17 Jul 2011

ദി ഫിലിം സ്റ്റാര്‍

സാന്ദ്ര കമ്മ്യൂണിക്കെഷന്‍സ്സും ഗായത്രി മീഡിയയും ചേര്‍ന്ന് നിര്‍മ്മിച്ച്‌, സഞ്ജീവ് രാജ് സംവിധാനം ചെയ്ത സിനിമയാണ് ദി ഫിലിം സ്റ്റാര്‍ . ദിലീപും, കലാഭവന്‍ മണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ രചന നിര്‍വഹിച്ചത് എസ്. സുരേഷ് ബാബുവാണ്. ചിറ്റെടത്തുക്കര എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന നന്ദഗോപന്‍ ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നു. ആ തിരക്കഥ സിനിമയാക്കാന്‍ വേണ്ടി നന്ദഗോപന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യ കിരണിനെ സമീപിക്കുന്നു. തിരക്കഥ കേള്‍ക്കാന്‍ മടികാണിക്കുന്ന സൂര്യ കിരണും, വര്‍ഷങ്ങളായി എഴുതിയ തിരക്കഥയും കൊണ്ട് നടക്കുന്ന നന്ദഗോപനും തമ്മില്‍ വഴക്കാവുന്നു. നന്ദഗോപന്‍ ബധിരനും,വികലാംഗനുമാണെന്ന് അറിയുന്ന സൂര്യ കിരണ്‍ ആ തിരക്കഥ വായിക്കുന്നു. പക്ഷെ, അത് മുഴുവന്‍ വായിക്കുന്നതിനു മുമ്പ് നന്ദഗോപന്‍ പോകുന്നു. തിരക്കഥ ഇഷ്ടപെട്ട സൂര്യ കിരണ്‍ അത് സിനിമയാക്കാന്‍ ഒരുങ്ങുന്നു. ചിട്ടെടത്തുകര എന്ന ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ആ തിരക്കഥയിലുള്ളത്. ആ വിഷയം സിനിമയാകുന്നു എന്നറിയുമ്പോള്‍ രാഷ്ട്രീയത്തിലുള്ള ചിലരെ അസ്വസ്ഥമാക്കുന്നു. ആ അസ്വസ്ഥത വളര്‍ന്നു പകയായി നന്ദഗോപനെയും, സൂര്യ കിരണെയും വേട്ടയാടുന്നു. തുടര്‍ന്ന്, നന്ദഗോപന്റെയും, സൂര്യ കിരണെയും ജീവിതത്തിലുള്ള മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. നന്ദഗോപനായി ദിലീപും, സൂര്യകിരണായി കലാഭവന്‍ മണിയുമാണ് അഭിനയിക്കുന്നത്.

തിരക്കഥ: മോശം
ശിക്കാര്‍ എന്ന സിനിമയ്ക്ക് ശേഷം എസ്. സുരേഷ് ബാബു തിരക്കഥ നിര്‍വഹിച്ച സിനിമയാണ് ദി ഫിലിം സ്റ്റാര്‍. ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കുറെ ആളുകളെ ബാധിച്ച ഒരു വലിയ പ്രശ്നം സമൂഹത്തിനു മുമ്പില്‍ എത്തിക്കാന്‍ കഥാനായകന്‍ ആ വിഷയം സിനിമയാക്കുന്നു. ഈ വാര്‍ത്തയറിഞ്ഞ ചില രാഷ്ട്രീയ പ്രവര്‍ത്തകരും, ചില മന്ത്രിമാരും അസ്വസ്ഥരാക്കുന്നു. ആ വിഷയം സിനിമയാക്കാന്‍ ഒരുങ്ങിയ എല്ലാവരെയും ദുഷ്ട്ടന്മാര്‍ ദ്രോഹിക്കുന്നു. കഥാനായകനും കൂട്ടരും അതെല്ലാം അതിജീവിച്ചു ആ വിഷയം സമൂഹത്തിലേക്കു എത്തിക്കുന്നു. ഇങ്ങനെയൊരു കഥ സിനിമയാക്കാന്‍ ഒരുങ്ങുമ്പോള്‍ എസ്. സുരേഷ് ബാബു ആദ്യം ഓര്‍ക്കേണ്ടിയിരുന്ന കാര്യം ഈ കഥ പ്രേക്ഷകര്‍ക്ക്‌ മനസിലാകുന്ന തരത്തില്‍ ഒട്ടും അതിഭാവുകത്വം വരാതെ തിരക്കഥ രചിക്കണം എന്നതായിരുന്നു. പക്ഷെ, നേര്‍വിപരീതം എന്ന രീതിയില്‍ പ്രേക്ഷകരെ ബോറടിപ്പിക്കും വിധത്തില്‍ ഈ സിനിമയെ നശിപ്പിച്ചു ഇതിന്റെ തിരക്കഥകൃത്ത്. സമീപകാലത്തിറങ്ങിയ മോശം തിരക്കഥകളില്‍ ഒന്നാണ് ഈ സിനിമയുടെത്.

