
13 വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടിയും ജനപ്രിയ നായകന്‍ ദിലീപും ഒന്നിച്ചഭിനയിച്ച സിനിമയാണ് കമ്മത്ത് ആന്‍ഡ് കമ്മത്ത്. രുചികരമായ വിവിധതരം ദോശകള്‍ ഉണ്ടാക്കി കച്ചവടം ചെയുന്ന, കൊങ്കിണി കലര്‍ന്ന മലയാളം ഭാഷ സംസാരിക്കുന്ന, പരസ്പരം മത്സരിച്ചു സ്നേഹിക്കുന്ന കമ്മത്ത് സഹോദരന്‍മാരാണ് രാജ രാജ കമ്മത്തും[മമ്മൂട്ടി] ദേവ രാജ കമ്മത്തും[ദിലീപ്]. കേരളം മുഴുവനും ദോശകള്‍ ഉണ്ടാക്കി വ്യപാരം ചെയ്യുന്ന ഈ സഹോദരന്മാരെ കച്ചവടത്തില്‍ തോല്‍പ്പിക്കാന്‍
ആര്‍ക്കും തന്നെ സാധിക്കില്ല. കോയമ്പത്തൂരില്‍ കമ്മത്ത് സഹോദരന്‍മാര്‍
ദോശകള്‍ മാത്രം ലഭിക്കുന്ന ഒരു ഹോട്ടല്‍ ആരംഭിക്കുന്നു. കോയമ്പത്തൂരിലെ
സ്ഥിരം സന്ദര്‍ശനത്തിനിടയില്‍ ദേവ രാജ കമ്മത്ത് രേഖ[കാര്‍ത്തിക നായര്‍] എന്ന പെണ്‍കുട്ടിയെ കാണുകയും, അവളെ കല്യാണം കഴിക്കണം എന്ന അഭ്യര്‍ത്ഥന നടത്തി അവളുടെ പിന്നാലെ നടക്കുകയും ചെയ്യുന്നു. അനുജന്‍ കമ്മത്തിന് രേഖയോടുള്ള അടുപ്പം അറിയുന്ന ജേഷ്ഠന്‍ കമ്മത്ത് അവരുടെ കല്യാണം നടത്തുവാന്‍ ശ്രമിക്കുന്നതാണ് ഈ സിനിമയുടെ കഥ.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച്, കാര്യസ്ഥനു ശേഷം തോംസണ്‍ സംവിധാനം ചെയ്തു, മായാമോഹിനി,
മിസ്റ്റര്‍ മരുമകന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ-സിബി കെ.തോമസ്
കൂട്ടുകെട്ടിന്‍റെ രചനയില്‍ പുറത്തിറങ്ങുന്ന സിനിമയാണ് കമ്മത്ത് ആന്‍ഡ്
കമ്മത്ത്. അനില്‍ നായര്‍ ചായാഗ്രഹണവും, മഹേഷ് നാരായണന്‍ ചിത്രസന്നിവേശവും,
എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
കഥ,തിരക്കഥ: മോശം
സമൂഹത്തിനു നന്മ മാത്രം ചെയ്യുന്ന, സഹജീവികള്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറായ നായകന്മാര്‍, പരസ്പരം മത്സരിച്ചു സ്നേഹിക്കുന്ന സഹോദരന്‍മാര്‍,
ചെറുപ്പത്തിലെ കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന
മിടുക്കന്‍മാര്‍, വില്ലന്‍മാരുടെ തന്ത്രങ്ങളെല്ലാം ബുദ്ധികൊണ്ടും
ശക്തികൊണ്ടും നേരിടുന്ന വില്ലാളിവീരന്‍മാര്‍, നായകന്മാര്‍ക്ക് ചുറ്റും തമാശകള്‍
മാത്രം പറയാന്‍ അറിയാവുന്ന ഉപഗ്രഹങ്ങള്‍, നായകന്‍മാരുടെ ഫ്ലാഷ്ബാക്ക്
പ്രണയവും ഇപ്പോഴത്തെ പ്രണയവും, നായികമാരെ ദ്രോഹിക്കുന്ന വില്ലന്‍മാര്‍, ഇടയ്ക്കിടെ വില്ലന്മാരുമായുള്ള വാക്കുതര്‍ക്കം, സംഘട്ടനം, വാചക കസര്‍ത്ത്, നായികമാര്‍ക്കൊരു ഫ്ലാഷ്ബാക്ക് കഥ, കഥാവസാനം വില്ലന്‍മാരെ തോല്‍പ്പിച്ചു നായികമാരെ സ്വന്തമാക്കുന്ന നായകന്‍മാര്‍.
