16 Sep 2011

സെവന്‍സ്

ട്വന്റി-20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ മെഗാ ഹിറ്റ് സിനിമകള്‍ക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്ത സിനിമയാണ് സെവന്‍സ്. യുവ താരനിരയിലെ ശ്രദ്ധേയരായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പൊളി, രേജിത് മേനോന്‍, അജു വര്‍ഗീസ്‌, വിജീഷ്, വിനീത് കുമാര്‍ എന്നിവരാണ് സെവന്‍സ് സിനിമയിലെ ഏഴു ഫുട്ബോള്‍ കളികാരുടെ വേഷം അഭിനയിക്കുന്നത്. പവിത്രം സിനിമയ്ക്ക് വേണ്ടി സന്തോഷ്‌ പവിത്രം, സിയോണ്‍ ഇന്റര്‍നാഷണലിനു വേണ്ടി സജയ് സെബാസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സെവന്‍സ് വിതരണം ചെയ്യുന്നത് മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ്. അറബിക്കഥയ്ക്ക് ശേഷം ഇഖ്‌ബാല്‍ കുറ്റിപുറം കഥ, തിരക്കഥ, സംഭാഷണം രചിച്ച സെവന്‍സ് സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് അജയന്‍ വിന്‍സെന്റ് ആണ്.

ശ്യാം, സൂരജ്, ഷൌക്കത്ത്, അരുണ്‍, ശരത്, സതീഷ്‌, ലിന്റോ എന്ന ഏഴു സുഹൃത്തുകളുടെ പ്രധാന വിനോദം എന്നത് ഫുട്ബോള്‍ കളിയാണ്. കോഴിക്കോട് സ്വദേശികളായ ഏഴുപേരും ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നവരാണ്. ജോലി ചെയ്തു സംബാധിക്കുന്നതിനു പുറമേ, സെവന്‍സ് ഫുട്ബോള്‍ കളിച്ചു അതില്‍ നിന്നും വരുമാനം കണ്ടെത്തിയിരുന്നു ഇവര്‍. ഒരിക്കല്‍, കോഴിക്കോടിലെ ഒരു ക്ലബിന് വേണ്ടു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്റില്‍ കളിക്കുന്നതിനെടെ ഇവര്‍ ഏതിര്‍വശത്തെ ടീമിലെ അരവിന്ദന്‍ എന്ന കളിക്കാരനെ മനപ്പൂര്‍വം അപകടപെടുത്തന്‍ ശ്രമിക്കുകയും, അത് വലിയ ഒരു അപകടത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു.

ആളുമാറി അപകടപെടുത്തിയതാണെങ്കിലും അരവിന്ദന്റെ നില ഗുരുതരമായ അവസ്ഥയില്‍ ആകുമ്പോള്‍, അരവിന്ദനെ സഹായിക്കുവാനായി സെവന്‍സ് സംഘം പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ, അവര്‍ ചെറിയ ക്വോട്ടേഷന്‍സ് ഏറ്റെടുത്തു പണം ഉണ്ടാക്കുന്നു. പുതിയ ക്വോട്ടേഷന്‍ സംഘത്തിന്റെ വരവ്, പഴയ ചില ക്വോട്ടേഷന്‍ സംഘങ്ങള്‍ക്ക് ഇഷ്ടപെടുന്നില്ല. ചില പ്രത്യേക ആവശ്യത്തിനായി സെവന്‍സ് സംഘം കോഴിക്കോട് നഗരത്തിലെ പ്രധാന ക്വോട്ടേഷന്‍ സംഘത്തലവനായ ബേപ്പൂര്‍ ശ്രീധരനും സംഘവുമായി ഏറ്റുമുട്ടുന്നു. ആ ഏറ്റുമുട്ടല്‍ സെവന്‍സ് സംഘത്തിലെ ഓരോ അംഗങ്ങളെയും മോശമായ രീതിയില്‍ ബാധിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് സെവന്‍സ് സംഘം ജയിലില്‍ ആകുന്നു. അവരുടെ നിരപരാധിത്വം, പോലിസ് കമ്മിഷണര്‍ അമല വിശ്വനാഥിന്റെ സഹായത്തോടെ അവര്‍ തന്നെ തെളിയിക്കുന്നതാണ് ഈ സിനിമയുടെ കഥ. ശ്യാമായി കുഞ്ചാക്കോ ബോബനും, സൂരജായി ആസിഫ് അലിയും, ഷൌക്കത്തായി നിവിന്‍ പോളിയും, അരുണായി അജു വര്‍ഗീസും, ശരത്തായി രേജിത് മേനോനും, സതീഷായി വിജീഷും, ലിന്റൊയായി അമീര്‍ നിയാസും, അരവിന്ദനായി വിനീത് കുമാറും, അമല വിശ്വനാഥായി നാദിയ മൊയ്ദുവും അഭിനയിച്ചിരിക്കുന്നു.

