26 Apr 2012

ജോസേട്ടന്റെ ഹീറോ

മലയാള സിനിമയിലെ പുതിയ താരോദയം അനൂപ്‌ മേനോനെ നായകനാക്കി കെ.കെ.ഹരിദാസ് സംവിധാനം ചെയ്ത സിനിമയാണ് ജോസേട്ടന്റെ ഹീറോ. സാമ്പത്തിക പ്രതിസന്ധിയും സൂപ്പര്‍ സ്റ്റാര്‍ നായകന്റെ അനാവശ്യ ഇടപെടലുകളും മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിപോയ ഘട്ടത്തില്‍ ജോസേട്ടന്‍ എന്ന സിനിമ നിര്‍മ്മാതാവ് കണ്ടെത്തുന്ന പകരക്കാരനായ നായകനാണ് സാജന്‍. സിനിമയുടെ സ്റ്റില്‍ പടങ്ങള്‍ എടുക്കുന്ന സാജന് അപ്രതീക്ഷമായി ലഭിക്കുന്ന അവസരമാണ് ഈ നായക കഥാപാത്രം. സാജനെ നായകനാക്കാന്‍ ജോസേട്ടന്‍ ശ്രമിക്കുന്നതോടെ സൂപ്പര്‍ സ്റ്റാര്‍ നായകന് ജോസേട്ടനോട് ശത്രുത തോന്നുകയും, ജോസേട്ടന്റെ സിനിമ മുടക്കുവാന്‍ ശ്രമിക്കുന്നതും, സാജന്റെ ബുദ്ധിപരമായ ഇടപെടലുകള്‍ കൊണ്ട് ജോസേട്ടന്‍ സിനിമ പൂര്‍ത്തീകരിക്കുകയും സിനിമ വന്‍വിജയമാവുകയും ചെയ്യുന്നതാണ് ജോസേട്ടന്റെ ഹീറോ എന്ന സിനിമയുടെ കഥ. സാജനായി അനൂപ്‌ മേനോനും, ജോസെട്ടനായി വിജയരാഘവനും അഭിനയിച്ചിരിക്കുന്നു. 

നിരവധി ഹ്യൂമര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് കെ.കെ.ഹരിദാസ്. ഹരിദാസ് സംവിധാനം ചെയ്തതില്‍ ഏറ്റവും മോശം എന്ന് പറയാവുന്ന ഒരു സിനിമയായിരിക്കും ജോസേട്ടന്റെ ഹീറോ. അനൂപ്‌ മേനോനെ പോലുള്ള നടന്മാര്‍ ജോസേട്ടന്റെ ഹീറോ പോലെയുള്ള സിനിമകളില്‍ അഭിനയിച്ചാല്‍ അത് പ്രേക്ഷകരോട് ചെയ്യുന്ന വഞ്ചന എന്നല്ലാതെ മറ്റൊന്നും പറയുവാനകില്ല. 

കഥ, തിരക്കഥ: മോശം
മിമിക്രി സിനിമകള്‍ക്ക്‌ തിരക്കഥകള്‍ എഴുതിയിട്ടുള്ള കലാഭവന്‍ അന്‍സാറും, നവാഗതനായ സത്യന്‍ കൊലങ്ങാടും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ച ജോസേട്ടന്റെ ഹീറോ, മലയാള സിനിമ പ്രേക്ഷകരോട് ഇരുവരും ചേര്‍ന്ന് ചെയ്ത വഞ്ചന എന്ന് പറയുന്നതില്‍ ഖേദമുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന കഥാതന്തു മികവുറ്റ രീതിയില്‍ അവതരിപ്പിച്ച സിനിമയാണ് ഉദയനാണ് താരം. ഇതേ കഥ ചര്‍ച്ച ചെയ്ത പത്തോളം സിനിമകളെങ്കിലും ഉദയനാണ് താരത്തിനു ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമ എന്ന കഥ വീണ്ടും സിനിമയാക്കുവാന്‍ ധൈര്യം കാണിച്ച തിരക്കഥ രചയ്തക്കള്‍ക്കും സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും മനോനില തെറ്റിയിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്നു. എന്നെക്കാള്‍ ചവറു സിനിമ എടുക്കുന്നവര്‍ ഇവിടെയില്ലേ? എന്ന "സന്തോഷ്‌ പണ്ഡിറ്റ്‌ ചോദ്യം" ഓര്‍ത്തുപോകുന്നു. 


സംവിധാനം: മോശം
രഞ്ജിത്തിന്റെ തിരക്കഥ എഴുതിയ ജയറാം സിനിമ ജോര്‍ജ്കുട്ടി / ജോര്‍ജ്കുട്ടി, പ്രിയദര്‍ശന്‍ കഥയെഴുതിയ ശ്രീനിവാസന്‍ നായകനായ കിന്നരിപുഴയോരം എന്നീ സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ട് സിനിമയിലെത്തിയ സംവിധായകനാണ് കെ.കെ.ഹരിദാസ്. കണ്ടുമടുത്ത ഒരു പ്രമേയം തിരഞ്ഞെടുത്ത് സിനിമയാക്കിയത്കൊണ്ട് ഹരിദാസ് എന്ന സംവിധായകന് എന്താണാവോ ഉദേശിച്ചത്‌ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സിനിമയുടെ അവസാനം ജോസേട്ടന്‍ നിര്‍മ്മിച്ച സിനിമ വിജയിച്ചു എന്ന് ചിത്രീകരിച്ച രംഗങ്ങളാണ് ഈ സിനിമയിലെ ഏറ്റവും മോശം.കഥാഗതിയില്‍ യാതൊരു പ്രയോജനവുമില്ലാത്ത തട്ടിക്കൂട്ട് തമാശകളും
കുറെ രംഗങ്ങളും കുത്തിനിറച്ച ഈ സിനിമ, പ്രേക്ഷകരെ ബോറടിയുടെ കൊടുമുടിയില്‍ എത്തിച്ചു. ഈ സിനിമ കണ്ട പ്രേക്ഷകര്‍ ഇനിയൊരു കെ.കെ.ഹരിദാസ് സിനിമ കാണുവാന്‍ തയ്യാറാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സാങ്കേതികം: ബിലോ ആവറേജ്
സംവിധായകന്‍ കെ.കെ ഹരിദാസ് പറഞ്ഞുകൊടുത്ത രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി എന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല ചായഗ്രഹകാന്‍ സെന്തില്‍രാജ്. പ്രേക്ഷകരെ കൂടുതല്‍ വെറുപ്പിക്കാതെ രണ്ടു മണിക്കൂറിനുള്ളില്‍ സിനിമ അവസാനിപ്പിച്ചതിന് വിവേക് ഹര്‍ഷന് നന്ദി! സാജന്‍ കെ. റാം സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. എന്തക്കയോ ശബ്ദകോലാഹലങ്ങള്‍ വന്നുപോയീ എന്നല്ലാതെ പാട്ടുകളൊന്നും ശരാശരി നിലവാരം പോലുമില്ലത്തവയാണ്. 

അഭിനയം: ബിലോ ആവറേജ്  
ഉദയനാണ് താരത്തിലെ മോഹന്‍ലാലിന്‍റെ മാനറിസങ്ങളും പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടെ സംഭാഷണ രീതിയും അഭിനയത്തില്‍ അറിഞ്ഞോ അറിയാതയോ പകര്‍ത്തിയ അനൂപ്‌ മേനോനും, സിനിമയെ സ്നേഹിക്കുന്ന നല്ലവനായ നിര്‍മ്മാതാവിന്റെ വേഷത്തില്‍ അഭിനയിച്ച വിജയരാഘവനും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. വില്ലന്‍ റോളില്‍ എത്തിയ അശോകനും പ്രേക്ഷകരെ നിരാശപെടുത്തിയില്ല. എന്നാല്‍ നായികയായി അഭിനയിച്ച കിര്‍ത്തിയുടെ മലയാള ഉച്ചാരണവും അഭിനയവും പരിതാപകരമായിരുന്നു. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഭീമന്‍ രഘു, കൊച്ചുപ്രേമന്‍, ജനാര്‍ദനന്‍, നന്ദു, കലാഭവന്‍ റഹ്മാന്‍, കലാഭവന്‍ ഷാജോണ്‍, സുദീഷ്, ടോണി, സീനത് എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.  
 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അനൂപ്‌ മേനോന്‍, വിജയരാഘവന്‍ എന്നിവരുടെ സാന്നിധ്യം  
 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം
3. പാട്ടുകള്‍
4. ക്ലൈമാക്സ് 


ജോസേട്ടന്റെ ഹീറോ റിവ്യൂ: പരിതാപകരമായ കഥാസന്ദര്‍ഭങ്ങളും പഴഞ്ജന്‍ സംവിധാന രീതിയും വേണ്ടുവോളമുള്ള സിനിമയാണ് ജോസേട്ടന്റെ ഹീറോ. പ്രേക്ഷകരോട് എന്തിനീ കൊലവെറി? 

ജോസേട്ടന്റെ ഹീറോ റേറ്റിംഗ്: 2.00 / 10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]

സാങ്കേതികം: 2/5[ബിലോ ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍: 6 / 30 [2/10]


സംവിധാനം: കെ.കെ.ഹരിദാസ്
കഥ, തിരക്കഥ.സംഭാഷണം: അന്‍സാര്‍ കലാഭവന്‍, സത്യന്‍ കൊലങ്ങാട്
നിര്‍മ്മാണം: സല്‍മാര മുഹമ്മദ്‌, ഷെരീഫ് 
ചായാഗ്രഹണം: സെന്തില്‍ രാജ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: സാജന്‍ കെ. റാം
വിതരണം: എം.ആര്‍.എസ്

No comments:

Post a Comment