30 Sept 2011

സ്നേഹവീട്

മലയാളി സിനിമ പ്രേക്ഷകര്‍ എക്കാലവും കൗതുകത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് സ്നേഹവീട്. വിദേശവാസം ഉപേക്ഷിച്ചു ഗ്രാമത്തിന്റെ നന്മയും മനോഹാരിതയും ആസ്വദിക്കുവാനും, ശേഷിക്കുന്ന ജീവിതം അമ്മ അമ്മുകുട്ടിഅമ്മയോടൊപ്പം ചിലവഴിക്കുവാനും തീരുമാനിച്ചു നാട്ടില്‍ എത്തിയ അജയന്റെയും അമ്മയുടെയും കഥയാണ് സ്നേഹവീട്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മുകുട്ടിഅമ്മയുടെയും അജയന്റെയും സന്തോഷങ്ങളും, സങ്കടങ്ങളും, പരിഭവങ്ങളും, പ്രശ്നങ്ങളും അടങ്ങുന്ന അവരുടെ ജീവിതത്തില്‍ കാര്‍ത്തിക് വരുന്നു. തുടര്‍ന്ന് അജയന്റെയും അമ്മുകുട്ടിഅമ്മയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ സത്യന്‍ അന്തിക്കാട്‌ രചനയും സംവിധാനവും നിര്‍വഹിച്ച സ്നേഹവീട് എന്ന സിനിമയില്‍ മോഹന്‍ലാല്‍, ഷീല, പത്മപ്രിയ, രാഹുല്‍ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വേണുവാണ് ചായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഇളയരാജ സംഗീതം നല്ക്കിയിരിക്കുന്നു.

കൃഷിക്കാരനും, ഫാക്ടറി ഉടമയുമായ അവിവാഹിതനായ അജയന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അജയന്റെ ഗ്രാമത്തില്‍ ജീവിക്കുന്ന മത്തായിച്ചനും, ബാലനും, കൃഷ്ണേട്ടനും അടങ്ങുന്ന സുഹൃത്ത് സംഘങ്ങളുമായി നാടകം കളിച്ചും, ഉത്സവങ്ങളില്‍ പങ്കെടുത്തും അജയന്‍ സമാധാനമായി ജീവിക്കുന്നു. ഒരിക്കല്‍ അജയനെ തേടി ചെന്നൈയില്‍ നിന്നും കാര്‍ത്തിക് എന്ന കുട്ടി എത്തുന്നു. അതോടെ, സമാധാനത്തോടെ ജീവിക്കുന്ന അജയന്റെ ജീവിതം മാറിമറയുന്നു. ആരാണ് കാര്‍ത്തിക്? എന്തിനാണ് അജയനെ തേടി കാര്‍ത്തിക് വന്നത്? ഇതാണ് ഈ സിനിമയുടെ കഥ. അജയനായി മോഹന്‍ലാലും, അമ്മുകുട്ടിഅമ്മയായി ഷീലയും, കാര്‍ത്തിക് ആയി പുതുമുഖം രാഹുല്‍ പിള്ളയും, മത്തായിയായി ഇന്നസെന്റും, ബാലനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. 

കഥ - തിരക്കഥ: ബിലോ ആവറേജ്
ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ ടീം ഒന്നിച്ച സിനിമയാണ് സ്നേഹവീട്. സംവിധായകന്‍ സത്യന്‍ അന്തികാട് തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയും, പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന തിരക്കഥയും സംഭാഷണങ്ങളും, നന്മകള്‍ ഏറെയുള്ള ഗ്രാമത്തിലെ കുറെ കഥാപാത്രങ്ങളും സത്യന്‍ അന്തികാട് സിനിമകളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതാണ്. ആ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവനെയും സ്ഥിരം ചേരുവകളെല്ലാം സത്യന്‍ അന്തിക്കാട്‌ ഭംഗിയായി ചേര്‍ത്തിട്ടുണ്ട് ഈ സിനിമയില്‍. പക്ഷെ, സത്യന്‍ അന്തികാടിന്റെ എല്ലാ സിനിമയിലും ഇതേ കഥാഗതിയും കഥാപാത്രങ്ങളും സംഭാഷണങ്ങളും
ഉണ്ടെങ്കില്‍ , ഏതുതരം സിനിമ പ്രേക്ഷകനും അത് ബോറായി അനുഭവപെടും. അതുതന്നെയാണ് ഈ സിനിമയുടെയും പ്രധാന പ്രശ്നവും. അതുകൂടാതെ, വിശ്വസിക്കാന്‍ പ്രയാസമുള്ള കഥയും, കെട്ടുറപ്പില്ലാത്ത തിരക്കഥയും കൂടെയായപ്പോള്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ സിനിമ സംവിധായകന്റെ നിയന്ത്രണത്തില്‍ നിന്നും കൈവിട്ടുപോയ അവസ്ഥയാണ് കണ്ടത്. പുതുമകള്‍ ആഗ്രഹിക്കുന്ന മലയാള സിനിമ പ്രേക്ഷകര്‍ ഇതിലും മികച്ചത് സത്യന്‍ അന്തിക്കാടില്‍ നിന്നും പ്രതീക്ഷിക്കുന്നു, ഇനിയുള്ള സിനിമകളിലെങ്കിലും സ്ഥിരം സത്യന്‍ അന്തികാട് ചേരുവകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

സംവിധാനം: എബവ് ആവറേജ്
അന്നും ഇന്നും സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ സിനിമകള്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു സിനിമ വിരുന്ന് തന്നെയാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചിരുന്നു കാണുവാനും, ആസ്വദിക്കുവാനും വേണ്ടി ഒരുക്കിയതാണ്‌
സ്നേഹവീട് എന്ന സിനിമയും. സിനിമയുടെ ആദ്യപകുതിയിലുള്ള ഹാസ്യ രംഗങ്ങളും, കുടുംബംഗങ്ങളും,അയല്‍വാസികളും നാട്ടുകാരും പരസ്പരമുള്ള സ്നേഹവും സൗഹൃദവും എല്ലാം മലയാളി സിനിമ പ്രേമികള്‍ കാണുവാന്‍ ആഗ്രഹിക്കുന്നതാണ്.  നല്ല രീതിയിലുള്ള കഥയൊരുക്കി, നല്ല നടീനടന്മാരെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു, നല്ല സാങ്കേതിക മികവോടെ രംഗങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോഴാണ്‌ ഒരു സംവിധായകന്‍ വിജയിക്കുന്നത്. ശരാശരി നിലവാരമുള്ള ഈ കഥ, രണ്ടര മണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന രീതിയില്‍ ഒരുക്കുവാന്‍ സാധിച്ചത് സത്യന്‍ അന്തികാട് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. പക്ഷെ, സന്മനസുള്ളവര്‍ക്ക് സമാധാനവും, നാടോടിക്കാറ്റും, വരവേല്‍പ്പും, രസതന്ത്രവുമൊക്കെ ഒരുക്കിയ സംവിധായകനില്‍ നിന്നും ഇതിലും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു. 

സാങ്കേതികം: ഗുഡ്
പാലക്കാടിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ട് വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാകും എന്നുറപ്പ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രം പറയുന്നത് പോലെ പച്ചപരവതാനി വിരിച്ച നെല്പാടങ്ങളും, ഇളം കാറ്റും, പഴയ തറവാട് വീടും എപ്രകാരം മനസ്സിനും കണ്ണിനും കുളിര്‍മയെകുന്നുവോ, അപ്രകാരം വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയ്ക്ക് ദ്രിശ്യഭംഗിയേകുന്നു. സിനിമയുടെ കഥാഗതി മുമ്പോട്ടു കൊണ്ടുപോകുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ്
പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ വരികള്‍ എഴുതുവാനും കേള്‍ക്കാന്‍ ഇമ്പമുള്ളതായ ഈണങ്ങള്‍ ഒരുക്കുവാനും റഫീക്ക് അഹമ്മദ്‌ - ഇളയരാജ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഹരിഹരന്‍ ആലപിച്ച "അമൃതമായി അഭയമായി" എന്ന തുടങ്ങുന്ന പാട്ടും,"ചെങ്ങതിര്‍ കൈയും വീശി" എന്ന പാട്ടും മനോഹരമായി ചിട്ടപെടുത്തിയിട്ടുണ്ട് ഇളയരാജ. കെ. രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

അഭിനയം: ഗുഡ്
മലയാളി സിനിമ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പഴയ തമാശകളും, കുസൃതികളും, നല്ല അഭിനയവുമെല്ലാം കാഴ്ച്ചവെച്ചുകൊണ്ട് അതിമനോഹരമായ പ്രകടനമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഷീലയും നല്ല അഭിനയ പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്‍, രാഹുല്‍ പിള്ള, ഇന്നസെന്റ്, മാമുക്കോയ, ശശി കലിംഗ, ചെമ്പില്‍ അശോകന്‍, പത്മപ്രിയ, ലെന, കെ.പി.എ.സി.ലളിത, മല്ലിക എന്നിവരുമുണ്ട്.      

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ , ഷീല എന്നിവരുടെ അഭിനയം
2. മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട്
3. വേണു ഒരുക്കിയ മനോഹരമായ വിഷ്വല്‍സ്    
4. ഇളയരാജ ഒരുക്കിയ പാട്ടുകള്‍
5. സിനിമയുടെ ആദ്യപകുതിയിലെ ഹാസ്യരംഗങ്ങള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. പ്രവചിക്കനാവുന്ന കഥ
2. കെട്ടുറപ്പില്ലാത്ത തിരക്കഥ  
3. ക്ലൈമാക്സ്
4. സത്യന്‍ അന്തികാട് സിനിമകളില്‍ കണ്ടുമടുത്ത കഥാരീതി,
കഥാപാത്രങ്ങള്‍

സ്നേഹവീട് റിവ്യൂ: സത്യന്‍ അന്തികാട് സിനിമകളിലെ സ്ഥിരം ചേരുവകളെല്ലാം ചേര്‍ത്തൊരുക്കിയ, ഒരു കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും പരിഭവങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രം.

സ്നേഹവീട് റേറ്റിംഗ്: 5.30 / 10 
കഥ - തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10  [എബവ് ആവറേജ്] 
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]

ആകെ മൊത്തം: 16 / 30  [ 5.3 / 10 ] 

രചന-സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
സംഗീതം: ഇളയരാജ
വരികള്‍: റഫീക്ക് അഹമ്മദ്‌
വിതരണം: ആശിര്‍വാദ് മാക്സ്ലാബ്
 

16 Sept 2011

സെവന്‍സ്

ട്വന്റി-20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ മെഗാ ഹിറ്റ് സിനിമകള്‍ക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്ത സിനിമയാണ് സെവന്‍സ്. യുവ താരനിരയിലെ ശ്രദ്ധേയരായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പൊളി, രേജിത് മേനോന്‍, അജു വര്‍ഗീസ്‌, വിജീഷ്, വിനീത് കുമാര്‍ എന്നിവരാണ് സെവന്‍സ് സിനിമയിലെ ഏഴു ഫുട്ബോള്‍ കളികാരുടെ വേഷം അഭിനയിക്കുന്നത്. പവിത്രം സിനിമയ്ക്ക് വേണ്ടി സന്തോഷ്‌ പവിത്രം, സിയോണ്‍ ഇന്റര്‍നാഷണലിനു വേണ്ടി സജയ് സെബാസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സെവന്‍സ് വിതരണം ചെയ്യുന്നത് മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ്. അറബിക്കഥയ്ക്ക് ശേഷം ഇഖ്‌ബാല്‍ കുറ്റിപുറം കഥ, തിരക്കഥ, സംഭാഷണം രചിച്ച സെവന്‍സ് സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് അജയന്‍ വിന്‍സെന്റ് ആണ്.

ശ്യാം, സൂരജ്, ഷൌക്കത്ത്, അരുണ്‍, ശരത്, സതീഷ്‌, ലിന്റോ എന്ന ഏഴു സുഹൃത്തുകളുടെ പ്രധാന വിനോദം എന്നത് ഫുട്ബോള്‍ കളിയാണ്. കോഴിക്കോട് സ്വദേശികളായ ഏഴുപേരും ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നവരാണ്. ജോലി ചെയ്തു സംബാധിക്കുന്നതിനു പുറമേ, സെവന്‍സ് ഫുട്ബോള്‍ കളിച്ചു അതില്‍ നിന്നും വരുമാനം കണ്ടെത്തിയിരുന്നു ഇവര്‍. ഒരിക്കല്‍, കോഴിക്കോടിലെ ഒരു ക്ലബിന് വേണ്ടു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്റില്‍ കളിക്കുന്നതിനെടെ ഇവര്‍ ഏതിര്‍വശത്തെ ടീമിലെ അരവിന്ദന്‍ എന്ന കളിക്കാരനെ മനപ്പൂര്‍വം അപകടപെടുത്തന്‍ ശ്രമിക്കുകയും, അത് വലിയ ഒരു അപകടത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു.

ആളുമാറി അപകടപെടുത്തിയതാണെങ്കിലും അരവിന്ദന്റെ നില ഗുരുതരമായ അവസ്ഥയില്‍ ആകുമ്പോള്‍, അരവിന്ദനെ സഹായിക്കുവാനായി സെവന്‍സ് സംഘം പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ, അവര്‍ ചെറിയ ക്വോട്ടേഷന്‍സ് ഏറ്റെടുത്തു പണം ഉണ്ടാക്കുന്നു. പുതിയ ക്വോട്ടേഷന്‍ സംഘത്തിന്റെ വരവ്, പഴയ ചില ക്വോട്ടേഷന്‍ സംഘങ്ങള്‍ക്ക് ഇഷ്ടപെടുന്നില്ല. ചില പ്രത്യേക ആവശ്യത്തിനായി സെവന്‍സ് സംഘം കോഴിക്കോട് നഗരത്തിലെ പ്രധാന ക്വോട്ടേഷന്‍ സംഘത്തലവനായ ബേപ്പൂര്‍ ശ്രീധരനും സംഘവുമായി ഏറ്റുമുട്ടുന്നു. ആ ഏറ്റുമുട്ടല്‍ സെവന്‍സ് സംഘത്തിലെ ഓരോ അംഗങ്ങളെയും മോശമായ രീതിയില്‍ ബാധിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് സെവന്‍സ് സംഘം ജയിലില്‍ ആകുന്നു. അവരുടെ നിരപരാധിത്വം, പോലിസ് കമ്മിഷണര്‍ അമല വിശ്വനാഥിന്റെ സഹായത്തോടെ അവര്‍ തന്നെ തെളിയിക്കുന്നതാണ് ഈ സിനിമയുടെ കഥ. ശ്യാമായി കുഞ്ചാക്കോ ബോബനും, സൂരജായി ആസിഫ് അലിയും, ഷൌക്കത്തായി നിവിന്‍ പോളിയും, അരുണായി അജു വര്‍ഗീസും, ശരത്തായി രേജിത് മേനോനും, സതീഷായി വിജീഷും, ലിന്റൊയായി അമീര്‍ നിയാസും, അരവിന്ദനായി വിനീത് കുമാറും, അമല വിശ്വനാഥായി നാദിയ മൊയ്ദുവും അഭിനയിച്ചിരിക്കുന്നു.

കഥ - തിരക്കഥ: ബിലോ ആവറേജ്
മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കണ്ടുമടുത്ത കഥ സിനിമയാക്കുവാനായി ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തെ പ്രേരിപ്പിച്ചതെന്താണ് എന്ന് മനസ്സിലാകുന്നില്ല. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഒരുപാട് സിനിമകള്‍ക്ക്‌ ചര്‍ച്ച വിഷയമായതാണ് ഗുണ്ട സംഘങ്ങളും, ചില പ്രത്യേക സാഹചര്യങ്ങളില്‍  നിരപരാധികള്‍ ഗുണ്ടകളായി മാറുന്നതും. അതെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചതിനു പുറമേ, പ്രവചിക്കനാകുന്ന കഥാഗതിയും, സംഭാഷണങ്ങളും ഉള്‍പെടുത്തി വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ശ്രമിച്ചത് സെവന്‍സ് എന്ന സിനിമയെ ദോഷകരമായി ബാധിച്ചു എന്നതാണ് സത്യം. സെവന്‍സ് എന്ന പേര് കേള്‍ക്കുമ്പോള്‍, ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തിലൂടെ പറഞ്ഞുപോകുന്ന പ്രണയകഥയോ, കുടുംബ കഥയോ എന്നെല്ലാം പ്രതീക്ഷിച്ചു സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ പറ്റിക്കപെടുന്നത് കൊണ്ടാണ് ഭൂരിഭാഗം പേര്‍ക്കും ഈ സിനിമ രസിക്കാത്തത്. ഈ സിനിമയുടെ കഥയും ഫുട്ബോള്‍ കളിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന വസ്തുത അറിയാവുന്ന കഥാകൃത്തും സംവിധായകനും ഈ സിനിമയ്ക്ക് സെവന്‍സ് എന്ന പേരിട്ടത് ഈ സിനിമയ്ക്ക് വിനയായി. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, അനാവശ്യമായ കഥാപാത്രങ്ങളോ, കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങളോ, തട്ടിക്കൂട്ട് തമാശകളോ ഒന്നുമില്ലാതെ തിരക്കഥ രചിക്കാന്‍ ഇഖ്‌ബാലിനു സാധിച്ചു എന്നത് ഒരു വലിയ കാര്യം തന്നെ. അതുകൊണ്ട് തന്നെ, പ്രേക്ഷകരെ രണ്ടര മണിക്കൂര്‍
ബോറടിപ്പിക്കാതെ പിടിച്ചിരുത്താന്‍ സെവന്‍സ് സിനിമയ്ക്ക് കഴിഞ്ഞു. അറബിക്കഥ എന്ന സിനിമയുടെ തിരക്കഥ രചിച്ച തിരക്കഥകൃത്തില്‍ നിന്നും ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
സെവന്‍സ് കണ്ട ഒരൊറ്റ പ്രേക്ഷകന്‍ പോലും ഈ സിനിമയെ ഒരു ജോഷി സിനിമ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കില്ല. കാരണം, ജോഷി എന്ന സംവിധായകനില്‍ ഒരുപാട് പ്രതീക്ഷ അര്‍പ്പിച്ചാണ് പ്രേക്ഷര്‍ സിനിമ കാണാന്‍ പോകുന്നത്. തരക്കേടില്ലാത്ത രീതിയില്‍ സിനിമയെടുക്കാന്‍ ജോഷിയ്ക്ക് സാധിച്ചെങ്കിലും, സെവന്‍സ് എന്ന സിനിമ ഒരു പുതുമയും നല്‍കുന്നില്ല. യുവ താരനിരയിലെ ശ്രദ്ധേയരായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പൊളി എന്നിവരെയൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. നല്ല ഗാനങ്ങളോ, സംഘട്ടന രംഗങ്ങളോ ഒന്നുമില്ലാത്ത സാധാരണ രീതിയില്‍ ചിത്രീകരിച്ചത് കൊണ്ടാവും ഈ സിനിമ പ്രേക്ഷകരെ രസിപ്പിക്കാഞ്ഞത്. കണ്ടു മടുത്തതും, കേട്ട് പഴകിയതുമായ കഥയായാലും പുതിയ അവതരണ രീതി സ്വീകരിച്ചിരുന്നു എങ്കില്‍ ഈ സിനിമ മികച്ചതാക്കാമായിരുന്നു. ഓരോ കഥാപാത്രത്തിനും അനിയോജ്യരായ നടന്മാരെ കൊണ്ട് നല്ല രീതിയില്‍ അഭിനയിപ്പിച്ചു എന്നതാണ് സംവിധായകന്‍ ചെയ്ത ഏറ്റവും നല്ല കാര്യം. വെറും ബിലോ ആവറേജ് തിരക്കഥയെ ബോറടിപ്പിക്കാത്ത രീതിയില്‍ സംവിധാനം ചെയ്തത് ജോഷി എന്ന സംവിധായകന്റെ സംവിധാന മികവു തന്നെ എന്നതില്‍ ഒരു സംശയവുമില്ല.


സാങ്കേതികം: ആവറേജ്
അജയന്‍ വിന്‍സെന്റ് ആണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാങ്കേതിക മികവു തെളിയിക്കുവാനുള്ള അവസരങ്ങളൊന്നും ഈ സിനിമയുടെ കഥയില്ലില്ല. മോശമല്ലാത്ത രീതിയില്‍ വിഷ്വല്‍സ് ഒരുക്കാന്‍ അജയന് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോള്‍ കളി ചിത്രീകരിച്ചിരിക്കുന്നത് കണ്ടാല്‍ ചായാഗ്രാഹകന്‍ ഫുട്ബോള്‍ കളി കണ്ടിട്ടില്ല എന്ന് തോന്നും. ഈ സിനിമയുടെ കഥയില്‍ ഫുട്ബോള്‍ കളിക്ക് പ്രാധാന്യമില്ലാത്തത് കൊണ്ടാവണം ചായാഗ്രാഹകന്‍ ശ്രദ്ധിക്കാഞ്ഞത് എന്ന് കരുതാം. രഞ്ജന്‍ അബ്രഹാമാണ് ചിത്രസന്നിവേശം. സെവന്‍സ് സിനിമയ്ക്ക് വേണ്ടി സന്തോഷ്‌ വര്‍മ്മയും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ് പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയത്. 

അഭിനയം: ഗുഡ്
ഈ സിനിമയിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. എല്ലാ ജോഷി സിനിമകളെയും പോലെ ഒരു നീണ്ട താരനിര തന്നെ ഈ സിനിമയില്‍ അണിനിരക്കുന്നു. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രേജിത് മേനോന്‍, അജു വര്‍ഗീസ്‌, വിജീഷ്, അമീര്‍ നിയാസ്, വിനീത് കുമാര്‍, സുമേഷ്, മണിയന്‍പിള്ള രാജു, മാമുക്കോയ, ശിവജി ഗുരുവായൂര്‍, ഭാമ, റീമ കല്ലുംഗല്‍, നാദിയ മോയ്ദു, ബിന്ദു പണിക്കര്‍, അംബിക മോഹന്‍, സീനത്ത് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അഭിനേതാക്കളുടെ പ്രകടനം
2. യുവതാരനിരയും ജോഷിയും ഒന്നിക്കുന്ന സിനിമ
3. തട്ടിക്കൂട്ട് തമാശകള്‍, ആവശ്യമില്ലാത്ത രംഗങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ ഒഴുവാക്കിയത്.


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പുതുമയില്ലാത്ത കഥയും, പ്രവചിക്കനാകുന്ന കഥാഗതിയും
2. തിരക്കഥ, സംവിധാനം
3. പാട്ടുകള്‍ 


സെവന്‍സ് റിവ്യൂ: ഒരുപാട് മലയാള സിനിമകളിലും, അന്യഭാഷ സിനിമകളിലും ചര്‍ച്ച ചെയ്യപെട്ട ഒരു വിഷയം, പുതുമകളില്ലാത്ത കഥയിലൂടെ, തിരക്കഥയിലൂടെ, അവതരണത്തിലൂടെ ഒരിക്കല്‍ കൂടി കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് സെവന്‍സ് കാണാം!

സെവന്‍സ് റേറ്റിംഗ്: 4.70 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 14 / 30 [4.7 / 10] 

സംവിധാനം: ജോഷി
നിര്‍മ്മാണം: സന്തോഷ്‌ പവിത്രം,
സജയ് സെബാസ്റ്റിന്‍
കഥ, തിരക്കഥ, സംഭാഷണം: ഇഖ്‌ബാല്‍ കുറ്റിപുറം
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: ബിജിബാല്‍
വരികള്‍: സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്‌
വിതരണം: പ്ലേ ഹൗസ് 

14 Sept 2011

ഡോക്ടര്‍ ലൗ

മലയാള സിനിമയുടെ ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ കെ.ബിജു രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഡോക്ടര്‍ ലൗ. മമ്മി ആന്‍ഡ്‌ മി എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥപാത്രമാക്കി ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ്‌ നിര്‍മിച്ച ഡോക്ടര്‍ ലൗ ഒരു ക്യാമ്പസ്‌ പ്രണയകഥയാണ്. നിറം, കസ്തൂരിമാന്‍, സീനിയേഴ്സ് എന്നി സിനിമകള്‍ക്ക്‌ ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും ക്യാമ്പസ്സില്‍ എത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ഈ സിനിമയില്‍, കോളേജ് കാന്റീനിലെ ജോലിക്കാരനായ വിനയചന്ദ്രന്‍ എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്‌.

പ്രണയിക്കുന്നവര്‍ക്കായി കഥകള്‍ എഴുതി പുസ്തകമാക്കി വില്‍ക്കുക എന്നതായിരുന്നു വിനയചന്ദ്രന്റെ തൊഴില്‍. അങ്ങനെയിരിക്കെ, ഒരു പ്രത്യേക സാഹചര്യത്തില്‍ കോളേജ് കാന്റീനിലെ ജോലി വിനയചന്ദ്രന് സ്വീകരിക്കേണ്ടി വരുന്നു. കോളേജില്‍ എത്തുന്ന വിനയചന്ദ്രന്‍, പ്രേമിക്കുവാന്‍ ആഗ്രഹിക്കുന്നവരെ ഒന്നിപ്പിക്കുന്ന ദൌത്യം ഏറ്റെടുക്കുന്നു. വിനയചന്ദ്രന്റെ സുഹൃത്തുക്കളായ വെങ്കിടി [മണികുട്ടന്‍], സുധി[ഭഗത് മാനുവല്‍], റോയ്[ഹേമന്ത് മേനോന്‍], എന്നിവരെയെല്ലാം പ്രേമിപ്പിക്കുവാനായി വിനയചന്ദ്രന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയകരമാകുന്നു. അതോടെ, ആ കോളേജില്‍ വിനയചന്ദ്രന്‍ ഡോക്ടര്‍ ലൗ എന്ന പേരില്‍ അറിയപെട്ടു തുടങ്ങുന്നു. കോളേജിലെ ഒട്ടുമിക്ക ആണ്‍കുട്ടികളുടെയും സ്വപ്നമായ എബിനിനെ [ഭാവന] പ്രേമിക്കുവാനായി, റോയ് വിനയചന്ദ്രന്റെ സഹായം തേടുന്നു. ഇതു മനസ്സിലാക്കുന്ന എബിന്‍, റോയിയുടെ പ്രണയ അഭ്യര്‍ഥന നിരസിക്കുകയും, വിനയചന്ദ്രനെ തോല്പിക്കുവാന്‍ വേണ്ടി എബിന്‍ സ്നേഹിക്കുന്നത് വിനയചന്ദ്രനെ ആണെന്ന് എല്ലാ കുട്ടികളുടെയും മുമ്പില്‍ വെച്ച് പറയുന്നോതോടെ വിനയചന്ദ്രന്‍ കൂടുതല്‍ കുഴപ്പിത്തിലാകുന്നു. എബിനെ കൊണ്ട് റോയിയെ പ്രേമിപ്പിക്കും എന്ന വെല്ലുവെളി ഏറ്റെടുക്കുന്ന വിനയചന്ദ്രന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

കഥ - തിരക്കഥ: ബിലോ ആവറേജ്
എക്കാലവും നല്ല കെട്ടുറപ്പുള്ള കഥകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു വിജയമാക്കിയിട്ടുള്ള മലയാളി സിനിമ പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍, ഒരു ലോജിക് ഇല്ലാത്ത കഥയുമായി സിനിമയെടുക്കാന്‍ കാണിച്ച കെ.ബിജുവിന്റെ ധൈര്യം അപാരം തന്നെ. ഈ സിനിമയിലെ കോളേജില്‍ ക്യാമ്പസ്‌ കാണുമ്പോള്‍ കുട്ടികള്‍ പടിക്കുവാനാണോ കോളേജില്‍ വരുന്നത്, അതോ പ്രേമിക്കുവാനാണോ എന്ന് തോന്നിപ്പോകും. രസകരമായ കഥയാണെങ്കിലും, അത് വിശ്വസനീയമായ തിരക്കഥയിലൂടെയും, കഥാസന്ദര്ഭങ്ങളിലൂടെയും സംവിധായകന്‍ പറയാന്‍ ശ്രമിച്ചിലെങ്കില്‍, പാഴായിപോയ ശ്രമമായെ പ്രേക്ഷകര്‍ വിലയിരുത്തുകയുള്ളൂ. കെ. ബിജു ഒരുക്കിയ കഥയും, തിരക്കഥയും തികച്ചും അവിശ്വസനീയമായി അനുഭവപെട്ടു. ബോറടിപ്പിക്കാത്ത രംഗങ്ങള്‍ ആണെങ്കിലും, സിനിമ അവസാനിക്കുമ്പോള്‍, ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നുന്നത്തില്‍ തെറ്റില്ല.


സംവിധാനം: ആവറേജ്
ഒരുപാട് പ്രമുഖ സംവിധായകരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ബിജു അരൂക്കുറ്റിയാണ് കെ. ബിജു എന്ന പേരില്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയോടുള്ള സമീപനവും, സംവിധാന രീതിയും കണ്ടാല്‍ ഒരു നവാഗതനാനെന്ന തോന്നുകയേയില്ല. വിശ്വസനീയമായ കഥയല്ലെങ്കിലും, ബോറടിപ്പിക്കാത്ത രീതിയില്‍ കളര്‍ഫുള്‍ വിഷ്വല്സും, നല്ല പാട്ടുകളും, കോളേജ് ക്യാമ്പസ്‌ പ്രണയവുമെല്ലാം നല്ലരീതിയില്‍ സമന്വയിപ്പിച്ച് ചിത്രീകരിച്ചതു കൊണ്ട്, ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നായിമാറി. ഇതു, ബിജു എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. കുറെ അനാവശ്യ കഥാപാത്രങ്ങളും, സിനിമയുടെ രണ്ടര മണിക്കൂര്‍ ദൈര്‍ഗ്യവും ഒഴിവാക്കിയിരുന്നു എങ്കില്‍ ഈ സിനിമ കുറെക്കൂടെ മികച്ചതാക്കാമായിരുന്നു.


സാങ്കേതികം: ഗുഡ്
ഈ സിനിമയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഷാജി ഒരുക്കിയ വിഷ്വല്‍സ് തന്നെയാണ്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ഓരോ രംഗങ്ങളും കളര്‍ഫുള്ളായി ചിത്രീകരിച്ചത് കൊണ്ട് രണ്ടര മണിക്കൂര്‍ നീളമുള്ള ഈ സിനിമയില്‍ ബോറടിപ്പിക്കുന്ന തരത്തിലുള്ള ഒരു രംഗം പോലും ഇല്ലതായായത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ചായഗ്രഹകനോടൊപ്പം പ്രശംസ അര്‍ഹിക്കുന്ന മറ്റൊരു വ്യെക്തിയാണ് ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദര്‍. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കാന്‍ ഗോപി സുന്ദറിനു സാധിച്ചു. അതുപോലെ തന്നെ, വിനു തോമസ്‌ ഒരുക്കിയ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതായിരിന്നു. കാര്‍ത്തിക് ആലപിച്ച "ഓര്‍മ്മകള്‍ വേരോടും..." എന്ന പാട്ടും, പുതുമുഖം റിയാ രാജു പാടിയ "നിന്നോട് എനിക്കുള്ള പ്രണയം..." എന്ന പാട്ടും അതിമനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു.


അഭിനയം: എബവ് ആവറേജ്  
സീനിയേഴ്സ്  എന്ന മെഗാ ഹിറ്റ് സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ ക്യാമ്പസ്‌ പ്രണയകഥയിലെ നായകനാക്കിയ സിനിമയാണ് ഡോക്ടര്‍ ലൗ. മിതമായ വികാരപ്രകടനങ്ങളും, അതില്‍ കുഞ്ചാക്കോ ബോബന്‍ കാട്ടിയ സ്വഭാവീകതയും, വിനയചന്ദ്രന്‍ എന്ന കഥാപാത്രം അഭിനയിക്കാന്‍ അനിയോജ്യനായ നടന്‍ താന്‍ തന്നെ എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നിപ്പിക്കും വിധം കുഞ്ചാക്കോ ബോബന്‍ മനോഹരമാക്കി. താരതമ്യെനേ പുതുമുഖങ്ങളാണെങ്കിലും മണികുട്ടനും, ഭഗത് മാനുവലും, രെജിത് മേനോനും, അജു വര്‍ഗീസും അവരവരുടെ കഥപാത്രങ്ങള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു. ഒരു ക്യാമ്പസ്‌ സിനിമയായത് കൊണ്ട് വലിയ ഒരു താരനിര തന്നെ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, ഭഗത് മാനുവല്‍, മണികുട്ടന്‍, ഇന്നസെന്റ്, രെജിത് മേനോന്‍, ഹേമന്ത് മേനോന്‍, അജു വര്‍ഗീസ്, ശ്രാവന്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സലിം കുമാര്‍, കലാഭവന്‍ ഹനീഫ്, മജീദ്‌, ബിയോണ്‍, ബൈജു എഴുപുന്ന, ഭാവന, അനന്യ, വിദ്യ ഉണ്ണി, കെ.പി.എ.സി.ലളിത, ശാരി, ബിന്ദു പണിക്കര്‍, നിമിഷ, റോസ്‌ലിന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ഇവരെ കൂടാതെ, ലാലും, ആസിഫ് അലിയും ഈ സിനിമയിലെ കഥയുടെ ആമുഖം പറയുവാനായി ആദ്യ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്..

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കളര്‍ഫുള്‍ വിഷ്വല്‍സ്
2. ബോറടിപ്പിക്കാത്ത രംഗങ്ങള്‍ 
3. ചായാഗ്രഹണം, പശ്ചാത്തല സംഗീതം
4. പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങള്‍


ഡോക്ടര്‍ ലൗ റിവ്യൂ: ലോജിക് കുറവുള്ള കഥകള്‍ കാണുവാന്‍ കുഴപ്പമില്ലാത്ത പ്രേക്ഷകര്‍ക്കും, കോളേജില്‍ നടക്കുന്ന സ്ഥിരം തമാശകളും, പാരവെപ്പുകളും, കണ്‍ഫ്യുഷനുകളും, അടിപിടിയുമെല്ലാം കോര്‍ത്തിണക്കിയ കുറെ സന്ദര്ഭങ്ങളുള്ള സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള സിനിമയാണ് ഡോക്ടര്‍ ലൗ.

ഡോക്ടര്‍ ലൗ റേറ്റിംഗ്: 4.80 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 14.5 / 30 [4.8 / 10 ]

രചന, സംവിധാനം: കെ.ബിജു
നിര്‍മ്മാണം: ജോയ് തോമസ്‌ ശക്തികുളങ്ങര
ബാനര്‍: ജിതിന്‍ ആര്‍ട്സ്
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം: വി. സാജന്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: വിനു തോമസ്‌
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
വിതരണം: ആശിര്‍വാദ് മാക്സ് ലാബ്
     

2 Sept 2011

പ്രണയം

"സ്വപ്നത്തെക്കാള്‍ മനോഹരമാണ് ജീവിതം" എന്ന സന്ദേശം മനോഹരമായ സന്ദര്‍ഭങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ പറഞ്ഞുപോകുന്ന സിനിമയാണ് ബ്ലെസി സംവിധാനം ചെയ്ത പ്രണയം. നടനകലയുടെ ഇതിഹാസം പത്മശ്രീ ഭരത് മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ തുല്യവേഷങ്ങളില്‍ അഭിനയിച്ച പ്രണയം എന്ന സിനിമ, മലയാള സിനിമയില്‍ എന്നുവരെ ആരും പറയാത്ത പ്രണയ കഥയാണ്  . ഫ്രാഗ്രന്റ്റ് നേച്ചര്‍ ഫിലിംസിന് വേണ്ടി സജീവും, ആനി സജീവും ചേര്‍ന്ന് നിര്‍മിച്ച ഈ സിനിമയില്‍ അനൂപ്‌ മേനോന്‍, നവ്യ നടരാജന്‍, ശ്രീനാഥ്, നിവേദ തോമസ്‌, നിയാസ്, ധന്യ മേരി വര്‍ഗീസ്‌,അപൂര്‍വ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഫിലോസഫി പ്രൊഫസര്‍ ആയിരുന്ന മാത്യൂസ്‌ [മോഹന്‍ലാല്‍], മാത്യൂസിന്റെ ഭാര്യ ഗ്രെയിസ് [ജയപ്രദ], മുന്‍ ഫുട്ബോള്‍ കളിക്കാരനായ അച്ചുത മേനോന്‍ [അനുപം ഖേര്‍] എന്നിവരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥയാണ് പ്രണയം. അച്ചുത മേനോനും, മാത്യൂസും, ഗ്രെയിസും വാര്‍ദ്ധക്യപരമായ അസുഖങ്ങള്‍ ബാധിച്ചവരാണെങ്കിലും, മനസ്സില്‍ ഇപ്പോഴും പ്രണയം സൂക്ഷിക്കുന്നവരാണ്. ഇവരുടെ ജീവിതത്തിലൂടെ, ചിന്തകളിലൂടെ, സ്വപ്നങ്ങളിലൂടെ, പ്രതീക്ഷയിലൂടെ, വികാരങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ സിനിമയുടെ കഥ.

കഥ - തിരക്കഥ: വെരി ഗുഡ്
ഒരിക്കല്‍ പോലും പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഏതു പ്രായത്തിലുള്ളവരായാലും പ്രണയം എന്ന സുഖമുള്ള വേദനയെന്തെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഈ സിനിമയില്‍ പ്രണയത്തിന്റെ മധുരവും, വേദനയും ഒരേപോലെ പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാന്‍ ബ്ലെസ്സിയുടെ തിരക്കഥയ്ക്കും, സംഭാഷണങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള പ്രണയവും, കാമുകിക്ക് കാമുകനോടുള്ള പ്രണയവും, മകന് അച്ഛനോടുള്ള പ്രണയവും, ഇന്നത്തെ തലമുറയിലുള്ള കുട്ടികളുടെ പ്രണയവുമെല്ലാം തിരക്കഥയില്‍ ഉള്പെടുത്തിയ സംവിധായകന്‍, പ്രണയം എന്ന അവസ്ഥയുടെ പല മുഖങ്ങള്‍ ഈ സിനിമയിലൂടെ വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. നാളിതുവരെയുള്ള ബ്ലെസ്സിയുടെ ഏറ്റവും മികച്ച തിരക്കഥ ഈ സിനിമയുടേതു തന്നെ എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

സംവിധാനം: വെരി ഗുഡ്
ഏതൊരു നല്ല സിനിമയുടെയും നട്ടെല്ല് എന്ന വിശേഷിപ്പിക്കാവുന്നത് ആ സിനിമയുടെ തിരക്കഥയാണ്. അങ്ങനെയുള്ള തിരക്കഥയെ മനോഹരമായ വിഷ്വല്‍സ് ഒരുക്കി വിശ്വസനീയമായ രീതിയില്‍ സംവിധാനം ചെയ്യുക എന്നത് മാത്രമാണ് ഒരു സംവിധായകന്‍ ചെയ്യേണ്ടത്. ആ കാര്യത്തില്‍ ബ്ലെസി വിജയിച്ചിരിക്കുന്നു. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മാത്യൂസും, ഗ്രെയിസും, അച്ചുത മേനോനും തമ്മിലുള്ള രംഗങ്ങള്‍ ഏറെ  മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ സൂക്ഷ്മതയോടെ സമീപിചിട്ടില്ലയിരുനെങ്കില്‍, ഇവര്‍ മൂവരും തമ്മിലുള്ള സൌഹൃദത്തിന് വേറൊരു അര്‍ത്ഥമാകുമായിരുന്നു. ബ്ലെസ്സിയുടെ മുന്‍കാല സിനിമകളില്‍ അതിശയോക്തി തോന്നിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ടെങ്കിലും, ഈ സിനിമയില്‍ ഒരൊറ്റ രംഗത്തില്‍ പോലും അതിശയോക്തി ഇല്ലാതെയാണ് ബ്ലെസി സമീപിച്ചിരിക്കുന്നത്. 
 

സാങ്കേതികം: എബവ് ആവറേജ്
സതീഷ്‌ കുറുപ്പ് ഒരുക്കിയ വിഷ്വല്‍സ് അതിമനോഹരം എന്നല്ലാതെ വേറൊന്നും പറയുവാനാകില്ല. രാജാ മുഹമ്മദിന്റെ ചിത്രസന്നിവേശവും, സമീറ സനീഷിന്റെ വസ്ത്രലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ്പും ഈ സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. പക്ഷെ, അനുപം ഖേറിന്റെ മലയാള ഉച്ചാരണവും, അനുപം ഖേറിനു വേണ്ടി ശബ്ദം നല്‍ക്കിയ വ്യെക്തിയുടെ മലയാളവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നത് വളരെ മോശം എന്ന് പറയുന്നതില്‍ ഖേദിക്കുന്നു. ഈ കുറവ്, ഈ സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഓ.എന്‍.വി- ജയചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ പാട്ടുകള്‍ മനോഹരമായിട്ടുണ്ട്. ശ്രേയ ഗോഷാല്‍ പാടിയ "പാട്ടില്‍, ഈ പാട്ടില്‍..." എന്ന പാട്ടും, വിജയ്‌ യേശുദാസ്, ശ്രേയ ഗോഷാല്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ "മഴത്തുള്ളി പളുങ്കുകള്‍..." എന്ന പാട്ടും, ശരത് ആലപിച്ച "കളമൊഴികളെ..." എന്ന പാട്ടും കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു.  

അഭിനയം: വെരി ഗുഡ്  
മോഹന്‍ലാലും, അനൂപ്‌ മേനോനും, ജയപ്രദയും മനോഹരമായി അവരവരുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അനുപം ഖേറിന്റെ മലയാള ഉച്ചാരണവും, ചില രംഗങ്ങളിലുള്ള അഭിനയവുമൊക്കെ കാണുമ്പോള്‍, അച്യുതമേനോന്‍ എന്ന കഥാപാത്രം ഒരു മലയാളി നടന്‍ അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നിപ്പോയി.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ, തിരക്കഥ
2. ബ്ലെസ്സിയുടെ സംവിധാന മികവ്
3. മോഹന്‍ലാല്‍, അനൂപ്‌ മേനോന്‍, ജയപ്രദ എന്നിവരുടെ അഭിനയം
4. എം.ജയചന്ദ്രന്‍ - ഓ.എന്‍.വി ടീം ഒരുക്കിയ പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. അനുപം ഖേറിന്റെ മലയാള ഉച്ചാരണം

പ്രണയം റിവ്യൂ: ഹൃദയസ്പര്‍ശിയായ കഥയൊരുക്കി, ജീവിതതോടടുത്തു നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്ന മനോഹരമായ ഒരു പ്രണയ കാവ്യം ഒരുക്കിയ ബ്ലെസ്സിയ്ക്കും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍! 

പ്രണയം റേറ്റിംഗ്:  7.70 / 10
കഥ,തിരക്കഥ: 8 / 10 [വെരി ഗുഡ്]
സംവിധാനം: 8 / 10 [
വെരി ഗുഡ്]]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 4 / 5 [വെരി ഗുഡ്]      
ആകെ മൊത്തം: 23 / 30 [ 7.7 / 10 ]  


രചന, സംവിധാനം: ബ്ലെസി
നിര്‍മ്മാണം: സജീവ്‌, ആനി സജീവ്‌
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
വരികള്‍: ഓ. എന്‍.വി.കുറുപ്പ്
സംഗീതം: എം.ജയചന്ദ്രന്‍
മേയിക്കപ്: രഞ്ജിത്ത് അമ്പാടി
വസ്ത്രലങ്കാരം: സമീറ സനീഷ്