10 Nov 2012

മൈ ബോസ് - ലോജിക്കില്ലാത്ത തമാശകളും, ദിലീപിന്റെ കോമാളി വേഷവും, ഒരല്പം കുടുംബകാര്യങ്ങളും...4.00/10

ജനപ്രിയ നായകന്‍ ദിലീപ്, മമ്ത മോഹന്‍ദാസ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച സിനിമയാണ് മൈ ബോസ്. ദിലീപ് അവതരിപ്പിക്കുന്ന മനു വര്‍മ്മ എന്ന കുട്ടനാട്ടുക്കാരന്റെ ബോസായ പ്രിയ എസ്. നായര്‍ എന്ന ഓസ്ട്രേലിയന്‍ വംശജയായ ഇന്ത്യക്കാരിയായാണ് മമ്ത അഭിനയിക്കുന്നത്. അഹങ്കാരിയും മുന്‍കോപിയുമായ പ്രിയയ്ക്ക് എല്ലാവരെയും പുച്ഛമാണ്. ക്രിത്യനിഷ്ടതയോടെ ജോലി ചെയ്യാത്ത എല്ലാവരെയും മര്യാദയില്ലാത്ത ചീത്തപറയുന്ന പ്രകൃതക്കാരിയാണ് പ്രിയ. അങ്ങനെയുള്ളൊരു ബോസിനെയാണ് മനു വര്‍മ്മയ്ക്ക് തന്റെ ജോലിയില്‍ ലഭിച്ചത്. കഠിനാധ്വാനീയായിരുന്നിട്ടു കൂടി മനു വര്‍മ്മയ്ക്ക് പ്രിയയുടെ ശകാരങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. ഒരിക്കല്‍ ജോലിയില്‍ നിന്നും മനുവിനെ പിരിച്ചുവിടുന്ന ഘട്ടത്തില്‍ മനുവും പ്രിയയും വഴക്കടിക്കുന്നു. മറ്റൊരു സാഹചര്യത്തില്‍ പ്രിയയ്ക്ക് മനുവിന്റെ സഹായമില്ലാതെ മുമ്പോട്ടു പോകുവാന്‍ കഴിയില്ല എന്ന അവസ്ഥ വരുന്നു. തുടര്‍ന്ന് പ്രിയ മനുവിന്റെ ഭാര്യയാകുന്നു. എന്തിനാണ് പ്രിയ മനുവിനെ വിവാഹം ചെയ്തത്? എന്താണ് അവരുടെ ജീവിതത്തില്‍ ഉണ്ടായത് എന്നതാണ് ഈ സിനിമയുടെ കഥ. 

നോവല്‍, മൊഹബത്ത് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന മൈ ബോസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ജോസഫാണ്. അനില്‍ നായര്‍ ചായഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, സാബു റാം കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സെജോ ജോണാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ് 
ദിലീപിന്റെ ആരാധകരായ കുട്ടികളും കുടുംബങ്ങളും ആസ്വദിക്കുവാന്‍ വേണ്ടി കുറെ കണ്ടുമടുത്ത തമാശകളും, കുടുംബ പശ്ചാത്തലത്തിലുള്ള നാടകീയമായ കഥാസന്ദര്‍ഭങ്ങളും തിരക്കഥയില്‍ ഉള്‍പെടുത്തിയതിനാല്‍ സിനിമ നൂറു ദിവസം പ്രദര്‍ശിപ്പിച്ചു നിര്‍മ്മാതാവിന് ലാഭം കൊയ്യാം എന്നല്ലാതെ, സിനിമയെ സ്നേഹിക്കുന്ന, ദിലീപ് എന്ന നടന്റെ മികച്ച ഒരു സിനിമ കാണുവാന്‍ ആഗ്രഹിക്കുന്ന പാവം പ്രേക്ഷകര്‍ക്ക് നിരാശ മാത്രം ബാക്കിയാവുകയുള്ളൂ. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കും, പിന്നീട് അവര്‍ തമ്മില്‍ ഒന്നിക്കുന്നതും, സമീപകാലത്തിറങ്ങിയ മലയാള സിനിമകളിലൊന്നും ചര്‍ച്ചചെയ്യപെടാത്ത കഥയായതു കൊണ്ട് ഒരല്പം പുതുമ നല്‍ക്കുന്നു ഈ സിനിമയുടെ ആദ്യ പകുതി. ഈ സിനിമയിലെ ദിലീപ് ജോലി ചെയ്യുന്ന ഓഫീസില്‍ ദിലീപും ഷാജോനും കൂടി കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ജിത്തു ജോസെഫ് എന്ന സംവിധായകന് സാമാന്യബോധം പോലുമില്ല എന്ന് തോന്നിപോകും. ഇന്നത്തെ കാലഘട്ടത്തില്‍ ഒരു മുതലാളിയും തൊഴിലാളിയെ ഈ സിനിമയില്‍ കാണിക്കുന്ന പോലെ ചീത്ത പറയുകയോ ഒരു കാരണവും കൂടാതെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയോ ചെയ്യുകയില്ല. ഈ കുറവുകളൊക്കെയാണ് ആദ്യ പകുതിയില്‍ എങ്കില്‍ രണ്ടാം പകുതിയായപ്പോഴേക്കും കഥ മുമ്പോട്ടു നീങ്ങുന്ന രീതി കൊച്ചുകുട്ടികള്‍ക്ക് വരെ പ്രവചിക്കനാവുന്ന രീതിയിലായി. ജിത്തുവിന്റെ മുന്‍കാല സിനിമകളായ ഡിടെക്ടീവ്, മമ്മി ആന്‍ഡ്‌ മി എന്നീ സിനിമാകളിലോന്നും ഈ സിനിമയിലെ പോലെ അതിശയോക്തി നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ കണ്ടിരുന്നില്ല. തിരക്കഥ രചയ്താവ് എന്ന നിലയില്‍ ജിത്തു പ്രേക്ഷകരെ നിരാശരാക്കി.

സംവിധാനം: ബിലോ ആവറേജ് 
തിരക്കഥകളില്‍ തെറ്റുകള്‍ ഉണ്ടായിരുന്ന സിനിമകളായിരുന്നു ഡിടെക്ടീവ്, മമ്മി ആന്‍ഡ്‌ മീ എങ്കിലും, ജിത്തു ജോസഫിന്റെ സംവിധാനം കൃത്യതയുള്ളതായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ സംവിധാനത്തിന്റെ കാര്യത്തില്‍ ജിത്തു അശ്രദ്ധയോടെയുള്ള സമീപനമായിരുന്നു. സിനിമയുടെ ആദ്യപകുതിയില്‍ പുതുമയുള്ള ഒരു പശ്ചാത്തലം തിരഞ്ഞെടുത്തു എന്നല്ലാതെ സംവിധാകന്റെ ചിന്തയില്‍ നിന്നും മറ്റൊന്നും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടില്ല. ദിലീപ് കാണിക്കുന്ന കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ മനു വര്‍മ്മ എന്ന കഥാപാത്രം വെറുമൊരു കോമാളിയാണോ എന്ന് തോന്നിപോകും. അതുപോലെ അനവസരത്തിലുള്ള പാട്ടുകളും സിനിമയുടെ നിലവാരത്തെ സാരമായി ബാധിച്ചു. ഇതെല്ലാം സംവിധായകന്റെ മാത്രം കഴിവില്ലായ്മയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നിരുന്നാലും ഈ കാര്യങ്ങളിലെല്ലാം അഭിപ്രായം പറയുവാനുള്ള അവകാശം ഉപയോഗിച്ച് മേല്പറഞ്ഞ കാര്യങ്ങളെല്ലാം കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു. 

സാങ്കേതികം: എബവ് ആവറേജ് 
കുട്ടനാടിന്റെ കായലോരങ്ങളും കൊച്ചിയിലെ ബോള്‍ഗാട്ടി ബംഗ്ലാവും മുംബൈയിലെ നാഗരികതയും ഒരേപോലെ പകര്‍ത്തിയ അനില്‍ നായരിന്റെ ചായാഗ്രഹണം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ, വി. സാജന്‍ നിര്‍വഹിച്ച ചിത്രസന്നിവേശവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. സാബു റാം ഒരുക്കിയ ഓഫീസും വീടും മികചാതാകുന്നു. പക്ഷെ, രാജീവ്‌ന്റെ മേക്കപ്പും സെജോ ജോണ് ഒരുക്കിയ പാട്ടുകളും സാങ്കേതിക മികവു പുലര്‍ത്തിയില്ല. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ പുറത്തിറക്കിയ സ്വന്തം എന്ന ആല്‍ബത്തിലെ എന്തിനെന്നറിയില്ല എന്ന് തുടങ്ങുന്ന പാട്ട് ഈ സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആ പാട്ടൊഴികെ മറ്റൊന്നും ശരാശരി നിലവാരം പോലും തോന്നിപ്പിച്ചില്ല

