24 Nov 2012

101 വെഡ്ഡിംഗ്സ് - കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും രസിക്കുവാനുള്ള നിരവധി മുഹൂര്‍ത്തങ്ങളുള്ള തരക്കേടില്ലാത്തൊരു സിനിമ 5.00/10

ഒരു കല്യാണവും അതിനെ ചുറ്റിപറ്റിയുള്ള നൂലാമാലകളും പ്രമേയമായിട്ടുള്ള നിരവധി ഷാഫി സിനിമകള്‍ പ്രേക്ഷകര്‍ ആസ്വദിച്ചിട്ടുള്ളതാണ്. കല്യാണരാമനും, പുലിവാല്‍ കല്യാണവും, മേക്കപ്മാനും ശേഷം ഷാഫി കല്യാണങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്ക്കിയിരുന്നു. ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി 101 വെഡ്ഡിംഗ്സ് എന്ന സിനിമ സംവിധാനം ചെതുകൊണ്ട് ഷാഫി വീണ്ട്മൊരു കല്യാണകഥ സിനിമയാക്കിയിരിക്കുന്നു. 2011ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ വെനീസിലെ വ്യാപരിയ്ക്ക് ശേഷം ഷാഫി സംവിധാനം ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. ഗാന്ധീയനായി ജീവിക്കുന്ന മുന്‍ഷി പിള്ളയുടെ മകന്‍ കൃഷ്ണന്‍ കുട്ടി എന്ന കൃഷ്‌ ആണ് ഈ കഥയിലെ നായകന്‍.... ചെറുപ്പത്തിലെ ഒരല്‍പം തരികിടവേലകള്‍ കാണിച്ചിരുന്ന കൃഷ്‌ കാരണം അവന്റെ സുഹൃത്തുക്കള്‍ എപ്പോഴും പ്രശ്നങ്ങളില്‍ പെടുമായിരുന്നു. കൃഷ്‌ വളര്‍ന്നപ്പോഴും അതെ തരികിടകള്‍ അവന്റെ കൈവശമുണ്ടായിരുന്നു. അവന്റെ അച്ഛന്റെ നിര്‍ദേശ പ്രകാരം 101 കല്യാണങ്ങളില്‍ പങ്കെടുക്കുവാനും അതില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കുവാനും കൃഷ്‌ നിര്‍ബന്ധിതനാകുന്നു. അതോടൊപ്പം കൃഷ്‌ കാരണം പ്രശ്നത്തിലായ ജ്യോതിഷ് കുമാര്‍ എന്ന നൃത്തു അധ്യാപകനും, ഗുണ്ടയായ ആന്റപ്പനും അതെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാനായി എത്തുന്നു. ഇവര്‍ക്കൊപ്പം റിക്കി എന്ന കൃഷിന്റെ സുഹൃത്തും, അബ്കാരി മുതലാളിയുടെ ഏക മകള്‍ അഭിരാമിയും, നിര്‍ധനനായ ബഷീറിന്റെ മകള്‍ റുക്കിയയും അവിടെ എത്തുന്നു. തുടര്‍ന്ന് ഇവരുടെയെല്ലാം ജീവിതം കൃഷ്‌ കാരണം കുഴപ്പത്തിലാകുന്നതാണ് ഈ സിനിമയുടെ കഥ. ഈ പ്രശ്നങ്ങളില്‍ നിന്ന് കൃഷ്‌ എങ്ങനെ ഇവരെ രക്ഷപെടുത്തുന്നു എന്നതാണ് ഈ സിനിമയുടെ ക്ലൈമാക്സ്. 

കമല്‍ സിനിമകള്‍ക്ക്‌ മാത്രം തിരക്കഥ എഴുതിയിരുന്ന കലവൂര്‍ രവികുമാര്‍ ഇതാദ്യമായിട്ടാണ് ഷാഫി സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്‌.... അഴഗപ്പന്‍ ചായഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കൃഷായി കുഞ്ചാക്കോ ബോബനും, ജ്യോതിഷ് കുമാറായി ജയസൂര്യയും, അന്റപ്പനായി ബിജു മേനോനും, റിക്കിയായി വിജീഷും, അഭിരാമിയായി സംവൃതയും, റുക്കിയയായി ഭാമയും അഭിനയിച്ചിരിക്കുന്നു. 


കഥ, തിരക്കഥ: ബിലോ ആവറേജ് 
കലവൂര്‍ രവികുമാര്‍ എഴുതിയ മുന്‍കാല തിരക്കഥകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ലോജിക് ഇല്ലായ്മ ഈ സിനിമയുടെ കഥാഗതിയില്‍ ഉടനീളം കാണപെട്ടു. ഒരു തമാശ സിനിമ രചിക്കുമ്പോള്‍ ലോജിക് ഇല്ലെങ്കില്‍ പ്രേക്ഷകര്‍ ക്ഷമിച്ചോളും എന്നാണോ തിരക്കഥകൃത്ത് കരുതിയത്‌? വിവാഹം ചെയ്യുവാന്‍ വരുന്നവര്‍ പറയുന്ന കള്ളകഥകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതു തന്നെ ഉദാഹരണം. കേട്ടുപഴകിയ ചില തമാശകളും, പുതിയ ചില തമാശകളും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. അതുപോലെ പ്രേക്ഷകര്‍ക്ക്‌ ഒന്നടങ്കം രസിക്കുവാനുള്ള കഥാസന്ദര്‍ഭങ്ങളാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളിലും. ലോജിക് ഇല്ലാത്ത കുറെ രംഗങ്ങള്‍ സിനിമയെ ബാധിക്കുന്നില്ല എങ്കിലും തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന എളുപ്പത്തില്‍ പ്രവചിക്കാനാകും. അത് തന്നെയാണ് രവികുമാര്‍ എഴുതിയ തിരക്കഥയിലെ പ്രധാന പ്രശ്നം. പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് ഈ സിനിമ രസംകൊല്ലിയായി അനുഭവപെടും. പക്ഷെ, ഇതൊന്നും ചിന്താക്കാതെ സിനിമ ആസ്വദിക്കുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നായി അനുഭവപെടും. കലവൂര്‍ രവികുമാറില്‍ നിന്നും ഇതിലും മികച്ച തിരക്കഥ പ്രതീക്ഷിച്ചത് കൊണ്ടാവണം പ്രേക്ഷകര്‍ക്കൊരു നിരാശ.

സംവിധാനം: എബവ് ആവറേജ് 
കല്യാണ കഥകള്‍ സിനിമയാക്കി വിജയിപ്പിക്കുന്നതില്‍ ഷാഫിയ്ക്കുള്ള കഴിവ് മറ്റൊരു സംവിധയകനുമില്ല. ഈ സിനിമയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കണ്ടുമാടുത്തൊരു പ്രമേയമാണെങ്കിലും, പുതുമകളില്ലാത്ത കഥയാണെങ്കിലും, പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളാണെങ്കിലും ഷാഫിയുടെ സംവിധാന മികവു കൊണ്ട് ഈ സിനിമ ശരാശരി നിലവാരത്തിലേക്ക് ഉയര്‍ന്നു. കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും ബിജു മേനോനെയും വിജീഷിനെയും സുരാജിനെയുമൊക്കെ പൂര്‍ണമായി പ്രയോജനപെടുത്തുവാന്‍ ഷാഫിക്കു കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. കഥ പഴയതാണെങ്കിലും, പശ്ചാത്തലം പുതിയതായതിനാല്‍ പ്രേക്ഷകര്‍ ചില പുതുമകള്‍ സമ്മാനിക്കുന്നു. അഴഗപ്പനെ പോലെ മികച്ചൊരു ചായഗ്രഹകനെ ലഭിച്ചതും ഷാഫിക്കു തുണയായി. കല്യാണ കഥയും ഷാഫിയും ഒന്നിക്കുമ്പോള്‍ കല്യാണരാമന്‍ എന്ന സിനിമ പോലെ മികച്ചതാകുമെന്നു പ്രതീക്ഷിക്കുന്നവരാണ് കൂടുതല്‍ നിരാശരാകുന്നത്. 

