27 Feb 2011

പയ്യന്‍സ്

ഇന്നത്തെ തലമുറയുടെ അലസതയും,ലക്ഷ്യബോധമില്ലാത്ത ജീവിതവും, മാതാപിതാക്കളോടുള്ള പെരുമാറ്റവും എല്ലാം അവര്‍ക്ക് ജീവതത്തില്‍ എന്തെല്ലാം നഷ്ടങ്ങള്‍ ഉണ്ടാകുന്നു എന്ന ആശയവുമായാണ്‌ ലിയോ തദ്ദേവൂസ് തന്റെ പുതിയ സിനിമ പയ്യന്‍സ് ഒരുക്കിയിരിക്കുന്നത്. ഈ തലമുറയുടെ പ്രധിനിധി ജോസി ജോണായി വെള്ളിത്തിരയില്‍ എത്തുന്നത് ജയസൂര്യയാണ്. ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയ്ക്ക് ശേഷം ജയസുര്യയക്ക്‌ ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് പയ്യന്സിലെ ജോസി എന്ന റേഡിയോ ജോക്കി. പരീക്ഷ ഒന്നും പാസാകാതെ അലസമായി അമ്മയുടെ തണലില്‍ ജീവിക്കുന്ന ജോസി, അയാളുടെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എല്ലാ അലസതയും മാറ്റി, നന്നായി ജീവിക്കാന്‍ ഒരുങ്ങുന്നു. ജോസി എന്തിനാണ് നന്നാകാന് തുടങ്ങുന്നത്? ഇതാണ് ഈ സിനിമയുടെ പ്രധാന കഥ. ജോസിയുടെയും അയാളുടെ അമ്മ പദ്മയുടെയും, അച്ഛന്‍ ജോണിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന കഥയാണ് പയ്യന്‍സ് എന്ന സിനിമ.

പുതുമയുള്ള കഥയും, കഥയ്ക്ക്‌ അനിയോജ്യമായ തിരക്കഥയും,സംഭാഷണങ്ങളും ഒരുക്കി, നല്ല രീതിയില്‍ സംവിധാനം ചെയ്യാനും സാധിച്ചിട്ടുണ്ട് ലിയോ തദേവൂസിനു. എസ.ജെ.രാമന്റെ ചായഗ്രഹണവും,രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതവും, അല്‍ഫോന്‍സ്‌ ജോസെഫിന്റെ പാട്ടുകളും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ...അച്ഛന്‍-മകന്‍, അമ്മ-മകന്‍ ബന്ധങ്ങളെല്ലാം ഒട്ടും അതിശയോക്തി തോന്നാത്ത രീതിയില്‍ സംവിധാനം ചെയ്യാനും, ആ രംഗങ്ങളില്‍ നന്നായി അഭിനയിക്കാനും സാധിച്ചിട്ടുണ്ട് ജയസുര്യയ്ക്കും, അച്ഛന്റെ റോളില്‍ അഭിനയിച്ച ലാലിനും, അമ്മ വേഷം ചെയ്ത രോഹിണിക്കും.അങ്ങാടി തെരു ഫെയിം അഞ്ജലിയാണ് ജയസുര്യയുടെ നായികയായി അഭിനയിക്കുന്നത്. ജയസുര്യ, ലാല്‍, രോഹിണി, അഞ്ജലി, ലാലു അലക്സ്‌, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദനന്‍, മണിയന്‍പിള്ള രാജു, കലാശാല ബാബു,ജാഫെര്‍ ഇടുക്കി, ഹരിശ്രീ മാര്‍ട്ടിന്‍ എന്നിവരാണ് പയ്യന്‍സ് സിനിമയിലെ അഭിനേതാക്കള്‍. 

ഈ സിനിമയില്‍ ആദ്യ പകുതിയിലെ അമ്മയും മകനുമുള്ള രംഗങ്ങളും, മകന്റെ പ്രണയവും, മറ്റു കുസൃതികളുമുള്ള രംഗങ്ങള്‍ കാണുമ്പോള്‍, കുറച്ചു കാലം മുമ്പ് ഇറങ്ങിയ ഒരു തമിഴ് സിനിമ ഓര്‍മ്മവരുന്നുണ്ട്. ഈ രംഗങ്ങള്‍ എന്തിനാണ് ആ തമിഴ് സിനിമയിലുള്ള പോലെ തന്നെ ചിത്രീകരിച്ചിരിക്കുന്നത് എന്ന മനസിലാകുന്നില്ല. ഇതു ഒഴിവാക്കാമായിരുന്നു. കാരണം, പ്രേക്ഷകരെല്ലാം കണ്ടു മടുത്ത രംഗങ്ങള്‍ ഒന്നുകൂടി കാണുന്നതുപോലെ ഉണ്ടായിരുന്നു. അതുപോലെ തന്നെ, ജോസിയുടെ അലസതയും, കുസൃതികളും എല്ലാം ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങള്‍ ആവശ്യമില്ലാത്ത വലിച്ചുനീട്ടി ബോറടിപ്പിച്ചു. പക്ഷെ, സിനിമയുടെ രണ്ടാം പകുതി കുറെക്കൂടെ രസകരമായിരുന്നു. അതിന്റെ കാരണം ജയസുര്യ - ലാല്‍ കോമ്പിനേഷന്‍ നന്നായി വന്നതുകൊണ്ടായിരിക്കാം.

കമ്മു വടക്കന്‍ ഫിലിംസിന് വേണ്ടി ലിയോ തദേവൂസ് രചനയും സംവിധാനവും ഒരുക്കിയ പയ്യന്‍സ് സിനിമ ശരാശരി നിലവാരം പുലര്‍ത്തിയ സിനിമയാണ്. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ സിനിമ കാണുന്നവര്‍ക്ക് ഇഷ്ടമാകുന്ന രീതിയിലുള്ള ഒരു കൊച്ചു കുടുംബ ചിത്രമാണ് പയ്യന്‍സ്! 


പയ്യന്‍സ് : ആവറേജ് [ 2.5 / 5]


സംവിധാനം: ലിയോ തദേവൂസ്
നിര്‍മ്മാണം: നൌഷാദ്, കമ്മു വടക്കന്‍
ചായാഗ്രഹണം: എസ്.ജെ.രാമന്‍
ചിത്രസംയോജനം: രഞ്ജന്‍ അബ്രഹാം
സംഗീതം: അല്‍ഫോന്‍സ്‌ ജോസഫ്‌

18 Feb 2011

മേക്കപ്പ് മാന്‍

എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിച്ചു മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫി സംവിധാനം ചെയ്ത സിനിമയാണ് മേക്കപ്പ് മാന്‍. മേക്കപ്പ് മാന്‍ എന്ന ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് പദ്മശ്രീ ജയറാമാണ്. ചോക്ലേറ്റ്, റോബിന്‍ഹുഡ് എന്നി സിനിമകള്‍ക്ക്‌ ശേഷം സച്ചി-സേതു ടീം തിരക്കഥ നിര്‍വഹിച്ച സിനിമയാണ് മേക്കപ്പ് മാന്‍. മോഹന്‍ലാല്‍ ആദ്യമായി അദ്ദേഹം അഭിനയിക്കാത്ത ഒരു സിനിമക്ക് വേണ്ടി സിനിമയുടെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നു..., കുഞ്ചാക്കോ ബോബന്‍-പ്രിഥ്വിരാജ് എന്നിവര്‍ ഈ സിനിമയില്‍ അഥിതി വേഷത്തില്‍ അഭിനയിക്കുന്നു...തുടങ്ങിയ പ്രത്യേകതകളുമായാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തിയത്. 


