15 Dec 2011

സ്വപ്‌നസഞ്ചാരി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം പത്മശ്രീ ജയറാമും സംവിധായകന്‍ കമലും ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിച്ച സിനിമയാണ് സ്വപ്നസഞ്ചാരി. കഥ തുടരുന്നു എന്ന സിനിമയ്ക്ക് ശേഷം ട്രൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിച്ച സ്വപ്നസഞ്ചാരിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കെ.ഗിരീഷ്‌ കുമാറാണ്. ഗിരീഷ്‌ കുമാറും കമലും ചേര്‍ന്നൊരുക്കിയ ഗദ്ദാമ എന്ന സിനിമയില്‍ ചര്‍ച്ച ചെയ്യപെട്ട വിഷയം ഗള്‍ഫില്‍ വീട്ടുവേലയ്ക്കായി പോകുന്ന മലയാളികളുടെ യാതനകളാണെങ്കില്‍, സ്വപ്നസഞ്ചാരിയില്‍ ചര്ച്ചചെയ്യപെടുന്ന വിഷയം ഗള്‍ഫ്‌ മലയാളികള്‍ നാട്ടിലെത്തിയാല്‍ കാണിക്കുന്ന സ്ഥിരം പൊങ്ങച്ചങ്ങളും, പുതിയ വീടും കാറും വാങ്ങുന്നതും, ഒരുപാട് പണം ചിലവാക്കി നാട്ടുകാരുടെ മുമ്പില്‍ പ്രശസ്തി പിടിച്ചുപറ്റുന്നതും, ഒടുവില്‍ അവരുടെ ജീവിതത്തില്‍ പണം ആവശ്യമുള്ളപ്പോള്‍ ചിലവാക്കാന്‍ പണമില്ലാതാകുന്നതുമാണ്.

ചെറുമംഗലം ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന അജയചന്ദ്രന്‍ നായര്‍ക്ക്‌ (ജയറാം) ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ട്. ആ ആഗ്രഹങ്ങളൊക്കെ സഫലീകരിക്കുവനായി അജയചന്ദ്രന്‍ ഗള്‍ഫില്‍ പോക്കുന്നു. ധാരാളം പണവുമായി നാട്ടിലെത്തുന്ന അജയന്‍, പുതിയ വീടും കാറും മേടിച്ചും, അമ്പലത്തിലെ ഉത്സവം നടത്തിയും, പാവങ്ങള്‍ക്ക് പണം നല്ക്കാമെന്ന വാഗ്ദാനങ്ങള്‍ നല്ക്കിയും നാട്ടുകാരുടെ മുമ്പില്‍ പ്രശസ്തനാവാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ കഥാതന്തു.

അജയന്‍ കാണിക്കുന്ന പൊങ്ങച്ചങ്ങള്‍ കാണുമ്പോള്‍ അജയന്റെ അച്ഛന്‍ അച്യുതന്‍ നായരും, ഭാര്യ രശ്മിയും അജയനെ പരിഹസിക്കുന്നു. പക്ഷെ, ആ പരിഹാസങ്ങളൊന്നും വകവെയ്ക്കാതെ പണം വാരിയെറിഞ്ഞു പ്രശസ്തി നേടാന്‍ അജയന്‍ ശ്രമങ്ങള്‍ തുടരുന്നു. പ്രശസ്തി നേടാന്‍ പണം ചിലവാക്കുന്ന അജയന്‍ നല്ല പ്രവര്‍ത്തികളും ചെയുന്നത് കൊണ്ട് ഭാര്യയ്ക്കും അച്ഛനും അജയനോട്‌ എന്നും സ്നേഹമായിരുന്നു. അമ്പലത്തിലെ ഉത്സവം നടത്താന്‍ പണം കൊടുക്കുകയും, അനുജത്തിയുടെ വിവാഹം നടത്താന്‍ വസ്ത്രങ്ങളും സ്വര്‍ണവും നല്‍ക്കുകയും, മകള്‍ അച്ചുവിന്റെ സ്കൂളിലെ ഉറ്റസുഹൃത് ലക്ഷ്മിയുടെ ചികിത്സയ്ക്കായി പണം നല്ക്കമെന്നും പറയുകയും ചെയ്യുന്നതോടെ വീട്ടുകാരുടെയും, നാട്ടുകാരുടെയും മുമ്പില്‍ അജയന്‍ ഒരു ഹീറോ ആകുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി അജയന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. അതോടെ, ഏവര്‍ക്കും പ്രിയപെട്ടവനായ അജയനെ എല്ലാവരും വെറുക്കുന്നു. ഇതാണ് സ്വപ്നസഞ്ചാരിയുടെ കഥാസാരം.

