26 Nov 2010

കോളേജ് ഡേയ്സ്

 

മെഡിക്കല്‍ കോളേജിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് കോളേജ് ഡെയ്സ്. സിനിമയിലുടനീളം സസ്പെന്‍സ് നിറഞ്ഞ വഴികളുടെയാണ് കഥ സഞ്ചരിക്കുന്നത്. മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ന്‍റെ മുകളില്‍ നിന്നും ആതിര എന്ന പെണ്‍കുട്ടിയെ തള്ളി താഴെയിട്ടു കൊലപെടുതുന്നതോടെയാണ് ഈ കഥ തുടങ്ങുന്നത്. കോളേജിലെ പണച്ചാക്കുകളുടെ മക്കള്‍ സതിഷ്, ജോ, ആനന്ദ്, രാഖി, അനു എന്നിവരടങ്ങുന്ന സീനിയര്‍ കുട്ടികളാണ് ആതിരയെ കൊലപെടുതുന്നത്. പണം കൊണ്ടും, സ്വാധീനം കൊണ്ടും അവര്‍ ആ കൊലപാതകം ഒരു ആത്മഹത്യയാക്കി മാറ്റുന്നു. വീണ്ടും അവര്‍ കോളേജില്‍ ഒന്നുമറിയാത്ത പോലെ പടിക്കാനെത്തുന്നു. പക്ഷെ, അവിടെ.. അവരെ തേടി രോഹിത് മേനോന്‍ വരുന്നു. രോഹിത് മേനോനുമായി അന്ജംഗ സംഗം വഴക്കാവുന്നു...അതോടെ കടുത്ത ശത്രുതയും... ആ ശത്രുത വളര്‍ന്നു രോഹിത് മേനോന്‍റെ കൊലപാതകതിലെത്തുന്നു. പക്ഷെ, രോഹിത് മരിച്ചതായി യാതൊരു തെളുവുമില്ലതാനും. രോഹിത് മേനോന്‍ ആരാണ്?, അയാള്‍ക്ക് എന്ത് സംഭവിച്ചു? ഇതു അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥാനാണ് സുദീപ് ഹരിഹരന്‍. സുദീപ് ഹരിഹരന്‍ രോഹിത് മേനോന് എന്ത് സംഭവിച്ചു എന്നും, അന്ജംഗ സംഗത്തിനെ പിടികൂടുമോ എന്നതുമാണ്‌ കോളേജ് ഡെയ്സ് സിനിമയുടെ സസ്പെന്‍സ്.

രോഹിത് മേനോനായി ഇന്ദ്രജിത്തും, സുദീപ് ഹരിഹരനായി ബിജുമേനോനും, അന്ജംഗ സംഗം സതീഷായി റയാന്‍, ആനന്ദ് ആയി സജിത്ത് രാജ്, ജോ ആയി ഗോവിന്ദ് പദ്മസുരിയ, അനുവായി സന്ധ്യ, രാഖിയായി ധന്യ മേരി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ജഗതി ശ്രീകുമാര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അപ്പഹാജ, അബു സലിം, ദിനേശ് പണിക്കര്‍, ജോസ്, ഭാമ, ഗീത വിജയന്‍, റോസ്‌ലിന്‍ എന്നിവയും അഭിനയിച്ചിട്ടുണ്ട്.

ചന്ദ്രകാന്തം സിനിമയുടെ ബാനറില്‍ സീന സാദത് നിര്‍മിച്ചു നവാഗതനായ ജി.എന്‍. കൃഷ്ണ കുമാറാണ് കോളേജ് ഡെയ്സ് സംവിധാനം ചെയ്തത്. കൃഷ്ണകുമാര്‍ തന്നെയാണ് ഇതിന്‍റെ കഥയും, തിരക്കഥയും എഴുതിയിരിക്കുന്നത്. ഒരു പുതുമുഖ സംവിധായകനെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലാണ് കൃഷ്ണകുമാര്‍ സിനിമയെ സമീപിച്ചിരിക്കുന്നത്. സുജിത് വാസുദേവിന്‍റെ ചായാഗ്രഹണം, ബാബു രത്നത്തിന്‍റെ ചിത്രസന്നിവേശം, റോണി റാഫേല്‍ സംഗീത സംവിധാനം ചെയ്ത "വെണ്ണിലാവിന്‍" എന്ന് തുടങ്ങുന്ന ഗാനം, പശ്ചാത്തല സംഗീതം എന്നിവയെല്ലാം കോളേജ് ഡെയ്സ് എന്ന സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിച്ച ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. അതില്‍ പ്രശംസ അര്‍ഹിക്കുന്ന രീതിയിലാണ് റയാന്‍, ഇന്ദ്രജിത്ത്, ബിജു മേനോന്‍, സന്ധ്യ എന്നിവരുടെ അഭിനയം.

