23 Oct 2012

അയാളും ഞാനും തമ്മില്‍ - നല്ല സിനിമയും പ്രേക്ഷകരും തമ്മില്‍ 7.50 / 10

മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവു കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍. 

ജീവിതത്തെ നിസ്സാരമായി കാണുന്ന രവി തരകന്‍ എന്ന യുവ ഡോക്ടര്‍ അയാളുടെ ജോലിയേക്കാള്‍ പഠനത്തെക്കള്‍ സ്നേഹിച്ചത് സഹപാഠിയായ സൈറയെയാണ്. 7 വര്‍ഷമെടുത്തു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ രവിയ്ക്ക് ജോലി ലഭിക്കുന്നത് മുന്നാറിലെ ഒരു സാധാരണ ആശുപത്രിയിലാണ്. പ്രഗല്‍ബനായ സാമുവല്‍ ഡോക്ടറാണ് ആ നാട്ടിലെ ഏക ആശുപത്രികൂടിയായ അവിടത്തെ ഡോക്ടര്‍. പണത്തേക്കാള്‍ പ്രശസ്തിയെക്കാള്‍ കൂടുതല്‍ രോഗികളെ സ്നേഹിച്ച സേവനമാനോഭാവത്തോടെ ജോലി ചെയ്യുന്ന വ്യക്തിയാണ് സാമുവല്‍ ഡോക്ടര്‍. അങ്ങനെയുള്ളൊരു ഗുരുവിനെയാണ് അലസനായ രവി തരകന് ലഭിക്കുന്നത്. ആ ഗുരുവിന്റെ ശിഷ്യത്ത്വം ഇഷ്ടമല്ലാതെ സ്വീകരിക്കുന്ന രവി തരകന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. അതില്‍ നിന്നും കുറെ നല്ല കാര്യങ്ങള്‍ രവി പഠിക്കുന്നു. തുടര്‍ന്ന് രവിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. രവി തരകനായി പ്രിഥ്വിരാജും, സാമുവല്‍ ഡോക്ടറായി പ്രതാപ് പോത്തനും, സൈറയായി സംവൃത സുനിലും അഭിനയിക്കുന്നു. 

തിരക്കഥക്രുത്തുക്കളായ ബോബി-സഞ്ജയ്‌ ടീമിന്റെ അച്ഛനും സിനിമ നടനുമായ പ്രേം പ്രകാശാണ് പ്രകാശ് മുവീ ടോണിന്റെ ബാനറില്‍ അയാളും ഞാനും തമ്മില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളിലൂടെ കഴിവ് തെളിയച്ച ചായഗ്രഹകാന്‍ ജോമോന്‍ ടി.ജോണാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹാമാണ് ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. 

കഥ, തിരക്കഥ: ഗുഡ്
കാസനോവയ്ക്ക് ശേഷം ബോബി-സഞ്ജയ്‌ ടീം കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് അയാളും ഞാനും തമ്മില്‍. മലയാള സിനിമയില്‍ ഇന്ന് സജീവമായിട്ടുള്ള തിരക്കഥ രചയ്താക്കളില്‍ ഏറ്റവും മിടുക്കരായ ബോബി-സഞ്ജയ്‌ ടീമിന്റെ മുന്‍കാല സിനിമകള്‍ പോലെ വളരെ വ്യതസ്തമായ ഒരു പ്രമേയമാണ് ഈ ലാല്‍ജോസ് സിനിമയ്ക്ക് വേണ്ടി അവര്‍ തിരഞ്ഞെടുത്തത്. പഠനകാലത്ത്‌ കോളേജില്‍ നിന്നും പഠിക്കുന്നതിനപ്പുറം രോഗത്തെപറ്റിയും രോഗികളെപറ്റിയും ഒരു ഡോക്ടര്‍ എന്തെല്ലാം മനസ്സിലാക്കണം, എങ്ങനെ രോഗത്തെ സമീപിക്കണം, എങ്ങനെ രോഗികളോട് പെരുമാറണം എന്നൊക്കെ ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നു. ഇന്നത്തെ തലമുറയില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങള്‍ ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നതോടൊപ്പം വലിയൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്നു. പ്രവചിക്കനവുന്ന കഥ എന്നല്ലാതെ ഈ സിനിമയ്ക്ക് വേറൊരു കുറവും കുഴപ്പങ്ങളും പറയുവാനില്ല. പ്രമേയത്തിനപ്പുറം, അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ രചിക്കുന്നതിലും സഹോദരന്മാര്‍ കൂടിയായ ബോബിസഞ്ജയ്മാര്‍ വിജയിച്ചിരിക്കുന്നു. ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ തന്റെ ശിഷ്യന് മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി ഗുരുവായ സാമുവല്‍ ഡോക്ടര്‍ പറയുന്ന ചില സംഭാഷണങ്ങളും ഹൃദ്യമായി അനുഭവപെട്ടു. ഇനിയും ഇതുപോലെ മികച്ച തിരക്കഥകളും പ്രമേയങ്ങളും മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുവാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്ന ആശംസിക്കുന്നു.

സംവിധാനം: വെരി ഗുഡ്
സ്പാനിഷ്‌ മസാല, ഡയമണ്ട് നെക്ക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം മലയാളി സിനിമ പ്രേമികളുടെ ഇഷ്ട സംവിധായകരില്‍ ഒരാളായ ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ സിനിമ, ലാല്‍ ജോസിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സിനിമകളില്‍ ഒന്നായി എന്നും എല്ലാവരും ഓര്‍മിക്കും എന്നുറപ്പ്. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ സാങ്കേതികതികവോടെ ചിത്രീകരിച്ചു എന്നതാണ് പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ഇഷ്ടപെടുവാനുള്ള കാരണം. എല്ലാതരം സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകരും ഈ സിനിമ കാണണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടും, ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ച സന്ദേശം സമൂഹത്തിനു മനസ്സിലാകണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടും, ഈ സിനിമയുടെ കഥയ്ക്ക്‌ അനിവാര്യമായ രീതിയില്‍ കുറച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളും, പാട്ടുകളും, പ്രണയവും, വിരഹവും ഒക്കെ സംവിധായകന്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു.   


സാങ്കേതികം: വെരി ഗുഡ് 
മലയാളികള്‍ക്ക് ദ്രിശ്യവിരുന്നു നല്‍ക്കിക്കൊണ്ട് അത്യുഗ്രന്‍ ഫ്രെയിമുകള്‍ ഒരുക്കിയ ജോമോന്‍ ടി.ജോണിന്റെ ചായാഗ്രഹണമാണ് ഈ സിനിമയിലെ ഇത്രയും മികച്ചതാക്കിയതിലുള്ള ഒരു കാരണം. സിനിമയിലുടനീളം ഇഴച്ചില്‍ അനുഭവപെടാതെ രംഗങ്ങള്‍ കൂട്ടിയോജിപ്പിച്ച രഞ്ജന്‍ അബ്രഹാമും നല്ലൊരു സിനിമയുണ്ടാക്കുന്നതില്‍ ലാല്‍ ജോസിനെ സഹായിച്ചു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഔസേപ്പച്ചനാണ്. അഴലിന്റെ ആഴങ്ങളില്‍ എന്ന് തുടങ്ങുന്ന വിരഹ ഗാനവും, ജനുവരിയില്‍ എന്ന മെലഡിയുമാണ്‌ ഈ സിനിമയിലുളള പാട്ടുകള്‍. രണ്ടു പാട്ടുകളും കേള്‍വിക്കും കാഴ്ചയ്ക്കും സുഖം പകരുന്നവയാണ്. ഔസേപച്ചന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗോകുല്‍ ദാസ്‌-മോഹന്‍ ദാസ്‌ എന്നിവരുടെ കലാസംവിധാനവും, ശ്രീജിത്ത്‌ ഗുരുവായൂരിന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.  

അഭിനയം: ഗുഡ്
22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ്‌ നടത്തിയ നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലെ സാമുവല്‍. തികഞ്ഞ അച്ചടക്കത്തോടെ സാമുവലിനെ അവതരിപ്പിക്കുവാന്‍ അനിയോജ്യനായ നടന്‍ തന്നെയാണ് പ്രതാപ്‌ പോത്തന്‍. വിജയചിത്രങ്ങളുടെ കാര്യത്തില്‍ 2012ല്‍ മോശം തുടക്കം ലഭിച്ച പ്രിഥ്വിരാജിന് മോളി ആന്റി റോക്ക്സിനു ശേഷം ലഭിച്ച നല്ല കഥാപാത്രമാണ് ഈ സിനിമയിലെ രവി തരകന്‍. ഇന്നത്തെ തലമുറയിലുള്ള നടന്മാരില്‍ പ്രിഥ്വിരാജിനെ മാത്രം സങ്കല്‍പ്പിക്കാന്‍ കഴിയുന്ന വേഷത്തിലാണ് കുറെ നാളുകള്‍ക്കു ശേഷം യുവ സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചത്. ഇവരെ കൂടാതെ നരേന്‍, കലാഭവന്‍ മണി, പ്രേം പ്രകാശ്‌, സലിം കുമാര്‍, സിദ്ധാര്‍ഥ് ശിവ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദിനേശ് പണിക്കര്‍, ടി.പി.മാധവന്‍, റോണി ഡേവിഡ്‌, അനില്‍ മുരളി, രാമു, സംവൃത സുനില്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, സുകുമാരി,സ്വസിക എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നല്ലൊരു സന്ദേശം നല്‍ക്കുന്ന പ്രമേയം
2.ലാല്‍ ജോസിന്റെ സംവിധാനം
3.ജോമോന്‍ ടി.ജോണ്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍
4.പ്രിഥ്വിരാജ്, പ്രതാപ്‌ പോത്തന്‍ എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കാനവുന്ന കഥ

അയാളും ഞാനും തമ്മില്‍ റിവ്യൂ: മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവും കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍...

അയാളും ഞാനും തമ്മില്‍ റേറ്റിംഗ്: 7.50 / 10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ് ]
സാങ്കേതികം: 4/5 [വെരി ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 22.5/30 [7.50/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ: ബോബി സഞ്ജയ്‌
നിര്‍മ്മാണം: പ്രേം പ്രകാശ്‌
ബാനര്‍: പ്രകാശ്‌ മുവീ ടോണ്‍
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ
സംഗീതം: ഔസേപ്പച്ചന്‍
കലാസംവിധാനം:ഗോകുല്‍ ദാസ്‌, മോഹന്‍ ദാസ്‌
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്

2 comments:

  1. Brilliant analysis. Kudos to Niroopanam!

    ReplyDelete
  2. മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവും കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍...""

    nalla filimum nalla reviewvum

    ReplyDelete