21 Mar 2011

ക്രിസ്ത്യന്‍ ബ്രദേഴ്‌സ്

ട്വന്റി-ട്വന്റി എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ മറ്റൊരു താരസംഗമത്തിന് വഴിയൊരുക്കിക്കൊണ്ട് ജോഷിയും, ഉദയ്കൃഷ്ണ-സിബി.കെ.തോമസ്‌ കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്.

പാലമറ്റം തറവാട്ടിലെ ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിളയുടെ(സായി കുമാര്‍) മക്കളാണ് ക്രിസ്റ്റി(മോഹന്‍ലാല്‍), ജോജി(ദിലീപ്), ജെസ്സി(ലക്ഷ്മി ഗോപാലസ്വാമി),സ്റെല്ല(കനിഹ). ബോംബെ നഗരത്തിലെ പോലീസിനെ സഹായിക്കുന്ന ഇന്‍ഫോര്‍മറാണ് ക്രിസ്റ്റി. ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് ഒരു ദൌത്യവുമായി വരുകയാണയാള്‍. ആ ദൌത്യം മുഴുവിപ്പിക്കുന്നതിനിടയില്‍ ക്രിസ്റ്റിയെ... ജോസഫ് വടക്കന്‍ (സുരേഷ് ഗോപി) എന്ന പോലീസ് കമ്മിഷ്നെര്‍ പിടികൂടുന്നു. ക്രിസ്റ്റിയെ അകപെടുത്താനായി ബോംബെയില്‍ നിന്ന് ആണ്ട്രൂസ്(ശരത് കുമാര്‍) എത്തുന്നു. പക്ഷെ, ക്രിസ്റ്റി ഏറ്റെടുത്തിരിക്കുന്ന ദൌത്യം തന്റെ അനിയനായ ജോജിയുടെ(ദിലീപ്) കാമുകി മീനാക്ഷിയെ(കാവ്യാ മാധവന്‍) രക്ഷപെടുത്തുക എന്നതായത്‌ കൊണ്ട്...എന്ത് വിലകൊടുത്തും ക്രിസ്റ്റി അതില്‍ വിജയിക്കും എന്ന വാശിയോടെ പൊരുതുന്നു. ആരാണ് മീനാക്ഷിയെ അപായപെടുത്തന്‍ ശ്രമിക്കുന്നത്? എങ്ങനെയാണ് ക്രിസ്റ്റി മീനാക്ഷിയെ രക്ഷപെടുത്തുന്നത് ? ഈ സംഭവത്തിനെ തുടര്‍ന്ന് എന്തെല്ലാമാണ് ക്രിസ്റ്റിയുടെ ജീവിതത്തില്‍ ഉണ്ടാകുന്നത് എന്നെല്ലാമാണ് ഈ സിനിമയുടെ കഥ.

ഒരു താര സംഗമ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ തിരക്കഥയാണ് ഈ സിനിമയുടേതു. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രശ്നനവും. ഉദയനും, സിബിയും കുറേക്കൂടി ശ്രദ്ധിച്ചു തിരക്കഥ എഴുതുകയും, ജോഷി നല്ല രീതിയില്‍ സംവിധാനവും ചെയ്തിരുന്നെങ്കില്‍...ഒരുപക്ഷെ, ഈ സിനിമ ട്വന്റി-ട്വന്റി പോലെ രസകരമായേനെ. എങ്കിലും, താരങ്ങള്‍ ഒന്നിച്ച രംഗങ്ങളെല്ലാം നന്നായിട്ടുണ്ട്. പക്ഷെ, മൂന്ന് മണിക്കൂര്‍ ധൈര്ഗ്യമുള്ള ഈ സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും വളരെ മോശം രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ, ഈ സിനിമയിലെ പാട്ടുകള്‍...ശരാശരിയില്‍ താഴെയാണ്. ദീപക് ദേവിനെ പോലുള്ള സംഗീത സംവിധായകരില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പാട്ടുകളാണ് ഈ സിനിമയില്‍. കൈതപ്രം എന്നുമുതലാണ് ഇത്രയും മോശമായ വരികള്‍ എഴുതാന്‍ തുടങ്ങിയത് എന്ന് മനസിലാകുന്നില്ല. അനില്‍ നായരുടെ ചായഗ്രഹണവും, രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസംയോജനവും, രാജാമണിയുടെ പശ്ചാത്തല സംഗീതവും കുഴപ്പമില്ലാത്ത രീതിയില്‍ വന്നിട്ടുണ്ട്.


മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, ബാബു ആന്റണി, ദേവന്‍, ആനന്ദ്‌, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നിയാസ്, കുഞ്ചന്‍, അനൂപ്‌ ചന്ദ്രന്‍, സുബൈര്‍, സന്തോഷ്‌ ജോഗി, കലാഭവന്‍ ഷാജോണ്‍, ജയന്‍, കാവ്യാ മാധവന്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, കനിഹ, കവിയൂര്‍ പൊന്നമ്മ, ശോഭ മോഹന്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.


പ്രേക്ഷകര്‍ ഇഷ്ടപെടുന്ന നാല് താരങ്ങളെ ഒരുമിച്ചു കാണുവാനും, ത്രില്ലിങ്ങായ കുറെ രംഗങ്ങള്‍ കാണാന്‍ ആഗ്രഹമുള്ളവര്‍ക്കും ഈ സിനിമ ബോറടിക്കില്ല. മോഹന്‍ലാല്‍-സുരേഷ് ഗോപി-ദിലീപ്-ശരത് കുമാര്‍ എന്നിവരുടെ ആരാധകര്‍ക്ക് ഇഷ്ടമാകുന്ന എല്ലാ വിഭവങ്ങളും ഉണ്ട് ഈ സിനിമയില്‍.



ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റേറ്റിംഗ് : ബിലോ ആവറേജ് [2 / 5] 

സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി,അനൂപ്‌[മെഡിമിക്സ്‌],വര്‍ണചിത്ര സുബൈര്‍
കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ - സിബി.കെ.തോമസ്‌
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം
സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം
പശ്ചാത്തല സംഗീതം: രാജാമണി

No comments:

Post a Comment