കഥ - തിരക്കഥ: ബിലോ ആവറേജ്
മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കണ്ടുമടുത്ത കഥ സിനിമയാക്കുവാനായി ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തെ പ്രേരിപ്പിച്ചതെന്താണ് എന്ന് മനസ്സിലാകുന്നില്ല. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഒരുപാട് സിനിമകള്‍ക്ക്‌ ചര്‍ച്ച വിഷയമായതാണ് ഗുണ്ട സംഘങ്ങളും, ചില പ്രത്യേക സാഹചര്യങ്ങളില്‍  നിരപരാധികള്‍ ഗുണ്ടകളായി മാറുന്നതും. അതെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചതിനു പുറമേ, പ്രവചിക്കനാകുന്ന കഥാഗതിയും, സംഭാഷണങ്ങളും ഉള്‍പെടുത്തി വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ശ്രമിച്ചത് സെവന്‍സ് എന്ന സിനിമയെ ദോഷകരമായി ബാധിച്ചു എന്നതാണ് സത്യം. സെവന്‍സ് എന്ന പേര് കേള്‍ക്കുമ്പോള്‍, ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തിലൂടെ പറഞ്ഞുപോകുന്ന പ്രണയകഥയോ, കുടുംബ കഥയോ എന്നെല്ലാം പ്രതീക്ഷിച്ചു സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ പറ്റിക്കപെടുന്നത് കൊണ്ടാണ് ഭൂരിഭാഗം പേര്‍ക്കും ഈ സിനിമ രസിക്കാത്തത്. ഈ സിനിമയുടെ കഥയും ഫുട്ബോള്‍ കളിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന വസ്തുത അറിയാവുന്ന കഥാകൃത്തും സംവിധായകനും ഈ സിനിമയ്ക്ക് സെവന്‍സ് എന്ന പേരിട്ടത് ഈ സിനിമയ്ക്ക് വിനയായി. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, അനാവശ്യമായ കഥാപാത്രങ്ങളോ, കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങളോ, തട്ടിക്കൂട്ട് തമാശകളോ ഒന്നുമില്ലാതെ തിരക്കഥ രചിക്കാന്‍ ഇഖ്‌ബാലിനു സാധിച്ചു എന്നത് ഒരു വലിയ കാര്യം തന്നെ. അതുകൊണ്ട് തന്നെ, പ്രേക്ഷകരെ രണ്ടര മണിക്കൂര്‍
ബോറടിപ്പിക്കാതെ പിടിച്ചിരുത്താന്‍ സെവന്‍സ് സിനിമയ്ക്ക് കഴിഞ്ഞു. അറബിക്കഥ എന്ന സിനിമയുടെ തിരക്കഥ രചിച്ച തിരക്കഥകൃത്തില്‍ നിന്നും ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
സെവന്‍സ് കണ്ട ഒരൊറ്റ പ്രേക്ഷകന്‍ പോലും ഈ സിനിമയെ ഒരു ജോഷി സിനിമ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കില്ല. കാരണം, ജോഷി എന്ന സംവിധായകനില്‍ ഒരുപാട് പ്രതീക്ഷ അര്‍പ്പിച്ചാണ് പ്രേക്ഷര്‍ സിനിമ കാണാന്‍ പോകുന്നത്. തരക്കേടില്ലാത്ത രീതിയില്‍ സിനിമയെടുക്കാന്‍ ജോഷിയ്ക്ക് സാധിച്ചെങ്കിലും, സെവന്‍സ് എന്ന സിനിമ ഒരു പുതുമയും നല്‍കുന്നില്ല. യുവ താരനിരയിലെ ശ്രദ്ധേയരായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പൊളി എന്നിവരെയൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. നല്ല ഗാനങ്ങളോ, സംഘട്ടന രംഗങ്ങളോ ഒന്നുമില്ലാത്ത സാധാരണ രീതിയില്‍ ചിത്രീകരിച്ചത് കൊണ്ടാവും ഈ സിനിമ പ്രേക്ഷകരെ രസിപ്പിക്കാഞ്ഞത്. കണ്ടു മടുത്തതും, കേട്ട് പഴകിയതുമായ കഥയായാലും പുതിയ അവതരണ രീതി സ്വീകരിച്ചിരുന്നു എങ്കില്‍ ഈ സിനിമ മികച്ചതാക്കാമായിരുന്നു. ഓരോ കഥാപാത്രത്തിനും അനിയോജ്യരായ നടന്മാരെ കൊണ്ട് നല്ല രീതിയില്‍ അഭിനയിപ്പിച്ചു എന്നതാണ് സംവിധായകന്‍ ചെയ്ത ഏറ്റവും നല്ല കാര്യം. വെറും ബിലോ ആവറേജ് തിരക്കഥയെ ബോറടിപ്പിക്കാത്ത രീതിയില്‍ സംവിധാനം ചെയ്തത് ജോഷി എന്ന സംവിധായകന്റെ സംവിധാന മികവു തന്നെ എന്നതില്‍ ഒരു സംശയവുമില്ല.


