30 Nov 2012

പോപ്പിന്‍സ്‌ - വി.കെ.പ്രകാശിന്റെ ഈ പോപ്പിന്‍സ്‌ ഒരു കയിപ്പേറിയ ചലച്ചിത്രാനുഭവം 2.50/10

ദാമ്പത്യ ജീവിതത്തിലെ ലളിതമായതും സത്യസന്ധമായതുമായ ചില കാഴ്ച്ചപാടുകളിലൂടെ വികസിക്കുന്ന കഥയാണ് വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത സിനിമ പോപ്പിന്‍സ്‌. മധുരം നല്‍ക്കുന്ന വര്‍ണ്ണ ശബളമായ പോപ്പിന്‍സ്‌ മിഠായി പോലെ വിവിധ കുടുംബത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ സമന്വയിപ്പിച്ചാണ് വി.കെ.പി. പോപ്പിന്‍സ്‌ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത നടകരച്ചയ്താവ് ജയപ്രകാശ് കുളൂരിന്റെ ലഘു നാടകങ്ങളാണ് പോപ്പിന്‍സിന്റെ കഥയ്ക്ക്‌ ആധാരം. നാല് കുടുംബങ്ങളിലെ ഭര്‍ത്താവിന്റെയും ഭാര്യയുടെയും കാണകാഴ്ചകളിലൂടെ വികസിക്കുന്ന പോപ്പിന്‍സില്‍ കുഞ്ചാക്കോ ബോബന്‍- നിത്യ മേനോന്‍, ജയസൂര്യ - മേഘ്ന രാജ്, ഇന്ദ്രജിത്ത് - പത്മപ്രിയ, ശങ്കര്‍ രാമകൃഷ്ണന്‍ - മൈഥിലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ കുട്ടികളുടെ പ്രണയം കലര്‍ന്ന സൗഹൃദം അവതരിപ്പിക്കുന്നത്‌ മാസ്റ്റര്‍ ധനന്‍ജയ്‌ ബേബി നയന്‍താര എന്നിവരും, പ്രായമായവരുടെ പ്രണയം അവതരിപ്പിക്കുന്നത്‌ പി.ബാലചന്ദ്രനും ശ്രീലതയും എന്നിവരും ചേര്‍ന്നാണ്. ഇവയില്‍ നിന്ന് വ്യതസ്തമായി സ്ത്രീ-പുരുഷ ബന്ധത്തിലെ മറ്റൊരു കാഴ്ചപാട് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കുന്ന കഥയില്‍ സിദ്ദിക്കും ആന്‍ അഗസ്റ്റിനും അഭിനയിച്ചിരിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രം ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ ശ്രമിക്കുന്നതും, അയാള്‍ എഴുതിയ കഥകളിലൂടെ ദാമ്പത്യ ജീവിതത്തിലെ ലളിതമായ ചില സത്യങ്ങള്‍ വി.കെ.പ്രകാശ് പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുന്നു.

ഡി മാക് ക്രിയേഷന്‍സിനു വേണ്ടി ദര്‍ശന്‍ രവി നിര്‍മ്മിച്ച പോപ്പിന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജയപ്രകാശ് കുളൂരാണ്. ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം. എന്നിവരാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രതീഷ്‌ വേഗ എന്നിവരാണ് ഗാന രചന. സംഗീതവും പശ്ചാത്തല സംഗീതവും രതീഷ്‌ വേഗ നിര്‍വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേര്‍സ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നു.

കഥ, തിരക്കഥ: മോശം
ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങളുടെ കഥ സമന്വയിപ്പിച്ച് അദ്ദേഹം എഴുതിയ കഥയും തിരക്കഥയും മലയാള സിനിമയില്‍ ഇതിനു മുമ്പ് ചര്‍ച്ചചെയ്യപെടാത്തതതാണ്. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയും പുരുഷനും എത്രത്തോളം സ്നേഹിക്കുന്നു എന്നതും, പ്രായം എത്രതന്നെയായാലും സ്നേഹത്തിന്റെ തീവ്രത നഷ്ടമാകുകയില്ല എന്നെല്ലാമാണ് ഈ സിനിമയുടെ കഥയിലൂടെ ചര്‍ച്ചചെയ്യുന്നത്. മേല്പറഞ്ഞ കഥാതന്തുവിനെ ആസ്പദമാക്കി ജയപ്രകാശ് രചിച്ച കഥാസന്ദര്‍ഭങ്ങള്‍ ഒരുരീതിയിലും പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കുവാന്‍ പറ്റാത്തതരത്തിലാണ് വി.കെ.പ്രകാശ്‌ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകരെ വെറുപ്പിക്കുന്ന കഥാഗതിയും സംഭാഷണങ്ങളും ഈ സിനിമയിലെ ഇല്ലാതാക്കി എന്നു തന്നെ പറയേണ്ടി വരും. സിനിമ സംവിധായകന്‍ ആകാന്‍ മോഹിച്ച ഒരാളുടെ വീക്ഷണത്തിലൂടെ പറഞ്ഞുപോകുന്ന ഒരു കഥ വ്യതസ്ത തന്നെ. പക്ഷെ, ഈ പരീക്ഷണങ്ങളൊക്കെ പ്രേക്ഷകര്‍ക്ക്‌ മനസ്സിലായില്ല എങ്കില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ വി.കെ.പി. പരാജയപെട്ടു എന്ന പറയേണ്ടിവരും.

സംവിധാനം: മോശം 
ബ്യൂട്ടിഫുളിനും ട്രിവാന്‍ഡ്രം ലോഡ്ജിനും ശേഷം വി.കെ.പ്രകാശ്‌ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ തിരക്കഥ മുതല്‍ മേക്കപ്പ് വരെ പരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍. ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ള ഒരു വിഷയം അഥവാ പ്രമേയം ലഭിച്ചിട്ടും കുറെ പരീക്ഷണങ്ങള്‍ നടത്തി എന്നല്ലാതെ എല്ലാത്തരം സിനിമകളും ആസ്വദിക്കാന്‍ കഴിവുള്ള മലയാളി പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്ന രീതിയില്‍ ഈ കഥയെ സമീപിച്ചില്ല വി.കെ.പി.സംവിധായകന് മികച്ച പിന്തുണ നല്‍ക്കിയ ചായഗ്രഹകരും സന്നിവേശകനും നന്ദി. അവര്‍ ഉള്ളതുകൊണ്ട് വി.കെ.പി.യ്ക്ക് ഒരു സിനിമ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു എന്നതല്ലാതെ സ്വന്തം കന്നഡ സിനിമയായ ഐടു ഒണ്ട്ലു ഐടു മലയാള ഭാഷയിലാക്കിയത് കൊണ്ട് മറ്റൊരു പ്രയോജനവും സംവിധായകന് ലഭിച്ചിട്ടില്ല.
 
സാങ്കേതികം: എബവ് ആവറേജ് 
ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം. എന്നിവരാണ് ഈ സിനിമയുടെ ചായഗ്രഹകാര്‍. ഇന്ദ്രജിത്തും പത്മപ്രിയയും ഒന്നിച്ച കഥയുടെ ലോക്കെഷനുകളും ചായഗ്രഹണവും മികവു പുലര്‍ത്തി. അതുപോലെ ഓരോ കഥകള്‍ക്കും അനിയോജ്യമായ ലോക്കെഷനുകളും ചിത്രീകരണവും സന്നിവേശവും സാങ്കേതിക മികവു പുലര്‍ത്തി. രതീഷ്‌ വേഗ ഈണമിട്ട ആറ് ഗാനങ്ങളുണ്ട് ഈ സിനിമയില്‍. ജയസൂര്യയും മേഘ്ന രാജും ഒന്നിച്ചഭിനയിച്ച കഥയിലുള്ള ആ ഗാനമാണ് ഏറ്റവും മികച്ചു നിന്നത്.കലാസംവിധാനം നിര്‍വഹിച്ചത് നിമേഷ് താനൂര്‍, അജയ് മങ്ങാട് എന്നിവര്‍ ചേര്‍ന്നാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചത് പ്രദീപ്. ജയസൂര്യയുടെയും കുഞ്ചാക്കോ ബോബന്റെയും മേയ്ക്കപും വസ്ത്രാലങ്കാരവും നന്നയപ്പോള്‍, പത്മപ്രിയയുടെ വേഷവിധാനം മോശമായിപ്പോയി. 
 

അഭിനയം: ആവറേജ്
സ്പിരിറ്റ്‌ എന്ന രഞ്ജിത്ത് സിനിമയ്ക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പോപ്പിന്‍സിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്‌ ശങ്കര്‍ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിലൂടെയാണ്‌. വളരെ തന്മയത്ത്വോടെ ഹരിയെ അവതരിപ്പിക്കുവാന്‍ ശങ്കറിന് സാധിച്ചു. മറ്റു മൂന്ന് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത് ഇന്ദ്രജിത്തും, ജയസൂര്യയും, കുഞ്ചാക്കോ ബോബനുമാണ്. ഇവരുടെ നായികമാരായി പത്മപ്രിയ, മേഘ്ന രാജ്, നിത്യ മേനോന്‍ എന്നിവരുമുണ്ട്. മൈഥിലിയാണ് ശങ്കറിന്റെ ഭാര്യ വേഷം അഭിനയിച്ചത്. ഇവരെല്ലാവരും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. ഇവരെ കൂടാതെ പി. ബാലചന്ദ്രന്‍, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സംവിധായകന്‍ പ്രിയനന്ദനന്‍, മുകുന്ദന്‍, ജയരാജ് വാര്യര്‍, ശ്രീലത നമ്പൂതിരി, വെറോണിക്ക, മാസ്റ്റര്‍ ധനന്ജയ്, ബേബി നയന്‍താര എന്നിവരുമുണ്ട് ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലൊക്കേഷന്‍സ്, ചായാഗ്രഹണം
2. പ്രമേയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ,സംഭാഷണങ്ങള്‍
2. സംവിധാനം
3. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

പോപ്പിന്‍സ്‌ റിവ്യൂ: സ്വാദിഷ്ടമായ പോപ്പിന്‍സ്‌ മിഠായി പോലെ മികച്ചൊരു പ്രമേയത്തെ കയിപ്പേറിയ ചലച്ചിത്രാനുഭാവമാക്കിയിരിക്കുന്നു സംവിധായകന്‍ വി.കെ.പ്രകാശ്‌.

പോപ്പിന്‍സ്‌ റേറ്റിംഗ്: 2.50/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍: 7.5/30 [2.5/10]

സംവിധാനം: വി.കെ.പ്രകാശ്
രചന: ജയപ്രകാശ് കുളൂര്‍
നിര്‍മ്മാണം: ദര്‍ശന്‍ രവി
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം.
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രതീഷ്‌ വേഗ
സംഗീതം, പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: നിമേഷ് താനൂര്‍, അജയ് മങ്ങാട്
വസ്ത്രാലങ്കാരം: പ്രദീപ്‌
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്

No comments:

Post a Comment