19 Jan 2013

റോമന്‍സ് - 2013ലെ ആദ്യ ചിരിവിരുന്ന് 5.80/10

സീനിയേഴ്സ്, ഓര്‍ഡിനറി, മല്ലു സിംഗ്, സ്പാനിഷ്‌ മസാല, 101 വെഡ്ഡിങ്ങ്സ്  എന്നീ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ നായകന്മാരകുന്ന ഏറ്റവും പുതിയ സിനിമയാണ് റോമന്‍സ്. ജയസുര്യ നായകനായ ജനപ്രിയനു ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് റോമന്‍സ്. ചെറുകിട തട്ടിപ്പുകളും മോഷണങ്ങളും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപെട്ട പ്രതികളായ ആകാശും ഷിബുവും ജയില്‍ചാടി രക്ഷപെട്ടു എത്തുന്നത് പൂമാല എന്ന മലയോരഗ്രാമത്തിലാണ്. ആ ഗ്രാമത്തില്‍ വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന പള്ളിയും അവിടത്തെ മതവിശ്വാസികളും നാട്ടുകാരും അറിയാതെ ആകാശിനെയും ഷിബുവിനെയും  റോമില്‍ നിന്നും വന്ന പള്ളി വികാരികളായി തെറ്റുധരിക്കുന്നു. അങ്ങനെ ആകാശ് ഫാദര്‍ പോളായും, ഷിബു ഫാദര്‍ സെബാസ്റ്റിനായും ആള്‍മാറാട്ടം നടത്തുന്നു. തുടര്‍ന്ന് ആ നാട്ടില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ രസകരങ്ങളായ കഥാസന്ദര്‍ഭങ്ങളിലൂടെ ബോബന്‍ സാമുവലും രാജേഷും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നു.

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്ക് ശേഷം അജയ് ഘോഷ്, ബിജോയ്‌ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ചാന്ദ് വി ക്രിയേഷന്‍സിനു വേണ്ടി നിര്‍മ്മിച്ച റോമന്‍സിന്‍റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് വൈ.വി.രാജേഷാണ്. വിനോദ് ഇല്ലംപള്ളി ചായാഗ്രഹണവും, ലിജോ പോള്‍ ചിത്രസന്നിവേശവും എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 

കഥ,തിരക്കഥ: ആവറേജ് 
ഗുലുമാല്‍, ത്രീ കിംഗ്സ് എന്നീ സിനിമകളുടെ തിരക്കഥകൃത്ത് വൈ.വി.രാജേഷ്‌ കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രചന നിര്‍വഹിക്കുന്ന മൂന്നാമത്തെ സിനിമയാണ് റോമന്‍സ്. ആള്‍മാറാട്ടം നടത്തി പള്ളി വികാരികളായി ജീവിക്കുന്ന രണ്ടു ചെറുപ്പക്കാര്‍ ചെന്ന് പെടുന്ന പോല്ലാപ്പുകളിലൂടെ വികസിക്കുന്ന കഥയാണ് ഈ സിനിമയുടെത്. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉടനീളമുണ്ടെങ്കിലും, ചില നര്‍മ്മ രംഗങ്ങളും സംഭാഷണങ്ങളിലുള്ള തമാശകളും ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ അഭിനയവും സിനിമയെ അനുകൂലമായി സഹായിച്ച ഘടഗങ്ങളാണ്. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. കണ്ടുമടുത്ത കഥാപാത്രങ്ങളും കേട്ടുമടുത്ത തമാശകളും ഒരുപാട് ഈ സിനിമയിലുണ്ടെങ്കിലും, ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ അഭിനയവും പുതുമയുള്ള ലോക്കെഷനുകളും വൈ.വി.രാജേഷിന്റെ തിരക്കഥയിലുള്ള അപാകതകളുടെ കാഠിന്യം കുറച്ചു. ഗുലുമാലും ത്രീ കിംഗ്സുമായി താരതമ്യം ചെയ്യുമ്പോള്‍, റോമന്‍സ് സിനിമയുടെ തിരക്കഥ കുറേക്കൂടി വിശ്വസനീയമായി അനുഭവപെട്ടു.  

