31 Oct 2010

ഫോര്‍ ഫ്രെണ്ട്സ്

  
നാല് സുഹൃത്തുക്കള്‍...വ്യതസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന റോയ് മാത്യു,സൂര്യ,ആമിര്‍,ഗൗരി എന്നിവര്‍ ഹോസ്പിറ്റലില്‍ വെച്ച് കണ്ടുമുട്ടുന്നു...സുഹൃത്തുക്കളാകുന്നു...ഇവര്‍ നാല്പേര്‍ക്കുമുള്ള ഒരേയൊരു സാമ്യം "കാന്‍സര്‍" എന്ന മഹാരോഗം. ഇതാണ് ഫോര്‍ ഫ്രെണ്ട്സ് എന്ന സിനിമയുടെ ഇതിവൃത്തം.


റോയ് മാത്യു എന്ന കോടീശ്വരന്‍, ഗിറ്റാറിസ്റ്റ് സുര്യ, ഗുണ്ട ആമിര്‍, മെഡിക്കല്‍ വിദ്യാര്‍ഥി ഗൗരി എന്ന നാല് സുഹൃത്തുക്കളും മരിക്കുന്നതിനു മുമ്പുള്ള അവരവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനും, ജീവിതം ഒരാഘോഷമാക്കാനും വേണ്ടി ഒത്തുചേരുന്നു. ഗിറ്റാറിസ്റ്റ് സുര്യയുടെ ആഗ്രഹം അയാളുടെ കാമുകിയെ മലേഷ്യയില്‍ പോയി കണ്ടെത്തുക, ആമിറിന്റെ ആഗ്രഹം സിനിമ നടന്‍ കമല്‍ഹാസനെ നേരിട്ട് കാണുക എന്നവിയാണ്. ഈ ആഗ്രഹങ്ങള്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി സാധിച്ചു കൊടുക്കുവാനായി റോയ് മാത്യുവും, ഗൗരിയും ഒരുമിച്ചു ശ്രമിക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.  


സിനിമയുടെ ഇടവേളയ്ക്കു ശേഷം വിമാനതാവളത്തില്‍ വെച്ച് നടന്‍ കമല്‍ഹാസനെ നേരിട്ട് കാണുന്നു...സംസാരിക്കുന്നു...രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഗ്യമുള്ള ഈ സിനിമയില്‍ കണ്ടിരിക്കാവുന്ന അഞ്ചു മിനിറ്റ്..കമല്‍ഹാസനുള്ള രംഗവും, അദ്ദേഹം കാന്‍സര്‍ എന്ന രോഗത്തെപറ്റി പറയുന്ന കാര്യങ്ങളുമാണ്. ശേഷിക്കുന്ന രംഗങ്ങള്‍ കണ്ടിരിക്കാന്‍ പോലും പ്രയാസമാണ് എന്ന് പറയുന്നതില്‍ വിഷമമുണ്ട്.

കാന്‍സര്‍ പിടിപെട്ടിട്ടും ഡോക്ടറും,ബന്ധുക്കളും ലോകം ചുറ്റാന്‍ സമ്മതിച്ചു എന്നതും,ചികില്‍ത്സയുടെ ഭാഗമായി ഉണ്ടാകുന്ന മുടി കൊഴിചിലോന്നും ഇവര്‍ക്കില്ല എന്നതും അവിശ്വസനീയം തന്നെ.കണ്ണീര്‍ സീരിയലുകളെ ഓര്‍മപെടുത്തുന്ന വിധമാണ് ഇതിന്‍റെ തിരക്കഥ രചന.


ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നി സിനിമകള്‍ക്ക്‌ ശേഷം കൃഷ്ണ പൂജപ്പുര - സജി സുരേന്ദ്രന്‍ ടീമിന്‍റെ കൂട്ടുകെട്ടില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ഫോര്‍ ഫ്രെണ്ട്സ് എന്ന സിനിമയില്‍ ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസുര്യ, മീര ജാസ്മിന്‍ എന്നിവരാണ് യഥാക്രമം റോയ് മാത്യു, സൂര്യ, ആമിര്‍, ഗൗരി എന്നി കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, സലിം കുമാര്‍, ലാലു അലക്സ്‌, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, മണികുട്ടന്‍ , പ്രേം പ്രകാശ്‌, സീമ , സുകുമാരി, സരയൂ എന്നിവരുമുണ്ട്.  യേ-ദോസ്തി എന്ന ഷോലേ സിനിമയിലെ ഗാനം റീമേയ്ക്ക് ചെയ്തിരിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഈ പാട്ട് കൂടാതെ മറ്റു മൂന്ന് പാട്ടുകളുണ്ട് ഈ സിനിമയില്‍. എം. ജയചന്ദ്രന്‍ - വയലാര്‍ ശരത്തിന്‍റെതാണ് ഗാനങ്ങള്‍, അനില്‍ നായരുടെതാണ് ചായാഗ്രഹണം, മനോജിന്‍റെതാണ് എഡിറ്റിംഗ്.

കണ്ണീര്‍ സീരിയലുകള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപെടും.അല്ലാത്തവര്‍, ഫോര്‍ ഫ്രെന്‍ഡ്സ് ഒഴിവാക്കുന്നതായിരിക്കും ഭേദം


ഫോര്‍ ഫ്രെണ്ട്സ് റേറ്റിംഗ് : ബിലോ ആവറേജ് [2 / 5]

സംവിധാനം : സജി സുരേന്ദ്രന്‍
കഥ,തിരക്കഥ, സംഭാഷണം : കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം : ടോമിച്ചന്‍ മുളകുപാടം
ബാനര്‍ : മുളകുപാടം ഫിലിംസ്
ചായാഗ്രഹണം : അനില്‍ നായര്‍
ചിത്രസംയോജനം : മനോജ്‌
ഗാനങ്ങള്‍ : വയലാര്‍ ശരത്
സംഗീതം : എം.ജയചന്ദ്രന്‍

25 Oct 2010

കോക്ക് ടെയ്ല്‍

പ്രിയദര്‍ശന്‍ സിനിമകളുടെ ചിത്രസംയോജകന്‍ അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത കോക്ക് ടെയ്ല്‍ , കഥയിലുള്ള പുതുമ കൊണ്ടും, സസ്പെന്‍സ് അവസാനം വരെ നന്നായി നിലനിര്‍ത്തി കൊണ്ടും പ്രേക്ഷകരെ ത്രെസിപ്പിക്കുന്നു.

കൊച്ചി നഗരത്തിലെ വലിയൊരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ് രവി എബ്രഹാം. വളരെ തിരക്കേറിയ ജീവിതത്തില്‍ രവിക്ക് ഭാര്യക്കും മകള്‍ക്കും വേണ്ടി സമയം കണ്ടെത്താന്‍ പോലും പറ്റുന്നില്ല. രവി അബ്രഹാമിന്‍റെ ഭാര്യ പാര്‍വതിയായി വേഷമിടുന്നത് സംവൃത സുനിലാണ്. ഒരിക്കല്‍, ഇവരുടെ ജീവിതത്തിലേക്ക് ഒരു അപരിചിതന്‍ കടന്നു വരുന്നു...വെങ്കിടേഷ് എന്നാ വെങ്കി. അതോടെ, സമാധാനപരമായ ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങലുണ്ടാകുന്നു. രവി അബ്രഹമായി അനൂപ്‌ മേനോനും, വെങ്കിയായി ജയസുര്യയും അഭ്നയിചിരിക്കുന്നു.


ഗാലക്സീ സിനിമയുടെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിച്ച കോക്ക് ടെയിലില്‍, അനൂപ്‌ മേനോന്‍, ജയസുര്യ,സംവൃത സുനില്‍,ഇന്നസെന്റ്റ്, ഷാനു ഫാസില്‍, മാമുക്കോയ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ്‌ - രതീഷ്‌ വേഗ എന്നിവര്‍ ചേര്‍ന്നാണ്.

ജയസൂര്യയുടെ അഭിനയം, അരുണ്‍ കുമാറിന്‍റെ ചടുലമായ സംവിധാന ശൈലീ,  സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി  എന്നിവ വളരെ മികച്ചതാണ്. പക്ഷെ...സിനിമയുടെ അവസാനം, ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ മനസ്സില്‍ ചോദിച്ചു കൊണ്ടായിരിക്കും പ്രേക്ഷകര്‍ മടങ്ങുക. തിരക്കഥ രചനയിലുള്ള അശ്രദ്ധകള്‍ തന്നെ ഇതിനു കാരണം. ഈ പോരായ്മകള്‍ കൊണ്ട് പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുമോ എന്നു വരും നാളുകളില്‍ കണ്ടറിയാം.  


കോക്ക് ടെയ്ല്‍ റേറ്റിംഗ് : എബവ് ആവറേജ് [3 / 5]

സംവിധാനം : അരുണ്‍ കുമാര്‍
കഥ: ശ്യാം മേനോന്‍
തിരക്കഥ,സംഭാഷണം : അനൂപ്‌ മേനോന്‍
നിര്‍മ്മാണം : മിലന്‍ ജലീല്‍
ബാനര്‍ : ഗാലക്സീ ഫിലിംസ്
ചായാഗ്രഹണം : പ്രദീപ്‌ നായര്‍
ചിത്ര സംയോജനം : അരുണ്‍ കുമാര്‍ 
ഗാനങ്ങള്‍ : സന്തോഷ്‌ വര്‍മ്മ , അനില്‍ പനച്ചൂരാന്‍
സംഗീതം : അല്‍ഫോന്‍സ് , രതീഷ്‌ വേഗ 

19 Oct 2010

അന്‍വര്‍


മമ്മൂട്ടി യുടെ ബിഗ്ബി, മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയസ് ജാക്കി എന്നീ സിനിമകള്‍കു ശേഷം അമല്‍ നിരദ് സംവിധാനം ചെയ്ത്, പ്രിഥ്വിരാജ്, പ്രകാശ് രാജ്‌, ലാല്‍, മമ്ത എന്നിവര്‍ അഭിനയിച്ച അന്‍വര്‍ സമീപ കാലതിറങ്ങിയ മലയാള സിനിമകളില്‍ വെച്ചു പ്രേക്ഷകരെ തൃപ്തി പെടുത്തുന്നതാണ്.


കോയമ്പത്തൂര്‍ ബോംബ്‌ സ്പോടനതോടനുബന്ധിച്ചു ബാബു സേട്ടുനെ... പോലിസ് ഉദ്യോഗസ്ഥന്‍ സ്റ്റാലിന്‍ മണിമാരന്‍ അറസ്റ്റ് ചെയ്യുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം... അതെ ജയിലില്‍, കള്ളപണവുമായി പിടിയിലായ അന്‍വര്‍ എന്ന ചെറുപ്പകാരനുമെത്തുന്നു. അനവറും ബാബു സേട്ടും തമ്മില്‍ പരിച്ചയപെടുന്നു...പിന്നീട്, ബാബു സെട്ടിന്‍ടെ വിശ്വസ്തനായ പടയാളിയകുന്നു അന്‍വര്‍.ജയിലില്‍ നിന്നും പുറത്തിറങ്ങിയ രണ്ടുപേരും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.ബാബു സെട്ടിനു വേണ്ടി പലയിടങ്ങളിലും അന്‍വര്‍ ബോംബുകള്‍ വെക്കുന്നു...അങ്ങനെ സേട്ടിന്റെ പ്രിയപെട്ടവനാകുന്നു. ഇവരെ പിടികൂടാനായി സ്റ്റാലിന്‍ മണിമാരനും. അനവരിന്റെ കാമുകിയായ ആയിഷയായി എത്തുന്നത് മമ്തയാണ്.

അനവറായി  പ്രിഥ്വിരാജും, ബാബു സെട്ടുവായി ലാലും, സ്റ്റാലിന്‍ മണിമാരനായി പ്രകാശ്‌ രാജും അഭിനയിച്ചിരിക്കുന്നു. പ്രിഥ്വിരാജ്, ലാല്‍, പ്രകാശ്‌ രാജ്, മമ്ത എന്നിവരെ കൂടാതെ സലിം കുമാര്‍, സായി കുമാര്‍, ഗീത, നിത്യ മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവരുമുണ്ട്.

റെഡ് കാര്‍പെറ്റ് മൂവീസ് എന്ന ബാനറില്‍ രാജ് സക്കറിയാസ് നിര്‍മിച്ച അന്‍വര്‍, സാങ്കേതിക മികവുകൊണ്ടും, അഭിനയം മുഹൂര്‍ത്തങ്ങള്‍ കൊണ്ടും പ്രേക്ഷകരെ രസിപിക്കുന്നു.സതീഷ്‌ കുറുപ്പിന്‍റെ ചായാഗ്രഹണം ,വിവേക് ഹര്‍ഷന്‍റെ എഡിറ്റിംഗ്, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം എന്നിവ വളരെ മികച്ചതാണ്. 


തിരക്കഥയില്‍ ഒരുപാടു പോരായ്മകളുണ്ടയിട്ടും സാങ്കേതിക മികവുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ മുഷിയാത്ത വിധത്തില്‍ സിനിമയെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇതിന്‍റെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്‌. അന്‍വറിലെ പാട്ടുകള്‍ മനോഹരമായി ചിട്ടപെടുത്തുകയും, ദ്രിശ്യവല്‍കരിക്കുകയും ചെയ്തിടുണ്ട്‌. മലയാള സിനിമയില്‍ ഇതാദ്യമായി നായകനും[പ്രിഥ്വി രാജ്] നായികയും [മമ്ത]  ചേര്‍ന്ന് ഒരു പാട്ട് അവരുടെ തന്നെ ശബ്ദത്തില്‍ പാടി അഭിനയിക്കുന്നു എന്ന പ്രിത്യേകതയും ഈ സിനിമയക്കുണ്ട്.  


അന്‍വര്‍ റേറ്റിംഗ് : എബവ് ആവറേജ് [3 / 5]


രചന, സംവിധാനം : അമല്‍ നീരദ് 
നിര്‍മ്മാണം : രാജ് സക്കറിയാസ്
ബാനര്‍ : റെഡ് കാര്‍പെറ്റ് മൂവീസ്
ചായാഗ്രഹണം : സതീഷ്‌ കുറുപ്പ്
ചിത്ര സംയോജനം : വിവേക് ഹര്‍ഷന്‍
ഗാനങ്ങള്‍ : റഫീക്ക് അഹമ്മദ്‌
സംഗീതം : ഗോപി സുന്ദര്‍ , മദര്‍ ജെയ്ന്‍