15 Apr 2012

കോബ്ര

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന സിനിമയ്ക്ക് ശേഷം എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച്‌ മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടിയും സംവിധായകനും നടനുമായ ലാലും ഒന്നിച്ച സിനിമയാണ് കോബ്ര. തൊമ്മനും മക്കളും, ബ്ലാക്ക്‌, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷമാണ് മമ്മൂട്ടിയും ലാലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു മുഴുനീള ഹാസ്യചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ ലാല്‍ തന്നെ കഥയും തിരക്കഥയും സംഭാഷണങ്ങളും സംവിധാനവും നിര്‍വഹിച്ച കോബ്ര, മമ്മൂട്ടിയുടെ വിഷു റിലീസ് സിനിമയയാണ് തിയറ്ററുകളില്‍ എത്തിയത്. കോബ്ര എന്നത് നായകന്മാരായ മമ്മൂട്ടിയുടെയും ലാലിന്റെയും വെളിപേരാണ്. വെളുത്ത നിറമുള്ള രാജവെമ്പാല അഥവാ രാജയായി മമ്മൂട്ടിയും, കറുത്ത നിറമുള്ള കരിമൂര്‍ഖന്‍ അഥവാ കരിയായി ലാലും അഭിനയിക്കുന്ന ഈ സിനിമയില്‍, നായക കഥാപാത്രങ്ങളെ കോബ്ര എന്ന വെളിപെരില്‍ അറിയപെടാനുള്ള കാരണങ്ങള്‍ ഏറെയാണ്‌. മലേഷ്യയിലെ 'കോ'ലാലംപൂരില്‍ ഇരട്ടകുട്ടികളായി ജനിച്ച ഇവര്‍ വളര്‍ന്നത്‌ 'കോ'യമ്പത്തൂരിലും, പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെ 'കോ'ണാട്ട് പ്ലെയിസില്‍ പോയത് കൊണ്ടും, കല്യാണം കഴിക്കുവാനായി 'കോ'ട്ടയത് എത്തിയത് കൊണ്ടും, ഒടുവില്‍ സഹോദരിമാരെ വിവാഹം ചെയ്യുവാന്‍ തീരുമാനിച്ചതോടെ 'കോ'ബ്രദേഴ്സും ആകുകയും ചെയ്യുന്നു രാജയും കരിയും. സഹോദരങ്ങളായ ഇവര്‍ തമ്മിലുള്ള സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും കഥപറയുന്ന ഈ ലാല്‍ ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വേണുവാണ്. ലാലിന്‍റെ സഹോദരന്‍ അലക്സ് പോളാണ് പാട്ടുകള്‍ക്ക് വേണ്ടി സംഗീതം പകര്‍ന്നിരിക്കുന്നത്. വി.സാജനാണ് ചിത്രസന്നിവേശം. 

ഇരട്ടകുട്ടികളായി ജനിച്ച രാജയും കരിയും ഒരു ബിസിനസ് ആവശ്യത്തിനായി ജോണ് സാമുവലിനെ പരിച്ചയപെടുന്നു. ആ പരിചയം വളര്‍ന്നു സൌഹൃത്തിലെത്തുകയും ജോണ് സാമുവലിന്റെ വീട് കോബ്രകള്‍ വിലയ്ക്ക് വാങ്ങുകയും ചെയുന്നു.അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ കോബ്രകള്‍ ആ വീട്ടില്‍ താമസം തുടങ്ങുന്നു. ജോണ് സാമുവലിന്റെ പെണ്‍മക്കളെ ഇഷ്ടമാകുന്ന രാജയും കരിയും പിന്നീട് ആ വീട് വിട്ടു പോകാതെ ആകുന്നു. മിടുക്കന്മാരായ കോബ്രകളെ ഇഷ്ടമാകുന്ന ജോണ് സാമുവല്‍, അയാളുടെ പെണ്‍മക്കളെ കോബ്രകള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുവാന്‍ തീരുമാനിക്കുന്നു. എല്ലാം ശുഭകരമായി പോക്കുന്നതിനിടയില്‍ ചില ശത്രുക്കള്‍ ചേര്‍ന്ന് രാജയും കരിയും തമ്മില്‍ വേര്‍പെടുത്തുവാനായി ശ്രമിക്കുന്നു. തുടര്‍ന്ന് രാജയുടെയും കരിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ജോണ് സാമുവലായി ലാല് അലക്സും, പെണ്‍ മക്കളുടെ വേഷത്തില്‍ പത്മപ്രിയയും കനിഹയുമാണ് അഭിനയിക്കുന്നത്.  

