാണ്. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, സിയാന്‍ ശ്രീകാന്ത് ചിത്രസന്നിവേശവും, ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി, മുകേഷ്, അഹമ്മദ് സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, നോബി, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ജോയ് മാത്യു, സാദിക്ക്, അനൂപ്‌ ചന്ദ്രന്‍, ദിനേശ് പണിക്കര്‍, മനോജ്‌, കലാഭവന്‍ ഹനീഫ്, റീനു മാത്യൂസ്‌, അകാന്ക്ഷ പുരി, സജിത ബേട്ടി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

കഥ, തിരക്കഥ: ബിലോ ആവറേജ്
രസകരമായ ഒരു പ്രമേയമാണ് ഈ സിനിമയുടേത്.ആ പ്രമേയത്തെ അടിസ്ഥാനമാക്കി നല്ലൊരു കഥയോ, കെട്ടുറപ്പുള്ള കഥാസന്ദര്‍ഭങ്ങളോ, നര്‍മ്മമുള്ള സംഭാഷണങ്ങളോ എഴുതുവാന്‍ ടി.പി. ദേവരാജന് സാധിച്ചില്ല. കുറെ കഥാപാത്രങ്ങള്‍ ജോയിയെ ചുറ്റിപറ്റി നില്‍ക്കുന്നു എന്നല്ലാതെ ഒരു കഥാപാത്രം പോലും ജീവിതത്തോടു ചേര്‍ന്ന് നില്‍ക്കുന്നില്ല. നര്‍മ്മം കലര്‍ന്ന ലളിതമായ അവതരണമാണ് കഥാസന്ദര്‍ഭങ്ങളിലൂടെ കഥാകൃത്ത്‌ ഉദ്ദേശിച്ചത് എങ്കിലും, ഒരൊറ്റ കഥാസന്ദര്‍ഭം പോലും പ്രേക്ഷകരുടെ മനസ്സിനെ തോട്ടുണര്‍ത്തുന്നില്ല. കുടുംബത്തിന്റെ അടിത്തറ ഭാര്യയും ഭര്‍ത്താവും തമ്മില്ലുള്ള ആത്മബന്ധമാണെന്ന ഓര്‍മ്മപെടുത്തല്‍ സിനിമ കണ്ടിറങ്ങുന്ന പാവം പ്രേക്ഷകര്‍ പത്തു വട്ടം ചിന്തിച്ചാലും മനസ്സിലാവാത്ത തരത്തിലാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥ ഏതു രീതിയിലാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത് എന്നത് മനസ്സിലാക്കാത്ത മറ്റൊരു വസ്തുത.

സംവിധാനം: ബിലോ ആവറേജ്
പുതുമുഖം ഷിബു ഗംഗധാരന്റെ ആദ്യ സിനിമ സംരംഭം ഒരു പാഴ്ശ്രമായി അവസാനിച്ചത്‌ഖേദകരമാണ്. ഒരുപാട് പുതുമുഖ സംവിധായകര്‍ വ്യതസ്ത പ്രമേയങ്ങള്‍ പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, ഇത്തരത്തിലുള്ള കോമാളിത്തരങ്ങള്‍ കുത്തിനിറച്ച സിനിമകള്‍ ഈ കാലഘട്ടത്തിലുള്ള സിനിമാ പ്രേമികളുടെ മുമ്പില്‍ അവതരിപ്പിച്ചത് ഒരു വലിയ തിരിച്ചടിയകുമെന്നുറപ്പ്.നല്ലൊരു കുടുംബ കഥ അവതരിപ്പിക്കവാന്‍ സാധ്യതയുള്ള ഒരു പ്രമേയം ലഭിച്ചിട്ടും, ആ അവസരം പ്രയോജനപെടുത്തിയില്ല ഷിബു. ജോയിയും ഭാര്യയും തമ്മിലുള്ള പ്രണയ രംഗങ്ങളും, നവയുഗ കമിതാക്കളുടെ പ്രണയ രംഗങ്ങളും അസ്സഹനീയമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത കുറെ രംഗങ്ങളും സംഘട്ടന രംഗങ്ങളും കണ്ടിരിക്കാന്‍ പ്രയാസമാണ്. ഒരു അന്തവും കുന്തവുമില്ലാതെ മുന്നോട്ടു നീങ്ങുന്ന കഥ, ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാതായത് മമ്മൂട്ടിയുടെ ആരാധകരെ വരെ നിരാശപെടുത്തി.

സാങ്കേതികം: ആവറേജ്
പ്രദീപ്‌ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ പ്രമേയത്തോട് ചേര്‍ന്നുപോകുന്നവയാണെങ്കിലും പ്രത്യേകിച്ച് പുതുമ സമ്മാനിക്കുന്നവയൊന്നുമല്ല. സിയാന്‍ ശ്രീകാന്താണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. കഥാസന്ദര്‍ഭങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന രീതിയില്‍ അവതരിപ്പിച്ചതില്‍ സംവിധയകനോടൊപ്പം സന്നിവേശനും ഉത്തരവാദിത്വമുണ്ട്. സിനിമയിലെ ഏക ആശ്വാസം എന്നത് ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ചിട്ടപെടുത്തിയ ഇന്നലയോളം..., ഷാരോണ്‍ വനിയില്‍...എന്നീ പാട്ടുകളാണ്.ബിജിബാല്‍ നിര്‍വഹിച്ച പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തിയില്ല. 

അഭിനയം: ആവറേജ്
നസ്രാണി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന അച്ചായന്‍ കഥാപാത്രമാണ് ഈ സിനിമയിലെ ജോയ്. കഥാപാത്രത്തോട് നീതിപുലര്‍ത്തുവാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ടെങ്കിലും, കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള സിനിമകളില്‍ ഇതിലും മികച്ച രീതിയില്‍ നര്‍മ്മ രംഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയിലൂടെ ഈ രംഗത്തെത്തിയ അഹമ്മദ് സിദ്ദിക്കാണ് മറ്റൊരു സുപ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ അമിതാഭിനയായിരുന്നു എങ്കിലും, അഹമ്മദ് സിദ്ദിക്ക് അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഗുണ്ടയുടെ വേഷത്തില്‍ നര്‍മ്മം കൈകാര്യം ചെയ്തു നോബി അഭിനയ മികവു പുലര്‍ത്തി. മുകേഷ്, ഷാജോണ്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. ആനി എന്ന കഥാപാത്രമായി അഭിനയിക്കുവാന്‍ മറ്റൊരു നടിയായിരുന്നു ഉചിതം.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഷാന്‍ റഹ്മാന്റെ സംഗീതം  
 
സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
2. സംവിധാനം
3. നിലവാരമില്ലാത്ത നര്‍മ്മ രംഗങ്ങള്‍
4. അനവസരത്തിലുള്ള പാട്ടുകള്‍ 

പ്രെയ്സ് ദി ലോര്‍ഡ്‌ റിവ്യൂ: രസകരമായൊരു പ്രമേയത്തെ ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളാലും, നിലവാരമില്ലാത്ത നര്‍മ്മ രംഗങ്ങളാലും, പരിതാപകരമായ സംവിധാനത്താലും അവതരിപ്പിച്ച സിനിമയാണ് പ്രെയ്സ് ദി ലോര്‍ഡ്‌.

പ്രെയ്സ് ദി ലോര്‍ഡ്‌ റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍: 11/30 [3.7/10]

സംവിധാനം: ഷിബു ഗംഗധരന്‍
രചന: ടി.പി.ദേവരാജന്‍
നിര്‍മ്മാണം: മിലന്‍ ജലീല്‍
ബാനര്‍: ഗാലക്സി ഫിലിംസ്
ചായഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: സിയാന്‍ ശ്രീകാന്ത്
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ഷാന്‍ റഹ്മാന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
വസ്ത്രാലങ്കാരം: സമീറ സനീഷ് 
വിതരണം: ഗാലക്സി റിലീസ്

No comments:

Post a Comment