30 Jun 2011

ബോംബെ മാര്‍ച്ച്‌ 12

അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ബാബു ജനാര്‍ദനന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബോംബെ മാര്‍ച്ച്‌ 12. മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടി നായകനാകുന്ന ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം 1993-ല്‍ ബോംബെയില്‍ നടന്ന സ്പോടനങ്ങളും, അതിനെ തുടര്‍ന്ന് കുറെ നിരപരാധികളായ മനുഷ്യരെ തീവ്രവാദികളായി തെറ്റുധരിക്കുകയും, അവരും,അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന യാതനകളുമാണ്.
റെഡ് റോസ് ക്രിയെഷന്സിനു വേണ്ടി ഹനീഫ് മുഹമ്മദ്‌ നിര്‍മ്മിച്ച ഈ സിനിമയില്‍ സനാതന ഭട്ട്, സമീര്‍ എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി ഒരു അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

ബോംബെയില്‍ നടന്ന സ്പോടനങ്ങള്‍ നിരപരാധിയായ ഷാജഹാന്‍ [ ഉണ്ണി മുകുന്ദന്‍ ] എന്ന വ്യെക്തിയുടെയും, അയാളുടെ കുടുംബംഗങ്ങളുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. അലപുഴയില്‍ ജീവിക്കുന്ന മുക്രിയുടെ മകനാണ് ഷാജഹാന്‍.പുതിയ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബോംബെയില്‍ എത്തുന്ന ഷാജഹാന്‍ തീവ്രവാദികളുടെ കൈയ്യില്‍ അകപെടുന്നു. അയാളെ, അവര്‍ എല്ലാരും ചേര്‍ന്ന് തീവ്രവാദിയാക്കി മാറ്റുന്നു. പിന്നീട് ഒളിവിലാകുന്ന ഷാജഹാന്‍ സനാതന ഭട്ട് എന്ന പൂജാരിയെ പരിച്ചയപെടുന്നു. കുറെ ദിവസങ്ങള്‍ക്കു ശേഷം, പോലിസ് വെടിവെപ്പില്‍ ഷാജഹാന്‍ കൊല്ലപെടുന്നു. അതിന് സനാതന ഭട്ട് അയാള്‍ പോലുമറിയാത്ത കാരണക്കരനാകുന്നു. ആ സംഭവത്തിന്‌ ശേഷം, കുറ്റബോധം കാരണം സനാതന ഭട്ട് മതപരിവര്‍ത്തനം നടത്തി സമീറായി മാറുന്നു. അങ്ങനെ, സമീര്‍ ഷാജഹാന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുക്കുന്നു.കുറെ നാളുകള്‍ക്കു ശേഷം, തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ ശക്തമാകുന്നത് തടയാന്‍ വേണ്ടി നടത്തുന്ന അന്വേഷണത്തില്‍ പോലിസ് സമീറിനെ കാണുകയും, സമീറിനെ സംശയിക്കുകയും ചെയ്യുന്നു. അങ്ങനെ, അയാള്‍ സമീര്‍ അല്ലെന്നും, സനാതന ഭട്ട് ആണെന്നും തെളിയുന്നു. ഷാജഹാന്റെ മരണത്തിനു അയാള്‍ ഉത്തരവാദിയാണെന്ന് അറിയുന്ന ഭാര്യയും, വീട്ടുകാരും സമീറിനെ വെറുക്കുന്നു. പിന്നീട്, സമീറിന് 9 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്നു. ഒരു മതവിഭാഗത്തില്‍ വിശ്വസിച്ചു ജീവിക്കുന്നയാളുകള്‍ മാത്രം തീവ്രവാദികളാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു രാജ്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന സന്ദേശമാണ് ഈ സിനിമയിലൂടെ ബാബു ജനാര്‍ദനന്‍ നല്‍ക്കുന്നത്.

തിരക്കഥ റേറ്റിംഗ്: ആവറേജ്
പത്തുവര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ഒരു തിരക്കഥ രചയ്താവില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരക്കഥ രചനയാണ് ഈ സിനിമയില്‍ അദ്ദേഹം സ്വീകരിച്ചത്. സിനിമ കാണുന്ന പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കും വിധം കഥ വളചൊടിചിരിക്കുന്നത്  എന്തിനാണ് എന്ന മനസിലാകുന്നില്ല. സിനിമയുടെ ആദ്യപകുതി ഇഴഞ്ഞാണ് നീങ്ങുന്നത്‌ എന്നത് ഈ സിനിമയുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. 93ലും, 98ലും, 2002 ലും, 2007 ലും സംഭവിക്കുന്ന കാര്യങ്ങള്‍ കാണിക്കുമ്പോള്‍ അത് മനസിലാക്കിയെടുക്കാനും, കഥയുമായി ബന്ധപെടുത്താനും പ്രേക്ഷകര്‍ ഏറെ വിഷമിക്കുന്നുണ്ട്. കണ്ടുമടുത്തതാണെങ്കിലും തീവ്രവാദം എന്ന പ്രമേയം എന്നും ശക്തമായ ഒന്നാണ്. അത് തിരഞ്ഞെടുത്തു സിനിമയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളായത് കൊണ്ട് ഈ സിനിമയുടെ തിരക്കഥ ഒരു ശരാശരി നിലവാരത്തില്‍ അവസാനിച്ചു. 


