12 May 2014

ഗോഡ്സ് ഓണ്‍ കണ്‍ട്രി - ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവിശ്വസനീയ കാഴ്ചകള്‍ 4.70/10

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന പ്രമേയമാണ് വാസുദേവ് സനലും കൂട്ടരും ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌. രാഖി പീഡന കേസിലെ പ്രതികളെ നിയമത്തിന്റെ പരമാവധി ശിക്ഷ നല്‍ക്കുവാന്‍ വേണ്ടി പോരാടുന്ന അഭിഭാഷകന്‍ മാത്യു, മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ വേണ്ടി പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന മുഹമ്മദ്‌, വ്യക്തിപരമായ ഒരു അത്യാവശ്യത്തിനു വേണ്ടി 75 ലക്ഷം രൂപയുടെ കള്ളപണം കൈമാറുവാന്‍ വേണ്ടി നടക്കുന്ന മനുകൃഷ്ണ എന്നിവരുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഒരു പകല്‍ ഈ മൂന്ന് വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ സമന്വയിപ്പിച്ച് അവതരിപ്പിച്ച ഈ സിനിമയുടെ രചന നിര്‍വഹിച്ചത് അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. പുതുമുഖങ്ങളായ അരവിന്ദ് കൃഷ്ണയും, അരുണ്‍ ജയിംസും ചേര്‍ന്നാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. രതീഷ്‌ രാജാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും, തഹാസിന്റെ ബാനറില്‍ ഹസീബ് ഹനീഫും, എയ്ഞ്ചല്‍ വാര്‍ക്സിന്റെ ബാനറില്‍ അജി മേടയിലും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ആന്റോ ജോസെഫിന്റെ വിതരണ കമ്പനിയായ ആന്‍ മെഗാ മീഡിയ റിലീസ് ചെയ്യുന്നു.

കഥ, തിരക്കഥ: ആവറേജ്
അപരിചിതരായ കുറെ വ്യക്തികളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ എന്നത് എന്നും പുതുമ നല്‍ക്കുന്ന ഒരു പ്രമേയം തന്നെ. അവ സമൂഹത്തിലെ ചില അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവ കൂടിയാകുമ്പോള്‍ അല്ലെങ്കില്‍ കാലികപ്രസക്തിയുള്ളതാകുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിക്കും. അതരത്തില്ലുള്ള ഒരു പ്രമേയമാണ് ഈ സിനിമയുടെ കഥയ്ക്ക്‌ ആധാരം. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ തിരക്കഥരചയ്താക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമാണ് സിനിമയിലുടനീളം. അതുലുപരി, ഒട്ടുമിക്ക കഥാസന്ദര്‍ഭങ്ങളും അവിശ്വസനീയമായ രീതിയിലായതും പ്രേക്ഷകരെ ബോറടിപ്പിച്ചു. കഥയിലോ സിനിമയ്ക്കോ ആവശ്യമില്ലാത്ത ഒട്ടനേകം ദ്വയാര്‍ഥ പ്രയോഗങ്ങളും തെറിവിളികളും വേണ്ടുവോളം ഈ സിനിമയിലുണ്ട്. പ്രമേയത്തിന്റെ ശക്തികൊണ്ടും, ആദ്യ പകുതിയിലെ കഥാഗതിയുടെ മിടുക്കുകൊണ്ടും പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും രസിച്ചുതന്നെയാണ് സിനിമ കാണുന്നത്. രണ്ടാം പകുതിയും ക്ലൈമാക്സും പൂര്‍ണമായും പ്രവചിക്കാനവുന്ന സംഭവങ്ങളിലെക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോക്കുന്നത്. ഇത് തന്നെയാണ് ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിക്കാത്തത് എന്ന് കരുതണം. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിച്ചുവെങ്കില്‍ മറ്റൊരു ട്രാഫിക്കോ പാസഞ്ചാറോ ആയിതീരുമായിരുന്ന സിനിമയാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി.

സംവിധാനം: ബിലോ ആവറേജ്
ഓരോ കഥയും അവതരിപ്പിക്കേണ്ട രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ നല്‍ക്കിയിലെങ്കില്‍, ആ കഥയിലുള്ള സാരാംശം അവരിലെക്കെത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമ. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ഒരു പ്രമേയം ലഭിച്ചിട്ടും, ട്രാഫിക്കും പാസഞ്ചറും പോലെ അവതരിപ്പിക്കുവാന്‍ ശ്രമിച്ച സംവിധായകന്‍ വാസുദേവ് സനല്‍ പരാജയപെട്ടു എന്ന് തന്നെ പറയേണ്ടിവരും. വാസുദേവ് സനലിന്റെ ആദ്യ സിനിമയായ ഇരുവട്ടം മണവാട്ടിയുടെ കഥയുടെ അവതരണവും പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലായിരുന്നു. ഒരു പകല്‍ നടക്കുന്ന സംഭവങ്ങള്‍ ഇതിവൃത്തമായിട്ടുള്ള നിരവധി സിനിമകള്‍ മലയാളികള്‍ കണ്ടുമടുത്തതാണ്. അതെ രീതിയില്‍ തന്നെയാണ് ഈ സിനിമയും അവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്നയിടത്താണ്‌ സംവിധായകന് തെറ്റുപറ്റിയത്. വേഗതയോടെ കഥ അവതരിപ്പിക്കാന്‍ കിട്ടിയ അവസരം വരെ അനാവശ്യമായതും അവിശ്വസനീയമായതുമായ സംഭവങ്ങള്‍കൊണ്ടു വലിച്ചുനീട്ടി പ്രേക്ഷകരെ ബോറടിപ്പിച്ചു. അനവസരത്തിലുള്ള തമാശകളും ബോറന്‍ അനുഭവമായിരുന്നു. പ്രേക്ഷരുടെ യുക്തിയെ ചോദ്യം ചെയുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ സിനമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നടീനടന്മാരുടെ പ്രകടനവും, ചടുലതയോടെയുള്ള ദ്രിശ്യങ്ങളും ഉള്ളതുകൊണ്ട്   നിര്‍മ്മാതാവ് സാമ്പത്തിക കെണിയില്‍പെടാതെ രക്ഷപെടുമെന്ന് തോന്നുന്നു.

