27 Nov 2011

നായിക

സിനിമ നടീനടന്മാരുടെ ജീവിതം സിനിമ കഥയാക്കിയാല്‍ അതെന്നും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്ന ഒന്നാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീവിദ്യയുടെ കഥയുമായി രഞ്ജിത് തിരക്കഥ എന്ന സിനിമയൊരുക്കി. ആ സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടി വിജയിച്ച സിനിമയായിരുന്നു. രഞ്ജിത്തിനെ പോലെ തന്നെ മികവുറ്റ സംവിധയകാനായ ജയരാജ്നടി ഉര്‍വശി ശാരദയുമായി സാമ്യമുള്ള ഗ്രെയിസ് എന്ന പഴയകാല സിനിമ നടിയുടെ കഥയുമായി നായിക എന്ന സിനിമയുണ്ടാക്കി. ഗ്രെയിസ് എന്ന കഥപാത്രമായി ശാരദയാണ് അഭിനയിച്ചിരിക്കുന്നത്. ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ചിരിക്കുന്നത് പത്മപ്രിയയാണ്. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മിമിക്രിയില്‍ നിന്നും മലയാള സിനിമയിലെത്തിയ പത്മശ്രീ ജയറാമാണ് ഈ സിനിമയില്‍ നായക കഥാപാത്രമായ ആനന്ദ്‌ എന്ന സിനിമ നടനായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ സത്യന്‍ എന്ന നടന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നതെങ്കിലും പ്രേംനസീറിന്റെ ഭാവചലനങ്ങലോടെയാണ്‌ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ഗ്രേയിസ് എന്ന പഴയകാല സിനിമ നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണവുമായി അലീന എത്തുന്നിടത്താണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ഗ്രെയിസിനെ കൂടുതല്‍ പരിച്ചയപെടുയും അവരുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ അറിയുന്നതോടെ അലീന ഗ്രെയിസിനെ കൂടുതല്‍ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരനെ കണ്ടുപിടിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു അലീന. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ അവസാനിക്കുന്നത്. ദീദി ദാമോദരനാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. ദി ട്രെയിന്‍ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം നിര്‍വഹിച്ച നായികയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സിനി മുരുക്കുംപുഴയാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ക്ക് ഈണം നല്ക്കിയത് എം.കെ.അര്‍ജുനനാണ്

കഥ - തിരക്കഥ: ബിലോ ആവറേജ്
പ്രശസ്ത തിരക്കഥ രചയ്താവായ ടി.ദാമോദരന്റെ പുത്രി ദീദി ദാമോദരനാണ് നായികയ്ക്ക് വേണ്ടി കഥയും,തിരക്കഥയും,സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. പഴയകാല സിനിമ നടീനടന്മാരുടെ സിനിമ ജീവതത്തിലെ രീതികളും, സിനിമയുടെ ചിത്രീകരണ രീതികളെല്ലാം പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്നു. കേരള കഫേയിലെ മകള്‍ക്കും, ജയരാജിന്റെ തന്നെ സിനിമയായ ഗുല്‍മോഹറിന്റെയും തിരക്കഥ രചയ്താവായ ദീദി ദാമോദാരനില്‍ നിന്നും ഇതിലും മികച്ചതാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. മികവുറ്റ തിരക്കഥയാക്കാന്‍ സാധ്യതയുള്ള നല്ലൊരു കഥ ലഭിച്ചിട്ടും, അത് പൂര്‍ണമായും ഉപയോഗിക്കാത്തത് കൊണ്ട്, വെറുമൊരു ഡോകുമെന്ററി സിനിമ പോലെ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ സിനിമയിലെ പല രംഗങ്ങളും. കേന്ദ്ര കഥാപാത്രമായ ശാരദയുടെതുള്‍പ്പടെ മിക്ക കഥാപാത്രങ്ങളുടെയും അവതരണവും കഥാപാത്ര രൂപീകരണവും ഒക്കെ കുറേക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ സിനിമ നന്നാവുമായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
മികച്ച സംവിധായകനുള്ള ദേശീയ ബഹുമതികളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി നല്ലൊരു കഥ തിരഞ്ഞെടുക്കുകയും, നല്ല അഭിനേതാക്കളെ കണ്ടെത്തി അവര്‍ക്ക് അനിയോജ്യമായ വേഷങ്ങള്‍ നല്‍ക്കുകയും ചെയ്തു. പക്ഷെ, തിരക്കഥയിലുള്ള പോരായ്മകള്‍ സംവിധാനത്തിലൂടെ പരിഹരിച്ചു ഹൃദയസ്പര്‍ശിയായ ഒരു സിനിമയുണ്ടാക്കുന്നതില്‍ ജയരാജ് പരാജയപെട്ടു. മഹത്തായ ഒരു സിനിമയാക്കാവുന്ന കഥയെ വെറും ഒരു ഡോകുമെന്ററി പോലെ ചിത്രീകരിച്ചത് എന്ത് കൊണ്ടാണ് എന്നറിയില്ല. മലയാളികളെന്നും ഇഷ്ടപെടുന്ന മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ വീണ്ടും എത്തിച്ചതിനു ജയരാജിന് നന്ദി!

സാങ്കേതികം: ആവറേജ്
നായിക എന്ന സിനിമ കാണുവാന്‍ പ്രേക്ഷനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം എന്നത് കസ്തൂരി മണക്കുന്നല്ലോ...എന്ന പഴയ സൂപ്പര്‍ ഹിറ്റ്‌ ഗാനവും, അതിന്റെ ചിത്രീകരണവും തന്നെ. ശ്രീകുമാരന്‍ തമ്പി എഴുതി എം.കെ.അര്‍ജുനന്‍
ഈണമിട്ട ഈ ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. പാട്ട് പോലെ തന്നെ ചിത്രീകരണവും മനോഹരമാക്കിയത് സിനു മുരുക്കുംപുഴ എന്ന ചായഗ്രഹനാണ്. സമീപകാല മലയാള സിനിമകളില്‍ കണ്ടിട്ടുള്ള ഏറ്റവും മോശം ചിത്രസന്നിവേശം ഈ സിനിമയിലേതാണ്. ഷോബിന്‍ സോമന്‍ എന്നയാളാണ് ഈ സിനിമയുടെ ചിത്രസന്നിവേശകന്‍. ചിത്രസന്നിവേശം ഒഴികെ ഈ സിനിമയിലുള്ള മറ്റു സാങ്കേതിക വശങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.
  
അഭിനയം: എബവ് ആവറേജ്
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ നടീനടന്മാരും നല്ല അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. പ്രേം നസീറെന്ന നടന്റെ ഭാവച്ചലനങ്ങള്‍ അവതരിപ്പിച്ച ജയറാമാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്. എടുത്തു പറയേണ്ട മറ്റൊരു മികച്ച പ്രകടനം ശാരദയുടെതാണ്. സിനിമയിലുടനീളം ഒരു മാനസിക രോഗിയായി മികച്ച അഭിനയമാണ് ശാരദ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, പഴകാല സിനിമ നിര്‍മ്മാതാവിന്റെ റോളില്‍ അഭിനയിച്ച സിദ്ദിക്കും, ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ച പത്മപ്രിയയും നന്നായി. മമതയും, ജഗതിയും, സലിം കുമാറും, കെ.പി.എ.സി.ലളിതയും, സബിത ജയരാജുമെല്ലാം അവരവരുടെ വേഷങ്ങള്‍ മോശമാക്കിയില്ല. ജയറാം, ശാരദ, പത്മപ്രിയ, മമ്ത, സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, കെ.പി.എ.സി.ലളിത, സുകുമാരി, സബിത ജയരാജ്, സരയൂ, ശശി കലിംഗ, വാവച്ചന്‍, ജോ എന്നിവരെ കൂടാതെ കുറെ പുതുമുഖ അഭിനേതാക്കളും ഉണ്ട് ഈ സിനിമയില്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം- കഥ
2. കുറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍
3. പഴയ
കാല സിനിമകളിലെ പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സംവിധാനം
 

നായിക റിവ്യൂ: ജയരാജ് എന്ന സംവിധായകന്റെ കഴിവുകേടും, ദീദി ദാമോദരന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും തന്നെയാണ് ക്ലാസ്സ്‌ സിനിമയാക്കാവുന്ന നായിക എന്ന ഈ സിനിമയെ വെറുമൊരു ഡോകുമെന്ററി പോലെയുള്ള സിനിമയാക്കി മാറ്റിയത്. 

നായിക റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ:
3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]

അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10 ]

സംവിധാനം: ജയരാജ്
നിര്‍മ്മാണം: തോമസ്‌ ബെഞ്ചമിന്‍
രചന: ദീദി ദാമോദരന്‍
ചായാഗ്രഹണം: സിന് മുരുക്കുംപുഴ
ചിത്രസന്നിവേശം: ഷോബിന്‍ സോമന്‍
വരികള്‍: ശ്രീകുമാരന്‍
തമ്പി
സംഗീതം: എം.കെ.അര്‍ജുനന്‍ 


3 comments:

  1. One of the biggest disappointment of 2011. As Niroopanam pointed out rightly,jayaraj spoiled this movie.

    ReplyDelete
  2. Super review....Bridge(Kerala Cafe) nte Script R.Unni de thanu.Makal (Directed by Revathy) de Script Deedi Damodaran te the..

    ReplyDelete
  3. Hello Visakh,You are correct. Thanks for correcting the mistake. Keep on following Niroopanam and put forward your valuable suggestions.

    ReplyDelete