2 Feb 2014

ലണ്ടന്‍ ബ്രിഡ്ജ് - കേട്ടുപഴകിയൊരു ത്രികോണ പ്രണയകഥയും നിരാശപെടുത്തുന്ന അവതരണവും! 3.90/10


ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതിഷ് ബി.സതിഷും ആന്റണി ബിനോയിയും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ് ലണ്ടന്‍ ബ്രിഡ്ജ്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ആക്ഷന്‍ പശ്ചാത്തലമുള്ള സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള അനില്‍ സി. മേനോനാണ് ഈ സിനിമയുടെ സംവിധായാകന്‍. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആന്ധ്രിയ ജെര്‍മിയയും, പുതുമുഖം നന്ദിതയും നായികമാരാകുന്നു. ഇവരെ കൂടാതെ മുകേഷ്, പ്രതാപ് പോത്തന്‍, സുനില്‍ സുഖദ, ലെന, പ്രേം പ്രകാശ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജിത്തു ദാമോദര്‍ ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, രാഹുല്‍ രാജ്, ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 

ലണ്ടനിലെ വ്യവസായ പ്രമുഖനായ സി.എസ്. നമ്പ്യാര്‍ തന്റെ മകള്‍ പവിത്രയ്ക്കായി കണ്ടെത്തുന്ന വരാനാണ് വിജയ്‌ ദാസ്‌ എന്ന മിടുക്കനായ വ്യവസായി. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന വിജയ്‌ ദാസ് ഈ വാര്‍ത്ത‍ അറിഞ്ഞതുമുതല്‍ പവിത്രയെ പ്രണയിക്കുവാനും അവളുടെ ഇഷ്ടം പിടിച്ചുപറ്റുവാനും ശ്രമിക്കുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തു സമയം ചിലവഴിക്കുന്ന പവിത്ര തന്റെ പ്രതിശ്രുത വരാനായ വിജയ്‌ ദാസിനെ കൂടുതല്‍ പരിച്ചയപെടുവാനായി അയാളുടെ കൂടെ സമയം ചിലവഴിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി മെറിന്‍ എന്ന പെണ്‍കുട്ടി വിജയ്‌ ദാസിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. അതോടെ, പവിത്രയുടെയും മെറിറിന്റെയും ഇടയില്‍പെട്ട് വിജയ്‌ ദാസ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ചെന്നുപെടുന്നു. വിജയിയുടെയും പവിത്രയുടെയും മെറിന്റെയും ത്രികോണ പ്രണയകഥയാണ് ലണ്ടന്‍ ബ്രിഡ്ജ് എന്ന സിനിമ. വിജയ്‌ ദാസായി പ്രിഥ്വിരാജും, മെറിനായി നന്ദിതയും, പവിത്രയായി ആന്ധ്രിയയും, നമ്പ്യാരായി പ്രതാപ്‌ പോത്തനും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
മാസ്റ്റേഴ്സ് എന്ന വ്യത്യസ്ത സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് ശേഷം ജിനു എബ്രഹാം തിരക്കഥയെഴുതിയ സിനിമയായ ലണ്ടന്‍ ബ്രിഡ്ജ് ഒരു പ്രണയകഥയാണ്. മൂന്ന് വ്യക്തികളുടെ പ്രണയമാണ് ഈ സിനിമയിലെ നായക കഥാപാത്രമായ വിജയ്‌ ദാസിന്റെ യാത്രവിവരണത്തിലൂടെ പ്രേക്ഷകരോട് കഥാകൃത്ത് പറയുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ കണ്ടുമടുത്തതും കേട്ടുപഴകിയതുമായ പ്രമേയമാണ് ത്രികോണ പ്രണയകഥകള്‍. അത് മനസ്സിലാകാതെ പോയതാണ് ജിനു അബ്രഹാമിന് പറ്റിയ പിഴവും. വിജയ്‌ ദാസ് മെറിനെ കണ്ടുമുട്ടുന്ന രംഗങ്ങള്‍ ഒഴികെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു രംഗം പോലും ഈ സിനിമയിലില്ല. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളും, കേട്ടുപഴകിയ സംഭാഷണങ്ങളും പ്രിഥ്വിരാജിന്റെ ആരാധകരെ പോലും ബോറടിപ്പിക്കുന്നവയാണ്. ഈ   പ്രണയകഥയില്‍ വിജയ്‌ ദാസും നന്ദിതയും തമ്മില്‍ പ്രണയിക്കുന്ന ഒരൊറ്റ രംഗം പോലുമില്ല എന്നതാണ് പ്രേക്ഷകരെ നിരാശരാക്കുന്നത്. മാസ്റ്റേഴ്സ് എന്ന സിനിമയിലൂടെ ഒറ്റെറെ പ്രതീക്ഷകള്‍ നല്‍കിയ ജിനു എബ്രഹാമിന്റെ നിരാശപെടുത്തുന്ന ഈ പ്രകടനത്തില്‍ നിന്നും തിരിച്ചുവരുമെന്ന് കരുതാം.

