7 Oct 2011

ഇന്ത്യന്‍ റുപ്പി

ഉറുമിയ്ക്ക് ശേഷം ആഗസ്റ്റ്‌ സിനിമയ്ക്ക് വേണ്ടി പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ നിര്‍മ്മിച്ച്‌, പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ഇന്ത്യന്‍ റുപ്പി. ജയപ്രകാശ് എന്ന സ്ഥല കച്ചവടക്കാരന്റെ വേഷത്തിലാണ് പ്രിഥ്വിരാജ് ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തിലകനാണ്. മലയാള സിനിമയിലെ മികച്ച അഭിനേതാവായ തിലകന് അച്ചുത മേനോന്‍ എന്ന ശക്തമായ കഥാപാത്രം നല്‍കി സിനിമയിലേക്ക് തിരിച്ചുകൊണ്ടു വന്ന സംവിധായകന്‍ രഞ്ജിത്ത് അഭിനന്ദനം അര്‍ഹിക്കുന്നു. രഞ്ജിത്ത് തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം സ്ഥല കച്ചവടവും, അതുമായി ബന്ധപെട്ടു കിടക്കുന്ന പണമിടപാടുകളുമാണ്. പണമുണ്ടാക്കാന്‍ വേണ്ടി കഷ്ടപെടുന്ന ജയപ്രകാശ് എന്ന ചെറുപ്പകാരന്റെ ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സ്ഥല കച്ചവടവും, റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും, കുഴല്‍ പണവുമെല്ലാം ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നുണ്ട്. എസ്.കുമാറാണ് ചായാഗ്രഹണം.

കോഴിക്കോട് നഗരത്തിലെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാട് നടത്തുന്ന രായിന്‍ [മാമുക്കോയ], ജോയ് [ബിജു പപ്പന്‍] എന്നിവരുടെ കൂട്ടത്തില്‍ കൂടി സ്ഥല കച്ചവടം നടത്തി ചെറിയ ലാഭങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നവരാണ് ജെ.പി. എന്ന ജയപ്രകാശും[പ്രിഥ്വിരാജ്], ഹമീദും[ടിനി ടോം]. സ്ഥല കച്ചവടത്തില്‍ വലിയ ലാഭങ്ങള്‍ ഉണ്ടാക്കുമ്പോള്‍ രായിന്‍-ജോയ് എന്നിവര്‍ ജെ.പി യെയും, ഹമീദിനെയും ഒഴിവാക്കുന്നതിന്റെ അമര്‍ഷം അവര്‍ക്ക് രായിനോടും, ജോയിയോടും ഉണ്ട്. പക്ഷെ, വേറൊരു വരുമാന മാര്‍ഗമില്ലത്തതിനാല്‍ അവര്‍ അത് സഹിച്ചു ജീവിക്കുന്നു. ഒരിക്കല്‍, ജെ.പി യെ തേടി അച്ചുത മേനോന്‍[തിലകന്‍] അയാളുടെ സ്ഥലം കച്ചവടമാക്കാന്‍ വരുന്നു. അങ്ങനെ, സ്വതന്ത്രരായി സ്ഥല കച്ചവടം നടത്താന്‍ ആഗ്രഹിക്കുന്ന ജെ.പിയും, ഹമീദും  സന്തോഷിക്കുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ കച്ചവടം മുടങ്ങിപോവുകയും അച്ചുത മേനോനെ മകന്‍ വീട്ടില്‍ നിന്നും ഇറക്കിവിടകയും ചെയ്യുന്നു. പെരുവഴിയിലായ അച്ചുത മേനോനെ ജെ.പി അയാളുടെ കൂടെ കൂട്ടുന്നു. അങ്ങനെയിരിക്കെ, ഗോള്‍ഡ്‌ പാപ്പന്‍ [ജഗതി ശ്രീകുമാര്‍] എന്ന പണക്കാരന്റെ സ്ഥലവും, ഷോപ്പിംഗ്‌ മാളും കച്ചവടമാക്കാനുള്ള അവസരം ജെ.പി യെ തേടി വരുന്നു. അച്ചുത മേനോന്റെ ബുദ്ധിയും, ജെ.പി യുടെ കഴിവും ഉപയോഗിച്ച് അവര്‍ ആ അവസരം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ.

കഥ-തിരക്കഥ: വെരി ഗുഡ്
മികവുറ്റ സിനിമകളുടെ അടിസ്ഥാനം ആ സിനിമയുടെ തിരക്കഥ തന്നെയാണ് എന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിത്ത്. മംഗലശ്ശേരി നീലകണ്ട്നെയും, ബാലമണിയും, പ്രാഞ്ചിയെട്ടനെയും സൃഷ്ട്ടിച്ച രചയ്താവില്‍ നിന്നും രൂപപെട്ട മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ് ജയപ്രകാശും, അച്ചുത മേനോനും. കാലിക പ്രസക്തിയുള്ള കഥയാണ് രഞ്ജിത്ത് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. ആ കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ എച്ചുകെട്ടലുകളിലാതെ, സത്യസന്ദമായ രീതിയിലാണ് രഞ്ജിത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും, കഥാസന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും, കഥാപാത്ര രൂപികരണവും എല്ലാം ഇന്ത്യന്‍ റുപ്പി എന്ന സിനിമയെ രഞ്ജിത്തിന്റെ തന്നെ മികച്ച സൃഷ്ടികളില്‍ ഒന്നാക്കിമാറ്റുന്നു. ഈ സിനിമയില്‍ തിലകന്‍ അവതരിപ്പിക്കുന്ന അച്ചുത മേനോന്‍ എന്ന കഥാപാത്രം സ്ത്രീധനത്തെ കുറിച്ച് പറയുന്ന സംഭാഷണവും, ഈ സിനിമയിലെ ആ രംഗവും മനോഹരമായി ചിത്രീകരിക്കാന്‍ രഞ്ജിത്തിനു സാധിച്ചിട്ടുണ്ട്. പത്മരാജനും, ഭരതനും, ലോഹിതദാസിനും ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ് രഞ്ജിത്ത് എന്നതില്‍ ഒരു സംശയവുമില്ല.


സംവിധാനം: ഗുഡ്
മലയാള സിനിമയിലെ നടീനടന്മാര്‍ക്ക് വിലക്കുകള്‍ ഏര്‍പെടുത്തുന്ന ഈ കാലഘട്ടത്തില്‍, തിലകനെ പോലുള്ള മഹാനടന്മാരെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രഞ്ജിത്ത് കാണിച്ച ധൈര്യം പ്രശംസനീയമാണ്. അതുപോലെ തന്നെ, പ്രിഥ്വിരാജിനും, ജഗതി ശ്രീകുമാറിനും, മാമുകോയയ്ക്കും, ടിനി ടോമിനും സമീപ കാലത്ത് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളാണ് ജയപ്രകാശും, ഗോള്‍ഡ്‌ പാപ്പാനും, രായിനും,
ഹമീദും. സംഭാവവിപുലമായ കഥയല്ല ഈ സിനിമയുടെതെങ്കിലും, ഒരു രംഗം പോലും ബോറാക്കാതെ ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചു. ജെ.പി യുടെ കാമുകി ബീനയുടെ [റീമ കല്ലിങ്ങല്‍] കോളേജില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ നടത്തുന്ന ഒത്തുകൂടല്‍ ചടങ്ങില്‍ ജയപ്രകാശ് ഒരു ഗാനം ആലപിക്കുനുണ്ട്. ഷഹബാസ് അമന്‍ ചിട്ടപെടുത്തിയ ഈ പാട്ട് കേള്‍ക്കാന്‍ മികച്ചതാണെങ്കിലും ഈ സിനിമയില്‍ തീരെ പ്രാധാന്യമില്ലാത്ത ഒരു രംഗമാണിത്. ഈ ചെറിയ കുറവൊഴികെ, രഞ്ജിത്ത് എന്ന സംവിധായകന്റെ മറ്റു സിനിമകള്‍ പോലെ ഇന്ത്യന്‍ റുപ്പിയും മികച്ചതാകുന്നു.

സാങ്കേതികം: എബവ് ആവറേജ്
എസ്. കുമാറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. മോശമല്ലാത്ത രീതിയില്‍ ചിത്രീകരിക്കാന്‍ കുമാറിന് സാധിച്ചു. രഞ്ജിത്ത് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകനാണ് വിജയ്‌ ശങ്കര്‍. വിജയ്‌ ശങ്കറും ഈ സിനിമയ്ക്ക് വേണ്ടി മികച്ച രീതിയില്‍ രംഗങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. മുല്ലനെഴിയും, സന്തോഷും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഷഹബാസ് അമനാണ്. പുഴയും സന്ധ്യകളും..., പോകയായി..എന്ന പാടുകള്‍ നന്നായി ചിട്ടപെടുത്തന്‍ സാധിച്ചു. പക്ഷെ, ഷഹബാസ് ഒരുക്കിയ പശ്ചാത്തല സംഗീതം അത്ര നന്നായില്ല.


അഭിനയം: വെരി ഗുഡ്
ഇന്ത്യന്‍ റുപ്പിയുടെ നായകന്‍ പ്രിഥ്വിരാജണെങ്കിലും, ഈ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. ഈ മഹാനടനെയാണോ ഇത്രയും കാലം മലയാള സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയത്? അച്ചുത മേനോനായി തിലകന്‍ അഭിനയിക്കുകയയിരുന്നില്ല, പകരം ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാവും സത്യം. അച്ചുത മേനോന്‍ എന്ന കഥാപാത്രം ഇത്ര മനോഹരമാക്കാന്‍ തനിക്കു മാത്രമേ കഴിയുകയുള്ളൂ എന്ന് തിലകന് തെളിയിച്ചിരിക്കുന്നു. അതുപോലെ തന്നെ, ഗോള്‍ഡ്‌ പപ്പനെ മികവുറ്റതാക്കി കൊണ്ട് ജഗതി ശ്രീകുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. പ്രിഥ്വിരാജ്, തിലകന്‍ , ടിനി ടോം, ജഗതി ശ്രീകുമാര്‍ , മാമുക്കോയ, ലാല് അലക്സ്‌, ബിജു പപ്പന്‍, ഷമ്മി തിലകന്‍, സാദിക്ക്, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര്‍, ബാബു നമ്പൂതിരി, ശശി കലിംഗ, ഹമീദ്, റീമ കല്ലിങ്ങല്‍, മല്ലിക, രേവതി, സീനത്, കല്പന എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അണിനിരന്നിരിക്കുന്നു ഈ സിനിമയില്‍. സിനിമയുടെ അവസാനം ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നു.

 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. രഞ്ജിത്ത് ഒരുക്കിയ തിരക്കഥയും, സംഭാഷണങ്ങളും
2. രഞ്ജിത്തിന്റെ സംവിധാനം
3. തിലകന്റെ അഭിനയം
4. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥയില്‍ പ്രാധാന്യമില്ലാത്ത ഒരു പാട്ടും, അതിന്റെ ചിത്രീകരണവും
2. പശ്ചാത്തല സംഗീതം 

ഇന്ത്യന്‍ റുപ്പി റിവ്യൂ: കാലികപ്രസക്തിയുള്ള കഥ തിരഞ്ഞെടുത്ത്, ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി, മികച്ച രീതിയില്‍ സംവിധാന ചെയ്ത്, തിലകനെ പോലുള്ള അതുല്യ നടന്മാര്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍ക്കി സമ്പന്നമാക്കിയ ഇന്ത്യന്‍ റുപ്പി, സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമ ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കുന്നു. അഭിനന്ദനങ്ങള്‍!

ഇന്ത്യന്‍ റുപ്പി റേറ്റിംഗ്: 7.30 / 10
കഥ-തിരക്കഥ: 8 / 10 [വെരി ഗുഡ്] 
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ആകെ മൊത്തം: 22 / 30 [7.3 / 10]

രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: പ്രിഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍
ബാനര്‍: ആഗസ്റ്റ്‌ സിനിമ
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍ 
വരികള്‍:മുല്ലനേഴി, വി.ആര്‍. സന്തോഷ്‌
സംഗീതം, പശ്ചാത്തല സംഗീതം : ഷഹബാസ് അമന്‍ 

5 comments:

  1. രഞ്ജിത്ത് സിനിമകളില്‍ മുന്‍പ് കണ്ടിട്ടുള്ള നിലവാരം ഈ സിനിമയില്‍ ഇല്ല
    രഞ്ജിത് പറയാന്‍ ആഗ്രഹിച്ചത് പ്രേക്ഷകനില്‍ എത്തിക്കാന്‍ അദേഹത്തിന് ഈ സിനിമയിലുടെ കഴിഞ്ഞിട്ടില്ല..
    അനാവശ്യമായ സീനുകളും ഇഴഞ്ഞുള്ള നീക്കവും മടുപ്പ് ഉണ്ടാക്കുന്നു
    'ഇവിടം സ്വര്‍ഗമാണ് ' എന്ന സിനിമയില്‍ റോഷന്‍ ആന്‍ട്രൂസ് പറഞ്ഞതും ഇതൊക്കെ തന്നെ അല്ലേ?
    രഞ്ജിത്ത് സിനിമകള്‍ നമുക്ക് സമ്മാനിച്ചിരുന്നത് വിനോദം അല്ല ..പാഠം ആണ്..
    അങ്ങനെ ഒരു പാഠം ഈ സിനിമയില്‍ ഇല്ല ..ഉണ്ടെക്കില്‍ തന്നെ അത് പ്രേക്ഷകനില്‍ എത്തിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല

    ReplyDelete
  2. സന്തോഷ്7 October 2011 at 23:40

    ‘ഇന്ത്യന്‍ റുപ്പി” രണ്‍ജിതിനും ആഗസ്റ്റ് സിനിമക്കും അഭിമാനിക്കാവുന്ന ചിത്രം. ‘തിരക്കഥ ,സംവിധാനം :രണ്‍ജിത് ‘ എന്നു കാണുമ്പോള്‍ കയ്യടിക്കുന്ന കാണികള്‍ ,അദ്ദേഹത്തിലുള്ള പ്രതീക്ഷയാണ് വിളംബരം ചെയ്തത്. കാണികളെ ,ആദ്യദൃശ്യം മുതല്‍ കഥാഗതിക്കനുസരിച്ചൊഴുകുന്ന സഹസഞ്ചാരികളാക്കാന്‍ രണ്‍ജിത്തിന് കഴിഞ്ഞീരിക്കുന്നു. ഒരേട് മറിക്കുന്ന രീതിയിലല്ല, അനര്‍ഗ്ഗളമായ ഒരു ചുരുള്‍നിവരലെന്നപോലെയാണ് ,കഥാകഥനശൈലി. തനതായ ,മറ്റ് കലാരൂപങ്ങള്‍ക്കടിയറ വയ്ക്കാത്ത ഒരു ചലച്ചിത്രശൈലി ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. നാടകീയമുഹൂര്‍ത്തങ്ങള്‍ അതിഭാവുകത്തം തൊട്ടുതീണ്ടാതെ അവതരിപ്പിച്ചിരിക്കുനു. ‘പെണ്ണുകാണല്‍ ച്ചടങ്ങ്’ എത്ര സുന്ദരവും ഹൃദ്യവും വൈകാരികവുമായി സംവിധാനം ചെയ്തിരിക്കുന്നുവെന്നത്, ഉദാഹരണം. നര്‍മ്മരസത്തിന്റെ നര്‍മ്മദാനദി ഒരന്തര്‍ധാരയായി ഉടനീളമൊഴുകുന്നു.’തിളങ്ങുന്ന ‘തിലക’ക്കുറി വീണ്ടും ,സീമന്തരേഖയില്‍ നിന്നതുതുടച്ഛുമാറ്റാന്‍ ഒരുമ്പെട്ടവര്‍ക്കൊരു താക്കീതായ് ഉജ്ജ്വലശ്ശോഭയില്‍ വിലസുന്നു. റ്റിനിടോം സ്വാധീനമുറപ്പിക്കുന്നു. കേരളത്തിന്റെ കപട മനസ്സാക്ഷി ഈ കണ്ണാടിയില്‍ സ്വയം തിരിച്ചറിയപ്പെടട്ടെ.

    ReplyDelete
  3. veru gud movie...
    renjith,prithviraj,thilakan,jagathy rocked....
    tini tom is also a gud actor,it seems

    ReplyDelete
  4. The background music is good yaar...!

    ReplyDelete
  5. the movie was an illustration of the directorial brilliance of Ranjith though have some remarks to make- i dont feel Prithvi fill the shoes of J P as much as Ranjith would have liked him to. He look totally out of sorts at some parts. But barring that, all in all a very good work

    ReplyDelete