12 Jan 2012

അസുരവിത്ത്

കൊച്ചി നഗരത്തിലെ ഗുണ്ട സംഘങ്ങളുടെ കഥ പറഞ്ഞ സ്റ്റോപ്പ്‌ വയലന്‍സ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എ.കെ.സാജന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത അസുരവിത്ത്‌. സ്റ്റോപ്പ്‌ വയലന്‍സ്സില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച സാത്താന്റെ മകന്‍ ഡോണ്‍ ബോസ്കോയായിട്ടാണ് ആസിഫ് അലി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ അമ്മ ഉപേക്ഷിച്ച ഡോണ്‍ ബോസ്കോ വളര്‍ന്നത്‌ പള്ളിയിലെ അനാഥമന്ദിരത്തിലാണ്. അപ്പന്റെ പഴയകാല കഥകളൊന്നും അറിയാത്ത മകന്‍ ഡോണ്‍ ബോസ്കോ ഒരിക്കല്‍ ഒരു കൊലപാതകം കാണുകയും അതിന്റെ പിന്നിലെ ശക്തികള്‍ ആരാണ് എന്നറിയുകയും ചെയ്യുന്നു. സ്റ്റോപ്പ്‌ വയലന്സിലെ സ്ടീഫെന്‍ പോലീസിന്റെ അപ്പന്‍ അബ്ബയാണ് ഇന്ന് കൊച്ചി നഗരം ഭരിക്കുന്ന പ്രധാന ഗുണ്ടത്തലവന്‍. അബ്ബ ആരാണ് എന്നറിയുന്ന ഡോണ്‍ ബോസ്കോ, അവന്റെ അപ്പന്‍ സാത്താനെ കുറിച്ച് അറിയുകയും സാത്താനെ കൊന്നയാളിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഡോണ്‍ ബോസ്കോ കൊച്ചി നഗരത്തിലെ ഡോണ്‍ ആകുകയും സാത്താന്റെ കൊലയാളികളെ വകവരുത്തുവാന്‍ തീരുമാനമെടുത്തു പോരാടുകയും ചെയ്യുന്നതാണ് അസുരവിത്ത്‌ സിനിമയുടെ കഥ.ഷാജി താണപറമ്പിലാണ് അസുരവിത്ത്‌ നിര്‍മ്മിച്ചിരിക്കുന്നത്.
 
കഥ, തിരക്കഥ: മോശം
സംവിധായകനായ എ.കെ.സാജന്‍ തന്നെയാണ് അസുരവിത്ത്‌ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. എ.കെ.സാജന്റെ ഒട്ടുമിക്ക എല്ലാ സിനിമകളുടെയും പ്രമേയം ആക്ഷന്‍ തന്നെയാണ്. 1993
ല്‍ മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്ലൈസ് ആണ് എ.കെ സാജന്‍ ആദ്യമായി എഴുതിയ തിരക്കഥ. പിന്നീട്, ഒന്ന് രണ്ടു നര്‍മ്മ പ്രാധാന്യമുള്ള സിനിമകള്‍ രചിച്ചതിന് ശേഷം 1994ല്‍ സുരേഷ് ഗോപിയെ നായകനാക്കി രാജിവ് അഞ്ചലിന്റെ കാശ്മീരം, 97ല്‍ കെ.മധു സംവിധാനം ചെയ്ത ജനാധിപത്യം എന്നീ സിനിമകളുടെ തിരക്കഥ രചന നിര്‍വഹിക്കുന്നത്. ഇതേ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സ്റ്റോപ്പ്‌ വയലന്‍സും, ചിന്താമണി കൊലകേസും വിജയിച്ച ശേഷം എ.കെ.സാജന്‍ പിന്നീട് ആക്ഷന്‍ തിരക്കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. മേല്പറഞ്ഞ എല്ലാ സിനിമകളിലും നമ്മള്‍ കണ്ടിട്ടുള്ള കൊലപാതകങ്ങളും, അടിയും ഇടിയും, നായകന്റെ പഞ്ച് ഡയലോഗുകളും വേഗത കുറഞ്ഞുള്ള നടത്തവും അങ്ങനെയുള്ള സ്ഥിരം കാഴ്ചകള്‍ തന്നെയാണ് അസുരവിത്തിലും കാണിക്കുന്നത്. ദ്രോണയുടെയും, റെഡ് ചില്ലിസിന്റെയും പരാജയം ഉള്‍കൊണ്ടിട്ടും എ.കെ.സാജന്‍ പതിവ് രീതി മാറ്റി ചിന്തിക്കാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അസുരവിത്ത്‌ എന്ന ലേബല്‍ ഒട്ടിച്ചു വിതരണം ചെയ്തതെന്തിനാണാവോ?

സംവിധാനം: മോശം
മോഹന്‍ലാലിന്റെ റെഡ് ചില്ലീസ്, മമ്മൂട്ടിയുടെ ദ്രോണ 2010 എന്നീ സിനിമകള്‍ക്ക്‌ തിരക്കഥകള്‍ രചിച്ച എ.കെ.സാജന്‍ സ്വന്തന്ത്ര സംവിധായകനായി ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണ് അസുരവിത്ത്‌. പ്രിഥ്വിരാജ് അഭിനയിച്ച സ്റ്റോപ്പ്‌ വയലന്‍സ്, സുരേഷ് ഗോപി നായകനായ ലങ്ക എന്നീ സിനിമകളാണ് എ.കെ.സാജന്റെ മുന്‍കാല സംവിധാന സംരംഭങ്ങള്‍. മേല്പറഞ്ഞ എല്ലാ സിനിമകളുടേയും പ്രധാന വിഷയം ആക്ഷനും നായകന്‍മാരുടെ ഹീറോയിസവുമാണ്. അതെ ഗണത്തില്‍പെടുന്ന സിനിമാതന്നെയാണ് അസുരവിത്തും. ഒരായിരം പ്രാവശ്യം കണ്ടുമടുത്ത കഥയാണ് ഈ സിനിമയുടെത്. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെന്ക്കിലും അപായപെടുത്തം. പോലീസോ, നാട്ടുകാരോ ആരും ഒന്നും മിണ്ടുന്നില്ല. ഇങ്ങനയോക്കെയാണോ ഇന്നത്തെ കൊച്ചി എന്ന് പ്രേക്ഷകന് തോന്നിപോകുന്നതില്‍ തെറ്റുപറയാനാകുകയില്ല. പരിതാപകരമായ എഴുതപെട്ട ഈ സിനിമയുടെ തിരക്കഥ ഒരു രീതിയിലും നല്ലതാക്കുവാന്‍ ഒരു സംവിധായകനും സാധിക്കുകയില്ല.

സാങ്കേതികം: ആവറേജ്
വിഷ്ണു നമ്പൂതിരിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടവിധത്തില്‍ ക്യാമറ ചലിപ്പിച്ചു ദ്രിശ്യങ്ങള്‍ എടുക്കുന്നതില്‍ ഒരുപരുധി വരെ വിഷ്ണു വിജയിച്ചിട്ടുണ്ട്. വിഷ്ണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് രണ്ജിതാണ്. ഇരുവരും ചേര്‍ന്ന അസുരവിത്ത്‌ എന്ന സിനിമ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ പരുവത്തിലുള്ള സിനിമയാക്കുവാന്‍ സാജനെ സഹായിച്ചിട്ടുണ്ട്. പാട്ടുകള്‍ക്ക് പ്രാധാന്യമില്ലാത്ത ഈ സിനിമയുടെ പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ്. അല്‍ഫോണ്സും രാജേഷും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗോവിന്ദ് മേനോനാണ് ഈ സിനിമയ്ക്ക് വേണ്ടി എന്തക്കയോ കുറെ ശബ്ദകോലാഹലങ്ങള്‍ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ഏറ്റവും പരിചയ സമ്പന്നനായ ത്യാഗരാജനാണ് സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അഭിനയം:ആവറേജ്
ട്രാഫിക്‌, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ സിനിമകളിലൂടെ
പ്രേക്ഷകപ്രീതി നേടിയ ആസിഫ് അലിയ്ക്ക്, അസുരവിത്ത്‌ എന്ന ഈ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. സിനിമയുടെ ആദ്യപകുതിയില്‍ സെമിനാരിയില്‍ പഠിക്കുന്ന പാവം ഡോണ്‍ ബോസ്കോ ആയി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ആസിഫ്, സിനിമയുടെ രണ്ടാം പകുതിയില്‍ ആക്ഷന്‍ ഹീറോ ആയ ഡോണ്‍ ആയി അഭിനയിച്ചപ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ ചിരിയാണ് വന്നത്. ഈ സിനിമയില്‍ ഭേദപെട്ട അഭിനയം കാഴ്ചവെച്ചത് സംവൃത സുനില്‍, ലെന, ബാബു രാജ് എന്നിവര്‍ മാത്രമാണ്. ആസിഫ് അലി, വിജയരാഘവന്‍, സിദ്ദിക്ക്, ബാബു രാജ്, അനില്‍ മുരളി, കലാശാല ബാബു, ഐ.എം.വിജയന്‍, ഹരിശ്രീ അശോകന്‍, ഗണപതി, ജിയ ഇറാനി, സംവൃത സുനില്‍, ലെന, രേഖ, അപര്‍ണ്ണ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. സീനിയര്‍ താരങ്ങളുടെ ഭേദപെട്ട അഭിനയം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. മുന്‍കാല ഡോണ്‍ / ആക്ഷന്‍ സിനിമകളില്‍ കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍
2. ഒരു രംഗം പോലും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകരുത്‌ എന്ന് രീതിയിലുള്ള
സംവിധാന ശൈലി
3. എ.കെ.സാജന്റെ തിരക്കഥ രചന.
4. സിനിമയുടെ രണ്ടാം പകുതിയിലെ ആസിഫ് അലിയുടെ അഭിനയം

അസുരവിത്ത്‌ റിവ്യൂ: കുറെ കൊലപാതക രംഗങ്ങള്‍ ഉള്‍പെടുത്തിയാല്‍ വയലന്‍സ് സിനിമയാകുകയില്ലെന്നും, തോക്ക് കൈയ്യില്‍ കൊടുത്തിട്ട് നായകനെ പതുക്കെ നടത്തിച്ചാല്‍ ഹീറോയിസം ആകുകയില്ലെന്നും, സാങ്കേതിക സഹായത്തോടെ രംഗങ്ങള്‍ വേഗതയോടെ കാണിച്ചാല്‍ ത്രില്ലര്‍ ആകുകയിലെന്നും സംവിധായകന്‍ എ.കെ.സാജന്‍ മനസ്സിലാക്കിയാല്‍ നന്നായിരിക്കും    

അസുരവിത്ത്‌ റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1 /10 [മോശം]
സംവിധാനം:
1 /10 [മോശം]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]

രചന, സംവിധാനം: എ.കെ.സാജന്‍
നിര്‍മ്മാണം: ഷാജി താണപറമ്പില്‍
ചായാഗ്രഹണം: വിഷ്ണു നമ്പൂതിരി
ചിത്രസന്നിവേശം: രഞ്ജിത്ത് ടച്ച്‌ റിവര്‍
വരികള്‍: കൈതപ്രം, റഫീക്ക് അഹമ്മദ്
സംഗീതം: അല്‍ഫോണ്സ്, രാജേഷ്‌ മോഹന്‍
പശ്ചാത്തല സംഗീതം:ഗോവിന്ദ് മേനോന്‍
സംഘട്ടണം: ത്യാഗരാജന്‍

8 Jan 2012

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ലോഹിതദാസിന്റെ ശിഷ്യര്‍ മനോജും, വിനോദും ചേര്‍ന്ന് മനോജ്‌-വിനോദ് എന്ന പേരില്‍ സംവിധാനം ചെയ്ത് ജോണി സാഗരിക സിനിമ കമ്പനിയുടെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിച്ച ഏറ്റവും പുതിയ സിനിമയാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്. റീമ കല്ലിങ്ങല്‍ നായികയാവുന്ന ഈ സിനിമയില്‍ ലാലു അലക്സിന്റെ മകന്‍ ബെന്‍, സായികുമാറിന്റെ സഹോദരി പുത്രന്‍ അനു മോഹന്‍, പഴയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ കൊച്ചുമകന്‍ വിഷ്ണു, സിബി മലയലിന്റെ മകന്‍ ജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, കവിയൂര്‍ പൊന്നമ്മ, ശ്രീജിത്ത്‌ രവി, ഹരിശ്രീ അശോകന്‍, ബാലു വര്‍ഗീസ്‌, ദേവന്‍, ദിനേശ് പണിക്കര്‍, ശശി കലിംഗ, മേനക, വനിതാ, ബിന്ദു പണിക്കര്‍, റീന ബഷീര്‍ എന്നിവരാണ് മറ്റു പ്രമുഖ അഭിനേതാക്കള്‍.

നാഗരിക ജീവിതത്തിന്റെ എല്ലാ കൊള്ളരുതായ്മകളും ചെയ്ത് യുവത്വം ആസ്വദിച്ചു നടക്കുന്ന നാല് സുഹൃത്തുക്കളാണ് അഭിയും, സൂരജും, റോമിയും, അരുണും. ഈ നാല്‍വര്‍ സംഘത്തിനെ എല്ലാ ചീത്ത കാര്യങ്ങള്‍ക്കും പ്രേരിപിക്കുന്നത് ഇവരുടെ സുഹൃത്ത്‌ ബിയോനാണ്. ഈ അഞ്ചു സുഹൃത്തുക്കളും എറണാകുളത്തെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവരുടെയെല്ലാം മാതാപിതാക്കള്‍ വളരെ തിരക്കുള്ള വ്യക്തികളായത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയമില്ല. അതുകൊണ്ട് തന്നെ, കുട്ടികളെല്ലാം തന്തോന്നികളായി നടക്കുന്നത്. കൂട്ടത്തിലെ വില്ലന്‍ ബിയോനുമായി നാല്‍വര്‍ സംഘം തെറ്റിപിരിയുകയും, അതിനെ തുടര്‍ന്ന് ബിയോണ്‍ ചില ഗുണ്ടകളെ കൊണ്ട് അവരെ തല്ലിപ്പികുകയും ചെയ്യുന്നു. അങ്ങനെ, നാലുപേരും വീട്ടുതടങ്ങളിലാകുന്നു.

അങ്ങനേയിരിക്കെ...ഒരിക്കല്‍, അരുണ്‍ ഓര്‍ക്കുട്ട് ചാറ്റിങ്ങിലൂടെ ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. ചില പ്രത്യേക ലക്ഷ്യങ്ങള്‍ സാധിക്കുവാന്‍ വേണ്ടി ജെര്‍മനിയിലുള്ള ക്രിസ്റ്റല്‍ കേരളത്തിലേക്ക് വരുകയും നാല്‍വര്‍ സംഗവുമായി നല്ല സൌഹൃദത്തിലാകുകയും ചെയുന്നു. തലതെറിച്ച നാല്‍വര്‍ സംഗത്തിന്റെ സ്വഭാവം നന്നാക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്ന ക്രിസ്റ്റല്‍ അവരുടെ സ്വഭാവത്തില്‍ നല്ലരീതിയിലുള്ള പല മാറ്റങ്ങളും വരുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ നാല്‍വര്‍ സംഗത്തിന്റെ ശത്രു ബിയോണ്‍ കൊല്ലപെടുകയും ആ കൊലപാതക കുറ്റം അവരുടെ  തലയില്‍ വരുമെന്ന ഘട്ടത്തില്‍ നാലുപേരും ക്രിസ്റ്റലിന്റെ കൂടെ അവളുടെ നാട്ടിലേക്ക് പോകുന്നു. ചില ലക്ഷ്യങ്ങളുള്ള ക്രിസ്റ്റല്‍ പാലക്കാടുള്ള ഒരു പഴയ തറവാട് വീട്ടില്‍ അമ്മണിയമ്മ എന്ന മുത്തശ്ശിയെ തേടി പോകുന്നു. അവളുടെ കൂടെ അഭിയും, സൂരജും, അരുണും, റോമിയും ആ വീട്ടില്‍ എത്തുന്നു. എന്താണ് ക്രിസ്റ്റലിന്റെ ലക്‌ഷ്യം, എന്താണ് നാല്‍വര്‍ സംഗത്തിന് സംഭവിക്കുന്നത്‌ എന്നെല്ലാമാണ് ഈ സിനിമയുടെ പ്രധാന കഥയും സസ്പെന്‍സ്സും.

കഥ-തിരക്കഥ: ഗുഡ്
ഇന്നത്തെ തലമുറയിലുള്ള യുവാക്കള്‍ എങ്ങനയോക്കെ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു, നാഗരികതയുടെ തിരക്കില്‍ സ്വന്തം കുട്ടികളെ സ്നേഹിക്കാന്‍ സമയമില്ലാത്ത മാതാപിതാക്കളുടെ ജീവിത രീതികള്‍, അച്ഛനമ്മമാര്‍ അറിയാതെ പോക്കുന്ന കുട്ടികളുടെ ഇഷ്ടങ്ങളും പ്രവര്‍ത്തികളും, ഗ്രാമീണതയുടെ നന്മയും ഗ്രാമത്തില്‍ വളരുന്ന കുട്ടികളുടെ നിഷ്കളംഗതയും എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയുന്ന ഒരു സിനിമ ഉണ്ടാക്കിയതില്‍ മനോജിനും വിനോദിനും എന്നും അഭിമാനിക്കാം. നവാഗത തിരക്കഥ രചയ്താക്കലാണെന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തിരക്കഥ രചിക്കാന്‍ മനോജും വിനോദും സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. നാഗരികതയുടെ ചെളിക്കുണ്ടില്‍ വളര്‍ന്ന ഇന്നത്തെ തലമുറയിലെ യുവാക്കള്‍, ഗ്രാമത്തിലെ നന്മയും സ്നേഹവും കണ്ടു പഠിക്കുന്നതും അത് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം. സിനിമയുടെ രണ്ടാം പകുതിയിലുള്ള ചില രംഗങ്ങള്‍ അതിമനോഹരമായി തന്നെ തിരക്കഥയില്‍ ഉള്ള്പെടുത്തിയിട്ടുണ്ട് മനോജും വിനോദും. അതിനുദാഹരണമാണ് മുത്തശ്ശിയുടെ സ്നേഹം തിരിച്ചറിയുന്ന രംഗങ്ങളും, കുട്ടികള്‍ തെറ്റ് തിരുത്തുന്ന രംഗങ്ങളും. അതുപോലെ തന്നെ, മാതാപിതാക്കളെ അന്വേഷിച്ചു നടക്കുന്ന നായിക അവസാനം അവരെ കണ്ടെത്തുന്ന രംഗങ്ങളും മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടുള്ള മികച്ച രംഗങ്ങളുടെ പട്ടികയില്‍ പെടുത്താം.

സംവിധാനം: എബവ് ആവറേജ്
കുറെയേറ നല്ല സിനിമകള്‍ക്ക്‌ തിരക്കഥ എഴുതിയ ശേഷമാണ് ലോഹിതദാസ് സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്നത്. പക്ഷെ, ശിഷ്യരായ മനോജും വിനോദും ആദ്യ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും സംവിധായകര്‍ ആകുകയും ചെയ്തിരിക്കുന്നു. കുറെ കാലത്തിനു ശേഷമാണ് എന്തെകിലും ഒരു സന്ദേശം അടങ്ങുന്ന കഥകളുള്ള സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകര്‍ക്ക് സാധിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ജീവിത രീതികള്‍ കാണിക്കുന്ന രംഗങ്ങള്‍ കുറച്ചുകൂടി നല്ലതാക്കമായിരുന്നു എന്ന് തോന്നിപോയി. ആദ്യപകുതിയിലും അവസാന പകുതിയിലുമുള്ള
ചില രംഗങ്ങള്‍ ഒഴുവാക്കി, സിനിമയുടെ ദൈര്‍ഗ്യം കുറച്ചിരുന്നു എങ്കില്‍ ഇതിലും മികച്ചതാകുമായിരുന്നു ഈ സിനിമ..

സാങ്കേതികം: ഗുഡ്
സിനിമയുടെ സംവിധായകരെ പോലെ ഇതിനു വേണ്ടി സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരും പുതുമുഖങ്ങളാണ്. നവാഗതനായ സ്വരൂപ്‌ ഫിലിപ്പ് ഒരുക്കിയ മനോഹരമായ ദ്രിശ്യങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ചത് മെന്റോസ് ആന്റണി എന്ന മറ്റൊരു പുതുമുഖമാണ്. ഇരുവരും മനോഹരമായി അവരവരുടെ ജോലി ചെയ്തിരിക്കുന്നു. കണ്ണിനു കാഴ്ച ശക്തിയില്ലാത്ത ലീല ഗിരീഷ്‌ കുട്ടനാണു ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത്. ആറു പാട്ടുകളുള്ള ഈ സിനിമയില്‍ വിജയ്‌ യേശുദാസ് പാടിയ "സായന്ന മേഘം പോലെ നീ..." എന്ന ഗാനം മികച്ചു നില്‍ക്കുന്നു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പുതുമുഖങ്ങള്‍ക്കും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. 

അഭിനയം: ഗുഡ്
സിനിമ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്നത്. ലാല് അലക്സിന്റെ മകന്‍ ബെന്നും, സായികുമാറിന്റെ മരുമകന്‍ അനുവും, സിബി മലയിലിന്റെ പുത്രന്‍ ജോയും, ഗോപാലകൃഷ്ണന്റെ പൌത്രന്‍ വിഷ്ണുവും, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനും മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുകയാണ്. ഇവരോടൊപ്പം റീമ കല്ലിങ്ങലും, ശ്രീജിത്ത്‌ രവിയും, കവിയൂര്‍ പൊന്നമ്മയും മികച്ച അഭിനയം നടത്തിയിട്ടുണ്ട്. പുതുമുഖങ്ങളെ കൂടാതെ കവിയൂര്‍ പൊന്നമ്മ, റീമ കല്ലിങ്ങല്‍, ശ്രീജിത്ത്‌ രവി, മേനക,
ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, വനിതാ, ശശി കലിംഗ, ദേവന്‍ എന്നിവരുമുണ്ട് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമയില്‍. 
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മനോജ്‌, വിനോദ് എന്നിവരുടെ തിരക്കഥ രചനയും, സംവിധാനവും
2. പുതുമുഖ നായകന്മാരുടെ അഭിനയം
3.
ലീല ഗിരീഷ് കുട്ടന്‍ എന്ന പുതുമുഖ സംഗീത സംവിധായകന്‍ ഒരുക്കിയ പാട്ടുകള്‍
4. ക്ലൈമാക്സ് രംഗങ്ങള്‍ 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ ആദ്യപകുതിയിലെ രണ്ടു മൂന്ന് രംഗങ്ങള്‍
2. സിനിമയുടെ ദൈര്‍ഗ്യം  


ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റിവ്യൂ: ഇന്നത്തെ യുവ തലമുറയ്ക്ക് ഇഷ്ടപെടാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ഉള്ളൊരു സിനിമ എന്നതിലുപരി, അവര്‍ എങ്ങനെയൊക്കെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നൊരു സന്ദേശവും കൂടി നല്‍ക്കുന്ന ഓര്‍ക്കുട്ട്  ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമ, കുടുംബങ്ങളെയും പ്രായമുള്ളവരെയും ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യും.
  