ഇതാണ് ഉദയകൃഷ്ണ-സിബി കെ.തോമസ് ടീം വര്‍ഷങ്ങളായി എഴുതുന്ന തിരക്കഥയിലെ
പ്രധാന ഘടഗങ്ങള്‍. ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചു പ്രേക്ഷകരെ വെറുതെ
വിട്ടുകൂടെ. ക്രിസ്ത്യന്‍ സഹോദരങ്ങളും, പോക്കിരി രാജമാരും, മായാമോഹിനിയും
ഒക്കെ വിജയ സിനിമകളായത് പ്രേക്ഷകര്‍ക്ക് ആ കാലഘട്ടത്തില്‍ കാണുവാന്‍ വേറെ
സിനിമകള്‍ ഉണ്ടാകാതിരുന്നത് കൊണ്ടാണ്, അല്ലാതെ നിങ്ങളുടെ സിനിമകള്‍
നല്ലതായത് കൊണ്ടല്ല. പ്രിയപ്പെട്ട സിബി-ഉദയകൃഷ്ണ, ഒരു നല്ല സിന്മ കാണാന്‍ കൊട്ക്കുമോ? അല്ലെങ്കില്‍, പ്രേക്ഷകരുടെ വിലപിടിപ്പുള്ള സമയവും പണവും തിര്‍ക്കെ കൊട്ക്കുമോ?
13 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെയും ദിലീപിനെയും കമ്മത്ത് ആന്‍ഡ് കമ്മത്തിലൂടെ ഒന്നിപ്പിച്ചു എന്നത് മാത്രമാണ് മമ്മൂട്ടിയുടെയും ദിലീപിന്‍റെയും ആരാധകര്‍ക്ക് വേണ്ടി ഒരു സംവിധായകന്‍ എന്ന നിലയില്‍ തോംസണ്‍ ചെയ്ത ഏക മികച്ച കാര്യം. ഉദയനും സിബിയും എഴുതിവെച്ച കഥാസന്ദര്‍ഭങ്ങള്‍ ഏതൊരു സംവിധായകനും എളുപ്പത്തില്‍ ചിത്രീകരിക്കുവാന്‍ സാധിക്കും. ഒരു ലോജിക്കും ഇല്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ അനില്‍ നായരുടെ സഹായത്താല്‍ ക്യാമറയില്‍ പകര്‍ത്തി, മഹേഷ് നാരായണനെ ഉപയോഗിച്ച് രംഗങ്ങള്‍ കോര്‍ത്തിണക്കി, എം.ജയചന്ദ്രന്‍ സംഗീതം നല്‌ക്കിയ പാട്ടുകള്‍ അനിയോജ്യമായ സ്ഥലങ്ങളില്‍ ഉള്‍പെടുത്തി സംവിധായകന്‍ തോംസണ്‍ ഒരു സിനിമ പൂര്‍ത്തിയാക്കി. മമ്മൂട്ടിയുടെയും ദിലീപിന്‍റെയും ആരാധകരെ പോലും ത്രിപ്ത്തിപെടുത്തുവാന്‍ തോംസണ്‍ സംവിധാനം ചെയ്ത ഈ താരസംഘമ സിനിമയ്ക്കായില്ല. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയുന്ന നല്ല തിരക്കഥകള്‍ മാത്രമേ ഒരു താരസംഘമ സിനിമയ്ക്ക് ചേരുകയുള്ളൂ എന്ന് ഇനിയെങ്കിലും തോംസണ്‍ മനസ്സിലാക്കിയാല്‍ നന്ന്!
സാങ്കേതികം: എബവ് ആവറേജ്

അഭിനയം: ആവറേജ്
മലയാളം കലര്‍ന്ന കൊങ്കിണി ഭാഷ മികച്ച രീതിയില്‍ പറയുവാന്‍ മമ്മൂട്ടിക്കും ദിലീപിനും സാധിച്ചു. ചെറിയ വേഷമാണെങ്കിലും നരേന്‍ അവതരിപ്പിച്ച സുരേഷ് എന്ന കഥാപാത്രം മികവുറ്റതാക്കി. ബാബുരാജും, റീമ കല്ലിങ്കലും, സുരാജ് വെഞ്ഞാറമൂടും മോശമാക്കാതെ അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചു. ധനുഷ് എന്ന നടന് ലഭിച്ച ഏറ്റവും മോശം തുടക്കമാണ് ഈ സിനിമയിലെ അതിഥി വേഷം. മമ്മൂട്ടി, ദിലീപ്, നരേന്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമൂട്, റിസ ബാവ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കലാഭവന്‍ ഷാജോണ്‍, സ്പടികം ജോര്‍ജ്, ഷിജു, ജോജോ, സന്തോഷ്, മനു നായര്‍, സാദിക്, കലാഭവന്‍ ഹനീഫ്, അബു സലിം, കൊല്ലം അജിത്, റീമ കല്ലിങ്കല്‍, കാര്‍ത്തിക നായര്‍, മജീദ്, സുകുമാരി, അംബിക മോഹന്‍, രാജലക്ഷ്മി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.മമ്മൂട്ടി, ദിലീപ് എന്നിവരുടെ സാന്നിധ്യം
2.കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍
3.എം.ജയചന്ദ്രന്റെ പാട്ടുകള്‍
4.നരേന്‍റെ അതിഥി വേഷം
സിനിമയുടെ മൈനസ് പോയിന്റ്സ്
1.ലോജിക്കില്ലാത്ത കഥ
2.ബോറടിപ്പിക്കുന്ന തിരക്കഥ
3.സംവിധാനം
കമ്മത്ത് ആന്‍ഡ് കമ്മത്ത് റിവ്യൂ: മലയാള സിനിമയുടെ മഹാനടനെയും ജനപ്രിയ നായകനെയും കൊങ്കിണി പറയിപ്പിച്ചു കോമാളികളാക്കിയ ഉദയന്‍-സിബി-തോംസണ്‍ ടീം, ആസ്വാദനത്തിനായി സിനിമ കാണാന്‍ പ്രദര്‍ശനശാലകളില്‍ കുടുംബസമേതം വന്ന പ്രേക്ഷകരെയും വിഡ്ഢികളാക്കി.
കമ്മത്ത് ആന്‍ഡ് കമ്മത്ത് റേറ്റിംഗ്: 3.20/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്] സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9.5/30 [3.2/10]
സംവിധാനം: തോംസണ്‍
നിര്‍മ്മാണം: ആന്റോ ജോസഫ് ഫിലിം കമ്പനി
രചന: ഉദയകൃഷ്ണ-സിബി കെ.തോമസ്
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം: മഹേഷ് നാരായണന്‍
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: എം.ജയചന്ദ്രന്‍
കലാസംവിധാനം:മനു ജഗത്
മേക്കപ്പ്:സജി കാട്ടാക്കട
വസ്ത്രാലങ്കാരം:അഫ്സല്‍ മുഹമ്മദ്
നൃത്ത സംവിധാനം: ബ്രിന്ദ, ഷോബി പോള്‍ രാജ്
സംഘട്ടനം: മാഫിയ ശശി, കനല്‍ കണ്ണന്‍
വിതരണം: ആന്‍ മെഗാ മീഡിയ
No comments:
Post a Comment