മേക്കപ്പ് മാന്‍ സിനിമ തുടങ്ങുന്നത് ബാലുവിന്റെയും സൂര്യയുടെയും പ്രണയത്തില്‍ നിന്നാണ്. സൂര്യ ഒരു പണക്കാരന്റെ മകളാണ്. പക്ഷെ, ബാലുവാകട്ടെ, ചെയ്ത ബിസിനസ്‌ പൊട്ടിപൊളിഞ്ഞു കടം മേടിച്ച പണം തിരിച്ചു കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ മുങ്ങിനടക്കുന്ന ഒരുവനും. ഇവരുടെ വിവാഹം സൂര്യയുടെ വീട്ടുകാര്‍ എതിര്‍ക്കുന്ന അവസരത്തില്‍, ബാലുവും സൂര്യയും ഒളിച്ചോടി വിവാഹം കഴിക്കുന്നു. ജോലിയൊന്നും കിട്ടാത്ത ബാലു, ഒരിക്കല്‍ ബാലുവിന്റെ സുഹൃത്ത് കിച്ചു മാഞ്ഞാലി എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കന്ട്രോലരെ സമീപിക്കുകയും, സഹായം ചോദിക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ്...സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നായികയെ അന്വേഷിച്ചു നടക്കുന്ന സംവിധായകനും, നിര്‍മ്മാതാവും ബാലുന്റെ ഭാര്യ സൂര്യയെ നായികയാക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ, ഒരു നിവര്‍ത്തിയും ഇല്ലാതെ സൂര്യ സിനിമയില്‍ നായികയാകാന്‍ സമ്മതിക്കുന്നു. ബാലു സൂര്യയുടെ ഭര്‍ത്താവാണെന്ന് ആരെയും അറിയിക്കാതെ...മേക്കപ്പ് മാനിന്റെ വേഷത്തില്‍ സൂര്യയോടൊപ്പം ചേരുന്നു.തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഷാഫിയും കൂട്ടരും അണിയിചോരുക്കിയിരിക്കുന്നത്.

സിനിമക്കുള്ളിലെ സിനിമ എല്ലാക്കാലവും മലയാളി പ്രേക്ഷകര്‍ ഇഷ്ടത്തോടെ കണ്ടിട്ടുള്ള ഒരു കഥാപശ്ചാത്തലമാണ്. സച്ചി-സേതു ടീമാണ് ഈ സിനിമയുടെ തിരക്കഥ. ഒരുപാട് ചിരിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യപകുതി വളരെ മികച്ച രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്പ്തിപെടുത്തുന്ന രീതിയില്‍ നല്ല ഹ്യുമറും, സെന്റിമെന്‍സും, പാട്ടുകളും, പ്രണയവും എല്ലാം ഈ സിനിമയിലുണ്ട്. അഴകപ്പന്റെ ചായഗ്രഹണവും, വിദ്യാസാഗര്‍ ഒരുക്കിയ "ആര് തരും..." എന്ന പാട്ടും, "മൂളിപ്പാട്ടും പാടി..." എന്ന പാട്ടും ഈ സിനിമയുടെ ഹൈലയ്റ്റാന്. എല്ലാ ചേരുവകളും നന്നായി ഒരുക്കിയത് ഷാഫി എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. നല്ല പ്രകടനം കൊണ്ട് എല്ലാ അഭിനെത്താക്കളും ഓരോ രംഗങ്ങളും നന്നാക്കിയിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയില്‍ കുറെ അനാവശ്യമായ രംഗങ്ങളുണ്ട്. അതുകൂടി ഒഴുവക്കിയിരുനെങ്കില്‍ ഈ സിനിമ കുറേക്കൂടി നന്നായേനെ. എങ്കിലും, ഒരു കുടുംബത്തിനു കാണാനും, ചിരിക്കാനുമുള്ള എല്ലാ വിഭവങ്ങളും ഉണ്ട് മേക്കപ്പ് മാന്‍ സിനിമയില്‍. 

ബാലുവായി ജയറാമും, സൂര്യയായി ഷീല കൌളും, കിച്ചു മാഞാലിയായി സുരാജും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ അതിഥി വേഷത്തില്‍ പ്രിഥ്വിരാജും, കുഞ്ചാക്കോ ബോബനും ഉണ്ട് ഈ സിനിമയില്‍. സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, സലിം കുമാര്‍, ജഗദീഷ്, ബൈജു, ദേവന്‍,ബാബു നമ്പൂതിരി, സയ്ജു കുറുപ്പ്, നിര്‍മ്മാതാവ് എം.രഞ്ജിത്ത്, അപ്പഹാജ, ടി.പി.മാധവന്‍, കൃഷ്ണകുമാര്‍, കല്പന എന്നിവരുമുണ്ട് ഈ സിനിമയില്‍.

മേക്കപ്പ് മാന്‍ റേറ്റിംഗ്: എബവ് ആവറേജ് [3/ 5]

സംവിധാനം: ഷാഫി
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: രജപുത്ര രഞ്ജിത്ത്
സംഗീതം: വിദ്യാസാഗര്‍
ചായാഗ്രഹണം: അഴഗപ്പന്‍  
ചിത്രസംയോജനം: സാജന്‍ 
വരികള്‍: കൈതപ്രം

13 Feb 2011

റേസ്


പെന്റാ വിഷനു വേണ്ടി ജോസ് കെ.ജോര്‍ജ്, ഷാജി മേച്ചേരി എന്നിവര്‍ നിര്‍മിച്ചു, കുക്കു സുരേന്ദ്രന്‍ കഥയും, തിരക്കഥയും രചിച് സംവിധാനം ചെയ്ത സിനിമയാണ് റേസ്. ഒരു ദിവസം കൊണ്ട് ഒരു ഡോക്ടറുടെ ജീവിതത്തില്‍ സംഭവിക്കുന്ന കഥയാണ് റേസ്. എബി ജോണ്‍ മിടുക്കനായ ഒരു ഡോക്ടറാണ്. എബിയുടെ വീട്ടില്‍ ഭാര്യ നിയും, മകള്‍ അച്ചുമോളും മാത്രമാണുള്ളത്. ഒരിക്കല്‍, എബി ബാംഗ്ലൂരില്‍ പോയ ദിവസം...നിരഞ്ജന്‍ എന്ന അപരിചിതന്‍ എബിയുടെ വീട്ടില്‍ വരുകയും, നിയയെ ഭീഷണിപെടുത്തി വീട്ടു തടങ്ങളില്‍ വെച്ച്, അച്ചുമോളെ തട്ടിക്കൊണ്ടു പോയി എല്‍ദോ എന്ന ആളെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഇതേ സമയം, ബാംഗ്ലൂരില്‍ വെച്ച്, എബിയെ...നിരഞ്ജന്റെ സഹായി ശ്വേത തോക്കിനു മുന്നില്‍ കുടുക്കി അകപെടുത്തുന്നു. അങ്ങനെ, ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും മൂന്ന് സ്ഥലത്ത് വെച്ച് മൂന്ന് ആളുകളുടെ വലയില്‍ അകപെടുന്നു. ഇതാണ് റേസ് സിനിമയുടെ കഥ. തുടര്‍ന്നുള്ള രംഗങ്ങളില്‍ ഇവര്‍ എങ്ങനെ രക്ഷപെടുന്നു എന്നാണു കാണിക്കുന്നത്.  

ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണം എഴുതിയത് റോബിന്‍ തിരുമലയാണ്. ദ്രുതഗതിയിലുള്ള രംഗങ്ങളും, മികച്ച ചായഗ്രഹണവും, പശ്ചാത്തല സംഗീതവും ഒക്കെയുണ്ട് സിനിമയിലുടനീളം. പ്രമോദ് വര്‍മയാണ് ചായാഗ്രഹണം. നവാഗതനെന്ന നിലയില്‍ നല്ലൊരു തുടക്കമാണ് പ്രമോദ് വര്‍മയ്ക്ക് ലഭിച്ചത്. അത് മനോഹരമാക്കി ചെയ്തിട്ടുണ്ടുമുണ്ട് പ്രമോദ്. ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയ ഗോപി സുന്ദര്‍ പ്രശംസ അര്‍ഹിക്കും വിധമാണ് ഓരോ രംഗങ്ങള്‍ക്കും യോജിക്കുന്ന തരത്തില്‍ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.വയലാര്‍ ശരത് ചന്ദ്ര വര്‍മയും, രാജീവ് നായരും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് വിശ്വജിത്താണ്.


എബിയായി കുഞ്ചാക്കോ ബോബനും, നിയയായി മമതയും, നിരന്ജനായി ഇന്ദ്രജിത്തും, ശ്വേതയായി ഗൌരി മുന്ജാലും, എല്ധോയായി ജഗതി ശ്രീകുമാറുമാണ് റേസില്‍ അഭിനയിച്ചിരിക്കുന്നത്. വെത്യസ്ത്തമായ രീതിയിലുള്ള അഭിനയമാണ് ജഗതി ഈ സിനിമയില്‍. പക്ഷെ, എന്തിനാണ് വെത്യസ്തത എന്ന് മാത്രം മനസിലാകുന്നില്ല. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും മോശമല്ലാത്ത രീതിയില്‍ അഭ്നിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ശ്രീജിത്ത്‌ രവി, ഗീത വിജയന്‍, ബേബി അനിഘാ എന്നിവരിമുണ്ട് ഈ സിനിമയില്‍.   
                              
പക്ഷെ, ഇത്രയുമൊക്കെ നല്ല സാങ്കേതിക വശങ്ങളുണ്ടായിട്ടും കുക്കു സുരേന്ദ്രന്‍ എഴുതിയ തിരക്കഥയില്‍ ഒരു ലോജിക്കും ഇല്ല എന്നതാണ് സത്യം. എങ്ങനെയെക്കയോ പോകുന്ന രീതിയിലാണ് ഓരോ രംഗങ്ങളും. ആവശ്യമില്ലാത്ത സിനിമയുടെ ആദ്യ പകുതിയില്‍ കഥ വലിച്ചുനീട്ടിയിരിക്കുകയാണ്. ഈ സിനിമയുടെ സസ്പെന്‍സ് അവസാന ഭാഗത്താണ് വരുന്നതെങ്കിലും, സിനിമയുടെ രീതി കണ്ടാല്‍ എല്ലാവര്ക്കും വളരെ എളുപ്പത്തില്‍ തന്നെ എന്താണ് സസ്പെന്‍സ് എന്ന് മനസിലാകും. മുമ്പ് കണ്ടിട്ടുള്ള തട്ടികൊണ്ടുപോകല്‍ സിനിമകളെല്ലാം കണ്ടിട്ട് എഴുതിയ തിരക്കഥയാണെന്ന് കാണുന്ന ഭൂരിഭാഗം പ്രേക്ഷകര്‍ക്കും മനസിലാകും വിധമാണ് കുക്കു സുരേന്ദ്രനും, റോബിന്‍ തിരുമലയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. 

ഒരു ലോജിക്കും ഇല്ലത്തെ എങ്ങനെ സിനിമ എടുക്കാം എന്ന് കാണണമെങ്കില്‍ പ്രേക്ഷകര്‍ തീര്‍ച്ചയായും റേസ് കാണുക !

റേസ് റേറ്റിംഗ്: ബിലോ ആവറേജ് [2 / 5 ]

സംവിധാനം: കുക്കു സുരേന്ദ്രന്‍
കഥ, തിരക്കഥ: കുക്കു സുരേന്ദ്രന്‍
സംഭാഷണം: റോബിന്‍ തിരുമല
നിര്‍മ്മാണം: ജോസ് കെ.ജോര്‍ജ്, ഷാജി മേച്ചേരി
ചായാഗ്രഹണം: പ്രമോദ് വര്‍മ
ചിത്രസംയോജനം: വിപിന്‍ മന്നോര്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ
സംഗീതം: വിശ്വജിത്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍ 

