21 Jun 2013

ഹണി ബീ - യുവാക്കളെ ചിരിപ്പിക്കുന്ന തേനീച്ച! 5.00/10

സെബാസ്റ്റിന്‍, ഫെര്‍ണാന്‍ഡസ്, ആംബ്രോസ്, അബു, എയ്ഞ്ചല്‍, സാറ എന്നിവര്‍ ആത്മമിത്രങ്ങളാണ്. ഇവരില്‍ സെബസ്റ്റിനും എയ്ഞ്ചലും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. സെബാസ്റ്റിന്‍ താമസിക്കുന്ന വീട്ടില്‍ ദിവസവും എല്ലാവരും ഒത്തുകൂടുകയും തമാശയും ചിരിയും കളിയുമായി അടിപൊളി ജീവിതം നയിക്കുന്നവരാണ്‌. ഒരിക്കല്‍ എയ്ഞ്ചലിന് ഒരു വിവാഹാലോചന വരുന്നു. ഫോര്‍ട്ട്‌ കൊച്ചിയെ വിറപ്പിക്കുന്ന ചട്ടമ്പിമാരായ പുണ്യാളന്‍ ബ്രദേഴ്സിന്റെ ഏക സഹോദരിയായ എയ്ഞ്ചലിന്റെ വിവാഹം ചേട്ടന്മാര്‍ ഉറപ്പിക്കുന്നു. എയ്ഞ്ചലിന്റെ വിവാഹ നിശ്ചയത്തിനു തലേന്ന് നടക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് ശേഷം ചില സംഭവങ്ങള്‍ അരങ്ങേറുന്നു. ആ സംഭവം സെബാസ്റ്റിറ്റിന്റെയും എയ്ഞ്ചലിന്റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റിമറയ്ക്കുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ലാലിന്‍റെ പുത്രന്‍ ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ ആദ്യമായി സംവിധാനം ചെയ്ത ഹണി ബീ എന്ന സിനിമയുടെ കഥ.

ആസിഫ് അലി നായകനായ കിളിപോയീ എന്ന സിനിമയ്ക്ക് ശേഷം എസ്.ജെ.എം.എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സിബി തൊട്ടുംപുറം, ജോബി മുണ്ടമറ്റം എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച് ഹണി ബീയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയതും സംവിധായകന്‍ കൂടിയായ ലാല്‍ ജൂനിയര്‍ തന്നെയാണ്. ചായാഗ്രഹണം - അല്‍ബി, ചിത്രസന്നിവേശം - രതീഷ്‌ രാജ്, സംഗീതം - ദീപക് ദേവ്, കലാസംവിധാനം: പ്രശാന്ത്‌ മാധവ്, സംഘട്ടനം - അന്‍പറിവ് എന്നിവരാണ് പ്രധാന സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്.ജെ.എം., കലാസംഘം, കാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജീന്‍ പോള്‍ ആദ്യമായി തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് ഹണി ബീ. ഈ സിനിമയുടെ കഥാഗതിയിലെ ചില സന്ദര്‍ഭങ്ങള്‍ കാണുമ്പോള്‍ ഇംഗ്ലീഷ് സിനിമ ഹാങ്ങോവറും, തമിഴ് സിനിമ നാടോടികളും ഓര്‍മ്മയില്‍ വരും. എന്നാല്‍ മേല്പറഞ്ഞ സിനിമകളുമായി വേറെയൊരു രീതിയിലും ഈ സിനിമയ്ക്ക് ബന്ധമില്ല. രസകരമായൊരു പ്രമേയവും, ത്രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്ന കഥാസന്ദര്‍ഭങ്ങളും, പ്രധാന അഭിനേതാക്കളുടെ കഥാപാത്രരൂപികരണവും, ചില സഭ്യ-അസഭ്യ സംഭാഷണങ്ങളും തിരക്കഥയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രേക്ഷകരെ രസിപ്പിച്ചു കൊടുമുടിയിലെത്തിച്ച ശേഷം, രണ്ടാം പകുതിയില്‍ സിനിമ തീര്‍ത്തും കൈവിട്ടു കളഞ്ഞു. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും, അവിശ്വസനീയത തോന്നിപ്പിക്കുന്ന കഥാഗതിയും, അസഭ്യ സംഭാഷണങ്ങളും, അനവസരത്തിലുള്ള പാട്ടും, നിരാശപെടുത്തുന്ന ക്ലൈമാക്സും അങ്ങനെ...പൂര്‍ണമായും പാളിപ്പോയ തിരക്കഥയായി മാറി. ആദ്യ തിരക്കഥയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനും കൊച്ചിയിലെ ഫോര്‍ട്ട്‌ കൊച്ചി മചാന്‍സിന്റെ കയ്യടി നേടുവാനും ജീന്‍ പോളിന് സാധിച്ചു.

സംവിധാനം: ആവറേജ്
ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ ലാലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ മകന്‍ ജീന്‍ പോളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഹണി ബീ. ലാലിന്‍റെ ആദ്യകാല സിനിമകളില്‍ ഇരുകൈയ്യും നീട്ടി ഏറ്റുവാങ്ങിയ പ്രേക്ഷകര്‍, മകനില്‍ നിന്നും അത്തരത്തിലുള്ള സിനിമകള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ മുഴുവനായി തെറ്റിക്കാതെ,കണ്ടിരിക്കാവുന്ന ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ ജീന്‍ പോളിന് സാധിച്ചു. ആദ്യ പകുതിയില്‍ നിരവധി തമാശകളും, വ്യതസ്ത രീതിയിലുള്ള സംഘട്ടന രംഗങ്ങളും, ആറംഗ സംഘത്തിന്റെ സൗഹൃദവും കുസൃതികളും ഒക്കെ പ്രേക്ഷകരെ രസിപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാനം ആയപ്പോള്‍, കഥയ്ക്ക്‌ അനിവാര്യമല്ലാത്ത രംഗങ്ങളും ആലോസരപെടുത്തുന്ന സംഭാഷണങ്ങളും സിനിമയുടെ ആസ്വാദനത്തിന്റെ മാറ്റുകുറച്ചു. അങ്ങനെ, ക്ലൈമാക്സ് എത്തിയപ്പോഴേക്കും പൂര്‍ണമായും സിനിമ സംവിധായകന്റെ കൈവിട്ടു പോയിക്കഴിഞ്ഞിരുന്നു. മികച്ച സാങ്കേതിക വശങ്ങളും നല്ല അഭിനേതാക്കളുടെ പ്രകടനവും ഒരു ശരാശരി സിനിമയുണ്ടാക്കുന്നതില്‍ ജൂനിയര്‍ ലാലിനെ സഹായിച്ചു.

സാങ്കേതികം: ഗുഡ്
പുതുമുഖ ചായാഗ്രാഹകന്‍ ആല്‍ബി ക്യാമറയില്‍ പകര്‍ത്തിയ ഫോര്‍ട്ട്‌ കൊച്ചിയുടെ സ്പന്ദനവും ഊര്‍ജവും അടങ്ങുന്ന ചടുലമായ ദ്രിശ്യങ്ങളും, രതീഷ്‌ രാജിന്റെ കൃത്യതയാര്‍ന്ന ചിത്രസന്നിവേശവും, ദീപക് ദേവ് ഈണമിട്ട ലാല്‍ ആലപിച്ച പാട്ടും, പശ്ചാത്തല സംഗീതവും, അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും, പ്രശാന്ത്‌ മാധവിന്റെ കലാസംവിധാനവും സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. ആദ്യ പകുതിയിലെ ഒരു മിനിറ്റ് പോലും ബോറടിക്കാത്തെ പ്രേക്ഷകരെ പിടിചിരുത്തുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന ഘടഗങ്ങള്‍ മേല്പറഞ്ഞവയാണ്. എന്നാല്‍ രണ്ടാം പകുതിയായപ്പോഴേക്കും, രതീഷ്‌ രാജിന്റെ ചിത്രസന്നിവേശവും ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും വേണ്ടത്ര മികവു പുലര്‍ത്തിയില്ല. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അനു എലിസബത്ത്‌, ലാല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് വേണ്ടി, ദീപക് ദേവ് സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകള്‍ സിനിമയിലുണ്ട്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും പ്രവീണ്‍ വര്‍മ്മയുടെ വസ്ത്രങ്കാരവും മികവു പുലര്‍ത്തി.