സാങ്കേതികം: എബവ് ആവറേജ്
അരവിന്ദ് കൃഷ്ണയും അരുണ്‍ ജെയ്മ്സും ചേര്‍ന്ന് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയ്ക്കും പ്രമേയത്തിനും യോജിക്കുന്നതരത്തിലാണ് എന്നത് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണമാകുന്നു. ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ രംഗങ്ങള്‍ സന്നിവേശം ചെയ്തത് രതീഷ്‌ രാജാണ്. ചടുലതയോടെ രംഗങ്ങള്‍ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ രതീഷ്‌ ഈ സിനിമയെ രണ്ടാം പകുതിയില്‍ കൈവിട്ടതിന്റെ ഫലമാണ് രണ്ടാം പകുതിയിലെ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങള്‍ക്ക് കാരണമായത്‌. അനു എലിസബത്ത്‌ ജോസും അരുണ്‍ ഗോപിനാഥും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകളാനുള്ളത്. രണ്ടും മോശം പാട്ടുകളാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയോട് ചേര്‍ന്ന് പോക്കുന്നവയല്ല. എം. ബാവയുടെ കലാസംവിധാനവും, റഷീദ് അഹമ്മദിന്റെ മേക്കപും മോശമായില്ല.

അഭിനയം: എബവ് ആവറേജ്
ഫഹദ് ഫാസില്‍, ലാല്‍, ശ്രീനിവാസന്‍, നന്ദു, ജയരാജ്‌ വാര്യര്‍, വിജയകുമാര്‍, മണികുട്ടന്‍, പ്രശാന്ത്‌ നാരായണന്‍, ടോഷ് ക്രിസ്റ്റി, ജോബി, നെല്‍സണ്‍, ജാഫര്‍ ഇടുക്കി, വി.കെ.ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, നിയാസ്, സാദിക്ക്, ചാലി പാല, മൈഥിലി, ഇഷ തല്‍വാര്‍, ലെന, ലക്ഷ്മിപ്രിയ, അഞ്ചു അരവിന്ദ്, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് മനുകൃഷ്ണന്‍. മനുകൃഷ്ണന്‍ എന്ന കഥാപാത്രമായി മാറുവാന്‍ ഫഹദ് ഫാസിലിനു നിഷ്പ്രയാസം സാധിച്ചു. ലാലിന്‍റെ മുഹമ്മദും ശ്രീനിവാസന്റെ മാത്യുവും പ്രേക്ഷകരുടെ കയ്യടി നേടുന്നില്ലയെങ്കിലും ഇരുവരും മോശമല്ലാതെ അവരവുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. നന്ദുവും, മണികുട്ടനും, ലെനയും, ജാഫറും, ജോബിയും, സുധീറും മോശമാക്കാതെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ്, ലാല്‍ എന്നിവരുടെ അഭിനയം
2. ചായാഗ്രഹണം
3. സംഘട്ടന രംഗങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍
2. പ്രവചിക്കനാവുന്ന കഥാഗതി
3. രണ്ടാം പകുതിയും ക്ലൈമാക്സും

ഗോഡ്സ് ഓണ്‍ കണ്‍ട്രി റിവ്യൂ: അഭിനേതാക്കളുടെ മികവില്‍ ഒരുവട്ടം കണ്ടിരിക്കാമെങ്കിലും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്ത അവതരണ രീതിയും പ്രേക്ഷകരെ ബോറടിപ്പിക്കുന്നു.

ഗോഡ്സ് ഓണ്‍ കണ്‍ട്രി റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

സംവിധാനം: വാസുദേവ് സനല്‍
രചന: അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്‌, അജി മേടയില്‍, ഹസീബ് ഹനീഫ്
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായഗ്രഹണം: അരവിന്ദ് കൃഷ്ണ, അരുണ്‍ ജെയിംസ്‌
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: അനു എലിസബത്ത്‌ ജോസ്, അരുണ്‍ ഗോപിനാഥ്
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: റഷീദ് അഹമ്മദ്
വസ്ത്രാലങ്കാരം: പ്രദീപ്‌ കടക്കാശ്ശേരി
വിതരണം: ആന്‍ മെഗാ മീഡിയ, തഹാസ്, എയ്ഞ്ചല്‍ വര്‍ക്സ് 

No comments:

Post a Comment