സാങ്കേതികം: എബവ് ആവറേജ് 
അഴഗപ്പന്റെ ചായാഗ്രഹണം സിനിമയ്ക്ക് മികച്ച വിഷ്വല്‍സ് സമ്മാനിക്കുന്നു. കൃത്യതയുള്ള ചിത്രസന്നിവേശവുമായി വി.സാജനും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ദീപക് ദേവ് ഈണമിട്ട മൂന്ന് പാട്ടുകളുണ്ട് ഈ സിനിമയില്‍... ഈ സിനിമയില്‍ രണ്ടാം പകുതിയിലുള്ള "സജലമായി..." എന്ന് പാട്ട് മാത്രമാണ് ഒരല്പം ഭേദമായി തോന്നിയത്. സംഗീതത്തിന്റെ കാര്യത്തില്‍ ദീപക് ദേവ് നിരാശപെടുത്തി. എസ.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും, ജോസെഫ് നെല്ലിക്കലിന്റെ കലാസംവിധാനവും സിനിമയോട് ചേര്‍ന്ന് പോകുന്നുണ്ട്. 

അഭിനയം: എബവ് ആവറേജ്
അഭിനയത്തിന്റെ കാര്യത്തില്‍ തിളങ്ങിയത് ജയസൂര്യയാണ്. നൃത്ത അധ്യാപകനായി ചാന്തുപൊട്ട് രീതിയിലുള്ള കഥാപാത്രം ജയസൂര്യ വിശ്വസനീയമായി അവതരിപ്പിച്ചു. ഗുണ്ടയായി ബിജു മേനോനും, കൃഷായി കുഞ്ചാക്കോയും, ബഷീറായി സലിം കുമാറും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവരെ കൂടാതെ വിജയരാഘവന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, രവീന്ദ്രന്‍, സാജു കൊടിയന്‍, ബിനു അടിമാലി, യദുകൃഷ്ണന്‍, കൊച്ചുപ്രേമന്‍, സംവൃത സുനില്‍, ഭാമ, ഉര്‍മ്മിള ഉണ്ണി, പൊന്നമ്മ ബാബു, സുബി സുരേഷ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ആദ്യപകുതിയിലെ ചില തമാശകള്‍ 
2. ഷാഫിയുടെ സംവിധാനം 
3. ജയസുര്യ, ബിജു മേനോന്‍ എന്നിവരുടെ അഭിനയം 
4. അഴഗപ്പന്റെ ചായാഗ്രഹണം 
5. പുതുമയുള്ള പശ്ചാത്തലം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പുതുമയില്ലാത്ത കഥ
2. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍ 
3. ദീപക് ദേവ് ഈണമിട്ട പാട്ടുകള്‍ 

101 വെഡ്ഡിംഗ്സ് റിവ്യൂ: കഥയിലോ കഥാസന്ദര്‍ഭങ്ങളിലോ പുതുമകളൊന്നും അവകാശപെടാനിലെങ്കിലും, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ആസ്വാദനത്തിനുള്ള ചേരുവകള്‍ കൃത്യമായി ചേര്‍ക്കുന്നതില്‍ സംവിധായകന്‍ ഷാഫി വിജയിച്ചിരിക്കുന്നു.

101 വെഡ്ഡിംഗ്സ് റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ് ]
അഭിനയം: 3/5 [എബവ് ആവറേജ് ]
ടോട്ടല്‍ 15/30 [5/10]

കഥ, സംവിധാനം: ഷാഫി 
തിരക്കഥ, സംഭാഷണങ്ങള്‍:: കലവൂര്‍ രവികുമാര്‍ 
നിര്‍മ്മാണം: ഷാഫി, റാഫി, ബാവ ഹസ്സൈനാര്‍, ഷലീല്‍ 
ബാനര്‍: ഫിലിം ഫോക്സ് 
ചായാഗ്രഹണം: അഴഗപ്പന്‍ 
ചിത്രസന്നിവേശം: വി.സാജന്‍ 
വരികള്‍: റഫീക്ക് അഹമ്മദ്‌ 
സംഗീതം: ദീപക് ദേവ് 
കല സംവിധാനം: ജോസെഫ് നെല്ലിക്കല്‍ 
മേയിക്കപ്: റോഷന്‍ 
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
വിതരണം: മുരളി ഫിലിംസ് 

1 comment:

  1. Waste reviw. film is such a boring and worst direction from shafi, tre is no such funny situations in the fims so that families and kids can laugh,,i lost interest in watching movies after watching this waste movie. jayasurya's worst character spoiled the mood of this film.. i will give 1.5/10 for this film.. not at all worth watching movie

    ReplyDelete