കഥ - തിരക്കഥ: ആവറേജ്
വെറുതെ ഒരു ഭാര്യ, സമസ്ത കേരളം പി.ഓ, കാണാകണ്മണി എന്നീ സിനിമകള്‍ക്ക്‌ ശേഷം ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി കെ.ഗിരീഷ്‌ കുമാര്‍ എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടില്‍ അവധിയ്ക്ക് വരുമ്പോള്‍ സ്ഥിരം കാണിക്കുന്ന പൊങ്ങച്ചങ്ങളും, നാട്ടുപ്രമാണിയാകാന്‍ വേണ്ടി പണം ധാരാളം ചിലവഴിക്കുന്നതുമെല്ലാം രസകരമായ സന്ദര്‍ഭങ്ങളിലൂടെ, ഒരല്പം ആക്ഷേപഹാസ്യത്തോടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നു. അനിയോജ്യരായ നടീനടന്മാരയത് അഭിനയിച്ചത് കൊണ്ട് ഒട്ടുമിക്ക എല്ലാ രംഗങ്ങളും വിശ്വസനീയമായി അനുഭവപെട്ടു. പക്ഷെ, ഈ സിനിമയിലെ രംഗങ്ങളെല്ലാം എത്രയോ മലയാള സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. കടം കേറിയ നായകനെ ബ്ലേഡ് മാഫിയകള്‍ ചൂഷണം ചെയ്യുന്നതും, ഒരുപാട് മാനസിക പിരിമുരുക്കങ്ങള്‍ക്ക് ഒടുവില്‍ നായകന്‍ നാടുവിടുന്നതും അവസാനം തരിച്ചു വരുന്നതും ഒഴുവാക്കമായിരുന്നു. വെറുതെ ഒരു ഭാര്യ എന്ന സിനിമുയിലൂടെ ഒരുപാട് പ്രതീക്ഷ നല്‍ക്കിയ എഴുത്തുകാരനാണ്‌ കെ.ഗിരീഷ്‌ കുമാര്‍. പക്ഷെ, തുടര്‍ന്നുള്ള സിനിമകളെല്ലാം [ഗദ്ദാമ ഒഴികെ] പ്രതീക്ഷ പോലെ നിലവാരം പുലര്‍ത്തിയില്ല. എങ്കിലും, സമസ്ത കേരളം, കാണാ കണ്മണി എന്നീ സിനിമകളെ അപേക്ഷിച്ച് സ്വപ്നസഞ്ചാരി ഭേദമാണ്. 


സംവിധാനം: എബവ് ആവറേജ്
കൈക്കുടന്ന നിലാവ് എന്ന സിനിമയ്ക്ക് ശേഷം കമലും ജയറാമും ഒന്നിച്ച സിനിമയാണ് സ്വപ്നസഞ്ചാരി.  ഒട്ടേറ പുതുമകളൊന്നും അവകാശപെടാനില്ലാത്ത ഒരു കഥ തിരഞ്ഞെടുത്തു, മോശമല്ലാത്ത രീതിയില്‍ സംവിധാനം ചെയ്തു, കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റിയത് കമല്‍ എന്ന സംവിധായകന്റെ സംവിധാനപാടവം തന്നെ. ശരാശരി നിലവാരമുള്ള തിരക്കഥയില്‍ കുഴപ്പങ്ങള്‍ ഒരുപാടുടെങ്കിലും, കമല്‍ എന്ന സംവിധായകന്‍ അതെല്ലാം ശ്രദ്ധിക്കപെടാത്ത രീതിയില്‍ സംവിധാനം ചെയ്തത് കൊണ്ട് കുടുംബങ്ങള്‍ ഈ സിനിമ സ്വീകരിക്കും എന്ന് കരുതാം. പക്ഷെ, കമലും ജയറാമും ഒന്നിച്ച പെരുവണ്ണപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നീ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്നസഞ്ചാരി തികച്ചും നിരാശപെടുത്തുന്നു. ഈ കൂട്ടുകെട്ടിന്റെ മുന്‍കാല സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ മറ്റൊരു നല്ല കമല്‍-ജയറാം സിനിമയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. 


സാങ്കേതികം: എബവ് ആവറേജ്
റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. സുദീപ് കുമാര്‍, ചിത്ര എന്നിവര്‍ ആലപിച്ച വെള്ളാരം കുന്നിലേറി...ശ്രേയ ഗോശാല്‍ പാടിയ കിളികള്‍ പാടും...എന്നീ പാട്ടുകള്‍ മികവു പുലര്‍ത്തുന്നു. സ്വപ്നസഞ്ചാരിയ്ക്കു വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത് അഴഗപ്പനാണ്. സ്നേഹവീടിനു ശേഷം ഗ്രാമീണ പശ്ചാത്തലത്തില്‍  അഴഗപ്പന്‍ ചിത്രീകരിക്കുന്ന സിനിമയാണ് സ്വപ്നസഞ്ചാരി. അഴഗപ്പന്‍ ഒരുക്കിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തിരിക്കുന്നത് കെ.രാജഗോപലാണ്. ഇരുവരും അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഈ സിനിമയിലെ എല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് ഗുണം
ചെയ്തിട്ടുണ്ട് 

അഭിനയം: ഗുഡ്
കുറെ നാളുകള്‍ക്കു ശേഷം ജയറാമിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് അജയചന്ദ്രന്‍ നായര്‍. മനോഹരമായ അഭിനയത്തിലൂടെ അജയചന്ദ്രന്‍ നായരെ അവതരിപ്പിക്കാന്‍ മലയാളാ സിനിമയില്‍ താന്‍ തന്നെയാണ് ഏറ്റവും നല്ലത് എന്ന് തെളിയിച്ചിരിക്കുകയാണ് ജയറാം. ജയറാമിനെ കൂടാതെ സംവൃത സുനില്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, ജയരാജ് വാരിയര്‍, ശശി കലിംഗ, അനു ഇമ്മാനുവല്‍, ഭാമ, മീര നന്ദന്‍, ജയ മേനോന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. എല്ലാ അഭിനേതാക്കളും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.
     
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കമലിന്റെ സംവിധാനം
2. ജയറാമിന്റെ അഭിനയം
3. റഫീക്ക് അഹമ്മദ്‌ - എം.ജയചന്ദ്രന്‍ ഒരുക്കിയ പാട്ടുകള്‍
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാകുന്ന കഥയും, ക്ലൈമാക്സും
2. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍


സ്വപ്നസഞ്ചാരി റിവ്യൂ: കഥയിലോ അവതരണത്തിലോ പ്രത്യേകിച്ച് പുതുമകളൊന്നുമില്ലെങ്കിലും, ശരാശരി ജീവിതം നയിക്കുന്ന ഒരു മലയാളിയുടെ വേഷത്തില്‍ ജയറാമിനെ കാണാന്‍ ആഗ്രഹമുള്ള പ്രേക്ഷകര്‍ക്കും, കുടുംബ കഥകള്‍ സിനിമയാക്കിയാല്‍ ഇഷ്ടമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന രീതിയിലുള്ള സിനിമയുണ്ടാക്കാന്‍ കമലിനും കൂട്ടര്‍ക്കും സാധിച്ചു.

സ്വപ്നസഞ്ചാരി റേറ്റിംഗ്: 5.80 / 10
കഥ - തിരക്കഥ: 5 / 10 [ആവറേജ് ]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [
എബവ് ആവറേജ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 17.5 / 30 [5.80 / 10]


സംവിധാനം: കമല്‍
നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവല്‍
ബാനര്‍: ട്രൂ ലൈന്‍ സിനിമ
കഥ, തിരക്കഥ, സംഭാഷണം: കെ.ഗിരീഷ്‌ കുമാര്‍
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം: കെ.രാജഗോപാല്‍
വരികള്‍:: റഫീക്ക് അഹമ്മദ്‌
സംഗീതം:എം.ജയചന്ദ്രന്‍ 

1 comment:

  1. A decent movie from kamal. But not up to the level of krishnagudyil oru pranayakalathu...Good review niroopanam!

    ReplyDelete