സംവിധാനം: മോശം
സംവിധാനം അറിയാത്ത ആളുകള്‍ പോലും ഇങ്ങനൊരു തിരക്കഥയെ സമീപിക്കുമ്പോള്‍ വെത്യസ്തമായ രംഗങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കും. പക്ഷെ, പ്രേക്ഷകരുടെയും, നിര്‍മ്മാതാവിന്റെയും ദൗര്‍ഭാഗ്യമെന്നു പറയട്ടെ...അതുപോലും ചെയ്യാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. ഒരു സിനിമ നടനെ കാണുമ്പോള്‍ ആരാധകര്‍ കാണിക്കുന്ന ആഹ്ലാദ പ്രകടനം ഇത്രയും മോശമായി ചിത്രീകരിച്ച വേറൊരു മലയാള സിനിമയില്ല. അതുപോലെ തന്നെ, ഒരാവശ്യമില്ലത്ത പാട്ടും സിനിമയുടെ തുടക്കത്തില്‍ കാണിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍...,അങ്ങനെ കുറെ നടന്മാര്‍ വെറുതെ വന്നു പോകുന്നു ഈ സിനിമയില്‍. അതെങ്കിലും ഒഴുവാക്കമായിരുന്നു. ഈ സിനിമയുടെ പരാജയത്തിനു പൂര്‍ണ ഉത്തരവാദി ഈ സിനിമയുടെ സംവിധായകന്‍ തന്നെ.

സാങ്കേതികം: ബിലോ ആവറേജ്
സാലൂ ജോര്‍ജ് കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് എന്ന് തോന്നും വിധത്തിലാണ് ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത്‌. അതുപോലെ തന്നെ, ഈ സിനിമയിലെ സാങ്കേതിക വശങ്ങള്‍ നിര്‍വഹിച്ച ആളുകള്‍ക്ക് പണം നല്കാതെയാണോ നിര്‍മ്മാതാവ് ഈ സിനിമ മുഴുവിപ്പിച്ചത് എന്ന് സംശയിച്ചു പോകുന്നു. കലാഭവന്‍ മണി ചില രംഗങ്ങളില്‍ കൂളിംഗ്‌ ഗ്ലാസ്‌ വെച്ചിരിക്കുന്നത് കാണുമ്പോള്‍ ഈ സിനിമയ്ക്ക് വേണ്ടി ചമയവും, വസ്ത്രാലങ്ങാരവും നിര്‍വഹിച്ച ആളുകള്‍ ഉറക്കത്തിലാണോ അവരുടെ ജോലി ചെയ്തത് എന്ന് തോന്നിപോകും.

അഭിനയം: ആവറേജ്
നന്ദഗോപനായി ദിലീപും, സൂര്യ കിരണായി കലാഭവന്‍ മണിയും തരക്കേടില്ലാത്ത അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. തലൈവാസല്‍ വിജയയും, വിജയരാഘവനും, ബാബു നമ്പൂതിരിയും, ദേവനുമൊക്കെ  അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. സുരാജിനെ കൊണ്ട് ആവശ്യമില്ലാതെ എന്തക്കയോ വളിപ്പ് പറയിപ്പിച്ചിട്ടുണ്ട് സംവിധായകന്‍.  ഈ സിനിമയില്‍ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. ദിലീപ്, കലാഭവന്‍ മണി, വിജയരാഘവന്‍, തലൈവാസല്‍ വിജയ്‌, ബാബു നമ്പൂതിരി, ദേവന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, ബാബുരാജ്‌, സാദിക്ക്, ശിവജി ഗുരുവായൂര്‍, രാമചന്ദ്രന്‍, നാരായണന്‍കുട്ടി, അശോകന്‍, കൃഷ്ണപ്രസാദ്, മുകുന്ദന്‍, മുക്ത, രംഭ, വത്സല മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. ദിലീപ് - കലാഭവന്‍ മണി കൂട്ടുകെട്ട് 

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, തിരക്കഥ
2. സംവിധാനം 
3. ചായാഗ്രഹണം

ദി ഫിലിം സ്റ്റാര്‍ റിവ്യൂ: നിലവാരമില്ലാത്ത തിരക്കഥയെ പരിതാപകരമായ രീതിയില്‍ സംവിധാനം ചെയ്തു നശിപ്പിച്ച സിനിമയാണ് ദി ഫിലിം സ്റ്റാര്‍ . ഒരു തരത്തിലും പ്രേക്ഷകരെ രസിപ്പിക്കാത്ത, ചിരിപ്പിക്കാത്ത, ചിന്തിപ്പിക്കാത്ത ഒരു സിനിമ.

ദി ഫിലിം സ്റ്റാര്‍ റേറ്റിംഗ്: മോശം സിനിമ [ 1 / 5 ]

സംവിധാനം: സഞ്ജീവ് രാജ്
നിര്‍മ്മാണം: അജ്മല്‍ ഹസ്സന്‍, കെ. സി. ഹനീഫ്
രചന: എസ്. സുരേഷ് ബാബു
ചായാഗ്രഹണം: സാലൂ ജോര്‍ജ്
ചിത്രസംയോജനം: പി.സി.മോഹന്‍
സംഗീതം: ബെന്നി ജോണ്‍സന്‍, വിജയന്‍ പൂഞ്ഞാര്‍

2 comments:

  1. Good Review. As you said, director spoiled the movie. I felt like jumping from balcony after seeing this one - by James

    ReplyDelete
  2. The following is to link to a feature length malayalam movie made in ireland on a zero budget. Is there any chance you can promote it online if you find it worthy.

    https://www.youtube.com/watch?v=UAwDFwt4tYo

    ReplyDelete