31 Dec 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി



ചാന്ദ് വി. ക്രിയേഷന്‍സിനു വേണ്ടി അരുണ്‍ ഘോഷും, ബിജോയ്‌ ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. മലയാളി സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമുള്ള വിഷയമായ സിനിമയ്ക്കുള്ളിലെ സിനിമ എന്നതാണ് ഈ സിനിമയുടെ പ്രമേയം. കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിന്റെ കഥാകൃത്ത്‌ ജി.എസ്.അനിലാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സദാനന്തന്റെ സമയം എന്ന സിനിമയ്ക്ക് ശേഷം അക്കു അക്ബര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ഈ സിനിമയില്‍ വെള്ളരിപ്രാവായി കാവ്യ മാധവനും വെള്ളരിപ്രാവിന്റെ ചങ്ങാതിയായി ദിലീപുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ മനോജ്‌ കെ. ജയനും ഇന്ദ്രജിത്തും പ്രാധനപെട്ട രണ്ടു കഥാപാത്രങ്ങളായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. രണ്ടു കാലഘട്ടങ്ങളുടെ കഥപറയുന്ന ഈ സിനിമയ്ക്ക് വേണ്ടി വിപിന്‍ മോഹന്‍, സമീര്‍ ഹക് എന്നിവരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ സിത്താര ഈണമിട്ട ഗാനങ്ങള്‍ ഈ സിനിമയുടെ എടുത്തു പറയേണ്ട സവിശേഷതകളില്‍ പെടുന്നു. 

35 വര്‍ഷങ്ങള്‍ക്കു മുമ്പ് അഗസ്റ്റിന്‍ ജോസഫ്‌ എന്ന നവാഗത സംവിധായകന്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ സംവിധാനം ചെയ്യുന്നു. സത്യനും, നസീറും, ശാരദയും, ഷീലയും മലയാള സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഗസ്റ്റിന്‍ ജോസഫ്‌ ഒരു സിനിമ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതിനാല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ റിലീസ് ആകാതെ പെട്ടിയിലായി പോവുകയും, ആ ദുഖത്തില്‍ അപമാനിതനായ അഗസ്റ്റിന്‍ ജോസഫ്‌ ആത്മഹത്യയും ചെയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ മാണികുഞ്ഞ് ആ സിനിമ റിലീസ് ചെയ്യുവാന്‍ ശ്രമിക്കുന്നു. ആ സിനിമയില്‍ അഭിനയിച്ച പ്രധാന നടീനടന്മാരായ ഷാജഹാനും, മേരി വര്‍ഗീസും, കൃഷ്ണനും എവിടയാണ് എന്ന് അന്വേഷിക്കുന്ന മാണികുഞ്ഞ് ചില സത്യങ്ങള്‍ അറിയുന്നു .ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലാകുന്ന ഷാജഹാനും മേരിയും അഗസ്റ്റിന്‍ ജോസെഫിന്റെ സഹായത്തോടെ വിവാഹം കഴിച്ചു ജീവിക്കുവാന്‍ തീരുമാനിക്കുന്നു. പക്ഷെ ആ ബന്ധം എതിര്‍ത്തിരുന്ന മേരിയുടെ വീട്ടുകാര്‍ അവരെ ഒന്നിക്കുവാന്‍ സമ്മതിക്കാതെ മേരിയെ ഷാജഹാനില്‍ നിന്നും വേര്‍പിരിക്കുന്നു. ഈ വിവരങ്ങളൊക്കെ അറിയുന്ന മാണികുഞ്ഞ്, 40 വര്‍ഷങ്ങള്‍ക്കു വേഷം ഷാജഹാനെയും മേരിയേയും അന്വേഷിച്ചു കണ്ടുപിടിക്കുവാന്‍ തീരുമാനിക്കുന്നു. അതുപോലെ തന്നെ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയില്‍ അഭിനയിച്ച ഓരോ നടീനടന്മാരെയും സിനിമയുടെ റിലീസിന് ക്ഷണിക്കുവാനും ഒരുങ്ങുന്നു.

അപ്പന്‍ സംവിധാനം ചെയ്ത സിനിമ പുറത്തിറക്കണം, ഷാജഹാനെയും മേരിയേയും കണ്ടുപിടിക്കണം എന്ന ലക്ഷ്യവുമായി നടക്കുന്ന മാണികുഞ്ഞിനു ഇതെല്ലാം സാധിക്കുമോ എന്നതാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള രംഗങ്ങളില്‍ കാണിക്കുന്നത്. ഷാജഹാനായി ദിലീപും, കൃഷ്ണനായി മനോജ്‌ കെ.ജയനും, മേരി വര്‍ഗീസായി കാവ്യ മാധവനും, മാണികുഞ്ഞായി ഇന്ദ്രജിത്തും, അഗസ്റ്റിന്‍ ജോസെഫായി രാമുവും അഭിനയിച്ചിരിക്കുന്നു. 


കഥ-തിരക്കഥ: എബവ് ആവറേജ്
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിന്റെ രചയ്താവ് ജി.എസ്.അനില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്‌. പുതുമകള്‍ ഏറെയുള്ള ഒരു കഥയാണ് ജി.എസ്.അനില്‍ എഴുതിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്കുള്ളിലെ കഥപറയുന്ന സിനിമ. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ തിരക്കഥയില്‍ ഉള്പെടിത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രീകരിച്ച ഒരു സിനിമയും, അതിലെ കഥാപാത്രങ്ങളായി അഭിനയിച്ച നടീനടന്മാരുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഒരു കഥയെങ്കില്‍, റിലീസകാതെ പോയ ഒരു സിനിമ റിലീസാക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരു ചെറുപ്പകാരന്റെ ശ്രമങ്ങളാണ് മറ്റൊരു കഥ. സിനിമ റിലീസ് ചെയ്യുവാന്‍ ശ്രമിക്കുന്ന രംഗങ്ങളെല്ലാം മികച്ച രീതിയില്‍ എഴുതുവാന്‍ സാധിച്ച ജി.എസ്.അനിലിനു, പഴയ കാലഘട്ടം എഴുതിയ തിരക്കഥയിലെ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ സാധിച്ചില്ല എന്നതാണ് തിരക്കഥയിലെ പ്രാധാന പോരായ്മ. പഴയ കാലഘട്ടത്തിലെ കഥ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇന്നത്തെ സിനിമ പ്രേമികള്‍ക്ക് വേഗതയില്ലത്ത സിനിമകള്‍ ദഹിക്കാന്‍ പ്രയാസമാണ് എന്നറിയാതെ പോയതാവാം അനിലിനു പറ്റിയ തെറ്റ്. എങ്കിലും, പുതുമയുള്ള കഥ രചിച്ചതിലും, രണ്ടു കാലഘട്ടങ്ങളെയും വിശ്വസനീയമായ രീതിയില്‍ കൂട്ടിയോജിപ്പിച്ചതിനും ജി.എസ്.അനില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 


സംവിധാനം: ആവറേജ്
വെറുതെ ഒരു ഭാര്യ, കാണകണ്മണി എന്നീ സിനിമകള്‍ക്ക്‌ ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. ഈ വര്ഷം ഒരു നല്ല ദിലീപ് സിനിമപോലും കാണാന്‍ പറ്റാത്ത ദിലീപിന്റെ ആരാധകര്‍ക്കായി വ്യതസ്ത സിനിമയുണ്ടാകാന്‍ ശ്രമിച്ചിരിക്കുകയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ അക്കു അക്ബര്‍. കുറെ നാളുകള്‍ക്കു ശേഷം സിനിമയ്ക്കുളിലെ സിനിമ എന്ന പ്രമേയം പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് അക്കു അക്ബര്‍.
ഈ സിനിമയ്ക്ക് വേണ്ടി പഴയ കാലഘട്ടം ശരിക്കും പഠിച്ചതിനു ശേഷമാണ് അക്കു ഈ സിനിമ സംവിധാനം  ചെയ്തിരിക്കുന്നത്. ഈ സിനിമയില്‍ രണ്ടു കാലഘട്ടങ്ങലൂടെ കടന്നു പോകുന്ന രംഗങ്ങള്‍ എല്ലാം, രണ്ടു രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതും, ചിത്രസന്നിവേശം ചെയ്തിരിക്കുന്നതും, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും മലയാള സിനിമയിലെ മികച്ച സിനിമകളില്‍ ഒന്നാകുവാന്‍ സാധ്യതയുള്ള ഒരു കഥ, അക്കു അക്ബര്‍ എന്ന സംവിധായകന്റെ കഴിവുകേടും അവതരണത്തിലെ പ്രശ്നങ്ങളും കാരണം വെറും ഒരു ശരാശരി സിനിമ മാത്രമായി പോയി എന്ന് പറയുന്നതില്‍ തെറ്റില്ല. നല്ല കഥയും, വ്യതസ്ത രീതിയില്‍ എഴുതപെട്ട തിരക്കഥയും, കഴിവുള്ള നടീനടന്മാരുടെ സാനിധ്യവും പൂര്‍ണമായി പ്രയോജനപെടുത്താതെ അക്കു അക്ബറിന് സാധിച്ചില്ല. 

സാങ്കേതികം: ഗുഡ്
രണ്ടു കാലഘട്ടം പശ്ചാത്തലമാകുന്ന ഈ സിനിമയ്ക്ക് വേണ്ടു വിപിന്‍ മോഹനും, സമീര്‍ ഹക്കുമാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പഴയ കാലഘട്ടം ചിത്രീകരിച്ച വിപിന്‍ മോഹന്‍ മികച്ച രീതിയില്‍ തന്നെ ചായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. അതിനു സഹായകമായത് ഗിരീഷ്‌ മേനോന്‍-നാഥന്‍ മണ്ണൂര്‍ എന്നിവര്‍ ഒരുക്കിയ സെറ്റുകളും, കുമാര്‍ ഇടപ്പളിന്റെ വസ്ത്രാലങ്ങാരവുമാണ്. ലിജോ പോള്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് മോഹന്‍ സിതാരയാണ്. ശ്രവ്യസുന്ദരമായ പാട്ടുകളാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകില്‍ ഒന്ന്. ശ്രേയ ഗോഷാല്‍-കബീര്‍ എന്നിവര്‍ പാടിയ "പതിനേഴിന്റെ..." എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞിരിക്കുന്നു.



അഭിനയം: ഗുഡ്
കുറെ നാളുകള്‍ക്കു ശേഷമാണ് ഏറെ അഭിനയ സാധ്യതകളുള്ള ഒരു വേഷം അഭിനയിക്കാന്‍ ദിലീപിനും മനോജ്‌ കെ. ജയനും സാധിച്ചത്. അത് മികവുറ്റതാക്കാന്‍ രണ്ടു നടന്മാരും ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. അവരെപോലെ തന്നെ, കാവ്യ മാധവും, ഇന്ദ്രജിത്തും, സായികുമാറും, മാമുക്കോയയും അവരരുടെ രംഗങ്ങള്‍ മനോഹരമായി അഭിനയിച്ചിരിക്കുന്നു. ദിലീപ്, മനോജ്‌. കെ. ജയന്‍, ഇന്ദ്രജിത്ത്, ലാല്‍, സായികുമാര്‍, വിജയരാഘവന്‍, രാമു, മണിയന്‍പിള്ള രാജു, സാദിക്ക്, മാമുക്കോയ, കൊല്ലം തുളസി, സുരാജ് വെഞ്ഞാറമൂട്, അനില്‍ മുരളി, ശിവജി ഗുരുവായൂര്‍, മജീദ്‌, കലാഭവന്‍ ഹനീഫ്, കാവ്യ മാധവന്‍, സീനത്ത്, സോണിയ,കോട്ടയം ശാന്ത എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.



സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പുതുമയുള്ള കഥ
2. ദിലീപ്-കാവ്യാ താരജോടികള്‍
3. ദിലീപ്, മനോജ്‌ കെ.ജയന്‍ എന്നിവരുടെ അഭിനയം
4. മോഹന്‍ സിതാര- വയലാര്‍ ശരത് ടീമിന്റെ പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. അക്കു അക്ബറിന്റെ സംവിധാനം
2. പുതുമകളിലാത്ത അവതരണ ശൈലി
3. പ്രവചിക്കനാകുന്ന ക്ലൈമാക്സ്  



വെള്ളരിപ്രാവിന്റെ ചങ്ങാതി റിവ്യൂ: പുതുമയുള്ളതും വ്യതസ്തവുമായ കഥയും, നടീനടന്മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ രസിപ്പിക്കുനുണ്ടെങ്കിലും, അവതരണത്തിലെ പാളിച്ചകളും സംവിധായകന്റെ കഴിവുകേടും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു ശരാശരി സിനിമ മാത്രമായി വെള്ളരിപ്രാവിന്റെ ചങ്ങാതി.


വെള്ളരിപ്രാവിന്റെ ചങ്ങാതി റേറ്റിംഗ്: 6.00 / 10 
കഥ-തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 18 / 30 [6 / 10] 


സംവിധാനം: അക്കു അക്ബര്‍
നിര്‍മ്മാണം: അജയ് ഘോഷ്, ബിജോയ്‌ ചന്ദ്രന്‍
രചന: ജി.എസ്.അനില്‍
ചായാഗ്രഹണം: വിപിന്‍ മോഹന്‍, സമീര്‍ ഹക്
ചിത്രസന്നിവേശം: ലിജോ പോള്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: മോഹന്‍ സിത്താര
ചമയം:സുദേവന്‍
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍, നാഥന്‍ മണ്ണൂര്‍

വസ്ത്രാലങ്ങാരം: കുമാര്‍ എടപ്പാള്‍   

1 comment:

  1. this is the best among christmas movie

    ReplyDelete