31 May 2011

ദി ട്രെയിന്‍


ലൗഡ് സ്പീക്കര്‍ എന്ന സിനിമയ്ക്ക് ശേഷം പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിയും, ജയരാജും ഒന്നിക്കുന്ന സിനിമയാണ് ദി ട്രെയിന്‍. ഈ സിനിമയില്‍ കേദാര്‍നാഥ് എന്ന പോലീസ് ഉധ്യോഗസ്തനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. ബോംബെ നഗരത്തിലെ ലോക്കല്‍ ട്രെയിനില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു തീവ്രവാദ ബോംബാക്രമണത്തെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. ബോംബെ നഗരത്തില്‍ ഒരു ദിവസം രാവിലെ ആറ് മണിമുതല്‍...വൈകിട്ട് ആറു മണിവരെ നടക്കുന്ന സംഭവങ്ങളാണ് ജയരാജ്‌ ഈ സിനിമയുടെ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ലക്ഷോപലക്ഷം ജനങ്ങളാണ് ബോംബെയിലെ ലോക്കല്‍ ട്രെയിനില്‍ ദിവസവും യാത്ര ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ ജീവിത ലക്ഷ്യങ്ങള്‍ക്കായി പ്രയത്നിക്കുന്നു. ഫോണിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകിയെ കാണുവാനായി യാത്ര ചെയ്യുവാന്‍ ഒരുങ്ങുന്ന പാട്ടുകാരനാണ് കാര്‍ത്തിക്ക്(ജയസുര്യ), ഉപ്പുപ്പയ്ക്ക് ഹജ്ജിനുപോകുവാന്‍ വേണ്ടി പെന്‍ഷന്‍ കൈപറ്റാന്‍ പോകുന്ന സുഹാനയും(സബിത ജയരാജ്‌) ലോക്കല്‍ ട്രെയിനില്‍ കയറുവാന്‍ തീരുമാനിക്കുന്നു, ഇവരെ കൂടാതെ, കൊച്ചുമകന് പിറന്നാള്‍ സമ്മാനവുമായി ഒരു അപ്പുപ്പനും ലോക്കല്‍ ട്രെയിനില്‍ കയറുവാന്‍ പോകുന്നു. അങ്ങനെയിരിക്കെയാണ് ഇവരൊക്കെ യാത്ര ചെയ്യുവനോരുങ്ങുന്ന വിവിധ ലോക്കല്‍ ട്രെയിനുകളില്‍ തീവ്രവാദ സംഘടന ബോംബുകള്‍ വെക്കുന്നത്. തീവ്രവാദികളെ പിടികൂടാനായി ശ്രമിക്കുകയാണ് കേദാര്‍നാഥ്(മമ്മൂട്ടി). ഇവരുടെയെല്ലാം ജീവിതത്തില്‍ ഒരു ദിവസം രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ സംഭവിക്കുന്ന കാര്യങ്ങളാണ് ദി ട്രെയിന്‍ എന്ന സിനിമ. ഓരോ മനുഷ്യരും ഓരോ പ്രതീക്ഷയും, സ്വപ്നവും, ആഗ്രഹങ്ങളുമായാണ്  ജീവിക്കുന്നത്. ബോംബുകള്‍ പൊട്ടിത്തെറിച്ചു മിനുട്ടുകള്‍കുള്ളില്‍ എല്ലാം അവസാനിക്കുനിടത് ഈ സിനിമ അവസാനിക്കുന്നു.

ഹാര്‍വെസ്റ്റ്‌ ഡ്രീംസ്‌ ആന്‍ഡ്‌ എന്റര്ടെയിന്‍മെന്റ്സ് വേണ്ടി ജയേഷ് കോട്ടമത് നിര്‍മ്മിച്ച ദി ട്രെയിന്‍ സിനിമയില്‍ മമ്മൂട്ടിയെ കൂടാതെ ജയസുര്യ, സംവിധായകന്‍ ജയരാജിന്റെ ഭാര്യ സബിത ജയരാജ്, ജഗതി ശ്രീകുമാര്‍, സായികുമാര്‍,സലിം കുമാര്‍, കെ.പി.എ.സി. ലളിത, വത്സല മേനോന്‍, ‍അഞ്ചല്‍ സബര്‍വാള്‍, ഷീന, അഭിമന്യു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 
    
തിരക്കഥ റേറ്റിംഗ്: ആവറേജ്
വളരെ ശക്തമായ ഒരു പ്രമേയമാണ് ദി ട്രെയിന്‍ സിനിമയുടേതു. ഇന്ത്യ മഹാരാജ്യത്തില്‍ ഓരോരുത്തരുടെയും ജീവന് ഇത്രയുമൊക്കെ സുരക്ഷയെയുള്ളൂ എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്നു ഈ സിനിമ. ഇങ്ങനെയൊരു പ്രമേയം സിനിമയാക്കാന്‍ തയ്യാറായ ജയരാജിന് നന്ദി. അഞ്ചു വെക്ക്തികളുടെ പ്രതീക്ഷയും, ആഗ്രഹവും, സ്വപ്നവും തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട് ജയരാജ്. അഞ്ചു വ്യക്ത്തികളുടെ ജീവിതവും, തീവ്രവാദികളെ പിടിക്കാനുള്ള കേദാര്‍നാഥിന്റെ ശ്രമങ്ങളും ഓരോ രംഗങ്ങളിലായി കാണിക്കുന്നു. വിവിധയിടത്തില്‍ ഒരേ ദിവസം സംഭവിക്കുന്ന കാര്യങ്ങള്‍ ഓരോരോ രംഗങ്ങളില്‍ കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമാണ്. അതുപോലെ തന്നെ, പല രംഗങ്ങളും ആവശ്യമില്ലാതെ വലിച്ചുനീട്ടിയിട്ടുണ്ട്. അനാവശ്യമായ കുറെ പാട്ടുകളും, കുറെ രംഗങ്ങളുമൊക്കെ ഒഴുവാക്കമായിരുന്നു ജയരാജിന്. എത്രയും നല്ലൊരു പ്രമേയത്തോട് പൂര്‍ണമായും നീതിപുലര്തിയിട്ടില്ല ജയരാജിന്റെ തിരക്കഥ.

സംവിധാനം റേറ്റിംഗ്: എബവ് ആവറേജ്
ജയരാജിന്റെ മുന്‍കാല സിനിമകള്‍ പോലെയുള്ളൊരു സിനിമയല്ല ദി ട്രെയിന്‍. ശക്തമായ ഒരു പ്രമേയം, മോശമല്ലാതെ തിരക്കഥയിലൂടെ രൂപപെടുത്തിയെടുക്കാന്‍ ജയരാജിന് സാധിച്ചിട്ടുണ്ട്. ട്രെയിന്‍ എന്ന സിനിമ ഒരു ഹൈപ്പര്‍ ലിങ്ക് സിനിമയുടെ ഗണത്തില്‍ പെടുത്താം. പലയിടങ്ങളിലായി സംഭവിക്കുന്ന കാര്യങ്ങള്‍ കോര്‍തിണക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. അതില്‍ ഒരുപരുധിവരെ വിജയിച്ചിട്ടുണ്ട് ജയരാജ്. എങ്കിലും, മുന്‍കാല ജയരാജ് സിനിമകളില്‍ കാണുന്ന സംവിധാന മികവു ഈ സിനിമയില്‍ കണ്ടില്ല. അത് ഒരുപക്ഷെ തിരക്കഥയിലുള്ള പ്രശ്നങ്ങള്‍ കൊണ്ടായിരിക്കാം.ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ച തനു പാലകും,സിനു മുരുക്കുംപുഴയും പ്രശംസയര്‍ഹിക്കുന്നു
            
അഭിനേതാക്കളുടെ പ്രകടനം: ആവറേജ് 
ഈ സിനിമയില്‍ ശക്തമായ അഭിനയകാനുള്ള രംഗങ്ങള്‍ ഒന്നുമില്ല. ജയസുര്യ മാത്രമാണ് ഭേദപെട്ട പ്രകടനം കാഴ്ച്ചവെചിരിക്കുന്നത്. ഇതില്‍ അഭിനയിച്ചിട്ടുള്ള പുതുമുഖ താരങ്ങളുടെ അഭിനയം ശരാശരിയില്‍ താഴെയായിരുന്നു. സംവിധായകനെന്ന നിലയില്‍ ജയരാജ് അതിനു വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ എന്ന് തോന്നുനില്ല. എങ്കിലും കുറേക്കൂടി സിനിമയില്‍ പരിച്ചയസംബത്തുള്ള നടീനടന്മാരെ അഭിനയിപിചിരുനെങ്കില്‍ ഈ സിനിമ കുറേക്കൂടി പ്രേക്ഷക ശ്രദ്ധനേടിയേനെ.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രമേയം
2. കഥ, സംവിധാനം 
3. ചായാഗ്രഹണം

 സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥയില്‍ ആവശ്യമില്ലാത്ത പാട്ടുകള്‍ 
2. തിരക്കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങള്‍ 


ദി ട്രെയിന്‍ റിവ്യൂ: തമാശകളോ, അടിയോ, ഇടിയോ ഒന്നുമില്ലാത്ത വേഗത കുറവുള്ള സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ മാത്രം ഈ സിനിമ കാണുക. ശക്തമായ പ്രമേയമാണെങ്കിലും, ഒരു സിനിമ എന്ന രീതിയില്‍ ജയരാജ് എന്ന സംവിധായകനില്‍ നിന്നും പ്രേക്ഷകര്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

ദി ട്രെയിന്‍ റേറ്റിംഗ്: ആവറേജ് [2.5/ 5]

രചന, സംവിധാനം: ജയരാജ്‌
ബാനര്‍: ഹാര്‍വെസ്റ്റ്‌ ഡ്രീംസ്‌ ആന്‍ഡ്‌ എന്റര്ടെയിന്‍മെന്റ്സ്
നിര്‍മ്മാണം: ജയേഷ് കൊട്ടമത്
ചായാഗ്രഹണം: തനു പാലക് ,സിനു മുരുക്കുംപുഴ
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: ശ്രീനിവാസ്

1 comment: