31 Jan 2011

അര്‍ജുനന്‍ സാക്ഷി

മലയാളി പ്രേക്ഷകര്‍ക്ക്‌ പുതിയൊരു ചലച്ചിത്രാനുഭവം നല്‍ക്കിയ സിനിമയാണ് പാസഞ്ചര്‍. ആ സിനിമയിലൂടെ സംവിധായകന്‍ എന്ന നിലയിലും,തിരക്കഥകൃത്ത് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. എസ്.ആര്‍.ടി.യുടെ ബാനറില്‍ എസ്.സുന്ദരരാജന്‍ നിര്‍മിച്ചു പ്രിഥ്വിരാജ് നായകനായി അഭിനയിക്കുന്ന അര്‍ജുനന്‍ സാക്ഷിയാണ് രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം. 


ജില്ല കല്ലക്ടര്‍ ഫിറോസ്‌ മൂപ്പന്‍ കൊല്ലപെടുന്നു. ഒരു വര്‍ഷത്തിനു ശേഷം...ഈ കൊലപാതകം നേരിട്ട് കണ്ട അര്‍ജുനന്‍ എന്ന സാക്ഷിയുടെ എഴുത്ത് അഞ്ജലി മേനോന്‍ എന്ന മാധ്യമ പ്രവര്തകയ്ക്ക് ലഭിക്കുന്നു. പക്ഷെ,അര്‍ജുനന് പോലീസിനു മുമ്പിലോ കോടതിയിലോ സത്യം തുറന്നു പറയാനുള്ള ധൈര്യമില്ല. അതുകൊണ്ടാണ് എഴുത്തിലൂടെ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കാനുള്ള തീരുമാനം എടുക്കുന്നത്. ആരാണ് ഈ അര്‍ജുനന്‍? എന്താണ് അയാള്‍ കണ്ടത്? ആരാണ് ഫിറോസ്‌ മൂപനെ കൊന്നത്? ഈ സാഹചര്യത്തിലാണ് അഞ്ജലി മേനോന്‍...റോയ് മാത്യു എന്ന ആര്‍ക്കിടെക്റ്റ്നെ  പരിച്ചയപെടുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ റോയ് മാത്യുവിനു...ഫിറോസ്‌ മൂപന്റെ കൊലപാതകിയെ കണ്ടെത്തേണ്ടി വരുന്നു. എങ്ങനെയാണ് റോയ് മാത്യു കൊലപാതകിയെ കണ്ടുപിടിക്കുന്നത്? റോയ് മാത്യു തന്നെയാണോ സാക്ഷിയായ അര്‍ജുനന്‍?


ഉധ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സിനിമയുടെത്. ഇതൊരു വെക്തിക്കും അയാളുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഒരു സാഹചര്യമാണ് രഞ്ജിത്ത് ശങ്കര്‍ ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. വലിയ തെറ്റ്കുറ്റങ്ങളൊന്നും പറയാനില്ലാത്ത തിരക്കഥയാണ് അര്‍ജുനന്‍ സാക്ഷിയുടെത്. അതുപോലെ തന്നെ...രഞ്ജിത്ത് ശങ്കറിന്റെ കൃത്യതയാര്‍ന്ന സംവിധാനവും, പ്രിഥ്വിരാജിന്റെയും ആനിന്റെയും അഭിനയവും, അജയ് വിന്സെന്റിന്റെ വിഷ്വല്സും, ബിജിബാലിന്റെ ത്രില്ലിങ്ങായ പശ്ചാത്തല സംഗീതവും, രഞ്ജന്‍ അബ്രഹാമിന്റെ ഷാര്‍പ് എഡിറ്റിങ്ങും ഒക്കെയുള്ളത്‌ കൊണ്ട് പ്രേക്ഷകരെല്ലാം ത്രില്ലോടെയാണ് ഈ സിനിമ കാണുന്നത്. അര്‍ജുനന്‍ സാക്ഷിയില്‍...റോയ് മാത്യുവായി പ്രിഥ്വിരാജും, അഞ്ജലിയായി ആന്‍ അഗസ്റ്റിനും, ഫിറോസ്‌ മൂപ്പനായി മുകേഷും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ...ബിജു മേനോന്‍, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സുരേഷ് കൃഷ്ണ, ആനന്ദ്, റിയാസ്, നൂലുണ്ട വിജീഷ്,രാമു, ടോഷ്, റോസ്‌ലിന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. 
   
ഈ ഗുണഗണങ്ങലോക്കേയുണ്ടായിട്ടും...അര്‍ജുനന്‍ സാക്ഷി ഒരു മികച്ച സിനിമ ആകാതിരുന്നത്തിന്റെ കാരണം..., ഈ സിനിമയില്‍ റോയ് മാത്യു കൊലപാതകികളെ കണ്ടുപിടിക്കാന്‍ ഉപോയോഗിക്കുന്ന മാര്‍ഗങ്ങളും, കണ്ടു പിടിക്കുന്ന രീതിയും തന്നെ. ഇന്നത്തെ സമൂഹത്തിന്റെ കഥയായതു കൊണ്ട്‌... റോയ് മാത്യുവിനെ പോലുള്ള ചെറുപ്പക്കാര്‍ സമൂഹത്തിനു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമോ എന്നും, അതിനു വേണ്ടി ഈ സിനിമയില്‍ കാണിച്ചട്ടുള്ള പോലെയുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമോ എന്നെല്ലാം സംശയമാണ്. തിരക്കഥയിലുള്ള  ഈ ഭാഗങ്ങള്‍ കുറച്ചുക്കൂടി വിശ്വസനീയമായ രീതിയില്‍ എഴുതിയിരുനെങ്കില്‍ അര്‍ജുനന്‍ സാക്ഷി എന്ന രഞ്ജിത്ത് ശങ്കറിന്റെ സിനിമ... അദ്ദേഹത്തിന്റെ തന്നെ ആദ്യ സിനിമ പാസഞ്ചര്‍ പോലെ മികച്ചതാകുമായിരുന്നു.


പാസഞ്ചര്‍ പോലെ നല്ലൊരു സിനിമയാകും എന്ന പ്രതീക്ഷയോടെ കാണുന്ന പ്രേക്ഷകര്‍ക്ക്‌ മാത്രം ചിലപ്പോള്‍ മോശമായിതോന്നിയെക്കം. സമീപ കാലത്തിറങ്ങിയ തട്ടിക്കൂട്ട് സിനിമകളെ അപേക്ഷിച്ച്... പ്രേക്ഷകരെ പറ്റിക്കാതെ...രണ്ടര മണിക്കൂര്‍ ത്രില്ലടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് അര്‍ജുനന്‍ സാക്ഷി എന്ന സിനിമയ്ക്ക്.



അര്‍ജുനന്‍ സാക്ഷി റേറ്റിംഗ് :  എബവ് ആവറേജ് [3 / 5]


രചന, സംവിധാനം: രഞ്ജിത്ത് ശങ്കര്‍ 
നിര്‍മ്മാണം: എസ്.ആര്‍.ടി ഫിലിംസ്
ചായാഗ്രഹണം: അജയന്‍ വിന്സന്റ് 
ചിത്രസംയോജനം: രഞ്ജന്‍ അബ്രഹാം
വരികള്‍: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍

30 Jan 2011

കുടുംബശ്രീ ട്രാവല്‍സ്


മൈത്രി വിഷ്വല്‍സ് നിര്‍മ്മിച്ച്‌ നവാഗതനായ കിരണ്‍ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും ചെയ്ത സിനിമയാണ് കുടുംബശ്രീ ട്രാവല്‍സ്. പദ്മശ്രീ ജയറാം ആദ്യമായിട്ടാണ് ഒരു ചാക്യാര്‍ക്കൂത്ത് കലാകാരന്റെ വേഷത്തിലെത്തുന്നത് . ജയറാമിനെ കൂടാതെ,ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജനാര്‍ദനന്‍, പി.ശ്രീകുമാര്‍, മാമുക്കോയ, കോട്ടയം നസീര്‍, വെട്ടുകിളി പ്രകാശ്‌, ഭാവന, രാധിക, കെ.പി.എ.സി.ലളിത, കല്പന, വത്സല മേനോന്‍ തുടങ്ങിയവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ...ഒരു നാട്ടിന്‍പുറത്തെ ചാക്യാര്‍ കുടുംബത്തിലെ അരവിന്ദന്...(ജയറാം), നഗരത്തിലുള്ള ഒരു നങ്ങ്യാര്‍ക്കൂത്ത് കലാകാരിയുടെ വിവാഹാലോചന വരുകയും, ആ കല്യാണത്തിനായി ആ നാട്ടിന്‍പുറത്തെ ജനങ്ങളെല്ലാം കുടുംബശ്രീ ട്രാവല്‍സ് എന്ന ബസ്സില്‍ നഗരത്തിലേക്ക് പുറപ്പെടുകയും,നഗരത്തില്‍ വെച്ച് അവര്‍ക്കുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് കുടുംബശ്രീ ട്രാവല്‍സ് എന്ന സിനിമയുടെ കഥ. 