സംവിധാനം റേറ്റിംഗ്: ബിലോ ആവറേജ്
നല്ല തിരക്കഥ രചയ്താക്കള്‍ സിനിമ സംവിധാനം ചെയ്‌താല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ നമ്മള്‍ ഇതിനു മുമ്പും മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. അതെ പ്രശ്നങ്ങളാണ് ഈ സിനിമയെയും ബാധിച്ചിരിക്കുന്നത്. നല്ലൊരു സംവിധായകന്‍ ഈ സിനിമ സംവിധാനം ചെയ്തിരുന്നെങ്കില്‍ എത്രയും കുഴപ്പങ്ങള്‍ ഉണ്ടാകില്ലായിരുന്നു. എങ്കിലും, കണ്ടിരിക്കാവുന്ന രീതിയില്‍ സംവിധാനം ചെയ്തിട്ടുണ്ട് ബാബു ജനാര്‍ദനന്‍.


സാങ്കേതികം റേറ്റിംഗ്: ആവറേജ്
വിപിന്‍ മോഹന്റെ ചായഗ്രഹണമോ, വിജയ്‌ ശങ്കറിന്റെ ചിത്രസംയോജനമോ ഈ സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്തില്ല. പുതുമുഖ സംഗീത സംവിധായകന്‍ അഫ്സല്‍ ഒരുക്കിയ പാട്ടുകള്‍ സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്. സോനു നിഗം, ഗണേഷ് സുന്ദരം എന്നിവര്‍ ആലപിച്ച "ചക്കരമാവിന്‍..." എന്ന പാട്ടും, എം.ജി.ശ്രീകുമാര്‍ ആലപിച്ച "ഓണവില്ലും..." എന്ന പാട്ടും മനോഹരമായിട്ടുണ്ട്. പട്ടണം റഷീദിന്റെ മേയിക്കപ് ഈ സിനിമയില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയായത്‌ കൊണ്ട് പല കഥപാത്രങ്ങള്‍ക്കും വേഷത്തിലും, മേയിക്കപിലും വ്യെത്യാസം ആവശ്യമാണ്‌. പക്ഷെ, റോമയുടെ കഥാപാത്രത്തിനും, മറ്റുചില കഥാപാത്രങ്ങള്‍ക്കും യാതൊരു വെത്യാസവും സിനിമയില്‍ കണ്ടില്ല എന്നത് മേയിക്കപ് മോശമായത് കൊണ്ടാണ്.  


അഭിനയം റേറ്റിംഗ്: ഗുഡ്
മമ്മൂട്ടിയും, റോമയും, സാദിക്കും, ശ്രീരാമനും ഉള്‍പ്പടെ എല്ലാ അഭിനെത്തക്കളും നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടിക്ക് ലഭിച്ച നല്ല കഥാപാത്രമാണ് ഈ സിനിമയിലെത്. പുതുമുഖം ഉണ്ണി മുകുന്ദന്‍ നല്ല പ്രകടനമാണ് ആദ്യ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ലാല്‍, സാദിക്ക്, ശ്രീരാമന്‍, കൊച്ചു പ്രേമന്‍, അരുണ്‍, സുധീര്‍ കരമന, മണികണ്ടന്‍, ഇര്‍ഷാദ്, അ
നില്‍ മുരളി, റോമ, ശാരി, സീമ.ജി.നായര്‍ എന്നിവരാണ്‌ അഭിനയിച്ചിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. മമ്മൂട്ടിയുടെ അഭിനയം
2. പ്രമേയം,കഥ
3. പാട്ടുകള്‍ 
4. സിനിമയുടെ രണ്ടാം പകുതി 


സിനിമയുടെ മൈനസ് പോയിന്റ്സ്
1. മനസിലാക്കാന്‍ പ്രയാസമുള്ള രീതിയില്‍ എഴുതിയ തിരക്കഥ.
2. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി. 
3. മമ്മൂട്ടി - റോമ താരജോടി.
4. മേയിക്കപ് 


ബോംബെ മാര്‍ച്ച്‌ 12  റിവ്യൂ: ആയിരം അപരാധികള്‍ രക്ഷപെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്ന നിയമമുള്ള ഇന്ത്യയില്‍ ...ഒരു മതവിഭാഗത്തില്‍ വിശ്വസിച്ചു ജീവികുന്നയാളുകളെ മാത്രം തീവ്രവാദികളാണെന്നു  തെറ്റുധരിക്കുകയും, അവര്‍  ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു എന്ന സന്ദേശം നല്‍കുന്ന ഒരു സിനിമ.   

ബോംബെ മാര്‍ച്ച്‌ 12 റേറ്റിംഗ്: ആവറേജ് [ 2.5 / 5 ] 

രചന, സംവിധാനം: ബാബു ജനാര്‍ദനന്‍
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌
ചായാഗ്രഹണം: വിപിന്‍ മോഹന്‍
ചിത്രസംയോജനം: വിജയ്‌ ശങ്കര്‍
സംഗീതം: അഫ്സല്‍ യുസഫ്
വരികള്‍: റഫീക്ക് അഹമ്മദ്‌
മേയിക്കപ്: പട്ടണം റഷീദ്

26 Jun 2011

ആദാമിന്റെ മകന്‍ അബു

ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും  നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണ് സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു. ദേശീയ തലത്തില്‍ ഏറ്റവും നല്ല സിനിമ, നല്ല നടന്‍[സലിം കുമാര്‍], നല്ല ചായാഗ്രഹണം[മധു അമ്പാട്ട്], നല്ല പശ്ചാത്തല സംഗീതം[ഐസക് തോമസ്‌ കൊട്ടുകാപ്പിള്ളി] എന്നിവയാണ് ഈ സിനിമയ്ക്ക് കിട്ടിയ അംഗീകാരങ്ങള്‍. ഈ അംഗീകാരങ്ങള്‍ കൂടാതെ സംസ്ഥാന തലത്തില്‍ നല്ല സിനിമ, നല്ല നടന്‍, നല്ല പശ്ചാത്തല സംഗീതം, നല്ല തിരക്കഥ[സലിം അഹമ്മദ്‌] എന്നീ  പുരസ്കാരങ്ങള്‍ ഈ സിനിമയ്ക്ക് ലഭിച്ചു. അല്ലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദും, അഷ്‌റഫ്‌ ബേദിയും ചേര്‍ന്ന് നിര്‍മ്മിച്ച്‌ ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് സലിം അഹമ്മദ്‌ തന്നെയാണ്. സംവിധായകന്റെ ജീവിത അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. തലശേരിക്കടുത്ത് കണ്ടകുന്ന് എന്ന കൊച്ചു ഗ്രാമത്തില്‍..., ഹജ്ജിനു പോകണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന അബുവിന്റെയും, ഭാര്യ ആയിഷുവിന്റെയും കഥയാണ് ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ സലിം അഹമ്മദ്‌ പറയുന്നത്

അത്തറ് കച്ചവടക്കാരനായ അബുവിന്റെ വര്‍ഷങ്ങളായ ആഗ്രഹമാണ് ഹജ്ജു ചെയ്യാനായി സൌദി അറേബിയയില്‍ പോകണമെന്ന്. അത്തറ് വിറ്റും, പശുവിന്റെ പാല് കറന്നു വിറ്റും ആണ് അബുവും ആയിഷയും ജീവിക്കുന്നത്.  ഇവരുടെ മകന്‍ സത്താര്‍ ഗള്‍ഫില്‍ ആണെങ്കിലും അയാള്‍ ഇതുവരെ ഈ വൃദ്ധദമ്പതികളെ കാണണോ അന്വേഷിക്കാനോ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, അബുവിനും മകനോട്‌ യാതൊരു അടുപ്പവും ഇല്ല.  നാളിതുവരെയുള്ള സംബാദ്യങ്ങളെല്ലാം സൂക്ഷിച്ചു വെച്ച്... അബുവും, ആയിഷയും ഹജ്ജിനു പോകാന്‍ പാസ്സ്പോര്‍ട്ട് എടുക്കുന്നു. വിമാന യാത്രയ്ക്കുള്ള ടിക്കറ്റിനും, അവിടത്തെ ചിലവിനുമൊക്കെയായി  ധാരാളം പണം ചെലവ് വരും എന്നറിയാവുന്ന അബുവും ആയിഷയും അവര്‍ മക്കളെപോലെ സ്നേഹിക്കുന്ന പശുവിനെ വിറ്റു വിമാന യാത്രയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നു. ഇനിയും പണം വേണം എന്നത് കൊണ്ട് അബു വീട്ടു മുറ്റത്തുള്ള പ്ലാവ് വിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ, യാത്രയ്ക്ക് മുമ്പുള്ള പൊരുത്തം നോക്കല്‍ ചടങ്ങുമായി സന്തോഷത്തില്‍ കഴിയുകയാണ് അബുവും, ആയിഷയും. പക്ഷെ, ചില കാരങ്ങങ്ങള്‍ കൊണ്ട് അബുവിന് പണം സ്വീകരിക്കാന്‍ പറ്റുന്നില്ല. അബുവിന്റെ ഹജ്ജിനു പോകാനുള്ള ആഗ്രഹം സഫലമാകുമോ? എന്ത് കാരണം കൊണ്ടാണ് അബു പണം സ്വീകരിക്കാത്തത്? മേല്പറഞ്ഞ രംഗങ്ങളെല്ലാം മനോഹരമായി തിരക്കഥയില്‍ ഉള്‍പെടുത്താന്‍ സംവിധായകന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.

തിരക്കഥ: വെരി ഗുഡ്
ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഇതിനുമുമ്പും ധാരാളം ഉണ്ടായിട്ടുണ്ട് മലയാള സിനിമ ചരിത്രത്തില്‍. പക്ഷെ, ആ സിനിമകള്‍ കാണുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന് മനസിലാക്കാനും, ദഹിക്കാനും പ്രയാസമാണ്. ആദമിന്റെ മകന്‍ അബു എന്ന സിനിമയുടെ പ്രത്യേകത എന്നത് ഈ സിനിമ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകും, മനസിലാകും എന്നത് തന്നെയാണ്. അത്രയ്ക്കും ലളിതമായ രീതിയിലാണ് ഈ സിനിമയെ സലിം അഹമ്മദ്‌ സമീപിച്ചിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥയില്‍ കഥയ്ക്ക്‌ ആവശ്യമില്ലാത്ത രംഗങ്ങളോ, സംഭാഷണങ്ങളോ ഒന്നുമില്ലാത്ത സത്യസന്ധമായിട്ടാണ് സലിം അഹമ്മദ്‌ തിരക്കഥ രചിച്ചിരിക്കുന്നത്. മാതാപിതാകള്‍ക്ക് പ്രയോജനമില്ലാത്ത മക്കളെ..., വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന പൊള്ളയായി പ്ലാവുനോട് ഉപമിച്ചതും, കഥയുടെ അവസാനം...അബു പുതിയ ഒരു പ്ലാവിന്‍തൈ നടുന്നത്, മുമ്പോട്ടുള്ള ജീവിതത്തിലെ പുതിയ പ്രതീക്ഷകളുമായി ഉപമിച്ചതും മനോഹരമായി സിനിമയില്‍ വന്നിട്ടുണ്ട്. ഇങ്ങനെ ഒരു ആശയം ഉള്പെടുത്തിയത്തിനു സലിം അഹമ്മദിന് നന്ദി!. നട്ടലുല്ലൊരു തിരക്കഥയാണ് ഏതൊരു സിനിമയുടെയും അടിസ്ഥാനം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ സിനിമയുടെ വിജയം.


സംവിധാനം: ഗുഡ്
നവാഗത
സംവിധായകന്‍ ആണ് താനെന്നു തോന്നിക്കാത്ത വിധം നല്ല രീതിയില്‍ സംവിധാനം ചെയ്യാന്‍ സലിം അഹമ്മദിന് സാധിച്ചു. ഇങ്ങനെ ഒരു ആശയം തിരഞ്ഞെടുത്തു സംവിധാനം ചെയ്തതിനു സലിം അഹമ്മദിന് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇനിയും ഇതു പോലത്തെ സിനിമകള്‍ ഉണ്ടാക്കാന്‍ സലീമിനു കഴിയട്ടെ.

സാങ്കേതികം: വെരി ഗുഡ്
മനോഹരങ്ങളായ ദ്രിശ്യങ്ങള്‍ ഒരുക്കി സംവിധായകന് എല്ലാവിധ പിന്തുണയും നല്‍ക്കിയ മധു അമ്പാട്ടിനും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയ ഐസക് തോമസിനും കൂടി അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. അംഗീകാരങ്ങള്‍ ലഭിച്ചില്ലെങ്കിലും മേയിക്കപ് മാന്‍ പട്ടണം റഷീദിന്റെ കഴിവ് തന്നെയാണ് സലിം കുമാറിനെ അബുവാക്കി മാറ്റി..., ഇത്രത്തോളം സ്ഥാനം പ്രേക്ഷക മനസ്സില്‍ നേടികൊടുത്തത്
.

അഭിനയം: വെരി ഗുഡ്
ഹാസ്യ നടന്‍ എന്ന നിലയില്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയപെട്ടവനായ സലിം കുമാറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല വേഷമാണ് അബു.ഈ സിനിമയിലുടനീളം സലിം കുമാര്‍ അബുവായി ജീവിക്കുന്ന പോലെയാണ് പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. ഈ വേഷം മറ്റൊരു നടനും ഇത്ര മനോഹരമായി അഭിനയിച്ചു ഭലിപ്പിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണ്. സലിം കുമാറിനെ അബുവാക്കി മാറ്റിയ മേയ്ക്കപ്പ് മാന്‍ പട്ടണം റഷീദ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ആയിഷയായി സറീന വഹാബും നന്നായിത്തന്നെ അഭിനയിച്ചു. ട്രാവല്‍ എജെന്റ് അഷറഫ് ആയി മുകേഷും, മരക്കച്ചവടക്കരനായ ജോണ്‍സണായി കലാഭവന്‍ മണിയും, ഹൈദര്‍ എന്ന ചായ കടക്കാരനായി സുരാജും, അയല്കാരനും സുഹൃത്തുമായ ഗോവിന്ദന്‍ മാഷായി നെടുമുടി വേണുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഗോപകുമാര്‍, ജാഫര്‍ ഇടുക്കി, തമ്പി ആന്റണി, റോസ്‌ലിന്‍, ശശി കലിംഗ, ടീ.എസ്.രാജു എന്നിവരുമുണ്ട് ഈ സിനിമയില്‍. കുറെ നാളുകള്‍ക്കു ശേഷം സുരാജിനെയും, കലാഭവന്‍ മണിയെയുമൊക്കെ നല്ല കഥാപാത്രങ്ങള്‍ സ്വീകരിച്ചു അഭിനയിക്കുനത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 . പ്രമേയത്തിലും, കഥയിലുമുള്ള പുതുമ.
2 . സലിം കുമാറിന്റെ അഭിനയം
3 . തിരക്കഥയിലുള്ള ലാളിത്യം.
4 . സിനിമയുടെ സാങ്കേതിക മികവ്

5 . സംവിധാന ശൈലി

ആദാമിന്റെ മകന്‍ അബു റിവ്യൂ : നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ആദാമിന്റെ മകന്‍ അബു. മലയാളത്തില്‍ നല്ല സിനിമകള്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് സിനിമ. ആദാമിന്റെ മകന്‍ അബു എന്ന സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍!

ആദാമിന്റെ മകന്‍ അബു റേറ്റിംഗ്: വളരെ നല്ല സിനിമ [ 4.5 / 5 ]

രചന, സംവിധാനം: സലിം അഹമ്മദ്‌
നിര്‍മ്മാണം: അഷ്‌റഫ്‌ ബേദി, സലിം അഹമ്മദ്‌
വിതരണം: ലാഫിംഗ് വില്ല[സലിം കുമാര്‍]
ചായാഗ്രഹണം: മധു അമ്പാട്ട്
മേയിക്കപ്: പട്ടണം റഷീദ്
സംഗീതം: രമേശ്‌ നാരായണന്‍
പശ്ചാത്തല സംഗീതം: ഐസക് തോമസ്‌

18 Jun 2011

രതിനിര്‍വ്വേദം

അതുല്യ പ്രതിഭകളായ മണ്‍മറഞ്ഞുപോയ പത്മരാജനും, ഭരതനും തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് രതിനിര്‍വ്വേദം. 25 വയസ്സുള്ള രതി എന്ന യുവതിയോട് 16 വയസ്സുള്ള കൌമാരക്കാരനായ പപ്പുവിന് തോന്നുന്ന സ്നേഹത്തിന്റെയും മോഹത്തിന്റെയും കഥയാണ് രതിനിര്‍വ്വേദം. രതി ചേച്ചിയായി ജയഭാരതിയും, പപ്പുവായി കൃഷ്ണചന്ദ്രനുമാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വര്‍ഷങ്ങള്‍ക്കു ശേഷം... പത്മരാജന്റെ തിരക്കഥയെ അടിസ്ഥാനമാക്കി...രേവതി കലമന്ദിറിന്റെ ബാനറില്‍... ടി.കെ.രാജീവ് കുമാര്‍ സംവിധാനത്തില്‍... പപ്പുവും, രതി ചേച്ചിയും പുതിയ രതിനിര്‍വ്വേദത്തിലൂടെ പുനര്‍ജനിച്ചിരിക്കുന്നു. പുതിയ രതിനിര്‍വ്വേദത്തില്‍‍ രതി ചേച്ചിയായി ശ്വേത മേനോനും, പപ്പുവായി പുതുമുഖം ശ്രീജിത്ത്‌ വിജയുമാണ് അഭിനയിച്ചിരിക്കുന്നത്.

സ്കൂള്‍ പഠനത്തിനു ശേഷമുള്ള ഒഴിവുകാലം ആഘോഷിക്കാനായി പപ്പു അവന്റെ അമ്മയുടെ കൂടെ...അമ്മയുടെ നാട്ടില്‍ എത്തുന്നു. അമ്മയുടെ വീടിനു തൊട്ടടുത്ത വീട്ടിലുള്ള രതി എന്ന യുവതിയുമായി പപ്പു സൗഹൃദത്തിലാകുന്നു. സര്‍പ്പദോഷം ഉള്ളതുകാരണം പ്രായമേറെയായിട്ടും രതി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അവിടത്തെ കുട്ടികളുമായും പപ്പുവിനോപ്പവും കളിച്ചും ചിരിച്ചും നടക്കലാണ് രതിയുടെ പ്രധാന ജോലി. രതിയുടെ പെരുമാറ്റവും പ്രകൃതവും കൊണ്ട് പപ്പുവിന് രതിയോടു സ്നേഹവും അതിലുപരി രതിയെ സ്വന്തമാക്കാനുള്ള മോഹവും തോന്നുന്നു. തുടര്‍ന്ന്..., പപ്പുവിന്റെയും രതിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് രതിനിര്‍വ്വേദം എന്ന സിനിമയുടെ കഥ.

തിരക്കഥ: എബവ് ആവറേജ്
പപ്പുവിന് രതി ചേച്ചിയോട് തോന്നിയ വികാരങ്ങള്‍, അങ്ങനെ തോന്നാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്നിവ മനോഹരമായി തിരക്കഥയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് പത്മരാജന്‍. അന്നും ഇന്നും എന്നും പത്മരാജനെ അതുല്യ പ്രതിഭ എന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നതിന്റെ തെളിവാണ് ഈ സിനിമയുടെ തിരക്കഥ. പത്മരാജന്റെ മഹത്തായ സൃഷ്ടികളുടെ ഗണത്തില്‍ പെടുത്താന്‍ സാധ്യമല്ലെങ്കിലും, രതിനിര്‍വ്വേദം എന്ന സിനിമയ്ക്ക് പ്രണയത്തിന്റെ പുതിയൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുചെല്ലാന്‍ സാധിച്ചിട്ടുണ്ട്.
 

സംവിധാനം: ആവറേജ് 
പത്മരാജന്റെ തിരക്കഥയില്‍ ഒട്ടുംതന്നെ മാറ്റം വരുത്താതെയാണ് ടി.കെ.രാജീവ്കുമാര്‍ പുതിയ രതിനിര്‍വ്വേദം സംവിധാനം ചെയ്തിരിക്കുന്നത്. രതിനിര്‍വ്വേദം എന്ന സിനിമ  പഴയ കാലഘട്ടത്തിന്റെ സിനിമയാണ്. പുതിയ രതിനിര്‍വ്വേദം സിനിമയില്‍...തിരക്കഥയ്ക്ക് ഒട്ടും മാറ്റം വരുത്താതെ...അതെ തിരക്കഥ തന്നെ ഉപയോഗിച്ചാല്‍ പിന്നെ എന്തിനാണ് പുതിയ രതിനിര്‍വ്വേദം സിനിമ കൊണ്ട് സംവിധായകന്‍ ഉദ്ദേശിക്കുന്നത്? ഒറ്റവാക്കില്‍ പറഞ്ഞാല്‍...വര്‍ത്തമാനകാലവുമായി  യാതൊരു ബന്ധം പോലും തോന്നിയില്ല ടി.കെ.രാജിവ് കുമാറിന്റെ രതിനിര്‍വ്വേദം സിനിമയ്ക്ക്. ഭരതന്റെയോ പത്മരാജന്റെയോ സിനിമകള്‍ കാണുമ്പോള്‍ സിനിമയിലുടനീളം ഒരു ഭരതന്‍-പത്മരാജന്‍ കൈയൊപ്പ്‌ പതിഞ്ഞുകിടക്കും. ഈ സിനിമയില്‍ അത് കണ്ടില്ല. 
  
ചായാഗ്രഹണം - ചിത്രസംയോജനം: ഗുഡ്
മനോജ്‌ പിള്ളയുടെ ചായഗ്രഹണവും, അജിത്‌ നിര്‍വഹിച്ച ചിത്രസംയോജനവും പുതിയ രതിനിര്‍വ്വേദം സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്
. അഭിനന്ദനങള്‍! 

പാട്ടുകള്‍: ഗുഡ്
എം.ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്ത 100-മത് സിനിമയാണ് രതിനിര്‍വ്വേദം.നിഖില്‍ രാജ് ആലപിച്ച "നാട്ടുവഴിയിലെ" എന്ന തുടങ്ങുന്ന പാട്ടും, സുദീപ്കുമാര്‍ ആലപിച്ച "ചെമ്പകപ്പൂ" എന്ന പാട്ടും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ശ്രേയ ഘോഷാല്‍ ആലപിച്ച "കണ്ണോരം" എന്ന പാട്ടും, "മധുമാസം" എന്ന പാട്ടും നന്നായിത്തന്നെ വന്നിട്ടുണ്ട്.  മുരുകന്‍ കാട്ടകടയാണ് വരികള്‍ എഴുതിയിരിക്കുന്നത്. 

അഭിനയം: ആവറേജ്
രതിയായി അഭിനയിച്ച ശ്വേത മേനോന്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഈ സിനിമയില്‍ പല രംഗങ്ങളിലും കുലീനയായ നാട്ടിന്‍പുറത്തെ യുവതി എന്നതിനേക്കാള്‍..., പൗരുഷ സ്വഭാവമുള്ള ഒരു സ്ത്രീയെപോലെയാണ് ശ്വേത മേനോനെ കാണുമ്പോള്‍ തോന്നുന്നത്. പപ്പുവായി അഭിനയിച്ച ശ്രീജിത്തും മോശമാക്കിയില്ല. കെ.പി.എ.സി.ലളിതയും, ഷമ്മി തിലകനും അവരവരുടെ രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ, മണിയന്‍പിള്ള രാജു, പക്രു[ഗിന്നസ് അജയന്‍], ശോഭ മോഹന്‍, മായ വിശ്വനാഥ് എന്നിവരും ഈ സിനിമയിലുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. കഥ-തിരക്കഥ
2. ക്ലൈമാക്സ്‌
3. ചായാഗ്രഹണം, പാട്ടുകള്‍
 
സിനിമയുടെ മൈനസ് പോയിന്റ്സ്
1. തിരക്കഥയോട് നീതിപുലര്‍താത്ത സംവിധാന രീതി.
2. അഭിനയം

രതിനിര്‍വ്വേദം റിവ്യൂ: പഴയ കാലഘട്ടത്തിന്റെ കഥയും കഥപശ്ചാത്തലവും ഇഷ്ടമാകുന്നവര്‍ക്ക് ഈ സിനിമ നല്ലൊരു അനുഭവമായി തോന്നിയേക്കാം. പുതിയ തലമുറയിലുള്ള സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടമാകാനുള്ള സാധ്യതകള്‍ കുറവാണ്.

രതിനിര്‍വ്വേദം റേറ്റിംഗ്: എബവ് ആവറേജ് [ 3 / 5 ] 

രചന: പത്മരാജന്‍
തിരക്കഥ മേല്‍നോട്ടം: വിനു എബ്രഹാം
സംവിധാനം: ടി.കെ.രാജീവ്കുമാര്‍
നിര്‍മ്മാണം: മേനക സുരേഷ്
കുമാര്‍
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം: അജിത്‌
വരികള്‍: മുരുകന്‍ കാട്ടാക്കട
സംഗീതം: എം.ജയചന്ദ്രന്‍ 
 

14 Jun 2011

ശങ്കരനും മോഹനനും

നമ്മളെ വിട്ടുപിരിഞ്ഞു പോയ പ്രിയപെട്ടവര്‍ നമ്മുടെ അരികില്‍  തന്നെ ഉണ്ടാകും എന്ന വസ്തുത മിഥ്യയോ സത്യമോ? അതോ, എല്ലാം മനുഷ്യ മനസ്സിന്റെ വെറും തോന്നലുകളോ? മരിച്ചുപോയത്തിനു ശേഷവും ഭാര്യയെ സ്നേഹിക്കുന്ന ശങ്കരനും, ഭാര്യയെ സ്നേഹിക്കാതെ ജീവിക്കുന്ന മോഹനന്റെയും കഥയാണ് ശങ്കരനും മോഹനനും. ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ പ്രിയപെട്ടവരെ സ്നേഹിക്കണം എന്ന്‍ മോഹനന് മനസിലാകുന്നത് മരിച്ചുപോയ തന്റെ ചേട്ടന്‍ ശങ്കരന്‍ മരിച്ചതിനു ശേഷവും ശങ്കരന്റെ ഭാര്യയെ സ്നേഹിക്കുന്നത് കാണുമ്പോഴാണ്. ഇതാണ് ജയസുര്യയും ടീ.വീ ചന്ദ്രനും ആദ്യമായി ഒന്നിച്ച ശങ്കരനും മോഹനനും എന്ന സിനിമയുടെ കഥാതന്തു.

മരണം എന്ന ദുഃഖ സത്യത്തെ ഓര്‍മ്മപെടുത്തുന്ന കഥ പശ്ചാത്തലത്തില്‍ ടീ.വീ.ചന്ദ്രന്‍ ഒരുക്കിയ ശങ്കരനും മോഹനനും എന്ന സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്ന പ്രധാന വിഷയം മരണാന്തര ജീവിതമാണ്. ശങ്കരന്‍ നമ്പ്യാര്‍ എന്ന അധ്യാപകന്‍ തന്റെ 45-ആം വയസ്സില്‍ വിവാഹിതനാകുന്നു. ഒരുപാട് നാളത്തെ ആഗ്രഹത്തിനോടുവിലാണ് ശങ്കരന്‍ അയാളുടെ സുഹൃത്തിന്റെ മകളെ വിവാഹം ചെയ്യുന്നത്. അവിചാരിതമായി കല്യാണപിറ്റേന്ന് ശങ്കരന്‍ പാമ്പ് കടിയേറ്റു മരിക്കുന്നു. അതോടെ..., ഭാര്യക്ക്‌ ഒരുപാട് സ്നേഹം നല്‍ക്കാന്‍ കഴിയണം എന്ന ആഗ്രഹത്തോടെ വിവാഹം കഴിക്കുന്ന ശങ്കരന്റെ എല്ലാ മോഹങ്ങളും അവസാനിക്കുന്നു. പക്ഷെ, ശങ്കരന്റെ ആത്മാവ് ആ വീടും, ഭാര്യയെയും, അനുജനെയും വിട്ടുപിരിയാന്‍ വയ്യാതെ അനുജനായ മോഹനനെ കാണാനും, സംസാരിക്കാനും തുടങ്ങുന്നു. ചേട്ടന്റെ ആത്മാവിന്റെ രൂപം കണ്ടപ്പോള്‍ ആദ്യമൊക്കെ ഭയന്നെങ്കിലും, മോഹനന്‍ ചേട്ടന്റെ ആഗ്രഹ പ്രകാരം ഓരോ കാര്യങ്ങള്‍ ചെയ്യുന്നു. മരിച്ചുപോയ ചേട്ടനുവേണ്ടി അനിയന്‍ കാണിച്ചുകൂട്ടുന്ന സംഭവങ്ങളാണ് ശങ്കരനും മോഹനനും എന്ന സിനിമ.

തിരക്കഥ: മോശം
ഒരു സിനിമയാക്കാന്‍ സാധ്യതയുള്ള കഥയല്ലെങ്കിലും, ടീ.വി.ചന്ദ്രന്‍ എന്ന സംവിധായകന്റെ കഴിവുകൊണ്ട് ഇത്തരമൊരു കഥയ്ക്ക്‌ അനിയോജ്യമായ തിരക്കഥ ഒരുക്കിയിരുന്നെങ്കില്‍ ഈ സിനിമയും ടീ.വീ ചന്ദ്രന്റെ മികച്ച സൃഷ്ടികളില്‍ ഒന്നാകുമായിരുന്നു. പക്ഷെ, പരിതാപകരമായ തിരക്കഥ രചനകൊണ്ട് നമ്മുടെ പ്രിയപ്പെട്ട സംവിധായകന്‍ ഈ സിനിമ കൊന്നു എന്ന് പറയുന്നതാവും ശരി. സിനിമയുടെ ആദ്യപകുതിയില്‍ കുറെ നേരം ശങ്കരന്റെ ആത്മാവിനെ കണ്ടു ഭയക്കുന്ന മോഹനന്‍‍,എളുപത്തില്‍ തന്നെ എല്ലാം മറന്നു ശങ്കരനെ സഹായിക്കാന്‍ ഒരുങ്ങുന്നു. ശങ്കരന്‍ പലപല വേഷപകര്ച്ചകള്‍ നടത്തി മോഹനനെ കാണാന്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാം അവിശ്വസനീയമായി തോന്നി. ഭാര്യയെ സ്നേഹിക്കുന്നു എന്നറിയിക്കുവാന്‍ വേണ്ടി മാത്രം മോഹനനോടു സഹായം ചോദിക്കുന്നു. അതിനിടയില്‍ മോഹനന്റെ ജീവിതം കുറെ രംഗങ്ങളില്‍ കാണിക്കുന്നു. കഥയുടെ അവസാനം മോഹനന് മരിച്ചുപോയ ഒട്ടുമിക്ക എല്ലാ ആളുകളുടെയും ആത്മാക്കളെ കാണുന്നതായി തോനുന്നു. ഇതെല്ലാം ഈ സിനിമയുടെ കഥയ്ക്ക്‌ അനിവര്യമല്ലതതാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍...നാളിതുവരെയുള്ള ഏറ്റവും മോശം ടീ.വി.ചന്ദ്രന്‍ സിനിമ.

സംവിധാനം: മോശം
പാഠം ഒന്ന്: ഒരു വിലാപവും, ഡാന്നിയും, സൂസന്നയുമൊക്കെ സംവിധാനം ചെയ്ത ടീ.വി.ചന്ദ്രനാണോ ഈ സിനിമ സംവിധാനം ചെയ്തത് എന്ന്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ സിനിമയില്‍ ശങ്കരന്റെ ആത്മാവിനെ അനുജനായ മോഹനന് മാത്രമേ കാണുവാന്‍ സാധിക്കയുള്ളൂ. അങ്ങനെ വിവിധ സാഹചര്യങ്ങളില്‍ വെച്ച് വിവിധ വേഷങ്ങളില്‍ ശങ്കരന്‍ പ്രത്യക്ഷപെടുന്നു. സാധാരണ സിനിമകളില്‍ ആത്മാക്കള്‍ വെള്ള വസ്ത്രങ്ങളാണ് ധരിക്കാറ്. ആ കാര്യത്തില്‍ മാത്രം ടീ.വി.ചന്ദ്രന്‍ വ്യതെസ്തത സ്വീകരിച്ചു. ജയസുര്യയെ പല വേഷങ്ങളില്‍ കാണുവാന്‍ സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഏക ആശ്വാസം. ടീ.വി. ചന്ദ്രനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചലച്ചിത്ര അനുഭവമായി ശങ്കരനും മോഹനനും എന്ന്‍ സിനിമ.

അഭിനേതാക്കളുടെ പ്രകടനം: ബിലോ ആവറേജ്
ജയസുര്യ ആദ്യമായാണ് ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്നത്. ശങ്കരനെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ജയസുര്യയ്ക്ക് സാധിച്ചു. ജയസുര്യയെ കൂടാതെ മീര നന്ദന്‍, റീമ കല്ലുംഗല്‍, സുരാജ് വെഞ്ഞാറമൂട്, സുധീഷ്‌, ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, കല്പന, ജഗതി ശ്രീകുമാര്‍ എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെചിരിക്കുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ജയസുര്യയുടെ വ്യെതസ്ഥ 15-ല്‍ പരം വേഷങ്ങള്‍

സിനിമയുടെ മൈനുസ് പോയിന്റ്സ്:
1. അവിശ്വസനീയമായ കഥ, തിരക്കഥ
2. വളരെ മോശം സംവിധാനം

ശങ്കരനും മോഹനനും റേറ്റിംഗ്: മോശം സിനിമ [ 1 / 5 ]

ശങ്കരനും മോഹനനും റിവ്യൂ: മോശമായ തിരക്കഥ രചനയിലൂടെ, പരിതാപകരമായ സംവിധാനത്തിലൂടെ ടീ.വി.ചന്ദ്രന്‍ എന്ന സംവിധായകന്‍ ഈ സിനിമയെ കൊന്നു. പാവം ജയസുര്യ!

രചന,സംവിധാനം: ടീ.വി.ചന്ദ്രന്‍
നിര്‍മ്മാണം: പ്രേം പ്രകാശ്‌, രാജു മല്ലിയത്
ബാനര്‍: പ്രകാശ്‌ മോവീ ടോണ്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
മേയിക്കപ്: പട്ടണം റഷീദ്
സംഗീതം: ഐസക് തോമസ്‌ കൊട്ടുകാപ്പിള്ളി