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റേറ്റിംഗ്: 6.70 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 20 / 30 [6.7 / 10]
 

രചന, സംവിധാനം: മനോജ്‌-വിനോദ്
നിര്‍മ്മാണം: ജോണി സാഗരിക
ചായാഗ്രഹണം: സ്വരൂപ്‌ ഫിലിപ്പ്
ചിത്രസന്നിവേശം:മെന്റോസ് ആന്റണി
വരികള്‍:റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ, സുദീപ് ജോഷി, ശ്രീ പ്രസാദ്‌
സംഗീതം: ലീല ഗിരീഷ് കുട്ടന്‍ 

31 Dec 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി



ചാന്ദ് വി. ക്രിയേഷന്‍സിനു വേണ്ടി അരുണ്‍ ഘോഷും, ബിജോയ്‌ ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. മലയാളി സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമുള്ള വിഷയമായ സിനിമയ്ക്കുള്ളിലെ സിനിമ എന്നതാണ് ഈ സിനിമയുടെ പ്രമേയം. കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിന്റെ കഥാകൃത്ത്‌ ജി.എസ്.അനിലാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സദാനന്തന്റെ സമയം എന്ന സിനിമയ്ക്ക് ശേഷം അക്കു അക്ബര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ഈ സിനിമയില്‍ വെള്ളരിപ്രാവായി കാവ്യ മാധവനും വെള്ളരിപ്രാവിന്റെ ചങ്ങാതിയായി ദിലീപുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ മനോജ്‌ കെ. ജയനും ഇന്ദ്രജിത്തും പ്രാധനപെട്ട രണ്ടു കഥാപാത്രങ്ങളായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. രണ്ടു കാലഘട്ടങ്ങളുടെ കഥപറയുന്ന ഈ സിനിമയ്ക്ക് വേണ്ടി വിപിന്‍ മോഹന്‍, സമീര്‍ ഹക് എന്നിവരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ സിത്താര ഈണമിട്ട ഗാനങ്ങള്‍ ഈ സിനിമയുടെ എടുത്തു പറയേണ്ട സവിശേഷതകളില്‍ പെടുന്നു. 

35 വര്‍ഷങ്ങള്‍ക്കു മുമ്പ് അഗസ്റ്റിന്‍ ജോസഫ്‌ എന്ന നവാഗത സംവിധായകന്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ സംവിധാനം ചെയ്യുന്നു. സത്യനും, നസീറും, ശാരദയും, ഷീലയും മലയാള സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഗസ്റ്റിന്‍ ജോസഫ്‌ ഒരു സിനിമ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതിനാല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ റിലീസ് ആകാതെ പെട്ടിയിലായി പോവുകയും, ആ ദുഖത്തില്‍ അപമാനിതനായ അഗസ്റ്റിന്‍ ജോസഫ്‌ ആത്മഹത്യയും ചെയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ മാണികുഞ്ഞ് ആ സിനിമ റിലീസ് ചെയ്യുവാന്‍ ശ്രമിക്കുന്നു. ആ സിനിമയില്‍ അഭിനയിച്ച പ്രധാന നടീനടന്മാരായ ഷാജഹാനും, മേരി വര്‍ഗീസും, കൃഷ്ണനും എവിടയാണ് എന്ന് അന്വേഷിക്കുന്ന മാണികുഞ്ഞ് ചില സത്യങ്ങള്‍ അറിയുന്നു .ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലാകുന്ന ഷാജഹാനും മേരിയും അഗസ്റ്റിന്‍ ജോസെഫിന്റെ സഹായത്തോടെ വിവാഹം കഴിച്ചു ജീവിക്കുവാന്‍ തീരുമാനിക്കുന്നു. പക്ഷെ ആ ബന്ധം എതിര്‍ത്തിരുന്ന മേരിയുടെ വീട്ടുകാര്‍ അവരെ ഒന്നിക്കുവാന്‍ സമ്മതിക്കാതെ മേരിയെ ഷാജഹാനില്‍ നിന്നും വേര്‍പിരിക്കുന്നു. ഈ വിവരങ്ങളൊക്കെ അറിയുന്ന മാണികുഞ്ഞ്, 40 വര്‍ഷങ്ങള്‍ക്കു വേഷം ഷാജഹാനെയും മേരിയേയും അന്വേഷിച്ചു കണ്ടുപിടിക്കുവാന്‍ തീരുമാനിക്കുന്നു. അതുപോലെ തന്നെ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയില്‍ അഭിനയിച്ച ഓരോ നടീനടന്മാരെയും സിനിമയുടെ റിലീസിന് ക്ഷണിക്കുവാനും ഒരുങ്ങുന്നു.

അപ്പന്‍ സംവിധാനം ചെയ്ത സിനിമ പുറത്തിറക്കണം, ഷാജഹാനെയും മേരിയേയും കണ്ടുപിടിക്കണം എന്ന ലക്ഷ്യവുമായി നടക്കുന്ന മാണികുഞ്ഞിനു ഇതെല്ലാം സാധിക്കുമോ എന്നതാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള രംഗങ്ങളില്‍ കാണിക്കുന്നത്. ഷാജഹാനായി ദിലീപും, കൃഷ്ണനായി മനോജ്‌ കെ.ജയനും, മേരി വര്‍ഗീസായി കാവ്യ മാധവനും, മാണികുഞ്ഞായി ഇന്ദ്രജിത്തും, അഗസ്റ്റിന്‍ ജോസെഫായി രാമുവും അഭിനയിച്ചിരിക്കുന്നു. 


കഥ-തിരക്കഥ: എബവ് ആവറേജ്
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിന്റെ രചയ്താവ് ജി.എസ്.അനില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്‌. പുതുമകള്‍ ഏറെയുള്ള ഒരു കഥയാണ് ജി.എസ്.അനില്‍ എഴുതിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്കുള്ളിലെ കഥപറയുന്ന സിനിമ. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ തിരക്കഥയില്‍ ഉള്പെടിത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രീകരിച്ച ഒരു സിനിമയും, അതിലെ കഥാപാത്രങ്ങളായി അഭിനയിച്ച നടീനടന്മാരുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഒരു കഥയെങ്കില്‍, റിലീസകാതെ പോയ ഒരു സിനിമ റിലീസാക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരു ചെറുപ്പകാരന്റെ ശ്രമങ്ങളാണ് മറ്റൊരു കഥ. സിനിമ റിലീസ് ചെയ്യുവാന്‍ ശ്രമിക്കുന്ന രംഗങ്ങളെല്ലാം മികച്ച രീതിയില്‍ എഴുതുവാന്‍ സാധിച്ച ജി.എസ്.അനിലിനു, പഴയ കാലഘട്ടം എഴുതിയ തിരക്കഥയിലെ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ സാധിച്ചില്ല എന്നതാണ് തിരക്കഥയിലെ പ്രാധാന പോരായ്മ. പഴയ കാലഘട്ടത്തിലെ കഥ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇന്നത്തെ സിനിമ പ്രേമികള്‍ക്ക് വേഗതയില്ലത്ത സിനിമകള്‍ ദഹിക്കാന്‍ പ്രയാസമാണ് എന്നറിയാതെ പോയതാവാം അനിലിനു പറ്റിയ തെറ്റ്. എങ്കിലും, പുതുമയുള്ള കഥ രചിച്ചതിലും, രണ്ടു കാലഘട്ടങ്ങളെയും വിശ്വസനീയമായ രീതിയില്‍ കൂട്ടിയോജിപ്പിച്ചതിനും ജി.എസ്.അനില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 


സംവിധാനം: ആവറേജ്
വെറുതെ ഒരു ഭാര്യ, കാണകണ്മണി എന്നീ സിനിമകള്‍ക്ക്‌ ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. ഈ വര്ഷം ഒരു നല്ല ദിലീപ് സിനിമപോലും കാണാന്‍ പറ്റാത്ത ദിലീപിന്റെ ആരാധകര്‍ക്കായി വ്യതസ്ത സിനിമയുണ്ടാകാന്‍ ശ്രമിച്ചിരിക്കുകയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ അക്കു അക്ബര്‍. കുറെ നാളുകള്‍ക്കു ശേഷം സിനിമയ്ക്കുളിലെ സിനിമ എന്ന പ്രമേയം പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് അക്കു അക്ബര്‍.
ഈ സിനിമയ്ക്ക് വേണ്ടി പഴയ കാലഘട്ടം ശരിക്കും പഠിച്ചതിനു ശേഷമാണ് അക്കു ഈ സിനിമ സംവിധാനം  ചെയ്തിരിക്കുന്നത്. ഈ സിനിമയില്‍ രണ്ടു കാലഘട്ടങ്ങലൂടെ കടന്നു പോകുന്ന രംഗങ്ങള്‍ എല്ലാം, രണ്ടു രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതും, ചിത്രസന്നിവേശം ചെയ്തിരിക്കുന്നതും, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും മലയാള സിനിമയിലെ മികച്ച സിനിമകളില്‍ ഒന്നാകുവാന്‍ സാധ്യതയുള്ള ഒരു കഥ, അക്കു അക്ബര്‍ എന്ന സംവിധായകന്റെ കഴിവുകേടും അവതരണത്തിലെ പ്രശ്നങ്ങളും കാരണം വെറും ഒരു ശരാശരി സിനിമ മാത്രമായി പോയി എന്ന് പറയുന്നതില്‍ തെറ്റില്ല. നല്ല കഥയും, വ്യതസ്ത രീതിയില്‍ എഴുതപെട്ട തിരക്കഥയും, കഴിവുള്ള നടീനടന്മാരുടെ സാനിധ്യവും പൂര്‍ണമായി പ്രയോജനപെടുത്താതെ അക്കു അക്ബറിന് സാധിച്ചില്ല. 

സാങ്കേതികം: ഗുഡ്
രണ്ടു കാലഘട്ടം പശ്ചാത്തലമാകുന്ന ഈ സിനിമയ്ക്ക് വേണ്ടു വിപിന്‍ മോഹനും, സമീര്‍ ഹക്കുമാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പഴയ കാലഘട്ടം ചിത്രീകരിച്ച വിപിന്‍ മോഹന്‍ മികച്ച രീതിയില്‍ തന്നെ ചായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. അതിനു സഹായകമായത് ഗിരീഷ്‌ മേനോന്‍-നാഥന്‍ മണ്ണൂര്‍ എന്നിവര്‍ ഒരുക്കിയ സെറ്റുകളും, കുമാര്‍ ഇടപ്പളിന്റെ വസ്ത്രാലങ്ങാരവുമാണ്. ലിജോ പോള്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് മോഹന്‍ സിതാരയാണ്. ശ്രവ്യസുന്ദരമായ പാട്ടുകളാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകില്‍ ഒന്ന്. ശ്രേയ ഗോഷാല്‍-കബീര്‍ എന്നിവര്‍ പാടിയ "പതിനേഴിന്റെ..." എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞിരിക്കുന്നു.



അഭിനയം: ഗുഡ്
കുറെ നാളുകള്‍ക്കു ശേഷമാണ് ഏറെ അഭിനയ സാധ്യതകളുള്ള ഒരു വേഷം അഭിനയിക്കാന്‍ ദിലീപിനും മനോജ്‌ കെ. ജയനും സാധിച്ചത്. അത് മികവുറ്റതാക്കാന്‍ രണ്ടു നടന്മാരും ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. അവരെപോലെ തന്നെ, കാവ്യ മാധവും, ഇന്ദ്രജിത്തും, സായികുമാറും, മാമുക്കോയയും അവരരുടെ രംഗങ്ങള്‍ മനോഹരമായി അഭിനയിച്ചിരിക്കുന്നു. ദിലീപ്, മനോജ്‌. കെ. ജയന്‍, ഇന്ദ്രജിത്ത്, ലാല്‍, സായികുമാര്‍, വിജയരാഘവന്‍, രാമു, മണിയന്‍പിള്ള രാജു, സാദിക്ക്, മാമുക്കോയ, കൊല്ലം തുളസി, സുരാജ് വെഞ്ഞാറമൂട്, അനില്‍ മുരളി, ശിവജി ഗുരുവായൂര്‍, മജീദ്‌, കലാഭവന്‍ ഹനീഫ്, കാവ്യ മാധവന്‍, സീനത്ത്, സോണിയ,കോട്ടയം ശാന്ത എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.



സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പുതുമയുള്ള കഥ
2. ദിലീപ്-കാവ്യാ താരജോടികള്‍
3. ദിലീപ്, മനോജ്‌ കെ.ജയന്‍ എന്നിവരുടെ അഭിനയം
4. മോഹന്‍ സിതാര- വയലാര്‍ ശരത് ടീമിന്റെ പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. അക്കു അക്ബറിന്റെ സംവിധാനം
2. പുതുമകളിലാത്ത അവതരണ ശൈലി
3. പ്രവചിക്കനാകുന്ന ക്ലൈമാക്സ്  



വെള്ളരിപ്രാവിന്റെ ചങ്ങാതി റിവ്യൂ: പുതുമയുള്ളതും വ്യതസ്തവുമായ കഥയും, നടീനടന്മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ രസിപ്പിക്കുനുണ്ടെങ്കിലും, അവതരണത്തിലെ പാളിച്ചകളും സംവിധായകന്റെ കഴിവുകേടും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു ശരാശരി സിനിമ മാത്രമായി വെള്ളരിപ്രാവിന്റെ ചങ്ങാതി.


വെള്ളരിപ്രാവിന്റെ ചങ്ങാതി റേറ്റിംഗ്: 6.00 / 10 
കഥ-തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 18 / 30 [6 / 10] 


സംവിധാനം: അക്കു അക്ബര്‍
നിര്‍മ്മാണം: അജയ് ഘോഷ്, ബിജോയ്‌ ചന്ദ്രന്‍
രചന: ജി.എസ്.അനില്‍
ചായാഗ്രഹണം: വിപിന്‍ മോഹന്‍, സമീര്‍ ഹക്
ചിത്രസന്നിവേശം: ലിജോ പോള്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: മോഹന്‍ സിത്താര
ചമയം:സുദേവന്‍
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍, നാഥന്‍ മണ്ണൂര്‍

വസ്ത്രാലങ്ങാരം: കുമാര്‍ എടപ്പാള്‍   

24 Dec 2011

വെനീസിലെ വ്യാപാരി

തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക്‌ ശേഷം മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടിയും ഷാഫിയും ഒന്നിക്കുന്ന സിനിമയാണ് വെനീസിലെ വ്യാപാരി. തെക്കന്‍ കേരളത്തിന്റെ വെനീസ് എന്നറിയപെടുന്ന ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കൊലപാതക കുറ്റാന്വേഷണ കഥയാണ് ഷാഫിയ്ക്ക് വേണ്ടി ജെയിംസ് ആല്‍ബര്‍ട്ട് രചിച്ചിരിക്കുന്നത്. ചമ്പകുളം തച്ചന്‍, മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍ എന്നീ സിനിമകളെല്ലാം നിര്‍മ്മിച്ച മുരളി ഫിലംസ് മാധവന്‍ നായരാണ് വെനീസിലെ വ്യാപാരി നിര്‍മ്മിച്ചിരിക്കുന്നത്. പട്ടണത്തില്‍ ഭൂതത്തിന് ശേഷം മമ്മൂട്ടിയുടെ നായികയായി കാവ്യ മാധവന്‍ അഭിനയിക്കുന്ന ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ ഹാസ്യതാരങ്ങളും അണിനിരക്കുന്നു. ചൈനടൌണിലൂടെ മലയാള സിനിമയിലേക്ക് എത്തിയ പൂനം ബാജ്വയാണ് മമ്മൂട്ടിയുടെ മറ്റൊരു നായിക

മുന്‍കാല ഷാഫി - മമ്മൂട്ടി സിനിമകളെല്ലാം ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകളാണെങ്കില്‍ വെനീസിലെ വ്യാപാരിയില്‍ ഹാസ്യത്തിനോടൊപ്പം ഒരല്‍പം സസ്പെന്‍സിനും ആക്ഷനും പ്രാധാന്യം നല്ക്കിയാണ് ഷാഫിയും ജെയിംസ് ആല്‍ബര്‍ട്ടും ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അജയന്‍ എന്ന സഖാവിന്റെ കൊലപാതകം അന്വേഷിക്കുവാനെത്തുന്ന പവിത്രന്‍ എന്ന പോലീസ് കോണ്‍സ്ട്രബിള്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ആ നാട്ടിലെ കയര്‍ ഫാക്ടറി ഉടമയാകുകയും, ഒടുവില്‍ മിടുക്കനായ ഒരു വ്യാപാരിയായി മാറുകയും ചെയ്യുന്നു. പവിത്രന്റെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ള മറ്റു വ്യാപാരികളായ ചുങ്കതറക്കാരും ആലിക്കോയയും പവിത്രനോട് പകപോക്കുന്നതും, അവരോടെല്ലാം ജയിച്ചു മുന്നേറുന്ന പവിത്രന്‍ അജയന്റെ കൊലപാതകികളെ കണ്ടെത്തുന്നതുമാണ് വെനീസിലെ വ്യാപാരി എന്ന സിനിമയുടെ കഥ. പവിത്രനായി മമ്മൂട്ടിയാണ് അഭിനയിക്കുന്നത്.  

കഥ - തിരക്കഥ: ബിലോ ആവറേജ്
ക്ലാസ്സ്‌മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജെയിംസ് ആല്‍ബെര്‍ട്ട് എഴുതിയ തിരക്കഥയാണ് വെനിസിലെ വ്യാപാരി എന്ന സിനിമയുടെത്. 1980 കളുടെ പശ്ചാത്തലത്തില്‍ ആലപുഴയില്‍ നടക്കുന്ന ഒരു കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി ജെയിംസ് തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ ഈ സിനിമയിലും സസ്പെന്‍സ് നിലനിര്‍ത്തികൊണ്ട് കഥപറഞ്ഞു പോകുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സിനിമയുടെ മൂല കഥ നല്ലതാണെങ്കിലും, കഴമ്പില്ലാത്ത തിരക്കഥയായത്‌ കൊണ്ട് പ്രേക്ഷകരെ പൂര്‍ണമായും രസിപ്പിക്കുവാനോ ത്രിപ്തിപെടുത്തുവാനോ കഴിഞ്ഞിട്ടില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍, രസകരമാക്കാവുന്ന ഒരു കഥ, കണ്ടുമടുത്ത കഥാപാത്രങ്ങളും കഥാഗതിയും കൊണ്ട് എഴുതപെട്ട തിരക്കഥയാലും പ്രവചിക്കനാവുന്ന ക്ലൈമാക്സാലും വെറുമൊരു ശരാശരി സിനിമയുടെ നിലവാരത്തിലേക്ക് താഴ്ന്നു എന്നതാണ് സത്യം.
പക്ഷെ, ഒരവധികാലത്ത് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും യുവാകള്‍ക്കും ഒന്നുപോലെ കണ്ടിരിക്കാവുന്ന എല്ലാ വിഭവങ്ങളും ഈ സിനിമയുടെ തിരക്കഥയില്‍ ഉള്‍പെടുത്താന്‍ ജെയിംസ് ആല്‍ബര്‍ട്ട് മറക്കാത്തത് കൊണ്ട് ഈ സിനിമ ഒരു ശരാശരി സിനിമയായി അനുഭവപെട്ടെക്കാം.

സംവിധാനം: ആവറേജ്
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുവാനുള്ള കഴിവ് ഷാഫി എന്ന സംവിധായകനുണ്ട് എന്ന് അദ്ദേഹം പല സിനിമകളിലൂടെയും തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന നടന് ഹാസ്യവും വഴങ്ങും എന്ന് പ്രേക്ഷകര്‍ക്ക്‌ ഭോദ്യപെടുത്തി കൊടുത്തത് തൊമ്മനും മക്കളും, മായാവി എന്നീ ഷാഫി സിനിമകളിലൂടെയായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കാറുള്ള ഷാഫി എത്തവണെ തിരഞ്ഞെടുത്തിരിക്കുന്നത് ഒരല്പം സസ്പെന്‍സും, ആക്ഷനും ഒക്കെയുള്ള ഒരു കഥയാണ്. ഹാസ്യവും, സസ്പെന്‍സും, ആക്ഷനുമൊക്കെ സിനിമയിലെ കൃത്യമായി ഉള്‍കൊള്ളിച്ച ഷാഫി ഒരുപരുധിവരെ വിജയിച്ചിട്ടുണ്ട് എന്നതാണ് സത്യം. മമ്മൂട്ടിയുടെ
ആരാധകര്‍ക്ക് ഇഷ്ടമാകുവാന്‍ വേണ്ടി ജയന്‍ അഭിനയിച്ച പ്രശസ്ത ഗാനം "കണ്ണും കണ്ണും..തമ്മില്‍ തമ്മില്‍.." ഈ സിനിമയിലൂടെ പുനരാവിഷ്കരിച്ചത് ഏറെ പ്രശംസനീയം തന്നെ. ഈ പ്രേത്യേകതകളൊക്കെ ഉണ്ടെങ്കിലും ഷാഫി സിനിമ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഒരു മുഴുനീള എന്റര്‍ടെയിനറാണ്. ഈ സിനിമയില്‍ എല്ലാ ഘടകങ്ങളും ഉണ്ടെകിലും, ഹാസ്യത്തിനോ സസ്പെന്സിനോ ആക്ഷനോ പുതുമയില്ലാത്തതാണ് പ്രാധാന പോരായ്മ. ഒരു മുഴുനീള ഹാസ്യ സിനിമയലെങ്കില്‍ എന്തുകൊണ്ടാണ് ഈ സിനിമയുടെ ട്രെയിലറുകളില്‍ കാര്‍ട്ടൂണ്‍ സിനിമകളില്‍ കാണുന്ന പോലുള്ള ചില രംഗങ്ങള്‍ കാണിച്ചത് എന്ന് മനസ്സിലാകുന്നില്ല. പൂര്‍ണ ആത്മാര്‍ഥതയോട് കൂടിയാണോ ഷാഫി ഈ സിനിമ സംവിധാനം ചെയ്തത് എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നിപോകുന്നതില്‍ തെറ്റുപറയാനാകില്ല. 

സാങ്കേതികം: ഗുഡ്
ആലപുഴയിലെ കുട്ടനാടിന്റെയും കായലിന്റെയും കെട്ടുവള്ളങ്ങളുടെയും ഭംഗിയെല്ലാം ക്യാമറിയില്‍ പകര്‍ത്തി ശ്യാംദത്ത് ഒരുക്കിയ ദ്രിശ്യങ്ങള്‍ ഏറെ പുതുമയുള്ളതായി അനുഭവപെട്ടു. അങ്ങനെ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൃത്യമായി സംയോജിപ്പിച്ച മനോജും നിലവാരം പുലര്‍ത്തി. കേള്‍ക്കുവാന്‍ കുഴപ്പമില്ലാത്ത രണ്ടു ഗാനങ്ങളും, പഴകാല സൂപ്പര്‍ ഹിറ്റ് ഗാനം കണ്ണും കണ്ണും എന്ന ഗാനവുമാണ് ഈ സിനിമയിലുള്ളത്.
കൈതപ്രം എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. പഴകാല പശ്ചാത്തലം ഒരുക്കുവാന്‍ ജോസഫ്‌ നെല്ലിക്കല്‍ കുറെയേറെ പരിശ്രമിച്ചിട്ടുണ്ട് എന്നത് വ്യെക്തം. ഈ സിനിമയുടെ കഥയ്ക്ക്‌ അനിവാര്യമായുള്ള കാര്യങ്ങള്‍ ഒരുക്കുവാന്‍ കല സംവിധായകനെന്ന നിലയില്‍ ജോസെഫിനു കഴിഞ്ഞിട്ടുണ്ട്. എസ്.ബി. സതീശന്റെ വസ്‍ത്രാലങ്കാരം, പട്ടണം റഷീദിന്റെ ചമയം എന്നിവയും മികവു പുലര്‍ത്തുന്നു.

അഭിനയം: എബവ് ആവറേജ്
മമ്മൂട്ടി വെത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപെടുന്ന ഈ സിനിമയില്‍ അദ്ദേഹം മികച്ചൊരു പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. സിനിമയില്‍ എത്ര പോരായ്മകള്‍ ഉണ്ടെങ്കിലും മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം സിനിമയ്ക്ക് മാറ്റുകൂട്ടുന്നു എന്നതില്‍ ഒരു സംശയവുമില്ല. ജഗതി ശ്രീകുമാറും, വിജയരാഘവനും, സലിം കുമാറും, സുരാജും അവരവരുടെ രംഗങ്ങള്‍ മോശമാക്കാത്ത അഭിനയിച്ചു. എല്ലാ ഷാഫി സിനിമകളിലെ പോലെ ഈ സിനിമയിലും ഒരു നീണ്ട താരനിര അണിനിരക്കുന്നു. മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, വി.കെ.ശ്രീരാമന്‍, ജനാര്‍ദനന്‍, സന്തോഷ്‌, അബു സലിം, മജീദ്‌, കലാഭവന്‍ ഷാജോണ്‍, ഗിന്നെസ്സ് പക്രു, കാവ്യ മാധവന്‍, പൂനം ബാജ്വ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മമ്മൂട്ടി എന്ന നടന്റെ താരമൂല്യം, അഭിനയം
2.1980 കളുടെ പശ്ചാത്തലം നല്‍ക്കുന്ന പുതുമ
3.സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ചില ഹാസ്യരംഗങ്ങള്‍
4."കണ്ണും കണ്ണും.." എന്ന സൂപ്പര്‍ ഹിറ്റ് ഗാനവും, ചിത്രീകരണവും.

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.
പുതുമകളില്ലാത്ത കഥാപാത്രങ്ങളും, കഥാഗതിയും
2. പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. ഷാഫിയുടെ സംവിധാനം
4. ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങള്‍ 

വെനീസിലെ വ്യാപാരി റിവ്യൂ: മുന്‍കാല മമ്മൂട്ടി-ഷാഫി സിനിമകള്‍ പോലെ പ്രേക്ഷകരെ രസിപ്പിചിലെങ്കിലും, മമ്മൂട്ടിയുടെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുവാന്‍ വെനീസിലെ വ്യാപാരിക്ക് സാധിക്കുമെന്നുറപ്പ്.   

വെനീസിലെ വ്യാപാരി റേറ്റിംഗ്: 4.80 / 10 
കഥ - തിരക്കഥ: 3 / 10 (ബിലോ ആവറേജ്)
സംവിധാനം: 5
/ 10 (ആവറേജ്)
സാങ്കേതികം: 3.5 / 5 (ഗുഡ്)
അഭിനയം: 3 / 5 (എബവ് ആവറേജ്)
ആകെ മൊത്തം: 14.50 / 30 (4.80 / 10)   

സംവിധാനം: ഷാഫി
നിര്‍മ്മാണം: മുരളി ഫിലംസ് മാധവന്‍ നായര്‍
കഥ, തിരക്കഥ, സംഭാഷണം: ജെയിംസ് ആല്‍ബര്‍ട്ട്
ചായാഗ്രഹണം: ശ്യാം ദത്ത്
ചിത്രസന്നിവേശം: മനോജ്‌
പാട്ടുകള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ബിജിബാല്‍

16 Dec 2011

അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ

മലയാള സിനിമയ്ക്ക്‌ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സംഭാവന ചെയ്തിട്ടുള്ള പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും പുതിയ സിനിമയാണ് അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അറബിയുടേയും ഒട്ടകത്തലയന്‍ അബ്ദുവിന്റെയും, മാധവന്‍ നായരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് നര്‍മത്തില്‍ ചാലിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്. ജാന്ക്കോസ് എന്റര്‍ടെയിന്‍മെന്റ്സിനു വേണ്ടി മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സുഹൃത്ത്‌ അശോക്‌ കുമാര്‍, ദുബായ് മലയാളി നവീന്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച അറബീം ഒട്ടകോം പി.മാധവന്‍ നായരും പ്രദര്‍ശനശാലകളില്‍ എത്തിച്ചത് സെവന്‍ ആര്‍ട്സ് മൂവീസ് ആണ്. നവാഗതനായ അഭിലാഷ് നായര്‍ രചിച്ച തിരക്കഥയ്ക്ക് സംവിധായകന്‍ പ്രിയദര്‍ശനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അഴഗപ്പനാണ് ചായാഗ്രഹണം.

അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന പി.മാധവന്‍ നായര്‍ ഒരിക്കല്‍ മീനാക്ഷി എന്ന അമേരിക്കന്‍ മലയാളിയെ പരിച്ചയപെടുന്നു. ആ പരിചയം വളര്‍ന്നു സൗഹൃദത്തിലായി,  ഒടുവില്‍ ആ സൗഹൃദം പ്രണയത്തിലാകുന്നു. അറബിയുടെ ഏറ്റവും വിശ്വസ്തനായ ജോലിക്കാരന്‍   മാധവന്റെ പ്രണയം അറിയാവുന്ന അറബി, മാധവന്റെയും മീനാക്ഷിയുടെയും വിവാഹം ഉറപ്പിക്കുന്നു. അങ്ങനെയിരിക്കെ, മാധവന്റെ പഴയ ചങ്ങാതി അബ്ദു ഒരു ജോലിയുടെ ആവശ്യത്തിനായി മാധവനെ കാണാന്‍ എത്തുന്നത്. അബ്ദുവിന്റെ ജീവിതത്തിലെ കഷ്ടപാടുകള്‍ അറിയാവുന്ന മാധവന്‍ അബ്ദുവിന് ജോലി ശരിയാക്കി കൊടുക്കുന്നു. പക്ഷെ, അബ്ദു ഒരു മോഷണ കുറ്റത്തില്‍ പ്രതിയാണ് എന്നറിയുന്ന മാധവന്‍, അബ്ദുവിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു. അങ്ങനെ, അബ്ദുവിന് മാധവനോട് ദേഷ്യമാകുകയും, മാധവനെ കൊല്ലുവാനായി തീരുമാനാമെടുക്കുകയും, മാധവന്റെ കാറില്‍ മാധവനറിയാതെ അബ്ദു ഒളിച്ചിരിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ, ഒരു പ്രത്യേക സാഹചര്യത്തില്‍ മീനാക്ഷിയോട് വഴക്കിലാകുന്ന മാധവന്‍ അയാളുടെ കാറില്‍ കയറി എങ്ങോട്ടോ പോകുവാന്‍ വേണ്ടി പുറപ്പെടുന്ന അവസരത്തിലാണ് അബ്ദു മാധവനെ കാറില്‍ വെച്ച് കൊല്ലുമെന്ന ഭീഷണിപെടുത്തുന്നത്. ജീവിതമവസാനിപ്പിക്കുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മാധവന്‍ അയാളുടെ കാര്‍ വേഗത്തില്‍ ഓടിച്ചു ഒരു മരുഭൂമിയിലെത്തുന്നു. അവിടെ വെച്ച് മാധവനും അബ്ദുവും യാത്ര ചെയ്തിരുന്ന കാര്‍ കേടാകുകയും, അവര്‍ ആ മരുഭൂമിയില്‍ അകപെടുകയും ചെയ്യുന്നു.അവിടെ വെച്ച് അവരുടെ ജീവിതത്തില്‍ ഇല്യാന എന്ന പെണ്‍കുട്ടി കടന്നുവരുന്നതോടെ മാധവന്റെയും അബ്ദുവിന്ന്റെയും ജീവിതത്തില്‍ കുറെ വഴിത്തിരുവുകളുണ്ടാകുന്നു. ആരാണ് ഇല്യാന? എങ്ങനെയാണ് മാധവനെയും അബ്ദുവിനെയും പരിച്ചയപെടുന്നത്? തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്നതാണ് പ്രിയദര്‍ശന്‍ ഒരുക്കിയ മരുഭൂമി കഥ എന്ന സിനിമയുടെ കഥ.മാധവന്‍ നായരായി മോഹന്‍ലാലും, അബ്ദുവായി മുകേഷും, മീനാക്ഷിയായി ലക്ഷ്മി റായും, ഇല്യാനയായി ഭാവനയും, അറബിയായി ഹിന്ദി സിനിമ നടന്‍ ശക്തി കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
നവാഗതനായ അഭിലാഷ് നായരാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നത്. അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ പേര് പ്രേക്ഷകരുടെ മനസ്സില്‍ കൗതുകം തോന്നിപിക്കും പോലെ, ഈ സിനിമയുടെ കഥയും ഏറെ രസകരമായ ഒന്നാണ്. ധാരാളം പണമുള്ള ഒരു അറബിയും, ഒട്ടകത്തെ പോലെ ഭാരം ചുമക്കുന്ന അബ്ദുവും, നന്മകലേറെയുള്ള മാധവന്‍ നായരും ഒന്നിച്ചപ്പോള്‍ എന്ത് സംഭവിച്ചു എന്നതാണ് ഈ സിനിമയുടെ കഥ. പക്ഷെ ഈ രസങ്ങളൊന്നും അഭിലാഷ് എഴുതിയ തിരക്കഥയില്‍ ഇല്ലാത്തത് സിനിമയ്ക്ക് ദോഷം ചെയ്തിട്ടുണ്ട്. തമാശ രംഗങ്ങള്‍ സിനിമയില്‍ വേണം എന്ന് കരുതി എഴുതപെട്ട ഒരുപാട് രംഗങ്ങള്‍ ഈ സിനിമയുടെ നിലവാരം കുറയ്ക്കാന്‍ കാരണമായി. പരിചയസമ്പത്തുള്ള ഒരു എഴുത്തുകാരനാണ്‌ ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതെങ്കില്‍, ഈ സിനിമ കുറെക്കൂടെ നന്നാകുമായിരുന്നു എന്ന് തോന്നിപ്പോയീ. 
 
 
സംവിധാനം: എബവ് ആവറേജ്
ഏറെ നാളുകളായി മലയാളികള്‍ കാണുവാന്‍ ആഗ്രഹിച്ചിരുന്ന ഒരു സിനിമയാണ് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ അറബീം ഒട്ടകോം പി.മാധവന്‍ നായരും. ഒരു മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നത്, അത് ഈ സിനിമയിലൂടെ നല്‍ക്കുവാന്‍ സംവിധായകനായ പ്രിയന് സാധിച്ചു. നവാഗതനായ അഭിലാഷ് നായര്‍ ഒരുക്കിയ തിരക്കഥയില്‍ കുറെയേറെ പോരായ്മകള്‍ ഉണ്ടെങ്കിലും, സിനിമ കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിചിരുത്തുവാന്‍ സാധിച്ചു എന്നത് ഒരു വലിയ കാര്യം തന്നെ. മോഹന്‍ലാലിനെയും മുകേഷിനെയും ഇത്രയും നന്നായി അടുത്തകാലത്തൊന്നും ഒരു സംവിധായകനും പ്രയോജനപെടുത്തിയിട്ടില്ല. ഇരുവരും ഒന്നിക്കുന്ന രംഗങ്ങളെല്ലാം മനോഹരമായി രൂപപെടുത്തിയെടുക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞിട്ടുണ്ട്. പ്രിയന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയത്. പ്രിയദര്‍ശന്റെ തന്നെ സിനിമകളായ വെട്ടവും, കാക്കക്കുയിലും പോലെ കുറെ കോമാളിത്തരങ്ങള്‍ കുത്തികയറ്റി ബോറാക്കാതെ, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയത് പോലെ സെന്റിമെന്‍സിനും, പ്രണയത്തിനും, സൌഹൃദത്തിനും, ആക്ഷനും ഒക്കെ പ്രാധാന്യം നല്ക്കിയത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഈ ഗുണങ്ങളൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു നല്ല സിനിമയാകതിരുന്നതിന്റെ പ്രധാന കാരണം അഭിലാഷ് നായര്‍ എഴുതിയ തിരക്കഥയിലെ കുഴപ്പങ്ങള്‍ തന്നെ. ഇത്രയും പരിചയസമ്പത്തുള്ള പ്രിയദര്‍ശന്‍ എന്തുകൊണ്ടാണ് തിരക്കഥ എഴുതാതിരുന്നത് എന്ന് മനസ്സിലാകുന്നില്ല. കുറെ അനാവശ്യ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഒഴുവാക്കുകയും, അതുവഴി സിനിമയുടെ ദൈര്‍ഘ്യം കുറച്ചിരുന്നുവെങ്കില്‍ ഈ സിനിമ ഇതിലും ഭേദമാക്കമായിരുന്നു. 

സാങ്കേതികം: എബവ് ആവറേജ്
പ്രിയദര്‍ശന്‍ സിനിമ എന്ന കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സാങ്കേതിക മികവു ഈ സിനിമയില്‍ ഉണ്ടനീളമുണ്ട്. അഴഗപ്പന്‍ പകര്‍ത്തിയ ദ്രിശ്യങ്ങളും, സാബു സിറിളിന്റെ കലാ സംവിധാനവും മികച്ചതായിരുന്നു. ടി.എസ്. സുരേഷാണ് ഈ സിനിമയ്ക്ക് വേണ്ടി ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. എം.ജി ശ്രീകുമാര്‍ ഈണമിട്ട മൂന്ന് ഗാനങ്ങളും ശരാശരിയില്‍ താഴെ തന്നെയായിരുന്നു. മികച്ച വിഷ്വല്‍സ് ഒരുക്കുവാന്‍ പ്രിയദര്‍ശന് സാധിച്ചത് കൊണ്ട് ആ പാട്ടുകള്‍ സിനിമയില്‍ കേള്‍ക്കുമ്പോള്‍ മോശമായി തോന്നിയേക്കില്ല. "ചെമ്പക വല്ലികള്‍" എന്ന് തുടങ്ങുന്ന പാട്ടും, "മാധവേട്ടനെന്നും" എന്ന് തുടങ്ങുന്ന പാട്ടും മറ്റു ഭാഷയില്‍ നിന്നും മോഷ്ടിച്ചതാണെന്ന്  ഇതിനകം എല്ലാവരും അറിഞ്ഞൊരു കാര്യമാണ്. ഇത്രയും പണം മുടക്കി വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാവിന് കഴിയുമെങ്കില്‍, എന്ത് കൊണ്ടാണ് വിദ്യാസാഗാറിനെയോ,എം.ജയചന്ദ്രനേയോ കൊണ്ട് ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്ക്കികാഞ്ഞത്. ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം നല്‍ക്കിയ വ്യെക്തി, സിനിമയിലെ പല രംഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം നല്‍കാന്‍ മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
അഭിനയം: എബവ് ആവറേജ്
പ്രായമെത്രയായാലും ഏതുതരം വേഷവും തന്മയത്ത്വത്തോടെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്
മോഹന്‍ലാല്‍. ഹാസ്യ രംഗങ്ങളും സെന്റിമെന്സുള്ള രംഗങ്ങളും ഒരേപോലെ കൈകാര്യം ചെയ്തു പ്രേക്ഷകര്‍ ഇഷ്ടപെടുന്ന ആ പഴയ കുസൃതിയുള്ള മോഹന്‍ലാലകുവാന്‍ ഈ സിനിമയിലൂടെ അദേഹത്തിന് സാധിച്ചു. മോഹന്‍ലാലോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവ്‌ നടത്തിയിക്കുകയാണ് മുകേഷ്. ഇവരെ കൂടാതെ, ലക്ഷ്മി റായ്, ഭാവന, ഇന്നസെന്റ്, നെടുമുടി വേണു, ശക്തി കപൂര്‍, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, മാമുക്കോയ, ലക്ഷ്മി ഗോപാലസ്വാമി, രശ്മി ബോബന്‍ എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.  
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ട്
2. മോഹന്‍ലാല്‍, മുകേഷ് ടീമിന്റെ തമാശകള്‍
3. പ്രിയദര്‍ശന്റെ സംവിധാനം
4. ലോക്കെഷന്‍സ്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സിനിമയുടെ ദൈര്‍ഘ്യം
3. പാട്ടുകള്‍
4. പശ്ചാത്തല സംഗീതം 
  


അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റിവ്യൂ: കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും, മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കും ഒരുപോലെ ആസ്വദിക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്ത് പ്രിയദര്‍ശന്‍ ഒരുക്കിയ തരക്കേടില്ലാത്ത ഒരു എന്റര്‍ടെയിനെര്‍.

അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റേറ്റിംഗ്: 5.00 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]

ആകെ മൊത്തം: 15 / 30 [5 / 10]

സംഭാഷണം, സംവിധാനം: പ്രിയദര്‍ശന്‍
കഥ, തിരക്കഥ: അഭിലാഷ് നായര്‍
നിര്‍മ്മാണം: അശോക്‌ കുമാര്‍, നവീന്‍ ശശിധരന്‍
ബാനര്‍: ജാന്ക്കോസ് എന്റര്‍ടെയിന്‍മെന്റ്സ്
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം:ടി.എസ.സുരേഷ്
കലസംവിധാനം: സാബു സിറില്‍
പാട്ടുകള്‍: രാജീവ്‌ ആലുങ്കല്‍, ബിച്ചു തിരുമല, സന്തോഷ്‌ വര്‍മ
സംഗീതം: എം.ജി.ശ്രീകുമാര്‍