കഥയിലും തിരക്കഥ രചനയിലും കുറേക്കൂടി ശ്രദ്ധ കാണിചിരുന്നുവെങ്കില്‍, ഈ സിനിമ മികച്ചതാക്കാമായിരുന്നു. മലയാളത്തില്‍ ഇതിനുമുമ്പ് പല പ്രാവശ്യം വന്ന കഥ തന്നെയാണ് ഈ സിനിമയ്ക്കുമുള്ളത്. എങ്കിലും, നല്ല സംവിധാന ശൈലിയുണ്ടായിരുനെങ്കില്‍ പുതിയ ഒരവതരണ രീതികൊണ്ട് ഈ സിനിമയെ നന്നാക്കാമായിരുന്നു. പക്ഷെ, അതിലും വിജയിക്കാന്‍ കഴിഞ്ഞില്ല കൃഷ്ണകുമാര്‍ എന്ന സംവിധായകന്. എങ്ങനെയെക്കയോ മുമ്പോട്ടു പോകുന്ന കഥ, മെഡിക്കല്‍ കോളേജ് ആണെന്ന് തോന്നാത്ത വിധമാണ് കോളേജ് പശ്ചാത്തലം, ആര്‍ക്കും ആരെയും കൊല്ലാം, വകവരുതാം..ആരും ചോദിക്കാനില്ല...ഇതെല്ലാം ഒരു 10 കൊല്ലം മുംബായിരുന്നുവെങ്കില്‍ സമ്മതിക്കാം..പക്ഷെ, എന്നെത്തെ കാലത്ത് എങ്ങനെയൊക്കെ സംഭവിക്കുമോ എന്നതിന് ഉത്തരമില്ല. സിനിമ കാണുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രീതിയിലുള്ള തിരക്കഥയാണ് ഈ സിനിമയുടെ പ്രശ്നം. സസ്പെന്‍സ് ത്രില്ലര്‍ എന്ന അവകാശവാധതോടെ ഇറങ്ങിയ കോളേജ് ഡെയ്സില്‍ ത്രില്ലിംഗ് രംഗങ്ങള്‍ ഉണ്ടെങ്കിലും...സസ്പെന്‍സ് കഥയുടെ പകുതിയാകുമ്പോള്‍ തന്നെ ഊഹിക്കാവുന്നതെയുള്ളു.

കുറെക്കൂടെ പക്വത ഉള്ള കഥയും തിരക്കഥയും ഉണ്ടായിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ഇഷ്ടമായേനെ. നല്ല ടെക്ക്‌നിഷിയന്‍സ് ഉണ്ടായിട്ടും, നല്ല അഭിനയതക്കാളുണ്ടായിട്ടും, അതൊന്നും പൂര്‍ണ്ണമായി ഉപയോഗപെടുത്തന്‍ സാധിച്ചില്ല. പ്രത്യേകിച്ചു കഥയും തിരക്കഥയും ഒന്നും വേണ്ടാത്തവര്‍ക്ക്...വെറുതെ 2 1/2 മണിക്കൂര്‍ ത്രില്ലിംഗ് രംഗങ്ങള്‍ മാത്രം കാണണമെങ്കില്‍ കോളേജ് ഡെയ്സ് കാണാം. അല്ലാത്തവര്‍...ഒഴിവാക്കുന്നതായിരിക്കും ഭേദം. 

കോളേജ് ഡെയ്സ് റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5]

കഥ, തിരക്കഥ, സംവിധാനം: ജി. എന്‍. കൃഷ്ണകുമാര്‍
നിര്‍മ്മാണം: സീന സാദത്
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ബാബു രത്നം
സംഗീതം: റോണി റാഫേല്‍

No comments:

Post a Comment