സംവിധാനം: എബവ് ആവറേജ് 
ലളിതമായൊരു കഥ വിശ്വസനീയമായി അവതരിപ്പിച്ച സിനിമയാണ് ബോബന്‍ സാമുവലിന്റെ ജനപ്രിയന്‍. ആ സിനിമ അര്‍ഹിക്കുന്നൊരു വിജയം കൈവരിക്കാനയതും ആ സിനിമയിലെ വിശ്വസനീയതയാണ്. ബോബന്‍ സാമുവലിന്റെ രണ്ടാമത്തെ സിനിമയായ റോമന്‍സിലെത്തി നില്‍ക്കുമ്പോള്‍, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്പ്തിപെടുത്തുന്ന രീതിയില്‍ സംവിധാനം ചെയ്തതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. പൂമാല എന്ന മനോഹരമായ ലോക്കെഷനുകളും, കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ ടീമിന്റെ അഭിനയവും, തമാശകള്‍ക്കൊപ്പം ഒരല്പം സസ്പെന്‍സും, ഹൊററും കഥയ്ക്ക്‌ അനിയോജ്യ സന്ദര്‍ഭങ്ങളില്‍ ഉള്പെടുത്തിയതും സംവിധായകന്റെ കഴിവ് തന്നെ. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കൂടുതലായത് പ്രേക്ഷകരെ ബോറടപ്പിച്ചു. 

സാങ്കേതികം: എബവ് ആവറേജ് 
കൊടൈകനാലില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന പൂമാല എന്ന മലയോരഗ്രാമമാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. പൂമാല ഗ്രാമത്തിലെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാന്‍ വിനോദ് ഇല്ലംപള്ളിയ്ക്ക് സാധിച്ചു. വിനോദ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് ലിജോ പോളാണ്. സിനിമയുടെ ദൈര്‍ഘ്യം അരമണിക്കൂര്‍ വെട്ടിച്ചുരുക്കിയിരുനെങ്കില്‍ ഈ സിനിമ ഇതിലും രസകരമാകുമായിരുന്നു. രാജീവ്‌ ആലുങ്കല്‍ എഴുതിയ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട രണ്ടു ഗാനങ്ങളും കേള്‍വിക്ക് ഉതകുന്നവയായിരുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. സുജിത് കലാസംവിധാനവും, പി.എന്‍.മണി മേക്കപ്പും, കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.

അഭിനയം: ഗുഡ്
മലയാള സിനിമയിലെ പുതിയ കൂട്ടുകെട്ടാണ് ഈ സിനിമയുടെ വിജയത്തിന് കാരണമായത്. കുഞ്ചാക്കോ ബോബനും ബിജു മേനോനും മികവുറ്റ രീതിയില്‍ തമാശകള്‍ പറയുകയും അഭിനയിക്കുകയും ചെയ്തതുകൊണ്ടാണ് ബോബന്‍ സമുവലിനു ഇത്രയ്ക്ക് രസകരമായി റോമന്‍സ് സംവിധാനം ചെയ്യുവാന്‍ സാധിച്ചത്. ലാലു അലക്സ്, വിജയരാഘവന്‍, ടീ.ജി.രവി, ഷാജു ശ്രീധര്‍, നെല്‍സണ്‍, കക്ക രവി, അജയ് ഘോഷ്, കൊച്ചുപ്രേമന്‍, ഗീഥാ സലാം, ജാഫര്‍ ഇടുക്കി, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്, ലിഷോയി, നിവേദ തോമസ്‌, പൊന്നമ്മ ബാബു, ഗായത്രി, ശാന്തകുമാരി, സ്വാതി വര്‍മ്മ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ട്
2. നര്‍മം കലര്‍ന്ന സംഭാഷണങ്ങള്‍
3. ലോക്കേഷന്‍സ് 
4. ചായാഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത കഥ
2. സിനിമയുടെ ദൈര്‍ഘ്യം


റോമന്‍സ് റിവ്യൂ: കുട്ടികള്‍ക്കും കുടുംബത്തിനും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന സിനിമ

റോമന്‍സ് റേറ്റിംഗ്: 5.80/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 17.5/30 [5.80/10] 

സംവിധാനം: ബോബന്‍ സാമുവല്‍
നിര്‍മ്മാണം: അജയ് ഘോഷ്, ബിജോയ്‌ ചന്ദ്രന്‍
രചന: വൈ.വി.രാജേഷ്‌
ചായാഗ്രഹണം: വിനോദ് ഇല്ലംപള്ളി
ചിത്രസന്നിവേശം:  ലിജോ പോള്‍
ഗാനരചന: രാജീവ്‌ ആലുങ്കല്‍
സംഗീതം: എം.ജയചന്ദ്രന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സുജിത്
മേക്കപ്പ്:പി.എന്‍.മണി
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
വിതരണം: ചാന്ദ് വി റിലീസ്

No comments:

Post a Comment