അഭിനയം: എബവ് ആവറേജ് 
ദിലീപ്, മമ്ത മോഹന്‍ദാസ്‌, മുകേഷ്, സായികുമാര്‍, ആനന്ദ്‌, കലാഭവന്‍ ഷാജോണ്‍,ഗണേഷ്‌കുമാര്‍,ധര്‍മജന്‍ ബോള്‍ഗാട്ടി, സീത, വത്സല മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍... ദിലീപ് തന്റെ സ്ഥിരം മാനറിസങ്ങളായി മനു വര്‍മ്മയെ അവതരിപ്പിച്ചപ്പോള്‍, മമതയ്ക്ക് ലഭിച്ച പ്രിയയെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായി തോന്നിയത് സായികുമാറിന്റെ അച്ഛന്‍ വേഷമാണ്. അതുപോലെ തന്നെ ദിലീപിന്റെ സുഹൃത്തായി കലാഭവന്‍ ഷാജോനും, മുത്തശ്ശിയായി വത്സല മേനോനും അവരവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. വില്ലന്‍ വേഷത്തിലെത്തിയ ആനന്ദ്‌ നിരാശപെടുത്തി.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ 
2. മമ്ത മോഹന്‍ദാസ്‌, സായികുമാര്‍ എന്നിവരുടെ അഭിനയം 
3. അനില്‍ നായരിന്റെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍, തമാശകള്‍ 
2. തിരക്കഥ, സംവിധാനം 
3. ദിലീപിന്റെ കണ്ടുമടുത്ത കോമാളിത്തരങ്ങള്‍ 
4. സിനിമയുടെ രണ്ടാം പകുതി 
5. അനവസരത്തിലുള്ള പാട്ടുകള്‍ 

മൈ ബോസ്: ആദ്യപകുതിയിലുള്ള കഥാപശ്ചാത്തലം പുതുമ നല്‍ക്കുനുണ്ടെങ്കിലും, ലോജിക്ക് ഇല്ലാത്ത കഥാസന്ദര്‍ഭങ്ങളും തമാശകളും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാം എന്നല്ലാതെ, നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ മൈ ബോസ് കണ്ടാല്‍ നിരാശരാകേണ്ടിവരും.

മൈ ബോസ്: 4.00 / 10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍ 12/30 [4/10]

രചന, സംവിധാനം: ജിത്തു ജോസഫ്‌ 
നിര്‍മ്മാണം: ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ 
ബാനര്‍: റീല്‍ ആന്‍ഡ്‌ റിയല്‍ എന്റര്‍ടെയിന്‍മെന്റ്സ് 
ചായാഗ്രഹണം: അനില്‍ നായര്‍ 
ചിത്രസന്നിവേശം: വി.സാജന്‍ 
വരികള്‍: സന്തോഷ്‌ വര്‍മ്മ, ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ 
സംഗീതം: സെജോ ജോണ്‍, എം ജയചന്ദ്രന്‍ 
കല സംവിധാനം: സാബു റാം 
മേയിക്കപ്: രാജീവ്‌ അങ്കമാലി 
വസ്ത്രാലങ്കാരം: അസീസ്‌ പാലക്കട് 
വിതരണം: കലാസംഘം, കാസ്, മഞ്ജുനാഥ റിലീസ് 

2 comments:

  1. why story become the plus point but same time below average.

    ReplyDelete
  2. I haven't seen this movie so far but i have seen the trailers many time. What I understood from those trailers this movie has a big resemblance with the English movie "The proposal". So nobody deserves appreciation for story. With out watching the Malayalam movie right now I am not able to say how much percentage of resemblance are there but i strongly believe writer got the thread from the English movie only.

    ReplyDelete