9 Jul 2011

ത്രീ കിങ്ങ്സ്

ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് കൃഷ്ണപുരം രാജ കൊട്ടാരത്തില്‍  നിന്നും ദേവിയുടെ സ്വര്‍ണ വിഗ്രഹം മോഷണം പോകുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണപുരം കൊട്ടാരത്തിലെ പിന്‍തലമുറക്കാരായ സഹോദരങ്ങളുടെ മക്കള്‍ ആ വിഗ്രഹം അന്വേഷിച്ചു കണ്ടുപിടിക്കുന്നു. മേല്പറഞ്ഞ കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഈ സിനിമ കാണാത്ത ആളുകള്‍ വിചാരിക്കും ഈ സിനിമ വടക്കന്‍ വീരഗാഥയോ, ഉറുമിയോ പോലെ ഒരു ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയാണെന്ന്. എന്നാല്‍, ത്രീ കിങ്ങ്സ് എന്ന സിനിമ തികച്ചും വെത്യസ്ത പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു മുഴുനീള ഹാസ്യചിത്രമാണ്. 

പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന വി.കെ.പ്രകാശ്‌ എന്ന സംവിധായകന്റെ 11-മത് സിനിമയാണ് ത്രീ കിങ്ങ്സ്. ഈ സിനിമയില്‍ , സഹോദരങ്ങളുടെ മക്കളായ മൂന്ന് യുവ രാജാക്കന്മാരായി രാമനുണ്ണി രാജാ [കുഞ്ചാക്കോ ബോബന്‍], ഭാസ്കരനനുണ്ണി രാജാ [ഇന്ദ്രജിത്ത്], ശങ്കരനുണ്ണി രാജാ  [ജയസുര്യ] എന്നിവരാണ് നഷ്ടപെട്ടുപോയ വിഗ്രഹത്തിനു വേണ്ടി മത്സരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ മൂവരും കടുത്ത പാരവെപ്പുമായി അങ്ങോട്ടുമിങ്ങോട്ടും വഴക്കടിക്കുന്നു. അതിനോടപ്പം, മൂവരും സ്നേഹിക്കുന്ന പെണ്‍കുട്ടികളുടെ മുമ്പില്‍ ഓരോരുത്തരും പല വീരവാദങ്ങള്‍ പറഞ്ഞു നടക്കുന്നു. പണക്കാരനായ ഒരു ബിസിനെസ്സുകാരന്റെ[ജഗതി ശ്രീകുമാര്‍] മക്കള്‍ രഞ്ജു [ആന്‍ അഗസ്റ്റിന്‍], മഞ്ജു[കാതല്‍ സന്ധ്യ], അഞ്ചു[സംവൃത സുനില്‍] എന്നിവരെയാണ് ബദ്ധ ശത്രുക്കളായ ഇവര്‍ മൂവരും [റാം, ഭാസി, ശങ്കര്‍] യഥാക്രമം സ്നേഹിക്കുന്നത്. അങ്ങനെയിരിക്കെയാണ്, മൂവരും സ്വര്‍ണ വിഗ്രഹം ഇരിക്കുന്ന സ്ഥലം അറിയുന്നതും, അത് തേടി കണ്ടുപിടിക്കുവാന്‍ വേണ്ടി കാമുകിമാരോടോത്തു യാത്രതിരിക്കുന്നതും.തുടര്‍ന്ന് മൂവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ത്രീ കിങ്ങ്സ് എന്ന സിനിമയുടെ കഥ.

തിരക്കഥ: ആവറേജ്
ഗുലുമാല്‍ എന്ന സിനിമയുടെ തിരക്കഥ രചയ്താവ് വൈ.വീ.രാജേഷ്‌ ആണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയത്. ബാലരമയില്‍ വരുന്ന കഥകള്‍ പോലെ വിചിത്രമായ ഒന്നാണ് ഈ സിനിമയുടെ കഥ. എന്ത് കാരണം കൊണ്ടാണ് ഇങ്ങനൊരു കഥ രാജേഷും പ്രകാശും ചേര്‍ന്ന് തിരഞ്ഞെടുത്തത് എന്ന മനസിലാകുന്നില്ല. മോശം കഥയാണെങ്കിലും, തരക്കേടില്ലാത്ത തിരക്കഥ രൂപപെടുത്തിയെടുക്കാന്‍ രാജേഷിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയില്‍ ഏറെക്കുറെ നന്നായിത്തന്നെ വന്നിട്ടുണ്ട് പല തമാശ രംഗങ്ങളും. മൂവരും തമ്മിലുള്ള പാരവെപ്പും, മോഷ്ട്ടിക്കാനായി ജഗതിയുടെ വീട്ടില്‍ കയറുന്ന രംഗങ്ങളെല്ലാം ചിരിയുണര്‍ത്തുന്നവയായിരുന്നു. ശ്രീ ശാന്തിനെയും, പ്രിഥ്വിരാജിനെയും, സുര്യയെയും, സീരിയല്‍ നടന്മാരെയും, സില്‍സില ഹരി ശങ്കറെയും ഒക്കെ കളിയാക്കിയതും നന്നായി. പക്ഷെ, സിനിമയുടെ രണ്ടാം പകുതിയില്‍ മൂവരും, കാമുകിമാരും വിഗ്രഹം അന്വേഷിചിറങ്ങുന്ന രംഗങ്ങള്‍ വളരെ മോശമായാണ് രാജേഷ്‌ എഴുതിയിരിക്കുന്നത്. ഒരു തമാശപോലും നന്നായില്ല എന്നുമാത്രമല്ല, അതുവരെ സിനിമയില്‍ കണ്ട തമാശകള്‍ പോലും മോശമായി തോന്നി. കുറെക്കൂടെ ശ്രദ്ധിച്ചു തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച മുഴുനീള ഹാസ്യ സിനിമകളുടെ ഗണത്തില്‍ പെടുത്തമായിരുന്നു. 

സംവിധാനം: ബിലോ ആവറേജ്
ഗുലുമാലിനു ശേഷം വീ.കെ.പ്രകാശ്‌ മലയാളത്തില്‍ സംവിധാനം ചെയുന്ന സിനിമയാണ് ത്രീ കിങ്ങ്സ്. ഒരു മുഴുനീള ഹാസ്യ സിനിമ എന്ന രീതിയിലാണ് ഈ സിനിമയെ അദ്ദേഹം സമീപിചിരിക്കുന്നതെങ്കിലും, 10 ലേറെ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനില്‍ നിന്നും കുറെക്കൂടെ പക്വതയാര്‍ന്ന സംവിധാന രീതിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. സിനിമയില്‍ പല രംഗങ്ങള്‍ കാണുമ്പോഴും, സംവിധായകന്‍ എന്നയാള്‍ ഉറങ്ങിപ്പോയോ എന്ന് തോന്നിപോകും. ഇതിലെ നടീനടന്മാരുടെ അഭിനയംപോലും ശ്രദ്ധിക്കാതെ വെറുതെ ഇരിക്കുകയായിരുന്നു എന്ന് തോന്നുന്നു വീ.കെ.പ്രകാശ്‌. തമാശ നല്ലവണ്ണം കൈകാര്യം ചെയുന്ന ഇന്ദ്രജിത്തിനെയും, ജയസുര്യയെയും, ജഗതിയെയും, സുരാജിനെയും, സലിം കുമാറിനെയും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ വീ.കെ.പ്രകാശ്‌ ശ്രമിച്ചത് പോലുമില്ല. 

സാങ്കേതികം: ആവറേജ് 
പല രംഗങ്ങളും അനിയോജ്യമായ രീതിയില്‍ ചിത്രീകരിക്കാന്‍ വേണുവിനു സാധിച്ചു. കഥയും, സംവിധാനവും മോശമാണെങ്കിലും സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരെ വെറുപ്പിക്കാതെ നല്ല കളര്‍ഫുള്ളായി രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് വേണു വീണ്ടും അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചു. കുട്ടികള്‍ക്ക് ചിരിക്കാന്‍ വേണ്ടി കാര്‍ട്ടൂണ്‍ സിനിമകളിലെ പോലെയുള്ള രംഗങ്ങള്‍ ഒരുക്കാന്‍  സ്പെഷ്യല്‍ എഫ്ഫെക്ട്സ്  നല്‍ക്കിയ രാജേഷിനും സാധിച്ചു. ഈ സിനിമയിലെ "ചക്കരമാവിന്‍"... എന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. മഹേഷ്‌ നാരായണനാണ് ചിത്രസംയോജനം.

അഭിനയം: ആവറേജ്
ജയസുര്യയും, ഇന്ദ്രജിത്തും നല്ല പ്രകടനം കാഴ്ചവെച്ചപ്പോള്‍, കുഞ്ചാക്കോ ബോബനും, സംവൃതയും, സന്ധ്യയും മോശമാക്കാതെ അവര്‍ക്ക് പിന്തുണ നല്‍ക്കി. എന്നാല്‍ ആന്‍ അഗസ്റ്റിന്‍ എന്ന അഭിനയിത്രിയുടെ അഭിനയം പരിതാപകരം എന്ന പറയുന്നതില്‍ ഖേദമുണ്ട്. വളരെ മോശം പ്രകടനമാണ് ആന്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. ജഗതിയും, സുരാജും, സലിം കുമാറും, അശോകനും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജയസുര്യ, ജഗതി ശ്രീകുമാര്‍, അശോകന്‍, ശ്രീജിത്ത്‌ രവി, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാമചന്ദ്രന്‍ എന്നിവരാണ് ത്രീ കിങ്ങ്സിലെ അഭിനേത്താക്കള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. സിനിമയുടെ ആദ്യ പകുതി
2. ഇന്ദ്രജിത്ത്- ജയസുര്യ-കുഞ്ചാക്കോ ബോബന്‍ പാരവെപ്പുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, സംവിധാനം
2.സിനിമയുടെ രണ്ടാം പകുതി
3.ആന്‍ അഗസ്റ്റിന്‍
4.നിലവാരമില്ലാത്ത തമാശകള്‍

ത്രീ കിങ്ങ്സ് റിവ്യൂ: കാര്‍ട്ടൂണ്‍ സിനിമകള്‍ ഇഷ്ടപെടുന്ന കൊച്ചു കുട്ടികള്‍ക്കും, ചിരിക്കാന്‍ വേണ്ടി തയ്യാറെടുത്തു സിനിമ കാണാന്‍ പോകുന്നവര്‍ക്കും ഇഷ്ടമായേക്കാം ത്രീ കിങ്ങ്സ്.

ത്രീ കിങ്ങ്സ് റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ]

സംവിധാനം: വി.കെ.പ്രകാശ്‌
കഥ,തിരക്കഥ,സംഭാഷണം: വൈ.വി.രാജേഷ്‌
നിര്‍മ്മാണം: അബ്ദുല്‍ നാസര്‍ [ജീവന്‍]
ചായാഗ്രഹണം: വേണു
ചിത്രസംയോജനം: മഹേഷ്‌ നാരായണന്‍ 
സംഗീതം: ഔസേപ്പച്ചന്‍
വരികള്‍: ഷിബു ചക്രവര്‍ത്തി, അനൂപ്‌ ശങ്കര്‍     

1 comment: