31 Aug 2011

തേജാഭായ് ആന്‍ഡ്‌ ഫാമിലി

2011 ഓണം സിനിമകളില്‍ ആദ്യം പുറത്തിറങ്ങിയത് പ്രിഥ്വിരാജിനെ നായകനാക്കി അനന്ത വിഷന്സിനു വേണ്ടി ശാന്ത മുരളീധരന്‍, പി.കെ.മുരളീധരന്‍ എന്നിവര്‍ നിര്‍മിച്ചു ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജഭായ് ആന്‍ഡ്‌ ഫാമിലിയാണ്. പ്രിഥ്വിരാജിന്റെ ആദ്യ മുഴുനീള ഹാസ്യ സിനിമ എന്ന പരസ്യ വാചകത്തോടെ സിനിമ ശാലകളില്‍ പ്രദര്‍ശനത്തിനെത്തിയ ഈ സിനിമയില്‍ മലയാള സിനിമയിലുള്ള പ്രഗല്‍ഭരായ എല്ലാ ഹാസ്യ താരങ്ങളും അഭിനയിച്ചിട്ടുണ്ട് . വിന്റര്‍,ക്രെയിസി ഗോപാലന്‍ എന്നി സിനിമകള്‍ക്ക്‌ ശേഷം ദീപു കരുണാകരന്‍ രചന നിര്‍വഹിച്ചു സംവിധാനം ചെയ്ത ഈ സിനിമയില്‍ തേജഭായ് എന്ന ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് പ്രിഥ്വിരാജാണ്. കാര്യസ്ഥനിലൂടെ സിനിമയിലെത്തിയ അഖില ശശിധരനാണ് പ്രിഥ്വിരാജിന്റെ നായികയാകുന്നത്. പ്രിഥ്വിയുടെ മുന്‍കാല സിനിമകളായ ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്, റോബിന്‍ ഹൂഡ് എന്നി സിനിമകള്‍ നിര്‍മിച്ച അനന്ത വിഷന്‍സ് ഒരു ഇടവേളയ്ക്കു ശേഷം നിര്‍മ്മിച്ച സിനിമയാണ് തേജഭായ്. 

മലേഷ്യ നഗരത്തെ വിറപ്പിക്കുന്ന അധോലോക നായകന്‍ തേജഭായ്, ഒരിക്കല്‍ വേദിക[അഖില] എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുമായി ജീവിക്കുന്ന വേദികയുടെ സ്നേഹം പിടിച്ചുപറ്റാന്‍, തേജ അധോലോക പരിവേഷം മാറ്റിവെച്ചു സാധരണക്കാരനായി റോഷന്‍ വര്‍മ്മ എന്ന പേരില്‍  വേദികയോട് സൌഹൃദം പുലര്‍ത്തുന്നു. വേദികയുടെ അച്ഛന്‍ ദാമോദര്‍ ജി [തലൈവാസല്‍ വിജയ്‌] മകളുടെ വിവാഹം ഉറപ്പിക്കുന്ന അവസരത്തില്‍ വേദികയെ നഷ്ടപെടാതിരിക്കുവാന്‍ വേണ്ടി, തേജ, റോഷന്‍ വര്‍മ്മയായി ദാമോദര്‍ ജിയുടെ മുമ്പില്‍ അഭിനയിച്ചു അയാളുടെ മകളെ വിവാഹം കഴിക്കുവാനുള്ള അഭ്യര്‍ത്ഥന നടത്തുന്നു. കേരളത്തിലെ പേരുകേട്ട തറവാട്ടിലെ പയ്യനെ കൊണ്ട് മാത്രമേ മകളുടെ വിവാഹം നടത്താന്‍ സമ്മതം നല്‍കുകയുള്ളൂ എന്ന തീരുമാനത്തിലാണ് ദാമോദര്‍ ജി. അങ്ങനെ, തേജഭായ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്ക് വരുന്നു. അനാഥനായ തേജ, കുറെ നാടക നടന്മാരെയും, തട്ടിപ്പുവീരന്മാരെയും കൂടെക്കൂട്ടി ഒരു ഫാമിലി ഉണ്ടാക്കി എടുക്കുന്നു. റോഷന്‍ വര്‍മ്മയുടെ ബന്ധുക്കളെ കൂടുതല്‍ അറിയുവാന്‍ വേണ്ടി മകള്‍ വേദികയെ റോഷന്‍ വര്‍മ്മയുടെ അടുത്തേക്ക്‌ ദാമോദര്‍ ജി അയക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദാമോദര്‍ ജിയും അവിടെ എത്തുന്നതോടെ തേജ കൂടുതല്‍ കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് തേജയുടെ ജീവിതത്തില്‍ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.  

കഥ - തിരക്കഥ: ബിലോ ആവറേജ്
മലയാളി സിനിമ പ്രേക്ഷകര്‍ എത്രയോ പ്രാവശ്യം കണ്ടുമടുത്ത കഥ ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു എന്നത് എന്ത് കാരണത്താലാണ് എന്ന് മനസിലാകുന്നില്ല. അതുകൂടാതെ, മലയാള സിനിമകളിലും, ചില തമിഴ് സിനിമകളിലും കണ്ടിട്ടുള്ള കഥസന്ദര്‍ഭങ്ങള്‍ തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ ദീപു കരുണാകരന്‍ കാണിച്ച ധൈര്യം അപാരം തന്നെ. ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തുന്ന നായകന്റെ കഥകള്‍ മലയാളികള്‍ 15 ഉം, 20 ഉം വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുമടുത്തതാണ്. തമാശ രംഗങ്ങള്‍ തിരക്കഥയില്‍ കുത്തി നിറയ്ക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചത് ഈ സിനിമയ്ക്ക് വിനയായി. ജഗതി ശ്രീകുമാറും, സുരാജ് വെഞ്ഞാറമൂടും, സലിം കുമാറും, ജഗദീഷും ഒരുക്കിയ ഒന്നോ രണ്ടോ തമാശകള്‍ ഒഴികെ മറ്റെല്ലാം വെറും കൊമാളിതരങ്ങളായി മാറി. കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി മലയാളത്തില്‍ ഇറങ്ങിയ തട്ടിക്കൂട്ട്
തമാശകളുള്ള സിനിമകള്‍ വിജയിച്ചത് കൊണ്ടാവണം ദീപു കരുണാകരന്‍ ഈ സിനിമയിലും അങ്ങനത്തെ തമാശകള്‍ ഉള്കൊള്ളിച്ചത് എന്ന് കരുതാം.

സംവിധാനം: ബിലോ ആവറേജ്
കളര്‍ഫുള്‍ പശ്ചാത്തലത്തിലൂടെ ഈ സിനിമ ഒരുക്കാന്‍ സാധിച്ചു എന്നതല്ലാതെ ഒരു സംവിധായകനെന്ന നിലയില്‍ ദീപു വിജയിച്ചിട്ടില്ല. കുറച്ചു നാളുകളായി മോശം പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന സുരാജിനെ നല്ലരീതിയില്‍ ഉപയോഗിക്കാന്‍ ദീപു ശ്രമിച്ചത് നന്നായി. അതുപോലെ തന്നെ, എല്ലാ ഹാസ്യ താരങ്ങളെയും ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ശ്രമിച്ചത് കൊണ്ട് ഈ സിനിമ മോശമാണെങ്കിലും അരോചകമായി തോന്നിയില്ല. സിനിമ ഇറങ്ങുന്നതിനു മുന്‍പേ ഈ സിനിമയിലെ ഒരു മധുരക്കിനാവിന്റെ എന്ന റീമിക്സ് പാട്ട് ശ്രദ്ധിക്കപെട്ടു. പക്ഷെ, അങ്ങനെയൊരു പാട്ടോ, ഈ സിനിമയില്‍ അതിന്റെ ആവശ്യകതയോ മനസിലാകുന്നില്ല. അതുപോലെ തന്നെ, നായകന്‍ സ്ലോ മോഷനില്‍ നടക്കുമ്പോള്‍ സിനിമയിലുള്ള പശ്ചാത്തല സംഗീതം മമ്മൂട്ടി അഭിനയിച്ച രൗദ്രം സിനിമയില്‍ കേട്ടതാണ്. ഇതു മനപ്പൂര്‍വം ഉള്പെടുത്തിയതാണോ? അതോ, അറിയാതെ സംഭവിച്ചതാണോ? 


സാങ്കേതികം: ആവറേജ്
ശ്യാംദത്ത് ഒരുക്കിയ ചായാഗ്രഹണം ശരാശരി നിലവാരം പുലര്‍ത്തുന്നു. സിനിമയുടെ ആദ്യപകുതിയില്‍ മലേഷ്യയിലുള്ള രംഗങ്ങളെല്ലാം കളര്‍ഫുള്ളായിരുന്നു. "ഹേ ബേബി...." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണം വെത്യസ്തവും മനോഹരവുമായിരുന്നു. പക്ഷെ, മധുരകിനാവിന്റെ എന്ന പാട്ടില്‍ പ്രിഥ്വിരാജിന്റെയോ, അഖിലയുടെയോ മുഖം പോലും വ്യക്തമാകാത്ത തരത്തില്‍ ചിത്രീകരിച്ചത് ആ പാട്ടിന്റെ ആസ്വാദനത്തെ ബാധിച്ചു. പുതിയമുഖം, ഉറുമി എന്നി സിനിമകളിലൂടെ ശക്തമായ തിരിച്ചുവരവ്‌ നടത്തിയ ദീപക് ദേവ് നിരാശപെടുത്തി. ഈ സിനിമയിലെ പാട്ടുകളൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല.
 

അഭിനയം: ആവറേജ്
കുറെ നാളുകള്‍ക്ക് ശേഷമാണ് പ്രിഥ്വിരാജ് തമാശ വേഷം കൈകാര്യം ചെയ്യുന്നത്. തേജഭായ് ആയും, റോഷന്‍
വര്മ്മയായും മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ പ്രിഥ്വിരാജിന് സാധിച്ചു. സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്,നെടുമുടി വേണു,അശോകന്‍, കൊല്ലം തുളസി, സുമന്‍, തലൈവാസല്‍ വിജയ്‌, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, സിദ്ധാര്‍ത്, കോട്ടയം നസീര്‍, കൊല്ലം അജിത്‌, ഭീമന്‍ രഘു, അഖില, ബിന്ദു പണിക്കര്‍, ശോഭ മോഹന്‍, മങ്ക മഹേഷ്‌, മഞ്ജു പിള്ള, കുളപുള്ളി ലീല, ഷക്കീല എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. എല്ലാ അഭിനേതാക്കളും തരക്കേടില്ലാത്ത രീതിയില്‍ അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. 
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രിഥ്വിരാജ് എന്ന നടന്റെ താരമൂല്യം
2. ജഗതി - സലിം കുമാര്‍ - സുരാജ് എന്നിവര്‍ ഒരുക്കിയ ഒന്നോ
രണ്ടോ നല്ല തമാശ രംഗങ്ങള്‍    

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, തിരക്കഥ
2. സംവിധാനം
3. തട്ടികൂട്ട്‌ തമാശകള്‍, കഥ സന്ദര്‍ഭങ്ങള്‍ 
4. ദീപക് ദേവിന്റെ പാട്ടുകള്‍ 


തേജാഭായ് ആന്‍ഡ്‌ ഫാമിലി റിവ്യൂ: തട്ടികൂട്ട്‌ തമാശ രംഗങ്ങളും, തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത കഥ സന്ദര്‍ഭങ്ങളും, കണ്ടുമടുത്ത കോമാളിത്തരങ്ങളും വീണ്ടും കാണാന്‍ താല്പര്യമുള്ളവര്‍ക്ക് തേജഭായ് ആന്‍ഡ്‌ ഫാമിലി ഇഷ്ടമാകും.  

തേജാഭായ് ആന്‍ഡ്‌ ഫാമിലി റേറ്റിംഗ്: 3.60 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 11 / 30 [ 3.6 / 10 ]


രചന, സംവിധാനം: ദീപു കരുണാകരന്‍
നിര്‍മ്മാണം: ശാന്ത മുരളിധരന്‍, പി.കെ.മുരളിധരന്‍
ബാനര്‍: അനന്ത വിഷന്‍സ്
ചായാഗ്രഹണം: ശ്യാംദത്ത്
ചിത്രസന്നിവേശം: മനോജ്‌
സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം
       

3 comments:

  1. No Story and direction... lot of double meaning jokes. What you wrote in this review is very correct.

    ReplyDelete
  2. it is difficult to read my dear, background is good but for readers its terrible for reading........

    ReplyDelete
  3. please change the blog bg..
    btw nce review..praj did average performance in the mvie,i believe

    ReplyDelete