കഥ, തിരക്കഥ: ബിലോ ആവറേജ്
ടൂര്‍ണമെന്റ് എന്ന പരീക്ഷണ സിനിമയ്ക്ക് ശേഷം ലാല്‍ സംവിധാനം ചെയ്ത കോബ്രയെ ഹാസ്യത്തിന് പ്രാധാന്യം നല്ല്കിയെടുത്ത ഒരു മമ്മൂട്ടി സിനിമ എന്ന് വിശേഷിപ്പിക്കാം. അവിവാഹിതരായ ഇരട്ട സഹോദരങ്ങള്‍ കല്യാണം കഴിക്കുവാനായി ശ്രമിക്കുന്നതും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ. ലാല്‍ എന്ന തിരക്കഥകൃത്ത് ഈ സിനിമയുടെ തിരക്കഥ എഴുതുന്നതിനു തൊട്ടുമുമ്പ് തെങ്കാശിപട്ടണം എന്ന സിനിമയും തൊമ്മനും മക്കളും എന്ന സിനിമയും ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടാവും എന്നുറപ്പ്. കാരണം മേല്പറഞ്ഞ രണ്ടു സിനിമകളിലും പ്രേക്ഷകര്‍ കണ്ടിട്ടുള്ള കഥാസന്ദര്‍ഭങ്ങളും തമാശകളുമാണ് കോബ്രയിലുമുള്ളത്. ലാല്‍
ഇന്നുവരെ എഴുതിയ സിനിമകളുമായി താരതമ്യം ചെയ്താല്‍, കോബ്രയുടെ തിരക്കഥയിലാവും കൂടുതല്‍ പോരായ്മകള്‍. ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സാമാന്യ ബുദ്ധിയുള്ള ഏതൊരു പ്രേക്ഷകനും പ്രവചിക്കനാകുന്നതാണ് ഈ സിനിമയുടെ കഥ. സിനിമയുടെ അവസാനമുള്ള സംഘട്ടന രംഗങ്ങള്‍ ഒഴികെ, വേറൊരു പുതുമയും ഈ സിനിമയ്ക്കില്ല. ഇതുപോലുള്ള തട്ടിക്കൂട്ട് തമാശ സിനിമകള്‍ 10 വര്‍ഷം മുമ്പാണെങ്കില്‍ ഒരു പക്ഷെ വിജയിക്കുമായിരുന്നു. ഒരു ലാല്‍ സിനിമ എന്ന രീതിയില്‍ കോബ്ര പ്രേക്ഷകരെ നിരാശപെടുത്തി.  
 

സംവിധാനം: ബിലോ ആവറേജ്
ശരാശരി നിലവാരം പോലുമില്ലാത്ത കുറെ ഹാസ്യ രംഗങ്ങളും, രണ്ട് അര്‍ത്ഥങ്ങളുള്ള തമാശകളും, കണ്ടുമടുത്ത രംഗങ്ങളുള്ള കോബ്ര എന്ന സിനിമ പ്രേക്ഷകര്‍ കണ്ടിരിക്കുവാനുള്ള പ്രധാന കാരണം ലാല്‍ എന്ന സംവിധായകന്റെ കഴിവ് തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല. ഈ സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും തെങ്കാശിപട്ടണം, തൊമ്മനും മക്കളും എന്ന സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണെങ്കിലും, ലാലിന്‍റെ സംവിധാന മികവു കൊണ്ട് അവയൊന്നും മോശമായില്ല. ക്ലൈമാക്സ് രംഗങ്ങളിലെ അള്‍ട്ര സ്ലോ മോഷന്‍ ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകര്‍ ഏറെ കൌതുകത്തോടെയാണ് കണ്ടിരുന്നത്‌. 
 

 
സാങ്കേതികം: എബവ് ആവറേജ്
വേണു, ദീപക് ദേവ്, വി,സാജന്‍ എന്നിവരുടെ മികവുറ്റ സാങ്കേതിക സഹായമാണ് ലാല്‍ എന്ന
സംവിധായകന് ഏറ്റവും ഗുണം ചെയ്തിരിക്കുന്നത്. മികച്ച വിഷ്വല്‍സ് ചിത്രീകരിച്ച വേണും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കിയ ദീപക് ദേവും, കൃത്യതയാര്‍ന്ന ചിത്രസന്നിവേശം ചെയ്ത വി. സാജനും അവകാശപെട്ടതാണ് ഈ സിനിമയുടെ ചെറിയ വിജയം. സന്തോഷ്‌ വര്‍മ രചിച്ചു ലാലിന്‍റെ സഹോദരന്‍ അലക്സ് പോള്‍ ഈണം നല്‍ക്കിയ രണ്ടു പാട്ടുകളും ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്.

അഭിനയം: ആവറേജ്
മമ്മൂട്ടി, ലാല്‍, ലാലു അലക്സ്, സലിം കുമാര്‍, മണിയന്‍പിള്ള രാജു, ജഗതി ശ്രീകുമാര്‍, ബാബു ആന്റണി, അഹമ്മദ്‌ ഹമൂദ, പത്മപ്രിയ, കനിഹ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാജമാണിക്യം, തൊമ്മനും മക്കളും, മായാവി എന്നീ സിനിമകളില്‍ മമ്മൂട്ടി പറയുന്ന സംഭാഷണങ്ങളിലെ തമാശകള്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ചതാണ്. എന്നാല്‍, കോബ്രയില്‍ മമ്മൂട്ടി പറയുന്ന തമാശകള്‍ ഒന്നുംതന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നില്ല. ഏറെകുറെ ഇത് തന്നെയാണ് ലാലിന്റെയും അവസ്ഥ. സിനിമയുടെ രണ്ടാം പകുതിയിലെ ഒന്നുരണ്ടു തമാശകള്‍ ഒഴികെ ഓര്‍ത്തിരുന്നു ചിരിക്കുവാനുള്ള തമാശകള്‍ സലിം കുമാറിന് പോലും പറയുവാനില്ല. ഈ സിനിമയില്‍ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് ലാലു അലക്സാണ്. ലാലു അല്സ്കിന്റെ തനതായ ശൈലിയിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ കയ്യടിയോടുകൂടിയാണ് സ്വീകരിച്ചത്.
 


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലാലിന്‍റെ സംവിധാനം
2. വേണുവിന്റെ ചായാഗ്രഹണം
3. ക്ലൈമാക്സ് സംഘട്ടന രംഗങ്ങള്‍
4. പശ്ചാത്തല സംഗീതം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. നിലവാരമില്ലാത്ത ഹാസ്യ രംഗങ്ങള്‍
3. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍
4. പ്രവചിക്കനവുന്ന കഥയും കഥാപാത്രങ്ങളും


കോബ്ര റിവ്യൂ: ഒരു 'ലാല്‍ സിനിമ' എന്ന രീതിയില്‍ കോബ്ര പ്രേക്ഷകരെ നിരാശപെടുത്തുമെങ്കിലും, മമ്മൂട്ടിയുടെ ആരാധകരെ ത്രിപ്തിപെടുത്തുന്ന രീതിയില്‍ ആസ്വാദനത്തിനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ലാല്‍ ഒരുക്കിയ ഒരു 'മമ്മൂട്ടി സിനിമ'യാണ് കോബ്ര.

കോബ്ര റേറ്റിംഗ്: 3.80 / 10
കഥ, തിരക്കഥ: 3 / 10[ബിലോ ആവറേജ്]
സംവിധാനം: 3 / 10 [
ബിലോ ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]
ടോട്ടല്‍: 11.5 / 30 [3.8 / 10]
    

രചന, സംവിധാനം: ലാല്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: എംപറര്‍ സിനിമ
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: സന്തോഷ്‌ വര്‍മ
സംഗീതം: അലക്സ് പോള്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്

1 comment:

  1. സഹിക്കാന്‍ വയ്യാത്തൊരു രംഗം തുടക്കത്തില്‍തന്നെയുണ്ട്, ലോക ചാമ്പ്യന്‍ അഹമദ് ഹമൂദയെ മമ്മൂട്ടി മൂന്നടി അടിച്ചു നിലത്തിടുന്നത്!!!

    ReplyDelete