അഭിനയം:ഗുഡ്
ആസിഫ് അലി, ബാബുരാജ്, ലാല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്‌, സുരേഷ് കൃഷ്ണ, അമിത് ചക്കാലക്കല്‍, വിജയ്‌ ബാബു, സംവിധായകന്‍ ജോയ് മാത്യു, ജയേഷ്, ഹാസിം, ഭാവന, അര്‍ച്ചന കവി, പ്രവീണ, റീന ബഷീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുറെ നാളുകള്‍ക്കു ശേഷം ആസിഫ് അലിയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ സെബാസ്റ്റിന്‍. ആസിഫിന് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങളില്‍ മികവു പുലര്‍ത്താന്‍ കഴിയുമെന്ന് ഋതു, അപൂര്‍വരാഗം, സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ഈ സിനിമയിലെ നായക കഥാപാത്രം സെബാനും അസിഫിന്റെ അഭിനയ ജീവിതത്തില്‍ ഓര്‍മ്മിക്കപെടുന്ന ഒന്നായിരിക്കും. ഇതേ തരത്തിലാണ് ബാബുരാജിന്റെ ഫെര്‍ണാന്‍ഡസ് എന്ന കഥാപാത്രവും. ഒരുപാട് മോശം സിനിമകള്‍ക്ക്‌ ശേഷം ബാബുരാജിന് ലഭിച്ച മറ്റൊരു ഹ്യൂമര്‍ കഥാപാത്രം. ഡാ തടിയ ഫെയിം ശ്രീനാഥ് ഭാസിയും, തലപ്പാവിലൂടെ സിനിമയിലെത്തിയ ലാലിന്‍റെ സഹോദരി പുത്രന്‍ ബാലു വര്‍ഗീസും മികച്ച രീതിയില്‍ ഹ്യൂമര്‍ കൈകാര്യം ചെയ്യുവാന്‍ അവര്‍ക്കും സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ലാലിന്‍റെ രൂപവും ഭാവവും, സുരേഷ് കൃഷ്ണയുടെ വേറിട്ട കഥാപാത്രവും, ഭാവനയുടെ രസകരമായ സ്ഥിരം മാനറിസങ്ങളും മികവു പുലര്‍ത്തിയിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സിനിമയുടെ ആദ്യപകുതി
2. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്‌, ബാബുരാജ്
3. ലാല്‍ ജുനിയറിന്റെ സംവിധാനം
4. സാങ്കേതിക വശങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ രണ്ടാം പകുതി
2. കഥാസന്ദര്‍ഭങ്ങള്‍
3. അസഭ്യ സംഭാഷണങ്ങള്‍


ഹണി ബീ റിവ്യൂ: ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളും, പ്രധാന നടീനടന്മാരുടെ അഭിനയവും, സംവിധാന മികവുമൊക്കെ ഹണി ബീയെ രസകരമായ സിനിമയാക്കുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിലെ അസഭ്യ സംഭാഷണങ്ങളും, ലോജിക്കില്ലാത്ത കഥാഗതിയും, ക്ലൈമാക്സും പ്രേക്ഷകരെ തീര്‍ത്തും നിരാശപെടുത്തുന്നു.

ഹണി ബീ റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 15/30 [5/10]

രചന, സംവിധാനം: ലാല്‍ ജൂനിയര്‍/ജീന്‍ പോള്‍ ലാല്‍
നിര്‍മ്മാണം:സിബി തോട്ടുപുറം,ജോബി മുണ്ടമറ്റം
ബാനര്‍: എസ്.ജെ.എം.എന്റര്‍ടെയിന്‍മെന്റ്സ്
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: കൈതപ്രം, ലാല്‍, അനു എലിസബത്ത്‌
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ
ശബ്ദമിശ്രണം: ഡാന്‍ ജോസ്
സംഘട്ടനം: അന്‍പറിവ്
വിതരണം: കലാസംഘം, കാസ്, എസ്.ജെ.എം.റിലീസ്

2 comments: