31 Jan 2013

ലോക്പാല്‍ - സ്വാമി വീണ്ടും ചതിച്ചാശാനെ...,ഇത് ലോക്പാല്‍ ദുരന്തം! 3.70/10


മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളായ വിമല്‍ കുമാര്‍, റൂബി വിജയന്‍സ് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ച്‌, ത്രില്ലര്‍-കുറ്റാന്വേഷണ സ്വഭാവമുള്ള കഥകള്‍ രചിക്കുന്നതില്‍ തന്‍റെ കഴിവ് തെളിയിച്ച എസ്.എന്‍.സ്വാമി തിരക്കഥയും സംഭാഷണങ്ങളും എഴുതി, എല്ലാ ജനറേഷന്‍ പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന സംവിധായകന്‍ ജോഷി സംവിധാനം ചെയ്ത്, പത്മശ്രീ ഭരത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയാണ് ലോക്പാല്‍. പേര് സൂചിപ്പിക്കുന്നത് പോലെ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം നന്ദഗോപാല്‍ എന്ന് നന്ദു സമൂഹത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം. 

നന്ദഗോപാല്‍ അയാളുടെ യഥാര്‍ത്ഥ രൂപം മറച്ചു വെച്ചുക്കൊണ്ട് അഴിമതി നടത്തുന്നവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയും, അഴിമതിക്കാരെ ഭീഷണി പെടുത്തി, അവര്‍ തെറ്റായ രീതിയില്‍ സംബാധിച്ച പണം പാവങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിനായി നന്ദഗോപാല്‍ വേഷപ്രച്ഛന്നനായി പലയിടങ്ങളിലും പ്രത്യക്ഷപെടുന്നു. അഴിമതി നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നന്ദഗോപാലിനു ലഭിക്കുന്നത് അയാള്‍ തുടങ്ങിയ ലോക്പാല്‍ എന്ന വെബ്‌ സൈറ്റിലൂടെയാണ്. അങ്ങനെ, സമൂഹം അയാളെ ലോക്പാല്‍ എന്ന് വിളിച്ചു. തുടര്‍ന്ന് ലോക്പാല്‍ എന്ന നന്ദഗോപാലിന്‍റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.  

കഥ, തിരക്കഥ: ബിലോ ആവറേജ് 
നാടുവാഴികള്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ജോഷി-മോഹന്‍ലാല്‍ ടീമിന് വേണ്ടി  എസ്.എന്‍.സ്വാമി എഴുതിയ തിരക്കഥയാണ് ലോക്പാല്‍ എന്ന സിനിമയുടെത്. രജനികാന്ത്-ശങ്കര്‍ ടീമിന്റെ ശിവാജി, വിക്രം-ശങ്കര്‍ ടീമിന്റെ അന്ന്യന്‍, ജയരാജിന്‍റെ ഫോര്‍ ദി പീപ്പിള്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ട കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും ഒരിക്കല്‍ക്കൂടി എഴുതിവെച്ചിരിക്കുകയാണ് എസ്.എന്‍.സ്വാമി. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന  ഒരൊറ്റ രംഗമോ, സംഭാഷണങ്ങളോ ഈ സിനിമയിലില്ല. നന്ദഗോപാല്‍ വേഷപ്രച്ഛന്നനായി ഓരോ കൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ചിരിച്ചുപോകുന്നു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ അഴിമതി നടത്തുന്നവരെ പിടികൂടുന്ന രംഗമല്ലാതെ മറ്റെല്ലാ രംഗങ്ങളും അവിശ്വസനീയമായി അനുഭവപെട്ടു. ലോക്പാല്‍ എന്ന ഈ സിനിമ ഒരു ദുരന്തമായി തീരുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി എസ്.എന്‍.സ്വാമിയാണ്.  

സംവിധാനം: ബിലോ ആവറേജ് 
റണ്‍ ബേബി റണ്‍ എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിച്ച സിനിമയാണ് ലോക്പാല്‍. റണ്‍ ബേബി റണ്‍ എന്ന സിനിമ  ത്രസിപ്പിക്കുന്ന ഒരനുഭവമാക്കി മാറ്റിയ ജോഷി, ലോക്പാല്‍ എന്ന സിനിമയെ തികഞ്ഞ ലാഘവത്തോടെ സമീപിച്ചു  മോശമായ ഒരു സിനിമയാക്കിമാറ്റി. മോഹന്‍ലാലിന്‍റെ ആരാധകര്‍ക്ക് പോലും കണ്ടിരിക്കാന്‍ പ്രയാസമുള്ള ബോറടിപ്പിക്കുന്ന രംഗങ്ങളും, യുക്തിയെ ചോദ്യം ചെയുന്ന രീതിയിലുള്ള കഥാഗതിയും ഈ സിനിമയില്‍ ഒരുപാടുണ്ട്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാതെ സായികുമാര്‍ എന്ന നടനെ കൊണ്ട് തൃശൂര്‍ ഭാഷ സംസരിപ്പിക്കുകയും, കാവ്യാ മാധവനെ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കും വിധം ഇംഗ്ലീഷും പറയിപ്പിച്ചു പ്രേക്ഷകരെ വെറുപ്പിച്ചതിനും ഏക ഉത്തരവാദി സംവിധായകന്‍ ജോഷിയാണ്. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് തെളിവ് ശേഖരിക്കുന്ന രംഗങ്ങള്‍ അവിശ്വസനീയമായി ചിത്രീകരിച്ചതും പ്രേക്ഷര്‍ക്കു ദഹിക്കാത്ത രംഗങ്ങളില്‍ പെടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന ഒരു സംഭാഷണം ഓര്‍ത്തുപോകുന്നു - "ജോഷി എന്നെ ചതിചാശാനെ...!"

സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായര്‍ ചിത്രീകരിച്ച രംഗങ്ങള്‍ സിനിമയ്ക്ക് ഉത്തകുന്നവ ആണെങ്കിലും, നന്ദഗോപാല്‍ തെളിവുകള്‍ ശേഖരിക്കുന്ന രംഗങ്ങള്‍ അവിശ്വസനീയമായി അനുഭവപെട്ടു. പ്രദീപ്‌ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ശ്യാം ശശിധരന്‍ ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് രതീഷ്‌ വേഗയാണ്. രതീഷ്‌ വേഗ തന്നെയാണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയിലെ ഒരേയൊരു പാട്ടും സിനിമയുടെ പശ്ചാത്തല സംഗീതം തികച്ചും നിരാശപെടുത്തുന്നവയായിരുന്നു. ജോസെഫ് നെലിക്കലിന്റെ കലാസംവിധാനവും, ഹസ്സന്‍ വണ്ടൂരിന്റെ മേക്കപ്പും മികവു പുലര്‍ത്തി.  

അഭിനയം: ആവറേജ്
മോഹന്‍ലാല്‍, മനോജ്‌.കെ.ജയന്‍, ടീ.ജി.രവി, സായികുമാര്‍, ഷമ്മി തിലകന്‍, തമ്പി രാമയ്യ, ശിവജി ഗുരുവായൂര്‍, മണിയന്‍പിള്ള രാജു, തലൈവാസല്‍ വിജയ്‌, കൃഷ്ണകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു ജോസ്, പ്രദീപ്‌ ചന്ദ്രന്‍, മഹേഷ്‌, കാവ്യ മാധവന്‍, മീര നന്ദന്‍, ഷഫ്ന, എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. മോഹന്‍ലാല്‍ ഉള്‍പ്പടെ പ്രമുഖ നടീനടന്മാരായ സായികുമാര്‍, മനോജ്‌ കെ.ജയന്‍, കാവ്യ മാധവന്‍ എന്നിവരുടെ അഭിനയം മികവു പുലര്‍ത്തിയില്ല. നന്ദഗോപലായി മോശമാകാതെ അഭിയിച്ചു എന്നല്ലാതെ അദ്ദേഹത്തെ പോലൊരു മഹാനടന് ചെയ്യുവാനുള്ള സവിശേഷത ഒന്നും ആ കഥപാത്രത്തിനില്ല. തിരുവനന്തപുരം ശൈലിയില്‍ സംഭാഷണങ്ങള്‍ പറഞ്ഞ ഷമ്മി തിലകന്‍ മികച്ചു നിന്നപ്പോള്‍, തൃശൂര്‍ ഭാഷ ശൈലി സ്വീകരിച്ച സായികുമാര്‍ നിരാശപെടുത്തി. മറ്റെല്ലാ കഥാപാത്രങ്ങളും അഭിനയിച്ച നടീനടന്മാര്‍ മികവു പുലര്‍ത്തി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം
3. നടീനടന്മാരുടെ അഭിനയം
4. ചായാഗ്രഹണം
5. പശ്ചാത്തല സംഗീതം 

ലോക്പാല്‍ റിവ്യൂ: അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ രചിച്ച എസ്.എന്‍.സ്വാമിയും, ബോറടിപ്പിക്കുന്ന രീതിയില്‍ സിനിമ സംവിധാനം ചെയ്ത ജോഷിയും, കഥാപാത്രങ്ങളെ ലാഘവത്തോടെ അവതരിപ്പിച്ച നടീനടന്മാരും ഒരുപോലെ പ്രേക്ഷകരെ ചതിച്ചത്തിന്റെ ഉത്തമ ഉദാഹരണമാണ് ലോക്പാല്‍. 

ലോക്പാല്‍ റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11/30 [3.7/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: എസ്.വിമല്‍ കുമാര്‍, റൂബി വിജയന്‍സ്
ബാനര്‍: ഹാപ്പി ആന്‍ഡ്‌ റൂബി സിനിമാസ്
രചന: എസ്.എന്‍.സ്വാമി
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍
ഗാനങ്ങള്‍: റഫീക്ക് അഹമ്മദ്
സംഗീതം, പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: പഴനി
സംഘട്ടനം: സൂപ്പര്‍ സുബ്ബരായന്‍
വിതരണം: ആശിര്‍വാദ് സിനിമാസ്

25 Jan 2013

കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് - മമ്മൂട്ടി-ദിലീപ് ആരാധകരെ പോലും ബോറടിപ്പിക്കുന്ന സിനിമ 3.20/10

 
13 വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടിയും ജനപ്രിയ നായകന്‍ ദിലീപും ഒന്നിച്ചഭിനയിച്ച സിനിമയാണ് കമ്മത്ത് ആന്‍ഡ്‌ കമ്മത്ത്. രുചികരമായ വിവിധതരം ദോശകള്‍ ഉണ്ടാക്കി കച്ചവടം ചെയുന്ന, കൊങ്കിണി കലര്‍ന്ന മലയാളം ഭാഷ സംസാരിക്കുന്ന, പരസ്പരം മത്സരിച്ചു സ്നേഹിക്കുന്ന കമ്മത്ത് സഹോദരന്‍മാരാണ് രാജ രാജ കമ്മത്തും[മമ്മൂട്ടി] ദേവ രാജ കമ്മത്തും[ദിലീപ്]. കേരളം മുഴുവനും ദോശകള്‍ ഉണ്ടാക്കി വ്യപാരം ചെയ്യുന്ന ഈ സഹോദരന്മാരെ കച്ചവടത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും തന്നെ സാധിക്കില്ല. കോയമ്പത്തൂരില്‍ കമ്മത്ത് സഹോദരന്‍മാര്‍ ദോശകള്‍ മാത്രം ലഭിക്കുന്ന ഒരു ഹോട്ടല്‍ ആരംഭിക്കുന്നു. കോയമ്പത്തൂരിലെ സ്ഥിരം സന്ദര്‍ശനത്തിനിടയില്‍ ദേവ രാജ കമ്മത്ത് രേഖ[കാര്‍ത്തിക നായര്‍] എന്ന പെണ്‍കുട്ടിയെ കാണുകയും, അവളെ കല്യാണം കഴിക്കണം എന്ന അഭ്യര്‍ത്ഥന നടത്തി അവളുടെ പിന്നാലെ നടക്കുകയും ചെയ്യുന്നു. അനുജന്‍ കമ്മത്തിന് രേഖയോടുള്ള അടുപ്പം അറിയുന്ന ജേഷ്ഠന്‍ കമ്മത്ത് അവരുടെ കല്യാണം നടത്തുവാന്‍ ശ്രമിക്കുന്നതാണ് ഈ സിനിമയുടെ കഥ.  

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച്‌, കാര്യസ്ഥനു ശേഷം തോംസണ്‍ സംവിധാനം ചെയ്തു, മായാമോഹിനി, മിസ്റ്റര്‍ മരുമകന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം ഉദയകൃഷ്ണ-സിബി കെ.തോമസ്‌ കൂട്ടുകെട്ടിന്‍റെ രചനയില്‍ പുറത്തിറങ്ങുന്ന സിനിമയാണ് കമ്മത്ത് ആന്‍ഡ്‌ കമ്മത്ത്. അനില്‍ നായര്‍ ചായാഗ്രഹണവും, മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: മോശം 
സമൂഹത്തിനു നന്മ മാത്രം ചെയ്യുന്ന, സഹജീവികള്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറായ നായകന്മാര്‍, പരസ്പരം മത്സരിച്ചു സ്നേഹിക്കുന്ന സഹോദരന്‍മാര്‍, ചെറുപ്പത്തിലെ കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന മിടുക്കന്‍മാര്‍, വില്ലന്‍മാരുടെ തന്ത്രങ്ങളെല്ലാം ബുദ്ധികൊണ്ടും ശക്തികൊണ്ടും നേരിടുന്ന വില്ലാളിവീരന്‍മാര്‍, നായകന്മാര്‍ക്ക് ചുറ്റും തമാശകള്‍ മാത്രം പറയാന്‍ അറിയാവുന്ന ഉപഗ്രഹങ്ങള്‍, നായകന്‍മാരുടെ ഫ്ലാഷ്ബാക്ക് പ്രണയവും ഇപ്പോഴത്തെ പ്രണയവും, നായികമാരെ ദ്രോഹിക്കുന്ന വില്ലന്‍മാര്‍, ഇടയ്ക്കിടെ വില്ലന്മാരുമായുള്ള വാക്കുതര്‍ക്കം, സംഘട്ടനം, വാചക കസര്‍ത്ത്, നായികമാര്‍ക്കൊരു ഫ്ലാഷ്ബാക്ക് കഥ, കഥാവസാനം വില്ലന്‍മാരെ തോല്‍പ്പിച്ചു നായികമാരെ സ്വന്തമാക്കുന്ന നായകന്‍മാര്‍. ഇതാണ് ഉദയകൃഷ്ണ-സിബി കെ.തോമസ്‌ ടീം വര്‍ഷങ്ങളായി എഴുതുന്ന തിരക്കഥയിലെ പ്രധാന ഘടഗങ്ങള്‍. ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചു പ്രേക്ഷകരെ വെറുതെ വിട്ടുകൂടെ. ക്രിസ്ത്യന്‍ സഹോദരങ്ങളും, പോക്കിരി രാജമാരും, മായാമോഹിനിയും ഒക്കെ വിജയ സിനിമകളായത് പ്രേക്ഷകര്‍ക്ക്‌ ആ കാലഘട്ടത്തില്‍ കാണുവാന്‍ വേറെ സിനിമകള്‍ ഉണ്ടാകാതിരുന്നത് കൊണ്ടാണ്, അല്ലാതെ നിങ്ങളുടെ സിനിമകള്‍ നല്ലതായത്‌ കൊണ്ടല്ല. പ്രിയപ്പെട്ട സിബി-ഉദയകൃഷ്ണ, ഒരു നല്ല സിന്മ കാണാന്‍ കൊട്ക്കുമോ? അല്ലെങ്കില്‍, പ്രേക്ഷകരുടെ വിലപിടിപ്പുള്ള സമയവും പണവും തിര്‍ക്കെ കൊട്ക്കുമോ?

സംവിധാനം: ബിലോ ആവറേജ് 
13 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെയും ദിലീപിനെയും കമ്മത്ത് ആന്‍ഡ്‌ കമ്മത്തിലൂടെ ഒന്നിപ്പിച്ചു എന്നത് മാത്രമാണ് മമ്മൂട്ടിയുടെയും ദിലീപിന്‍റെയും ആരാധകര്‍ക്ക് വേണ്ടി ഒരു സംവിധായകന്‍ എന്ന നിലയില്‍ തോംസണ്‍ ചെയ്ത ഏക മികച്ച കാര്യം. ഉദയനും സിബിയും എഴുതിവെച്ച കഥാസന്ദര്‍ഭങ്ങള്‍ ഏതൊരു സംവിധായകനും എളുപ്പത്തില്‍ ചിത്രീകരിക്കുവാന്‍ സാധിക്കും. ഒരു ലോജിക്കും ഇല്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ അനില്‍ നായരുടെ സഹായത്താല്‍ ക്യാമറയില്‍ പകര്‍ത്തി, മഹേഷ്‌ നാരായണനെ ഉപയോഗിച്ച് രംഗങ്ങള്‍ കോര്‍ത്തിണക്കി, എം.ജയചന്ദ്രന്‍ സംഗീതം നല്‌ക്കിയ പാട്ടുകള്‍ അനിയോജ്യമായ സ്ഥലങ്ങളില്‍ ഉള്‍പെടുത്തി സംവിധായകന്‍ തോംസണ്‍ ഒരു സിനിമ പൂര്‍ത്തിയാക്കി. മമ്മൂട്ടിയുടെയും ദിലീപിന്‍റെയും ആരാധകരെ പോലും ത്രിപ്ത്തിപെടുത്തുവാന്‍ തോംസണ്‍ സംവിധാനം ചെയ്ത ഈ താരസംഘമ സിനിമയ്ക്കായില്ല. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയുന്ന നല്ല തിരക്കഥകള്‍ മാത്രമേ ഒരു താരസംഘമ സിനിമയ്ക്ക് ചേരുകയുള്ളൂ എന്ന് ഇനിയെങ്കിലും തോംസണ്‍ മനസ്സിലാക്കിയാല്‍ നന്ന്!
 

സാങ്കേതികം: എബവ് ആവറേജ് 
അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കളര്‍ഫുള്ളാണ് എന്നതൊഴിച്ചാല്‍ വലിയൊരു ചായാഗ്രഹണ മികവൊന്നും പറയുവാനില്ല. രംഗങ്ങള്‍ വലിച്ചുനീട്ടാതെ മഹേഷ്‌ നാരായണന്‍ സന്നിവേശം ചെയ്തിട്ടുണ്ട്. സന്തോഷ്‌ വര്‍മ്മ രചിച്ച വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട രണ്ടു ഗാനങ്ങളും താളകൊഴുപ്പോടെ കേള്‍ക്കാന്‍ സുഖമുള്ളതായിരുന്നു. ഫോര്‍ട്ട്‌ കൊച്ചിയിലെ വെളി എന്ന സ്ഥലത്താണ് ഈ സിനിമയുടെ സെറ്റുകള്‍ മനു ജഗത് ഒരുക്കിയത്. സജി കാട്ടാക്കടയുടെ മേക്കപ്പും അഫ്സലിന്‍റെ വസ്ത്രാലങ്കാരവും കമ്മത്തുമാര്‍ക്ക് ഉത്തകുന്നവന്നയായിരുന്നു. ബ്രിന്ദയും ഷോബി പോള്‍ രാജും ചേര്‍ന്നൊരുക്കിയ നൃത്ത രംഗങ്ങള്‍ കണ്ടിരിക്കനാവുന്നതാണ്. മാഫിയ ശശിയും കനല്‍ കണ്ണനും ചേര്‍ന്നൊരുക്കിയ സംഘട്ടന രംഗങ്ങളും ശരാശരി നിലവാരം പുലര്‍ത്തി.  

അഭിനയം: ആവറേജ് 
മലയാളം കലര്‍ന്ന കൊങ്കിണി ഭാഷ മികച്ച രീതിയില്‍ പറയുവാന്‍ മമ്മൂട്ടിക്കും ദിലീപിനും സാധിച്ചു. ചെറിയ വേഷമാണെങ്കിലും നരേന്‍ അവതരിപ്പിച്ച സുരേഷ് എന്ന കഥാപാത്രം മികവുറ്റതാക്കി. ബാബുരാജും, റീമ കല്ലിങ്കലും, സുരാജ് വെഞ്ഞാറമൂടും മോശമാക്കാതെ അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചു. ധനുഷ് എന്ന നടന് ലഭിച്ച ഏറ്റവും മോശം തുടക്കമാണ് ഈ സിനിമയിലെ അതിഥി വേഷം. മമ്മൂട്ടി, ദിലീപ്, നരേന്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമൂട്, റിസ ബാവ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കലാഭവന്‍ ഷാജോണ്‍, സ്പടികം ജോര്‍ജ്, ഷിജു, ജോജോ, സന്തോഷ്‌, മനു നായര്‍, സാദിക്, കലാഭവന്‍ ഹനീഫ്, അബു സലിം, കൊല്ലം അജിത്‌, റീമ കല്ലിങ്കല്‍, കാര്‍ത്തിക നായര്‍, മജീദ്‌, സുകുമാരി, അംബിക മോഹന്‍, രാജലക്ഷ്മി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മമ്മൂട്ടി, ദിലീപ് എന്നിവരുടെ സാന്നിധ്യം
2.കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍
3.എം.ജയചന്ദ്രന്റെ പാട്ടുകള്‍
4.നരേന്‍റെ അതിഥി വേഷം  


സിനിമയുടെ മൈനസ് പോയിന്റ്സ്
1.ലോജിക്കില്ലാത്ത കഥ
2.ബോറടിപ്പിക്കുന്ന തിരക്കഥ
3.സംവിധാനം


കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് റിവ്യൂ: മലയാള സിനിമയുടെ മഹാനടനെയും ജനപ്രിയ നായകനെയും കൊങ്കിണി പറയിപ്പിച്ചു കോമാളികളാക്കിയ ഉദയന്‍-സിബി-തോംസണ്‍ ടീം, ആസ്വാദനത്തിനായി സിനിമ കാണാന്‍ പ്രദര്‍ശനശാലകളില്‍ കുടുംബസമേതം വന്ന പ്രേക്ഷകരെയും വിഡ്ഢികളാക്കി. 

കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് റേറ്റിംഗ്:  3.20/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9.5/30 [3.2/10]

സംവിധാനം: തോംസണ്‍
നിര്‍മ്മാണം: ആന്റോ ജോസഫ് ഫിലിം കമ്പനി
രചന: ഉദയകൃഷ്ണ-സിബി കെ.തോമസ്‌
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: എം.ജയചന്ദ്രന്‍
കലാസംവിധാനം:മനു ജഗത്
മേക്കപ്പ്:സജി കാട്ടാക്കട
വസ്ത്രാലങ്കാരം:അഫ്സല്‍ മുഹമ്മദ്‌
നൃത്ത സംവിധാനം: ബ്രിന്ദ, ഷോബി പോള്‍ രാജ്
സംഘട്ടനം: മാഫിയ ശശി, കനല്‍ കണ്ണന്‍
വിതരണം: ആന്‍ മെഗാ മീഡിയ

19 Jan 2013

റോമന്‍സ് - 2013ലെ ആദ്യ ചിരിവിരുന്ന് 5.80/10

സീനിയേഴ്സ്, ഓര്‍ഡിനറി, മല്ലു സിംഗ്, സ്പാനിഷ്‌ മസാല, 101 വെഡ്ഡിങ്ങ്സ്  എന്നീ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ നായകന്മാരകുന്ന ഏറ്റവും പുതിയ സിനിമയാണ് റോമന്‍സ്. ജയസുര്യ നായകനായ ജനപ്രിയനു ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് റോമന്‍സ്. ചെറുകിട തട്ടിപ്പുകളും മോഷണങ്ങളും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപെട്ട പ്രതികളായ ആകാശും ഷിബുവും ജയില്‍ചാടി രക്ഷപെട്ടു എത്തുന്നത് പൂമാല എന്ന മലയോരഗ്രാമത്തിലാണ്. ആ ഗ്രാമത്തില്‍ വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന പള്ളിയും അവിടത്തെ മതവിശ്വാസികളും നാട്ടുകാരും അറിയാതെ ആകാശിനെയും ഷിബുവിനെയും  റോമില്‍ നിന്നും വന്ന പള്ളി വികാരികളായി തെറ്റുധരിക്കുന്നു. അങ്ങനെ ആകാശ് ഫാദര്‍ പോളായും, ഷിബു ഫാദര്‍ സെബാസ്റ്റിനായും ആള്‍മാറാട്ടം നടത്തുന്നു. തുടര്‍ന്ന് ആ നാട്ടില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ രസകരങ്ങളായ കഥാസന്ദര്‍ഭങ്ങളിലൂടെ ബോബന്‍ സാമുവലും രാജേഷും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നു.

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്ക് ശേഷം അജയ് ഘോഷ്, ബിജോയ്‌ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ചാന്ദ് വി ക്രിയേഷന്‍സിനു വേണ്ടി നിര്‍മ്മിച്ച റോമന്‍സിന്‍റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് വൈ.വി.രാജേഷാണ്. വിനോദ് ഇല്ലംപള്ളി ചായാഗ്രഹണവും, ലിജോ പോള്‍ ചിത്രസന്നിവേശവും എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 

കഥ,തിരക്കഥ: ആവറേജ് 
ഗുലുമാല്‍, ത്രീ കിംഗ്സ് എന്നീ സിനിമകളുടെ തിരക്കഥകൃത്ത് വൈ.വി.രാജേഷ്‌ കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രചന നിര്‍വഹിക്കുന്ന മൂന്നാമത്തെ സിനിമയാണ് റോമന്‍സ്. ആള്‍മാറാട്ടം നടത്തി പള്ളി വികാരികളായി ജീവിക്കുന്ന രണ്ടു ചെറുപ്പക്കാര്‍ ചെന്ന് പെടുന്ന പോല്ലാപ്പുകളിലൂടെ വികസിക്കുന്ന കഥയാണ് ഈ സിനിമയുടെത്. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉടനീളമുണ്ടെങ്കിലും, ചില നര്‍മ്മ രംഗങ്ങളും സംഭാഷണങ്ങളിലുള്ള തമാശകളും ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ അഭിനയവും സിനിമയെ അനുകൂലമായി സഹായിച്ച ഘടഗങ്ങളാണ്. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. കണ്ടുമടുത്ത കഥാപാത്രങ്ങളും കേട്ടുമടുത്ത തമാശകളും ഒരുപാട് ഈ സിനിമയിലുണ്ടെങ്കിലും, ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ അഭിനയവും പുതുമയുള്ള ലോക്കെഷനുകളും വൈ.വി.രാജേഷിന്റെ തിരക്കഥയിലുള്ള അപാകതകളുടെ കാഠിന്യം കുറച്ചു. ഗുലുമാലും ത്രീ കിംഗ്സുമായി താരതമ്യം ചെയ്യുമ്പോള്‍, റോമന്‍സ് സിനിമയുടെ തിരക്കഥ കുറേക്കൂടി വിശ്വസനീയമായി അനുഭവപെട്ടു.  

സംവിധാനം: എബവ് ആവറേജ് 
ലളിതമായൊരു കഥ വിശ്വസനീയമായി അവതരിപ്പിച്ച സിനിമയാണ് ബോബന്‍ സാമുവലിന്റെ ജനപ്രിയന്‍. ആ സിനിമ അര്‍ഹിക്കുന്നൊരു വിജയം കൈവരിക്കാനയതും ആ സിനിമയിലെ വിശ്വസനീയതയാണ്. ബോബന്‍ സാമുവലിന്റെ രണ്ടാമത്തെ സിനിമയായ റോമന്‍സിലെത്തി നില്‍ക്കുമ്പോള്‍, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്പ്തിപെടുത്തുന്ന രീതിയില്‍ സംവിധാനം ചെയ്തതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. പൂമാല എന്ന മനോഹരമായ ലോക്കെഷനുകളും, കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ ടീമിന്റെ അഭിനയവും, തമാശകള്‍ക്കൊപ്പം ഒരല്പം സസ്പെന്‍സും, ഹൊററും കഥയ്ക്ക്‌ അനിയോജ്യ സന്ദര്‍ഭങ്ങളില്‍ ഉള്പെടുത്തിയതും സംവിധായകന്റെ കഴിവ് തന്നെ. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കൂടുതലായത് പ്രേക്ഷകരെ ബോറടപ്പിച്ചു. 

സാങ്കേതികം: എബവ് ആവറേജ് 
കൊടൈകനാലില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന പൂമാല എന്ന മലയോരഗ്രാമമാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. പൂമാല ഗ്രാമത്തിലെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാന്‍ വിനോദ് ഇല്ലംപള്ളിയ്ക്ക് സാധിച്ചു. വിനോദ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് ലിജോ പോളാണ്. സിനിമയുടെ ദൈര്‍ഘ്യം അരമണിക്കൂര്‍ വെട്ടിച്ചുരുക്കിയിരുനെങ്കില്‍ ഈ സിനിമ ഇതിലും രസകരമാകുമായിരുന്നു. രാജീവ്‌ ആലുങ്കല്‍ എഴുതിയ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട രണ്ടു ഗാനങ്ങളും കേള്‍വിക്ക് ഉതകുന്നവയായിരുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. സുജിത് കലാസംവിധാനവും, പി.എന്‍.മണി മേക്കപ്പും, കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.

അഭിനയം: ഗുഡ്
മലയാള സിനിമയിലെ പുതിയ കൂട്ടുകെട്ടാണ് ഈ സിനിമയുടെ വിജയത്തിന് കാരണമായത്. കുഞ്ചാക്കോ ബോബനും ബിജു മേനോനും മികവുറ്റ രീതിയില്‍ തമാശകള്‍ പറയുകയും അഭിനയിക്കുകയും ചെയ്തതുകൊണ്ടാണ് ബോബന്‍ സമുവലിനു ഇത്രയ്ക്ക് രസകരമായി റോമന്‍സ് സംവിധാനം ചെയ്യുവാന്‍ സാധിച്ചത്. ലാലു അലക്സ്, വിജയരാഘവന്‍, ടീ.ജി.രവി, ഷാജു ശ്രീധര്‍, നെല്‍സണ്‍, കക്ക രവി, അജയ് ഘോഷ്, കൊച്ചുപ്രേമന്‍, ഗീഥാ സലാം, ജാഫര്‍ ഇടുക്കി, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്, ലിഷോയി, നിവേദ തോമസ്‌, പൊന്നമ്മ ബാബു, ഗായത്രി, ശാന്തകുമാരി, സ്വാതി വര്‍മ്മ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ട്
2. നര്‍മം കലര്‍ന്ന സംഭാഷണങ്ങള്‍
3. ലോക്കേഷന്‍സ് 
4. ചായാഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത കഥ
2. സിനിമയുടെ ദൈര്‍ഘ്യം


റോമന്‍സ് റിവ്യൂ: കുട്ടികള്‍ക്കും കുടുംബത്തിനും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന സിനിമ

റോമന്‍സ് റേറ്റിംഗ്: 5.80/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 17.5/30 [5.80/10] 

സംവിധാനം: ബോബന്‍ സാമുവല്‍
നിര്‍മ്മാണം: അജയ് ഘോഷ്, ബിജോയ്‌ ചന്ദ്രന്‍
രചന: വൈ.വി.രാജേഷ്‌
ചായാഗ്രഹണം: വിനോദ് ഇല്ലംപള്ളി
ചിത്രസന്നിവേശം:  ലിജോ പോള്‍
ഗാനരചന: രാജീവ്‌ ആലുങ്കല്‍
സംഗീതം: എം.ജയചന്ദ്രന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സുജിത്
മേക്കപ്പ്:പി.എന്‍.മണി
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
വിതരണം: ചാന്ദ് വി റിലീസ്

7 Jan 2013

അന്നയും റസൂലും - പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ റിയലസ്റ്റിക്ക് പ്രണയകാവ്യം 7.50/10

കൊച്ചിയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന പൊന്നാനി സ്വദേശി റസൂലും, ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പെട്ട വൈപ്പിന്‍ക്കാരി അന്നയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ ശക്തമായ കഥ പറയുന്ന സിനിമയാണ് അന്നയും റസൂലും. പ്രശസ്ത ചായഗ്രഹകാന്‍ രാജീവ്‌ രവി ആദ്യമായി സംവിധാനം ചെയ്യുന്ന അന്നയും റസൂലും നിര്‍മ്മിച്ചിരിക്കുന്നത് വിനോദ് വിജയനും സെവന്‍ ആര്‍ട്സ് മോഹനും ചേര്‍ന്നാണ്. അന്നയായി ദക്ഷിണ ഇന്ത്യയിലെ പ്രമുഖ നടിയും ഗായികയുമായ ആന്‍ഡ്രിയ ജറമിയയും റസൂലായി മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസിലുമാണ്‌ അഭിനയിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ രഞ്ജിത്ത്, ആഷിക് അബു, പി.ബാലചന്ദ്രന്‍, ജോയ് മാത്യു, എം.ജി.ശശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ സെക്കന്റ്‌ ഷോ, നി കൊ ഞാ ചാ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സണ്ണി വെയിനും ഒരു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ചാപ്പ്റ്റേഴ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം, പുതുമുഖങ്ങളായ സൗബിന്‍ ഷാഹിര്‍, ജിന്‍സ് ഭാസ്കര്‍, നി കൊ ഞാ ചാ ഫെയിം സിജ റോസ്, 22 ഫീമെയില്‍ കോട്ടയം ഫെയിം ശ്രിന്ദ അഷബ്, മുത്തുമണി, പുതിയ തീരങ്ങള്‍ ഫെയിം മോളി എന്നിവരുമുണ്ട്. രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ് എന്നിവരുടെ കഥയ്ക്ക്‌ സന്തോഷ്‌ എച്ചിക്കാനം തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. മധു നീലകണ്ഠന്‍ ചായാഗ്രഹണവും, ബി.അജിത്കുമാര്‍ ചിത്രസന്നിവേശവും, തപസ് നായക് ശബ്ദമിശ്രണവും, കെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ഒരു ബോട്ട് യാത്രക്കിടയില്‍ അന്നയെ റസൂല്‍ കാണുന്നു. കണ്ട ആദ്യ നിമിഷം മുതലേ അന്നയെ റസൂല്‍ പ്രണയിച്ചു തുടങ്ങിയിരുന്നു.അമ്മയുടെ മരണശേഷം മൂകനായി ജീവിക്കുന്ന അപ്പനും, തല്ലും വഴക്കുമായി നടക്കുന്ന കൌമാരക്കാരന്‍ അനുജനും മാത്രമുള്ള അന്നയുടെ ജീവിതം കഷ്ടപാടുകള്‍ നിറഞ്ഞതാണ്‌. ജേഷ്ടന്‍ ഹൈദരും, പൊന്നാനിയില്‍ വേറൊരു ഭാര്യയും കുട്ടികളുമായി കഴിയുന്ന ബാപ്പയും മാത്രമുള്ള റസൂലും ജീവിക്കുവാന്‍ വേണ്ടി കഷ്ടപെടുന്നയാളാണ്. കഷ്ടപാടുകളുടെ ലോകത്തില്‍ അന്നയ്ക്കു ലഭിച്ച ചെറിയ സന്തോഷമാണ് റസൂലിന്റെ പ്രണയം. ഒരുപാട് നാളത്തെ പ്രണയ അഭ്യര്‍ത്ഥനയ്ക്ക് ശേഷം റസൂലിന്റെ സ്നേഹത്തിനു മുന്നില്‍ അന്ന കീഴടങ്ങുന്നു. ഒരിക്കല്‍, ഇരുവരുടെയും പ്രണയം അന്നയുടെ വീട്ടില്‍ അറിയുന്നു. തുടര്‍ന്ന് അന്നയുടെയും റസൂലിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

