24 Nov 2013

തിര - തിരയുയര്‍ത്തിയ പ്രമേയം കേരളക്കരയാകെ ആഞ്ഞടിക്കട്ടെ! 7.30/10

സൗഹൃദത്തിന്റെ കഥപറഞ്ഞ മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയത്തിന്റെ കഥപറഞ്ഞ തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകള്‍ക്ക്‌ ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച സിനിമയാണ് തിര. ട്രിലോജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ആദ്യ മലയാള സിനിമകൂടിയാണ് തിര. സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ നടന്നുവരുന്ന കൊടുംക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് തിര എന്ന സിനിമയുടെ കഥയ്ക്ക്‌ ആധാരം. പെണ്‍കുട്ടികളെ വില്‍പനച്ചരക്കാക്കുന്ന ഇന്നത്തെ സമൂഹത്തിലെ കഴികന്മാര്‍ക്കെതിരെ രോഹിണി പ്രണാബ് എന്ന ഡോക്ടര്‍ നടത്തുന്ന പോരാട്ടമാണ് തിര എന്ന സിനിമയുടെ കഥ. ക്രൂരമായ പീടനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന അനാഥരായ പെണ്‍കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന രോഹിണിയ്ക്ക് ഭര്‍ത്താവിനെ നഷ്ടപെടുന്നു. രോഹിണി നടത്തി വന്നിരുന്ന അനാഥമന്ദിരത്തിലെ പെണ്‍കുട്ടികളെ അക്രമികള്‍ കടത്തികൊണ്ടപോകുന്നു. ആ പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി രോഹിണി ശ്രമിക്കുന്നു. അനിയത്തിയെ കണ്മുന്നില്‍വെച്ച് തട്ടികൊണ്ടുപോകുന്ന കാഴ്ച നോക്കിനില്‍ക്കേണ്ടി വരുന്ന നവീന്‍ എന്ന ചെറുപ്പകാരനും, രോഹിണിയുടെ നല്ല സുഹൃത്തുക്കളും ഈ ലക്ഷ്യത്തിനായി രോഹിണിയോടൊപ്പം ചേരുന്നു. രോഹിണിയ്ക്ക് അവരെ രക്ഷപെടുത്തുവാനാകുമോ എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. രോഹിണിയായി ശോഭനയും, നവീനായി ശ്രീനിവാസന്റെ രണ്ടാമത്തെ പുത്രനും വിനീത് ശ്രീനിവാസന്റെ അനിയന്‍ ധ്യാന്‍ ശ്രീനിവാസനും അഭിനയിച്ചിരിക്കുന്നു. 

നവാഗതനായ രാകേഷ് മാന്തൊടിയും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് തിരയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വിനീതിന്റെ മുന്‍കാല സിനിമകളുടെ ഭാഗമായിരുന്ന ജോമോന്‍ ടി. ജോണും(ചായാഗ്രാഹകന്‍), ഷാന്‍ റഹ്മാന്‍(സംഗീത സംവിധായകന്‍), രഞ്ജന്‍ എബ്രഹാം(ചിത്രസന്നിവേശകന്‍) എന്നിവരും തിരയ്ക്ക് വേണ്ടി വിനീതിനോപ്പം ചേരുന്നു. റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ്‌ മേനോന്‍ നിര്‍മ്മിച്ചിരിക്കുന്ന തിര വിതരണം ചെയ്തിരിക്കുന്നത് ലാല്‍ ജോസിന്റെ എല്‍.ജെ.ഫിലിംസാണ്.

കഥ, തിരക്കഥ: ഗുഡ് 
വിനീത് ശ്രീനിവാസനും രാകേഷ് മന്തോടിയും ചേര്‍ന്നാണ് തിരയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ഈ സിനിമ  പ്രേക്ഷകരിലെക്കെത്തിക്കുന്ന സന്ദേശത്തിനു അനിയോജ്യമായ കഥയും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഈ സിനിമയെ വ്യതസ്തമാക്കുന്നു. ഓരോ രംഗവും വിശ്വസനീയതയോടെ എഴുതുവാനും, കഥയിലെ തീവ്രത നഷ്ടപെടുത്താതെ എഴുതപെട്ട സംഭാഷണങ്ങളും സിനിമ സംവിധാനം ചെയുന്നതില്‍ വിനീതിനെ സഹായിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടുന്ന കഥകള്‍ ഒരുപാട് മലയാള സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും, അതെല്ലാം കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാല്‍ നിരാശപെടുത്തുന്നവായിരുന്നു. ശക്തമായ തിരക്കഥയാണ് മേല്പറഞ്ഞ സിനിമകളില്‍ നിന്നും തിരയെ വ്യതസ്തമാക്കുന്നത്. വിനീതിനും രാകേഷിനും അഭിനന്ദനങ്ങള്‍!

സംവിധാനം: വെരി ഗുഡ്
മലര്‍വാടി ആര്‍ട്സ് ക്ലബില്‍ നിന്ന് തട്ടത്തിന്‍ മറയത്തിലെത്തിയപ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ ഏറെ വളര്‍ന്ന വിനീത് ശ്രീനിവാസന്റെ മൂന്നാമത് സിനിമയായ തിര, ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും വ്യതസ്തമാകുന്നത് വിനീതിന്റെ സംവിധാന മികവു കൊണ്ട്തന്നെ. ഓരോ രംഗവും വിശ്വസനീയമായി അവതരിപ്പിക്കുവാനും, സിനിമ കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെ ഉള്ളിലും ഒരു തീക്കനല്‍ വാരിവിതറാനും സംവിധായകന് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രമേയം കൈകാര്യം ചെയ്യേണ്ട രീതിയില്‍ തന്നെ, പൂര്‍ണമായ തീവ്രതയോടെ, ഓരോ രംഗത്തിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ വിനീതിന് സാധിച്ചു. ഓരോ പ്രേക്ഷകനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലുള്ള രംഗങ്ങള്‍ അവരെ ത്രസിപ്പിക്കുന്നതുപോലെ, ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടുവാനും പ്രേരിപ്പിക്കുന്നു. തിരയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു...അതോടൊപ്പം, വിനീത് ശ്രീനിവാസനും, മനോജ്‌ മേനോനും, രാകേഷ് മാന്തൊടിയ്ക്കും അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
തിരയുടെ കഥ ആവശ്യപെടുന്ന തീവ്രത ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ വിനീതിനെ സഹായിച്ചതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികളാണ് ജോമോന്‍ ടി.ജോണ്‍, രഞ്ജന്‍ എബ്രഹാം, ഷാന്‍ റഹ്മാന്‍. ഹൈദരബാദും, ഗോവയും, ബെല്‍ഗാമും പ്രധാന ലൊക്കെഷനുകളാകുന്ന ഈ സിനിമയ്ക്ക് അനിയോജ്യമായ രീതിയിലാണ് ജോമോന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ജോമോന്‍ പകര്‍ത്തിയ രംഗങ്ങള്‍ കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ രഞ്ജന്‍ അബ്രഹാമിനും സാധിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും, പാട്ടുകളുടെ സംഗീതവും മികവുറ്റതായി. അനു എലിസബത്ത്‌ ജോസാണ് ഈ സിനിമയുടെ പാട്ടുകളുടെ വരികള്‍ എഴുതിയത്. അജയന്‍ മാങ്ങാടാണ് കലാസംവിധാനം നിര്‍വഹിച്ചത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ സെറ്റുകള്‍ ഒരുക്കുവാന്‍ അജയനും സാധിച്ചു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഹസ്സന്‍ വണ്ടൂരിന്റെ മേക്കപും സിനിമയ്ക്ക് ചേര്‍ന്ന് പോകുന്നവയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ് 
മണിച്ചിത്രത്താഴിലെ നാഗവല്ലിയ്ക്ക് ശേഷം ശോഭനയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് തിരയിലെ രോഹിണി പ്രണാബ്. തികഞ്ഞ ആത്മാര്‍ഥതയോടെ ആര്‍പ്പണ മനോഭാവത്തോടെ രോഹിണിയെ അവതരിപ്പിച്ചുകൊണ്ട് ശോഭന തകര്‍പ്പന്‍ അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ഒരു പുതുമുഖ നടന് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച തുടക്കമാണ് ധ്യാന്‍ ശ്രീനിവാസന് ലഭിച്ചത്. നവീന്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ധ്യാനിനും സാധിച്ചു. ഇവരെ കൂടാതെ ദീപക് പരമ്പോള്‍, ഗൌരവ് വാസുദേവ്, സിജോയ് വര്‍ഗീസ്‌, അമൃത എന്നിവരും ഈ സിനിമയിലെ പ്രധാന അഭിനേതാക്കളാണ്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. വിനീത് ശ്രീനിവാസന്റെ സംവിധാനം
3. ശോഭനയുടെ അഭിനയം
4. ജോമോന്‍ ടി. ജോണിന്റെ ചായാഗ്രഹണം
5. ഷാന്‍ റഹ്മാന്റെ സംഗീതം

തിര റിവ്യൂ: ശക്തമായ പ്രമേയത്തിനെ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ മികവുറ്റ സംവിധാനത്തിലൂടെ നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ വിനീത് ശ്രീനിവാസനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!

തിര റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 8/10[വെരി ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 22/30[7.3/10]

സംവിധാനം: വിനീത് ശ്രീനിവാസന്‍
നിര്‍മ്മാണം: മനോജ്‌ മേനോന്‍
ബാനര്‍: റീല്‍സ് മാജിക്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: രാകേഷ് മാന്തൊടി, വിനീത് ശ്രീനിവാസന്‍ 
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന: അനു എലിസബത്ത്‌ ജോസ്
സംഗീതം, പശ്ചാത്തല സംഗീതം: ഷാന്‍ റഹ്മാന്‍ 
കലാസംവിധാനം: അജയ് മങ്ങാട് 
വസ്ത്രാലങ്കാരം: സമീറ സനീഷ് 
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍ 
ശബ്ദമിശ്രണം: അനൂപ്‌ തിലക്, അരുണ്‍ വര്‍മ
വിതരണം: എല്‍.ജെ.ഫിലിംസ്

2 comments: