10 Feb 2012

ഞാനും എന്റെ ഫാമിലിയും


പ്രശസ്ത സീരിയല്‍ സംവിധായകന്‍ കെ.കെ.രാജീവ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഞാനും എന്റെ ഫാമിലിയും. കുടുംബപ്രേക്ഷകരുടെ പ്രിയ നായകന്‍ ജയറാം നായകനാകുന്ന ഞാനും എന്റെ ഫാമിലിയും നിര്‍മ്മിച്ചിരിക്കുന്നത് സെവന്‍ ആര്‍ട്സ് ഫിലിംസിന് വേണ്ടി ജി.പി.വിജയകുമാറാണ്. ചെറിയാന്‍ കല്പകവടിയുടെ തന്നെ കഥയ്ക്ക്‌ അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വൈദി എസ്. പിള്ളയാണ്. ജയറാം അവതരിപ്പിക്കുന്ന ഡോക്ടര്‍ ദിനനാഥന്‍, ദിനനാഥന്റെ ഭാര്യ ഡോക്ടര്‍ പ്രിയ(മമ്ത മോഹന്‍ദാസ്‌), ബിസിനെസ്സുകാരന്‍ ജോണ്‍ പാലേക്കുന്നില്‍(മനോജ്‌ കെ.ജയന്‍), ജോണിന്റെ ഭാര്യ സോഫിയ(മൈഥിലി) എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. 

പ്രഗല്‍ഭനായ ഡോക്ടര്‍ ദിനനാഥനും ഭാര്യ പ്രിയയും അവരുടെ രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം സന്തോഷകരമായി ജീവിക്കുന്നതിനിടയിലാണ് ഹൃദ്രോഗിയായ ജോണ് പാലേക്കുന്നില്‍ ചികിത്സ ലഭിക്കുവാനായി ദിനനാഥനെ സമീപിക്കുന്നത്. ഒട്ടുമിക്ക എല്ലാ ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗാവസ്ഥയാണ് ജോണിന്റെത്. ആ അവസ്ഥയിലാണ് ഏതു മാരക ഹൃദ്രോഗവും മാറ്റാന്‍ കഴിവുള്ള ദിനനാഥനെ തേടി ജോണും ഭാര്യ സോഫിയയും എത്തുന്നത്. ആദ്യമൊക്കെ ജോണിന്റെ ചികിത്സയില്‍ ശ്രദ്ധിക്കുന്ന ദിനനാഥന്‍, അയാളുടെ മുന്‍കാല കാമുകിയായ സോഫിയയയാണ് ജോണിന്റെ ഭാര്യ എന്നറിയുന്നത്തോടെ ചികിത്സയിലും  സ്വകാര്യ ജീവിതത്തിലും പൂര്‍ണമായും ശ്രദ്ധിക്കാന്‍ പറ്റാതെ അസ്വസ്ഥനാകുന്നു. ഈ മാനസിക സംഘര്‍ഷനത്തിനിടയിലും ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗിയുടെ സംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്ന ദിനനാഥന്‍, ജോണിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നു.  പക്ഷെ, മാരകമായ ഹൃദ്രോഗത്തിന് അടിമയായ ജോണ്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മരിക്കുന്നു. താന്‍ മരിക്കുകയാണെങ്കില്‍ സോഫിയയുടെ മാനസികനില തകരുമെന്നും, അതില്‍ നിന്നും അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നും അഭ്യര്‍ഥിച്ചു കൊണ്ട് ജോണ് എഴുതിയ കത്ത് ദിനനാഥനു ലഭിക്കുന്നു. മനുഷ്യ സ്നേഹിയായ ദിനനാഥന്‍ ജോണിന്റെ ആഗ്രഹപ്രകാരം മുന്‍കാല കാമുകി സോഫിയയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. അതോടെ, ദിനനാഥനും സോഫിയയും തമ്മില്‍ അടുപ്പത്തിലാകുകയും അവര്‍ തമ്മില്‍ ദാമ്പത്യ ജീവിതം ആരംഭിക്കുകയും ചെയുന്നു. അങ്ങനെ ദിനനാഥന് രണ്ടു കുടുംബം ഉണ്ടാകുകയും അതിനിടയില്‍ അകപെട്ടു കഷ്ടപെടുന്ന ദിനനാഥന്റെ ജീവിത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള കഥ.

കഥ-തിരക്കഥ: ബിലോ ആവറേജ്
ഒരുപാട് കുടുംബകഥകള്‍ എഴുതിയ തിരക്കഥ രചയ്താവ് ചെറിയാന്‍ കല്പകവാടിയുടെ രചനയാണ് ഞാനും എന്റെ ഫാമിലിയും എന്ന കെ.കെ. രാജീവ്‌ ക-ജയറാം സിനിമ. എല്ലാ സുഖസൗകര്യങ്ങളുമായി ജീവിക്കുന്ന ഒരു ഡോക്ടര്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ മറ്റൊരു സ്ത്രീയുമായി അടുക്കുകയും, ആ ബന്ധം ഡോക്ടറിന്റെ ഭാര്യ അറിയുകയും, തുടര്‍ന്ന് അയാള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് ഈ സിനിമയുടെ പ്രധാന കഥ. ടെലിവിഷന്‍ സീരിയലുകള്‍ ഇഷ്ടപെടുന്ന സ്ത്രീ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടാണ് ചെറിയാന്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് സിനിമ കാണുമ്പോള്‍
ഏതൊരു പ്രേക്ഷകനും മനസ്സിലാകും. സീരിയലുകള്‍ സ്ഥിരമായി കാണുന്ന സ്ത്രീകള്‍ക്ക് ഇഷ്ടമാകുന്ന ഘടകങ്ങള്‍ ഉള്പെടുത്തുന്ന കാര്യത്തില്‍ വിജയിച്ച ചെറിയാന്‍ കല്പകവാടി, ഒരു നല്ല സിനിമ ഉണ്ടാക്കുന്നതില്‍ പരാജയപെട്ടു. 1984 മലയാളത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ "മുഹൂര്‍ത്തം 11.30നു", 1970 കളില്‍ മധു, രാഘവന്‍, ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച "ഹൃദയം ഒരു ക്ഷേത്രം" എന്ന സിനിമകളുടെ കഥയുമായി സാമ്യമുള്ള കഥയാണ് ഞാനും എന്റെ ഫാമിലിയും. മേല്പറഞ്ഞ സിനിമകള്‍ കണ്ട കുടുംബപ്രേക്ഷകര്‍ക്ക്‌ ഞാനും എന്റെ ഫാമിലിയും കാണുമ്പോള്‍ യാതൊരു പുതുമയും തോന്നുകയില്ല.

സംവിധാനം: ബിലോ ആവറേജ്
ടെലിവിഷന്‍ സീരിയലുകള്‍ നിരവധി സംവിധാനം ചെയ്തിട്ടുള്ള കെ.കെ രാജീവിന്റെ ആദ്യ സിനിമ സംരംഭമാണ് ഞാനും എന്റെ ഫാമിലിയും. കെ.കെ രാജീവ്‌ എന്ന സംവിധായകന്റെ ആദ്യ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് സീരിയല്‍ പോലുള്ള ഒരു സിനിമയാണ് എങ്കില്‍, ആ കാര്യത്തില്‍ കെ.കെ.രാജീവ്‌ വിജയിച്ചിരിക്കുന്നു. സീരിയല്‍ കഥകളോട് സാമ്യമുള്ള ഒരു കഥ തിരഞ്ഞെടുത്തു സിനിമയാക്കാന്‍ അദ്ദേഹം തീരുമാനിച്ചതിന്റെ കാരണവും അത് തന്നെ എന്ന് കരുതാം. പക്ഷെ, മലയാള സിനിമകളില്‍ തന്നെ മുമ്പ് കണ്ടിട്ടുള്ള അതെ കഥ വീണ്ടും സിനിമയാക്കാന്‍ ശ്രമിച്ചത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപെടുത്തുന്നു. ഹൃദയം ഒരു ക്ഷേത്രം എന്ന പഴയകാല സിനിമയുടെ കഥ പകര്‍ത്തുന്നതിലും ഭേദം, ആ സിനിമ
കെ.കെ.രാജീവ്‌ റീമേക് ചെയ്യുന്നതായിരുന്നു. കണ്ടുമടുത്ത കഥയാണെങ്കിലും സിനിമയുടെ ആദ്യ പകുതി മോശമാക്കാതെ സംവിധാനം ചെയ്യുവാന്‍ കെ.കെ.രാജീവ്‌ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, സിനിമയുടെ രണ്ടാം പകുതിയില്‍ സംവിധായകന്റെ കഴിവുകേടുകള്‍ വെളുവകുന്ന തരത്തില്‍ സിനിമയുടെ കഥ ഇഴഞ്ഞുനീങ്ങുകയും, ക്ലൈമാക്സ് പ്രവചിക്കനാകുകയും ചെയുന്നതോടെ ഈ സിനിമ വെറും ശരാശരി നിലവാരത്തില്‍ പോലും എത്താതെ അവസാനിക്കുന്നു. 

സാങ്കേതികം: ആവറേജ്
മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കിയ വൈദി എസ്.പിള്ളയുടെ വിഷ്വല്‍സ് പ്രേക്ഷകര്‍ക്ക്‌ ആശ്വാസം പകരുന്നു. ആ ദ്രിശ്യങ്ങള്‍ കൂടിയോജിപ്പിച്ചത് വിനോദ് സുകുമാരനാണ്. രാജീവ്‌ ആലുങ്കല്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ കുങ്കുമ പൂവിതളില്‍ എന്ന്‍ തുടങ്ങുന്ന ഗാനം മികവു പുലര്‍ത്തുന്നു.

അഭിനയം: എബവ് ആവറേജ്
മനുഷ്യസ്നേഹിയായ ഡോക്ടര്‍
ദിനനാഥന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായി അവതരിപ്പിച്ച ജയറാം ആ കഥാപാത്രത്തിനോട് നൂറു ശതമാനം നീതിപുലര്‍ത്തിയിരിക്കുന്നു. അതുപോലെ തന്നെ മനോജ്‌ കെ.ജയനും, ജഗതി ശ്രീകുമാറും മൈഥിലിയും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. ഇവരെ കൂടാതെ, മമ്ത മോഹന്‍ദാസ്‌, നെടുമുടി വേണു, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
    
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ജയറാമിന്റെ അഭിനയം
2.വൈദി എസ്. പിള്ളയുടെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സീരിയലുകളും മുന്‍കാല മലയാള സിനിമകളിലും കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും
2. ചെറിയാന്‍ കല്പകവാടി എഴുതിയ ബോറടിപ്പിക്കുന്ന തിരക്കഥ 
3. പരിചയകുറവ് വെളിവാകുന്ന രീതിയിലുള്ള കെ.കെ.രാജീവിന്റെ സംവിധാനം  

 

ഞാനും എന്റെ ഫാമിലിയും റിവ്യൂ: മലയാള ടെലിവിഷന്‍ സീരിയലുകളില്‍ കാണുന്ന പോലെയുള്ള കഥയും സംവിധാനവും അവതരണവും കണ്ടിരിക്കാന്‍ പ്രയാസമില്ലാത്ത പ്രേക്ഷകര്‍ക്കും, ജയറാമിനെ  സ്നേഹിക്കുന്ന കുടുംബ കഥകള്‍ ഇഷ്ടമാകുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടാമയേക്കാം ഈ സിനിമ.
 
ഞാനും എന്റെ ഫാമിലിയും റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10]

 
സംവിധാനം: കെ.കെ.രാജീവ്‌
കഥ,തിരക്കഥ,സംഭാഷണം: ചെറിയാന്‍ കല്പകവാടി
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് ഫിലിംസ് ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: വൈദി എസ്. പിള്ള
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍
സംഗീതം: എം.ജി.ശ്രീകുമാര്‍

1 comment:

  1. ഈ സിനിമക്ക് 3.80 കൊടുത്തത് താനെ വളരെ അധികം അണു ഇതേ കഥ പറഞ്ഞ ഒരു സിനിമ പണ്ട് ജയറാം താനെ അഭിനയിച്ചി ഉണ്ട് ഒരു സിരിയല്‍ പോലെ കണ വുന്ന സംഭവം

    ReplyDelete