അരവിന്ദന്‍ എന്ന കഥാപാത്രം വളരെ നന്നായി തന്നെ ജയറാം കൈകാര്യം ചെയ്തിട്ടുണ്ട്. നര്‍മത്തില്‍ പൊതിഞ്ഞ കഥയും, തമാശ നിറഞ്ഞ സംഭാഷണങ്ങളും ഒരുപാടുണ്ട് ഈ സിനിമയില്‍. മലയാള സിനിമയില്‍ പണ്ടൊക്കെ ഇറങ്ങാറുള്ള സത്യന്‍ അന്തികാട്, പ്രിയദര്‍ശന്‍ സിനിമാകളിലുള്ള പോലത്തെ കഥ പശ്ചാത്തലങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട് കിരണ്‍ എന്ന യുവ സംവിധായകന്. ആ ശ്രമം സിനിമയുടെ കുറെ രംഗങ്ങളില്‍ നന്നായി വന്നിട്ടിമുണ്ട്. നഗരത്തിലെ പരിഷ്കാരങ്ങലോന്നും അറിയാതെ ഗ്രാമവാസികള്‍ക്ക്‌ പറ്റുന്ന മണ്ടത്തരങ്ങളാണ് ഈ സിനിമയുടെ പ്രധാന ഹ്യുമര്‍. 

ഇവര്‍ യാത്ര ചെയ്യുന്ന ബസ്സില്‍ അപരിചിതയായ ഒരു പെണ്‍കുട്ടി കേറുന്നതോടെ കഥ മറ്റൊരു വഴിത്തിരിവിലൂടെ പോകുന്നു...പക്ഷെ, അത് തികച്ചും അനാവശ്യമാണ് ഈ സിനിമയുടെ പ്രധാന കഥയെ സംഭന്ദിച്ചു. ലോകത്തില്‍ ഒരിക്കലും നടക്കാതെ കുറെ സംഭവങ്ങളാണ് ഈ സിനിമയില്‍ സംഭവിക്കുന്നത്‌. ജയറാമിന്റെയും, ഭാവനയുടെയും കല്യാണം മുടങ്ങുന്ന രീതിയും, അതിന്റെ കാരണങ്ങളും വളരെ പരിതാപകരമായ രീതിയിലാണ് തിരക്കഥയില്‍  ഉള്പെടുത്തിയിരിക്കുന്നത്. അത് തികച്ചും കിരണ്‍ എന്ന സംവിധായകന്റെ പരിചയക്കുറവു തന്നെയാണ്. നര്‍മം നിറഞ്ഞ കുറെ സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടു മാത്രം നല്ല തമാശ സിനിമ ഉണ്ടാകില്ല എന്ന എന്തുകൊണ്ടാണ് സംവിധായകര്‍ മനസ്സിലാക്കാത്തത്‌. ഒരു നവാഗത സംവിധായകന്‍ എന്ന രീതിയില്‍ കുറേക്കൂടി ശ്രദ്ധികേണ്ടാതായിരുന്നു കിരണ്‍. ഒരു തിരക്കഥ രചയ്താവ് എന്ന രീതിയില്‍ പൂര്‍ണ പരാജയമാണ് കിരണ്‍ എന്ന സംവിധായകന്‍ എന്നതില്‍ പ്രേക്ഷകര്‍ക്ക്‌ ഒരു സംശയവും വേണ്ട. സിനിമയുടെ രണ്ടാം പകുതിയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്‌ എന്ന കാണുന്ന പ്രേക്ഷകര്‍ക്ക്‌ മനസിലാകുന്നു പോലും ഇല്ല എന്നതാണ് സത്യം.

രണ്ടേകാല്‍ മണിക്കൂര്‍ വെറുതെ ചിരിക്കാന്‍ വേണ്ടി തയ്യാറെടുത്തു സിനിമ കാണാന്‍ പോകുന്നവര്‍ മാത്രം കുടുംബശ്രീ ട്രാവല്‍സ് കാണുക ! 


കുടുംബശ്രീ ട്രാവല്‍സ് റേറ്റിംഗ്: ബിലോ ആവറേജ്  [2/ 5]

രചന, സംവിധാനം: കിരണ്‍
നിര്‍മ്മാണം: മൈത്രി വിഷ്വല്‍സ്
ചായാഗ്രഹണം: മുരളി രാമന്‍
ചിത്രസംയോജനം: വി.ടി.ശ്രീജിത്ത്‌
സംഗീതം: ബിജിബാല്‍ 

26 Jan 2011

ദി മെട്രോ

സിനിമ നടന്‍ ദിലീപും, സഹോദരന്‍ അനൂപും ഗ്രാന്‍ഡ്‌ പ്രൊഡക്ക്ഷന്സിന്റെ ബാനറില്‍ നിര്‍മ്മിച്ച്‌, ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത സിനിമയാണ് ദി മെട്രോ. കൊച്ചി നഗരമാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. കൊച്ചി നഗരത്തില്‍ ഒരു രാത്രി നടക്കുന്ന സംഭവങ്ങളും, അതിനു മുന്നോടിയായി അരങ്ങേറുന്ന കുറെ സംഭവ വികാസങ്ങളുമാണ് ദി മെട്രോ സിനിമയുടെ ഇതിവൃത്തം. ശരത് കുമാര്‍, നിവിന്‍ പോളി, ഭഗത്, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, ജി.കെ.പിള്ള, ഷമ്മി തിലകന്‍, നിഷാന്ത് സാഗര്‍, ബിയോണ്‍, അരുണ്‍, ഭാവന, പൊന്നമ്മ ബാബു എന്നിവരാണ് ദി മെട്രോ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

മൂന്ന് വ്യത്യെസ്ഥ സാഹചര്യങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ അവസാനം ഒരു വഴിയില്‍ ചെന്നെത്തുന്നു. ഈ മൂന്ന് സംഭവങ്ങളുടെയും കാരണക്കാരന്‍ ഒരാള്‍ തന്നെ. അയാളാണ് ഷാജി പരുത്തിക്കാടന്‍ എന്ന ഗുണ്ട നേതാവ്. ഗുണ്ട സംഗങ്ങളെ പിടികൂടാന്‍ അഹോരാത്രം ശ്രമിക്കുന്ന പോലിസ് ജേക്കബ്‌ അലക്സാണ്ടര്‍ , കൊച്ചി ഇന്ഫോപര്‍ക്കില്‍ ജോലി ചെയ്യുന്ന അനുപമ, പാലക്കാടില്‍ നിന്നും പാലയിലേക്ക് യാത്ര ചെയ്യുന്ന ഒരു സംഗം ചെറുപ്പകാര്‍ എന്നിവാരന് വിവിധ സാഹചര്യങ്ങളില്‍ വെച്ച് ഗുണ്ടകളുമായി ഏറ്റുമുട്ടുന്നത്. ജേക്കബ്‌ അലക്സാണ്ടാരായി ശരത് കുമാറും, ഷാജി പരുത്തിക്കടനായി സുരേഷ് കൃഷ്ണയും, അനുപമയായി ഭാവനയും, ഒരു സംഗം ചെറുപ്പകാരായി നിവിന്‍ പോളിയും, ഭഗത്തും, സുരാജും, ബിയോനും, അരുനുമാണ് അഭിനയിച്ചിരിക്കുന്നത്. 

മലയാള സിനിമയില്‍ അധികമൊന്നും വന്നിട്ടില്ലാത്ത രീതിയാണ് ഈ സിനിമയിലെത്. മൂന്ന് വിവിധ സാഹചര്യങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ഒരൊറ്റ സ്ഥലത്ത് വന്നു അവസാനിക്കുന്നു. പുതുമ നിറഞ്ഞ കഥയലെങ്കിലും വളരെ ദ്രുതഗതിയിലുള്ള ദ്രിശ്യങ്ങള്‍ കൊണ്ട് നന്നായി ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ബിപിന്‍ പ്രഭാകറിന്. മോശമല്ലാത്ത പ്രകടനമാണ് നിവിന്‍ പൊളിയും, ഭഗത്തും, സുരാജും, ജഗതിയും, സുരേഷ് കൃഷ്ണയും കാഴ്ച്ചവെചിരിക്കുന്നത്. ചടുലമായ ദ്രിശ്യങ്ങള്‍ക്ക് പറ്റിയ രീതിയിലുള്ള പശ്ചാത്തല സംഗീതവും ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട് സംവിധായകന്. വ്യാസന്‍ ഇടവനക്കടാണ് ഈ സിനിമയുടെ തിരക്കഥ രചന. ശ്രീ ശ്രീറാം ആണ് ചായാഗ്രഹണം. ഈ സിനിമയുടെ സാങ്കേതിക വശങ്ങളെല്ലാം നന്നായിത്തന്നെ വന്നിട്ടുണ്ട് സിനിമയില്‍.

പക്ഷെ, നല്ല സാങ്കേതിക പിന്‍ബലം മാത്രം പോര ഒരു സിനിമയുടെ വിജയത്തിനും, ആ സിനിമ നല്ലതാക്കാനും. ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ ഇതിന്റെ തിരക്കഥ തന്നെ. കണ്ടു മടുത്ത രംഗങ്ങളും, കേട്ട് മടുത്ത സംഭാഷണങ്ങളും, സിനിമയിലുള്ള അടുത്ത രംഗങ്ങളെല്ലാം പ്രവചിക്കാന്‍ വളരെ എളുപ്പമുള്ള രീതിയിലാണ് വ്യാസന്‍ എടവനക്കാട് തിരക്കഥ എഴുതിയിരിക്കുന്നത്. അതേപോലെ തന്നെ, വളരെ വേഗതയിലുള്ള രംഗങ്ങള്‍ എടുക്കാന്‍ മാത്രമേ സംവിധായകന്‍ ശ്രമിച്ചിട്ടുള്ളൂ. മൂന്ന് പശ്ചാത്തലങ്ങളില്‍ നടക്കുന്ന കഥ മാറ്റി മാറ്റി കാണിക്കുന്നുണ്ട്. ഒരു രംഗവും, തൊട്ടടുത്ത രംഗവും തമ്മില്‍ ഒരു ബന്ധവും പോലും തോന്നാത്ത രീതിയിലാണ് ഈ സിനിമ ചിത്രസംയോജനം ചെയ്തിരിക്കുന്നത്. ഈ സിനിമ പരാജയപെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്വം തിരക്കഥ രചയ്താവിന്റെയും, സംവിധായകന്റെയും തന്നെ.


ദി മെട്രോ റേറ്റിംഗ്  : ബിലോ ആവറേജ് [2 / 5]

സംവിധാനം: ബിപിന്‍ പ്രഭാകര്‍
രചന: വ്യാസന്‍ എടവനക്കാട്
നിര്‍മ്മാണം: ദിലീപ്, അനൂപ്‌
ചായാഗ്രഹണം: ശ്രീ ശ്രീറാം
സംഗീതം: ഷാന്‍ റഹ്മാന്‍

8 Jan 2011

ട്രാഫിക്‌


ഒരു ട്രാഫിക്‌ സിഗ്നല് ‍- ആ സിഗ്നലില്‍ വെച്ച് വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അപരിചിതര്‍...ഒരു പ്രത്യേക അവസരത്തില്‍ ഒരു പ്രത്യേക ലക്ഷ്യത്തിന്‌ വേണ്ടി അവര്‍ പോലുമറിയാതെ ഒരുമിക്കാന്‍ തുടങ്ങുന്നു. സിഗ്നലിന്റെ ഒരു വശത്ത് കാറില്‍...സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ത് ശങ്കര്‍, സിഗ്നലിന്റെ മറുവശത്ത് ബൈക്ക് യാത്രക്കാരായ റൈഹാന്‍ എന്ന മാധ്യമ പ്രവര്‍ത്തകനും,അയാളുടെ സുഹൃത്ത് രാജീവും...,മറ്റൊരു വശത്ത് ഡോക്ടര്‍ എയ്ബെലും, അയാളുടെ സുഹൃത്ത് ജിഗ്ഗുവും കാറില്‍. പെട്ടന്ന്, അവിചാരിതമായി ആ സിഗ്നലില്‍ വെച്ച് ഒരു സംഭവം ഉണ്ടാകുന്നു....അതുമായി ബന്ധപെട്ടു ട്രാഫിക്‌ പോലീസ് സഹദേവനും, പോലീസ് കമ്മിഷ്നെര്‍ അജ്മലും... അതെ ലക്ഷ്യത്തിന്‌ വേണ്ടി അവരോടൊപ്പം ചേരുന്നു..ഇതാണ് ട്രാഫിക്‌ എന്ന സിനിമയുടെ കഥ പശ്ചാത്തലം. മാജിക്‌ ഫ്രെയ്മ്സിന്റെ ബാനറില്‍ ലിസ്ലെ സ്റീഫന്‍ നിര്‍മിച്ച ട്രാഫിക്‌ സിനിമയില്‍ ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, റഹ്മാന്‍, അനൂപ്‌ മേനോന്‍, ആസിഫ് അലി, സായി കുമാര്‍, വിജയ കുമാര്‍, കൃഷ്ണ, ജോസ് പ്രകാശ്‌, പ്രേം പ്രകാശ്‌, റോമ, സന്ധ്യ, രമ്യ നമ്പീശന്‍, ലെന, റീന ബഷീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വളരെ കഴിവുള്ള തിരക്കഥ രചയ്തക്കളയാ ബോബി-സഞ്ജയ്‌ ടീമിന്റെതാണ് തിരക്കഥ. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയ്ക്ക് ശേഷം രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്നു സിനിമയാണ് ട്രാഫിക്‌. എതൊരു നല്ല മലയാള സിനിമയുടെയും അടിസ്ഥാനം നല്ല തിരക്കഥ തന്നെയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ട്രാഫിക്‌ എന്ന സിനിമ. പുതുമ നിറഞ്ഞ കഥയും, മനോഹരമായ ദ്രിശ്യാവിഷ്കരനത്തിലൂടെയും രാജേഷ്‌ പിള്ള ട്രാഫിക്‌ എന്ന സിനിമയെ മേന്മയുള്ളതാക്കിയിരിക്കുന്നു. അതേപോലെ തന്നെ പ്രശംസ അര്‍ഹിക്കുന്നവരാണ് ഷയിജു ഖാലിദ്‌ എന്ന ചായഗ്രാഹകാനും,മഹേഷ്‌ നാരായണന്‍ എന്ന ചിത്രസംയോജകനും, മെജോ ജോസഫ്‌ എന്ന സംഗീത സംവിധായകനും. ഈ സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിലെ അഭിനയിതാക്കളെ കുറിച്ചാണ്. ശ്രീനിവാസനും, അനൂപ്‌ മേനോനും, കുഞ്ചാക്കോ ബോബനും, റഹ്മാനും, സായി കുമാറും, വിനീത് ശ്രീനിവാസനുമെല്ലാം നല്ല പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. 
 
ചടുലമായ ദ്രിശ്യങ്ങളും, മനോഹരമായ ചിത്രീകരണവും കൊണ്ട് ട്രാഫിക്‌ എന്ന സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ മുഷിയുന്ന തരത്തിലുള്ള ഒരു രംഗം പോലുമില്ല എന്നതാണ് സത്യം. അത്, സംവിധായകന്‍ രാജേഷിന്റെ കഴിവുതന്നെയാണ്. ഒരുപാട് പരച്ചയസംഭത്തുള്ള സംവിധായകനായിരുന്നു രാജേഷ്‌ പിള്ളയെങ്കില്‍...ഈ സിനിമ ഇതിലും മികച്ചതാക്കാമായിരുന്നു. ഇതു വെളിവാകുന്നത് സിനിമയുടെ രണ്ടാം പകുതിയാലാണ്. എങ്കിലും, മോശമക്കാതെ സംവിധാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട് രാജേഷിന്. 


പുതുമയുള്ള കഥയും, സംവിധാന രീതിയും..., നല്ല കളര്‍ഫുള്‍ ദ്രിശ്യങ്ങളും ഒക്കെയുള്ള ട്രാഫിക്‌ സിനിമ കാണുമ്പോള്‍ മലയാള സിനിമ ഒരു പുതിയ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്നതിന്റെ ആരംഭമാണോ എന്ന് തോന്നിപോക്കും. രാജേഷിനും, ബോബി-സഞ്ജയ്‌ ടീമിനും അഭിനന്ദനങ്ങള്‍!

ട്രാഫിക്‌ റേറ്റിംഗ് : വളരെ നല്ല സിനിമ [ 4.5 / 5 ]  

സംവിധാനം: രാജേഷ്‌ പിള്ള
രചന: ബോബി-സഞ്ജയ്‌
നിര്‍മ്മാണം: ലിസ്റ്റിന്‍
  സ്റീഫന്‍
ചായാഗ്രഹണം: ഷയിജു ഖാലിദ്‌
സംഗീതം: മെജോ ജോസഫ്‌
വരികള്‍: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ

ചിത്രസംയോജനം: മഹേഷ്‌ നാരായണന്‍