27 Feb 2011

പയ്യന്‍സ്

ഇന്നത്തെ തലമുറയുടെ അലസതയും,ലക്ഷ്യബോധമില്ലാത്ത ജീവിതവും, മാതാപിതാക്കളോടുള്ള പെരുമാറ്റവും എല്ലാം അവര്‍ക്ക് ജീവതത്തില്‍ എന്തെല്ലാം നഷ്ടങ്ങള്‍ ഉണ്ടാകുന്നു എന്ന ആശയവുമായാണ്‌ ലിയോ തദ്ദേവൂസ് തന്റെ പുതിയ സിനിമ പയ്യന്‍സ് ഒരുക്കിയിരിക്കുന്നത്. ഈ തലമുറയുടെ പ്രധിനിധി ജോസി ജോണായി വെള്ളിത്തിരയില്‍ എത്തുന്നത് ജയസൂര്യയാണ്. ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയ്ക്ക് ശേഷം ജയസുര്യയക്ക്‌ ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് പയ്യന്സിലെ ജോസി എന്ന റേഡിയോ ജോക്കി. പരീക്ഷ ഒന്നും പാസാകാതെ അലസമായി അമ്മയുടെ തണലില്‍ ജീവിക്കുന്ന ജോസി, അയാളുടെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എല്ലാ അലസതയും മാറ്റി, നന്നായി ജീവിക്കാന്‍ ഒരുങ്ങുന്നു. ജോസി എന്തിനാണ് നന്നാകാന് തുടങ്ങുന്നത്? ഇതാണ് ഈ സിനിമയുടെ പ്രധാന കഥ. ജോസിയുടെയും അയാളുടെ അമ്മ പദ്മയുടെയും, അച്ഛന്‍ ജോണിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന കഥയാണ് പയ്യന്‍സ് എന്ന സിനിമ.

പുതുമയുള്ള കഥയും, കഥയ്ക്ക്‌ അനിയോജ്യമായ തിരക്കഥയും,സംഭാഷണങ്ങളും ഒരുക്കി, നല്ല രീതിയില്‍ സംവിധാനം ചെയ്യാനും സാധിച്ചിട്ടുണ്ട് ലിയോ തദേവൂസിനു. എസ.ജെ.രാമന്റെ ചായഗ്രഹണവും,രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതവും, അല്‍ഫോന്‍സ്‌ ജോസെഫിന്റെ പാട്ടുകളും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ...അച്ഛന്‍-മകന്‍, അമ്മ-മകന്‍ ബന്ധങ്ങളെല്ലാം ഒട്ടും അതിശയോക്തി തോന്നാത്ത രീതിയില്‍ സംവിധാനം ചെയ്യാനും, ആ രംഗങ്ങളില്‍ നന്നായി അഭിനയിക്കാനും സാധിച്ചിട്ടുണ്ട് ജയസുര്യയ്ക്കും, അച്ഛന്റെ റോളില്‍ അഭിനയിച്ച ലാലിനും, അമ്മ വേഷം ചെയ്ത രോഹിണിക്കും.അങ്ങാടി തെരു ഫെയിം അഞ്ജലിയാണ് ജയസുര്യയുടെ നായികയായി അഭിനയിക്കുന്നത്. ജയസുര്യ, ലാല്‍, രോഹിണി, അഞ്ജലി, ലാലു അലക്സ്‌, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദനന്‍, മണിയന്‍പിള്ള രാജു, കലാശാല ബാബു,ജാഫെര്‍ ഇടുക്കി, ഹരിശ്രീ മാര്‍ട്ടിന്‍ എന്നിവരാണ് പയ്യന്‍സ് സിനിമയിലെ അഭിനേതാക്കള്‍. 

ഈ സിനിമയില്‍ ആദ്യ പകുതിയിലെ അമ്മയും മകനുമുള്ള രംഗങ്ങളും, മകന്റെ പ്രണയവും, മറ്റു കുസൃതികളുമുള്ള രംഗങ്ങള്‍ കാണുമ്പോള്‍, കുറച്ചു കാലം മുമ്പ് ഇറങ്ങിയ ഒരു തമിഴ് സിനിമ ഓര്‍മ്മവരുന്നുണ്ട്. ഈ രംഗങ്ങള്‍ എന്തിനാണ് ആ തമിഴ് സിനിമയിലുള്ള പോലെ തന്നെ ചിത്രീകരിച്ചിരിക്കുന്നത് എന്ന മനസിലാകുന്നില്ല. ഇതു ഒഴിവാക്കാമായിരുന്നു. കാരണം, പ്രേക്ഷകരെല്ലാം കണ്ടു മടുത്ത രംഗങ്ങള്‍ ഒന്നുകൂടി കാണുന്നതുപോലെ ഉണ്ടായിരുന്നു. അതുപോലെ തന്നെ, ജോസിയുടെ അലസതയും, കുസൃതികളും എല്ലാം ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങള്‍ ആവശ്യമില്ലാത്ത വലിച്ചുനീട്ടി ബോറടിപ്പിച്ചു. പക്ഷെ, സിനിമയുടെ രണ്ടാം പകുതി കുറെക്കൂടെ രസകരമായിരുന്നു. അതിന്റെ കാരണം ജയസുര്യ - ലാല്‍ കോമ്പിനേഷന്‍ നന്നായി വന്നതുകൊണ്ടായിരിക്കാം.

കമ്മു വടക്കന്‍ ഫിലിംസിന് വേണ്ടി ലിയോ തദേവൂസ് രചനയും സംവിധാനവും ഒരുക്കിയ പയ്യന്‍സ് സിനിമ ശരാശരി നിലവാരം പുലര്‍ത്തിയ സിനിമയാണ്. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ സിനിമ കാണുന്നവര്‍ക്ക് ഇഷ്ടമാകുന്ന രീതിയിലുള്ള ഒരു കൊച്ചു കുടുംബ ചിത്രമാണ് പയ്യന്‍സ്! 


പയ്യന്‍സ് : ആവറേജ് [ 2.5 / 5]


സംവിധാനം: ലിയോ തദേവൂസ്
നിര്‍മ്മാണം: നൌഷാദ്, കമ്മു വടക്കന്‍
ചായാഗ്രഹണം: എസ്.ജെ.രാമന്‍
ചിത്രസംയോജനം: രഞ്ജന്‍ അബ്രഹാം
സംഗീതം: അല്‍ഫോന്‍സ്‌ ജോസഫ്‌

No comments:

Post a Comment