സംവിധാനം: ബിലോ ആവറേജ്
മത്സരം, ബെന്‍ ജോണ്‍സണ്‍, രാഷ്ട്രം, കളക്റ്റര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അനില്‍ സി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് അദ്ദേഹത്തിന്‍റെ മുന്‍കാല സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമാണ്. ആക്ഷന്‍ പശ്ചാത്തലത്തില്‍ വേഗതയോടെ കഥപറയുന്ന രീതിയാണ് ആദ്യ നാല് സിനിമകള്‍ കണ്ടെതെങ്കില്‍, ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയാണ് ഈ പ്രണയകഥയ്ക്ക്‌  വേണ്ടി സംവിധായകന്‍ തിരഞ്ഞെടുത്തത്. സിനിമയുടെ ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ കൃത്രിമത്വം തോന്നിപ്പിക്കുന്ന രീതിയിലാണ് അനില്‍ സി. മേനോന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നല്ല പ്രണയ മുഹൂര്‍ത്തങ്ങളോ, നല്ല പ്രണയ ഗാനങ്ങളോ, ലണ്ടനിലെ മനോഹരമായ കാഴ്ചകളോ ഒന്നും തന്നെ ഈ സിനിമയിലില്ല. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നവരെ പൂര്‍ണമായി ഉപയോഗിക്കുവാനോ, പ്രിഥ്വിരാജ്, പ്രതാപ് പോത്തന്‍, മുകേഷ് തുടങ്ങിയവരെ വേഷം കെട്ടിച്ചു കൊണ്ടുനിര്‍ത്തി എന്നല്ലാതെ അഭിനയിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല സംവിധായകന്‍.

സാങ്കേതികം: ആവറേജ്
ലണ്ടനിലെ സമ്പന്നമായ കാഴ്ചകള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത് ജിത്തു ദാമോദറാണ്. കളര്‍ഫുള്‍ വിഷ്വല്‍സും ലണ്ടനിലെ കാണാകാഴ്ചകളും പ്രതീക്ഷിച്ചു തിയറ്ററില്‍ എത്തിയ ഭൂരിഭാഗം പ്രേക്ഷകരും നിരാശരായി മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ടെലിവിഷന്‍ സീരിയലുകള്‍ ചിത്രീകരിക്കുന്ന ലാഘവത്തോടെയാണ്. 2 മണിക്കൂറിനുള്ളില്‍ അവസാനിക്കെണ്ടിയിരുന്ന ഒരു കഥയെ രണ്ടര മണിക്കൂര്‍ വലിച്ചുനീട്ടിയത് ചിത്രസന്നിവേശകനായ പ്രവീണ്‍ പ്രഭാകര്‍ ഉറങ്ങിപ്പോയതിനാലാണോ എന്നറിയില്ല. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്ക്കിയത് രാഹുല്‍ രാജും ശ്രീവത്സന്‍ ജെ മേനോനും ചേര്‍ന്നാണ്. കേള്‍ക്കാന്‍ ഇമ്പമുള്ള ഒരൊറ്റ പാട്ടുപോലും ഈ പ്രണയകഥയിലില്ല എന്നത് തീര്‍ത്തും നിരാശപെടുത്തുന്ന കാര്യം തന്നെ. ചിലയിടങ്ങളില്‍ മാത്രം കേള്‍വിക്ക് സുഖപ്രദമായിരുന്നു ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം. എം. ബാവയുടെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും സിനിമയോടു ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു.

അഭിനയം: എബവ് ആവറേജ്
അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പോലീസ്, മെമ്മറീസ് എന്നീ സിനിമകളിലെ മികച്ച വേഷങ്ങള്‍ക്ക് ശേഷം പ്രിഥ്വിരാജിന് ലഭിച്ച മോശമല്ലാത്തൊരു കഥാപാത്രമാണ് ഈ സിനിമയിലെ വ്യവസായി വിജയ്‌ ദാസ്. രണ്ടു പെണ്‍കുട്ടികളോട് തോന്നുന്ന പ്രണയത്തിനു മുമ്പില്‍ പെട്ടുപോകുന്ന വിജയ്‌ ദാസിനെ മോശമാക്കാതെ പ്രിഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്. നായിക കഥാപാത്രമായ മെറിനെ അവതരിപ്പിച്ച പുതുമുഖം നന്ദിത പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. സംഭാഷണങ്ങള്‍ തെറ്റാതെ പറഞ്ഞു എന്നല്ലാതെ ആന്ധ്രിയയും കഥാപാത്രത്തോട് നീതി പുലര്‍ത്തിയില്ല. മുകേഷും പ്രതാപ് പോത്തനും ലെനയും സുനില്‍ സുഖദയും പ്രേം പ്രകാശും അവരവരുടെ കഥാപാത്രങ്ങള്‍ നന്നായി അവതരിപ്പിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രിഥ്വിരാജ് 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാപാത്രങ്ങളും
2. സംവിധാനം
3. പാട്ടുകള്‍ 

ലണ്ടന്‍ ബ്രിഡ്ജ് റിവ്യൂ: കണ്ടുമടുത്തതും കേട്ടുപഴകിയതുമായ ത്രികോണ കഥയും, പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും, പരിതാപകരമായ സംവിധാനവും ഒത്തുചേര്‍ന്ന ലണ്ടന്‍ ബ്രിഡ്ജ് പ്രിഥ്വിരാജിന്റെ ആരാധകരെ പോലും നിരാശപെടുത്തുന്നു. 

ലണ്ടന്‍ ബ്രിഡ്ജ് റേറ്റിംഗ്: 3.90/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 11.5/30 [3.90/10]

സംവിധാനം: അനില്‍ സി മേനോന്‍
നിര്‍മ്മാണം: സതിഷ് ബി സതിഷ്, ആന്റണി ബിനോയ്‌
രചന: ജിനു എബ്രഹാം
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ശ്രീവത്സന്‍ ജെ. മേനോന്‍, രാഹുല്‍ രാജ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ബാവ
മേക്കപ്പ്: റോഷന്‍ എന്‍.ജി.
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

2 comments:

  1. Publicity design is an outfit of a movie. Nobody wants to criticize about it. Why..???

    ReplyDelete