കഥ,തിരക്കഥ: വെരി ഗുഡ്
മലയാള സിനിമയില്‍ സമീപകാലത്തൊന്നും ഇത്രയും റിയലസ്റ്റിക്കായ തിരക്കഥയും സംഭാഷണങ്ങളും ഒരു തിരക്കഥകൃത്തും എഴുതിയിട്ടില്ല. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ സംഭാഷണങ്ങള്‍ രചിച്ചുകൊണ്ട് സന്തോഷ്‌ എച്ചിക്കാനം പുതിയൊരു അധ്യായം മലയാള സിനിമയില്‍ തുടങ്ങിയിരിക്കുകയാണ്. ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ അന്നയെയും റസൂലിനെയും, സിനിമയിലെ മറ്റു അഭിനേതാക്കളെയെല്ലാം നേരിട്ട് പരിചയമുള്ളതുപോലെ അനുഭവപെടുന്നുണ്ട്. ഈ സിനിമയുടെ കഥ പറയുന്നതിന് ആവശ്യമല്ലാത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അന്നയെ പോലെ ഒരു പെണ്‍കുട്ടി റസൂലിനെ പോലെ ഒരു അപരിചിതനെ പ്രേമിക്കുവാന്‍ എത്രത്തോളം സമയമെടുക്കുമോ, അത്രത്തോളം സമയമെടുക്കുന്നത് പോലെ പ്രേക്ഷകര്‍ക്ക്‌ തോന്നുന്ന വിധത്തിലുള്ള രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. അനിവാര്യമായ സംഭാഷണങ്ങളും നടീനടന്മാരുടെ അഭിനയവും രംഗങ്ങളെ കൂടുതല്‍ വിശ്വസനീയമാക്കുന്നു. മട്ടാഞ്ചേരിയിലെ ജനങ്ങള്‍ എങ്ങനെയോക്കെയാണോ സംസാരിക്കുന്നത്, അതെ രീതിയിലാണ് സിനിമയുടെ സംഭാഷണങ്ങള്‍. സന്തോഷ്‌ എച്ചിക്കാനം എന്ന തിരക്കഥ രചയ്താവിന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച തിരക്കഥയാണ് അന്നയും റസൂലും. അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ് 
ശേഷം, രസികന്‍, ക്ലാസ് മേറ്റ്സ്, സീത കല്യാണം, ഇവന്‍ മേഘരൂപന്‍ എന്നീ സിനിമകളുടെ ചായഗ്രഹകനായിരുന്ന രാജീവ്‌ രവിയുടെ ആദ്യ സംവിധാന സംരംഭമാണ് അന്നയും റസൂലും. തിരക്കഥയിലെ ഓരോ രംഗങ്ങളും ഏറ്റവും മികച്ച രീതിയില്‍ ചിത്രീകരിച്ചു, അഭിനേതാക്കളെ സ്വഭാവീകതയോടെ അഭിനയിപ്പിച്ചു, റിയാലിറ്റി കൈവിടാതെ ശബ്ദമിശ്രണം ചെയ്തു സിനിമയെ ഉന്നത നിലവാരത്തില്‍ കൊണ്ടെത്തിച്ചത് രാജീവ്‌ രവിയുടെ കഴിവ് തന്നെയാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ പുതുമുഖ നടീനടന്മാരെ കണ്ടുപിടിച്ചു നല്ല രീതിയില്‍ അവരെകൊണ്ട് അഭിനയിപ്പിക്കുവാന്‍ രാജീവ്‌ രവിയ്ക്ക് സാധിച്ചു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, രണ്ടു വ്യതസ്ത മതങ്ങളിലുള്ള ആണും പെണ്ണും തമ്മിലുള്ള പ്രണയകഥകളും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗം സിനിമകളും വളരെ കളര്‍ഫുള്‍ ആയ ദ്രിശ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അതിലുപരി പ്രേക്ഷകരെ രസിപ്പിക്കുന്നതിനായുള്ള എല്ലാ ഘടഗങ്ങളും ആ സിനിമകളില്‍ ഉണ്ടായിരുന്നു. ആ സിനിമകളില്‍ നിന്നെല്ലാം വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ് രാജീവ്‌ രവിയുടെ അന്നയും റസൂലും. ഇത്രയും റിയലസ്റ്റികായ, മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഒരു പ്രണയകഥയും മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. ബാലു മഹേന്ദ്രയുടെ യാത്ര, പ്രിയദര്‍ശന്റെ താളവട്ടം, ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, രാജീവ്കുമാറിന്റെ ക്ഷണക്കത്ത് തുടങ്ങിയ വ്യതസ്ത പ്രണയകഥകള്‍ മലയാളികളുടെ മനസ്സില്‍ ഇന്നും നൊമ്പരമുണര്‍ത്തുന്ന ചലച്ചിത്ര അനുഭവങ്ങളാണ്. അതെ ശ്രേണിയില്‍ മലയാളികള്‍ ഇന്നും എന്നും എന്നാളും ഓര്‍ക്കും അന്നയെയും റസൂലിനെയും. രാജീവ്‌ രവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ് 
തപസ് നായകിന്റെ ശബ്ദമിശ്രണം, മധു നീലകണ്ടന്റെ സ്വഭാവീകതയോടെയുള്ള ചായഗ്രഹണവും, ബി.അജിത്കുമാറിന്റെ ചിത്രസന്നിവേശവും, മെഹബൂബിന്റെ സംഗീതത്തിലുള്ള പാട്ടുകളും, നാഗരാജിന്റെ കലാസംവിധാനവും തുടങ്ങി ശ്യാം കൌശലിന്റെ സംഘട്ടന രംഗങ്ങള്‍ വരെ പുതുമയുള്ളതായിരുന്നു. സിനിമയുടെ ചിത്രീകരിക്കുമ്പോള്‍ തന്നെ ശബ്ദങ്ങള്‍ പകര്‍ത്തിയതുകൊണ്ട് ഓരോ രംഗങ്ങള്‍ക്കും ജീവനുള്ളതുപോലെ അനുഭവപെട്ടു. അനാവശ്യമായ വെളിച്ചമോ കളറുകളൊ നല്‍ക്കാതെ യഥാര്‍ത്ഥ രീതിയില്‍ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മധു നീലകണ്ടനും സിനിമയ്ക്ക് പുതിയൊരു ദ്രിശ്യാനുഭവം സമ്മാനിച്ചു. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കൂടുതലാണ് എന്നതൊഴിച്ചാല്‍ അജിത്കുമാറിന്റെ സന്നിവേശവും മികവുറ്റതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, മനോജിന്റെ മേക്കപും, നാഗരാജിന്റെ കലാസംവിധാനവും, ശ്യാം കൌശലിന്റെ സംഘട്ടനവും സിനിമയുടെ മാറ്റുകൂട്ടുന്ന ഘടഗങ്ങളാണ്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ മെഹബൂബ് സംഗീതം നല്‌ക്കിയ കണ്ടു രണ്ടു കണ്ണ്, കായലിനരികെ എന്ന് തുടങ്ങുന്ന പാട്ടുകള്‍ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. രണ്ടു ഗാനങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കെ എന്ന പേരില്‍ ഒരാളാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് വീണ്ടും സംഗീതം നല്ക്കിയിരിക്കുന്നത്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!  

അഭിനയം: വെരി ഗുഡ്
22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഫഹദ് ഫാസിലിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ റസൂല്‍. ഫഹദ് അഭിനയിച്ച സിനിമകളില്‍ ഏറ്റവും മികച്ച രീതിയില്‍ അഭിനയിചിരിക്കുന്നതും അന്നയും റസൂലിലുമാണ്. ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഫഹദ് തന്നെയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികകല്ലായിരിക്കും ഈ സിനിമയിലെ കഥാപാത്രം. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് റസൂലിന്റെ സുഹൃത്തുക്കളായി അഭിനയിച്ച ആഷ്‌ലി(സണ്ണി വെയ്ന്‍), അബു(ഷൈന്‍), കോളി(സൗബിന്‍), അബുവിന്റെ ഭാര്യ(ശ്രിന്ദ) എന്നിവരാണ്. മട്ടാഞ്ചേരിയിലെ ആളുകള്‍ എങ്ങനെയാണോ പെരുമാറുന്നത് ആ ഭാവപ്രകടനങ്ങള്‍ തെല്ലിടെ വ്യതാസമില്ലാതെയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഷിക് അബുവും, രഞ്ജിത്തും, ജോയ് മാത്യുവും, പി.ബാലചന്ദ്രനും, ഒട്ടെറ പുതുമുഖങ്ങളും ഒക്കെ മികവുറ്റ രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ നായിക നടി ആന്‍ഡ്രിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് അന്നയും റസൂലും. ആദ്യ മലയാള സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ അവിസ്മരണീയമാക്കി അന്ന എന്ന കഥാപാത്രത്തെ. ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ ആന്‍ഡ്രിയയ്ക്ക് ലഭിക്കട്ടെ എന്ന ആശംസിക്കുന്നു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങള്‍
2.റിയലസ്റ്റിക് രീതിയിലുള്ള സംവിധാനം
3.എല്ലാ നടീനടന്മാരുടെയും അഭിനയം
4.ചായാഗ്രഹണം, ശബ്ദമിശ്രണം
5.പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്‍ഘ്യം

അന്നയും റസൂലും റിവ്യൂ: കെട്ടുറപ്പുള്ള കഥയും, റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, മനോഹരമായ സാങ്കേതിക പിന്‍ബലവും, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൂടിച്ചേര്‍ന്ന അന്നയും റസൂലും, നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട സിനിമയാണ്.

അന്നയും റസൂലും റേറ്റിംഗ്: 7.50/10
കഥ,തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 22.5/30 [7.5/10]

സംവിധാനം: രാജീവ്‌ രവി
കഥ: രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി.സേതുനാഥ്
തിരക്കഥ,സംഭാഷണം:സന്തോഷ്‌ എച്ചിക്കാനം
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍
ബാനര്‍: ഡി കട്ട്സ് ഫിലിം കമ്പനി
ചായാഗ്രഹണം: മധു നീലകണ്ടന്‍ 
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍
കലാസംവിധാനം:നാഗരാജ്
ശബ്ദമിശ്രണം: തപസ് നായക്
ഗാനരചന: അന്‍വര്‍ അലി, റഫീക്ക് തിരുവള്ളൂര്‍
സംഗീതം: കെ
മേക്കപ്പ്: മനോജ്‌
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം:ശ്യാം കൌശല്‍
വിതരണം: ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സ്

5 Jan 2013

നി കൊ ഞാ ചാ - ഗുണവും ദോഷവും ചെയ്യാത്ത ന്യൂ ജനറേഷന്‍ പരീക്ഷണം 5.10/10

നിന്നേം കൊല്ലും ഞാനും ചാവും - നി കൊ ഞാ ചാ! സിനിമയുടെ പേരില്‍ തുടങ്ങി പ്രമേയത്തിലും കഥയിലും സംഭാഷണങ്ങളിലും സംവിധാനത്തിലും പുതുമുഖങ്ങളുടെ അഭിനയത്തിന്റെ കാര്യത്തില്‍ വരെ ഒട്ടേറ പുതുമുകളുള്ള നി കൊ ഞാ ചാ നിര്‍മ്മിച്ചിരിക്കുന്നത് ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ്‌ സേനനും അനീഷ്‌ എം.തോമസും ചേര്‍ന്നാണ്. നവാഗതനായ ഗിരീഷാണ് ഈ സിനിമയുടെ കഥ,തിരക്കഥ,സംഭാഷണങ്ങള്‍,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖം നീല്‍ ഡി കുഞ്ഞയാണ് ചായാഗ്രഹണം. സെക്കന്റ്‌ ഷോ ഫെയിം സണ്ണി വെയ്ന്‍, പുതുമുഖങ്ങളായ പ്രവീണ്‍, സഞ്ജു, സിജ റോസ്, രോഹിണി മറിയം ഇടിക്കുള, പാര്‍വതി നായര്‍, മെറിന്‍ മാത്യു, പൂജിത മേനോന്‍, ഷാനി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.  

സിനിമ സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന അബു ഹമീദ്, ചാനലിലെ നഷ്ട പ്രണയത്തെ കുറിച്ചുള്ള ലോസ്റ്റ്‌ ലൗ എന്ന പരിപാടിയുടെ സംവിധായകന്‍ ജോ, സ്കിന്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍ റോഷന്‍ എന്നിവര്‍ ഉറ്റ സുഹൃത്തുക്കളാണ്. മൂവരും ചേര്‍ന്ന് ഗോവയിലേക്ക് യാത്ര പോകുന്നു. ഗോവയിലെത്തിയ ഇവരുടെ ജീവിതത്തിലേക്ക് അഞ്ജലി മേനോന്‍, ആലിസ്, സാനിയ, ആന്‍ മാത്യൂസ്‌ എന്നീ പെണ്‍കുട്ടികള്‍ കടന്നുവരുന്നു. ഈ പെണ്‍കുട്ടികള്‍ മൂവരുടെയും ജീവിതത്തിലുണ്ടാകുന്ന പ്രശനങ്ങലാണ് ഈ സിനിമയുടെ കഥ. കഥയുടെ അവസാനം അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളോടെ സിനിമ അവസാനിക്കുന്നു. അബുവായി സഞ്ജുവും, ജോയായി പ്രവീണും, റോഷനായി സണ്ണി വെയിനും അഭിനയിച്ചിരിക്കുന്നു. 

കഥ,തിരക്കഥ: ബിലോ ആവറേജ് 
സംവിധായകന്‍ ഗിരീഷ്‌ തന്നെയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയിലെ പ്രേക്ഷകരെ ആകര്‍ഷിക്കുവാനുള്ള എല്ലാ ഘടകങ്ങളും ഈ സിനിമയുടെ തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട് ഗിരീഷ്‌. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ബാക്കിയുണ്ടാകും. അതുകൂടാതെ, ഇത്രയും കണ്ഫ്യൂഷന്‍ ഉണ്ടാകുന്ന കഥ അടുത്തകാലത്തൊന്നും മലയാള സിനിമയില്‍ കണ്ടിട്ടില്ല. രസകരമായ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ നിരവധിയുണ്ടെകിലും സിനിമയുടെ ക്ലൈമാക്സിലുള്ള ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പ്രേക്ഷകര്‍ക്ക്‌ ഒന്നടങ്കം കണ്ഫ്യൂഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. ലളിതമായ രീതിയില്‍ രസകരമായി ഈ സിനിമയെ സമീപിചിരുന്നുവെങ്കില്‍ മലയാള സിനിമയിലെ പുതിയൊരു അദ്ധ്യായം എഴുതാമായിരുന്നു ഗിരീഷിനും കൂട്ടര്‍ക്കും. വെങ്കട്ട് പ്രഭുവിന്റെ തമിഴ് സിനിമ ഗോവയുമായി ചില സാമ്യങ്ങളൊക്കെ ഈ സിനിമയ്ക്ക് ഉണ്ടെകിലും നീ കൊ ഞാ ചാ യുടെ പ്രധാന കഥ വേറെയാണ്. എയിഡ്സ് എന്ന മാരക രോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഈ സിനിമയിലൂടെ ചര്ച്ചചെയുന്നുണ്ട്. യുവത്വം മോശമായ രീതിയില്‍ ജീവിചാലുള്ള ദോഷങ്ങളും ഈ സിനിമയുടെ കഥയില്‍ പറഞ്ഞുപോകുന്നുണ്ട്. കുടുംബത്തിനും കുട്ടികള്‍ക്കും ഒരുമിച്ചിരുന്നു കാണുവാന്‍ സാധിക്കാത്ത രീതിയിലുള്ള രംഗങ്ങളും സംഭാഷണങ്ങളും സിനിമയെ ദോഷകരമായി ബാധിക്കുവാന്‍ സാധ്യതയുണ്ട്. യുവാക്കളെ മാത്രം രസിപ്പിക്കുവാനായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ് ഇതെങ്കില്‍, സിനിമ കണ്ടിരിക്കുന്ന ഭൂരിഭാഗം യുവാക്കളും കണ്ഫ്യൂഷണിലായിട്ടുണ്ട്.

സംവിധാനം: ആവറേജ് 
പുതുമുഖങ്ങളെ അണിനിരത്തി ഒരു പരീക്ഷണ സിനിമയെടുക്കുവാന്‍ ഗിരീഷ്‌ കാണിച്ച ദൈര്യം പ്രശംസനീയം തന്നെ. ഈ സിനിമയിലെ ഓരോ നടീനടന്മാരെയും മികവുറ്റ രീതിയില്‍ അഭിനയിപ്പികുകയും, സാങ്കേതിക വശങ്ങളില്‍ പൂര്‍ണ ശ്രദ്ധപതിപ്പിച്ചു ദ്രിശ്യവിരുന്നു ഒരുക്കുവാനും ഗിരീഷിനു സാധിച്ചു. പക്ഷെ, തിരക്കഥയുടെ കാര്യത്തിലും അശ്ലീല സംഭാഷണങ്ങളുടെ കാര്യത്തിലും ഗിരീഷിനു പിഴച്ചു. സിനിമയുടെ ആദ്യപകുതിയില്‍ മൂവരും ഗോവയിലെത്തിയതിനു ശേഷം കാട്ടികൂട്ടുന്ന കോമാളിത്തരങ്ങള്‍ ഒരല്പം പ്രേക്ഷകരെ ബോറടിപ്പിച്ചു. അതുപോലെ, രണ്ടാം പകുതിയില്‍ റോഷനും അബുവും പേടിച്ചു നടക്കുന്ന രംഗങ്ങളിലും ഇഴച്ചില്‍ അനുഭവപെട്ടു. കഥയുടെ അവസാനം കണ്ഫ്യൂഷന്‍ ഉണ്ടാക്കികൊണ്ട് സിനിമ അവസാനിക്കുകയും ചെയ്തു. കഥയെപറ്റി കൂടുതലൊന്നും ചിന്തിക്കാതെ രസകരമായ ഒരു ഗോവന്‍ യാത്ര കണ്ടിരിക്കാന്‍ താല്പര്യമുള്ള യുവാക്കള്‍ക്ക് കണ്ടിരിക്കാം ഈ സിനിമ. കുട്ടികളും കുടുംബങ്ങളും രണ്ടുവട്ടം ആലോചിച്ചതിനു ശേഷം ഈ സിനിമ കാണുന്നതായിരിക്കും നല്ലത്. ഡിറ കൊ പ്രൊ ചാ [ഡയറക്ട്ടറിനെയും കൊല്ലും പ്രൊഡ്യൂസറും ചാവും] എന്ന അവസ്ഥ ആകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു!

സാങ്കേതികം: ഗുഡ് 
കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ ചിത്രീകരിച്ചു പ്രേക്ഷകര്‍ക്ക്‌ ദ്രിശ്യവിരുന്നു ഒരുക്കുവാന്‍ പുതുമുഖ ചായാഗ്രാഹകന്‍ നീല്‍ ഡി കൂഞ്ഞയ്ക്ക് സാധിച്ചിട്ടുണ്ട്. കൊച്ചിയിലും, മംഗലാപുരത്തും, ഗോവയിലുമായി ചിത്രീകരിച്ച രംഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുനുണ്ട്. കഥയിലും അവതരണത്തിലും ഉള്ള പോരായ്മകള്‍ പരിഹരിച്ചു പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടഗങ്ങളില്‍ ഒന്നാണ് ചായാഗ്രഹണം. മറ്റൊരു എടുത്തു പറയേണ്ട സാങ്കേതിക മികവു പുലര്‍ത്തിയത്‌ മനോജിന്റെ ചിത്രസന്നിവേശമാണ്. സിനിമയുടെ ആദ്യപകുതിയിലും രണ്ടാംപകുതിയിലും ഇഴച്ചില്‍ അനുഭവപെടുന്നുണ്ടെങ്കിലും മനോജിന്റെ പുതുമയുള്ള സന്നിവേശം പ്രേക്ഷകരെ വലുതായി മുഷിപ്പിക്കുന്നില്ല. ഗോപി സുന്ദറാണ് ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്ക്കിയിട്ടുണ്ട് ഗോപി സുന്ദര്‍. പ്രശാന്ത് പിള്ളയാണ് മൂന്ന് പാട്ടുകളുള്ള ഈ സിനിമയുടെ സംഗീത സംവിധാനം. കലാസംവിധാനം നിര്‍വഹിച്ച ഉണ്ണി കുറ്റിപുറം,വസ്ത്രാലങ്കാരം നിര്‍വഹിച്ച ഷീബ റോഹന്‍, മേക്കപ്പ് നിര്‍വഹിച്ച പി.വി.ശങ്കര്‍ എന്നിവരും മികവു പുലര്‍ത്തി.  


അഭിനയം: വെരി ഗുഡ്
സണ്ണി വെയ്ന്‍, പ്രവീണ്‍, സഞ്ജു, സിജ റോസ്, രോഹിണി മറിയം, പാര്‍വതി നായര്‍, പൂജിത മേനോന്‍, മെറിന്‍ മാത്യു, ഷാനി എന്നീ നടീനടന്മാരുടെ ആദ്യ സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത അത്യുഗ്രന്‍ അഭിനയമാണ് നി കൊ ഞാ ചാ എന്ന സിനിമയില്‍ അവര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഷമ്മി തിലകന്‍, മണികണ്ടന്‍ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയില്‍ മനോഹരമായി അഭിനയിച്ചിട്ടുണ്ട്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം
2.നടീനടന്മാരുടെ അഭിനയം
3.സംഭാഷണങ്ങള്‍
4.ചായാഗ്രഹണം, ചിത്രസന്നിവേശം
5.പശ്ചാത്തല സംഗീതം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ
2.ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
3.കുട്ടികളും കുടുംബത്തിനും ദഹിക്കാത്ത ചില അശ്ലീലങ്ങള്‍
4.ക്ലൈമാക്സ്

നി കൊ ഞാ ചാ റിവ്യൂ: ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ വേണ്ടിയുള്ള ഏറ്റവും പുതിയ പരീക്ഷണം.

നി കൊ ഞാ ചാ റേറ്റിംഗ്: 5.10/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 15.5/30 [5.1/10]

രചന, സംവിധാനം: ഗിരീഷ്‌
നിര്‍മ്മാണം: സന്ദീപ്‌ സേനന്‍, അനീഷ്‌ എം.തോമസ്‌
ബാനര്‍: ഉര്‍വശി തിയറ്റേഴ്സ്
ചായാഗ്രഹണം: നീല്‍ ഡി കൂഞ്ഞ
ചിത്രസന്നിവേശം: മനോജ്‌
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: ഉണ്ണി കുറ്റിപുറം
വസ്ത്രാലങ്കാരം:ഷീബ റോഹന്‍
മേക്കപ്പ്:പി.വി.ശങ്കര്‍
വിതരണം: മുരളി ഫിലിംസ്