7 Feb 2011

ഗദ്ദാമ


അറബിയുടെ നാട്ടില്‍ വീട്ടുവേലയ്ക്കു നില്‍ക്കുന്ന സ്‌ത്രീകളുടെ  വെളിപ്പെരാണ് ഗദ്ദാമഐ.യു.ഇക്ക്ബാല്‍ ആണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. ഗള്‍ഫില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഐ.യു ഇക്ക്ബാല്‍ അദ്ധേഹത്തിന്റെ പുസ്തകത്തില്‍ ഉള്ള്പെടുതിയിരിക്കുന്നത്. ഈ സംഭവം ആസ്പദമാക്കിയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിത പ്രൊഡക്ക്ഷന്സിനു വേണ്ടി കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയുടെ തിരക്കഥ രചിച്ചത് സംവിധായകന്‍ കമലും, കെ.ഗിരീഷ്‌ കുമാറും ചേര്‍ന്നാണ്. 

കേരളത്തിലെ പട്ടാമ്പി എന്ന ഗ്രാമത്തില്‍ നിന്നും ഒരു പ്രത്യേക സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ജോലിക്കായി പോകേണ്ടി വരുന്ന അശ്വതി എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് ഈ സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. അശ്വതി എന്ന കഥാപാത്രം ഗള്‍ഫില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുവാനായി നാട്ടില്‍ നിന്നും എത്തിച്ചേരുന്നു. അവിടെ, അശ്വതിക്ക് അനുഭവിക്കേണ്ടി വരുന്ന യാതനകളാണ് ഈ സിനിമയുടെ കഥ തന്തു. അറബിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന അശ്വതിക്ക് ഒരുപാട് ദുരിധങ്ങള്‍ അനുഭവികേണ്ടി വരുന്നു. മാസങ്ങളോളം കഷ്ടപ്പെട്ട് അവള്‍ അവസാനം അവിടെ നിന്നും രക്ഷപെട്ടതിനു ശേഷം...അവളുടെ ജീവനും മാനവും സംരക്ഷിക്കാന്‍ വേണ്ടി അനുഭവിക്കുന്ന കഷ്ടപാടുകളുമാണ് ഈ സിനിമയുടെ കഥ.

അശ്വതിയായി അഭിനയിക്കുന്നത് കാവ്യാ മാധവനാണ്. അശ്വതിയെ പോലെ കഷ്ടപാടുകള്‍ അനുഭവിക്കുന്ന മലയാളികളുടെ രക്ഷക്കായി എത്തുന്ന സാമൂഹിക പ്രവര്‍ത്തകന്റെ വേഷമാണ് ശ്രീനിവാസന്. ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍, മുരളി കൃഷ്ണന്‍, ജാഫര്‍ ഇടുക്കി, ലെന, സുകുമാരി, കെ.പി.എ.സി.ലളിത എന്നിവരുമുണ്ട് ഈ സിനിമയില്‍. മോശമല്ലാത്ത പ്രകടനമാണ് കാവ്യാ മാധവന്‍ കാഴ്ച്ചവെചിരിക്കുന്നത്.  ശ്രീനിവാസനും, സുരാജും, മുരളികൃഷ്ണനും അവരവരുടെ രംഗങ്ങള്‍ നന്നാകിയിട്ടുണ്ട് .

ഹത്തായ കലാസൃഷ്ടിയോന്നുമല്ലെങ്കിലും...ഗദ്ദാമ സിനിമയിലൂടെ ഗള്‍ഫില്‍ ജോലിചെയ്യുന്ന പാവങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി എന്താണ് എന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കികൊടുക്കാന്‍ കമലിനും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. സിനിമ ഒരു വിജയമായില്ലെങ്കിലും...കമലിനും, കെ.ഗിരീഷ്‌ കുമാറിനും അഭിമാനിക്കാവുന്ന ഒരു കാര്യമാണ് ഈ സിനിമ.

ഗദ്ദാമ റേറ്റിംഗ് : എബവ് ആവറേജ് [3 / 5]
സംവിധാനം: കമല്‍
കഥ: ഐ.യു.ഇക്ക്ബാല്‍
തിരക്കഥ: കെ.ഗിരീഷ്‌ കുമാര്‍, കമല്‍
സംഗീതം: ബെന്നെറ്റ് വീത്രാഗ്
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം: കെ.രാജഗോപാല്‍