സാങ്കേതികം: ആവറേജ്
അജയന്‍ വിന്‍സെന്റ് ആണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാങ്കേതിക മികവു തെളിയിക്കുവാനുള്ള അവസരങ്ങളൊന്നും ഈ സിനിമയുടെ കഥയില്ലില്ല. മോശമല്ലാത്ത രീതിയില്‍ വിഷ്വല്‍സ് ഒരുക്കാന്‍ അജയന് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോള്‍ കളി ചിത്രീകരിച്ചിരിക്കുന്നത് കണ്ടാല്‍ ചായാഗ്രാഹകന്‍ ഫുട്ബോള്‍ കളി കണ്ടിട്ടില്ല എന്ന് തോന്നും. ഈ സിനിമയുടെ കഥയില്‍ ഫുട്ബോള്‍ കളിക്ക് പ്രാധാന്യമില്ലാത്തത് കൊണ്ടാവണം ചായാഗ്രാഹകന്‍ ശ്രദ്ധിക്കാഞ്ഞത് എന്ന് കരുതാം. രഞ്ജന്‍ അബ്രഹാമാണ് ചിത്രസന്നിവേശം. സെവന്‍സ് സിനിമയ്ക്ക് വേണ്ടി സന്തോഷ്‌ വര്‍മ്മയും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ് പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയത്. 

അഭിനയം: ഗുഡ്
ഈ സിനിമയിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. എല്ലാ ജോഷി സിനിമകളെയും പോലെ ഒരു നീണ്ട താരനിര തന്നെ ഈ സിനിമയില്‍ അണിനിരക്കുന്നു. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രേജിത് മേനോന്‍, അജു വര്‍ഗീസ്‌, വിജീഷ്, അമീര്‍ നിയാസ്, വിനീത് കുമാര്‍, സുമേഷ്, മണിയന്‍പിള്ള രാജു, മാമുക്കോയ, ശിവജി ഗുരുവായൂര്‍, ഭാമ, റീമ കല്ലുംഗല്‍, നാദിയ മോയ്ദു, ബിന്ദു പണിക്കര്‍, അംബിക മോഹന്‍, സീനത്ത് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അഭിനേതാക്കളുടെ പ്രകടനം
2. യുവതാരനിരയും ജോഷിയും ഒന്നിക്കുന്ന സിനിമ
3. തട്ടിക്കൂട്ട് തമാശകള്‍, ആവശ്യമില്ലാത്ത രംഗങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ ഒഴുവാക്കിയത്.


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പുതുമയില്ലാത്ത കഥയും, പ്രവചിക്കനാകുന്ന കഥാഗതിയും
2. തിരക്കഥ, സംവിധാനം
3. പാട്ടുകള്‍ 


സെവന്‍സ് റിവ്യൂ: ഒരുപാട് മലയാള സിനിമകളിലും, അന്യഭാഷ സിനിമകളിലും ചര്‍ച്ച ചെയ്യപെട്ട ഒരു വിഷയം, പുതുമകളില്ലാത്ത കഥയിലൂടെ, തിരക്കഥയിലൂടെ, അവതരണത്തിലൂടെ ഒരിക്കല്‍ കൂടി കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് സെവന്‍സ് കാണാം!

സെവന്‍സ് റേറ്റിംഗ്: 4.70 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 14 / 30 [4.7 / 10] 

സംവിധാനം: ജോഷി
നിര്‍മ്മാണം: സന്തോഷ്‌ പവിത്രം,
സജയ് സെബാസ്റ്റിന്‍
കഥ, തിരക്കഥ, സംഭാഷണം: ഇഖ്‌ബാല്‍ കുറ്റിപുറം
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: ബിജിബാല്‍
വരികള്‍: സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്‌
വിതരണം: പ്ലേ ഹൗസ് 

4 comments:

 1. headings nte color change cheythu kurachu dark color aakiyirunnenkil nannayirunnu.... google reader il open cheythal background color white aayatukondu headings highlight cheythale vaayikkan pattunnullu...just a suggestion

  Thank you!!!

  ReplyDelete
 2. "ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റേറ്റിംഗ് : ബിലോ ആവറേജ് [2 / 5]" ningal thanne christian brothers inu nalkiya niroopanamanith.....enkil pinne enthinu ivide 'ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ മെഗാ ഹിറ്റ് സിനിമകള്‍ക്ക്‌ ശേഷം' ennu ezhuthi,itharathilulla cheriyathettukal polum eduth kanikkunnath kondu vishamam thonnaruth...ini ith avarthikkathirikkan sradhikkuka.plz

  ReplyDelete
 3. പ്രിയപ്പെട്ട Anjey Radh,

  താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി! മെഗാ ഹിറ്റ് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത് പണം വാരിയ സിനിമ എന്നാണ്. അല്ലാതെ, നല്ല സിനിമ എന്ന അര്‍ത്ഥമല്ല ഉദ്ദേശിച്ചത്. തുടര്‍ന്നും നിരൂപണം വായിക്കുക, അഭിപ്രായങ്ങള്‍ എഴുതുക. നന്ദി!

  ReplyDelete
 4. ജോഷി എന്ന സംവിധായകനില്‍ ഒരു പാട് പ്രതീക്ഷ - ആരാണ് സര്‍ ഈ ജോഷി? സിനിമയെ വെറും വയറ്റിപ്പിഴപ്പായി കാണുന്നയാളില്‍ ആരാണ് സര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്? മികച്ച ഒന്ന് രണ്ടു തിരക്കഥകള്‍ ജോഷിയെ കൊണ്ട് നിറക്കൂട്ട്‌ പോലുള്ള പടങ്ങള്‍ സംവിധാനം ചെയ്യിപ്പിച്ചിരിക്കാം. അത് വെച്ച് അയാളെ അളക്കരുത്. യാതൊരു വിധ സര്‍ഗ ശേഷിയുമില്ലാത്ത ഇയാളെ പോലുള്ളവരുടെ പടങ്ങള്‍ നിരൂപണം പോലും അര്‍ഹിക്കുന്നില്ല്ല

  ReplyDelete